നാം ധരിക്കുന്ന വസ്ത്രങ്ങൾ അവ പ്രാധാന്യം അർഹിക്കുന്നുവോ?
“എന്താ ഇടേണ്ടതെന്ന് ഒരു പിടിയുമില്ലല്ലോ!” ഇത് കേട്ടു തഴമ്പിച്ച ഒരു പല്ലവിയാണോ? ഇന്നത്തെ ഫാഷൻ ഡിസൈൻ സ്ഥാപനങ്ങളെല്ലാം അവയുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ നൽകി നിങ്ങളെ സഹായിക്കാൻ—അതിനെക്കാളേറെ ആശയക്കുഴപ്പത്തിലാക്കാൻ—എപ്പോഴും ഉത്സുകരാണ്.
ഇക്കാലത്ത്, മാന്യമായ വസ്ത്രധാരണത്തിനു പകരം അലസമായ വസ്ത്രധാരണത്തിനു പ്രോത്സാഹിപ്പിക്കപ്പെട്ടേക്കാം എന്നത് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ’90-കളിലെ ഈ വിപരീത പ്രവണതയെ കുറിച്ച് ഒരു ഫാഷൻ മാസികയിലെ പത്രാധിപ ലേഖനം പറയുന്നത് ഇങ്ങനെയാണ്: “അൽപ്പം മുഷിഞ്ഞതും പഴക്കം തോന്നിക്കുന്നതും കീറലുള്ളതും നരച്ചതുമായ വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടു കുഴപ്പമില്ലെന്നു മാത്രമല്ല അത് അഭിലഷണീയവുമാണ് എന്നത് ആശ്വാസദായകമാണ്.”
ടിവി താരങ്ങൾ, സമപ്രായക്കാർ, വെട്ടിത്തിളങ്ങുന്ന പരസ്യങ്ങൾ, അഹംഭാവം, ശ്രദ്ധിക്കപ്പെടുന്നതരം വ്യക്തിത്വത്തിനു വേണ്ടിയുള്ള ഒടുങ്ങാത്ത അഭിവാഞ്ഛ ഇവയെല്ലാം സമീപവർഷങ്ങളിൽ ആളുകളുടെ, വിശേഷിച്ചും യുവപ്രായക്കാരുടെ, വസ്ത്രധാരണത്തെ ശക്തമായി സ്വാധീനിച്ചിരിക്കുന്നു. സ്റ്റൈലൻ വസ്ത്രങ്ങൾ വാങ്ങാൻ ഇവരിൽ ചിലർ മോഷണംപോലും നടത്തുന്നു.
’90-കളിലെ പ്രചാരമേറിയ പല സ്റ്റൈലുകളും പോയവർഷങ്ങളിലെ—’60-കളിലെ ഹിപ്പി പ്രസ്ഥാനം പോലെയുള്ള—അതിരു കടന്ന സംസ്കാരങ്ങളിൽനിന്ന് ഉടലെടുത്തവയാണ്. ദീക്ഷ, പാറിപ്പറന്ന നീണ്ട മുടി, ചുളിവുകളുള്ള മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ പരമ്പരാഗത മൂല്യങ്ങളോടുള്ള അവഗണനയെ വിളിച്ചോതിയിരുന്നു. എന്നാൽ മത്സര മനോഭാവത്തെ ദ്യോതിപ്പിക്കുന്ന വേഷവിധാനമാകട്ടെ ഒരു പുതിയ പ്രവണതയ്ക്ക്, അത്തരം ഒരു സ്റ്റൈലിനോട് അനുരൂപപ്പെടാനുള്ള സമ്മർദത്തിന് തുടക്കം കുറിച്ചിരിക്കുന്നു.
വസ്ത്രധാരണം, ഒരു വ്യക്തി ഏതുതരം ആളാണെന്നു തിരിച്ചറിയിക്കുന്നതിനുള്ള ഏറെ സർവസാധാരണമായ ഉപാധിയായി മാറിയിരിക്കുന്നു. പ്രചാരമേറിയ കായികവിനോദങ്ങൾ, കായികതാരങ്ങൾ, നർമം, അസന്തുഷ്ടി, അക്രമസ്വഭാവം, ധാർമികത—അല്ലെങ്കിൽ അധാർമികത—വാണിജ്യ ഉത്പന്നങ്ങൾ എന്നിവയുടെ പരസ്യപ്പലകകളായി മാറിയിരിക്കുകയാണ് വസ്ത്രങ്ങൾ, വിശേഷിച്ചും ടീ-ഷർട്ടുകൾ. ചിലപ്പോൾ അവ ഞെട്ടിക്കുന്ന പരസ്യങ്ങൾ വഹിക്കുന്നവയുമാകാം. “മൃഗീയത—കൗമാരക്കാരുടെ ഫാഷനിലെ പരോക്ഷ സന്ദേശം” എന്ന ശീർഷകം അടുത്തയിടെ ന്യൂസ്വീക്കിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ആ ലേഖനം 21 വയസ്സുള്ള ഒരു യുവാവ് തന്റെ ടീ-ഷർട്ടിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കുന്നു: “ഈ ടീ-ഷർട്ട് ഞാൻ ഏതു മൂഡിലാണെന്നു വെളിവാക്കുന്നതുകൊണ്ടാണ് ഞാൻ ഇത് ഇടുന്നത്. എന്തു ചെയ്യണമെന്നെല്ലാം എന്നെ ഉപദേശിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. മറ്റുള്ളവർ എന്നെ ശല്യപ്പെടുത്താൻ വരുന്നത് എനിക്ക് ഇഷ്ടവുമല്ല.”
ഓരോ വ്യക്തിയുടെയും ടീ-ഷർട്ടിലെ പരസ്യങ്ങൾ വ്യത്യസ്തം ആയിരുന്നേക്കാമെങ്കിലും ഒരു സാമ്യം ദൃശ്യമാണ്. അത് അവരെ ഒരു കൂട്ടത്തോടൊപ്പം തിരിച്ചറിയിക്കുന്നു, അല്ലെങ്കിൽ വ്യാപകമായിരിക്കുന്ന മത്സര മനോഭാവത്തെയോ ഞാൻ-മുമ്പൻ ചിന്താഗതിയെയോ തന്നിഷ്ടത്തെയോ അക്രമസ്വഭാവത്തെയോ വെളിവാക്കുന്നു. ഇടപാടുകാരുടെ ആവശ്യപ്രകാരം ഒരു ഡിസൈനർ, വസ്ത്രങ്ങളിൽ വെടിവെച്ച് തുളകൾ ഉണ്ടാക്കി കൊടുക്കുന്നു. “കൈത്തോക്കിന്റെയോ റൈഫിളിന്റെയോ മെഷീൻ ഗണ്ണിന്റെയോ തുളകൾ ഉള്ള ഏതും അവർക്കു തിരഞ്ഞെടുക്കാം,” അദ്ദേഹം പറയുന്നു. “ഇതും ഒരു ഫാഷനാണ്.”
ഫാഷൻ എന്തു വെളിവാക്കുന്നു?
“സാധാരണമായി, സമൂഹത്തിലെ ഒരു പ്രത്യേക കൂട്ടത്തിൽപ്പെട്ട ഒരാളായി നിങ്ങളെ തിരിച്ചറിയിക്കാനുള്ള മാർഗമാണു വസ്ത്രധാരണം,” ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പവർഹൗസ് മ്യൂസിയത്തിലെ ഫാഷൻ ഡിസൈനിങ്ങിന്റെ മേൽനോട്ടക്കാരിയായ ജെയിൻ ദെ ടെല്ലിഗ പറയുന്നു. അവർ കൂട്ടിച്ചേർക്കുന്നു: “ഏതു കൂട്ടത്തോടൊപ്പം തിരിച്ചറിയിക്കപ്പെടാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ആ കൂട്ടത്തിന്റെ വസ്ത്രധാരണ രീതി നിങ്ങൾ പിൻപറ്റുന്നു.” മതം, സമ്പത്ത്, തൊഴിൽ, വംശീയത, വിദ്യാഭ്യാസം, മേൽവിലാസം എന്നിങ്ങനെ ആളുകളെ തരംതിരിക്കുന്ന സംഗതികൾ പോലെതന്നെ വസ്ത്രധാരണത്തിനും പ്രാധാന്യമുണ്ട് എന്ന് സിഡ്നി യൂണിവേഴ്സിറ്റിയിലെ ഒരു മനശ്ശാസ്ത്ര അധ്യാപികയായ ഡോ. ഡയാന കെന്നി പറയുകയുണ്ടായി. ഭൂരിഭാഗവും വെള്ളക്കാരായ കുട്ടികൾ പഠിച്ചിരുന്ന ഐക്യനാടുകളിലെ ഒരു വിദ്യാലയത്തിൽ “വെള്ളക്കാരായ വിദ്യാർഥിനികൾ കറുത്തവർഗക്കാരെപ്പോലെ മുടി പിന്നിയിടുന്നതിനെയും അയഞ്ഞ ബാഗി പാന്റുകളും ‘ഹിപ്പ്-ഹോപ്പ്’ സ്റ്റൈലിലുള്ള മറ്റു വേഷങ്ങളും ധരിക്കുന്നതിനെയും ചൊല്ലി” വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി ജെറ്റ് മാസിക റിപ്പോർട്ട് ചെയ്യുന്നു.
സംഗീതരംഗം പോലുള്ള ചില ഉപസംസ്കാരങ്ങളിലും ഒരു കൂട്ടത്തോടുള്ള ഇത്തരം പ്രതിപത്തി പ്രകടമാണ്. മക്ലിൻസ് മാഗസിൻ പറയുന്നു: “പല സാഹചര്യങ്ങളിലും വസ്ത്രധാരണം സംഗീത അഭിരുചിയുമായി ബന്ധപ്പെട്ടിരിക്കുന്നു: റെഗെ സംഗീത ആരാധകർ ജമെയ്ക്കയുടെ സവിശേഷതകളായ കടുംവർണത്തിലുള്ള തൊപ്പിയും വസ്ത്രങ്ങളും ധരിക്കുമ്പോൾ ഗ്രഞ്ച് റോക്ക് സംഗീത ആരാധകർ സ്റ്റോക്കിങ്സ് തുണികൊണ്ടുള്ള കൂർത്ത തൊപ്പികളും ചെക്ക് ഷർട്ടുകളും ധരിക്കുന്നു.” പക്ഷേ ഏതു സ്റ്റൈലിലുള്ളതായാലും അശ്രദ്ധമായ വസ്ത്രധാരണത്തിന്റെ പ്രതീതി ഉളവാക്കുന്ന, അലസമായ, കണ്ടാൽ ഒരു പേക്കോലത്തെപ്പോലെ തോന്നിപ്പിക്കുന്ന ഗ്രഞ്ച് വേഷങ്ങൾക്കു നല്ല വിലയുണ്ട്.
വസ്ത്രധാരണ നിലവാരങ്ങൾക്ക് എന്തു സംഭവിക്കുന്നു?
“എല്ലാം നിങ്ങൾ വിചാരിക്കുന്നതിനു നേരെ വിപരീതമാണ്,” കോളമെഴുത്തുകാരനായ വുഡി ഹൊക്സ്വെൻഡർ പറയുന്നു. “ഒരിക്കൽ കണിശമായ നിലവാരം പുലർത്തിയിരുന്ന പുരുഷന്മാരുടെ ഫാഷനുകൾ ഇപ്പോൾ അങ്ങേയറ്റം കുത്തഴിഞ്ഞതായി തീർന്നിരിക്കുന്നു . . . ഏതു വേഷമായാലും ശരി, അശ്രദ്ധമായി ധരിച്ചതാണെന്നു തോന്നിക്കണം.” ചില സാഹചര്യങ്ങളിൽ ഈ പ്രവണത അലസമനോഭാവത്തെ പ്രകടമാക്കിയേക്കാം. അല്ലെങ്കിൽ അത് ആത്മാഭിമാനക്കുറവിനെയോ മറ്റുള്ളവരോടുള്ള അനാദരവിനെയോ സൂചിപ്പിച്ചേക്കാം.
‘ജീൻസ് ധരിച്ച അധ്യാപകൻ കുട്ടികൾക്കു രസം പകരുന്നതായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അവർ ഒട്ടും മാനിച്ചിരുന്നില്ലെന്നും വിവരമില്ലാത്ത ആളായി മിക്കപ്പോഴും അദ്ദേഹത്തെ കണക്കാക്കിയിരുന്നെന്നും’ പെഴ്സെപ്ച്വൽ ആൻഡ് മോട്ടോർ സ്കിൽസ് എന്ന പത്രികയിൽ വന്ന വിദ്യാർഥികളുടെ അധ്യാപക സങ്കൽപ്പത്തെ പറ്റിയുള്ള ഒരു ലേഖനം വിവരിച്ചു. അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “ജീൻസ് ധരിച്ചു വരുന്ന അധ്യാപിക കുട്ടികൾക്ക് ഒരു കൗതുകവസ്തു ആണ്. സൗഹൃദ പ്രകൃതക്കാരിയെങ്കിലും വലിയ അറിവില്ലാത്തവൾ ആയിട്ടായിരിക്കും കുട്ടികൾ അവളെ കാണുന്നത്, അവർ അവളെ അത്ര ആദരിക്കുകയുമില്ല. കാഴ്ചയ്ക്ക് ഒരു അധ്യാപികയെ പോലെ തോന്നിക്കുകയില്ലെങ്കിലും, അവൾ ആ വേഷം ധരിച്ചു കാണാനാണ് സാധാരണഗതിയിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്.”
ബിസിനസ് ലോകത്ത് ഫാഷന്റെ മറ്റൊരു വശം നാം കാണുന്നു: ശ്രദ്ധ പിടിച്ചുപറ്റും വിധമുള്ള വസ്ത്രധാരണം. ഉയർന്ന സ്ഥാനങ്ങളിൽ എത്താനാണ് ഇന്നു മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. “മറ്റുള്ളവരെ പിടിച്ചിരുത്തുന്ന വസ്ത്രധാരണമാണ് എനിക്ക് ഇഷ്ടം,” ഒരു പബ്ലിഷിങ് കമ്പനിയുടെ എക്സിക്യൂട്ടീവ് ആയ മേരി പറയുന്നു. “മികച്ചു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏറ്റവും ആകർഷകമായ വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനാണ് എനിക്ക് ഇഷ്ടം,” അവർ കൂട്ടിച്ചേർക്കുന്നു. തന്റെ ശ്രദ്ധ മുഴുവൻ തന്നിൽത്തന്നെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു മേരി സത്യസന്ധമായി വെളിപ്പെടുത്തുന്നു.
പ്രചാരമേറിയ ഫാഷനുകളുടെ കടന്നുകയറ്റം പള്ളികളിലും കാണാവുന്നതാണ്. ഫാഷൻ ഭ്രമക്കാർ തങ്ങളുടെ ഏറ്റവും പുതിയ വേഷവിധാനങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയായിട്ടാണു പള്ളികളെ കാണുന്നത്. അൾത്താരയിൽനിന്നു നോക്കുന്ന വൈദികർ കാണുന്നത് ജീൻസും സ്പോർട്സ് ഷൂസും അങ്ങേയറ്റത്തെ ഫാഷനിലുള്ള മറ്റു വസ്ത്രങ്ങളും അണിഞ്ഞ സഭാംഗങ്ങളെയാണ്.
തന്നെത്തന്നെയും വ്യക്തിത്വത്തെയും സംബന്ധിച്ച ഭ്രമം എന്തുകൊണ്ട്?
അങ്ങേയറ്റത്തെ ഫാഷനിലുള്ള വസ്ത്രങ്ങൾ വിശേഷിച്ചും യുവപ്രായക്കാരിൽ അഹംബോധത്തിന്റെ ഒരു പ്രതിഫലനമാണെന്ന് മനശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. കാരണം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു ആഗ്രഹമാണ് അതിലൂടെ പ്രകടമാകുന്നത്. “മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി മാറാനുള്ള യുവപ്രായക്കാരുടെ ഒടുങ്ങാത്ത വാഞ്ഛ”യായി മനശ്ശാസ്ത്രജ്ഞന്മാർ അതിനെ വർണിക്കുന്നു. ഫലത്തിൽ അവൻ അല്ലെങ്കിൽ അവൾ ഇങ്ങനെ പറയുകയാണ്: “ഞാൻ എത്രമാത്രം എന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവോ നിങ്ങളും എന്നിൽ അത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്ന് എനിക്കു തോന്നുന്നു.”—അമേരിക്കൻ ജേർണൽ ഓഫ് ഓർത്തോസൈക്ക്യാട്രി.
സ്വപ്രാധാന്യത്തെ പെരുപ്പിച്ചു കാട്ടുകയും അതേസമയം ദൈവത്തെ തുച്ഛീകരിക്കുകയും ചെയ്യുന്ന തത്ത്വശാസ്ത്രങ്ങൾ പ്രപഞ്ചത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നിങ്ങളാണ് എന്ന ചിന്താഗതിയെ (മിക്കപ്പോഴും വാണിജ്യലോകം പ്രചരിപ്പിക്കുന്ന ഈ ആശയത്തെ) ഊട്ടിവളർത്തുന്നു. ഇപ്പോൾ, ഇത്തരത്തിൽ തങ്ങളെത്തന്നെ ‘ഏറ്റവും പ്രധാനപ്പെട്ട’ വ്യക്തികളായി കണക്കാക്കുന്ന ഏതാണ്ട് അറുനൂറു കോടി ആളുകൾ ഉണ്ട്. ക്രൈസ്തവലോകത്തിലെ ലക്ഷക്കണക്കിന് ആളുകളും “ഇപ്പോഴത്തെ നല്ല ജീവിതത്തിനായി” പ്രയത്നിക്കുക എന്ന ഭൗതികത്വ ചിന്താഗതിക്ക് അടിപ്പെട്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5 താരതമ്യം ചെയ്യുക.) ഇതിനുപുറമേ കുടുംബബന്ധങ്ങളും യഥാർഥ സ്നേഹവും ക്ഷയിച്ചുവരുന്നതു നിമിത്തം പലരും, വിശേഷിച്ച് യുവപ്രായക്കാർ, വ്യക്തിത്വത്തിനും സുരക്ഷിതത്വത്തിനും വേണ്ടി അതിയായി വാഞ്ഛിക്കുന്നതിൽ അതിശയിക്കാനില്ല.
എന്നാൽ തങ്ങളുടെ വസ്ത്രധാരണത്തെയും ദൈവമുമ്പാകെയുള്ള നിലയെയും കുറിച്ച് ചിന്തയുള്ളവർ സ്വാഭാവികമായും ഇങ്ങനെ ചോദിക്കുന്നു: വസ്ത്രധാരണ നിലവാരങ്ങളിലെ മാറ്റത്തോടു ഞാൻ ഏതളവോളം അനുരൂപപ്പെടണം? എന്റെ വസ്ത്രധാരണം ഉചിതമാണോ എന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും? അത് എന്നെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അല്ലെങ്കിൽ മോശമായ കാര്യങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടോ?
എന്റെ വസ്ത്രധാരണം ഉചിതമാണോ?
നാം എന്തു ധരിക്കുന്നു എന്നുള്ളത് നമ്മുടെ വ്യക്തിപരമായ തീരുമാനമാണ്. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി പോലെതന്നെ അഭിരുചികളും വ്യത്യസ്തമാണ്. തന്നെയുമല്ല, അത് ഓരോ രാജ്യത്തുമുള്ള സംസ്കാരത്തെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു. എന്നാൽ നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും ഈ തത്ത്വം മനസ്സിൽ പിടിക്കുക: “എല്ലാറ്റിനും ഒരു കാലമുണ്ട്, ആകാശത്തിനു കീഴിലുള്ള എല്ലാ കാര്യത്തിനും ഒരു സമയം ഉണ്ട്.” (സഭാപ്രസംഗി 3:1, റിവൈസ്ഡ് സ്റ്റാൻഡേർഡ് വേർഷൻ) മറ്റു വാക്കുകളിൽ പറഞ്ഞാൽ, സന്ദർഭത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുക. രണ്ടാമത്, ‘ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ [“വിനയത്തോടെ,” NW] നടക്കുക.’—മീഖാ 6:8.
അതിന്റെ അർഥം എപ്പോഴും അതിവിനയം സ്ഫുരിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നല്ല, പിന്നെയോ “യോഗ്യമായ,” “സുബോധം” നിഴലിക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കണം എന്നാണ്. (1 തിമൊഥെയൊസ് 2:9, 10) മിക്കപ്പോഴും ഇക്കാര്യത്തിൽ അൽപ്പം നിയന്ത്രണത്തിന്റെ ആവശ്യമേയുള്ളൂ. വർക്കിങ് വുമൺ എന്ന മാഗസിൻ ഈ ഗുണത്തെ നല്ല അഭിരുചിയും ആഢ്യത്വവുമായി ബന്ധപ്പെടുത്തുന്നു. പൊതു തത്ത്വമെന്ന നിലയിൽ, മറ്റുള്ളവരുടെ ശ്രദ്ധയെ അമിതമായി ആകർഷിക്കാനോ അവരെ ഞെട്ടിക്കാനോ പോന്നവിധമുള്ള വസ്ത്രധാരണം നടത്താതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. വർക്കിങ് വുമൺ ഇങ്ങനെ പറയുന്നു: “മറ്റുള്ളവർക്ക് ശ്രദ്ധാശൈഥില്യം ഉണ്ടാക്കാത്തതും വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതും ആയ . . . വസ്ത്രം ധരിക്കുക.
പെർസെപ്ച്ച്വൽ ആൻഡ് മോട്ടോർ സ്കിൽസ് എന്ന പത്രിക പറയുന്നു: “അഭിപ്രായ രൂപീകരണത്തിലും നിശ്ശബ്ദ സന്ദേശം കൈമാറുന്നതിലും വസ്ത്രധാരണത്തിനുള്ള പങ്കിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം പ്രസിദ്ധീകരണങ്ങൾ, ആളുകളെ വിലയിരുത്തുന്നതിൽ വസ്ത്രങ്ങൾ വളരെയധികം പ്രധാനമാണെന്നു സൂചിപ്പിക്കുന്നു.” വസ്ത്രധാരണം കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവിൽ ഒരിക്കൽ ഊറ്റംകൊണ്ടിരുന്ന, 40-കളിലെത്തിയ ഒരു സ്ത്രീ പറയുന്നു: “അത് എനിക്കു വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. കാരണം എന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും തമ്മിൽ വേർതിരിച്ചു നിർത്തുന്നതിൽ അതു ബുദ്ധിമുട്ടുളവാക്കി. ബിസിനസ് രംഗത്തുള്ള പലരും ഭക്ഷണത്തിനായി എപ്പോഴും എന്നെ പുറത്തു കൊണ്ടുപോകാൻ താത്പര്യപ്പെട്ടു.” അതിൽനിന്നു വിരുദ്ധമായ ഒരു സ്റ്റൈലിനെ വർണിച്ചുകൊണ്ട് അക്കൗണ്ടന്റായ ഒരു സ്ത്രീ പറയുന്നു: “അലസമായ വിധത്തിൽ അല്ലെങ്കിൽ പുരുഷന്മാരെ പോലെ വസ്ത്രധാരണം ചെയ്യുന്ന സ്ത്രീകളോടുള്ള പുരുഷന്മാരുടെ പെരുമാറ്റം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. തന്റേടികളായ സ്ത്രീകളായിട്ടാണ് അവർ വീക്ഷിക്കപ്പെടുന്നത്. പുരുഷന്മാരിൽനിന്നു ബുദ്ധിമുട്ടുകൾ നേരിടുന്നതും അത്തരം സ്ത്രീകൾക്കാണ്.”
തന്റെ മുടി ഒരു പ്രത്യേക ഫാഷനിൽ വെട്ടിയപ്പോൾ അതു തെറ്റായ സൂചനകൾ നൽകുന്നതായി ജെഫി എന്ന പെൺകുട്ടിക്കു മനസ്സിലായി. “അതു ‘വ്യത്യസ്തമായ’ ഒരു ഹെയർസ്റ്റൈൽ ആയിരിക്കുമെന്നേ ഞാൻ കരുതിയുള്ളൂ,” അവൾ അനുസ്മരിക്കുന്നു. “എന്നാൽ ആളുകൾ എന്നോടു ചോദിച്ചു തുടങ്ങി, ‘നീ ഒരു യഹോവയുടെ സാക്ഷിതന്നെയാണോ?’ അത് എന്നെ ലജ്ജിപ്പിച്ചു കളഞ്ഞു.” ജെഫിക്ക് തന്നോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടായിരുന്നു. “ഹൃദയം നിറഞ്ഞു കവിയുന്ന” കാര്യങ്ങൾ വായ് മാത്രമല്ല, നമ്മുടെ വേഷവും ചമയവും കൂടെ സംസാരിക്കുന്നുണ്ട് എന്നതു ശരിയല്ലേ? (മത്തായി 12:34) നിങ്ങളുടെ വസ്ത്രധാരണം എന്താണു വെളിപ്പെടുത്തുന്നത്—സ്രഷ്ടാവിലേക്കു ശ്രദ്ധ തിരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയത്തെയോ അതോ നിങ്ങളിലേക്കുതന്നെ ശ്രദ്ധ തിരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയത്തെയോ?
“സുബോധത്തോടു”കൂടിയ വസ്ത്രധാരണം
നിങ്ങളുടെ വസ്ത്രധാരണം നിങ്ങളെ ബാധിക്കുന്ന വിധം പരിചിന്തിക്കുക. മറ്റുള്ളവരെ ആകർഷിക്കാൻപോന്ന വസ്ത്രധാരണവും അമിതമായ ചമയവും അഹംഭാവം വർധിക്കുന്നതിന് ഇടയാക്കിയേക്കാം. അലസമായ വസ്ത്രധാരണമാകട്ടെ, നിങ്ങൾക്കു നിങ്ങളെ കുറിച്ചു തന്നെയുള്ള നിഷേധാത്മക ചിന്താഗതികളെ അരക്കിട്ടുറപ്പിച്ചേക്കാം. സിനിമാലോകത്തെയും കായികരംഗത്തെയും ഇഷ്ടതാരങ്ങളുടെയോ മറ്റ് ആരാധ്യപുരുഷന്മാരുടെയോ പരസ്യമുള്ള ടീ-ഷർട്ടുകൾ നായക ആരാധനയിലേക്ക്—വിഗ്രഹാരാധനയിലേക്ക്—നിങ്ങളെ വലിച്ചിഴച്ചേക്കാം. അതേ, നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങളെ കുറിച്ചു സംസാരിക്കുന്നു.
മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ അല്ലെങ്കിൽ മറ്റുള്ളവരെ വശീകരിക്കാൻ പോന്ന വസ്ത്രധാരണം നിങ്ങളെ കുറിച്ച് എന്തു സന്ദേശമാണു നൽകുക? വാസ്തവത്തിൽ പോരാടി തോൽപ്പിക്കേണ്ടിയിരുന്ന വ്യക്തിത്വ പ്രവണതകളെ നിങ്ങൾ അരക്കിട്ടുറപ്പിക്കുകയാണോ? ഇനി, ഏതു തരത്തിലുള്ള വ്യക്തിയെയാണ് നിങ്ങൾ ആകർഷിക്കാൻ ശ്രമിക്കുന്നത്? അഹംഭാവം, ഗർവ്, നിഷേധാത്മക ചിന്താഗതികൾ എന്നിവയെ ജയിച്ചടക്കാൻ റോമർ 12:3 [NW] നിങ്ങളെ സഹായിക്കും. അവിടെ ‘[നമ്മെ കുറിച്ചുതന്നെ] ആവശ്യത്തിലധികം ചിന്തിക്കാതെ സുബോധമുള്ള മനസ്സ് ഉണ്ടായിരിക്കാൻ തക്കവണ്ണം ചിന്തിക്കുക’ എന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മെ ബുദ്ധ്യുപദേശിക്കുന്നു. ‘സുബോധം’ ഉണ്ടായിരിക്കുക എന്നതിന്റെ അർഥം ന്യായബോധമുണ്ടായിരിക്കുക എന്നാണ്.
ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രധാനമാണ്. അവരുടെ മാതൃകയ്ക്കു മറ്റുള്ളവരുടെ മേൽ ശക്തമായ സ്വാധീനമുണ്ട്. സ്വാഭാവികമായും, ക്രിസ്തീയ സഭയിൽ സേവനപദവികൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവരും അവരുടെ ക്രിസ്തീയ ഭാര്യമാരും തങ്ങളുടെ വസ്ത്രധാരണത്തിലും ചമയത്തിലും മാന്യമായ, ആദരണീയമായ മനോഭാവം പ്രകടിപ്പിക്കുന്നു. കല്യാണ വിരുന്നിനെ കുറിച്ചുള്ള ഉപമയിൽ യേശു പരാമർശിച്ച മനുഷ്യനെ പോലെ ആയിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല: “വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു.” അത്തരം അനാദരസൂചകമായ വസ്ത്രം ധരിക്കാനുള്ള ന്യായമായ കാരണം അയാൾക്ക് ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ “രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏററവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.”—മത്തായി 22:11-13.
അതുകൊണ്ട് മാതാപിതാക്കൾ വാക്കിനാലും മാതൃകയാലും തങ്ങളുടെ മക്കളിൽ വസ്ത്രധാരണത്തെ കുറിച്ച് ആരോഗ്യകരമായ വീക്ഷണവും അഭിരുചിയും നട്ടുവളർത്തേണ്ടതു പ്രധാനമാണ്. അതിനാൽ മകനോടോ മകളോടോ ന്യായവാദം ചെയ്യുമ്പോൾ ചിലപ്പോൾ മാതാപിതാക്കൾ ദൃഢത പ്രകടിപ്പിക്കേണ്ടത് ആവശ്യമായിരിക്കാം. നമ്മുടെ കുട്ടികളുടെയും നമ്മുടെതന്നെയും വസ്ത്രധാരണത്തിലെയും പെരുമാറ്റത്തിലെയും ഉയർന്ന നിലവാരത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്തു പ്രശംസ ലഭിക്കുന്നത് എത്ര പ്രോത്സാഹജനകമാണ്!
അതേ, ഗർവ്, വിലകൂടിയ ഫാഷൻ വസ്ത്രങ്ങളോടും തന്നോടുതന്നെയുമുള്ള ഭ്രമം എന്നിവയിൽ നിന്ന് യഹോവയുടെ സാക്ഷികൾ വിമുക്തരാക്കപ്പെട്ടിരിക്കുന്നു. അവരെ നയിക്കുന്നതു ദിവ്യ തത്ത്വങ്ങളാണ് അല്ലാതെ ലോകത്തിന്റെ ആത്മാവല്ല. (1 കൊരിന്ത്യർ 2:12) നിങ്ങൾ ഈ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല. നന്നായി തിരഞ്ഞെടുത്ത ഒരു ഫ്രെയിം ചിത്രത്തിന്റെ ഭംഗി വർധിപ്പിക്കുന്നതുപോലെ, നന്നായി തിരഞ്ഞെടുത്ത വസ്ത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തിനു മാറ്റുകൂട്ടുന്നു. നിങ്ങൾ എത്രത്തോളം ദൈവത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവോ നിങ്ങളുടെ ആത്മീയ സൗന്ദര്യം അത്രയധികം വർധിക്കും, നിങ്ങളുടെ വസ്ത്രശേഖരത്തിനു നൽകാൻ കഴിയാത്ത ഒന്നുതന്നെ.