ലോകത്തെ വീക്ഷിക്കൽ
നിക്കോട്ടിന് ഒരു പുതിയ റോളോ?
പുകവലി നിർത്താനുള്ള ഹ്രസ്വകാല സഹായം എന്ന നിലയിൽ നിക്കോട്ടിൻ കലർന്ന ച്യൂയിംഗവും ചർമത്തിലൂടെ നിക്കോട്ടിൻ കടത്തിവിടാൻ പ്രാപ്തിയുള്ള പാച്ചുകളും ഔഷധനിർമാണ കമ്പനികൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ 6 മുതൽ 12 വരെ ആഴ്ചകളിൽ കൂടുതൽ ഉപയോഗിക്കാൻ പ്രതീക്ഷിക്കപ്പെടുന്നില്ല എങ്കിലും പുകവലിക്കാരിൽ പലരും അവ വർഷങ്ങളോളം ഉപയോഗിക്കുന്നതായി ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ഈ ഉത്പന്നങ്ങളുടെ തന്നെ, ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ പറ്റിയ ഇനങ്ങൾ വിപണിയിലെത്തിക്കാനുള്ള അനുമതിക്കായി ഗവൺമെന്റു വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്താൻ മരുന്നു കമ്പനികൾ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പുകയില വ്യവസായത്തിന് ഉള്ള പോലെ, ആസക്തിയെ ചൂഷണം ചെയ്തു പണം കൊയ്യുന്നു എന്ന ചീത്തപ്പേരു സമ്പാദിക്കാൻ മരുന്നു കമ്പനിക്കാർക്കു താത്പര്യമില്ലെങ്കിലും ഉപഭോക്താക്കളിൽ അനേകരും നിക്കോട്ടിന് അടിമകളായി തന്നെ തുടരും എന്നതു ചില കമ്പനിക്കാർക്ക് ഒരു പ്രശ്നമായി തോന്നുന്നില്ല. ഏതായാലും, കാലിഫോർണിയയിലെ പാലോ വാൾട്ടോയിലുള്ള ശ്വാസകോശ രോഗപ്രതിരോധ കേന്ദ്രത്തിന്റെ ഡയറക്ടറായ ഡേവിഡ് സാക്സ് ഇങ്ങനെ പറയുന്നു: “മിക്കവാറും എല്ലാ മരുന്നുകമ്പനികളും ഈ രംഗത്ത് ഒരു വൻ കച്ചവടസാധ്യത കാണുന്നു.”
താണുകൊണ്ടിരിക്കുന്ന നഗരം
“മെക്സിക്കോ നഗരം താണുകൊണ്ടിരിക്കുകയാണ്,” ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. “ആ വൻനഗര മേഖലയിലെ 1.8 കോടി നിവാസികളുടെ ആവശ്യങ്ങൾക്കായി കണക്കിലേറെ വെള്ളം നഗരത്തിന് അടിയിലുള്ള ജലഭരത്തിൽ നിന്ന് പമ്പ് ചെയ്തിട്ടുള്ളതിനാൽ, ഇപ്പോൾ സംഭ്രമിപ്പിക്കുന്ന വേഗത്തിൽ നഗരം ഇരുന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്.” “ലോകത്തിലേക്കും ഏറ്റവുമധികം ചോർന്നൊലിക്കുന്ന ജലവിതരണസംവിധാനങ്ങളിൽ ഒന്നാണ് മെക്സിക്കോ നഗരത്തിന്റേത്” എന്ന വസ്തുത ഈ പ്രശ്നത്തിന് ആക്കം കൂട്ടുന്നു. “പമ്പു ചെയ്യപ്പെടുന്ന ഓരോ ലിറ്റർ ശുദ്ധജലത്തിന്റെയും ഏകദേശം മൂന്നിലൊരു ഭാഗം ചോർന്നു പോകുകയാണ്.” ഇതിന്റെ ഫലമായി, കൂടുതൽ വെള്ളം പമ്പ് ചെയ്യേണ്ടിവരുന്നു. ഇങ്ങനെ നഗരം കൂടുതൽ താണു പോകാൻ ഇടയാകുന്നു. പ്രതിവർഷം 40,000 പൊട്ടലുകൾ അടയ്ക്കുന്നുണ്ട് എങ്കിലും ധാരാളം ചോർച്ചകൾ റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നു. തീർച്ചയായും, ഈ നഗരം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലിത്. ഉദാഹരണത്തിന്, ഈ നൂറ്റാണ്ടിൽ ഇറ്റലിയിലെ വെനീസ് 23 സെന്റിമീറ്റർ താണിരിക്കുന്നു. എന്നാൽ, മെക്സിക്കോ നഗരം താണത് 9 മീറ്ററാണ്!
കുരുത്തംകെട്ട കുട്ടികൾ
കൗമാരപ്രായക്കാരായ 16,262 അമേരിക്കക്കാരുടെ ഇടയിൽ നടത്തിയ സർവേ, ഏകദേശം 5-ൽ ഒരാൾ വീതം ആയുധം കൊണ്ടുനടക്കുന്നതായും 10-ൽ ഒരാൾ വീതം ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ളതായും കണ്ടെത്തിയതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അവിടത്തെ 151 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ സർവേയിൽ പങ്കെടുത്തിരുന്നു. രഹസ്യ ചോദ്യാവലികൾ ഉപയോഗിച്ച് വിദ്യാർഥികളുടെ ശാരീരികവും ലൈംഗികവും ആയ പ്രവർത്തനങ്ങളെ കുറിച്ചും മയക്കുമരുന്ന്, മദ്യം, പുകയില എന്നിവയുടെ ഉപയോഗത്തെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചു. മാറാരോഗ പ്രതിരോധത്തിനും ആരോഗ്യ ഉന്നമനത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തിലെ ലൗറ കാൻ ഇപ്രകാരം പറയുന്നു: “ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്, യുവപ്രായക്കാരിൽ അനേകരും ആപത്കരമായ ശീലങ്ങൾ—ഇപ്പോൾത്തന്നെ മരണമോ പരിക്കോ സമ്മാനിക്കുന്നവയും ജീവിച്ചിരിക്കുന്ന പക്ഷം ഭാവിയിൽ മാറാരോഗത്തിന് ഇടയാക്കുന്നവയും ആയവ—പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.”
മരണം വിതച്ച മിച്ച് ചുഴലിക്കാറ്റ്
1998 ഒക്ടോബർ 27-ാം തീയതി മധ്യ അമേരിക്കയിൽ ആഞ്ഞടിച്ച മിച്ച് ചുഴലിക്കാറ്റ് 11,000-ത്തിലധികം പേരെ കൊന്നൊടുക്കി. കാണാതാകുകയും മരിച്ചു എന്ന് അനുമാനിക്കപ്പെടുകയും ചെയ്യുന്ന വേറെ ആയിരങ്ങളുണ്ട്. റിപ്പോർട്ടനുസരിച്ച് 23 ലക്ഷത്തോളം പേർ ഭവനരഹിതരായി. ഏറ്റവും കഠിനമായി ബാധിക്കപ്പെട്ടത് ഹോണ്ടുറാസും നിക്കരാഗ്വയും ആയിരുന്നു. നാട്ടുമ്പുറങ്ങളിലെ കൃഷിയിടങ്ങളിൽ ഒരു മീറ്ററിലധികം മഴയാണ് പെയ്തത്. ഫലമോ, ആ പ്രദേശങ്ങളിൽ രണ്ടു നൂറ്റാണ്ടുകളിലായി ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും കഠിനമായ പ്രകൃതി വിപത്തും. അനേകം ഗ്രാമങ്ങൾ ഒന്നുകിൽ മണ്ണിടിച്ചിൽ മൂലം അക്ഷരാർഥത്തിൽ തന്നെ മണ്ണിനടിയിലാകുകയോ അല്ലെങ്കിൽ പ്രളയജലത്തിൽ ഒഴുകിപ്പോകുകയോ ചെയ്തു. ഹോണ്ടുറാസിലെ പ്രസിഡന്റായ കാർലോസ് ഫ്ളോറേസ് ഫാകൂസേ ഇങ്ങനെ പറഞ്ഞു: “50 വർഷങ്ങൾ കൊണ്ടു നാം കുറയശ്ശേ കുറയശ്ശേ പണിതുയർത്തിയതാണ് വെറും 72 മണിക്കൂർ കൊണ്ടു നമുക്കു നഷ്ടമായത്.” മരണനൃത്തമാടിയ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിവെച്ചതിനു പുറമെ, ഒറ്റപ്പെടലിനു കൂടി വഴിതെളിച്ചു. ചുഴലിക്കാറ്റിന്റെ മാർഗമധ്യേ ഉണ്ടായിരുന്ന മിക്കവാറും എല്ലാ ചെറുപട്ടണങ്ങളിലെയും വൈദ്യുത-ഫോൺ ബന്ധങ്ങളൊക്കെ വിച്ഛേദിക്കപ്പെട്ടു. നൂറുകണക്കിനു റോഡുകളും പാലങ്ങളും ഒലിച്ചു പോയതിനാൽ അതിജീവകർ ഭക്ഷണമോ ശുദ്ധജലമോ മരുന്നോ കിട്ടാതെ നട്ടം തിരിഞ്ഞു. ദുരിതാശ്വാസ ഏജൻസികളുടെ പക്കൽ മതിയായ ആഹാരം ഉണ്ടായിരുന്നെങ്കിലും അതു വിതരണം ചെയ്യാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. വസ്തുവകകൾ നഷ്ടപ്പെട്ടതിനു പുറമെ, മിക്ക ആളുകൾക്കും തൊഴിലുകളും നഷ്ടമായി. പ്രധാനവിളകളായ വാഴ, മത്തൻ, കാപ്പി, നെല്ല് എന്നിവയുടെ 70 ശതമാനവും നശിച്ചുപോയി. ഹോണ്ടുറാസിന്റെ വൈസ് പ്രസിഡണ്ട് വില്യം ഹാൻഡൽ ഇപ്രകാരം പറഞ്ഞു: “ഇതിന്റെ മുമ്പിൽ, 1974-ൽ ആഞ്ഞടിച്ച ഫിഫി ചുഴലിക്കാറ്റ് ഒന്നുമല്ല. ഫിഫിയുടെ കെടുതികളെ അതിജീവിക്കാൻ 12 മുതൽ 14 വരെ വർഷത്തെ പരിശ്രമം വേണ്ടി വന്നെങ്കിൽ ഇതിന് 30 മുതൽ 40 വരെ വർഷം വേണ്ടിവരും.”
ലജ്ജാശീലം തരണം ചെയ്യൽ
“മുതിർന്ന ആളുകളിൽ ഏകദേശം 13 ശതമാനം അങ്ങേയറ്റം നാണംകുണുങ്ങികളാണ്” എന്ന് കാനഡയിലെ ടൊറന്റോ സ്റ്റാർ പറയുന്നു. “ഇത് ഒരു നിറവാർന്ന ജീവിതം നയിക്കുന്നതിൽ നിന്ന് അവരെ തടയുന്ന”തായി പത്രം റിപ്പോർട്ടു ചെയ്യുന്നു. ലജ്ജാശീലത്തെ തരണം ചെയ്യാനായി വിദഗ്ധർ ഏതാനും നിർദേശങ്ങൾ മുന്നോട്ടു വെക്കുന്നു: “പത്രവാർത്തകൾ, മാസികകളിൽ വന്ന ലേഖനങ്ങൾ, പുസ്തകങ്ങൾ, ഹോബികൾ, ചലച്ചിത്രങ്ങൾ എന്നിങ്ങനെ സംഭാഷണം തുടങ്ങാൻ പറ്റിയ എന്തിനെയെങ്കിലും കുറിച്ച് ആലോചിക്കുക.” “വാക്കാലുള്ള ആശയവിനിമയ മാർഗങ്ങളും അല്ലാത്തവയും—ദൃഷ്ടി സമ്പർക്കം നടത്തുക, സജീവമായി ശ്രദ്ധിക്കുക എന്നിവ ഉൾപ്പെടെ—പരിശീലിക്കുക.” “നിങ്ങൾ ചെയ്യാൻ ഭയക്കുന്ന കാര്യങ്ങൾ ബുദ്ധിമുട്ടിയാണെങ്കിലും ചെയ്യുക.” “ലജ്ജാശീലനായ ഒരു കുട്ടിയുടെ പിതാവോ മാതാവോ ആണ് നിങ്ങൾ എങ്കിൽ, കുട്ടിക്കു മറ്റുള്ളവരുമായി ഇടപഴകാനുള്ള ധാരാളം സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കേണ്ടതു വളരെ പ്രധാനമാണ്.” ഒരിക്കലും ശ്രമം ഉപേക്ഷിക്കരുത്, കാരണം ഒരാൾ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം ആ പ്രകൃതം മാറ്റിയെടുക്കുക എളുപ്പമായി തീരും എന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്.
താഴ്ന്ന ജനനനിരക്കിന്റെ പരിണതികൾ
‘താഴ്ന്ന ജനനനിരക്ക് ഇപ്പോൾ വ്യവസായവത്കൃത ലോകത്തിൽ ഞെട്ടലുളവാക്കുന്നു’ എന്ന് പാരീസിലെ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ട്? പ്രായമേറി വരുന്ന ഒരു തലമുറയ്ക്കു തുണയേകാൻ കാലക്രമത്തിൽ ആവശ്യത്തിന് യുവപ്രായക്കാർ ഉണ്ടായിരിക്കുകയില്ല എന്നാണ് അതു സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, 60 വയസ്സിനു മുകളിൽ ഉള്ളവരുടെ എണ്ണം 20 വയസ്സിനു താഴെയുള്ളവരുടേതിനെക്കാൾ കൂടുതലാകുന്ന ഘട്ടത്തിലേക്ക് അനേകം യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യ അടുത്തടുത്തു വരുന്നു. ഉലകം ചുറ്റിനടക്കുന്നതിനോ ഒരു ജീവിതവൃത്തി പിന്തുടരുന്നതിനോ ഉന്നത വിദ്യാഭ്യാസം നേടുന്നതിനോ വേണ്ടി ദമ്പതികൾ കുട്ടികൾ ഉടനെ വേണ്ടെന്നു തീരുമാനിക്കുന്നത് ഇതിന്റെ കാരണങ്ങളിൽ ചിലതാണ്. കുട്ടികൾ ഉണ്ടായിരിക്കുന്നത് “ഒരു ഭാരമോ” “ഒരു ശല്യമോ” പോലും ആക്കിത്തീർക്കുന്ന സാമ്പത്തിക സമ്മർദങ്ങളും അതുപോലെ, ആളുകളുടെ ആയുർദൈർഘ്യം പണ്ടത്തെക്കാൾ കൂടുതലാണ് എന്ന വസ്തുതയുമാണ് മറ്റു കാരണങ്ങൾ.
സീറ്റ് ബെൽറ്റ് ധരിക്കുന്നത് ദൈവഹിതത്തിന് എതിരോ?
മതപരമായ തന്റെ ഉറച്ച ബോധ്യങ്ങൾ നിമിത്തം നെതർലൻഡ്സിലെ സീറ്റ് ബെൽറ്റ് നിയമത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് 65 വയസ്സുള്ള ഒരു ഡച്ചുകാരൻ അപേക്ഷിച്ചിരിക്കുന്നു. ഇദ്ദേഹം ഒരു റിഫോംഡ് ചർച്ച് അംഗമാണ് എന്നാണ് ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന റ്റ്സൈറ്റുങ് എന്ന ദിനപ്പത്രം പറയുന്നത്. ഒരു വ്യക്തി അപകടങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ പാടില്ല മറിച്ച് അവ ദൈവത്തിൽ നിന്നുള്ളതാണ് എന്നു കരുതി സ്വീകരിക്കുകയാണു വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ സഭ പഠിപ്പിക്കുന്നത്. “ദൈവോദ്ദേശ്യ”ത്തിന് തടസ്സം വരുത്തുമെന്ന കാരണത്താൽ സഭയിലെ മറ്റംഗങ്ങൾ കാർ ഇൻഷ്വർ ചെയ്യാനോ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാനോ വിസമ്മതിക്കുന്നു. ഇക്കാര്യം പരിഗണനയ്ക്ക് എടുത്തതിനു ശേഷം, സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഒരുവന്റെ മതസ്വാതന്ത്ര്യത്തിനു വിലക്കുകൾ ഏർപ്പെടുത്തുന്നില്ല എന്നു പ്രസ്താവിച്ചു കൊണ്ട് നെതർലൻഡ്സിലെ അത്യുന്നതകോടതി ഹർജിക്കാരന് എതിരെ വിധി കൽപ്പിച്ചു.
എണ്ണ ആഹാരം
1978 മാർച്ചിൽ, ആമോകോ കാഡിസ് എന്ന എണ്ണക്കപ്പൽ ഫ്രാൻസിലെ ബ്രിട്ടനി തീരത്തിനു സമീപം കടൽത്തട്ടിൽ ഉറച്ചുപോയി. തീരരേഖയുടെ ഏകദേശം 350 കിലോമീറ്റർ മലീമസമാക്കി കൊണ്ട് 2,30,000 ടൺ അസംസ്കൃത എണ്ണ തൂകി പോകാൻ അത് ഇടയാക്കി. എന്നാൽ ഇപ്പോൾ തീരത്തിന്റെ അവസ്ഥ എന്താണ്? 1992 മുതൽ ഈ മലിനീകരണത്തിന്റെ ഫലങ്ങൾ പാടെ അപ്രത്യക്ഷമായിരിക്കുകയാണെന്നും കടൽത്തീരത്ത്, അങ്ങ് അടിയിലുള്ള മണലിൽ പോലും എണ്ണയുടെ അംശം കാണാനില്ലെന്നും മാർസേൽസിലെ ശാസ്ത്ര വിഭാഗം പ്രൊഫസറായ ഷിൽബെർ മിൽ പറയുന്നു. ഇത്ര ഗംഭീരമായ വിധത്തിൽ തീരത്തിന്റെ അവസ്ഥ പഴയപടി ആക്കിയതിന്റെ ബഹുമതി പ്രകൃതിയിൽ കാണപ്പെടുന്ന, ഹൈഡ്രോകാർബണുകളെ ദഹിപ്പിക്കാൻ പ്രാപ്തിയുള്ള ബാക്ടീരിയയ്ക്കാണ്. എപ്പോഴും മണ്ണ് ഇളക്കി മറിച്ച് അതിലുള്ള എണ്ണയുടെ അംശമെല്ലാം ഉപരിതലത്തിലേക്കു കൊണ്ടുവന്നുകൊണ്ട് കക്കാപ്രാണികളും പുഴുക്കളും പ്രസ്തുത യത്നത്തിൽ ഈ സൂക്ഷ്മജീവികൾക്ക് ഉറച്ച പിന്തുണ ഏകുന്നു. ഇങ്ങനെ, മുകളിൽ എത്തുന്ന എണ്ണ വിശന്നുവലഞ്ഞ ബാക്ടീരിയ ആഹാരമാക്കുന്നു.
ഉറക്കകമ്മി വർധിക്കുന്നു
അമേരിക്കക്കാർക്ക് “ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലേതിനെക്കാൾ ഇപ്പോൾ രാത്രിയുറക്കം ഒന്നരമണിക്കൂർ കുറഞ്ഞിരിക്കുന്ന”തായി ന്യൂസ് വീക്ക് കുറിക്കൊള്ളുന്നു. “ഈ പ്രശ്നം വഷളാകാനാണു സാധ്യത.” എന്തുകൊണ്ട്? വിസ്കോൻസിൻ സർവകലാശാലയിൽ പ്രതിരോധ വൈദ്യശാസ്ത്ര പ്രൊഫസറായ ടെറി യങ്ങ് ഇപ്രകാരം പറയുന്നു: “കുറയ്ക്കാൻ പറ്റുന്ന ഒന്നായി ആളുകൾ ഉറക്കത്തെ വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. തീരെ കുറച്ച് ഉറങ്ങുക എന്നത് ഒരുവൻ കഠിനാധ്വാനിയും പുരോഗമനേച്ഛുവുമാണ് എന്നതിന്റെ ലക്ഷണം ആയാണ് കണക്കാക്കപ്പെടുന്നത്.” പക്ഷേ ഉറക്ക കുറവ് അനേകം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും, വിഷാദരോഗം മുതൽ ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ വരെ. ഉറക്കം ലഭിക്കാതിരുന്ന എലികൾ രണ്ടര ആഴ്ച കഴിഞ്ഞപ്പോൾ ചത്തുപോയതായി കണ്ടെത്തി. “അതേ വിധത്തിൽ നിങ്ങൾ പൊടുന്നനെ മരണമടഞ്ഞെന്നു വരില്ല,” ന്യൂസ് വീക്ക് പ്രസ്താവിക്കുന്നു. “പക്ഷേ ഉറക്കമില്ലായ്മ പരോക്ഷമായി നിങ്ങളുടെ ജീവൻ അപഹരിച്ചേക്കാം—ഉറക്കച്ചടവോടെ ജോലി ചെയ്യുന്ന ഡോക്ടർ ഡോസ് തെറ്റി മരുന്നു കുറിച്ചു തരുകയോ ഒരു ഉറക്കംതൂങ്ങി ഡ്രൈവർ നിങ്ങളുടെ ലെയ്നിലേക്ക് വണ്ടി ഓടിച്ചു കയറ്റുകയോ ചെയ്യുമ്പോൾ സംഭവിക്കാവുന്നതു പോലെ.” ഉറക്കത്തെ സംബന്ധിച്ചു ഗവേഷണം നടത്തുന്ന ജെയിംസ് വോൽഷ് ഇപ്രകാരം പറയുന്നു: “വാഹനം ഓടിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഉണർവ് ഉള്ളവരായിരിക്കുന്നതിനുള്ള ഏറ്റവും ആശ്രയയോഗ്യമായ മാർഗങ്ങൾ ആവശ്യത്തിന് ഉറങ്ങുന്നതും യഥാസമയങ്ങളിൽ മയങ്ങുന്നതും ആണെന്ന് ആളുകളെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു.”
അപകടങ്ങൾ—വിധിയല്ല
അപകടങ്ങളിൽ പെട്ട് ബ്രസീലിൽ കുറഞ്ഞത് 22,000 കുട്ടികളും കൗമാരപ്രായക്കാരും പ്രതിവർഷം മരണമടയുന്നതായി അവിടത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ടു ചെയ്യുന്നു. ഇതിൽ ഒട്ടുമിക്കതും ട്രാഫിക് അപകടങ്ങളാണ്. എന്നിരുന്നാലും ബ്രസീലിയൻ ബാലചികിത്സാ സ്ഥാപനത്തിന്റെ പ്രസിഡന്റായ ലിൻകോൺ ഫ്രെയ്റി ഇപ്രകാരം പ്രസ്താവിച്ചു: “അപകടങ്ങൾ ഒഴിവാക്കാനാകുന്നവ ആണ്. അവ വിധിയാണ് എന്നു മേലാൽ കരുതാൻ സാധിക്കില്ല.” ദേശീയ അപകട പ്രതിരോധ യജ്ഞത്തിന്റെ കോ-ഓർഡിനേറ്ററായ തെരേസാ കോസ്റ്റാ ഇപ്രകാരം ചൂണ്ടി കാട്ടി, ‘കഴിഞ്ഞ 15 വർഷത്തെ ഗവൺമെന്റ് നടപടികളുടെ ഫലമായി അതിസാരം, ശ്വസനസംബന്ധ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ മൂലമുള്ള മരണനിരക്ക് കുറഞ്ഞിരിക്കു’ന്നതിനാൽ അപകടപ്രതിരോധം മൂലവും അനേകം ജീവൻ രക്ഷിക്കാനാകും.