സീനായി പർവതം—മണലാരണ്യത്തിലെ മാണിക്യം
പാരമ്പര്യത്തിന്റെ പ്രൗഢിയോടെ നിൽക്കുന്ന സീനായി പർവതം ആദ്യമായി കണ്ടപ്പോഴത്തെ ഹർഷോന്മാദം ജീവിതത്തിൽ ഒരിക്കലും എനിക്കു മറക്കാനാവില്ല. ഈജിപ്തിലെ സീനായി ഉപദ്വീപിലുള്ള ചുട്ടുപഴുത്ത, പൊടിപാറുന്ന പ്രദേശത്തു കൂടി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ. പൊടുന്നനെയാണ് ഞങ്ങളുടെ മുന്നിൽ വിശാലമായ ആർ-രാച്ചാ സമഭൂമി പ്രത്യക്ഷപ്പെട്ടത്. അവിടെ, ആ സമഭൂമിയിൽ, ഭയഗംഭീര ഭാവത്തോടെ സീനായി പർവതം തല ഉയർത്തി നിന്നു. മണലാരണ്യത്തിൽ ഉറപ്പിച്ചു വെച്ചിരിക്കുന്ന ഒരു മാണിക്യം ആണ് അത് എന്നു ഞങ്ങൾക്കു തോന്നി. ഇതേ പർവതത്തിൽ വെച്ചായിരിക്കാം ദൈവം മോശെയ്ക്കു ന്യായപ്രമാണം കൊടുത്തത് എന്ന ചിന്ത എന്നെ എത്ര പുളകിതനാക്കിയെന്നോ!
ബൈബിളിലെ സീനായി പർവതത്തിന്റെ കൃത്യ സ്ഥാനത്തെ ചൊല്ലി ഇപ്പോഴും ചില തർക്കങ്ങൾ നിലവിലുണ്ട്. എങ്കിലും, വിഖ്യാതമായ ആ പർവതം ഇതുതന്നെയാണ് എന്ന വിശ്വാസത്തിൽ അനേക നൂറ്റാണ്ടുകളായി തീർഥാടകർ ഇവിടെ വരാറുണ്ട്. പൊ.യു. 3-ാം നൂറ്റാണ്ടിൽ, പുറംലോകവുമായുള്ള സർവബന്ധവും വിച്ഛേദിച്ച് മതപരമായ ചിന്തകളിൽ മാത്രം മുഴുകി ജീവിക്കുക എന്ന ഉദ്ദേശ്യത്തിൽ സന്ന്യാസിമാർ ഇവിടെ എത്തിച്ചേർന്നു. ആറാം നൂറ്റാണ്ടിൽ, ബിസാന്റിയത്തിലെ ചക്രവർത്തിയായ ജസ്റ്റിനിയൻ ഒന്നാമൻ ഈ പ്രദേശത്ത് കോട്ട സമാനമായ ഒരു സന്ന്യാസ ആശ്രമം പണിയാൻ കൽപ്പന പുറപ്പെടുവിക്കുകയുണ്ടായി. സന്ന്യാസിമാരെ സംരക്ഷിക്കുന്നതിനും ആ പ്രദേശത്തു റോമൻ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനും വേണ്ടിയായിരുന്നു ഈ നടപടി. ഇപ്പോൾ സെന്റ് കാതറിൻസ് എന്ന പേരിൽ അറിയപ്പെടുന്ന ആ സന്ന്യാസ ആശ്രമം പരമ്പരാഗതമായ സീനായി പർവതത്തിന്റെ അടിവാരത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു. സീനായി പർവതത്തിലേക്കുള്ള പ്രയാണത്തിൽ എന്റെ കൂടെ വരുന്നതിനെ കുറിച്ച് എന്തു പറയുന്നു?
പർവതത്തിലൂടെ പര്യടനം നടത്തുന്നു
ഉണങ്ങിവരണ്ട താഴ്വരയിലൂടെ ഞങ്ങൾ യാത്ര ചെയ്യുകയാണ്. അവസാനം, ഞങ്ങളുടെ ബെഡോവൻ ടാക്സി ഡ്രൈവർ എന്നെയും സുഹൃത്തിനെയും സന്ന്യാസ ആശ്രമത്തിനു തൊട്ടുതാഴെ ഇറക്കുന്നു. ചെങ്കുത്തായ പാറക്കൂട്ടങ്ങൾ ആ പ്രദേശത്തിനു കാവൽ നിൽക്കുന്നതു പോലെ തോന്നിക്കുന്നു. സന്ന്യാസ ആശ്രമത്തിന്റെ മതിലുകളോടു ചേർന്നു നിരനിരയായി നിൽക്കുന്ന വൃക്ഷങ്ങളും അവിടത്തെ പച്ചപുതച്ച ഉദ്യാനവും സ്വാഗതമോതുന്ന ഒരു കാഴ്ച തന്നെ ആണ്. എങ്കിലും, ഞങ്ങൾ അവിടെ കയറാതെ മുന്നോട്ടു നടക്കുകയാണ് കാരണം, തെക്കുള്ള കൊടുമുടിയിൽ കയറുക ആണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യം. അവിടെ ഒരു രാത്രി തമ്പടിക്കാനും ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നു. “മോശെയുടെ പർവതം” എന്നർഥം വരുന്ന ജെബൽ മൂസ എന്ന ഈ കൊടുമുടിയെ പണ്ടുമുതലേ സീനായി പർവതവുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്.
രണ്ടു മണിക്കൂർ നടന്ന് ഞങ്ങൾ ഏലീയാവിന്റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേരുന്നു. മൂന്നു കിലോമീറ്റർ നീളം വരുന്ന സീനായി പർവതനിരയെ രണ്ടായി പകുത്തുകൊണ്ടു കടന്നു പോകുന്ന ഒരു ചെറിയ താഴ്വരയാണിത്. ഏലീയാവ് ദൈവത്തിന്റെ ശബ്ദം കേട്ടത് അവിടെ അടുത്തുള്ള ഒരു ഗുഹയിൽ വെച്ചായിരുന്നു എന്നാണു പരമ്പരാഗത വിശ്വാസം. (1 രാജാക്കന്മാർ 19:8-13) കിതപ്പ് ഒന്നടങ്ങാനായി ഞങ്ങൾ 500 വർഷം പഴക്കമുള്ള ഒരു സൈപ്രസ് വൃക്ഷത്തിന്റെ തണലിൽ അഭയം തേടുന്നു. അവിടെ പുരാതനമായ ഒരു കിണറും ഉണ്ട്. ആ കിണറ്റിലെ തണുത്ത, പളുങ്ക് പോലെയുള്ള വെള്ളം സൗഹൃദമനസ്കനായ ഒരു ബെഡോവൻ ഞങ്ങൾക്കു നൽകുന്നു. ഞങ്ങൾ അത് എത്ര ആസ്വദിക്കുന്നുവെന്നോ!
വിനോദസഞ്ചാരികൾ സാധാരണ സഞ്ചരിക്കാറുള്ള പാതയിലൂടെ പർവതത്തിന്റെ നെറുക ലക്ഷ്യമാക്കി ഞങ്ങൾ വീണ്ടും നടപ്പ് ആരംഭിക്കുന്നു. 750 കൽപ്പടവുകൾ താണ്ടി അവിടെ എത്തിച്ചേരാൻ 20 മിനിട്ടു നേരത്തെ പരിശ്രമം വേണ്ടി വരുന്നു. അവിടെ ഒരു ചെറിയ പള്ളി ഉണ്ട്. മോശെയ്ക്കു ന്യായപ്രമാണം ലഭിച്ച അതേസ്ഥാനത്താണു പള്ളി പണിതിരിക്കുന്നത് എന്നു സന്ന്യാസിമാർ ഞങ്ങളോടു തറപ്പിച്ചു പറയുന്നു. പള്ളിയോടു തൊട്ടുചേർന്നു പാറയിൽ ഒരു പിളർപ്പുണ്ട്. ദൈവം കടന്നുപോയപ്പോൾ മോശെ മറഞ്ഞിരുന്നത് അവിടെ ആണ് എന്നും അവർ അവകാശപ്പെടുന്നു. (പുറപ്പാടു 33:21-23) പക്ഷേ, ഈ സ്ഥലങ്ങളുടെ കൃത്യസ്ഥാനം ആർക്കുമറിയില്ല എന്നതാണു വാസ്തവം. അതെന്തുമാകട്ടെ, ഇത്ര മുകളിൽ നിന്നുള്ള കാഴ്ച അതിഗംഭീരം തന്നെയാണ്! അങ്ങു താഴെ, പാറകൾ ചിതറിക്കിടക്കുന്ന സമഭൂമിക്കു പിന്നിൽ ഒന്നിനുപിറകേ ഒന്നായി ഉയർന്നു നിൽക്കുന്ന ചെങ്കൽ പർവത നിരകളിൽ ഞങ്ങളുടെ കണ്ണുകൾ ഉടക്കുന്നു. തെക്കുപടിഞ്ഞാറു ഭാഗത്തായി ജെബൽ കാതറിന അല്ലെങ്കിൽ കാതറിൻ പർവതം 2,637 മീറ്റർ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്നു. അതിന്റെ ശൃംഗമാണ് ആ പ്രദേശത്തെ ഏറ്റവും ഉയർന്ന സ്ഥാനം.
തൊട്ടടുത്തുള്ള റാസ് റ്റ്സാഫ്റ്റ്സാഫാ കയറുന്നു
മറ്റൊരു ദിവസം ഞങ്ങൾക്കു റാസ് റ്റ്സാഫ്റ്റ്സാഫാ കൊടുമുടിയിൽ കയറാനുള്ള അവസരം ലഭിക്കുന്നു. ജെബൽ മൂസ സ്ഥിതി ചെയ്യുന്ന, മൂന്നു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന അതേ പർവതനിരയിലെ മറ്റൊരു കൊടുമുടിയാണ് റാസ് റ്റ്സാഫ്റ്റ്സാഫാ. ജെബൽ മൂസയെക്കാൾ അൽപ്പം ഉയരം കുറഞ്ഞ റാസ് റ്റ്സാഫ്റ്റ്സാഫായുടെ സ്ഥാനം വടക്കാണ്. റാസ് റ്റ്സാഫ്റ്റ്സാഫാ ആർ-രാച്ചാ സമഭൂമിയിൽ നിന്നു കുത്തനെ ഉയർന്നുനിൽക്കുന്നു. യഹോവയിൽ നിന്നു ന്യായപ്രമാണം സ്വീകരിക്കുന്നതിനായി മോശെ പർവതത്തിൽ കയറിപ്പോയപ്പോൾ ഇസ്രായേല്യർ പാളയമിറങ്ങിയത് ഇതേ സമഭൂമിയിൽ ആയിരുന്നിരിക്കണം.
ചെറിയ കൊടുമുടികളും താഴ്വരകളും ഉള്ള ഒരു ഭൂപ്രദേശത്തു കൂടിയാണു ഞങ്ങൾ റാസ് റ്റ്സാഫ്റ്റ്സാഫായിലേക്കു പോകുന്നത്. അതിലെ നടന്നുപോകവെ, ഉപേക്ഷിക്കപ്പെട്ട അനേകം ചാപ്പലുകളും ഉദ്യാനങ്ങളും അടുത്തെങ്ങും മനുഷ്യഗന്ധമേൽക്കാത്ത നീരുറവകളും ഞങ്ങൾ കാണുന്നു. നൂറിലധികം സന്ന്യാസിമാരും യോഗികളും ഈ പ്രദേശത്തു ഗുഹകളിലും ശിലാഅറകളിലും ഒക്കെയായി പാർത്തിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളാണ് ഇവ. ഇപ്പോൾ ഇവിടെ ആകെ ഒരു സന്ന്യാസി മാത്രമാണ് ഉള്ളത്.
അവിചാരിതമായി ഈ സന്ന്യാസിയെ ഞങ്ങൾ ഒരു പൂന്തോട്ടത്തിൽ കാണുന്നു. വളരെ ഉയരത്തിൽ മുള്ളുകമ്പിവേലി കെട്ടിയ ആ പൂന്തോട്ടത്തിന്റെ അകത്തു പ്രവേശിക്കാൻ അദ്ദേഹം ഞങ്ങൾക്ക് അനുവാദം തരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി അദ്ദേഹം അവിടെയാണു ജോലി ചെയ്യുന്നത് എന്നും താഴെയുള്ള സന്ന്യാസ ആശ്രമത്തിലേക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രമേ പോകാറുള്ളു എന്നും ഞങ്ങളോടു വിശദീകരിക്കുന്നു. റാസ് റ്റ്സാഫ്റ്റ്സാഫായിലേക്കു പോകാനുള്ള വഴിയും അദ്ദേഹം ഞങ്ങൾക്കു കാണിച്ചു തരുന്നു. അങ്ങനെ, ഞങ്ങൾ വീണ്ടും മുകളിലേക്കുള്ള ആയാസകരമായ കയറ്റം തുടരുകയാണ്. ഒടുവിൽ, ലക്ഷ്യസ്ഥാനത്ത്, ചുറ്റുപാടുമുണ്ടായിരുന്ന എല്ലാ കൊടുമുടികളെക്കാളും ഉയരത്തിൽ, ഞങ്ങൾ എത്തിച്ചേരുന്നു. അവിടെ നിന്നുകൊണ്ട് അങ്ങു താഴെയുള്ള വിശാലമായ ആർ-രാച്ചാ സമഭൂമി ഞങ്ങൾ വീക്ഷിക്കുന്നു. പ്രത്യേകിച്ചും ഈ സ്ഥാനത്തു നിൽക്കുമ്പോൾ, ദൈവസന്നിധിയിൽ നിൽക്കാനായി ഇവിടേക്കാണ് മോശെ ഇസ്രായേല്യ പാളയത്തിൽ നിന്നും കയറിവന്നത് എന്നത് എനിക്കു ഭാവനയിൽ കാണാനാകുന്നു. 30 ലക്ഷം വരുന്ന ഇസ്രായേല്യർ “പർവതത്തിന്റെ മുൻവശത്ത്” വിശാലമായ സമഭൂമിയിൽ കൂടിവരുന്ന ചിത്രം എന്റെ മനസ്സിൽ തെളിയുന്നു. പത്തു കൽപ്പനകൾ എഴുതിയ രണ്ടു കൽപ്പലകകളുമായി മോശെ സമീപത്തുള്ള ഒരു മലയിടുക്ക് ഇറങ്ങി പോകുന്നതും എന്റെ മനോമുകുരത്തിൽ എനിക്കു വ്യക്തമായി കാണാം.—പുറപ്പാട് 19:2, NW; 20:18; 32:15.
സൂര്യൻ ചക്രവാളത്തിൽ മറയവെ, ഞങ്ങൾ കൂടാരത്തിലേക്കു പതിയെ പിൻവാങ്ങുന്നു. മലകയറ്റം ഏറെ ആയാസകരമായിരുന്നു എങ്കിലും അത് ശ്രമത്തിനു തക്ക മൂല്യമുള്ളത് ആയിരുന്നതിന്റെ നിർവൃതിയിലാണു ഞങ്ങൾ. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്, ഈ പ്രദേശത്തു മോശെയ്ക്കുണ്ടായ അനുഭവങ്ങളെ കുറിച്ചുള്ള പുറപ്പാടിലെ വിവരണം ചെറുതീയുടെ അരണ്ട വെളിച്ചത്തിൽ ഞങ്ങൾ വായിക്കുന്നു. പിറ്റേന്ന് ഉച്ചയാകാറായപ്പോൾ ഞങ്ങൾ സെന്റ് കാതറിൻസ് സന്ന്യാസ ആശ്രമത്തിലെത്തുന്നു.
സന്ന്യാസ ആശ്രമത്തിനകത്ത്
ക്രൈസ്തവലോകത്തിലെ അതിപ്രധാന സ്മാരകങ്ങളിൽ ഒന്നായാണു സെന്റ് കാതറിൻസിനെ കരുതിപ്പോരുന്നത്. ഗ്രീക്ക് ഓർത്തഡോക്സ് സന്ന്യാസിമാർ നടത്തുന്ന ഈ ആശ്രമം അതു സ്ഥിതി ചെയ്യുന്ന സ്ഥാനത്തിനു മാത്രമല്ല, അതിലെ പ്രതിമകൾക്കും ഗ്രന്ഥശാലയ്ക്കും ഏറെ പേരുകേട്ടതാണ്. അതിന്റെ ചരിത്രത്തിൽ ഏറിയ പങ്കും അതു വളരെ ഒറ്റപ്പെട്ട അവസ്ഥയിൽ സ്ഥിതി ചെയ്തിരുന്നതിനാൽ, സന്ദർശകരുടെ ആഗമനം അപൂർവവും സ്വാഗതാർഹവുമായ ഒരു സംഭവം ആയിരുന്നു. സന്ന്യാസിമാർ അതിഥികളെ ആലിംഗനം ചെയ്യുകയും ഹാർദമായി ചുംബിക്കുകയും എന്തിന്, അവരുടെ പാദങ്ങൾ കഴുകുക പോലും ചെയ്യുമായിരുന്നു. സന്ന്യാസ ആശ്രമത്തിന്റെ 14 മീറ്റർ ഉയരത്തിലുള്ള മതിൽക്കെട്ടിനുള്ളിൽ ഉണ്ടായിരുന്ന അനേകം കെട്ടിടങ്ങളിൽ അവർക്കു യഥേഷ്ടം ചുറ്റിത്തിരിഞ്ഞു നടക്കാമായിരുന്നു. ‘ഒരാഴ്ചയോ ഒരു മാസമോ ഇഷ്ടമുള്ള അത്രയും കാലമോ താമസിച്ചിട്ടു പോയാൽ മതി’ എന്നായിരുന്നു ആദരവു കലർന്ന സ്വരത്തിൽ സന്ന്യാസിമാർ മിക്കപ്പോഴും പറയുക. ഇപ്പോൾ പക്ഷേ, അവിടെ ഉള്ള ഏകദേശം ഒരു ഡസൻ സന്ന്യാസിമാർക്ക് ഇത്രയും ആതിഥ്യമര്യാദ കാണിക്കാൻ നിർവാഹമില്ല. പ്രതിവർഷം 50,000 സന്ദർശകരാണ് ഇപ്പോൾ സന്ന്യാസ ആശ്രമം കാണാൻ എത്തുന്നത്.
വമ്പിച്ച തിരക്ക് അനുഭവപ്പെടുന്നതിനാൽ, സന്ദർശനസമയം ഒരു ദിവസത്തിൽ മൂന്നു മണിക്കൂറായി പരിമിതപ്പെടുത്തിയിരിക്കുകയാണ്, അതും ആഴ്ചയിൽ അഞ്ചു ദിവസം മാത്രം. വിനോദസഞ്ചാരികൾക്കു സന്ന്യാസ ആശ്രമത്തിന്റെ ഒരു ചെറിയ ഭാഗത്തു മാത്രമാണു പ്രവേശനമുള്ളത്—മോശെയുടെ കിണർ (ഇവിടെ വെച്ചാണ് മോശെ തന്റെ പ്രതിശ്രുത വധുവിനെ കണ്ടുമുട്ടിയത് എന്നാണ് ഐതിഹ്യം) ഉള്ള നടുമുറ്റത്തും മറുരൂപ പള്ളിയിലും (ഇപ്പോഴും ശുശ്രൂഷ നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും പുരാതന പള്ളി എന്ന ഖ്യാതി ഇതിനുണ്ട്) ഒരു പുസ്തകക്കടയിലും. ഇതുകൂടാതെ, കത്തുന്ന മുൾപ്പടർപ്പ് ചാപ്പലും സന്ദർശകരെ കാണിക്കാറുണ്ട്. ദൈവത്തിന്റെ സാന്നിധ്യത്തിനു മോശെ ആദ്യമായി സാക്ഷ്യം വഹിച്ച അതേ സ്ഥാനം തന്നെയാണ് ഇതെന്ന് സന്ന്യാസിമാർ വിനോദസഞ്ചാരികളോടു പറയുന്നു. ഭൂമിയിലേക്കും ഏറ്റവും പരിപാവനമായ സ്ഥലമായി സന്ന്യാസിമാർ ഈ സ്ഥാനത്തെ വീക്ഷിക്കുന്നതു കൊണ്ട്, മോശെയോടു ദൈവം ആവശ്യപ്പെട്ടതു പോലെ തന്നെ ഇവിടം സന്ദർശിക്കുന്നവരോടും ചെരിപ്പുകൾ ഊരി മാറ്റാൻ ആവശ്യപ്പെടുന്നു.—പുറപ്പാടു 3:5
സന്ന്യാസ ആശ്രമത്തിലെ പ്രസിദ്ധമായ ലൈബ്രറി സന്ദർശിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. പക്ഷേ, അത് ഒരു നോക്കു കാണാൻ കൂടി അനുവദിക്കാതിരുന്നപ്പോൾ ഞങ്ങൾ നിരാശരായി എന്നു പറയേണ്ടതില്ലല്ലോ. ഞങ്ങളുടെ കാര്യം ഒന്നു പ്രത്യേകം പരിഗണിക്കണം എന്ന് അഭ്യർഥിക്കുമ്പോൾ ഗൈഡ് ഇങ്ങനെ പ്രതികരിക്കുന്നു: “നടക്കുന്ന പ്രശ്നമേയില്ല! ഏതാനും മിനിട്ടു കൂടി കഴിഞ്ഞാൽ ആശ്രമം അടയ്ക്കും.” എന്നാൽ കുറച്ചു കഴിഞ്ഞ്, ഞങ്ങൾ വിനോദയാത്രാ സംഘത്തിൽ നിന്ന് അകലെ ആയിരിക്കുമ്പോൾ ഗൈഡ് ഞങ്ങളോടു സ്വരം താഴ്ത്തി പറയുന്നു: “ഇതിലെ വരൂ!” കയറുകൾക്ക് അടിയിലൂടെ കുനിഞ്ഞുകടന്നു നടകൾ കയറി ഞങ്ങൾ ചെല്ലുന്നതു ലോകത്തിലെ അതിപുരാതനവും സുപ്രസിദ്ധവുമായ ലൈബ്രറികളിൽ ഒന്നിലേക്കാണ്! ഞങ്ങൾ കയറിച്ചെല്ലുന്നതു കണ്ട ഒരു ഫ്രഞ്ച് സന്ന്യാസി ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു. ഗ്രീക്കിലും അറബിയിലും സുറിയാനിയിലും ഈജിപ്ഷ്യനിലുമായി 4,500-ലധികം കൃതികളുടെ ഒരു ശേഖരം ഇവിടെ ഉണ്ട്. അതിമൂല്യവത്തായ കോഡക്സ് സൈനൈറ്റിക്കസും ഒരിക്കൽ ഈ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെട്ടിരുന്നു.—18-ാം പേജിലെ ചതുരം കാണുക.
വിഷാദമൂകമായ വിടവാങ്ങൽ
അവസാനം സന്ന്യാസ ആശ്രമത്തിന്റെ മതിൽക്കെട്ടിനു വെളിയിൽ അസ്ഥികൾ സൂക്ഷിച്ചിരിക്കുന്ന കെട്ടിടം കൂടി സന്ദർശിക്കുന്നതോടെ ഞങ്ങളുടെ ടൂർ സമാപനത്തിൽ എത്തുന്നു. തലമുറകളിലൂടെ ജീവിച്ചു സമാധിയടഞ്ഞ സന്ന്യാസിമാരുടെയും യോഗികളുടെയും അസ്ഥികൾ ഇവിടെ കൂമ്പാരം കൂട്ടി വെച്ചിരിക്കുകയാണ്. കാലിന്റെ അസ്ഥികൾ, കൈയുടെ അസ്ഥികൾ, തലയോടുകൾ തുടങ്ങിയവയെല്ലാം വെവ്വേറെ കൂനകളായി വെച്ചിരിക്കുന്നു. തലയോടുകളുടെ കൂമ്പാരം ഏകദേശം മച്ചു വരെ എത്തും. ഇത്ര ഭയാനകമായ ഒരു സ്ഥലത്തിന്റെ ആവശ്യം തന്നെ എന്താണ്? സന്ന്യാസിമാർക്കു തീരെ ചെറിയ ഒരു ശ്മശാനമാണ് ഉള്ളത്. അതുകൊണ്ട് ഒരാൾ മരിച്ചാൽ, കുഴിച്ചിടുന്നതിനായി ഏറ്റവും പഴക്കമുള്ള കുഴിമാടത്തിൽ നിന്നും അസ്ഥികൾ നീക്കം ചെയ്യുന്നത് അവരുടെ രീതിയാണ്. അസ്ഥികൾ സൂക്ഷിച്ചിരിക്കുന്ന ആ കെട്ടിടത്തിൽ, തന്റെ സഹകാരികളുടേതിനൊപ്പം ഒരിക്കൽ തന്റെ അസ്ഥികളും ചേരുമെന്ന് ഓരോ സന്ന്യാസിയും പ്രതീക്ഷിക്കുന്നു.
അങ്ങനെ ഞങ്ങളുടെ സന്ദർശനത്തിന് ഏതാണ്ടു വിഷാദമൂകമായ ഒരു പര്യവസാനം ഉണ്ടാകുന്നു. പക്ഷേ തീർച്ചയായും ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നു ഈ യാത്ര. ഉയരത്തിൽ നിന്നുള്ള ഗംഭീര കാഴ്ചകളും പ്രസിദ്ധിയാർജിച്ച സന്ന്യാസ ആശ്രമവും കാണാനിടയായതു ഞങ്ങൾ ആസ്വദിക്കുക തന്നെ ചെയ്തു. 3,500 വർഷം മുമ്പ് മോശെയും ഇസ്രായേല്യ ജനതയും നടന്നു നീങ്ങിയ അതേ വഴികളിലൂടെ ആണല്ലോ ഒരുപക്ഷേ ഞങ്ങളും നടന്നിട്ടുണ്ടാകുക എന്നോർക്കുമ്പോൾ ഞങ്ങൾക്കു സന്തോഷം അടക്കാനാകുന്നില്ല, അതേ, മണലാരണ്യത്തിലെ ഒരു മാണിക്യമായ സീനായി പർവതത്തിലൂടെ!—സംഭാവന ചെയ്യപ്പെട്ടത്.
[18-ാം പേജിലെ ചതുരം]
ഒരു സുപ്രധാന കണ്ടുപിടിത്തം
കഴിഞ്ഞ നൂറ്റാണ്ടിൽ ജർമൻ ബൈബിൾ പണ്ഡിതനായ കോൺസ്റ്റാന്റിൻ വോൺ ടിഷൻഡോർഫ്, സെന്റ് കാതറിൻസ് സന്ന്യാസ ആശ്രമത്തിൽ നാലാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ബൈബിൾ കൈയെഴുത്തു പ്രതി കണ്ടെത്തി. കോഡക്സ് സൈനൈറ്റിക്കസ് എന്ന പേരിലാണ് ഇപ്പോൾ അത് അറിയപ്പെടുന്നത്. ഗ്രീക്കു തിരുവെഴുത്തുകൾ മുഴുവനായും അതുപോലെ ഗ്രീക്ക് സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ നിന്നുമുള്ള എബ്രായ തിരുവെഴുത്തുകളുടെ അനേകം ഭാഗങ്ങളും അതിൽ ഉൾപ്പെടുന്നു. ഗ്രീക്കു തിരുവെഴുത്തുകളുടെ അറിയപ്പെടുന്ന സമ്പൂർണ പ്രതികളിൽ വെച്ച് ഏറ്റവും പഴക്കമേറിയ ഒരു കൈയെഴുത്തു പ്രതിയാണിത്.
“അനുപമമായ രത്നം” എന്ന് അദ്ദേഹം വിളിച്ച ഈ കൈയെഴുത്തു പ്രതിയുടെ ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ ടിഷൻഡോർഫ് ആഗ്രഹിച്ചു. ഈ കൈയെഴുത്തു പ്രതി റഷ്യയിലെ സാർ ചക്രവർത്തിയ്ക്കു കൈമാറാൻ സന്ന്യാസിമാരോടു താൻ നിർദേശിച്ചതായി ടിഷൻഡോർഫ് തന്നെ പറയുന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ സംരക്ഷണച്ചുമതല വഹിക്കുന്ന വ്യക്തി എന്ന നിലയിൽ ചക്രവർത്തിക്കു സന്ന്യാസ ആശ്രമത്തിന് അനുകൂലമായി തന്റെ സ്വാധീനം പ്രയോഗിക്കാൻ കഴിയുമായിരുന്നു.
ടിഷൻഡോർഫ് എഴുതിവെച്ചിട്ടു പോയ ഒരു കത്തിന്റെ പരിഭാഷ സന്ന്യാസ ആശ്രമത്തിന്റെ ചുവരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ‘ഹോളി കോൺഫ്രറ്റേണിറ്റി ഓഫ് മൗണ്ട് സൈനൈ ആവശ്യപ്പെടുന്ന പക്ഷം ഉടൻ തന്നെ, നന്നായി സംരക്ഷിക്കപ്പെട്ട അവസ്ഥയിൽ, കേടുകൂടാതെ കൈയെഴുത്തു പ്രതി തിരിച്ചേൽപ്പിക്കുന്നതാണ്’ എന്ന് അദ്ദേഹം അതിൽ വാക്കു കൊടുത്തിരിക്കുന്നു. എന്നിരുന്നാലും, ഈ കൈയെഴുത്തു പ്രതിയുടെ പ്രാധാന്യത്തെയോ അതു പ്രസിദ്ധപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയോ സന്ന്യാസിമാർ വിലമതിക്കുന്നില്ല എന്നു ടിഷൻഡോർഫിനു തോന്നി. അതു പിന്നീട് സെന്റ് കാതറിൻസ് സന്ന്യാസ ആശ്രമത്തിൽ തിരിച്ചേൽപ്പിക്കപ്പെട്ടില്ല. കാലക്രമത്തിൽ റഷ്യൻ ഗവൺമെന്റിൽ നിന്നു സന്ന്യാസിമാർ കൈയെഴുത്തു പ്രതിയ്ക്കു വേണ്ടി 7,000 റൂബിൾ കൈപ്പറ്റിയെങ്കിലും, അവരുടെ നിധികൾ വെളിച്ചത്തു കൊണ്ടുവരാനുള്ള പണ്ഡിതന്മാരുടെ ശ്രമങ്ങളെയെല്ലാം അവർ ഇന്നും വളരെ സംശയദൃഷ്ടിയോടെ ആണു വീക്ഷിക്കുന്നത്. കോഡക്സ് സൈനൈറ്റിക്കസ് കാലക്രമത്തിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ എത്തി. അത് ഇപ്പോഴും അവിടെത്തന്നെ ഉണ്ട്.
ശ്രദ്ധേയമെന്നു പറയട്ടെ, 1975-ൽ സെന്റ് കാതറിൻസിന്റെ വടക്കേ ഭിത്തിയ്ക്കടിയിൽ നിന്ന് 47 പെട്ടി പ്രതിമകളും ചർമപത്രലിഖിതങ്ങളും കണ്ടെടുക്കുകയുണ്ടായി. കോഡക്സ് സൈനൈറ്റിക്കസിന്റെ കാണാതായ ഒരു ഡസനിലധികം താളുകളും ഇക്കൂട്ടത്തിൽ കണ്ടെടുക്കപ്പെട്ടു. വിരലിലെണ്ണാവുന്ന ചില പണ്ഡിതന്മാർ ഒഴികെ ബാക്കി ആർക്കും ഈ താളുകൾ പരിശോധിക്കാൻ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല.
[17-ാം പേജിലെ ഭൂപടങ്ങൾ]
സീനായി പർവതം
[കടപ്പാട്]
NASA photo
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[16-ാം പേജിലെ ചിത്രം]
ആർ-രാച്ചാ സമഭൂമിയും റാസ് റ്റ്സാഫ്റ്റ്സാഫായും
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[18-ാം പേജിലെ ചിത്രം]
ജെബൽ മൂസയും സെന്റ് കാതറിൻസ് സന്ന്യാസ ആശ്രമവും
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
Photograph taken by courtesy of the British Museum