തടിയുടെ യുഗപ്പഴക്കമുള്ള സൗന്ദര്യം ആരാഞ്ഞറിയൽ
ന്യൂസിലൻഡിലെ “ഉണരുക!” ലേഖകൻ
തടിയുടെ ലഭ്യത കുറഞ്ഞു വരികയാണ്. വിശേഷിച്ചും നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്ന ഇനങ്ങളുടെ. ലോകത്തിന്റെ പല ഭാഗങ്ങളിലും വനങ്ങൾ അപകടകരമാം വണ്ണം വേഗത്തിൽ നശിപ്പിക്കപ്പെടുകയാണ്. ലഭ്യതയിൽ ഉണ്ടായ കുറവു നിമിത്തം, ലോകത്തിൽ മുമ്പ് സുലഭമായിരുന്ന അടിസ്ഥാന വാണിജ്യ വസ്തുക്കളിൽ ഒന്നായ തടിയുടെ വില കുതിച്ചുയർന്നിരിക്കുന്നു.
ഇവിടെ ന്യൂസിലൻഡിൽ, 1930-കളിൽ നട്ടുപിടിപ്പിച്ച റേഡിയേറ്റാ പൈൻ മരങ്ങൾ തഴച്ചുവളരുന്ന വൻ തോട്ടങ്ങളുണ്ടെങ്കിലും, റിമു, കൗരി, ബീച്ച്, കാഹികാട്ടിയ എന്നിങ്ങനെ നാട്ടിൻ പുറങ്ങളിൽ വളരുന്ന ഇനങ്ങൾ വളരെ വിരളമായിരിക്കുന്നു എന്നത് വിരോധാഭാസമാണ്.
കടുത്ത തടിയോടുള്ള കാലാതീത അഭിനിവേശം
ആയിരക്കണക്കിന് വർഷങ്ങളായി, തടികൊണ്ട് ഉപയോഗപ്രദമായ വിവിധതരം ഫർണിച്ചറുകൾ ഉണ്ടാക്കുന്നത് മനുഷ്യർ ആസ്വദിച്ചിരിക്കുന്നു. തടികളുടെ നിറം, അവയിലെ നാരുകളുടെ വ്യതിരിക്തമായ അടുക്ക്, അവയുടെ നറുമണം എന്നിവ പൊതുവേ ആളുകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. നാനാവിധ ഉപയോഗങ്ങളുള്ള ഇനങ്ങൾ വർഷങ്ങളായി, ചിലപ്പോൾ നൂറ്റാണ്ടുകളായി സംതൃപ്തി പ്രദാനം ചെയ്തിരിക്കുന്നു.
അതിപുരാതന കാലം തൊട്ടേ കടുത്ത തടി കൊണ്ടുള്ള ഫർണിച്ചറുകൾ വീടുകളിൽ ഉപയോഗിച്ചിരുന്നു. പ്രാകൃത ഉപകരണങ്ങളുടെ സഹായത്താൽ, മേശ, പാത്രങ്ങൾ, പീഠങ്ങൾ, വീപ്പകൾ, അലമാരകൾ, കസേരകൾ തുടങ്ങിയവയൊക്കെ നിർമിക്കുന്നതിൽ സ്ത്രീ പുരുഷന്മാർ തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി അവയുടെ നിർമാണ വേഗത പതിന്മടങ്ങു വർധിച്ചിരിക്കുന്നു. ശബ്ദം അൽപം കൂടുതൽ ആണെങ്കിലും വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്ന ഈർച്ച വാളുകൾ, തുളയ്ക്കാനുള്ള യന്ത്രങ്ങൾ, ചിന്തേരുകൾ, മിനുസപ്പെടുത്താനുള്ള ഉപകരണങ്ങൾ എന്നിവയുടെ സഹായത്താൽ, മേൽത്തരം ഫർണിച്ചറുകൾ ഉണ്ടാക്കാവുന്നതാണ്. ന്യായമായ ചെലവിൽ കൂടുതൽ ഫർണിച്ചറുകൾ ഉണ്ടാക്കുന്ന തടി മില്ലുകൾ ഇന്ന് മിക്ക രാജ്യങ്ങളിലും ഉണ്ട്.
എന്നാൽ അത്തരം ഫർണിച്ചറുകൾ മിക്കപ്പോഴും അധികം ഈടു നിൽക്കാറില്ല. കാരണം, (1) കടുത്ത തടികളുടെ സ്ഥാനത്ത് പകരം തടികൾ (മരപ്പാളികൾ, ചിപ്പ് ബോർഡുകൾ) ആണ് ഉപയോഗിക്കുന്നത്, അല്ലെങ്കിൽ (2) യന്ത്രങ്ങളോ മുള്ളാണികളോ ആണികളോ ഉപയോഗിച്ച് ഉരുപ്പടികൾ കൂട്ടിയോജിപ്പിക്കുന്ന വിദ്യ, വേഗതയ്ക്കാണു പ്രാധാന്യം കൊടുക്കുന്നത്.
തിരികെ വാച്ചിയിലേക്ക്
ആധുനിക സാങ്കേതിക വിദ്യയുടെ അപര്യാപ്തതകൾ പരിഹരിക്കാനുള്ള ഉദ്യമമെന്ന നിലയിൽ, പലരും മരപ്പണിക്ക് ഒരു പുരാതന ഉപകരണത്തിന്റെ സഹായം തേടുന്നു—വാച്ചിയുടെ. “കൈപ്പിടിക്കു സമകോണമായി കട്ടികുറഞ്ഞ, വളഞ്ഞ ഒരു ബ്ലേഡുള്ളതും മുഖ്യമായും തടി ആകൃതിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നതുമായ മുറിക്കാനുള്ള ഒരു ഉപകരണം” എന്ന് അതു നിർവചിക്കപ്പെടുന്നു. ന്യൂസിലൻഡിൽ, വള്ളം ചെത്തി മിനുസപ്പെടുത്തുന്നതിനും കൊത്തുപണി ചെയ്യാനുള്ള തടിക്കഷണങ്ങൾ ആകൃതിപ്പെടുത്തുന്നതിനും മാവോറികൾ മരതകം കൊണ്ടുള്ള വാച്ചി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ലോഹം കൊണ്ടുള്ള വാച്ചിയാണ് ഏറെയും ഉപയോഗിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ, വീടുകളുടെയും കപ്പലുകളുടെയും ചട്ടക്കൂടുകൾ നിർമിക്കുന്നതിന് ആശാരിമാർ വാച്ചി ഉപയോഗിച്ചിരുന്നു. തടിച്ചക്രങ്ങൾ ഉണ്ടാക്കുമ്പോഴും തടിയുടെ പ്രതലത്തിൽ ദ്വാരങ്ങളിടുമ്പോഴും മറ്റും അവർ തങ്ങളുടെ പാദങ്ങൾക്കിടയിൽ അത് ഉറപ്പിച്ചു പിടിച്ചിട്ട് വാച്ചിയുടെ വക്രാകൃതിയിലുള്ള മുന ഉപയോഗിച്ച് അവസാന മിനുക്കുപണികൾ നടത്തിയിരുന്നു.
വാച്ചിയുടെ ചങ്ങാതി—കൈവാൾ
നിർമിക്കാൻ പോകുന്ന വസ്തുവിന്റെ ചാരുത വർധിപ്പിക്കുന്നതും വാച്ചിയുടെ ചങ്ങാതിയെന്ന പോലെ വർത്തിക്കുന്നതും വളരെ ഉപയോഗപ്രദവുമായ മറ്റൊരു ഉപകരണമാണ് കൈവാൾ. തടിയുടെ അറ്റങ്ങളും വശങ്ങളും ഭംഗിയാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. വാച്ചിക്കും കൈവാളിനും നല്ല മൂർച്ച വേണം.
ഉപകരണങ്ങൾ എല്ലാം കിട്ടിക്കഴിഞ്ഞാൽ, നല്ല തടി കണ്ടെത്തുകയാണ് അടുത്ത പടി. തുടർന്ന് അതിനെ നിങ്ങളുടെ ഇഷ്ടാനുസരണം ഒരു ഫർണിച്ചറാക്കി മാറ്റുക. ആശാരിമാരുടെ അഭിപ്രായത്തിൽ, ഫർണിച്ചർ നിർമാണത്തിനുള്ള പഴഞ്ചൻ രീതികൾക്ക് അഥവാ പുരാതന മാർഗങ്ങൾക്ക് ആധുനിക നിർമാണ വിദ്യകളെക്കാൾ നേട്ടങ്ങളുള്ളത് ഈ ഘട്ടത്തിലാണ്.
പലകകൾ അറുത്തെടുത്തത് അത്ര ശരിയായിട്ടല്ലെങ്കിലും, അതു വെള്ളമയം ഇല്ലാത്തതും വട്ടച്ചു പോകാത്തതും ആണെങ്കിൽ, നല്ല ബലമുള്ളതും ഭംഗിയുള്ളതുമായ ഫർണിച്ചറുകൾ അവ കൊണ്ടു നിർമിക്കാം. അത്തരം പലകകൾ, ഉപേക്ഷിച്ച ഫർണിച്ചറുകൾ (തുണിയലമാരകൾ, കട്ടിലുകൾ, മേശകൾ), സാധനങ്ങൾ പായ്ക്കു ചെയ്ത് അയയ്ക്കുന്നതിന് ഉപയോഗിക്കുന്നതരം പഴയ തടിപ്പെട്ടികൾ, തകർന്ന കെട്ടിടങ്ങളുടെ തുലാങ്ങൾ, പഴയ വേലിത്തൂണുകൾ എന്നിവയിൽ നിന്നെല്ലാം ലഭിച്ചേക്കാം.
പുതുമ വരുത്തിയ തടി—ഉപയോഗപ്രദം
പഴയ തടികൾ—കുത്തിപ്പോയതോ ചെതുക്കിച്ചതോ അല്ലാത്തവ—ഒരു വിദഗ്ധന്റെ കര വേലയുടെ ഫലമായി ആകർഷണീയതയും ഭംഗിയും ഉള്ളതായേക്കാം.
കേടുപാടുകൾ, ആണിപ്പഴുതുകൾ, ദ്വാരങ്ങൾ എന്നിവയുള്ള തടികൾ ഫർണിച്ചറിന്റെ വിചിത്ര സവിശേഷതകൾക്കു കാരണമായേക്കാം. അത് അങ്ങനെ തന്നെ സൂക്ഷിച്ചാലും, ഇനി പെയിന്റോ പോളീഷോ ഒക്കെ ഉപയോഗിച്ച് ഭംഗി വരുത്തിയാലും, നല്ലവണ്ണം നിർമിക്കപ്പെട്ടിരിക്കുന്നതും ഈടു നിൽക്കുന്നതും ആണെന്നതിനാൽ, നിങ്ങളുടെ കരകൗശല വസ്തു സംതൃപ്തിയും സന്തോഷവും പ്രദാനം ചെയ്യും.
നിലം ഉഴുന്ന തോട്ടക്കാരനെപ്പോലെ, മണ്ണു കുഴയ്ക്കുന്ന കുശവനെപ്പോലെ, വസ്ത്രം നെയ്യുന്ന നെയ്ത്തുകാരനെപ്പോലെ, വാച്ചിയോ കൈവാളോ ഉപയോഗിച്ച് ഒരു ഉരുപ്പടിക്ക് ആകൃതിയും ഭംഗിയും വരുത്തുന്ന ആശാരി അതു വളരെ പ്രതിഫല ദായകമെന്നു കണ്ടെത്തുന്നു. അത് ഒരു കഠിന വേലയാണെന്നതു ശരി തന്നെ. ആധുനിക രീതികളെക്കാൾ സമയവും അതിന് ആവശ്യമാണ്. എന്നിരുന്നാലും, നിങ്ങളുടെ കരകൗശല വസ്തു നിങ്ങൾക്കു സംതൃപ്തി പ്രദാനം ചെയ്യുമെന്നും വാങ്ങുന്ന വ്യക്തിക്ക് വർഷങ്ങളോളം അത് ഉപയോഗിക്കാമെന്നുമുള്ള തിരിച്ചറിവ്, യുഗങ്ങളായി പലരും അനുഭവിച്ച സന്തോഷം നിങ്ങൾ ആസ്വദിക്കാൻ ഇടയാക്കുന്നു.
ചില നുറുങ്ങുകൾ
എല്ലാ തടിയിലും വാച്ചി പ്രയോഗിക്കാൻ പറ്റില്ല. ബീച്ച്, ഡഫ്ലാസ് ദേവദാരു എന്നിവ പോലുള്ള ചില തടികളിൽ അവയിലെ നാരുകളുടെ അടുക്കുകൾ ക്രമരഹിതമാണ്. അതുകൊണ്ട് അത്തരം തടികൾ ആധുനിക രീതിയിലുള്ള പണികൾക്കു വളരെ അനുയോജ്യമാണ്. പൊതുവേ, നാരുകളുടെ അടുക്ക് എല്ലായിടത്തും ഒരു പോലുള്ള, കടുപ്പം കുറഞ്ഞ തടികളിലും വാച്ചി പ്രയോഗിക്കാൻ സാധിക്കും. തടിയിൽ മുഴകൾ ഉണ്ടെങ്കിലും കുഴപ്പമില്ല. ഒരു കോരുളി (വക്രാകൃതിയിലുള്ള ഉളി) ഉപയോഗിച്ച് അത് ആകൃതിപ്പെടുത്തുകയോ തുരന്നു കളയുകയോ ചെയ്യാവുന്നതാണ്. അപ്പോൾ നിങ്ങൾ മോടിപിടിപ്പിക്കുന്ന പ്രതലത്തിന് ഒരു പ്രത്യേക ഭംഗി കൈവരുന്നു.
ഒരു തടിയുടെ കാതലിൽനിന്ന് അറുത്തെടുക്കുന്ന ഉരുപ്പടിക്ക് മിക്കപ്പോഴും നല്ല നിറം കാണും. ഇത്തരം പലകകൾ ഉപയോഗിച്ചു നിർമിക്കുന്ന ഫർണിച്ചറുകൾക്ക് പെയിന്റടിക്കേണ്ട ആവശ്യം ഇല്ല. എന്നുവരികിലും, പെയിന്റടിക്കണം എന്നുണ്ടെങ്കിൽ, നിങ്ങളുടെ വ്യക്തിഗത അഭിരുചിക്ക് ഇണങ്ങുന്ന ധാരാളം നിറങ്ങൾ ലഭ്യമാണ്.
ഇതു വളരെ ചെലവേറിയത് ആയിരിക്കണം എന്നു നിർബന്ധമില്ല. ഇളം നിറമുള്ളതോ നിറം മങ്ങിയതോ ആയ തടികളിൽ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്രീസ് പുരട്ടുന്നത് തങ്ങളുടെ നിർമിതിയുടെ ഭംഗി വർധിപ്പിക്കുന്നതായി ചിലർ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ സൃഷ്ടിയുടെ അവസാന മിനുക്കു പണികൾക്കായി ധാരാളം പോളിയൂറിത്തെയ്നുകളും വാർണിഷുകളും ലഭ്യമാണ്. ഫർണിച്ചറിൽ അവ പുരട്ടുകയോ സ്പ്രേ ചെയ്യുകയോ ആകാം. തടിയുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്ന, കുറേക്കൂടി പ്രകൃതി ദത്തമെന്നു തോന്നിക്കുന്ന ഒരു മിനുക്കുപണിയാണ് വേണ്ടതെങ്കിൽ, താഴെ പറഞ്ഞിരിക്കുന്ന പ്രകാരം ഉണ്ടാക്കിയ പോളീഷിങ് ഓയിൽ മതിയാകും: അഞ്ചു ഭാഗം വിനാഗിരി, നാലു ഭാഗം ടർപ്പന്റൈൻ, രണ്ടു ഭാഗം ചണയെണ്ണ, മീഥൈൽ ചേർത്ത സ്പിരിറ്റ് ഒരു ഭാഗം. ഈ മിശ്രിതത്തിൽ കുറച്ചു തേൻ മെഴുക് ചേർക്കുക. എന്നിട്ട് അതു തടിയിൽ പുരട്ടുക. നല്ലവണ്ണം പിടിക്കാൻ കുറേ ദിവസങ്ങൾ വേണ്ടിവരും.
സംതൃപ്തിയേകുന്ന കൈത്തൊഴിൽ
നിങ്ങളുടെ കൈകൊണ്ട് നല്ല തടിയിൽ മനോഹരമായി തീർത്ത ഫർണിച്ചർ, വീട്ടിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തു വെച്ചിരിക്കുന്നത് കാണാൻ ഒരു ചന്തമുണ്ട്. അത് അത്ര വിലപിടിപ്പില്ലാത്തത് ആണെങ്കിൽപ്പോലും ഇതു സത്യമാണ്. ലോകമെമ്പാടുമുള്ള ബംഗ്ലാവുകളിലും കോട്ടേജുകളിലും കരകൗശല വിദഗ്ധന്റെ നയനമോഹനമായ കര വേലകൾ കാണാവുന്നതാണ്. അവയിൽ ചിലതു നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. ആ വസ്തുക്കൾ തീർച്ചയായും അവരുടെ വൈദഗ്ധ്യം, സൂക്ഷ്മത, ക്ഷമാ ശക്തി എന്നിവയുടെ സാക്ഷ്യപത്രമാണ്. നന്നായി സൂക്ഷിച്ചാൽ പ്രായോഗിക മൂല്യവും ഭംഗിയും വർധിപ്പിക്കുന്ന ഇനങ്ങൾ നിർമിച്ചതിൽനിന്ന് അവർക്ക് സംതൃപ്തിയും സന്തോഷവും അനുഭവിക്കാനായി. ഈ വസ്തുക്കൾ ഒരളവോളം വീടുകളുടെ എടുപ്പ് വർധിപ്പിക്കുന്നു.
പ്ലാസ്റ്റിക്കും റെസിനും കൊണ്ടുള്ള ഉത്പന്നങ്ങൾ കുമിഞ്ഞുകൂടുന്ന ഈ യുഗത്തിൽ, നമ്മുടെ സ്രഷ്ടാവിന്റെ സമ്മാനമാകുന്ന വൃക്ഷം ഉപയോഗപ്രദമായ പല ഉദ്ദേശ്യങ്ങൾക്കും ഉപകരിക്കുന്നു. അതിലൊന്ന് ഭംഗിയുള്ള ഫർണിച്ചർ ഉണ്ടാക്കാനായി വെമ്പുന്ന കരകൗശല വിദഗ്ധന് ആവശ്യമായ തടി പ്രദാനം ചെയ്യുക എന്നതാണ്.
[23-ാം പേജിലെ ചിത്രങ്ങൾ]
റിമു
ടാവാ
ഓക്ക്
മുഴയുള്ള റേഡിയേറ്റാ പൈൻ
വാർണീഷ് പൂശിയ പൈൻ തടി
ഗ്രീസ് പുരട്ടിയ പൈൻ തടി
കടും നിറത്തിൽ പെയിന്റടിച്ച പൈൻ
[24-ാം പേജിലെ ചിത്രങ്ങൾ]
വാച്ചിയും
കൈവാളും ഉപയോഗിക്കുന്നു
[25-ാം പേജിലെ ചിത്രങ്ങൾ]
കൈകൊണ്ട് നിർമിച്ച തുണിയലമാര
[25-ാം പേജിലെ ചിത്രങ്ങൾ]
മുറിയുടെ മൂലയ്ക്കു വെക്കുന്ന ഷെൽഫ്