ഞങ്ങളുടെ വായനക്കാരിൽ നിന്ന്
യുവ കാൻസർ രോഗി എനിക്കു 18 വയസ്സുണ്ട്. “അവൻ തളർന്നു പിന്മാറിയില്ല” (ഒക്ടോബർ 22, 1998) എന്ന ലേഖനത്തിൽ പ്രസിദ്ധീകരിച്ച മാറ്റ് ടേപീയോയുടെ അനുഭവത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവന്റെ വിശ്വാസവും ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പും അടിയന്തിരതാ ബോധവും എന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചു. പറുദീസയിൽ മാറ്റ് ഉയിർപ്പിക്കപ്പെടുമ്പോൾ അവനെ നേരിട്ടു കണ്ടു നന്ദി പറയാൻ ഞാൻ കാത്തിരിക്കുകയാണ്.
ഇ. ജി. ജി., സ്പെയിൻ
ആ ലേഖനത്തിനായി ഞങ്ങളുടെ കുടുംബത്തെ പ്രതി ഞാൻ നന്ദി പറയുന്നു. ഞങ്ങൾക്കും കൗമാരപ്രായത്തിലുള്ള പുത്രന്മാർ ഉണ്ട്. അവരുമായി മാറ്റ് ടേപീയോയുടെ വിശ്വാസത്തിന്റെ മാതൃക ചർച്ച ചെയ്തതു വളരെ പ്രയോജനപ്രദമായി ഞങ്ങൾ കണ്ടെത്തി. വ്യക്തികൾ എന്ന നിലയിലും കുടുംബം എന്ന നിലയിലും ഞങ്ങളുടെ മുൻഗണനകൾ വിചിന്തനം ചെയ്യാൻ അതു ഞങ്ങൾക്ക് അവസരമേകി.
എം. എഫ്. എൻ. ജി., ബ്രസീൽ
ആ ലേഖനം യുവജനങ്ങളായ ഞങ്ങൾക്കു വളരെ പ്രോത്സാഹജനകം ആയിരുന്നു. കാരണം, രോഗഗ്രസ്തൻ ആയിരുന്നിട്ടും യഹോവയെ കുറിച്ചു സംസാരിക്കുന്നതിൽ നിന്നു പിന്മാറാത്ത ഒരു യുവാവിന്റെ തീക്ഷ്ണതയെ അത് എടുത്തുകാട്ടി.
ഡി. എം., ഇറ്റലി
മാരകമായ രോഗം പിടിപെട്ടിട്ടും മാറ്റ് ടേപിയോ യഹോവയെ സ്തുതിക്കുന്നതിനും സേവിക്കുന്നതിനും വേണ്ടി മരണത്തോടു മല്ലിട്ടുകൊണ്ടു പിടിച്ചു നിന്നു. നല്ല ആരോഗ്യമുള്ള നമുക്കെല്ലാം അത് ഒരു നല്ല മാതൃകയാണ്.
ഡി. പി., പോർട്ടോറിക്കോ
14-ാം വയസ്സിൽ മസ്തിഷ്കത്തിലെ മുഴ നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്കു വിധേയനായ മാറ്റിനെ കുറിച്ചുള്ള ലേഖനം എന്റെ ശ്രദ്ധയാകർഷിച്ചു. “യഹോവയെ കുറിച്ച് സാക്ഷീകരിക്കുന്നത് ഒരിക്കലും നിറുത്തരുത്” എന്നതായിരുന്നല്ലോ അവന്റെ അവസാനത്തെ വാക്കുകൾ. തളർന്നു പിന്മാറാതിരിക്കാൻ അത് എനിക്കു പ്രോത്സാഹനമേകി. മാത്രമല്ല, ബൈബിൾ പഠിക്കുന്നതും ജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കുന്നതും എത്ര പ്രധാനമാണ് എന്നു മനസ്സിലാക്കാനും അതെന്നെ സഹായിച്ചു!
ഡി. വി., ഫിലിപ്പീൻസ്
എയ്ഡ്സ് “എയ്ഡ്സ്—അതിന് എതിരെയുള്ള പോരാട്ടം വിജയിക്കുമോ?” (നവംബർ 8, 1998) എന്ന ലേഖന പരമ്പരയെ പ്രതി നിങ്ങൾക്ക് അകമഴിഞ്ഞ നന്ദി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതു വളരെ വിജ്ഞാനപ്രദം ആയിരുന്നു. എനിക്കു 19 വയസ്സുണ്ട്. എച്ച്ഐവി-യെയും എയ്ഡ്സിനെയും കുറിച്ച് സ്കൂളിലും വീട്ടിലുമൊക്കെവെച്ചു പല കാര്യങ്ങളും എന്നെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും അതു സംബന്ധിച്ച് എനിക്ക് ആകെ ആശയക്കുഴപ്പം ആയിരുന്നു. വിവാഹ ഇണയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുന്നതും ശുദ്ധമായ ധാർമിക ജീവിതം നയിക്കുന്നതും ജീവത്പ്രധാനമാണ് എന്നു മനസ്സിലാക്കാൻ ആ ലേഖനങ്ങൾ എന്നെ സഹായിച്ചു.
എസ്. റ്റി., ഐക്യനാടുകൾ
നിങ്ങളുടെ ലേഖനങ്ങൾ വിജ്ഞാനപ്രദവും കൃത്യതയുള്ളതും വസ്തുനിഷ്ഠവും ആയിരുന്നു. എനിക്ക് എയ്ഡ്സ് പിടിപെട്ടിട്ടു പത്തിലധികം വർഷമായി. നിങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ഒരു കൂട്ടുകാരി എന്നെ ബൈബിൾ പഠിപ്പിക്കുന്നുണ്ട്. അത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ ഭയപ്പെടാത്തതിനു നന്ദി.
ബി. ഡബ്ലിയു., ഐക്യനാടുകൾ
എയ്ഡ്സിനെ കുറിച്ചുള്ള ലേഖനങ്ങൾ വായിച്ചു തീർക്കാതെ എനിക്ക് ഉണരുക! താഴെ വെക്കാൻ തോന്നിയില്ല. പ്രസ്തുത വിഷയത്തെ കുറിച്ച് ഇത്രയും കൃത്യതയുള്ള വിവരങ്ങൾ ഞാൻ ഇതുവരെ വായിച്ചിട്ടില്ല. ഒരു നേഴ്സായ എന്നെ സംബന്ധിച്ചിടത്തോളം അതു പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ആയിരമായിരം നന്ദി.
ഡി. ഇ., ജർമനി
എയ്ഡ്സിനെ കുറിച്ചുള്ള ലേഖനങ്ങൾക്കു വിലമതിപ്പു പ്രകടമാക്കുന്നതിന് എന്നെ സംബന്ധിച്ചിടത്തോളം നല്ല കാരണമുണ്ട്—ക്രിസ്തീയ മാർഗം വിട്ട എന്റെ മകൻ പൂർണ വികാസം പ്രാപിച്ച എയ്ഡ്സുമായിട്ടാണു മടങ്ങിയെത്തിയത്. യഹോവയുടെ സഹായത്താൽ അവൻ ഇപ്പോൾ ആത്മീയമായി നല്ല നിലയിലാണ്. ചികിത്സയുടെ ഫലമായി അവന്റെ ആരോഗ്യസ്ഥിതി ഏറെ വഷളാകാതെ തുടരുന്നു. തങ്ങൾക്ക് എയ്ഡ്സ് പിടിപെട്ടതായി തിരിച്ചറിയാത്ത അനേകരുണ്ട് എന്നു ഞങ്ങൾക്ക് അറിയാം. വിവാഹത്തെ കുറിച്ചു ചിന്തിക്കുന്ന ഏതൊരാളും ഈ വസ്തുത സഗൗരവം പരിചിന്തിക്കേണ്ടതുണ്ട്.
എൻ. ജെ., ഐക്യനാടുകൾ
പാലങ്ങൾ “പാലങ്ങൾ—അവ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു?” എന്ന ലേഖനമുള്ള 1998 നവംബർ 8 ലക്കം ഉണരുക! ഞങ്ങൾക്കു ലഭിച്ചു. മിച്ച് ചുഴലിക്കൊടുങ്കാറ്റ് ഇവിടെ ഹോണ്ടുറാസിലെ 80 ശതമാനം പാലങ്ങളും തകർത്തുതരിപ്പണമാക്കിയതിനെ തുടർന്നാണ് ആ ലക്കം ഞങ്ങൾക്കു ലഭിച്ചത്. ഞാനും ഭർത്താവും ധാരാളം യാത്ര ചെയ്യാറുണ്ട്. ഞങ്ങളുടെ വേലയിൽ പാലങ്ങൾ എത്ര പ്രധാനമാണ് എന്നു പെട്ടെന്നുതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. രസകരവും കാലോചിതവുമായ ആ ലേഖനത്തിനു നന്ദി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രസ്തുത ലേഖനത്തിന്റെ അവസാന ഖണ്ഡിക പറയുന്നതുപോലെ, ഞങ്ങൾ മേലാൽ പാലങ്ങളെ നിസ്സാരമായി കരുതുകയില്ല!
സി. എച്ച്., ഹോണ്ടുറാസ്