ലോകത്തെ വീക്ഷിക്കൽ
ഗ്രീസിൽ മത സ്വാതന്ത്ര്യം പുനർവിചിന്തനം ചെയ്യുന്നു
“ഈയിടെ, [ഗ്രീക്ക്] ഗവൺമെന്റ് മത സ്വാതന്ത്ര്യ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താത്പര്യമെടുക്കുന്നതായി കാണപ്പെടുന്നു, വിശേഷിച്ചും തീരുമാനത്തിലെത്താത്ത ഭരണഘടനാ ഭേദഗതിയോടുള്ള ബന്ധത്തിൽ” എന്ന് അഥേന വാർത്താ പത്രമായ ടൊ വീമാ പറയുന്നു. “മത സ്വാതന്ത്ര്യം, മതപരിവർത്തനം കുറ്റകൃത്യമാക്കുന്ന മെറ്റാക്സാസ് ഏകാധിപതിയുടെ നിയമങ്ങൾ, ഓർത്തഡോക്സ് മതത്തിൽ പെടാത്ത ന്യൂനപക്ഷങ്ങൾക്ക് പള്ളികളും യോഗസ്ഥലങ്ങളും നിർമിക്കാൻ അനുവാദം നൽകിയിരിക്കുന്ന സാഹചര്യങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമത്തിന്റെ ചട്ടക്കൂട് പുനഃപരിശോധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൽ ഒരു അനൗദ്യോഗിക കമ്മിറ്റിക്കു രൂപം നൽകിയിരിക്കുന്നു.” ഗ്രീസിൽ യഹോവയുടെ സാക്ഷികൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ മുമ്പാകെ സമർപ്പിച്ചിരിക്കുന്ന കേസുകൾ നിമിത്തമാണ് മുഖ്യമായും ഈ നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് ആ റിപ്പോർട്ട് തുടർന്നു പറയുന്നു.
ലത്തീൻ ജീവത്ഭാഷ
1960-കളിൽ, റോമൻ കത്തോലിക്കാ പ്രാർഥനാ ക്രമത്തിൽനിന്ന് ലത്തീൻ ഭാഷ എടുത്തുമാറ്റിയെങ്കിലും അത് ഇപ്പോഴും വത്തിക്കാൻ നഗരത്തിന്റെ ഔദ്യോഗിക ഭാഷയാണ്. വിദഗ്ധർ പാപ്പായുടെ പ്രമാണങ്ങൾ ലത്തീനിലേക്കു പരിഭാഷ ചെയ്യുന്നുണ്ടെങ്കിലും അത് ഇപ്പോൾ വത്തിക്കാനിൽ പോലും വിരളമായേ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ, 1997 നവംബറിൽ പാപ്പാ ലത്തീൻ സംസാരഭാഷയുടെ അധഃപതനത്തിൽ ഖേദം പ്രകടമാക്കുകയും അതിന്റെ പുനരുജ്ജീവനത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതേസമയം, വത്തിക്കാനിലെ ഒരു കൂട്ടം പണ്ഡിതന്മാർ അഷ്ടവത്സര പദ്ധതിയിലൂടെ ഒരു ആനുകാലിക ലത്തീൻ നിഘണ്ടുവിന്റെ പണി പൂർത്തിയാക്കി. “എയ്റൊസോൾ സ്പ്രേ,” “വിമാനത്താവളം,” “ഡിപ്പാർട്ട്മെന്റ് സ്റ്റോർ,” “ടാക്സി,” “ഗതാഗതക്കുരുക്ക്” എന്നീ പദങ്ങൾക്ക് തുല്യമായ ലത്തീൻ പദങ്ങൾ ഇപ്പോഴുണ്ട്. സർവവ്യാപിയായ സെല്ലുലാർ ഫോണും ടെലിഫോണിയം സെല്ലുലാറെ എന്ന പേരിൽ അറിയപ്പെടുന്നു. ലത്തീൻ ഭാഷാപ്രേമികൾക്ക് ഇതിനെക്കാൾ സന്തോഷപ്രദമായ മറ്റൊരു വാർത്തയുമുണ്ട്. റോമിലെ ഒരു പുരോഹിതൻ ഇപ്പോൾ ഇന്റർനെറ്റിൽ ലത്തീൻ ഭാഷാ വെബ് സൈറ്റ് തുടങ്ങിയതായി ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
“ക്ലോൺ ചെയ്ത” പ്രതിമകൾ
2000-ാം ആണ്ടോടെ റോമിലെ പബ്ലിക് പാർക്കുകളിലുള്ള പ്രതിമകളെല്ലാം കൃത്രിമമായിരിക്കും. കാരണം? “സ്മാരകങ്ങൾ പരിരക്ഷിക്കണമെങ്കിൽ അതല്ലാതെ വേറെ മാർഗമില്ല” എന്ന് റോമിലെ ചരിത്രപ്രധാനമായ ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കാർല ബെനോച്ചി വിശദീകരിക്കുന്നു. അവയിൽ ചിലത് “കാലപ്പഴക്കത്താലും വാഹന മലിനീകരണത്താലും മോഷണ വസ്തുക്കൾ വാങ്ങുന്നവർ, കലാശിൽപ്പ വൈരികൾ എന്നിവരാലും പൂർണമായി നശിച്ചുകൊണ്ടിരിക്കുകയാണ്” എന്ന് അവർ കൂട്ടിച്ചേർക്കുന്നു. യഥാർഥ പ്രതിമകളെ പോലെതന്നെ ഏറ്റവും മെച്ചമായ രീതിയിൽ കലാസൗന്ദര്യം പകർത്താനും പുകമഞ്ഞിന്റെയും കലാശിൽപ്പ വൈരികളുടെയും ആക്രമണത്തെ ചെറുക്കാനും സാധിക്കുന്ന പദാർഥങ്ങൾ ഏതാണെന്നു തിട്ടപ്പെടുത്താൻ പരീക്ഷണങ്ങൾ നടത്തിവരുകയാണ്. ചില “ക്ലോണുകൾ” റെസിൻ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു; മറ്റു ചിലത് സിമെന്റുകൊണ്ട് ഉണ്ടാക്കി അതിൽ വെണ്ണക്കൽ ധൂളി പൂശിയിരിക്കുന്നു. “കണ്ടാൽ യഥാർഥ പ്രതിമ പോലെ തന്നെയിരിക്കും. ഒരിക്കൽ യഥാർഥ പ്രതിമയാണെന്നു തെറ്റിദ്ധരിച്ച് കള്ളന്മാർ ഒരു ‘ക്ലോണിന്റെ’ തല വെട്ടിയെടുക്കുകയും മറ്റൊന്നിനെ മുഴുവനായി കടത്താൻ ശ്രമിക്കുകയും ചെയ്തു,” ബെനോച്ചി പറയുന്നു. യഥാർഥ പ്രതിമകളോ? അവയെ കാഴ്ചബംഗ്ലാവുകളിൽ സൂക്ഷിക്കും. അവിടെയാകുമ്പോൾ അവ നശിച്ചുപോകില്ല. ആളുകൾക്ക് അവയുടെ ഭംഗി ആസ്വദിക്കാനും സാധിക്കും.
വികലപോഷണം കുട്ടികളെ കൊന്നൊടുക്കുന്നു
“മറ്റേതൊരു രോഗബാധയെക്കാളും പ്രകൃതി വിപത്തിനെക്കാളും യുദ്ധത്തെക്കാളും വികലപോഷണം കുട്ടികളെ കൊന്നൊടുക്കുന്നു” എന്ന് ഫ്രഞ്ച് ദിനപ്പത്രമായ ലെ മോൺട് റിപ്പോർട്ടു ചെയ്യുന്നു. പ്രതിവർഷം ഏതാണ്ട് 70 ലക്ഷം കുട്ടികൾ വികലപോഷണം നിമിത്തം മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ വർഷവും മരിക്കുന്ന അഞ്ചു വയസ്സിനു താഴെയുള്ള 1.2 കോടി കുട്ടികളിൽ 55 ശതമാനവും വികലപോഷണവുമായി ബന്ധപ്പെട്ട കാരണങ്ങൾ നിമിത്തമാണു മരിക്കുന്നത് എന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ (യുനിസെഫ്) 1997-ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വികലപോഷണം കുട്ടികളെ കൊല്ലുക മാത്രമല്ല ചെയ്യുന്നത്. അതു മൂലം നിരവധി ശാരീരിക, മാനസിക വൈകല്യങ്ങൾ ഉണ്ടാകുകയും പ്രതിരോധശക്തി ക്ഷയിക്കുകയും ചെയ്യുന്നു. ദക്ഷിണ ഏഷ്യയിൽ 2-ൽ 1-ഉം ആഫ്രിക്കയിൽ 3-ൽ 1-ഉം കുട്ടികൾ വീതം വികലപോഷിതരാണ്. എന്നാൽ, വ്യവസായവത്കൃത രാജ്യങ്ങളിലും ഈ പ്രശ്നം നിലവിലുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ 12 വയസ്സിൽ താഴെയുള്ള 4-ൽ 1 കുട്ടിക്കുവീതം ആവശ്യമായ പോഷണം ലഭിക്കുന്നില്ല എന്ന് യുനിസെഫ് റിപ്പോർട്ടു ചെയ്യുന്നു.
ചന്ദ്രനിൽ വെള്ളമോ?
ലൂണാർ പ്രോസ്പെക്ടർ എന്ന ബഹിരാകാശ പേടകം, ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ തണുത്തുറഞ്ഞ വെള്ളം പോലുള്ള ഒന്ന് കണ്ടെത്തിയതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ആ ബഹിരാകാശ പേടകത്തിലെ ഉപകരണങ്ങൾ അവിടെ ഹൈഡ്രജൻ ഉള്ളതായി സൂചിപ്പിക്കുന്നു. വെള്ളത്തിന്റെ ഒരു ഘടകമായിരിക്കുന്ന അവസ്ഥയിൽ മാത്രമേ ചന്ദ്രനിൽ ഹൈഡ്രജൻ ഉണ്ടായിരിക്കാൻ സാധിക്കൂ എന്നും കരുതപ്പെടുന്നു. പൊടിയുമായി കുഴഞ്ഞ, നേർത്ത മഞ്ഞുകണികകളുടെ രൂപത്തിലാണ് വെള്ളം എന്നു കരുതപ്പെടുന്നു. പാറമണ്ണിന്റെ 1 ശതമാനമോ അതിൽ കുറവോ മാത്രം വെള്ളമേ അവിടെ ഉള്ളൂ എന്നു കണക്കാക്കപ്പെടുന്നു. അതു മനുഷ്യ വാസത്തിനും ബഹിരാകാശ പേടകത്തിന് ആവശ്യമായ ഇന്ധനത്തിന്റെ രൂപത്തിൽ ഹൈഡ്രജനും ഓക്സിജനും പ്രദാനം ചെയ്യാനും പര്യാപ്തമാണെന്ന് ചില ശാസ്ത്രജ്ഞന്മാർ പ്രവചിക്കുന്നു. എന്നാൽ, വെള്ളം അവിടെ ഉണ്ടെങ്കിൽതന്നെ അതു വേർതിരിച്ചെടുക്കുന്നതു ചെലവേറിയ സംരംഭമാണെന്നാണു മറ്റു ചിലരുടെ മതം. വെള്ളത്തിനായി ചന്ദ്രനിൽ കുഴിക്കുന്നതിനെക്കാൾ ഭൂമിയിൽനിന്ന് അതു ചന്ദ്രനിലേക്കു കൊണ്ടുപോകുന്നതാണ് ഏറെ ലാഭകരം എന്നു കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ബ്രൂസ് മറേ അഭിപ്രായപ്പെടുന്നു.
വേദനാ സംഹാരികൾക്കെതിരെ ജാഗ്രത
“ടൈലെനൊൾ, എക്സെഡ്രിൻ എന്നിവയിലെയും ശുപാർശ ചെയ്യപ്പെടാത്ത മറ്റ് ഔഷധങ്ങളിലെയും സജീവ ഘടകമായ അസെറ്റാമൈനൊഫിന്റെ താരതമ്യേന അൽപ്പസ്വൽപ്പമായ അമിതോപയോഗം—പ്രത്യേകിച്ചും മദ്യവുമായി കൂട്ടിക്കലർത്തിയത്—ഗുരുതരമായ കരൾ ക്ഷതത്തിനു കാരണമാകുന്നു” എന്ന് ഹെൽത്ത് മാസിക മുന്നറിയിപ്പു നൽകുന്നു. അതു മരണത്തിൽ പോലും കലാശിച്ചേക്കാം. “നിർദേശിച്ചിരിക്കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി കഴിക്കുന്നതുകൊണ്ടൊന്നും ഒരു ദോഷവും ഉണ്ടാകില്ലെന്ന് മിക്കവരും ചിന്തിക്കുന്നു” എന്ന് യൂണിവേഴ്സിറ്റി ടെക്സാസ് സൗത്ത്വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ ശസ്ത്രക്രിയ ആവശ്യമില്ലാത്ത രോഗങ്ങളുടെ വിഭാഗത്തിലെ ഒരു വിദഗ്ധനായ വില്യം ലീ പറയുന്നു. “ഈ മരുന്നിന്റെ കാര്യത്തിൽ അതു ശരിയല്ല.” ശരീരം അസെറ്റാമൈനൊഫിനെ ലയിപ്പിക്കുമ്പോൾ അതു കരളിനു വിഷമായ ഒരു ഉപോത്പന്നം ഉത്പാദിപ്പിക്കുന്നു. വിഷവസ്തുവിനെ നിർവീര്യമാക്കുന്ന ഗ്ലൂട്ടാതിയോൺ എന്ന ഒരു ഘടകം ഉത്പാദിപ്പിച്ചുകൊണ്ട് കരൾ സ്വയം സംരക്ഷിക്കുന്നു. എന്നിരുന്നാലും, അസെറ്റാമൈനൊഫിന്റെ അമിതോപയോഗം കരളിന്റെ പ്രതിരോധ ശക്തിയെ ക്ഷയിപ്പിച്ചേക്കാം. മദ്യം ഗ്ലൂട്ടാതിയോണിന്റെ ശേഖരം കാലിയാക്കുന്നു. അതുകൊണ്ട് കുറേ മദ്യം അകത്താക്കിയ ശേഷം ഈ മരുന്ന് ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്. മാത്രമല്ല, 300-ലധികം ഉത്പന്നങ്ങളിൽ അസെറ്റാമൈനൊഫിൻ അടങ്ങിയിട്ടുള്ളതുകൊണ്ട് അറിയാതെതന്നെ അത് അമിതമായി കഴിക്കാനുള്ള സാധ്യതയും ഏറെയാണ്.
തട്ടിക്കൊണ്ടുപോകൽ ക്ലാസ്സുകൾ
തായ്വാനിലെ സ്കൂൾ കുട്ടികൾക്ക് ഇപ്പോൾ ഒരു പുതിയ കോഴ്സ് തുടങ്ങിയിരിക്കുന്നു—തട്ടിക്കൊണ്ടുപോകൽ ക്ലാസ്സുകൾ. “ഫിലിപ്പീൻസ് കഴിഞ്ഞാൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സാധ്യത കൂടുതലുള്ളതു തായ്വാനിലാണ്, രണ്ടര ദിവസത്തിൽ ഒരു തട്ടിക്കൊണ്ടുപോക്കു വീതം” എന്ന് ഏഷ്യാവീക്ക് പറയുന്നു. കുറ്റകൃത്യം കുതിച്ചുയരുന്നതിന്റെ വീക്ഷണത്തിൽ തങ്ങളുടെ കുട്ടികളാകാം തട്ടിക്കൊണ്ടുപോക്കിന്റെ അടുത്ത ഇരകൾ എന്നു ഭയന്ന് മാതാപിതാക്കളാണു പ്രസ്തുത പരിപാടി നടത്താൻ അപേക്ഷിച്ചത്. തനിയെ നടക്കുമ്പോഴും ലിഫ്റ്റിൽ കയറുമ്പോഴും പൊതു വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും ജാഗരൂകരായിരിക്കാൻ തട്ടിക്കൊണ്ടുപോകൽ ക്ലാസ്സുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. സംശയമുള്ളവരെ സൂക്ഷിക്കാനും തട്ടിക്കൊണ്ടു പോയാൽ പ്രതികരിക്കേണ്ടത് എങ്ങനെയെന്നും അവർ പഠിക്കുന്നു. പ്രസ്തുത കോഴ്സ് അത്രകണ്ട് ആസ്വാദ്യമല്ലെങ്കിലും ജീവിതത്തെ കുറിച്ച് ക്രിയാത്മക മനോഭാവം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്.
“വംശനാശ”ത്തെ അതിജീവിച്ചുകൊണ്ട്
കാട്ടു നത്തിന് വംശനാശം ഭവിച്ചു എന്നാണു കരുതിയിരുന്നത്. കാരണം, 113 വർഷത്തിനിടയിൽ അതിനെ കണ്ടതായി സ്ഥിരീകരിക്കാൻ യാതൊരു മാർഗവും ഇല്ലായിരുന്നു. എന്നാൽ അതിനെ ഇന്ത്യയിൽ, മുംബൈയ്ക്ക് വടക്കുകിഴക്കായുള്ള ഷാഹദായിലെ വനത്തിൽ കണ്ടെത്തി ഫോട്ടോ എടുത്തിരിക്കുന്നു. തവിട്ടു നിറമുള്ള ഈ പക്ഷിക്ക് 20 സെന്റിമീറ്റർ ഉയരമുണ്ട്. വലിയ കണ്ണുകളും സാധാരണയിലധികം വലിപ്പമുള്ള കൊക്കും കാലുകളും നഖങ്ങളും അവയ്ക്കുണ്ട്. “ഇന്ത്യയിലെ നിഗൂഢ പക്ഷികളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു” എന്ന് വാഷിങ്ടണിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ജോലി ചെയ്യുന്ന പാമില റാസമുസ്സെൻ പറഞ്ഞു. അവരും മറ്റു രണ്ടു സഹപ്രവർത്തകരും കൂടിയാണ് ആ പക്ഷിയുടെ ഫോട്ടോകൾ എടുത്തത്. “ഇത് ആയുഷ്കാലത്ത് ഒരിക്കൽ സംഭവിക്കുന്ന കാര്യമാണ്.” ലിഖിത രേഖയില്ലെങ്കിലും അതിജീവിച്ചതായി പറയപ്പെടുന്ന വേറെ രണ്ടു നിഗൂഢ വർഗങ്ങളിൽ ഒന്ന് പിങ്ക് തലയൻ താറാവുകളാണ്. അവയെ അവസാനമായി കണ്ടത് 1930-കളിലാണ്. അടുത്തത്, ഹിമാലയൻ കാടകളാണ്. അവയെ കണ്ടിട്ട് ഏതാണ്ടു 100 വർഷമായി.
“ഉത്തമ ലഘു ഔഷധ”മോ?
ഉന്മേഷം പകരാനും മാനസിക വിഭ്രമം ഇല്ലാതാക്കാനും ലൈംഗിക ഉത്തേജനമേകാനും ചോക്കലേറ്റിനുള്ള കഴിവ് നൂറുകണക്കിനു വർഷങ്ങളായി വാനോളം പുകഴ്ത്തപ്പെട്ടിട്ടുണ്ട്. എന്നാൽ, ചോക്കലേറ്റ് തീർച്ചയായും “ഉത്കണ്ഠാ നിരക്കിനെയും, മനസ്സമാധാനത്തെയും ലൈംഗിക പെരുമാറ്റത്തെയും” ബാധിക്കുന്നതായി സമീപകാല ഗവേഷണം സൂചിപ്പിച്ചേക്കാമെന്ന് ലെ മോൺട് റിപ്പോർട്ടു ചെയ്യുന്നു. ചോക്കലേറ്റിലുള്ള ഒരു പദാർഥത്തിന് ആംഫിറ്റാമിനുകളോടു സാദൃശ്യമുള്ളതായും മറ്റൊരു പദാർഥം മാനസിക വിഭ്രമം അകറ്റുന്നതായും ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. കഞ്ചാവിനെ പോലെതന്നെ “ഇന്ദ്രിയബോധവും സുഖാനുഭൂതിയും ഉയർത്തുന്ന” അനാൻഡൈൻ എന്ന നാഡീപ്രേക്ഷകത്തിന്റെ സാന്നിധ്യവും അതിലുള്ളതായി പുതിയ ഗവേഷണം വെളിപ്പെടുത്തി. അതും ചോക്കലേറ്റിന്റെ നേരിയ വിഷാംശവും ആ പത്രം ഈ നിഗമനത്തിൽ എത്തിച്ചേരാൻ വഴിയൊരുക്കി: “ശാരീരികവും ബുദ്ധിപരവുമായ പ്രവർത്തനങ്ങൾക്ക് ഉത്തേജനമേകുകയും യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഊർജം പ്രദാനം ചെയ്യുകയും സുഖാനുഭൂതി പകരുകയും ചെയ്തുകൊണ്ട് ആസക്തിക്ക് ഇടവരുത്താതെ ചോക്കലേറ്റ് ‘ഉത്തമ ലഘു ഔഷധം’ ആയി തുടരുന്നു.”