ലോകത്തെ വീക്ഷിക്കൽ
അപ്രത്യക്ഷമാകുന്ന മഴവനം
ഞെട്ടിക്കുന്ന വേഗത്തിലാണ് ആമസോൺ മഴവനം അപ്രത്യക്ഷമാകുന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കെടുത്താൽ, അതിൽ ഓരോ വർഷവും 19 ലക്ഷം ഹെക്ടർ വനമാണ് നഷ്ടമായത്. അതായത്, “ഓരോ മിനിറ്റിലും” ഏതാണ്ട് “ഏഴു ഫുട്ബോൾ കോർട്ടി”ന്റെ വലിപ്പമുള്ള വനമാണ് അപ്രത്യക്ഷമായത് എന്ന് നാച്വറൽ ഹിസ്റ്ററി മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. വനപ്രദേശത്തുനിന്നു വിലപ്പെട്ട തടി നീക്കം ചെയ്തു കഴിഞ്ഞ്, ആ സ്ഥലത്തു കൃഷി ചെയ്യാനായി ശേഷിക്കുന്ന ചെടികളും സാധാരണഗതിയിൽ ചുട്ടെരിക്കുന്നു. “വൃക്ഷങ്ങളും മറ്റു സസ്യങ്ങളും ചുട്ടെരിക്കുമ്പോൾ അല്ലെങ്കിൽ അവയെ സൂക്ഷ്മ ജീവികൾ വിഘടിപ്പിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങൾ വലിയ അളവിൽ അന്തരീക്ഷത്തിൽ ലയിച്ചുചേരുകയും തത്ഫലമായി ഹരിതഗൃഹ പ്രഭാവം വർധിക്കുകയും ചെയ്യുന്നു.” ഇങ്ങനെ അന്തരീക്ഷത്തിൽ ലയിക്കുന്ന വാതകങ്ങൾ ഉളവാക്കുന്ന ഫലം, “ഓരോ വർഷവും 0.4 മുതൽ 1.18 വരെ ഹെക്ടർ മഴവനം കൂടെ നശിപ്പിക്കുന്നതിനു തുല്യമായിരിക്കാം” എന്ന് ആ മാസിക പറയുന്നു.
സ്ത്രീകളും ഹൃദ്രോഗവും
വേഴ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ച്, 1960-കൾ വരെ ബ്രസീലിൽ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങൾ മുഖ്യമായും പുരുഷന്മാരുടെ ഒരു ആരോഗ്യ പ്രശ്നമായിരുന്നു. എന്നാൽ, സ്ത്രീകൾ പുറത്തു പോയി ജോലി ചെയ്യാൻ തുടങ്ങിയതോടെ ആ സ്ഥിതിവിശേഷത്തിനു മാറ്റം വന്നിരിക്കുന്നു. പുരുഷന്മാരെപ്പോലെ ജോലിസമയത്തെ “സമ്മർദം, പുകവലി, ഫാസ്റ്റ് ഫുഡ് ഭക്ഷണക്രമങ്ങൾ” തുടങ്ങിയ സംഗതികൾ മൂലം കൂടുതൽ സ്ത്രീകൾ ഹൃദ്രോഗികളായിത്തീർന്നു. ഹൃദയ സംബന്ധമായ കുഴപ്പങ്ങൾക്കെതിരെ സ്ത്രീകൾക്കു ഹോർമോണുകളുടെ സംരക്ഷണം കുറെയൊക്കെ ഉള്ളതായി ചിലർ കരുതുന്നുവെങ്കിലും “35 വയസ്സിനു ശേഷം ഹോർമോണുകളുടെ ഈ സംരക്ഷണശേഷി കുറയാൻ തുടങ്ങുന്നു. തത്ഫലമായി, പുരുഷന്മാരുടെ അത്രതന്നെ അപകട സാധ്യത സ്ത്രീകൾക്കും ഉണ്ടാകുന്നു” എന്ന് പ്രസ്തുത മാഗസിൻ പറയുന്നു. 1995-ൽ, സ്താനാർബുദവും ഗർഭായശ കാൻസറും മൂലം മരിച്ചതിന്റെ ഇരട്ടി ബ്രസീലിയൻ സ്ത്രീകളാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ബൊളീവിയയിൽ കുടുംബത്തകർച്ച
70 ശതമാനത്തിലധികം ബൊളീവിയക്കാർ ദാരിദ്ര്യത്തിലാണു കഴിയുന്നതെന്ന് ബൊളീവിയൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. തത്ഫലമായി, നിരവധി കുട്ടികൾ “തങ്ങളുടെ തകർന്ന കുടുംബങ്ങൾ ഉപേക്ഷിച്ച് തെരുവിലെ ഏറെ ദുഷ്കരമായ ചുറ്റുപാടിൽ ജീവിക്കുന്നു.” അവിടെവെച്ച് അവർ കൊക്കെയ്ൻ ഉപയോഗിക്കാനും പെയിന്റ് തിന്നർ, പശ എന്നിവ പോലുള്ള വസ്തുക്കൾ വലിക്കാനും ശീലിക്കുന്നു. ബൊളീവിയയിൽ മയക്കുമരുന്നിന്റെ 88 ശതമാനവും ഉപയോഗിക്കുന്നത് 5-നും 24-നും ഇടയിൽ പ്രായമുള്ളവരാണെന്നു കണക്കാക്കപ്പെടുന്നു. തന്മൂലം, നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ 15 വർഷംകൊണ്ട് 150 ശതമാനത്തോളം വർധിച്ചിരിക്കുന്നു. ടൈംസ് പറയുന്നത് അനുസരിച്ച്, “പരമ്പരാഗത കുടുംബ ഘടനയുടെ തകർച്ചയാണ് ഈ വർധനവിനു മൂലകാരണമെന്നു പലരും കരുതുന്നു.”
ന്യൂട്രിനോയ്ക്കു പിണ്ഡമുള്ളതായി കണ്ടെത്തിയിരിക്കുന്നു
ന്യൂട്രിനോ വൈദ്യുത ചാർജില്ലാത്ത അതിസൂക്ഷ്മ ഉപ ആറ്റമിക കണമാണ്. ഏതാണ്ട് പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന അത് മറ്റു പദാർഥങ്ങളുമായി അപൂർവമായി മാത്രമേ പ്രതിപ്രവർത്തിക്കുന്നുള്ളൂ. ഒരു ആറ്റത്തെ പോലും സ്പർശിക്കാതെ ന്യൂട്രിനോയ്ക്ക് നിഷ്പ്രയാസം ഭൂമിക്കുള്ളിലൂടെ കടന്നുപോകാൻ കഴിയുമെന്നു പറയപ്പെടുന്നു. എങ്കിലും, ന്യൂട്രിനോയ്ക്കു പിണ്ഡമുള്ളതായി കണ്ടെത്തിയിരിക്കുന്നു എന്ന് ജപ്പാനിലെ തക്കായമ നഗരത്തിലെ ശാസ്ത്രജ്ഞർ അറിയിച്ചപ്പോൾ, അടുത്തയിടെ ഈ പിടികിട്ടാ കണങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. പ്രപഞ്ചത്തിലെങ്ങും ന്യൂട്രിനോകൾ നിറഞ്ഞിരിക്കുന്നതിനാൽ, പ്രപഞ്ചവികാസം മന്ദഗതിയിലാക്കാൻ ആവശ്യമായത്രയും പിണ്ഡം അവയ്ക്കെല്ലാം കൂടി ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ വാദിക്കുന്നു.
പ്രാചീന കൃത്രിമക്കല്ല്
മഷ്കാൻ-ഷാപ്പിർ എന്ന ഒരു പ്രാചീന നഗരത്തിൽ—ഈ നഗരത്തിന്റെ ശൂന്യശിഷ്ടങ്ങൾ ഇപ്പോഴത്തെ ദക്ഷിണ ഇറാക്കിൽ കാണാം—മനുഷ്യനിർമിത കല്ലിന്റെ ആദ്യത്തെ തെളിവ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളിലെ എക്കൽ, ദ്രവണാങ്കത്തിൽ എത്തുന്നതു വരെ ചൂടാക്കിയിട്ട് സാവധാനം തണുപ്പിച്ചാണ് ആ കല്ല് ഉണ്ടാക്കുന്നതെന്ന് ഭൂവിജ്ഞാനികളും പുരാവസ്തു ഗവേഷകരും പറയുന്നു. “കിട്ടുന്ന പാറപോലെ കടുപ്പമുള്ള സ്ലാബ്, ബാസാൾട്ട് എന്നു വിളിക്കപ്പെടുന്ന ഒരുതരം അഗ്നിപർവത ശിലയ്ക്കു സമാനമാണ്” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ആ പ്രദേശത്ത് പ്രകൃതിദത്ത നിർമാണ സാമഗ്രികൾ കുറവായിരുന്നതിനാൽ, “പ്രകൃതിയിൽനിന്നു കിട്ടുന്ന ബാസാൾട്ടിനു പകരം ചെറിയ അളവുകളിൽ” കൃത്രിമ ബാസാൾട്ട് “ഉണ്ടാക്കിയിരുന്നതായി തോന്നുന്നു.” ഏകദേശം 4,000 വർഷം മുമ്പ് മഷ്കാൻ-ഷാപ്പിറിന്റെ നിർമിതിക്ക് ഇത്തരം മനുഷ്യനിർമിത കല്ലാണ് ഉപയോഗിച്ചത്.
പാചകസമയത്ത് മുൻകരുതലുകൾ
1990 മുതൽ 1994 വരെ, മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ സമ്നർ റെഡ്സ്റ്റോൺ പൊള്ളൽ ചികിത്സാ കേന്ദ്രത്തിൽ പൊള്ളലേറ്റു വന്ന സ്ത്രീകളിൽ ഒട്ടുമിക്കവരും മരിക്കാൻ കാരണം, പാചകം ചെയ്തുകൊണ്ടിരിക്കേ അവരുടെ വസ്ത്രത്തിനു തീ പിടിച്ചതായിരുന്നു എന്ന് ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഹെൽത്ത് & ന്യുട്രീഷ്യൻ ലെറ്റർ പറയുന്നു. ഇവരിൽ മിക്കവരും 60-നുമേൽ പ്രായമുള്ള സ്ത്രീകൾ ആയിരുന്നു. അടുപ്പത്തെ ചായപ്പാത്രം കൈ നീട്ടി എടുത്തപ്പോൾ അയഞ്ഞു തൂങ്ങിക്കിടന്നിരുന്ന അവരുടെ കുപ്പായക്കൈകളിൽ തീ പിടിക്കുകയാണ് ഉണ്ടായത്. ഗുരുതരമായ പൊള്ളൽ ഏൽക്കാതിരിക്കാൻ പിൻവരുന്ന നിർദേശങ്ങൾ ആളുകൾക്കു നൽകപ്പെട്ടു. പാചകസമയത്ത് (1) അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, (2) അടുപ്പത്തെ പാത്രങ്ങൾ കൈനീട്ടി എടുക്കുമ്പോൾ വസ്ത്രത്തിനു തീ പിടിക്കാനുള്ള സാധ്യത കുറയ്ക്കാൻ സാധ്യമാകുമ്പോഴൊക്കെ സ്റ്റൗവിന്റെ മുൻവശത്തെ ബർണറുകൾ ഉപയോഗിക്കുക, (3) അഗ്നിരോധക വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികളെ മാത്രം അയച്ചാൽ പോരാ
മതബോധന സമയത്ത് ഒരു മൂന്നാം ക്ലാസ്സ് വിദ്യാർഥി, കുട്ടികൾക്കു ധാരാളം നിയമങ്ങൾ ഉള്ളപ്പോൾ മുതിർന്നവർക്ക് യാതൊരു നിയമങ്ങളും ഇല്ലെന്നു പരാതിപ്പെട്ടു. അപ്പോൾ അധ്യാപിക, മുതിർന്നവർ പിൻപറ്റാൻ കുട്ടികൾ ആഗ്രഹിക്കുന്ന ‘പത്തു കൽപ്പനകൾ’ എഴുതാൻ അവരോട് ആവശ്യപ്പെട്ടു. ക്രിസ്റ്റ് ഇൻ ഡേയ ഗേർഗെൻവാർട്ട് എന്ന ജർമൻ കത്തോലിക്കാ വാരിക പറയുന്നത് അനുസരിച്ച്, നന്മ, സമാധാനം, പക്ഷപാതമില്ലായ്മ, സത്യസന്ധത, വിശ്വസ്തത തുടങ്ങിയ കാര്യങ്ങളിൽ മിക്ക കുട്ടികളും തത്പരരായിരുന്നു. ഒരു കുട്ടിയുടെ പട്ടിക പിൻവരുന്ന പ്രകാരം ആയിരുന്നു: “1. പക്ഷപാതം കാട്ടരുത്. 2. അമിതമായി ശാസിക്കരുത്. 3. ഞങ്ങൾക്കു സമയം തരുക. 4. ഞങ്ങളെ സദാ ശല്യം ചെയ്യരുത്. 5. ഞങ്ങളെ പരിഹസിക്കരുത്. 6. ഞങ്ങളുടെമേൽ സമ്മർദം പ്രയോഗിക്കരുത്. 7. വല്ലപ്പോഴുമെങ്കിലും ഞങ്ങളുടെ നല്ല വശം അംഗീകരിക്കുക. 8. തന്നിഷ്ടപ്രകാരം നിയമങ്ങൾ ഉണ്ടാക്കരുത്. 9. അന്യോന്യം ഇണങ്ങിപ്പോകുക. 10. പള്ളിയിലേക്കു കുട്ടികളെ മാത്രം അയച്ചിട്ട് നിങ്ങൾ പോകാതിരിക്കരുത്.”
പ്രേമ പ്രകടനമോ?
“യുവാക്കളെ സംബന്ധിച്ചിടത്തോളം പ്രേമവും ലൈംഗികതയും പരസ്പരം അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. . . . കുമാരിമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ അവർ തല്ലു കൊള്ളാനുള്ള സാധ്യതയുണ്ട്” എന്ന് ദക്ഷിണ ആഫ്രിക്കയിലെ ഒരു പത്രത്തിന്റെ സപ്ലിമെന്റായ വിറ്റ്നെസ് എക്കോയിലെ ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. “പുരുഷന്മാരാണ് ബന്ധങ്ങളെ നിയന്ത്രിക്കുന്നത്, മിക്കപ്പോഴും അവർ അക്രമം അവലംബിച്ചുപോലും പെൺകുട്ടികളെ ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുന്നു” എന്ന് കേപ്പ് ടൗണിലെ കൗമാരപ്രായക്കാരുടെ ഇടയിൽ നടത്തിയ പഠനം വെളിപ്പെടുത്തി. 60 ശതമാനം പെൺകുട്ടികളെ—മറ്റു പുരുഷന്മാരോടു സംസാരിച്ചതിന്റെ പേരിൽ—അവരുടെ പങ്കാളികൾ തല്ലിയതായി ഒരു പഠനം വെളിപ്പെടുത്തി. ആ റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ശാരീരിക അക്രമം സർവസാധാരണം ആയതിനാൽ, പ്രേമപ്രകടനമായാണു പല യുവതികളും അതിനെ വീക്ഷിക്കുന്നത്.”
സാധനം വാങ്ങാൻ വരുന്നവരുടെ മേലുള്ള സംഗീത സ്വാധീനം
ആളുകൾ ഏതുതരം വീഞ്ഞ് വാങ്ങുന്നു എന്നതിനെ കടയിലെ പശ്ചാത്തല സംഗീതം സ്വാധീനിക്കുന്നതായി ഇംഗ്ലണ്ടിലെ ലെസ്റ്ററിലുള്ള യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം മനശ്ശാസ്ത്രജ്ഞർ കണ്ടെത്തി. “ഫ്രഞ്ച് അക്കോർഡിയോൺ സംഗീതം വെച്ചപ്പോൾ, ഒന്നിന് അഞ്ച് എന്ന അനുപാതത്തിൽ ജർമൻ വീഞ്ഞിനെക്കാൾ ഫ്രഞ്ച് വീഞ്ഞാണ് വിറ്റഴിഞ്ഞത്” എന്ന് നാഷണൽ ജിയോഗ്രഫിക് മാഗസിൻ പറയുന്നു. “എന്നാൽ ജർമൻ ബിയർ-ഹാൾ സംഗീതം വെച്ച നേരത്ത്, ഒരു കുപ്പി ഫ്രഞ്ച് വീഞ്ഞ് വിറ്റഴിഞ്ഞപ്പോൾ രണ്ടു കുപ്പി ജർമൻ വീഞ്ഞാണ് ആളുകൾ വാങ്ങിയത്.” എങ്കിലും, “തങ്ങളുടെ തീരുമാനത്തെ സംഗീതം സ്വാധീനിച്ച”തായി സാധനം വാങ്ങാൻ വന്ന മിക്കവരും മനസ്സിലാക്കിയില്ല എന്നതാണു രസാവഹമായ സംഗതി എന്ന് ഗവേഷകരിൽ ഒരാൾ പറയുന്നു.
എൽ നിന്യോയുടെ ഗുണവശം
“ഐക്യനാടുകളിലെ വിനാശക കൊടുങ്കാറ്റുകൾക്കും ബ്രസീലിലെ കാട്ടുതീകൾക്കും കെനിയയിലെ മോശമായ കാപ്പി വിളവിനും ഒക്കെ കാരണമായി കുറ്റപ്പെടുത്തുന്നത്” എൽ നിന്യോ എന്നു വിളിക്കപ്പെടുന്ന ഉഷ്ണജല പ്രതിഭാസത്തെ ആണ് എന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, കൊടുങ്കാറ്റും വരൾച്ചയുമൊക്കെ ഉണ്ടായെങ്കിലും എൽ നിന്യോയ്ക്കു കുറെ ഗുണവശങ്ങളും ഉള്ളതായി വിദഗ്ധർ അവകാശപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, ബ്രസീലിൽ കാപ്പിയുടെ ഉത്പാദനം “ഈ സീസണിൽ 3 കോടി 50 ലക്ഷം ചാക്കായി ഉയരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഈ ദശകത്തിലെ ഏറ്റവും കൂടിയ ഉത്പാദനമാണ് ഇത്.” അതു മാത്രമല്ല, “അപ്രതീക്ഷിത സ്ഥലങ്ങളിലെ അപ്രതീക്ഷിത മഴ മൂലം ഗോളമെമ്പാടുമുള്ള സംഭരണികളിലെയും ജലഭരങ്ങളിലെയും (aquifer) ജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്തു.” ഐക്യനാടുകളിലെ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ ഡയറക്ടറായ ആന്റ്സ് ലേയ്റ്റ്മാ ഇപ്രകാരം പറഞ്ഞു: “ലോകത്തിൽ മിക്കയിടങ്ങളിലെയും പ്രശ്നം ജലക്ഷാമമാണ്. അവിടങ്ങളിൽ പലേടത്തും ജലം ആവശ്യമായി വന്നതിനാൽ . . . ജല അതോറിട്ടികൾ എൽ നിന്യോയ്ക്കായി കാത്തിരിക്കുകയായിരുന്നു.”
അംഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം
ബ്രിട്ടനിൽ ഓരോ വാരത്തിലും പള്ളി വിട്ടുപോകുന്നവരുടെ സംഖ്യ 1,500 ആണെന്നു കണക്കാക്കപ്പെടുന്നു. അവിടുത്തെ ജനസംഖ്യയിൽ 50 ശതമാനത്തിലധികവും ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നെങ്കിലും, 10 ശതമാനത്തോളം മാത്രമേ പതിവായി പള്ളിയിൽ പോകുന്നുള്ളൂ. എന്തുകൊണ്ട്? ബ്രിട്ടനിലെ സഭകൾ “മിക്കപ്പോഴും യാതൊരു പ്രയോജനവും ഇല്ലാത്തതും പഴഞ്ചനും മുഷിപ്പനും” ആണെന്ന് പുരോഹിതനായ സ്റ്റിവ് ചൊക്ക് പറയുന്നു. “സഭയിലേക്കു മടങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള” ശ്രമത്തിന്റെ ഭാഗമായി കാന്റർബറിയിലെ ആർച്ചുബിഷപ്പും വെസ്റ്റ്മിൻസ്റ്ററിലെ ആർച്ചുബിഷപ്പും “സഭകളെ കൂടുതൽ ആകർഷകവും സാമൂഹികമായി പ്രയോജനം ചെയ്യുന്നതും രസാവഹവും ആക്കിത്തീർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പുതിയ നടപടിക്ക് അംഗീകാരം നൽകുകയാണ്” എന്ന് ബിബിസി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. 2000 ജനുവരി 2 ആകുമ്പോഴേക്കും “10 പ്രായോഗിക ലക്ഷ്യങ്ങൾ” നടപ്പാക്കാൻ സഭകൾ ഉദ്ദേശിക്കുന്നു. പിൻവരുന്നവ അവയിൽ ഉൾപ്പെടുന്നു: “ഞങ്ങൾ നിങ്ങൾക്ക് സ്വാഗതത്തിന്റേതായ അന്തരീക്ഷം ഉളവാക്കും, ഞങ്ങൾ കുടുംബതത്പരർ ആയിരിക്കും, നിങ്ങൾക്കു വ്യക്തമായി കേൾക്കാൻ സാധിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പു വരുത്തും, . . . അതിപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കും, . . . നിങ്ങളുടെ സന്ദർശനം പ്രയോജനപ്രദവും പ്രചോദനാത്മകവും ആണെന്നു ഞങ്ങൾ ഉറപ്പു വരുത്തും.”