ലോകത്തെ വീക്ഷിക്കൽ
ഹാനികരമായ കമ്പ്യൂട്ടർ കളികൾ
ബ്രസീലിലെ നീതിന്യായ മന്ത്രാലയം, “കാർമോഷണം നടത്തിയും പൊലീസുകാരെ കൊലപ്പെടുത്തിയും കളിക്കാർ പോയിന്റുകൾ നേടുന്ന ഒരു വിവാദ കമ്പ്യൂട്ടർ കളിയുടെ വിൽപ്പന നിരോധിച്ചിരിക്കുന്നു” എന്ന് ഒരു റൊയിറ്റേഴ്സ് റിപ്പോർട്ടു പറയുന്നു. “കവർച്ചയെയും കൊലപാതകത്തെയും നിസ്സാരീകരിക്കുന്നതിനാലും യുവ കളിക്കാരെ അക്രമത്തിനു പ്രേരിപ്പിക്കാൻ കഴിയുന്നതിനാലും [ആ കളി] അപകടകരം” ആണെന്നു കരുതപ്പെടുന്നു. “വൃദ്ധകളും ഗർഭിണികളും ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരെ കൊന്നതിന് കളിക്കാർക്കു പ്രതിഫലം നൽകിയ” ഒരു കമ്പ്യൂട്ടർ കളി 1997-ൽ ആ മന്ത്രാലയം നിരോധിക്കുകയുണ്ടായി. പ്രോകോൺ എന്ന ഉപഭോക്തൃ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഇത്തരം കളികൾ അപകടകരവും ഹാനികരവുമാണ്, കാരണം അവ അക്രമത്തിന് ഇടയാക്കുന്നു. അത്തരം സംഗതികൾ സാധാരണമാണെന്ന് കുട്ടികൾ ചിന്തിച്ചു തുടങ്ങുന്നു.”
മലിന സമുദ്രങ്ങൾ
“സമുദ്രങ്ങളിലെ നിർദയമായ അമിത മത്സ്യബന്ധനം, രാസവിഷവസ്തുക്കൾ, റേഡിയോ ആക്ടീവതയുള്ള പാഴ്വസ്തുക്കൾ തുടങ്ങിയവയൊക്കെ മുഴു ഭൂമിയിലെയും ജീവന്റെ അടിത്തറ ഇളക്കുന്നു” എന്ന് നാസൊയിഷെ നോയിയെ പ്രെസെ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. കിയെലർ നാച്ച്റിച്ച്റ്റൻ എന്ന പത്രം പറയുന്നതനുസരിച്ച്, ഏറ്റവും അപകടാവസ്ഥയിൽ ആയിരിക്കുന്നതു കരിങ്കടലാണ്. ലോകത്തിൽ ഏറ്റവുമധികം ഭീഷണി നേരിടുന്ന ആവാസവ്യവസ്ഥകളിൽ ഒന്നായി അതു കരുതപ്പെടുന്നു. അതിന്റെ 90 ശതമാനം ഭാഗത്തും യാതൊരു ജീവജാലങ്ങളും ഇല്ല. ശുദ്ധീകരിക്കാത്ത അഴുക്കുവെള്ളം ഒഴുകിയെത്തുന്നതു നിമിത്തം യൂക്രെയിൻ തീരത്തെ കടൽവെള്ളത്തിനു പച്ച കലർന്ന ഊതനിറം കൈവന്നിരിക്കുന്നു. ഓഡെസയ്ക്കു ചുറ്റുമുള്ള കടലോരങ്ങൾ കഴിഞ്ഞ വേനൽക്കാലത്ത് പൊതുജനത്തിനു തുറന്നുകൊടുത്തത് ഒരാഴ്ചത്തേക്കു മാത്രമാണ്. “കരിങ്കടലിനു മാരകമായ മുറിവേറ്റിരിക്കുന്നു,” റൊമേനിയൻ പ്രസിഡന്റായ ഏമിൽ കൊൺസ്റ്റാന്റിനെസ്കൂ പറഞ്ഞു. “അതിനെ മരിക്കാൻ അനുവദിച്ചാൽ, സങ്കൽപ്പാതീത പരിണതഫലങ്ങളായിരിക്കും നമുക്കു നേരിടേണ്ടിവരിക.” ഐക്യരാഷ്ട്രങ്ങൾ 1998-നെ “അന്തർദേശീയ സമുദ്രവർഷം” ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
വ്യാജ മരുന്നുകൾ
“ഭൂമുഖത്തു വിൽക്കപ്പെടുന്ന മരുന്നുകളിൽ 8 ശതമാനത്തോളം വ്യാജമാണ്” എന്ന് ല ഫിഗാറോ മാഗസിൻ പ്രസ്താവിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ബ്രസീലിലെ വ്യാജ മരുന്നുകൾ 30 ശതമാനത്തോളം വരുമെന്നു കണക്കാക്കപ്പെടുന്നു. നൈജീരിയയിൽ അത് 60 ശതമാനമാണത്രേ. 30,000 കോടി ഡോളറിന്റെ വ്യാജ മരുന്ന് വിപണനം നടക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. അതിൽ മുഖ്യ പങ്കു വഹിക്കുന്നത് സംഘടിത കുറ്റകൃത്യ വിഭാഗങ്ങളാണ്. ഈ വിപണനത്തിന് അന്തം വരുത്താൻ മരുന്നു കമ്പനികൾ ശ്രമിച്ചിട്ടും, പൊലീസിനും അന്തർദേശീയ സംഘടനകൾക്കും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. വ്യാജ മരുന്നുകൾ കൊണ്ടുള്ള ഗുണം, അതു രോഗിക്ക് മാനസിക സംതൃപ്തി നൽകുന്നുവെന്നതാണ്; അതുകൊണ്ടുള്ള ദോഷം, അതു മാരകമാണെന്നതാണ്. “വ്യാജ മരുന്നുകൾ രോഗികളുടെ ആരോഗ്യംകൊണ്ടു ചൂതാട്ടം നടത്തുന്നു,” ല ഫിഗാറോ മാഗസിൻ അഭിപ്രായപ്പെടുന്നു.
ഐക്യനാടുകളിലെ തോക്കുപ്രിയം
“അമേരിക്കയും [ഐക്യനാടുകളും] മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം വലുതാണ്” എന്ന് ദി ഇക്കോണമിസ്റ്റ് പറയുന്നു. “1996-ൽ ന്യൂസിലൻഡിൽ 2-ഉം ജപ്പാനിൽ 15-ഉം ബ്രിട്ടനിൽ 30-ഉം കാനഡയിൽ 106-ഉം ജർമനിയിൽ 211-ഉം ഐക്യനാടുകളിൽ 9,390-ഉം പേരുടെ മരണത്തിനു കാരണം കൈത്തോക്കുകൾ ആയിരുന്നു.” ഓരോ വർഷവും ഐക്യനാടുകളിൽ ഏതാണ്ട് അഞ്ചു ലക്ഷം കുറ്റകൃത്യങ്ങളിലും, ആത്മഹത്യകളും അത്യാഹിതങ്ങളും ഉൾപ്പെടെ 35,000 മരണങ്ങളിലും തോക്കുകൾ ഉൾപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഐക്യനാടുകളിൽ തോക്കുകൾ ഉള്ളവർ “ഒടുക്കേണ്ടി വരുന്ന വില എത്ര ഉയർന്നതായിരുന്നാലും, അവ കൈവശം വെക്കാൻ [അവർ] ആഗ്രഹിക്കുന്നു” എന്ന് ആ മാഗസിൻ പ്രസ്താവിക്കുന്നു. “മറ്റു പല രാജ്യങ്ങളെയും പോലെ കർശന നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുന്നതിനു പകരം അവരുടെ പോക്ക് വിപരീത ദിശയിലാണ്.” കൈത്തോക്കുകൾ രഹസ്യമായി കൊണ്ടുനടക്കാനുള്ള അനുമതി ഇപ്പോൾ 31 സ്റ്റേറ്റുകൾ നൽകുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം
ആവാജി ദ്വീപിനെയും കോബെ നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജപ്പാനിലെ ആകാഷി കൈക്യോ പാലം തുറന്നുകൊടുത്തത് ഏപ്രിലിൽ ആണ്. പെട്ടെന്നുതന്നെ റെക്കോർഡ് പുസ്തകങ്ങളിൽ ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലമെന്ന സ്ഥാനം അതു നേടിയെടുത്തു. “ഒരു ദശകം നീണ്ടുനിന്ന അതിന്റെ പണികൾക്കായി 30,800 കോടി രൂപ ചെലവായി. അതിന്റെ ദൈർഘ്യം 1,991 മീറ്ററാണ്—ഈ പാലത്തിന്റെ രണ്ടു ടവറുകൾക്ക് ഇടയിലുള്ള ദൂരമാണ് അത്” എന്ന് ടൈം മാഗസിൻ പ്രസ്താവിക്കുന്നു. 90 നില കെട്ടിടത്തെക്കാൾ ഉയരമുള്ള ഓരോ ടവറിലും 20 പ്രകമ്പന നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്; കാറ്റു മൂലം ടവറുകൾ ആടിയാൽ പെൻഡുലങ്ങൾ അവയെ തിരികെ കൊണ്ടുവരും.” ഭൂകമ്പമാപിനിയിൽ 8 പോയിന്റ് വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളെ പോലും ചെറുത്തുനിൽക്കാൻ കഴിയുന്ന വിധത്തിലാണ് ആ പാലത്തിന്റെ നിർമാണം. പരസ്പരം കോർത്തിണക്കിയാൽ അതിലെ സ്റ്റീൽ കേബിളുകൾക്കു ഭൂമിയെ ഏഴു പ്രാവശ്യം ചുറ്റാനുള്ള നീളമുണ്ട്.
അപകടത്തിലായ സസ്യങ്ങൾ
ലോകത്തിൽ അറിവായിട്ടുള്ള 2,70,000 സസ്യവർഗങ്ങളിൽ 12.5 ശതമാനവും, അതായത് 8-ൽ ഒന്നു വീതം, വംശനാശ ഭീഷണിയിലാണെന്ന് 20 വർഷം നീണ്ടുനിന്ന പഠനത്തിനുശേഷം ലോകമെമ്പാടുമുള്ള സസ്യശാസ്ത്രജ്ഞരും പരിരക്ഷണ വിദഗ്ധരും നിഗമനം ചെയ്തിരിക്കുന്നു. “10-ൽ ഒമ്പതു ചെടികളും ഏതെങ്കിലും ഒരു രാജ്യത്തു മാത്രം കാണുന്നവയാണ്. അങ്ങനെ അവ ദേശീയമോ പ്രാദേശികമോ ആയ സാമ്പത്തിക-സാമൂഹിക അവസ്ഥകളുടെ ഭീഷണിയിലാണ്” എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. സസ്യങ്ങൾ അപകടത്തിലാകുന്നതിന് ശാസ്ത്രജ്ഞർ നൽകുന്നത് രണ്ടു കാരണങ്ങളാണ്: (1) വികസന പ്രവർത്തനങ്ങൾ, മരംമുറിക്കൽ, കൃഷി എന്നിവ മൂലം വനങ്ങളുള്ള ഗ്രാമപ്രദേശത്തിനു സംഭവിക്കുന്ന വൻ നശീകരണം; (2) തദ്ദേശീയമല്ലാത്ത ചെടികളുടെ പെരുപ്പവും ആക്രമണവും നിമിത്തം തദ്ദേശീയ സസ്യവർഗങ്ങൾക്ക് ഉണ്ടാകുന്ന നാശം. സസ്യങ്ങൾ “പ്രകൃതിയുടെ പ്രവർത്തനത്തിന്” സസ്തനികളെക്കാളും പക്ഷികളെക്കാളും “കൂടുതൽ അടിസ്ഥാനപരമായി ആവശ്യമുള്ളതാണ്” എന്ന് ആ ലേഖനം പ്രസ്താവിക്കുന്നു. സസ്യങ്ങളെക്കുറിച്ച് അതു കൂടുതലായി ഇങ്ങനെ പറയുന്നു: “സൂര്യപ്രകാശത്തെ ഭക്ഷണമാക്കി മാറ്റുന്ന അവ, മനുഷ്യജീവൻ ഉൾപ്പെടെ മറ്റു മിക്ക ജീവരൂപങ്ങളുടെയും ആണിക്കല്ലായി വർത്തിക്കുന്നു. അവയിൽനിന്ന് അനേകം മരുന്നുകൾക്കുള്ള അസംസ്കൃത പദാർഥങ്ങളും പ്രത്യേക തരം കാർഷിക സസ്യ ഇനങ്ങൾ വളർത്തിയെടുക്കാനുള്ള ജനിതക ശേഖരവും ലഭിക്കുന്നു. സകലതും സംഭവിക്കുന്ന പ്രകൃതിയാകുന്ന ചട്ടക്കൂടിന്റെ ഊടും പാവുമായി അവ വർത്തിക്കുന്നു.”
ആശുപത്രിയിലെ അണുബാധ
“ചികിത്സയ്ക്കോ ശസ്ത്രക്രിയയ്ക്കോ ശേഷം ആശുപത്രിയിൽവെച്ച് ഉണ്ടാകുന്ന അണുബാധ ഒരു യഥാർഥ ആരോഗ്യപ്രശ്നം തന്നെയാണ്” എന്ന് ഫ്രഞ്ച് വർത്തമാനപത്രമായ ല ഫിഗാറോ പ്രസ്താവിക്കുന്നു. ഫ്രാൻസിൽ മാത്രം 8,00,000 ആളുകൾക്കാണ് ഇങ്ങനെ അണുബാധ ഉണ്ടാകുന്നത്. തന്മൂലം മരിക്കുന്നവരുടെ എണ്ണം 10,000 ആണെന്നു കണക്കാക്കപ്പെടുന്നു. അണുബാധ മൂലമുള്ള അപകടം കുറയ്ക്കാൻ വിവിധ നടപടികൾക്കു കഴിയും: ഓരോ പുതിയ രോഗിയും എത്തുന്നതിനു മുമ്പ് മുറികൾ അണുവിമുക്തമാക്കൽ, അണുനാശക സംവിധാനങ്ങൾ പരിശോധിക്കൽ, രോഗിയെ ചികിത്സിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകൽ തുടങ്ങിയവ. എന്നാൽ, ഈ നടപടികളിൽ പലതും മിക്കപ്പോഴും അവഗണിക്കപ്പെടുകയാണു ചെയ്യുന്നത്. പാരീസിലെ ഒരു ആശുപത്രിയിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നതനുസരിച്ച്, അവിടുത്തെ പരിചരണ ജോലിക്കാരിൽ 72 ശതമാനം മാത്രമേ രോഗികളുമായി സമ്പർക്കത്തിൽ വന്നതിനു ശേഷം കൈകൾ നന്നായി കഴുകുന്നതായി പറഞ്ഞുള്ളൂ. അതിൽത്തന്നെ, 60 ശതമാനം പേർ വേണ്ടത്ര സമയം എടുക്കാതെയാണു കൈകൾ കഴുകിയത്. ഇത്തരം ഭീഷണമായ സ്ഥിതിവിവര കണക്കുകൾ ഉള്ളതിനാൽ “ധാരാളം കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്ന് തോന്നുന്നു”വെന്ന് ആ പത്രം നിഗമനം ചെയ്യുന്നു.
സീറ്റ്ബെൽറ്റുകൾ ആകാശയാത്രയിൽ ജീവരക്ഷാകരം
വിമാന യാത്രികർക്ക് അപകടം വരുത്തിവെക്കുകയോ അവരുടെ മരണത്തിന് ഇടയാക്കുകയോ ചെയ്യുന്ന വായൂ കോളിളക്കങ്ങൾ പെട്ടെന്നും അപ്രതീക്ഷിതമായും വിമാനങ്ങളെ ബാധിക്കാമെന്ന് അനുഭവപരിചയമുള്ള ഏത് ആകാശസഞ്ചാരിക്കും അറിയാം. അതിനാൽ, നിങ്ങൾക്കു കൈക്കൊള്ളാവുന്ന ഫലപ്രദമായ ഏക മുൻകരുതൽ വിമാനത്തിൽ ആയിരിക്കുന്ന സമയത്തൊക്കെയും സീറ്റ്ബെൽറ്റ് ധരിക്കുന്നതാണെന്നു വിദഗ്ധർ പറയുന്നു. “വായൂ കോളിളക്കങ്ങൾ മുൻകൂട്ടി നിർണയിക്കുന്നതും കണ്ടെത്തുന്നതും ഒഴിവാക്കുന്നതുമൊക്കെ അങ്ങേയറ്റം ദുഷ്കരമാണ്,” യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. അത്തരം കോളിളക്കങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള സെൻസറുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അവ മനസ്സിലാക്കുന്നതിനുള്ള ഇപ്പോഴത്തെ രീതി അതേ മാർഗത്തിൽ മുന്നിലായി പറക്കുന്ന വിമാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളെ ആശ്രയിക്കുകയാണ്. വായൂ കോളിളക്കങ്ങളുടെ സമയത്ത് പരിക്കേറ്റ എല്ലാവരുംതന്നെ സീറ്റ്ബെൽറ്റ് ധരിക്കാത്തവരായിരുന്നു. “എന്നാൽ യാത്രക്കാരെക്കൊണ്ട് എങ്ങനെ സീറ്റ്ബെൽറ്റ് ധരിപ്പിക്കാമെന്ന് എയർലൈൻ അധികൃതർക്കു തിട്ടമില്ല” എന്നും ആ ലേഖനം സമ്മതിക്കുന്നു.
വൈദ്യുതി ലാഭിക്കുക
“ജർമനിയിലെ ഭവനങ്ങളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ 11 ശതമാനവും ചെലവാക്കുന്നത് ഉപയോഗിക്കാതെ ഓണാക്കിയിട്ടിരിക്കുന്ന ഉപകരണങ്ങളാണ്,” ആപ്പോതേക്കെൻ ഉംഷൗ എന്ന പത്രിക റിപ്പോർട്ടു ചെയ്യുന്നു. ജർമനിയിലെ കണക്കുകളനുസരിച്ച്, ടിവി സെറ്റുകൾ, സ്റ്റീരിയോകൾ, കമ്പ്യൂട്ടറുകൾ, വേണ്ടിവന്നാൽ ഉപയോഗിക്കാനുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കൊക്കെ വേണ്ടി ഏതാണ്ട് 2,050 കോടി കിലോവാട്ട് വൈദ്യുതിയാണ് പ്രതിവർഷം ചെലവാകുന്നത്. ആ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ബെർലിനിൽ ഒരു വർഷം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെക്കാൾ കൂടുതലാണ് ഇത്. ഉപയോഗിക്കാതെ ഓണാക്കിയിടുന്നതിനു പകരം, ചില ഉപകരണങ്ങൾ പൂർണമായും ഓഫാക്കിയിട്ടാൽ വൈദ്യുതിയും പണവും ലാഭിക്കാൻ കഴിയും.
ചാവുകടൽ അപ്രത്യക്ഷമാകുന്നു
ഭൂമിയിൽ ഏറ്റവുമധികം ഉപ്പിന്റെ അംശമുള്ളതും ഏറ്റവും താഴ്ന്നുകിടക്കുന്നതുമായ ചാവുകടൽ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 1965-ൽ ചാവുകടലിന്റെ ഉപരിതലം സമുദ്രനിരപ്പിനെക്കാൾ 395 മീറ്റർ താഴെയായിരുന്നു. അത് ഇപ്പോൾ സമുദ്രനിരപ്പിനെക്കാൾ 413 മീറ്റർ താഴെയാണ്. അതിനെ രണ്ടായി വിഭജിക്കുന്ന ചെറിയൊരു ഉണങ്ങിയ കരഭാഗം ഇപ്പോൾ കാണാം. അതിന്റെ തൊട്ടു തീരത്തായി നിർമിച്ച ഹോട്ടലുകൾ ഇപ്പോൾ ശരിക്കും കരപ്രദേശത്താണ്. “അതിലെ ജലനിരപ്പ് വർഷംതോറും 80 സെന്റിമീറ്റർ വീതം കുറഞ്ഞുവരുകയാണ്. ആളുകളും ആ ദേശത്തെ രാഷ്ട്രീയക്കാരും നിമിത്തം അവിടേക്കു വേണ്ടത്ര വെള്ളം ഒഴുകിയെത്തുന്നില്ല,” ദ ഡള്ളാസ് മോണിങ് ന്യൂസ് പറയുന്നു. “ചാവുകടലിന്റെ സംഭാവ്യ മരണം ആ പ്രദേശത്തെ ജലക്ഷാമത്തിന്റെ രൂക്ഷതയെ സൂചിപ്പിക്കുന്നു. അതേസമയം, പരിഹാരത്തിനുള്ള വിലങ്ങുതടികൾ സൂചിപ്പിക്കുന്നതാകട്ടെ വരണ്ടുണങ്ങിയ മധ്യപൂർവദേശത്ത് വെള്ളവും സമാധാനവും എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ്. . . . ചാവുകടലിന്റെ പ്രധാന ജല ഉറവിടമായ ജോർദാൻ നദി ഏതാണ്ടു പൂർണമായിത്തന്നെ . . . ഇസ്രായേലും സിറിയയും ജോർദാനും തിരിച്ചുവിട്ടിരിക്കുകയാണ്.” ചാവുകടലിന്റെ ചരിത്രത്തെക്കുറിച്ച് ആ ലേഖനം ഇങ്ങനെ പറയുന്നു: “ദൈവം ‘സൊദോമിന്റെയും ഗൊമോറയുടെയും’ അധാർമികതയിൽ ദുഃഖിച്ച് ‘തീയും ഗന്ധകവും വർഷിച്ചുകൊണ്ട്’ അവയെ പാഴ്നിലമാക്കിയതുവരെ താഴ്വര നഗരങ്ങൾ സമ്പദ്സമൃദ്ധമായ ഒരു ദേശത്ത് ഉയർന്നുവന്നതു സംബന്ധിച്ച ബൈബിൾ വിവരണമാണ് ഉള്ളതിലേക്കും ഏറ്റവും വ്യക്തമായ കഥ.”