സ്വർണം—അതിനെ വലയം ചെയ്യുന്ന നിഗൂഢത
സ്വർണം—ശോഭയുള്ള, മിനുസമായ ഈ മഞ്ഞ ലോഹം അതിന്റെ അസാധാരണ ഗുണങ്ങൾ നിമിത്തം പുരാതന കാലം മുതലേ വിലപ്പെട്ട ഒന്നായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതിന്റെ നിറവും തിളക്കവും തുരുമ്പിനെ ചെറുത്തുനിൽക്കാനുള്ള ശേഷിയും അതിനെ അടിച്ചുപരത്താമെന്നുള്ള വസ്തുതയും മറ്റു ലോഹങ്ങളിൽനിന്ന് അതിനെ വേർതിരിച്ചു നിർത്തുന്നു. അന്വേഷകരുടെ മനസ്സിൽ അതിനുള്ള മൂല്യം നിമിത്തം മറ്റ് ഏതൊരു ലോഹത്തിൽനിന്നും വ്യത്യസ്തമായ ഒരു ചരിത്രം അതിനുണ്ട്.
“സ്വർണം! അതേ, സ്വർണം തന്നെ! സ്വർണം!” സ്വർണത്തിന്റെ കണ്ടെത്തൽ സന്തോഷത്താൽ മതിമറക്കാനും നാഡിമിടിപ്പു വർധിക്കാനും ഭാവനകൾ ചിറകു വിരിക്കാനും ഇടയാക്കിയിരിക്കുന്നു. കരയിലും നദികളിലും അരുവികളിലും എന്തിന്, ഭൂമിക്കടിയിൽ ആയിരക്കണക്കിനു മീറ്റർ ആഴത്തിലും അതു തേടി ആളുകൾ പോയിരിക്കുന്നു.
സ്വർണംകൊണ്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ ഉണ്ടാക്കി രാജാക്കന്മാരെയും രാജ്ഞിമാരെയും അലങ്കരിച്ചിരിക്കുന്നു. അത് സിംഹാസനങ്ങളെയും കൊട്ടാര ചുവരുകളെയും മോടിപിടിപ്പിച്ചിരിക്കുന്നു. പക്ഷിമൃഗമത്സ്യാദികളുടെ സ്വർണ വിഗ്രഹങ്ങളെ ദൈവങ്ങളായി ആരാധിച്ചിരിക്കുന്നു. സ്വർണത്തിനു വേണ്ടിയുള്ള അടങ്ങാത്ത ത്വര ദൂരവ്യാപകമായിരുന്നിട്ടുണ്ട്, അത് നാഗരികതയുടെ മേൽ പ്രഭാവം ചെലുത്തുകയും ചെയ്തിരിക്കുന്നു.
സ്വർണവും ചരിത്രവും
പുരാതന ഈജിപ്തിലെ ഫറവോന്മാർ തങ്ങളുടെ വ്യാപാരികളെയും സൈന്യത്തെയും സ്വർണം തേടി വിദൂര ദേശങ്ങളിലേക്കു വിട്ടിട്ടുണ്ട്. സ്വർണം ഈജിപ്തിലെ ദേവന്മാരുടെയും ഫറവോന്മാരുടെയും കുത്തകയായിട്ടാണ് കരുതപ്പെട്ടിരുന്നത്. 1922-ൽ കണ്ടെത്തിയ ടൂട്ടൻഘമോണിന്റെ ശവകുടീരത്തിൽ അമൂല്യമായ സ്വർണ ശേഖരം ഉണ്ടായിരുന്നു. എന്തിന്, അദ്ദേഹത്തിന്റെ ശവപ്പെട്ടി പോലും കട്ടിസ്വർണംകൊണ്ട് ഉണ്ടാക്കിയതായിരുന്നു.
ചില ചരിത്രകാരന്മാർ പറയുന്നത് അനുസരിച്ച് മഹാനായ അലക്സാണ്ടറെ ആദ്യം “ഏഷ്യയിലേക്ക് ആകർഷിച്ചത് പേർഷ്യയിൽ സ്വർണത്തിന്റെ നിധിയുണ്ടായിരുന്നെന്ന കേട്ടുകേൾവി ആയിരുന്നു.” അദ്ദേഹം പേർഷ്യയിൽനിന്നു പിടിച്ചെടുത്ത സ്വർണം ഗ്രീസിലേക്കു കൊണ്ടുപോകാൻ ആയിരക്കണക്കിനു ചുമട്ടു മൃഗങ്ങളെ ഉപയോഗിച്ചുവെന്നു പറയപ്പെടുന്നു. അങ്ങനെ ഗ്രീസ് സ്വർണ സമൃദ്ധമായ ഒരു രാഷ്ട്രമായിത്തീർന്നു.
റോമിലെ “ചക്രവർത്തിമാർ തങ്ങളുടെ ഉദ്യോഗസ്ഥരുടെ കൂറ് പിടിച്ചുപറ്റാനും മറ്റു ദേശങ്ങളിലെ കുലീനരെ സ്വാധീനിക്കാനുമായി സ്വർണം വാരിയെറിഞ്ഞ”തായി ഒരു ചരിത്രകാരൻ റിപ്പോർട്ടു ചെയ്യുന്നു. “കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ പ്രദർശിപ്പിച്ച് സ്വത്തിന്റെ പ്രതാപം കാട്ടി മിക്കപ്പോഴും അവർ ആളുകളിൽ എളുപ്പത്തിൽ ഭയാദരവ് ഉളവാക്കിയിരുന്നു.” സ്പെയിനും അവിടുത്തെ സ്വർണ ഖനികളും പിടിച്ചെടുക്കുക വഴി റോമാക്കാർ വളരെയധികം സ്വർണം കൈക്കലാക്കിയെന്ന് ഒരു പ്രസിദ്ധീകരണം പറയുന്നു.
എന്നാൽ സ്വർണത്തെ സംബന്ധിച്ച രക്തപങ്കിലമായ ചരിത്രതാളുകൾ സൂക്ഷ്മമായി പരിശോധിച്ചാലേ അതിന്റെ കഥ മുഴുവൻ മനസ്സിലാകൂ. ജയിച്ചടക്കലിന്റെയും മൃഗീയതയുടെയും അടിമത്തത്തിന്റെയും മരണത്തിന്റെയും ഒരു കഥയാണ് അത്.
രക്തരൂഷിത ചരിത്രം
നാഗരികത വികാസം പ്രാപിച്ചതോടെ കൂടുതൽ വലിപ്പവും ശക്തിയും ഉള്ള കപ്പലുകളിൽ ആളുകൾ പുതിയ ദേശങ്ങൾ കണ്ടെത്താനും പുതിയ കോളനികൾ സ്ഥാപിക്കാനും സ്വർണം അന്വേഷിക്കാനും ഇറങ്ങിത്തിരിച്ചു. പല പര്യവേക്ഷകർക്കും—മുന്നണി സമുദ്ര പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസ് (1451-1506) ഉൾപ്പെടെ—സ്വർണം കണ്ടെത്തുന്നത് ഒരു ഹരമായിത്തീർന്നു.
സ്വർണത്തിനു വേണ്ടിയുള്ള വേട്ടയിൽ കൊളംബസ് സ്വദേശികളുടെ ജീവന് യാതൊരു വിലയും കൽപ്പിച്ചിരുന്നില്ല. പര്യവേക്ഷണത്തിനു വേണ്ട സാമ്പത്തിക സഹായം നൽകിയ സ്പെയിനിലെ രാജാവിനോടും രാജ്ഞിയോടും ഒരു ദ്വീപിലുണ്ടായ അനുഭവത്തെക്കുറിച്ചു വിവരിച്ചുകൊണ്ട് കൊളംബസ് ഇങ്ങനെ എഴുതി: “ഇവിടം ഭരിക്കാൻ ആകെ ചെയ്യേണ്ടത് ഇവിടെ താമസമുറപ്പിച്ച് സ്വദേശികളുടെ മേൽ അധികാരം പ്രയോഗിക്കുകയാണ്. അവരോടു കൽപ്പിക്കുന്നതെന്തും അവർ ചെയ്തുകൊള്ളും. . . . [അമേരിക്കൻ] ഇൻഡ്യാക്കാർ . . . നഗ്നരും നിരായുധരുമാണ്. അതുകൊണ്ട് അവരെക്കൊണ്ട് കൽപ്പനകൾ അനുസരിപ്പിക്കാൻ എളുപ്പമാണ്.” തനിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെന്ന് കൊളംബസ് വിശ്വസിച്ചിരുന്നു. സ്വർണ നിക്ഷേപങ്ങൾ സ്പെയിന് അതിന്റെ വിശുദ്ധ യുദ്ധത്തിന് ആവശ്യമായ പണം നൽകും. ‘സ്വർണം കണ്ടെത്താൻ ദൈവം കരുണാപൂർവം എന്നെ സഹായിക്കുമാറാകട്ടെ,’ ഒരു സ്വർണ മുഖംമൂടി സമ്മാനമായി ലഭിച്ച ശേഷം അദ്ദേഹം പറഞ്ഞു.
കൊളംബസിന്റെ ചുവടു പറ്റി സ്വർണം തേടി സമുദ്ര യാത്രയ്ക്ക് ഇറങ്ങിത്തിരിച്ച സ്പാനിഷ് ജേതാക്കളോട് സ്പെയിനിലെ രാജാവായ ഫെർഡിനാന്റ് ഇങ്ങനെ പറഞ്ഞു: “എനിക്കു സ്വർണം കൊണ്ടുവന്നു തരൂ! സാധിക്കുമെങ്കിൽ മനുഷ്യത്വപരമായ രീതിയിലൂടെ അതു സമ്പാദിക്കുക. എന്തായാലും, ഏതു വിധേനയും എനിക്ക് അത് കിട്ടിയേ തീരൂ.” നിർദയരായ പര്യവേക്ഷകർ മെക്സിക്കോയിലെയും മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആയിരക്കണക്കിനു നിവാസികളെ കൂട്ടക്കൊല ചെയ്യുകയുണ്ടായി. ആലങ്കാരികമായി പറഞ്ഞാൽ, സ്പെയിനിലേക്കു കടത്തിയ സ്വർണത്തിൽ നിന്ന് രക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
അടുത്തതായി രംഗത്തു വന്നത് കടൽക്കൊള്ളക്കാരാണ്, ഒരു രാഷ്ട്രത്തിന്റെയും പതാക പാറിക്കാതെ. പുറങ്കടലിൽ, സ്വർണവും മറ്റു വിലപിടിപ്പുള്ള നിധികളും നിറച്ച സ്പെയിൻകാരുടെ കപ്പലുകൾ അവർ കൊള്ളയടിച്ചു. വേണ്ടത്ര വെടിക്കോപ്പുകളോ മാനവശേഷിയോ ഇല്ലാഞ്ഞതുകൊണ്ട് അവയിലുള്ളവർക്ക് സുസായുധരായ കടൽക്കൊള്ളക്കാരെ ചെറുത്തു തോൽപ്പിക്കാനായില്ല. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ കടലുകളിൽ, വിശേഷിച്ച് വെസ്റ്റ് ഇൻഡീസിലും അമേരിക്കൻ തീരങ്ങളിലും കടൽക്കൊള്ള വ്യാപകമായിരുന്നു.
19-ാം നൂറ്റാണ്ടിൽ സ്വർണം തേടിയുള്ള പരക്കംപാച്ചിൽ
1848-ൽ കാലിഫോർണിയയിലെ സാക്രമന്റോ താഴ്വരയിൽ വലിയൊരു സ്വർണ നിക്ഷേപം കണ്ടെത്തപ്പെട്ടു. വാർത്ത കാട്ടുതീപോലെ പടർന്നു. അവിടെ വാസമുറപ്പിക്കാൻ ആളുകൾ പാഞ്ഞെത്തി. തുടർന്നുള്ള വർഷത്തിൽ പതിനായിരക്കണക്കിന് “നാൽപ്പത്തൊമ്പതുകാർ”—ലോകമെമ്പാടുനിന്നും ഭാഗ്യം തേടി വന്നവർ—കാലിഫോർണിയയിലേക്കു കുടിയേറി. 1848-ൽ 26,000 ആയിരുന്ന അവിടത്തെ ജനസംഖ്യ 1860 ആയപ്പോൾ ഏതാണ്ട് 3,80,000 ആയി ഉയർന്നു. കർഷകർ തങ്ങളുടെ നിലങ്ങൾ ഉപേക്ഷിച്ചു, കപ്പൽ യാത്രക്കാർ ഇടയ്ക്കുവെച്ച് യാത്ര നിർത്തി, പട്ടാളക്കാർ സൈനിക സേവനം മതിയാക്കി—എല്ലാം സ്വർണം തേടി പുറപ്പെടാൻ. “രക്തദാഹികളായ തസ്കരന്മാർ” എന്നാണു ചിലർ വിശേഷിപ്പിക്കപ്പെട്ടത്. സ്വർണം തേടി അനവധി ആളുകൾ പ്രവഹിച്ചതോടെ കുറ്റകൃത്യങ്ങളും അക്രമങ്ങളും അലയടിച്ചുയർന്നു. സ്വർണത്തിന്റെ മാസ്മര വലയത്തിൽ അകപ്പെട്ടവരും എന്നാൽ അതു സമ്പാദിക്കുന്നതിനായി അധ്വാനിക്കാൻ മനസ്സില്ലാഞ്ഞവരും തപാൽവണ്ടികളും തീവണ്ടികളും കൊള്ളയടിക്കുന്നതിലേക്കു തിരിഞ്ഞു.
1851-ൽ കാലിഫോർണിയയിലേക്ക് സ്വർണം തേടിയുള്ള പരക്കംപാച്ചിൽ നടന്നതിനു തൊട്ടു പിന്നാലെ ഓസ്ട്രേലിയയിൽ വൻ സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തപ്പെടുന്നതായി വാർത്ത വന്നു. “നിക്ഷേപം തികച്ചും വിസ്മയാവഹമായിരുന്നു” എന്നായിരുന്നു റിപ്പോർട്ട്. ഹ്രസ്വമായ ഒരു കാലഘട്ടത്തേക്ക് ലോകത്തിൽ വെച്ച് ഏറ്റവും അധികം സ്വർണം ഉത്പാദിപ്പിക്കുന്ന ഇടം ആയിത്തീർന്നു ഓസ്ട്രേലിയ. കാലിഫോർണിയയിലേക്കു കുടിയേറി പാർത്തവർ താമസിയാതെ അവിടെനിന്ന് എല്ലാം കെട്ടിപ്പെറുക്കി ഓസ്ട്രേലിയയിലേക്കു യാത്രയായി. ഓസ്ട്രേലിയയുടെ ജനസംഖ്യ കുതിച്ചുയർന്നു—1850-ൽ 4,00,000 ആയിരുന്നത് 1860-ൽ 11,00,000 ആയി ഉയർന്നു. ഒട്ടേറെ പേർ സ്വർണം തേടി ഇറങ്ങിത്തിരിച്ചതു കാരണം കൃഷിപ്പണിയും മറ്റും ഏതാണ്ട് നിലച്ചതുപോലെ ആയി.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂക്കണിലും അലാസ്കയിലും സ്വർണം കണ്ടെത്തിയതിനെത്തുടർന്ന് സ്വർണത്തിനു വേണ്ടിയുള്ള ഭ്രാന്തമായ പാച്ചൽ അവിടേക്കായി. സ്വർണം വിളയുന്ന നാട്ടിൽ താവളമുറപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ മരം കോച്ചുന്ന തണുപ്പിനെ വക വെക്കാതെ അങ്ങു വടക്കേ അറ്റത്തേക്ക്, ക്ലോണ്ടൈക്ക് പ്രദേശത്തേക്കും അലാസ്കയിലേക്കും യാത്രയായി.
ആണ്ടുകിടക്കുന്ന നിധി
20-ാം നൂറ്റാണ്ടിൽ, ആഴക്കടലിൽ മുങ്ങിത്തപ്പാനുള്ള വിദ്യകൾ വികസിപ്പിക്കപ്പെട്ടതോടെ സ്വർണം തേടുന്നവരുടെ ശ്രദ്ധ കടലിന്റെ അടിത്തട്ടിലേക്കായി. അവിടെ അവർ ആണ്ടുകിടക്കുന്ന നിധികൾക്കായി—നൂറ്റാണ്ടുകൾക്കു മുമ്പത്തെ സ്വർണാഭരണങ്ങൾക്കും ശിൽപ്പങ്ങൾക്കും വേണ്ടി—തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ പരതി നോക്കി.
1638 സെപ്റ്റംബർ 20-ന് സ്പാനിഷ് കപ്പലായ കൊൺസെപ്സിയൊൻ പ്രതികൂല കാലാവസ്ഥ മൂലം സയ്പാൻ തീരത്തിന് അടുത്തുവെച്ച് പാറക്കെട്ടുകളിൽ തട്ടിത്തകർന്ന് ശാന്തസമുദ്രത്തിൽ മുങ്ങിപ്പോയി. അതിൽ ഇന്നു കോടിക്കണക്കിനു ഡോളർ വില വരുന്ന സ്വർണവും മറ്റു നിധികളും ഉണ്ടായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 400 പേരിൽ മിക്കവരും മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 1.5 മീറ്റർ നീളമുള്ള പല പൗണ്ട് തൂക്കമുള്ള സ്വർണ മാലകൾ കണ്ടെടുത്തിട്ടുണ്ട്. മൊത്തം 1,300 സ്വർണാഭരണങ്ങൾ—മാലകൾ, കുരിശുകൾ, ബട്ടണുകൾ, ബ്രോച്ചുകൾ, കമ്മലുകൾ, ബക്കിളുകൾ എന്നിവ—മുങ്ങൽ വിദഗ്ധർ കണ്ടെടുത്തിരിക്കുന്നു.
തകർന്ന മറ്റു കപ്പലുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. 1980-ൽ ഐക്യനാടുകളിലെ ഫ്ളോറിഡ തീരത്ത് മുങ്ങിത്തപ്പിയവർ 17-ാം നൂറ്റാണ്ടിൽ തകർന്നു പോയ സ്പാനിഷ് കപ്പലായ സാന്റ മാർഗാറീറ്റയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. തുടർന്നുവന്ന വർഷത്തിന്റെ അവസാനത്തോടെ മുങ്ങൽ വിദഗ്ധർ 44 കിലോഗ്രാം തൂക്കം വരുന്ന സ്വർണത്തകിടുകളും മറ്റു സ്വർണശിൽപ്പങ്ങളും കണ്ടെത്തുകയുണ്ടായി.
യുദ്ധ സ്വർണം
1945-ൽ ജർമൻ ഗവൺമെന്റ് കീഴടങ്ങിയ ശേഷം സഖ്യസേനകൾ ജർമനിയിലെ ത്യുറിഞ്ചിയയിലുള്ള കൈസെറോഡ ഉപ്പു ഖനികളിൽ വിസ്മയാവഹമായ ഒരു കണ്ടുപിടിത്തം നടത്തി. അറ്റ്ലാന്റ ജേർണൽ പറയുന്നത് അനുസരിച്ച് “ഖനികളിൽ 210,00,00,000 ഡോളർ വിലവരുന്ന സ്വർണത്തകിടുകളും ചിത്രപ്പണികളും നാണയങ്ങളും അവകാശപത്രങ്ങളും ഉണ്ടായിരുന്നു.” കൂടാതെ സ്വർണവും വെള്ളിയും കൊണ്ടുള്ള ദന്തനിർമിതികൾ നിറച്ച സഞ്ചികളും കണ്ടെടുത്തിട്ടുണ്ട്. കൂട്ടക്കൊലയ്ക്ക് ഇരയായവരിൽനിന്ന് എടുത്ത ആ സ്വർണത്തിൽ കുറെ അതിനോടകം ഉരുക്കിക്കഴിഞ്ഞിരുന്നു. ഈ വൻ സ്വർണ നിക്ഷേപമാണ് നീണ്ട യുദ്ധം നടത്താൻ നാസി സൈന്യാധിപരെ സഹായിച്ചത്. ഒരിക്കൽ ഹിറ്റ്ലറിന്റെ അധീനതയിൽ ആയിരുന്ന ഏതാണ്ട് പത്തു രാജ്യങ്ങളിലേക്ക് 250,00,00,000 ഡോളറോളം വില വരുന്ന സ്വർണം മടക്കിക്കൊടുത്തതായി ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ഒളിച്ചു വെച്ചിരിക്കുന്ന നാസി സ്വർണമെല്ലാം കണ്ടെടുത്തിട്ടില്ലെന്ന പൊതു വിശ്വാസം ഉള്ളതുകൊണ്ട് അതിനുവേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
നിശ്ചയമായും സ്വർണത്തിനു വിലയുണ്ട്. എന്നാൽ മറ്റു ഭൗതിക സമ്പത്തുകളുടെ കാര്യത്തിൽ എന്ന പോലെതന്നെ സ്വർണത്തിനും അതിന്റെ അന്വേഷകർക്കു ജീവൻ നൽകാൻ സാധിക്കില്ല. (സങ്കീർത്തനം 49:6-8; സെഫന്യാവു 1:18) ഒരു ബൈബിൾ പഴമൊഴി പറയുന്നു: “തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു!” (സദൃശവാക്യങ്ങൾ 16:16) യഥാർഥ ജ്ഞാനം സ്രഷ്ടാവായ യഹോവയാം ദൈവത്തിൽനിന്നാണു വരുന്നത്. അവന്റെ വചനമായ ബൈബിളിൽ അത് കാണപ്പെടുന്നു. അത്തരം ജ്ഞാനം തേടുന്ന ഒരുവന് ദൈവവചനം പഠിക്കുന്നതുവഴി ദൈവത്തിന്റെ നിയമങ്ങളെയും തത്ത്വങ്ങളെയും ബുദ്ധ്യുപദേശത്തെയും കുറിച്ചു പഠിക്കാനും അവ ജീവിതത്തിൽ ബാധകമാക്കാനും കഴിയും. അപ്രകാരം നേടിയെടുത്ത ജ്ഞാനം മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടുള്ള സ്വർണത്തെക്കാൾ വളരെ അഭിലഷണീയമാണ്. അത്തരം ജ്ഞാനം ഇപ്പോൾപോലും മെച്ചമായ ഒരു ജീവിതം കൈവരുത്തും, കൂടാതെ ഭാവിയിൽ നിത്യജീവനും.—സദൃശവാക്യങ്ങൾ 3:13-18.
[27-ാം പേജിലെ ചതുരം]
സ്വർണത്തെക്കുറിച്ചുള്ള ചില വസ്തുതകൾ
• ലോഹങ്ങളിൽ വെച്ച് ഏറ്റവും അധികം വലിച്ചു നീട്ടാവുന്നതും അടിച്ചു പരത്താവുന്നതും സ്വർണമാണ്. വെറും 0.1 മൈക്രൊമീറ്റർ കനത്തിൽ പോലും അത് അടിച്ചു പരത്താം. 28 ഗ്രാം സ്വർണം അടിച്ചു പരത്തി 17 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു തകിടാക്കാം. 28.3 ഗ്രാം സ്വർണം 70 കിലോമീറ്റർ നീളത്തിൽ വലിച്ചു നീട്ടാം.
• കലർപ്പില്ലാത്ത സ്വർണം വളരെ വഴക്കമുള്ളതായതിനാൽ ആഭരണങ്ങളും മറ്റും ഉണ്ടാക്കാൻ അതിന്റെ കട്ടി വർധിപ്പിക്കാൻ സാധാരണമായി അതിൽ മറ്റ് ലോഹങ്ങൾ കൂട്ടുചേർക്കുന്നു. അയിരുകളിൽ അടങ്ങിയിരിക്കുന്ന സ്വർണത്തിന്റെ അളവിനെ കാരറ്റ് എന്നു വിളിക്കുന്ന 24-ൽ ഒരു അംശമായിട്ടാണ് വിശേഷിപ്പിക്കുന്നത്; അങ്ങനെ 12 കാരറ്റ് സ്വർണ അയിരിൽ 50 ശതമാനം സ്വർണം ഉണ്ടായിരിക്കും, 18 കാരറ്റ് സ്വർണം എന്നു പറഞ്ഞാൽ 75 ശതമാനം സ്വർണം, 24 കാരറ്റ് സ്വർണത്തിൽ കലർപ്പില്ല.
• സ്വർണം ഉത്പാദിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാഷ്ട്രങ്ങൾ ദക്ഷിണാഫ്രിക്കയും ഐക്യനാടുകളുമാണ്.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മഹാനായ അലക്സാണ്ടർ: The Walters Art Gallery, Baltimore
[26-ാം പേജിലെ ചിത്രങ്ങൾ]
1492-ൽ ക്രിസ്റ്റഫർ കൊളംബസ് സ്വർണ നിക്ഷേപം തേടി ബഹാമാസിൽ വന്നതിനെ കുറിക്കുന്ന ചിത്രം
[കടപ്പാട്]
Courtesy of the Museo Naval, Madrid (Spain), and with the kind permission of Don Manuel González López