ദൈവം അസ്തിത്വത്തിലുണ്ടോ? ചില ശാസ്ത്രജ്ഞർ ഉത്തരം നൽകുന്നു
മാസച്ചൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഊർജതന്ത്ര പ്രൊഫസറായ ഉൾറിച്ച് ജെ. ബെക്കർ ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഒരു സ്രഷ്ടാവ് ഇല്ലാതെ ഞാൻ ഉണ്ടാകുമോ? അതിനു തൃപ്തികരമായ ഉത്തരം എപ്പോഴെങ്കിലും ലഭിച്ചിട്ടുള്ളതായി എനിക്ക് അറിയില്ല.”
ഈ അഭിപ്രായം അദ്ദേഹത്തിന്റെ ശാസ്ത്ര വീക്ഷണങ്ങൾക്കു വിരുദ്ധമായിരുന്നോ? “‘ഘടികാര’ത്തിലെ ഒരു ചക്രം എങ്ങനെയാണു തിരിയുന്നതെന്നു കണ്ടുപിടിച്ചാൽ ബാക്കിയുള്ളവ എങ്ങനെ തിരിയുന്നു എന്നു നിങ്ങൾക്ക് ഊഹിച്ചെടുക്കാൻ കഴിയും. എന്നാൽ ആ ഊഹത്തെ ശാസ്ത്രീയമെന്നു വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. അങ്ങനെയെങ്കിൽ ഘടികാരത്തിന്റെ സ്പ്രിങ് വൈൻഡ് ചെയ്തത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കാതിരിക്കുന്നതാണു ഭേദം” എന്നായിരുന്നു പ്രൊഫസറുടെ ചിന്തോദ്ദീപകമായ ഉത്തരം.
ചില ശാസ്ത്രജ്ഞർക്കു വ്യത്യസ്തമായ അഭിപ്രായം ഉണ്ടെന്നിരിക്കെ, ശാസ്ത്ര മേഖലയിലെ ആദരണീയരായ ഒട്ടേറെ പേരും ദൈവം—പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്ടിപ്പിനു പിന്നിൽ അതുല്യ ബുദ്ധിശക്തിയുള്ള ഒരു വ്യക്തി—ഉണ്ട് എന്ന ആശയം തള്ളിക്കളയുന്നില്ല.
ഇതിനു രണ്ട് ഉദാഹരണങ്ങൾ കൂടെ പരിചിന്തിക്കാം. ദൈവം ഉണ്ടോ എന്നതിനെ കുറിച്ച് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ജോൺ ഇ. ഫൊർണെസിന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ അദ്ദേഹം പ്രതിവചിച്ചത് ഇങ്ങനെയാണ്: “ഒരു ദൈവം ഉണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം. മൂലകണങ്ങൾ, ജീവജാലങ്ങൾ, ഗാലക്സിസമൂഹ സഞ്ചയങ്ങൾ തുടങ്ങി പ്രപഞ്ചത്തിന്റെ എല്ലാ തലങ്ങൾക്കും ഘടന നൽകുന്നത് ആ ദൈവമാണ്.”
പ്രകൃതി നിയമങ്ങൾ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവയാണ് എന്നു താൻ ഉറച്ചു വിശ്വസിക്കുന്നതായി യേൽ യൂണിവേഴ്സിറ്റിയിലെ ഊർജതന്ത്ര പ്രൊഫസറായ ഹെൻട്രി മൊർഗെനൗ പറയുകയുണ്ടായി. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “ഒന്നുമില്ലായ്മയിൽനിന്നാണ് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത്. സമയം അസ്തിത്വത്തിൽ വന്നതും ഇതേ സൃഷ്ടിക്രിയയിലൂടെതന്നെ.” ജീവന്റെ ഉത്ഭവത്തിനുള്ള ന്യായയുക്തമായ വിശദീകരണമാണ് സ്രഷ്ടാവ് എന്ന് ജീവന്റെ ഉത്ഭവത്തെപ്പറ്റിയുള്ള നിഗൂഢത (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ മൂന്നു ശാസ്ത്രജ്ഞന്മാർ വിശദമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രെഡ് ഹൊയ്ൽ എന്ന ജ്യോതിശാസ്ത്രജ്ഞൻ ഈ വീക്ഷണത്തെ പിന്താങ്ങുന്നു. ആദ്യത്തെ കോശം യാദൃച്ഛികമായി ഉണ്ടായതാണ് എന്നു വിശ്വസിക്കുന്നത്, വിമാനത്തിന്റെ ഭാഗങ്ങൾ ഛിന്നഭിന്നമായി കിടക്കുന്ന ഒരിടത്തുകൂടെ വീശിയടിക്കുന്ന കൊടുങ്കാറ്റിന് അവയെയെല്ലാം കൂട്ടിച്ചേർത്ത് ബോയിങ് 747 വിമാനം ഉണ്ടാക്കാൻ കഴിയും എന്നു വിശ്വസിക്കുന്നതിനു തുല്യമായിരിക്കും എന്ന് അദ്ദേഹം പറയുകയുണ്ടായി.
മേൽപ്പറഞ്ഞ ഉത്തരങ്ങൾക്കു യോജിപ്പിലാണ് ബൈബിൾ എഴുത്തുകാരനായ പൗലൊസിന്റെ ഈ വാക്കുകൾ: “[ദൈവത്തിന്റെ] നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു.”—റോമർ 1:20.
തീർച്ചയായും ദൈവം ഉണ്ട്! എന്നാൽ ലോകം ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ ആയിരിക്കാൻ അവൻ അനുവദിച്ചിരിക്കുന്നതിന്റെ കാരണം എന്താണ്? ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യം എന്താണ്? സത്യദൈവം ആരാണെന്നു നമുക്കു കൃത്യമായി അറിയാൻ കഴിയുമോ?
[3-ാം പേജിലെ ആകർഷകവാക്യം]
“‘ഘടികാര’ത്തിലെ ഒരു ചക്രം എങ്ങനെയാണു തിരിയുന്നതെന്നു കണ്ടുപിടിച്ചാൽ ബാക്കിയുള്ളവ എങ്ങനെ തിരിയുന്നു എന്നു നിങ്ങൾക്ക് ഊഹിച്ചെടുക്കാൻ കഴിയും. എന്നാൽ . . . ഘടികാരത്തിന്റെ സ്പ്രിങ് വൈൻഡ് ചെയ്തത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കാതിരിക്കുന്നതാണു ഭേദം”