ഞങ്ങളുടെ വായനക്കാരിൽനിന്ന്
ദാരിദ്ര്യത്തിന്റെ അന്ത്യം “ദാരിദ്ര്യത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു” എന്ന ലേഖന പരമ്പരയോടുകൂടിയ 1998 ജൂൺ 8 ലക്കം ഉണരുക!യ്ക്കു വളരെ നന്ദി. അതു കാര്യാദികളെ നേരായി അവതരിപ്പിക്കുകയും ഒരു പരാതിക്കാരൻ ആയിരിക്കാനുള്ള എന്റെ പ്രവണതയെ കുറിച്ച് എന്നെ ബോധവാനാക്കുകയും ചെയ്തു. തൊഴിലില്ലാത്ത എനിക്ക് ആവശ്യത്തിൽ കവിഞ്ഞ പണം എന്നു പറയാൻ വളരെയൊന്നും ഇല്ല. ഞാൻ ദരിദ്രൻ ആണെന്നായിരുന്നു എന്റെ വിചാരം. എന്നാൽ ഒരിക്കലും അങ്ങനെയല്ല! എന്നെക്കാൾ കഷ്ടത്തിലായിരിക്കുന്ന മറ്റാളുകൾ ഉണ്ടെന്ന് ആ ലേഖനം പ്രകടമാക്കുന്നു. ആഹാരം, വസ്ത്രം, നല്ല ആരോഗ്യം ഏറ്റവും പ്രധാനമായി യഹോവയുമായുള്ള ബന്ധം എന്നിങ്ങനെ എനിക്ക് ഇപ്പോൾതന്നെ ഉള്ള സംഗതികൾക്കു ഞാൻ നന്ദി ഉള്ളവൻ ആയിരിക്കണം. ദാരിദ്ര്യം അവസാനിച്ചു കാണാൻ ഞാൻ കാത്തിരിക്കുകയാണ്. പരാതി പറയുന്നതു നിർത്തിയിട്ട് യഹോവയുടെ രാജ്യം അന്വേഷിക്കുന്നതിൽ തുടരാനാണ് എന്റെ ദൃഢനിശ്ചയം.
സി. ഡബ്ലിയു., ന്യൂസിലൻഡ്
ബ്രഹ്മചര്യം ഞാൻ നിങ്ങളുടെ മാസികകൾ വായിക്കാൻ തുടങ്ങിയിട്ടു കുറച്ചു വർഷങ്ങളായി. “ബൈബിളിന്റെ വീക്ഷണം: ബ്രഹ്മചര്യം ക്രിസ്തീയ ശുശ്രൂഷകർക്കുള്ള ഒരു നിബന്ധനയോ?” (ജൂൺ 8, 1998) എന്ന ലേഖനത്തിൽ കത്തോലിക്കാ സഭയിലെ ഉപദേശങ്ങളെ കുറിച്ചു നിങ്ങൾ പക്ഷപാതപരമായി റിപ്പോർട്ടു ചെയ്തതിനെതിരെ ഞാൻ പ്രതിഷേധിക്കുന്നു. കത്തോലിക്കാ സഭയിൽ “അടിച്ചേൽപ്പിക്കുന്ന ബ്രഹ്മചര്യം” എന്നൊന്നില്ല! സ്വമേധയാ തിരഞ്ഞെടുക്കുന്ന ബ്രഹ്മചര്യം മാത്രമേ അവിടെ ഉള്ളൂ, ചില തൊഴിലുകൾക്കുള്ളൊരു നിബന്ധനയാണത്. ബ്രഹ്മചര്യം സ്വീകരിക്കാൻ തങ്ങളെ നിർബന്ധിച്ചു എന്നു പറയുന്നവർ നുണ പറയുകയാണ്.
ആർ. ജി., ജർമനി
അടിച്ചേൽപ്പിക്കുന്ന ബ്രഹ്മചര്യം, ബ്രഹ്മചാരികൾ ആയിരിക്കാൻ ആളുകൾ നിർബന്ധിക്കപ്പെടുന്നു എന്നീ പദപ്രയോഗങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസം ഉണ്ടെന്നാണു ഞങ്ങൾ കരുതുന്നത്. ഉദാഹരണത്തിന്, ഒരു സ്ഥാപനം അതിലെ ജോലിക്കാർക്കായി ഒരു പ്രത്യേക വസ്ത്രധാരണ രീതി നിഷ്കർഷിച്ച് അതു പിന്തുടരാൻ സമ്മതിക്കുന്നവരെ മാത്രം ജോലിക്കെടുക്കുകയും അല്ലാത്തവരെ പിരിച്ചുവിടുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോൾ ആ സ്ഥാപനത്തിന് “അടിച്ചേൽപ്പിക്കുന്ന” ഒരു വസ്ത്രധാരണ രീതി ഉണ്ടെന്നു പറയാനാകും. സമാനമായ അർഥത്തിൽ, കത്തോലിക്കാ പുരോഹിതന്മാർക്കിടയിൽ “അടിച്ചേൽപ്പിക്കുന്ന ബ്രഹ്മചര്യം” ഉണ്ടെന്നു പറയുക സാധ്യമാണ്. എന്നുവരികിലും, ക്രിസ്തീയ ശുശ്രൂഷകർക്കുള്ള ഒരു നിബന്ധനയായി ബ്രഹ്മചര്യത്തെ കണക്കാക്കുന്നതിനു തിരുവെഴുത്തുപരമായ അടിസ്ഥാനം ഇല്ലെന്നായിരുന്നു ഞങ്ങളുടെ ലേഖനം മുഖ്യമായും വ്യക്തമാക്കിയത്. (1 തിമൊഥെയൊസ് 3:2) ഏകാകിത്വം സ്വീകരിക്കുന്നവരെ വിമർശിക്കുന്നതിനു പകരം, ഏകാകിത്വം “ചിലരെ സംബന്ധിച്ചിടത്തോളം. . .പ്രതിഫലദായകവും ആത്മീയമായി തൃപ്തികരവുമായ ഒരു ജീവിതരീതിയാണെന്നു തെളിഞ്ഞിരിക്കുന്നു” എന്ന് ആ ലേഖനം പ്രസ്താവിച്ചു.—പത്രാധിപർ
രണ്ടു പിതാക്കന്മാർ—ആരെ വേണമെന്ന എന്റെ തിരഞ്ഞെടുപ്പ് എന്റെ സ്കൂളിൽ പഠിച്ചിരുന്ന ഒരു വ്യക്തിയിൽനിന്നാണു ഞാൻ ദൈവവചനത്തിലെ സത്യം മനസ്സിലാക്കിയത്. അപ്പോൾ എനിക്കു 14 വയസ്സ് ഉണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ, വിശേഷിച്ചു പിതാവ്, ഞാൻ ബൈബിൾ പഠിക്കുന്നതിനെ എതിർത്തു. ആശ്വാസകരമെന്നു പറയട്ടെ, വീട്ടിൽനിന്ന് ഇറക്കിവിടാനുള്ള തന്റെ തീരുമാനം അദ്ദേഹം ഒരിക്കലും നടപ്പാക്കിയില്ല. സഹിച്ചുനിന്ന ഞാൻ അഞ്ചു വർഷം മുമ്പു സ്നാപനമേറ്റു. ആ ലേഖനത്തിലെ സഹോദരന്റെ കാര്യത്തിലെന്നപോലെ (ജൂൺ 8, 1998), യഹോവയുടെ നീതി വസിക്കുന്ന പുതിയ ലോകത്തിൽ ജീവിക്കാനുള്ള എന്റെ പ്രത്യാശ ഒരിക്കൽ എന്റെ മാതാപിതാക്കളും പങ്കുവെക്കും എന്നാണ് എന്റെ പ്രതീക്ഷ.
ഡബ്ലിയു. എസ്. എൽ., ബ്രസിൽ
ആ ലേഖനം വായിച്ചപ്പോൾ എന്റെ കണ്ണ് ഈറനണിഞ്ഞു. എന്റെ വിശ്വാസങ്ങളെ അങ്ങേയറ്റം എതിർക്കുന്ന ആളാണ് എന്റെ പപ്പാ. ഇടയ്ക്കിടെ ഞങ്ങൾ തമ്മിൽ സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടെങ്കിലും, ബൈബിളെന്നോ യഹോവയുടെ സാക്ഷികൾ എന്നോ കേൾക്കുമ്പോൾ പപ്പാ കലിതുള്ളുന്നത് എനിക്കു ഭയങ്കര പേടിയാണ്. പല പ്രാവശ്യം പപ്പാ എന്നെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, അത്തരം സമ്മർദങ്ങൾക്കു മധ്യേ പോലും ഉറച്ചുനിൽക്കാൻ ആ ലേഖനം എനിക്കു പ്രോത്സാഹനമേകി.
ഐ. എച്ച്., ജർമനി
ആ ലേഖനം ശരിക്കും എന്നെ സ്പർശിച്ചു. ഞാൻ മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിൽ വളർന്നുവന്നതിനാൽ, പ്രയാസമേറിയ അത്തരം ഒരു തിരഞ്ഞെടുപ്പു നടത്താൻ നിർബന്ധിതനായ ആ യുവാവിന്റെ വൈകാരിക വേദന എനിക്കു മനസ്സിലാക്കാൻ കഴിയും.
എ. എം., ഇറ്റലി
ഫൈബ്രോമയാൾജിയ “ഫൈബ്രോമയാൾജിയയെ മനസ്സിലാക്കലും പൊരുത്തപ്പെട്ടു ജീവിക്കലും” (ജൂൺ 8, 1998) എന്ന ലേഖനത്തിനു വളരെ നന്ദി. ആറു വർഷമായി ഞാൻ ഫൈബ്രോമയാൾജിയയുടെ ഇരയാണ്. ഈ ലേഖനം പൂർണവും കൃത്യവും ആണ്. കൂടാതെ ചതുരത്തിലെ തിരുവെഴുത്തുകളും എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു.
എൻ. എം., ഐക്യനാടുകൾ
ഈ ലേഖനം ഗണ്യമായ പ്രതികരണം ഉയർത്തിയിരിക്കുന്നു. ഒരു ഭാവി ലക്കത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കാനാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.—പത്രാധിപർ