ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
സർവശക്തനും സ്നേഹവാനുമായ ഒരു ദൈവം അസ്തിത്വത്തിലുണ്ടോ എന്നു സംശയിക്കുന്ന പലരും ഈ ചോദ്യങ്ങൾ ചോദിക്കുന്നു: ദൈവം ഉണ്ടെങ്കിൽ, ചരിത്രത്തിൽ ഉടനീളം ഇത്രയധികം കഷ്ടപ്പാടും ദുഷ്ടതയും അവൻ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്? കാര്യങ്ങൾ ഇന്നു കാണുന്നതുപോലെ പരിതാപകരമായ അവസ്ഥയിൽ ആയിരിക്കാൻ അവൻ അനുവദിക്കുന്നത് എന്തുകൊണ്ട്? ഒട്ടേറെ രാജ്യങ്ങളിൽ യുദ്ധവും കുറ്റകൃത്യവും അനീതിയും ദാരിദ്ര്യവും മറ്റു യാതനകളും ഭീതിദമാം വിധം വർധിച്ചുവരുന്നത് അവസാനിപ്പിക്കാൻ അവൻ യാതൊരു നടപടിയും എടുക്കാത്തത് എന്തുകൊണ്ട്?
ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചശേഷം, ഭൂമിയിൽ മനുഷ്യരെ ആക്കിവെച്ചിട്ട് അവരെ തന്നിഷ്ടപ്രകാരം ജീവിക്കാൻ വിട്ടുവെന്നു ചിലർ പറയുന്നു. ഈ വീക്ഷണമനുസരിച്ച്, അത്യാഗ്രഹമോ ദുർനടപടികളോ മൂലം ആളുകൾ സ്വയം വരുത്തിവെക്കുന്ന കഷ്ടപ്പാടിനും ദുരിതത്തിനും ദൈവത്തെ കുറ്റപ്പെടുത്താൻ കഴിയില്ല.
എന്നാൽ മറ്റു ചിലർ അത്തരം ഒരു സിദ്ധാന്തത്തെ നിരാകരിക്കുന്നു. ഉദാഹരണത്തിന്, ദൈവവിശ്വാസിയായ കൺയഴ്സ് ഹെറിങ് എന്ന ഊർജതന്ത്ര പ്രൊഫസർ പറയുന്നു: “ദീർഘകാലം മുമ്പ് പ്രപഞ്ചത്തെ ഒരു കൂറ്റൻ ഘടികാരം പോലെ യാന്ത്രികമായി പ്രവർത്തിച്ചുകൊണ്ടിരിക്കാൻ ഇടയാക്കിയശേഷം മനുഷ്യവർഗം പ്രശ്നങ്ങളുമായി മല്ലിടുന്നതും നോക്കി ഒരു കാഴ്ചക്കാരനെ പോലെ മാറി നിൽക്കുകയാണ് ദൈവം എന്ന ആശയത്തെ ഞാൻ തള്ളിക്കളയുന്നു. ശാസ്ത്രരംഗത്ത് എനിക്കുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ, ആത്യന്തികമായി ശരിയായ പ്രപഞ്ചത്തിന്റെ ഒരു ‘ഘടികാര’ മാതൃക ഉള്ളതായി വിശ്വസിക്കാനുള്ള യാതൊരു ന്യായവും കാണുന്നില്ല എന്നതാണ് ഞാൻ ഈ സിദ്ധാന്തം തള്ളിക്കളയാനുള്ള ഒരു കാരണം. നമ്മുടെ ശാസ്ത്ര സിദ്ധാന്തങ്ങളെ . . . എപ്പോഴും കൂടുതൽ കൂടുതൽ ശുദ്ധീകരിക്കാൻ കഴിയും. എന്നാൽ അവ എപ്പോഴും ന്യൂനത ഉള്ളതാണെന്നു തെളിയും എന്നാണ് എനിക്കു തോന്നുന്നത്. എപ്പോഴും ഈ പുരോഗതി സാധ്യമാക്കിത്തീർക്കുന്ന ആ ജീവനുള്ള ശക്തിയിൽ വിശ്വസിക്കുന്നതായിരിക്കും ബുദ്ധി എന്നാണ് എന്റെ അഭിപ്രായം.”
ദൈവത്തിന് തീർച്ചയായും ഒരു ഉദ്ദേശ്യമുണ്ട്
ഭൗമഗ്രഹം സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം അതു നീതിനിഷ്ഠരായ പൂർണതയുള്ള മനുഷ്യരെക്കൊണ്ടു നിറയണം എന്നതായിരുന്നു. പ്രവാചകനായ യെശയ്യാവ് ഇങ്ങനെ എഴുതി: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു.”—യെശയ്യാവു 45:18.
ഓരോ വ്യക്തിയെയും നേരിട്ടു സൃഷ്ടിക്കുന്നതിനു പകരം മനുഷ്യ പ്രത്യുത്പാദനം വഴി ഭൂമിയെ നിറയ്ക്കാനായിരുന്നു ദൈവം ഉദ്ദേശിച്ചത്. ആദാമും ഹവ്വായും ദൈവത്തിനെതിരെ മത്സരിച്ചത് അവന്റെ ആദിമ ഉദ്ദേശ്യത്തെ തകർത്തില്ല. എന്നാൽ മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള അവന്റെ ഉദ്ദേശ്യം നിവർത്തിക്കപ്പെടേണ്ടതിനു ചില കാര്യങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അത് ഇടയാക്കി.
ഈ കാലയളവിന്റെ ആദ്യത്തെ ഏതാണ്ട് 6,000 വർഷം, തന്റെ നേരിട്ടുള്ള മാർഗനിർദേശം കൂടാതെ പ്രവർത്തിക്കാൻ ദൈവം മനുഷ്യവർഗത്തെ അനുവദിച്ചിരിക്കുന്നു. തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് നമ്മുടെ ആദ്യമാതാപിതാക്കൾ തിരഞ്ഞെടുത്തത് അതാണ്. (ഉല്പത്തി 3:17-19; ആവർത്തനപുസ്തകം 32:4, 5) ദൈവത്തിന്റെ മാർഗനിർദേശത്തിൽനിന്നു സ്വതന്ത്രരാകാനുള്ള ഈ അനുവാദവും തത്ഫലമായി ദൈവഭരണത്തിനു പകരമുള്ള മാനുഷ ഭരണവും സ്വന്തം കാലടികൾ നയിക്കാനും സഹമനുഷ്യരെ വിജയപ്രദമായി ഭരിക്കാനും ഉള്ള മനുഷ്യന്റെ അപ്രാപ്തിയെ വെളിപ്പെടുത്തുമായിരുന്നു.
തീർച്ചയായും, പരിണതഫലം എന്തായിരിക്കുമെന്ന് യഹോവയ്ക്കു മുൻകൂട്ടി അറിയാമായിരുന്നു. അത് എഴുതിവെക്കാൻ അവൻ ബൈബിൾ എഴുത്തുകാരെ നിശ്വസ്തരാക്കി. ഉദാഹരണത്തിന്, പ്രവാചകനായ യിരെമ്യാവ് ഇങ്ങനെ എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23.
നൂറ്റാണ്ടുകളിൽ ഉടനീളം മനുഷ്യർ ചെയ്തിരിക്കുന്നതുപോലെ, സഹമനുഷ്യരുടെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ദുരന്തഫലങ്ങളെ കുറിച്ച് ജ്ഞാനിയായ ശലോമോൻ പറയുകയുണ്ടായി. “ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യന്നു മമനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവെച്ചു.”—സഭാപ്രസംഗി 8:9, 10എ.
“മനുഷ്യവർഗം പ്രശ്നങ്ങളുമായി മല്ലിടുന്നതും നോക്കി ഒരു കാഴ്ചക്കാരനെ പോലെ മാറി നിൽക്കുക”യല്ല സർവശക്തനായ ദൈവം. മനുഷ്യവർഗത്തിൽ ഭൂരിഭാഗത്തിന്റെയും ജീവിതത്തിൽ നേരിട്ട് ഇടപെടാതെ ആയിരക്കണക്കിനു വർഷങ്ങൾ കടന്നുപോകാൻ അവൻ അനുവദിച്ചിരിക്കുകയാണ്, അതും നല്ല കാരണത്തോടെ.
ഒരു നല്ല ഉദ്ദേശ്യം നിവർത്തിക്കപ്പെടുന്നു
നൂറു വർഷത്തിൽ താഴെ വരുന്ന നമ്മുടെ ശരാശരി ആയുസ്സിനോടുള്ള താരതമ്യത്തിൽ മാനവ ചരിത്രത്തിന്റെ കഴിഞ്ഞ 6,000 വർഷം നീണ്ട കാലയളവായി തോന്നിയേക്കാം. എന്നാൽ ദൈവത്തിന്റെ സമയപ്പട്ടികയും കാലപ്രവാഹം സംബന്ധിച്ച അവന്റെ വീക്ഷണവും അനുസരിച്ച് ഈ ആയിരക്കണക്കിനു വർഷങ്ങൾ ആറു ദിവസങ്ങൾ പോലെയാണ്, ഒരു ആഴ്ചയിലും കുറവ്! അപ്പൊസ്തലനായ പത്രൊസ് അതു വിശദമാക്കുന്നു: “എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.”—2 പത്രൊസ് 3:8.
ദൈവം അനാസ്ഥ കാണിക്കുകയോ കാര്യങ്ങൾ നീട്ടിവെക്കുകയോ ആണെന്നുള്ള ഏതൊരു ആരോപണത്തെയും ഖണ്ഡിച്ചുകൊണ്ട് പത്രൊസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”—2 പത്രൊസ് 3:9.
അതിനാൽ, അനുവദിക്കപ്പെട്ടിരിക്കുന്ന കാലാവധി തീരുമ്പോൾ നമ്മുടെ മനോഹര ഗ്രഹം ദുരുപയോഗം ചെയ്യപ്പെടുന്നതിന് സ്രഷ്ടാവ് അറുതിവരുത്തും. ഭരണം നടത്താനോ യുദ്ധം, അക്രമം, ദാരിദ്ര്യം, രോഗം, കഷ്ടപ്പാടിനുള്ള മറ്റു കാരണങ്ങൾ എന്നിവ അവസാനിപ്പിക്കാനോ ഉള്ള മനുഷ്യന്റെ പ്രാപ്തിക്കുറവു തെളിയിക്കാൻ ദൈവം വേണ്ടുവോളം സമയം അനുവദിച്ചുകഴിഞ്ഞിരിക്കും. ആരംഭത്തിൽ അവൻ മനുഷ്യരോടു സൂചിപ്പിച്ചത്, അതായത് ജീവിതം വിജയകരമായി മുമ്പോട്ടു കൊണ്ടുപോകാൻ അവർ ദിവ്യ മാർഗനിർദേശം പിൻപറ്റണമെന്നത്, അനുഭവത്തിലൂടെ സ്ഥിരീകരിക്കപ്പെടും.—ഉല്പത്തി 2:15-17.
ബൈബിൾ പ്രവചനമനുസരിച്ച് ഈ ഭക്തികെട്ട വ്യവസ്ഥിതിയുടെ ‘അന്ത്യകാല’ത്തിന്റെ അന്ത്യഘട്ടത്തിലാണു നാം ഇപ്പോൾ ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5, 13; മത്തായി 24:3-14) തന്നിൽനിന്നു വേറിട്ടുള്ള മാനുഷ ഭരണവും അതുപോലെതന്നെ ദുഷ്ടതയും കഷ്ടപ്പാടും ദൈവം അവസാനിപ്പിക്കാൻ പോവുകയാണ്. (ദാനീയേൽ 2:44) താമസിയാതെ, ഈ ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ കഷ്ടം ഉണ്ടാകും. “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമഗെദോനിൽ ആയിരിക്കും അതു പര്യവസാനിക്കുന്നത്. (വെളിപ്പാടു 16:14, 16) ദൈവ നിയന്ത്രണത്തിലുള്ള ഈ യുദ്ധത്തിൽ, അവന്റെ കരവേലയായ ഭൂമി നശിപ്പിക്കപ്പെടുകയില്ല. പകരം ‘ഭൂമിയെ നശിപ്പിക്കുന്നവർ’ ആയിരിക്കും നശിപ്പിക്കപ്പെടുക.—വെളിപ്പാടു 11:18.
ആയിരം വർഷ വാഴ്ച നടത്തുന്ന ദൈവരാജ്യം
അർമഗെദോൻ അവസാനിക്കുമ്പോൾ ഭൂമിയിൽ ലക്ഷക്കണക്കിന് അതിജീവകർ ഉണ്ടായിരിക്കും. (വെളിപ്പാടു 7:9-14) സദൃശവാക്യങ്ങൾ 2:21, 22-ലെ ഈ പ്രവചനം നിവൃത്തിയേറിയിരിക്കും: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”
അർമഗെദോൻ എന്ന നീതിനിഷ്ഠമായ യുദ്ധത്തെ തുടർന്ന് ആയിരം വർഷം ദൈർഘ്യമുള്ള ഒരു പ്രത്യേക കാലഘട്ടം ഉണ്ടായിരിക്കണം എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്. (വെളിപ്പാടു 20:1-3) ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവെന്ന നിലയിലുള്ള ദൈവപുത്രനായ ക്രിസ്തുയേശുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ കാലഘട്ടം ആയിരിക്കും അത്. (മത്തായി 6:10) ഭൂമിമേലുള്ള സന്തോഷപ്രദമായ ഈ രാജ്യവാഴ്ചയുടെ സമയത്ത് മരണത്തിൽ നിദ്രകൊള്ളുന്ന ദശലക്ഷങ്ങൾ പുനരുത്ഥാനം പ്രാപിച്ച് ദശലക്ഷക്കണക്കിനു വരുന്ന അർമഗെദോൻ അതിജീവകരോടു ചേരും. (പ്രവൃത്തികൾ 24:15) ഇരുകൂട്ടരും പൂർണതയിൽ എത്തിച്ചേരും. പിന്നീട്—ക്രിസ്തുവിന്റെ ആയിരം വർഷ വാഴ്ചയുടെ അവസാനത്തിൽ—ആദാമിന്റെയും ഹവ്വായുടെയും പിൻഗാമികളായ, പൂർണരായ സ്ത്രീപുരുഷന്മാരെക്കൊണ്ടു ഭൂമി നിറയും. ദൈവത്തിന്റെ ഉദ്ദേശ്യം മഹത്തായ വിധത്തിൽ വിജയകരമായി നിവൃത്തിയേറിയിരിക്കും.
അതേ, ദൈവത്തിന്റെ ഉദ്ദേശ്യം ‘അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയുകയാണ്. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി. സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു.’ (വെളിപ്പാടു 21:4, 5) എത്രയും പെട്ടെന്നുതന്നെ ആ ഉദ്ദേശ്യം നിവൃത്തിയേറുമെന്നതു തീർച്ചയാണ്.—യെശയ്യാവു 14:24, 27.
[5-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ ആളുകൾ എന്നേക്കും സന്തോഷത്തോടെ വസിക്കും