വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 8/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സമാധാ​ന​പാ​ല​ന​ത്തി​ന്റെ പ്രശ്‌ന​ങ്ങൾ
  • പുതിയ ചിന്താ​ഗതി സ്‌പോർട്‌സിൽ അക്രമം വിതയ്‌ക്കു​ന്നു
  • അഞ്ചൽ പ്രാവ്‌—ഇപ്പോ​ഴും ഉപയോ​ഗ​ത്തിൽ
  • കുട്ടി​കൾക്കു വിദ്യാ​ഭ്യാ​സം ലഭിക്കു​ന്നി​ല്ല
  • വിപത്‌ഗ്ര​സ്‌ത​മായ ഏഷ്യ
  • സ്വയം ഇക്കിളി​പ്പെ​ടു​ത്താൻ സാധി​ക്കാ​ത്ത​തി​ന്റെ കാരണം
  • മോർസ്‌ കോഡ്‌
  • ഷൂസു​ക​ളു​മാ​യി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌ന​ങ്ങൾ
  • ചൈന​യി​ലെ ബൈബിൾ പ്രസി​ദ്ധീ​ക​രി​ക്കൽ
  • നോവുന്ന പാദങ്ങൾക്ക്‌ സഹായം
    ഉണരുക!—1997
  • നിങ്ങളുടെ ഷൂസ്‌ ധരിക്കാൻ സുഖപ്രദമാണോ?
    ഉണരുക!—2003
  • ലോക സമാധാ​ന​ത്തി​നാ​യുള്ള ശ്രമങ്ങൾ വിജയി​ക്കു​മോ?
    മറ്റു വിഷയങ്ങൾ
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1999
g99 8/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

സമാധാ​ന​പാ​ല​ന​ത്തി​ന്റെ പ്രശ്‌ന​ങ്ങൾ

“ഒരു ദശകം മുമ്പ്‌ ഐക്യ​രാ​ഷ്‌ട്ര സമാധാന ദൗത്യ​സേ​നകൾ അനുഷ്‌ഠിച്ച സ്‌തു​ത്യർഹ സേവനത്തെ പ്രതി അവർക്ക്‌ ഒരു സംഘമെന്ന നിലയിൽ സമാധാ​ന​ത്തി​നുള്ള നോബൽ സമ്മാനം ലഭിക്കു​ക​യു​ണ്ടാ​യി” എന്നു ടൊറ​ന്റോ വർത്തമാ​ന​പ​ത്ര​മായ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പ്രസ്‌താ​വി​ക്കു​ന്നു. “എന്നാൽ ഇന്ന്‌, സമാധാ​ന​പാ​ലന ദൗത്യ​സേ​ന​യി​ലെ അംഗങ്ങൾ—സൈനി​കേ​ത​ര​രും പൊലീ​സും സൈനി​ക​രും—പ്രശം​സ​യോ​ടൊ​പ്പം നിന്ദയും കൊയ്‌തെ​ടു​ക്കു​ന്നു.” ഇത്തരം ഒരു മാറ്റത്തി​നു കാരണ​മെ​ന്താണ്‌? “ആധുനിക പോരാ​ട്ട​ങ്ങ​ളു​ടെ സ്വഭാ​വ​മാണ്‌ ഒരു പ്രധാന പ്രശ്‌നം. ഇന്നത്തെ പല യുദ്ധങ്ങ​ളി​ലും ഏർപ്പെ​ട്ടി​രി​ക്കു​ന്നതു വ്യക്തമായ ലക്ഷ്യങ്ങ​ളും തത്ത്വങ്ങ​ളും ഉള്ള സുസം​ഘ​ടി​ത​മായ സേനകളല്ല. മറിച്ച്‌, കലഹി​ക്കുന്ന വിഭാ​ഗ​ങ്ങ​ളും യുദ്ധ​ക്കൊ​തി​യ​ന്മാ​രും സ്വാർഥ ലക്ഷ്യങ്ങൾക്കാ​യി ഉപയോ​ഗി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രായ പോരാ​ളി​ക​ളാണ്‌. ഇവ രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളല്ല, മറിച്ച്‌ ആഭ്യന്തര യുദ്ധങ്ങ​ളാണ്‌” എന്ന്‌ ഗ്ലോബ്‌ പറയുന്നു. തന്മൂലം, “രാഷ്‌ട്രങ്ങൾ തമ്മിലുള്ള വെടി​നിർത്ത​ലിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം” ഐക്യ​രാ​ഷ്‌ട്ര സമാധാ​ന​പാ​ലന സേനകൾക്ക്‌, “സമാധാന തത്‌പ​ര​രാ​ണോ എന്നു സംശയ​മുള്ള, വ്യക്തമായ ലക്ഷ്യങ്ങ​ളി​ല്ലാത്ത—ചില​പ്പോ​ഴൊ​ക്കെ വ്യക്തമായ നേതൃ​ഘടന പോലു​മി​ല്ലാത്ത—വിഭാ​ഗ​ങ്ങൾക്കി​ട​യിൽ മധ്യസ്ഥത വഹി​ക്കേണ്ടി വരുന്നു” എന്ന്‌ ആ പത്രം കൂട്ടി​ച്ചേർക്കു​ന്നു.

പുതിയ ചിന്താ​ഗതി സ്‌പോർട്‌സിൽ അക്രമം വിതയ്‌ക്കു​ന്നു

1997/98 ഫുട്‌ബോൾ മത്സര സീസണിൽ ഫ്രഞ്ച്‌ ഫുട്‌ബോൾ അധികൃ​തർ 20,825 ശിക്ഷണ നടപടി​കൾ—അതൊരു റെക്കോർഡ്‌ സംഖ്യ​യാണ്‌—കൈ​ക്കൊ​ണ്ടു​വെ​ന്നും മറ്റു സ്‌പോർട്‌സു​ക​ളി​ലും ശ്രദ്ധേ​യ​മാം വിധം അക്രമ​സം​ഭ​വങ്ങൾ വർധി​ച്ചു​വെ​ന്നും ഫ്രഞ്ച്‌ മാസി​ക​യായ ലെക്‌സ്‌പ്രസ്‌ അഭി​പ്രാ​യ​പ്പെട്ടു. ഇത്രയ​ധി​കം അക്രമ​ങ്ങൾക്കു കാരണം എന്താണ്‌? ഗവേഷ​ക​നായ റിച്ചർഡ്‌ ഫിസ്റ്റർ പറയു​ന്ന​ത​നു​സ​രിച്ച്‌, ഒരു കാരണം “ജയിക്കണം എന്ന ചിന്തയാണ്‌. അന്തസ്സി​നെ​ക്കാൾ പണവും കളിയി​ലെ സന്തോ​ഷ​ത്തെ​ക്കാൾ അതിന്റെ ഫലവും പ്രധാ​ന​പ്പെ​ട്ട​താ​യി കണക്കാ​ക്കു​മ്പോൾ ഏതു വിധത്തി​ലുള്ള പെരു​മാ​റ്റ​വും സ്വീകാ​ര്യം ആയിത്തീ​രു​ന്നു.” ആളുകൾ മിക്ക​പ്പോ​ഴും മാതൃ​കാ​പാ​ത്ര​ങ്ങ​ളാ​യി കരുതു​ന്നവർ പ്രത്യ​ക്ഷ​ത്തിൽ ശിക്ഷി​ക്ക​പ്പെ​ടാ​തെ​തന്നെ അത്തരം നടപടി​ക​ളിൽ ഏർപ്പെ​ടു​ന്നതു കാണു​മ്പോൾ, അക്രമത്തെ ന്യായീ​ക​രി​ക്കാ​നും അത്തരക്കാ​രെ അനുക​രി​ക്കാ​നും യുവജ​നങ്ങൾ പ്രേരി​ത​രാ​കു​ന്നു.

അഞ്ചൽ പ്രാവ്‌—ഇപ്പോ​ഴും ഉപയോ​ഗ​ത്തിൽ

ഇന്ത്യയി​ലെ ഒറീസ​യിൽ പൊലീസ്‌ വിഭാഗം നൂതന ആശയവി​നി​മയ ശൃംഖല ഉപയോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവർ ഇപ്പോ​ഴും “പ്രാവു​ക​ളു​ടെ സേവനം,” കരുത്തുറ്റ 800 അഞ്ചൽ പ്രാവു​ക​ളു​ടെ സേവനം, നിർത്ത​ലാ​ക്കി​യി​ട്ടില്ല എന്ന്‌ ദി ഇൻഡ്യൻ എക്‌സ്‌പ്രസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഒറീസാ പൊലീസ്‌ ഡയറക്ടർ ജനറലായ ശ്രീ. ബി. ബി. പാണ്ഡ പറയു​ന്ന​ത​നു​സ​രിച്ച്‌, കഴിഞ്ഞ 50 വർഷമാ​യി പ്രാവു​കൾ, വെള്ള​പ്പൊ​ക്ക​വും ചുഴലി​ക്കാ​റ്റും ഉണ്ടാകു​മ്പോൾ ആശയവി​നി​മ​യ​ത്തി​നുള്ള പ്രധാന സരണി​യാ​യി വർത്തി​ച്ചി​രി​ക്കു​ന്നു. വയർലസ്‌ ബന്ധങ്ങൾ തകരാ​റി​ലാ​കു​മ്പോൾ അവ ഇപ്പോ​ഴും ഉപകാ​ര​പ്ര​ദ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 1982-ൽ ബാങ്കി പട്ടണം വെള്ളത്തി​ലാ​ഴ്‌ന്ന​പ്പോൾ ആ പട്ടണവും കട്ടക്കിലെ ഡിസ്‌ട്രിക്ട്‌ ആസ്ഥാന​വും തമ്മിലുള്ള ഏക ആശയവി​നി​മയ ഉപാധി പ്രാവു​കൾ ആയിരു​ന്നു. ഒറീസ​യിൽ ആദ്യത്തെ പ്രാവ്‌-യൂണിറ്റ്‌ തുടങ്ങി​യത്‌ 1946-ൽ ആയിരു​ന്നു. മണിക്കൂ​റിൽ 80-90 കിലോ​മീ​റ്റർ വേഗത്തിൽ 800 കിലോ​മീ​റ്റർ ദൂരം വരെ നിർത്താ​തെ പറക്കാൻ കഴിവുള്ള ഹോമർ എന്ന ബെൽജി​യൻ ഇനത്തിൽപ്പെട്ട പ്രാവി​നെ​യാണ്‌ ആദ്യമാ​യി അതിന്‌ ഉപയോ​ഗി​ച്ചത്‌. 15-20 വർഷം ആയുർ​ദൈർഘ്യ​മുള്ള ഈ പക്ഷികളെ ഇപ്പോൾ മൂന്നു കേന്ദ്ര​ങ്ങ​ളി​ലാ​യി 34 കോൺസ്റ്റ​ബിൾമാ​രു​ടെ സംരക്ഷ​ണ​യി​ലാ​ണു സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌. “സെല്ലു​ലാർ ഫോണി​ന്റെ നാളു​ക​ളിൽ ഈ പ്രാവു​ക​ളു​ടെ സേവനം പ്രാചീ​ന​മാ​യി തോന്നി​ച്ചേ​ക്കാം. എന്നാൽ, അവ ഇപ്പോ​ഴും ഈ സംസ്ഥാ​ന​ത്തി​നു​വേണ്ടി വിശ്വസ്‌ത സേവനം അനുഷ്‌ഠി​ക്കു​ന്നു,” ശ്രീ. പാണ്ഡ പറഞ്ഞു.

കുട്ടി​കൾക്കു വിദ്യാ​ഭ്യാ​സം ലഭിക്കു​ന്നി​ല്ല

ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ പൊതു​സഭ 1948-ൽ പുറത്തി​റ​ക്കിയ ‘സാർവ​ത്രിക മനുഷ്യാ​വ​കാശ പ്രഖ്യാ​പനം’ വിദ്യാ​ഭ്യാ​സ​ത്തി​നുള്ള മൗലിക അവകാ​ശത്തെ കുറിച്ചു വിശദീ​ക​രി​ച്ചു. പ്രശം​സാർഹ​മായ പല ശ്രമങ്ങ​ളും നടന്നി​ട്ടു​ണ്ടെ​ങ്കി​ലും, ഇപ്പോ​ഴും ലക്ഷ്യം വിദൂ​ര​ത്തി​ലാണ്‌. “സാർവ​ത്രിക മനുഷ്യാ​വ​കാശ പ്രഖ്യാ​പനം പുറത്തി​റക്കി 50 വർഷം പിന്നി​ട്ടി​ട്ടും പ്രാഥ​മിക വിദ്യാ​ഭ്യാ​സം ലഭിക്കാത്ത 13 കോടി കുട്ടികൾ ഇപ്പോ​ഴും ഉണ്ട്‌” എന്നു ജർമൻ വർത്തമാ​ന​പ​ത്ര​മായ ആൾജെ​മൈനെ റ്റ്‌​സൈ​ട്ടുങ്‌ മൈന്റ്‌സ്‌ റിപ്പോർട്ടു ചെയ്യുന്നു. “ലോക​ത്തി​ലെ മൊത്തം കുട്ടി​ക​ളിൽ 20 ശതമാ​ന​ത്തിന്‌ അടിസ്ഥാന വിദ്യാ​ഭ്യാ​സം ലഭിച്ചി​ട്ടില്ല എന്നാണ്‌ ഇതിന്റെ അർഥം.” ജർമനി​യി​ലെ ഐക്യ​രാ​ഷ്‌ട്ര ശിശു​ക്ഷേമ നിധി​യു​ടെ തലവനായ റൈൻഹാർട്ട്‌ ഷ്‌ലാ​ഗി​ന്റ്‌​വൈറ്റ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ലോക​വ്യാ​പ​ക​മാ​യി എല്ലാ കുട്ടി​കൾക്കും പ്രാഥ​മിക [വിദ്യാ​ഭ്യാ​സം] ലഭ്യമാ​ക്കു​ന്ന​തിന്‌ ഏകദേശം 700 കോടി​യി​ല​ധി​കം ഡോളർ വേണ്ടി​വ​രും. ഈ തുക വർഷം​തോ​റും യൂറോ​പ്പു​കാർ ഐസ്‌ക്രീ​മി​നു​വേണ്ടി ചെലവി​ടുന്ന, അല്ലെങ്കിൽ അമേരി​ക്ക​ക്കാർ സൗന്ദര്യ​വർധക വസ്‌തു​ക്കൾക്കാ​യി ചെലവി​ടുന്ന തുകയി​ലും വളരെ കുറവാണ്‌. അത്‌, ലോക​മൊ​ട്ടാ​കെ സൈനിക ആയുധ​ങ്ങൾക്കാ​യി ചെലവി​ടുന്ന തുകയു​ടെ ചെറിയ ഒരംശം മാത്രമേ ആകുന്നു​ള്ളൂ.

വിപത്‌ഗ്ര​സ്‌ത​മായ ഏഷ്യ

“കഴിഞ്ഞ വർഷം ലോക​വ്യാ​പ​ക​മാ​യി ഉണ്ടായ 10 വൻ വിപത്തു​ക​ളിൽ ആറെണ്ണം ഏഷ്യയിൽ ആണു സംഭവി​ച്ചത്‌. അത്‌ 27,000 പേരുടെ ജീവ​നൊ​ടു​ക്കു​ക​യും 3,800 കോടി ഡോള​റി​ന്റെ നാശന​ഷ്ടങ്ങൾ വരുത്തി​വെ​ക്കു​ക​യും ചെയ്‌തു” എന്ന്‌ സൗത്ത്‌ ചൈന മോർണിങ്‌ പോസ്റ്റ്‌ പ്രസ്‌താ​വി​ക്കു​ന്നു. ബംഗ്ലാ​ദേ​ശി​ലും ചൈന​യി​ലും ഉണ്ടായ വെള്ള​പ്പൊ​ക്ക​വും ഇന്തോ​നേ​ഷ്യ​യിൽ ഉണ്ടായ, അയൽ ദേശങ്ങ​ളി​ലേ​ക്കു​പോ​ലും പുകപ​ട​ലങ്ങൾ വ്യാപി​ക്കാ​നി​ട​യായ കാട്ടു​തീ​യും അവയിൽ ഉൾപ്പെ​ടു​ന്നു. “ലോക​ത്തി​ലെ മറ്റ്‌ ഏതൊരു മേഖല​യെ​ക്കാ​ളും പ്രകൃ​തി​വി​പ​ത്തു​കൾ കെടുതി വിതച്ചി​രി​ക്കു​ന്നത്‌ ഏഷ്യയി​ലാണ്‌” എന്ന്‌ ഏഷ്യാ-പസിഫിക്ക്‌ മേഖല​യ്‌ക്കു വേണ്ടി​യുള്ള ഐക്യ​രാ​ഷ്‌ട്ര സാമ്പത്തിക സാമൂ​ഹിക കമ്മീഷൻ പറയുന്നു. “21-ാം നൂറ്റാ​ണ്ടി​ലെ പ്രധാന വെല്ലു​വി​ളി​ക​ളിൽ ഒന്നായി​രി​ക്കും വിപത്‌സാ​ധ്യ​തകൾ കുറയ്‌ക്കൽ, പ്രത്യേ​കി​ച്ചും ഏഷ്യയിൽ.”

സ്വയം ഇക്കിളി​പ്പെ​ടു​ത്താൻ സാധി​ക്കാ​ത്ത​തി​ന്റെ കാരണം

“കൃത്യ​സ്ഥാ​നത്ത്‌ ഇക്കിളി​കൂ​ട്ടി​യാൽ മുതിർന്ന വ്യക്തി​യാ​ണെ​ങ്കി​ലും ഒന്നും ചെയ്യാ​നാ​കാ​തെ വല്ലാത്ത ഒരു അവസ്ഥയി​ലാ​യി​പ്പോ​കും. എന്നാൽ, എത്ര പെട്ടെന്ന്‌ ഇക്കിളി​യാ​കുന്ന വ്യക്തി​യാ​ണെ​ങ്കി​ലും സ്വയം ഇക്കിളി​പ്പെ​ടു​ത്താൻ അയാൾക്കു സാധി​ക്കില്ല എന്നതാണു രസകര​മായ സംഗതി,” ദി ഇക്കോ​ണ​മിസ്റ്റ്‌ പ്രസ്‌താ​വി​ക്കു​ന്നു. കാരണം? സമീപ​കാല ഗവേഷ​ണങ്ങൾ അനുസ​രിച്ച്‌, പേശീ പ്രവർത്ത​നത്തെ ഏകോ​പി​പ്പി​ക്കുന്ന മസ്‌തിഷ്‌ക ഭാഗമായ സെറി​ബെ​ല്ല​ത്തി​ലാണ്‌ ഉത്തരം കുടി​കൊ​ള്ളു​ന്നത്‌. പ്രവർത്ത​ന​ങ്ങളെ ഏകോ​പി​പ്പി​ക്കു​ന്ന​തിൽ മാത്രമല്ല, അവ ഉളവാ​ക്കുന്ന സംവേ​ദ​നങ്ങൾ പ്രവചി​ക്കു​ന്ന​തി​ലും സെറി​ബെല്ലം പങ്കു വഹിക്കു​ന്ന​താ​യി ഗവേഷകർ വിശ്വ​സി​ക്കു​ന്നു. തന്നിമി​ത്തം, ആളുകൾ സ്വയം ഇക്കിളി​കൂ​ട്ടു​മ്പോൾ സെറി​ബെല്ലം സംവേ​ദനം മൂൻകൂ​ട്ടി അറിഞ്ഞ്‌ അതിനെ അടക്കി​വെ​ക്കു​ന്നു. എന്നാൽ, മറ്റാ​രെ​ങ്കി​ലും ഇക്കിളി​കൂ​ട്ടു​മ്പോൾ ഉദ്ദീപ​ന​വും സെറി​ബെ​ല്ല​ത്തി​ന്റെ കണക്കു​കൂ​ട്ട​ലു​ക​ളും തമ്മിൽ ഏകോ​പി​പ്പി​ക്കുക സാധ്യ​മ​ല്ലാ​ത്ത​തി​നാൽ സംവേ​ദനം അടക്കി​വെ​ക്ക​പ്പെ​ടു​ന്നില്ല. സമാന​മായ ഒരു ലേഖന​ത്തിൽ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇങ്ങനെ സംഗ്ര​ഹി​ച്ചു: “വ്യക്തി സ്വയം ഇക്കിളി​കൂ​ട്ടു​മ്പോൾ അതു തിരി​ച്ച​റിഞ്ഞ്‌ അതിന്‌ കുറഞ്ഞ പ്രാധാ​ന്യം നൽകാൻ മസ്‌തി​ഷ്‌ക​ത്തി​നു സാധി​ക്കു​ന്നു. അങ്ങനെ, അടിയ​ന്തി​ര​മായ ബാഹ്യ സംവേ​ദ​ന​ങ്ങ​ളോ​ടു കൂടു​ത​ലാ​യി പ്രതി​ക​രി​ക്കാൻ അതിനു സാധി​ക്കു​ന്നു.”

മോർസ്‌ കോഡ്‌

1832-ൽ ഉണ്ടാക്ക​പ്പെട്ട മോർസ്‌ കോഡ്‌, “വാണി​ജ്യ​ത്തി​ന്റെ​യും ചരി​ത്ര​ത്തി​ന്റെ​ത​ന്നെ​യും വികസ​ന​ത്തിൽ അമൂല്യ​മായ പങ്കുവ​ഹി​ച്ചി​രി​ക്കു​ന്നു” എന്നു ലോക കപ്പൽഗ​താ​ഗ​ത​ത്തി​ന്റെ നിയ​ന്ത്രണം വഹിക്കുന്ന ഐക്യ​രാ​ഷ്‌ട്ര ഏജൻസി​യി​ലെ റോജർ കൊഹ്‌ൻ സമ്മതിച്ചു പറയുന്നു. ടൈറ്റാ​നിക്‌, എസ്‌ഒ​എസ്‌ (SOS) കോഡ്‌—മൂന്നു കുത്തു​ക​ളും മൂന്നു വരകളും മൂന്നു കുത്തു​ക​ളും—ഉപയോ​ഗിച്ച 1912 മുതൽ അന്താരാ​ഷ്‌ട്ര മാനദ​ണ്ഡ​മാ​യി കപ്പലുകൾ അപകട സമയത്ത്‌ അത്‌ ഉപയോ​ഗി​ച്ചു പോന്നി​രു​ന്നു എന്ന്‌ ദ ടൊറ​ന്റോ സ്റ്റാർ പറയുന്നു. എന്നാൽ 1999 ഫെബ്രു​വരി 1-ാം തീയതി മുതൽ ‘അന്താരാ​ഷ്‌ട്ര നാവിക സംഘടന’ ഉപയോ​ഗ​ത്തിൽ കൊണ്ടു​വന്ന ഒരു പുതിയ ഉപഗ്രഹ ആശയവി​നി​മയ സംവി​ധാ​ന​ത്തി​ലൂ​ടെ, “കപ്പലിലെ ഉപഗ്രഹ ടെർമി​ന​ലി​ലെ ഒരു ‘ഹോട്ട്‌ ബട്ടൻ’ അമർത്തി”ക്കൊണ്ട്‌ “ലോക​മെ​മ്പാ​ടു​മുള്ള രക്ഷാ​പ്ര​വർത്തന ഏകോപന കേന്ദ്ര​ങ്ങ​ളി​ലേക്ക്‌” ഓട്ടോ​മാ​റ്റി​ക്കാ​യി വിവരങ്ങൾ അയയ്‌ക്കാൻ സാധി​ക്കും. കപ്പലിന്റെ ഒമ്പതക്ക തിരി​ച്ച​റി​യൽ സംഖ്യക്കു പുറമേ, സന്ദേശ​ത്തിൽ “സമയവും കപ്പലിന്റെ സ്ഥാനവും അപകട​ത്തി​ന്റെ സ്വഭാ​വ​വും ഉൾപ്പെ​ടു​ത്താ​നാ​കും—ഒന്നുകിൽ അപകടം എന്താ​ണെന്ന്‌ എടുത്തു പറയാതെ അല്ലെങ്കിൽ തീപി​ടി​ത്തം, വെള്ളം കയറൽ, കപ്പൽ ചെരിയൽ, കടൽക്കൊള്ള എന്നിങ്ങനെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന 12 അപകട​ങ്ങ​ളിൽ ഏതെങ്കി​ലും എടുത്തു പറഞ്ഞു​കൊണ്ട്‌” എന്ന്‌ സ്റ്റാർ പറയുന്നു. ഒരുതരം നഷ്ടബോ​ധ​ത്തോ​ടെ എന്നവണ്ണം അത്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ചരി​ത്ര​ത്തി​ലെ ഏറ്റവും നല്ല ചില വാർത്തകൾ അറിയി​ക്കാൻ മോർസ്‌ ആയിരു​ന്നു ഉപയോ​ഗി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, രണ്ടു ലോക മഹായു​ദ്ധ​ങ്ങ​ളി​ലെ​യും വെടി​നിർത്ത​ലി​നെ കുറിച്ചു പ്രക്ഷേ​പണം ചെയ്യാൻ അത്‌ ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി.”

ഷൂസു​ക​ളു​മാ​യി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌ന​ങ്ങൾ

“ആറിൽ ഒരാൾക്കു വീതം ഷൂസു​ക​ളു​മാ​യി ബന്ധപ്പെ​ട്ട​തെന്നു പറയാ​വുന്ന ഗുരു​ത​ര​മായ പാദ​പ്ര​ശ്‌നങ്ങൾ ഉള്ളതായി വൈദ്യ​രം​ഗ​ത്തുള്ള വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു” എന്ന്‌ ദ ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. മുട്ടിനു വേദന, ഇടുപ്പി​നു വേദന, നടു​വേദന, തലവേദന എന്നിവ​യെ​ല്ലാം നിങ്ങളു​ടെ ഷൂസുകൾ പരി​ശോ​ധി​ക്ക​ണ​മെ​ന്നു​ള്ള​തി​ന്റെ സൂചന​യാ​യി​രി​ക്കാം. “ഷൂസുകൾ ഒരിക്ക​ലും പാദങ്ങ​ളു​മാ​യി ഇണങ്ങു​ന്നില്ല, മറിച്ച്‌ പാദങ്ങൾ അതി​നോ​ടാണ്‌ ഇണങ്ങു​ന്നത്‌ എന്നതാണ്‌ ഓർത്തി​രി​ക്കേണ്ട ഒരു പ്രധാന സംഗതി,” സ്റ്റാർ പറയുന്നു. “സാവധാ​നം പാദങ്ങ​ളു​മാ​യി ഇണങ്ങു​മെന്നു വിചാ​രി​ച്ചു ഷൂസുകൾ വാങ്ങരുത്‌. കടയിൽവെച്ച്‌ ഇട്ടു​നോ​ക്കു​മ്പോൾ ശരിക്കും പാകമ​ല്ലെ​ങ്കിൽ അതു വാങ്ങരുത്‌.” “എല്ലാ ദിവസ​വും, സമയം കടന്നു​പോ​കു​ന്നത്‌ അനുസ​രി​ച്ചു പാദങ്ങൾ കുറേശ്ശേ ചീർക്കു​ന്നു.” അതു​കൊണ്ട്‌, ഉച്ചകഴി​ഞ്ഞുള്ള സമയത്തു ഷൂസുകൾ വാങ്ങുക. “ഷൂസുകൾ വാങ്ങു​മ്പോൾ ഉപ്പൂറ്റി ഭാഗത്തു പാകമാ​ണോ എന്നു നോക്കു​ന്ന​തി​നു പകരം കാലിന്റെ മുൻഭാ​ഗത്തു പാകമാ​ണോ എന്നു നോക്കുക.” കണക്കുകൾ അനുസ​രിച്ച്‌, പാദസം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും കൂടു​ത​ലു​ള്ളതു സ്‌ത്രീ​കൾക്കാണ്‌. അവരിൽ 90 ശതമാനം പേരും “തീരെ ചെറിയ അല്ലെങ്കിൽ വളരെ ഇറുക്ക​മുള്ള ഷൂസുകൾ ധരിക്കു​ന്നതു” കൊണ്ടും “ഉപ്പൂറ്റി പൊങ്ങിയ ഷൂസുകൾ അങ്ങേയറ്റം ഗുരു​ത​ര​മായ പല പാദ​രോ​ഗ​ങ്ങൾക്കും വഴി​തെ​ളി​ക്കു​ന്നതു” കൊണ്ടും ആണ്‌ അങ്ങനെ സംഭവി​ക്കു​ന്നത്‌ എന്നു കരുത​പ്പെ​ടു​ന്നു. “ക്ഷതം ഉണ്ടായ ശേഷമേ വേദന ഉണ്ടാകു​ന്നു​ള്ളൂ എന്ന കാര്യം ഓർത്തി​രി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌” എന്ന്‌ ആ പത്രം കൂട്ടി​ച്ചേർത്തു.

ചൈന​യി​ലെ ബൈബിൾ പ്രസി​ദ്ധീ​ക​രി​ക്കൽ

“കഴിഞ്ഞ രണ്ടു ദശകങ്ങ​ളി​ലാ​യി ചൈന വിശുദ്ധ ബൈബി​ളി​ന്റെ രണ്ടു കോടി​യി​ല​ധി​കം പ്രതികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. 1990-കളുടെ ആരംഭം മുതൽ അവിടെ ഏറ്റവും പ്രചാരം സിദ്ധി​ച്ചി​രി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളിൽ ബൈബി​ളും ഉൾപ്പെ​ടു​ന്നു” എന്നു ഷിൻവാ ന്യൂസ്‌ ഏജൻസി പറയുന്നു. ചൈനീസ്‌ അക്കാദമി ഓഫ്‌ സോഷ്യൽ സയൻസ​സി​ന്റെ കീഴി​ലുള്ള ‘ലോക മത ഇൻസ്റ്റി​റ്റ്യൂ​ട്ടി’ലെ പ്രൊ​ഫ​സ​റായ ഫെങ്ക്‌ ജിൻയു​യാൻ പറയു​ന്ന​പ്ര​കാ​രം, ചൈന​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു ബൈബി​ളി​ന്റെ രണ്ടു പ്രതികൾ വീതം വാങ്ങാ​നുള്ള അധികാ​രം ഉണ്ട്‌. 20 വ്യത്യസ്‌ത പതിപ്പു​കൾ ഇതി​നോ​ടകം പ്രസി​ദ്ധീ​ക​രി​ച്ചു കഴിഞ്ഞി​ട്ടുണ്ട്‌. “ചൈനീസ്‌ പരിഭാ​ഷ​യുള്ള ഇംഗ്ലീഷ്‌ പതിപ്പു​ക​ളും പരമ്പരാ​ഗത, ലളിത ലിപി​യി​ലുള്ള ചൈനീസ്‌ പതിപ്പു​ക​ളും ന്യൂനപക്ഷ വംശീയ വിഭാ​ഗ​ങ്ങ​ളു​ടെ ഭാഷക​ളി​ലുള്ള പരിഭാ​ഷ​ക​ളും അക്കൂട്ട​ത്തിൽ പെടുന്നു. കൂടെ കൊണ്ടു​ന​ട​ക്കാ​വുന്ന വലിപ്പ​ത്തി​ലും മേശപ്പു​റത്തു വെക്കാ​വുന്ന വലിപ്പ​ത്തി​ലു​മൊ​ക്കെ അവ ലഭ്യമാണ്‌.” അതിനു​പു​റമേ, നിരവധി ബൈബിൾ കഥ പുസ്‌ത​ക​ങ്ങ​ളും പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അവ ബൈബി​ളി​ന്റെ വിതര​ണത്തെ കടത്തി​വെ​ട്ടു​മെന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. “1990-കളുടെ ആരംഭം മുതൽ രാജ്യ​ത്തിൽ ഏറ്റവും സ്വാധീ​നം ചെലു​ത്തി​യി​ട്ടുള്ള പുസ്‌ത​ക​ങ്ങ​ളിൽ ബൈബിൾ 32-ാം സ്ഥാനത്തു നിൽക്കു​ന്നു” എന്ന്‌ ആ ലേഖനം പ്രസ്‌താ​വി​ച്ചു. എങ്കിലും, “പൊതു​വെ പറഞ്ഞാൽ, പാശ്ചാ​ത്യ​രോ​ടുള്ള താരത​മ്യ​ത്തിൽ മതം ചൈനാ​ക്കാ​രിൽ കുറഞ്ഞ സ്വാധീ​നമേ ചെലു​ത്തു​ന്നു​ള്ളൂ.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക