മാതാപിതാക്കൾക്ക് സവിശേഷമായ ഒരു കത്ത്
സ്പെയിനിലെ കൗമാരപ്രായത്തിലുള്ള രണ്ടു പെൺകുട്ടികൾ അടുത്തയിടെ തങ്ങളുടെ മാതാപിതാക്കളായ പെപ്പെയ്ക്കും ബിഥേന്റായ്ക്കും വിലമതിപ്പു പ്രകടമാക്കിക്കൊണ്ടുള്ള ഒരു കത്ത് അയച്ചു. അതിലെ ചില ഭാഗങ്ങൾ ഇതാ:
എത്രയും പ്രിയപ്പെട്ട മമ്മിയും ഡാഡിയും അറിയുന്നതിന്:
എങ്ങനെ തുടങ്ങണം എന്നു ഞങ്ങൾക്ക് അറിയില്ല. ഒത്തിരിയൊത്തിരി കാര്യങ്ങൾ ഞങ്ങൾക്കു പറയാനുണ്ട്. ഏതാനും വാക്കുകളിൽ അതു ചുരുക്കിയെഴുതാൻ ബുദ്ധിമുട്ടാണ്. ഇക്കാലമത്രയും ഞങ്ങൾക്കു നൽകിയ സ്നേഹത്തിനും പരിപാലനത്തിനും നന്ദി.
നിങ്ങളുടെ അഭിപ്രായങ്ങളും നിബന്ധനകളും ഞങ്ങൾക്ക് എപ്പോഴും അറിയാമായിരുന്നു. പറയുന്ന സമയത്തുതന്നെ വീട്ടിൽ എത്തിക്കൊള്ളണമെന്നുള്ളത് എന്തുകൊണ്ടാണ് എന്നു ഞങ്ങൾ ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ തന്നിഷ്ടത്തിനു വിട്ടിരുന്ന മറ്റു കുട്ടികളുടെ ഗതി കണ്ടശേഷം ആ നിയമങ്ങളെല്ലാം ഞങ്ങൾക്കു സംരക്ഷണം ആയിരുന്നതായി ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു.
രാജ്യഹാളിലെ ഒരൊറ്റ ക്രിസ്തീയ യോഗം പോലും ന്യായമായ കാരണങ്ങൾ ഇല്ലാതെ നിങ്ങൾ ഒരിക്കലും മുടക്കാറില്ലല്ലോ. ഇക്കാര്യത്തിൽ നിങ്ങൾ വെച്ചിട്ടുള്ള മാതൃകയും ഞായറാഴ്ചകളിൽ നിങ്ങളുമൊത്തുള്ള പ്രസംഗപ്രവർത്തനവും ഞങ്ങളെ വളരെ സഹായിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ നമ്മൾ വയൽസേവനത്തിനു പോകുന്നുണ്ടോ എന്നു ഞങ്ങൾക്ക് ഒരിക്കലും ചോദിക്കേണ്ടി വരാറില്ല. കാരണം പോകുമെന്നു ഞങ്ങൾക്ക് ഉറപ്പാണ്!
ആതിഥ്യമര്യാദയുള്ളവർ ആയിരിക്കാനും നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. പലരും നമ്മുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഉള്ളതിൽ ഏറ്റവും മെച്ചമായതാണ് നിങ്ങൾ അതിഥികൾക്കു നൽകാറുള്ളത്. കുഞ്ഞുന്നാളിലേ ഞങ്ങൾ അതു കണ്ടിരിക്കുന്നു. ഇത്ര നല്ല മമ്മിയെയും ഡാഡിയെയും ലഭിച്ചതിൽ ഞങ്ങൾ വിലമതിപ്പുള്ളവരാണ്.
നിങ്ങൾക്കു ഞങ്ങളെ അറിയാവുന്നതുപോലെ മറ്റാർക്കും ഞങ്ങളെ അറിയില്ല, നിങ്ങൾ ഞങ്ങളെ മനസ്സിലാക്കുന്നതുപോലെ മറ്റാരും ഞങ്ങളെ മനസ്സിലാക്കില്ല. നിങ്ങൾ ഞങ്ങളുടെ ഉത്തമ സുഹൃത്തുക്കളാണ്. ഞങ്ങൾക്കു നിങ്ങളിൽ പൂർണ വിശ്വാസമുണ്ട്.
ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. ലോകത്തിലുള്ള മറ്റാരും നിങ്ങൾക്കു പകരമാവില്ല. മാതാപിതാക്കളെയും ജീവിതരീതിയെയും തിരഞ്ഞെടുക്കാൻ ഇനിയൊരു അവസരം കിട്ടിയാൽ തീർച്ചയായും നിങ്ങളോടൊപ്പമുള്ള ഒരു ജീവിതംതന്നെ ആയിരിക്കും ഞങ്ങൾ തിരഞ്ഞെടുക്കുക.
മമ്മിക്കും ഡാഡിക്കും ഞങ്ങളുടെ ആയിരമായിരം മുത്തങ്ങൾ
എന്ന് സ്വന്തം എസ്മെറാൾഡായും യോലാൻഡയും