മരണത്തിന്റെ നിഴലിലും ദൈവത്തെ സേവിക്കുന്നു
ഷ്വാവുൻ മാൻകോകാ പറഞ്ഞപ്രകാരം
വർഷം 1961. ജൂൺ 25-ന് ആയിരുന്നു ആ സംഭവം. അംഗോളയിലെ ലുവാണ്ടയിൽ ഞങ്ങളുടെ ക്രിസ്തീയ യോഗം നടക്കുകയായിരുന്നു. പെട്ടെന്ന്, ഒരു സംഘം സൈനികർ അതിനു തടസ്സം വരുത്തിക്കൊണ്ട് അകത്തു കടന്നു. ഞങ്ങളിൽ 30 പേരെ അവർ അറസ്റ്റു ചെയ്തു കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മർദനം നിമിത്തം ആരെങ്കിലും മരിച്ചോ എന്നറിയാൻ അര മണിക്കൂർ ഇടവിട്ടു സൈനികർ വന്നു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും അതിജീവിച്ചതിനാൽ ഞങ്ങളുടെ ദൈവം സത്യദൈവമാണ് എന്ന് അവരിൽ ആരൊക്കെയോ പറയുന്നതു കേട്ടു.
ഘോരമായ ആ മർദനത്തിനു ശേഷം അഞ്ചു മാസക്കാലം എന്നെ സാവൊ പൗലോ തടവറയിലാക്കി. തുടർന്നുവന്ന ഒമ്പതു വർഷക്കാലം പല തടവറകളിലായി എന്നെ മാറ്റിപ്പാർപ്പിച്ചു. ഏറെ മർദനങ്ങളും ബുദ്ധിമുട്ടുകളും ചോദ്യംചെയ്യലുകളുമെല്ലാം എനിക്കു സഹിക്കേണ്ടി വന്നു. 1970-ൽ, തടവിൽ നിന്നു മോചിപ്പിക്കപ്പെട്ടെങ്കിലും അധികം താമസിയാതെ എന്നെ വീണ്ടും അറസ്റ്റു ചെയ്തു. ഇത്തവണ, സാവൊ നിക്കുലവുവിലെ—ഇപ്പോൾ ബെന്റിയാബ എന്ന് അറിയപ്പെടുന്നു—കുപ്രസിദ്ധ മരണ പാളയത്തിലേക്കാണ് എന്നെ അയച്ചത്. അവിടെ എനിക്കു രണ്ടര വർഷം തടവിൽ കഴിയേണ്ടിവന്നു.
ബൈബിൾ അധിഷ്ഠിത വിശ്വാസത്തെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നു എന്ന കാരണത്താൽ, നിയമം അനുസരിക്കുന്ന ഒരു പൗരൻ ആയിരുന്ന എന്നെ എന്തിനു തടവിലാക്കണം എന്നും ഞാൻ ദൈവരാജ്യ സുവാർത്ത ആദ്യമായി കേട്ടത് എവിടെ വെച്ചാണ് എന്നും നിങ്ങൾ ചിന്തിച്ചേക്കാം.
നല്ല വിദ്യാഭ്യാസത്താൽ അനുഗൃഹീതൻ
അംഗോളയുടെ വടക്ക്, മാക്കെല ഡൂ സോംബോ പട്ടണത്തിന് അടുത്തായി 1925 ഒക്ടോബറിലാണു ഞാൻ ജനിച്ചത്. 1932-ൽ പിതാവു മരിച്ചപ്പോൾ, ബെൽജിയൻ കോംഗോയിൽ (ഇപ്പോഴത്തെ കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്) ഉണ്ടായിരുന്ന തന്റെ ആങ്ങളയോടൊപ്പം താമസിക്കുന്നതിന് അമ്മ എന്നെ അങ്ങോട്ടയച്ചു. മനസ്സോടെ ആയിരുന്നില്ല അമ്മ അതു ചെയ്തത്, എന്നെ പോറ്റാൻ അമ്മയ്ക്കു നിർവാഹമില്ലായിരുന്നു.
ബാപ്റ്റിസ്റ്റ് സഭാംഗം ആയിരുന്ന അമ്മാവൻ ബൈബിൾ വായിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ സഭയിൽ ചേർന്നെങ്കിലും പഠിച്ച കാര്യങ്ങളൊന്നും എന്റെ ആത്മീയ വിശപ്പ് അടക്കാൻ പര്യാപ്തം ആയിരുന്നില്ല; ദൈവത്തെ സേവിക്കാനും അത് എനിക്കു പ്രചോദനമേകിയില്ല. എന്നുവരികിലും, അമ്മാവൻ എന്നെ സ്കൂളിൽ അയച്ച്, നല്ല വിദ്യാഭ്യാസം നേടാൻ സഹായിച്ചു. മറ്റു കാര്യങ്ങളോടൊപ്പം, ഫ്രഞ്ച് സംസാരിക്കാനും ഞാൻ പഠിച്ചു. ക്രമേണ, പോർച്ചുഗീസും പഠിച്ചെടുത്തു. പഠിത്തം കഴിഞ്ഞപ്പോൾ ലേയൊപോൾഡ്വിൽ (ഇപ്പോഴത്തെ കിൻഷാസ) നഗരത്തിലെ സെൻട്രൽ റേഡിയോ നിലയത്തിൽ റേഡിയോ ടെലഗ്രാഫിസ്റ്റ് ആയി എനിക്കു ജോലി കിട്ടി. 20 വയസ്സുള്ളപ്പോൾ ഞാൻ മാരിയ പോവയെ വിവാഹം ചെയ്തു.
ഒരു പുതിയ മതപ്രസ്ഥാനം
അതേവർഷം, അതായത് 1946-ൽ, അഭ്യസ്തവിദ്യനും പള്ളിയിലെ ഗായകസംഘ പ്രമാണിയും ആയിരുന്ന ഒരാൾ എന്നെ കാര്യമായി സ്വാധീനിച്ചു. അംഗോളക്കാരനായിരുന്ന അദ്ദേഹം ബാപ്റ്റിസ്റ്റ് സഭക്കാരൻ ആയിരുന്നു. ഉത്തര അംഗോളയിൽ വസിച്ചിരുന്ന, കികോൻഗോ ഭാഷ സംസാരിക്കുന്ന ആളുകൾക്കു വിദ്യാഭ്യാസം നൽകുന്നതിലും അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം അതീവ താത്പര്യം കാട്ടി. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച, യഹോവയുടെ സാക്ഷികൾ വിതരണം ചെയ്ത രാജ്യം, ലോകത്തിന്റെ പ്രത്യാശ എന്ന ഇംഗ്ലീഷിലുള്ള ഒരു ചെറുപുസ്തകത്തിന്റെ പോർച്ചുഗീസ് പരിഭാഷ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
അദ്ദേഹം ആ ചെറുപുസ്തകം കികോൻഗോ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിട്ട്, ബെൽജിയൻ കോംഗോയിൽ ജോലി ചെയ്തിരുന്ന അംഗോളക്കാരായ ഞങ്ങളുടെ ഒരു സംഘത്തോടൊത്തുള്ള പ്രതിവാര ബൈബിൾ ചർച്ചയ്ക്ക് ഉപയോഗിക്കാൻ തുടങ്ങി. ആ ഗായകസംഘ പ്രമാണി ക്രമേണ, ഐക്യനാടുകളിലുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ആസ്ഥാനത്തേക്കു കത്തെഴുതി കൂടുതൽ സാഹിത്യങ്ങൾ വരുത്തിച്ചു. എന്നാൽ, അദ്ദേഹം പകർന്നുതന്ന വിവരങ്ങൾ സഭകളുടെ പഠിപ്പിക്കലുകളുമായി കൂടിക്കുഴഞ്ഞത് ആയിരുന്നു. തന്മൂലം, സത്യ ക്രിസ്ത്യാനിത്വവും ക്രൈസ്തവലോകത്തിന്റെ തിരുവെഴുത്തു വിരുദ്ധമായ പഠിപ്പിക്കലുകളും വ്യക്തമായി വേർതിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല.
എന്നുവരികിലും, എനിക്ക് ഒരു സംഗതി ബോധ്യമായിരുന്നു: ബാപ്റ്റിസ്റ്റ് സഭയിൽ നിന്നു മനസ്സിലാക്കിയ വിവരങ്ങളിൽ നിന്നു വളരെ വ്യത്യസ്തമാണ് വാച്ച് ടവർ സൊസൈറ്റിയുടെ സാഹിത്യങ്ങളിൽ അടങ്ങിയിരിക്കുന്ന ബൈബിൾ സന്ദേശങ്ങൾ. ഉദാഹരണത്തിന്, ബൈബിൾ യഹോവ എന്ന ദൈവത്തിന്റെ വ്യക്തിഗത നാമത്തിനു വളരെ പ്രാധാന്യം കൽപ്പിക്കുന്നു എന്നും സത്യ ക്രിസ്ത്യാനികൾ യഥോചിതം തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികൾ എന്നു വിളിക്കുന്നു എന്നും ഞാൻ മനസ്സിലാക്കി. (സങ്കീർത്തനം 83:18; യെശയ്യാവു 43:10-12) കൂടാതെ, യഹോവയെ വിശ്വസ്തമായി സേവിക്കുന്നവർ പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കും എന്ന ബൈബിളിന്റെ വാഗ്ദാനവും എനിക്കു വളരെ ഹൃദ്യമായി തോന്നിയിരുന്നു.—സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5.
ബൈബിൾ സത്യത്തെ കുറിച്ചുള്ള എന്റെ അറിവ് പരിമിതം ആയിരുന്നെങ്കിലും തന്റെ ദൈവമായ യഹോവയെ കുറിച്ചു സംസാരിക്കാനുള്ള ഉത്കടമായ ആഗ്രഹം അടക്കിനിർത്താൻ കഴിയാഞ്ഞ യിരെമ്യാ പ്രവാചകനെപോലെ എനിക്ക് അനുഭവപ്പെട്ടു. (യിരെമ്യാവു 20:9) വീടുതോറും പ്രസംഗിക്കുന്നതിൽ ഞങ്ങളുടെ ബൈബിൾ പഠന കൂട്ടത്തിലെ അംഗങ്ങൾ എന്നോടു ചേർന്നു. അച്ചടിച്ച ക്ഷണക്കുറിപ്പുകൾ ഉപയോഗിച്ച് ആളുകളെ ക്ഷണിച്ചുകൊണ്ട് അമ്മാവന്റെ വീട്ടുമുറ്റത്തു ഞാൻ പരസ്യ യോഗങ്ങൾ നടത്തി. ഒരേസമയം 78 ആളുകൾ വരെ ഹാജരായി. അങ്ങനെ അംഗോളക്കാരനായ ഗായകസംഘ പ്രമാണിയുടെ നേതൃത്വത്തിൽ ഒരു പുതിയ മതപ്രസ്ഥാനം രൂപീകൃതമായി.
എന്റെ ആദ്യ ജയിൽവാസങ്ങൾ
വാച്ച് ടവർ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഏതൊരു പ്രസ്ഥാനവും ബെൽജിയൻ കോംഗോയിൽ നിരോധിക്കപ്പെട്ടിരുന്ന കാര്യം എനിക്ക് അറിഞ്ഞുകൂടായിരുന്നു. അങ്ങനെ, 1949 ഒക്ടോബർ 22-ന് ഞങ്ങളിൽ ചിലർ അറസ്റ്റു ചെയ്യപ്പെട്ടു. ഞങ്ങളെ വിചാരണ ചെയ്യുന്നതിനു മുമ്പ് ജഡ്ജി എന്നോടു രഹസ്യമായി സംസാരിക്കുകയും എന്നെ വെറുതെ വിടാനുള്ള ക്രമീകരണം നടത്തുന്നതിനു ശ്രമിക്കുകയും ചെയ്തു. കാരണം, ഞാൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ മോചിപ്പിക്കപ്പെടുന്നതിന്, ഞങ്ങളുടെ പ്രസംഗഫലമായി രൂപീകൃതമായ പ്രസ്ഥാനത്തെ തള്ളിപ്പറയേണ്ടിയിരുന്നു. ഞാൻ അതിനു വിസമ്മതിച്ചു.
രണ്ടര മാസത്തെ തടവിനുശേഷം, അംഗോളക്കാരായ ഞങ്ങളെ സ്വന്തം രാജ്യത്തേക്കു തിരിച്ചയയ്ക്കാൻ അധികൃതർ തീരുമാനിച്ചു. എന്നാൽ, അംഗോളയിൽ തിരിച്ചെത്തിയപ്പോൾ പോർച്ചുഗീസ് കോളനി അധികൃതരും ഞങ്ങളുടെ പ്രവർത്തനത്തിൽ സംശയാലുക്കളായി ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രസ്ഥാനത്തിൽപ്പെട്ട കൂടുതൽ അംഗങ്ങൾ ബെൽജിയൻ കോംഗോയിൽ നിന്നു വന്നെത്തി. ക്രമേണ, അംഗോളയിൽ ഞങ്ങളുടെ അംഗസംഖ്യ 1,000-ത്തിലധികമായി.
പിന്നീട്, ഒരു പ്രമുഖ മതനേതാവ് ആയിരുന്ന സിമോൻ കിംബാങ്ഗൂവിന്റെ അനുയായികൾ ഞങ്ങളുടെ പ്രസ്ഥാനത്തിൽ ചേർന്നു. വാച്ച് ടവർ സൊസൈറ്റിയുടെ സാഹിത്യങ്ങൾ പഠിക്കാൻ ഇക്കൂട്ടർക്കു താത്പര്യം ഇല്ലായിരുന്നു. കാരണം, ഒരു ആത്മമധ്യവർത്തിയിലൂടെ മാത്രമേ ബൈബിൾ വിശദീകരിക്കാൻ സാധിക്കൂ എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ഞങ്ങളുടെ പ്രസ്ഥാനത്തിലെ ഭൂരിഭാഗം പേരും ആ വീക്ഷണഗതിയെ പിന്താങ്ങി. ഞങ്ങളുടെ നേതാവായി അപ്പോഴും കരുതപ്പെട്ടിരുന്ന ഗായകസംഘ പ്രമാണിയും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. വാച്ച് ടവർ സൊസൈറ്റിയുടെ ഒരു യഥാർഥ പ്രതിനിധിയുമായി ബന്ധപ്പെടുന്നതിനുള്ള അവസരം ഞങ്ങൾക്ക് ഒരുക്കിത്തരാൻ ഞാൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. അത്തരത്തിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ബൈബിൾ സത്യം സ്വീകരിക്കുകയും തിരുവെഴുത്തു വിരുദ്ധമായ നടപടികൾ തിരസ്കരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഞങ്ങളുടെ മുഴു പ്രസ്ഥാനത്തിനും ബോധ്യമാകും എന്നു ഞാൻ പ്രത്യാശിച്ചു.
ഞങ്ങളിൽ ചിലർ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നത് പ്രസ്ഥാനത്തിലെ ചിലരെ നീരസംകൊള്ളിച്ചു. തന്നിമിത്തം, അവർ ഞങ്ങളെ അധികൃതർക്ക് ഒറ്റിക്കൊടുക്കുകയും ഞങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരാണ് എന്ന് ആരോപിക്കുകയും ചെയ്തു. തത്ഫലമായി, 1952 ഫെബ്രുവരിയിൽ ഞങ്ങളിൽ നിരവധി പേർ അറസ്റ്റുചെയ്യപ്പെട്ടു. കാർലൂസ് ആഗൂഷ്റ്റിൻയൂ കാഡിയും സാല റാമോസ് ഫിലെമോനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ജനാലകൾ ഇല്ലാത്ത ഒരു അറയിൽ ഞങ്ങളെ അടച്ചിട്ടു. എങ്കിലും, സൗഹാർദ മനസ്കനായ ഒരു ഗാർഡ്, ഞങ്ങൾക്ക് ഭാര്യമാർ കൊടുത്തയച്ച ഭക്ഷണവും ഒരു ടൈപ്പ്റൈറ്ററും എത്തിച്ചുതന്നു. തന്മൂലം, ഞങ്ങൾക്ക് വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച ചെറുപുസ്തകങ്ങളുടെ കൂടുതൽ പ്രതികൾ ഉണ്ടാക്കാൻ സാധിച്ചു.
മൂന്നു വാരങ്ങൾക്കു ശേഷം, അംഗോളയുടെ തെക്കുള്ള ഒരു മരുപ്രദേശമായ ബായിയ ഡൂസ് ടിഗ്രെഷിലേക്കു ഞങ്ങളെ നാടുകടത്തി. ഭാര്യമാരും ഞങ്ങളോടൊപ്പം പോന്നു. നാലു വർഷത്തെ കഠിന വേലയ്ക്കു ഞങ്ങളെ വിധിച്ചു. അവിടെ ഒരു മത്സ്യബന്ധന കമ്പനിക്കു വേണ്ടിയാണു ഞങ്ങൾ പണിയെടുത്തത്. മത്സ്യബന്ധന ബോട്ടുകൾ തീരത്തടുപ്പിക്കാൻ ബായിയ ഡൂസ് ടിഗ്രെഷിൽ സൗകര്യം ഇല്ലായിരുന്നു. തന്മൂലം, ഞങ്ങളുടെ ഭാര്യമാർ രാവിലെ മുതൽ രാത്രിവരെ ബോട്ടുകളിൽ നിന്നു ഭാരിച്ച മീൻ കുട്ടകൾ ചുമന്നുകൊണ്ടു വെള്ളത്തിലൂടെ പോയിവരുമായിരുന്നു.
ആ തടവു പാളയത്തിൽവെച്ചു പ്രസ്ഥാനത്തിലെ മറ്റ് അംഗങ്ങളെ ഞങ്ങൾ കണ്ടുമുട്ടി. ബൈബിൾ പഠനം തുടരാൻ ഞങ്ങൾ അവരെ പരമാവധി പ്രോത്സാഹിപ്പിച്ചു. പക്ഷേ ഗായകസംഘ പ്രമാണി ആയിരുന്ന ടോക്കോയെ പിൻപറ്റാനായിരുന്നു അവർക്കു താത്പര്യം. ക്രമേണ അവർ അയാളുടെ പേരിൽ, ‘ടോക്കോക്കാർ’ എന്ന് അറിയപ്പെടാൻ തുടങ്ങി.
ആറ്റുനോറ്റിരുന്ന കൂടിക്കാഴ്ച
ബായിയ ഡൂസ് ടിഗ്രെഷിൽ ആയിരിക്കെ ഞങ്ങൾ ഉത്തര റൊഡേഷ്യയിലെ (ഇപ്പോഴത്തെ സാംബിയ) വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിന്റെ വിലാസം കണ്ടുപിടിച്ച് സഹായം അഭ്യർഥിച്ചുകൊണ്ട് എഴുതി. ഞങ്ങളുടെ കത്ത് അവിടെ നിന്നു ദക്ഷിണാഫ്രിക്ക ബ്രാഞ്ചിലേക്ക് അയച്ചു. ബൈബിൾ സത്യത്തിൽ ഞങ്ങൾക്കു താത്പര്യം ജനിച്ചത് എങ്ങനെയെന്നും മറ്റും ആരാഞ്ഞുകൊണ്ട് ദക്ഷിണാഫ്രിക്ക ബ്രാഞ്ച് ഞങ്ങളുമായി കത്തിടപാടുകൾ നടത്തി. ഞങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഐക്യനാടുകളിലുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ആസ്ഥാനത്തെ അറിയിച്ചു. അങ്ങനെ, ഞങ്ങളുമായി ബന്ധപ്പെടാൻ ഒരു പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നതിനു ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. വിദേശങ്ങളിൽ അനേക വർഷത്തെ സേവനപരിചയമുള്ള ജോൺ കുക്ക് എന്ന മിഷനറി ആയിരുന്നു അദ്ദേഹം.
കുക്ക് സഹോദരൻ അംഗോളയിലെത്തി ആഴ്ചകൾക്കു ശേഷമേ ഞങ്ങളെ സന്ദർശിക്കാൻ പോർച്ചുഗീസ് അധികൃതർ അദ്ദേഹത്തിന് അനുമതി നൽകിയുള്ളൂ. 1955 മാർച്ച് 21-ന് അദ്ദേഹം ബായിയ ഡൂസ് ടിഗ്രെഷിൽ എത്തി. അഞ്ചു ദിവസം ഞങ്ങളോടൊപ്പം താമസിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചു. ബൈബിളിനെ കുറിച്ച് അദ്ദേഹം നൽകിയ വിശദീകരണങ്ങൾ വളരെ തൃപ്തികരമായിരുന്നു. യഹോവയാം ദൈവത്തിന്റെ ഏക സത്യ സംഘടനയുടെ പ്രതിനിധിയാണ് അദ്ദേഹം എന്ന് എനിക്കു ശരിക്കും ബോധ്യമായി. സന്ദർശനത്തിന്റെ അവസാന ദിവസം “രാജ്യത്തിന്റെ ഈ സുവിശേഷം” എന്ന വിഷയത്തെ ആസ്പദമാക്കി കുക്ക് സഹോദരൻ ഒരു പരസ്യപ്രസംഗം നടത്തി. ബായിയ ഡൂസ് ടിഗ്രെഷിലെ മുഖ്യ ഭരണാധികാരി ഉൾപ്പെടെ മൊത്തം 82 പേർ ഹാജരായിരുന്നു. സന്നിഹിതരായിരുന്ന ഏവർക്കും പ്രസംഗത്തിന്റെ അച്ചടിച്ച ഓരോ പ്രതി ലഭിച്ചു.
അംഗോളയിൽ ചെലവഴിച്ച അഞ്ചു മാസക്കാലം കുക്ക് സഹോദരൻ ‘ടോക്കോക്കാരുടെ’ നേതാവ് ഉൾപ്പെടെ അവരിൽ പലരുമായി സമ്പർക്കം പുലർത്തി. എന്നാൽ, അവരിൽ ഭൂരിപക്ഷം പേരും യഹോവയുടെ സാക്ഷികളാകാൻ താത്പര്യം കാണിച്ചില്ല. ആ ഘട്ടത്തിൽ, അധികൃതരോട് ഞങ്ങളുടെ നിലപാടു വ്യക്തമാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്ന് എനിക്കും സുഹൃത്തുക്കൾക്കും തോന്നി. 1956 ജൂൺ 6-ാം തീയതി, “ഹിസ് എക്സെലൻസി ദ ഗവർണർ ഓഫ് ദ ഡിസ്ട്രിക്റ്റ് ഓഫ് മൂസാമെഡിഷ്” എന്ന മേൽവിലാസത്തിൽ അയച്ച ഒരു ഔദ്യോഗിക കത്തിൽ ഞങ്ങൾ അതു വ്യക്തമാക്കി. ടോക്കോയുടെ ആളുകളുമായി ഞങ്ങൾക്കു മേലാൽ യാതൊരു ബന്ധവുമില്ലെന്നും ഞങ്ങളെ “യഹോവയുടെ സാക്ഷികളുടെ സൊസൈറ്റിയിലെ അംഗങ്ങൾ” ആയി വീക്ഷിക്കണമെന്നും ആ കത്തിൽ പ്രസ്താവിച്ചിരുന്നു. ഞങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകുന്നതിനും ഞങ്ങൾ അപേക്ഷിച്ചു. എന്നാൽ, ശിക്ഷയുടെ കാലാവധി കുറയ്ക്കുന്നതിനു പകരം രണ്ടു വർഷത്തേക്കു നീട്ടുകയാണ് ഉണ്ടായത്.
സ്നാപനത്തിലേക്കു നയിച്ച സംഭവങ്ങൾ
ഒടുവിൽ, 1958 ആഗസ്റ്റിൽ ഞങ്ങൾ മോചിതരായി. ലുവാണ്ടയിൽ മടങ്ങിയെത്തിയ ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ ഒരു ചെറിയ സംഘത്തെ കണ്ടെത്തി. ജോൺ കുക്കിനു പകരമായി അംഗോളയിലേക്ക് അയയ്ക്കപ്പെട്ട മെർവിൻ പാസ്ലോ എന്ന ഒരു മിഷനറിയാണു തലേ വർഷം സാക്ഷികളെ സംഘടിതരാക്കിയത്. പക്ഷേ, ഞങ്ങൾ എത്തിയപ്പോഴേക്കും അദ്ദേഹം നാടുകടത്തപ്പെട്ടിരുന്നു. പിന്നീട്, 1959-ൽ ഹാരി ആർനൊറ്റ് എന്ന യഹോവയുടെ സാക്ഷികളുടെ മറ്റൊരു മിഷനറി എത്തിച്ചേർന്നു. എന്നാൽ, വിമാനത്തിൽ നിന്ന് ഇറങ്ങവെ അദ്ദേഹവും അദ്ദേഹത്തെ കാത്തുനിന്ന ഞങ്ങൾ മൂന്നു പേരും അറസ്റ്റു ചെയ്യപ്പെട്ടു.
മറ്റേ രണ്ടുപേരെയും—ആയിടെ സ്നാപനമേറ്റ പോർച്ചുഗീസ് സാക്ഷികളായ മാൻവെൽ ഗോൺസാൽവിഷിനെയും ബെർത്ത ടേഷേറയെയും—മേലാൽ യോഗങ്ങൾ നടത്തരുതെന്ന മുന്നറിയിപ്പോടെ അധികാരികൾ വിട്ടയച്ചു. ആർനൊറ്റ് സഹോദരൻ നാടുകടത്തപ്പെട്ടു. എനിക്കാണെങ്കിൽ, മേലാൽ ഒരു സാക്ഷിയല്ല എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രമാണത്തിൽ ഒപ്പിടാത്തപക്ഷം ബായിയ ഡൂസ് ടിഗ്രെഷിലേക്കു തിരിച്ചയയ്ക്കും എന്ന താക്കീതും ലഭിച്ചു. എങ്കിലും, ഏഴു മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനുശേഷം ഒപ്പു വാങ്ങാതെ എന്നെ വിട്ടയച്ചു. ഒടുവിൽ, ഒരാഴ്ചയ്ക്കുശേഷം എനിക്കും എന്റെ സുഹൃത്തുക്കളായ കാർലൂസ് കാഡിക്കും സാല ഫിലെമോനും സ്നാപനമേൽക്കാൻ സാധിച്ചു. ലുവാണ്ടയിലെ മൂസെക് സാമ്പിസാങ്ഗാ നഗരപ്രാന്തത്തിൽ ഞങ്ങൾ ഒരു മുറി വാടകയ്ക്ക് എടുത്തു. അത് അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ സഭയുടെ രാജ്യഹാളായിത്തീർന്നു.
വീണ്ടും പീഡനം
യോഗങ്ങളിൽ ഹാജരാകുന്ന താത്പര്യക്കാരുടെ എണ്ണം വർധിക്കാൻ തുടങ്ങി. ഞങ്ങളെ ഒറ്റിക്കൊടുക്കാൻ വന്ന ചിലർ യോഗങ്ങൾ ആസ്വദിക്കുകയും പിന്നീട് യഹോവയുടെ സാക്ഷികൾ ആയിത്തീരുകയും ചെയ്തു! രാഷ്ട്രീയ രംഗത്ത് മാറ്റത്തിന്റെ കാറ്റു വീശുകയായിരുന്നു. 1961 ഫെബ്രുവരി 4-നു ദേശീയവാദ പ്രക്ഷോഭം തലപൊക്കിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഞങ്ങളെക്കുറിച്ചു കുപ്രചരണങ്ങൾ ഉണ്ടായിരുന്നിട്ടും മാർച്ച് 30-ാം തീയതി കർത്താവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുന്നതിനു ഞങ്ങൾക്കു സാധിച്ചു, 130 പേർ ഹാജരായി.
ജൂണിൽ, ഞാൻ വീക്ഷാഗോപുര അധ്യയനം നടത്തിക്കൊണ്ടിരിക്കവെ ആണ് ഞങ്ങളുടെ യോഗം തടസ്സപ്പെടുത്തിക്കൊണ്ടു സൈനിക പൊലീസ് പെട്ടെന്നു കടന്നുവന്നത്. സ്ത്രീകളെയും കുട്ടികളെയും വെറുതെവിട്ടു. എന്നാൽ, തുടക്കത്തിൽ പറഞ്ഞപ്രകാരം, 30 പുരുഷന്മാരെയും അറസ്റ്റു ചെയ്തു കൊണ്ടുപോയി. രണ്ടു മണിക്കൂർ തുടർച്ചയായി ഞങ്ങളെ ലാത്തികൊണ്ട് അടിച്ചു. തുടർന്നു മൂന്നു മാസക്കാലം ഞാൻ രക്തം ഛർദിച്ചു. മരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു; വാസ്തവത്തിൽ, എന്നെ അടിച്ചവരിൽ ഒരാൾ ഞാൻ മരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞതുമാണ്. അടികൊണ്ടവരിൽ മിക്കവരും സ്നാപനമേൽക്കാത്ത പുതിയ ബൈബിൾ വിദ്യാർഥികൾ ആയിരുന്നു. തന്മൂലം, “യഹോവേ, നിന്റെ ആടുകളെ കാത്തു പരിപാലിക്കണേ” എന്ന് അവർക്കുവേണ്ടി ഞാൻ ഉള്ളുരുകി പ്രാർഥിച്ചു.
യഹോവയുടെ സഹായത്താൽ, അവരിൽ ആരും മരിച്ചില്ല. അത് സൈനികരെ അതിശയിപ്പിച്ചു. അതിജീവിക്കാൻ ഞങ്ങളെ സഹായിച്ചതു ഞങ്ങളുടെ ദൈവമാണ് എന്നു പറഞ്ഞുകൊണ്ട് സൈനികരിൽ ചിലർ ആ ദൈവത്തെ സ്തുതിക്കാൻ പോലും പ്രേരിതരായി! ബൈബിൾ വിദ്യാർഥികളിൽ മിക്കവരും ക്രമേണ, സ്നാപനമേറ്റ സാക്ഷികളായി. ചിലർ ഇപ്പോൾ ക്രിസ്തീയ മൂപ്പന്മാരായി സേവനമനുഷ്ഠിക്കുന്നു. അവരിൽ ഒരാൾ ആയിരുന്ന സിൽവെഷ്ട്രെ സിമാവുൻ, അംഗോള ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
ഒമ്പതു വർഷത്തെ യാതനകൾ
തുടക്കത്തിൽ സൂചിപ്പിച്ച പ്രകാരം, തുടർന്നുവന്ന ഒമ്പതു വർഷം ഞാൻ പല വിധത്തിലും യാതനകൾ അനുഭവിച്ചു. തടവറകൾ തോറും, തൊഴിൽപ്പാളയങ്ങൾ തോറും എന്നെ മാറ്റിപ്പാർപ്പിച്ചു. അവിടെയെല്ലാം, രാഷ്ട്രീയ തടവുപുള്ളികൾക്കു സാക്ഷ്യം നൽകാൻ എനിക്കു സാധിച്ചു. അവരിൽ അനേകർ ഇപ്പോൾ സ്നാപനമേറ്റ സാക്ഷികളാണ്. എന്നോടൊപ്പം പോരാൻ ഭാര്യ മാരിയയെയും ഞങ്ങളുടെ കുട്ടികളെയും അനുവദിച്ചിരുന്നു.
ഞങ്ങൾ സെർപ പിൻടൂ തൊഴിൽപ്പാളയത്തിൽ ആയിരുന്നപ്പോൾ നാലു രാഷ്ട്രീയ തടവു പുള്ളികൾ രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടുന്നതിനെ കുറിച്ച് ആരും ആലോചിക്കാൻ പോലും മുതിരാതിരിക്കേണ്ടതിന് അവരെ മറ്റു തടവുപുള്ളികളുടെയെല്ലാം മുന്നിലിട്ടു ക്രൂരമായി പീഡിപ്പിച്ചു കൊന്നു. പിന്നീട്, പാളയ മേലധികാരി മാരിയയുടെയും മക്കളുടെയും മുന്നിൽ വെച്ച് എന്നോട് ഇങ്ങനെ പറഞ്ഞു: “താൻ വീണ്ടും പ്രസംഗിക്കുന്നതെങ്ങാൻ കണ്ടാൽ, രക്ഷപ്പെടാൻ ശ്രമിച്ചവരെ കൊന്നതുപോലെ തന്നെയും കൊന്നുകളയും.”
ഒടുവിൽ, 1966 നവംബറിൽ ഞങ്ങൾ സാവൊ നിക്കുലവുവിലെ കുപ്രസിദ്ധ മരണ പാളയത്തിൽ എത്തിച്ചേർന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഒരു കാര്യം അറിഞ്ഞു ഞാൻ ഭയന്നുപോയി—സാവൊ പൗലൊ തടവറയിൽ എന്നെ മർദിച്ചു കൊല്ലാക്കൊല ചെയ്ത ശ്രീ. സിഡ് ആണ് പാളയ മേലധികാരി! ഓരോ മാസവും ഡസൻ കണക്കിന് ആളുകൾ ആസൂത്രിതമായി കൊലചെയ്യപ്പെട്ടു. മൃഗീയമായ കൊലപാതകങ്ങൾ കണ്ടുനിൽക്കാൻ എന്റെ കുടുംബാംഗങ്ങൾ നിർബന്ധിതരായി. തന്മൂലം, മാരിയയ്ക്കു മാനസിക-വൈകാരിക തകർച്ച [nervous breakdown] ഉണ്ടായി. ഇന്നും അവൾ അതിൽ നിന്നു പൂർണമായി സുഖം പ്രാപിച്ചിട്ടില്ല. ഒടുവിൽ, അവൾക്കും കുട്ടികൾക്കും ലുവാണ്ടയിലേക്കു പോകാനുള്ള അനുമതി ലഭിച്ചു. അവിടെ എന്റെ മൂത്ത പെൺമക്കൾ, തെരേസയും ഷുവാനയും, അമ്മയുടെയും കൂടെപ്പിറപ്പുകളുടെയും പരിപാലനം ഏറ്റെടുത്തു.
സ്വതന്ത്രനാക്കപ്പെട്ടെങ്കിലും വീണ്ടും തടവിലേക്ക്
പിറ്റേ വർഷം, 1970 സെപ്റ്റംബറിൽ, എന്നെ തടവിൽ നിന്നു മോചിപ്പിച്ചു. ഞാൻ വീണ്ടും കുടുംബത്തോടും ലുവാണ്ടയിലെ സഹോദരങ്ങളോടും ഒന്നിച്ചു. അകലെ ആയിരുന്ന ഒമ്പതു വർഷക്കാലംകൊണ്ടു പ്രസംഗവേല എത്രമാത്രം പുരോഗമിച്ചു എന്നു കണ്ടപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. 1961-ൽ എന്നെ തടവിലാക്കിയ സമയത്ത് ലുവാണ്ടയിൽ നാലു ചെറിയ കൂട്ടങ്ങൾ ഉൾപ്പെടുന്ന ഒരേയൊരു സഭയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഞാൻ വെളിയിൽ വന്നപ്പോഴേക്കും അവിടെ യഹോവയുടെ സംഘടനയിലെ ഒരു സഞ്ചാര പ്രതിനിധി ആറുമാസത്തിലൊരിക്കൽ സഹായം പ്രദാനം ചെയ്യുന്ന, സുസംഘടിതമായ നാലു വലിയ സഭകൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിൽ ഞാൻ അതിയായി സന്തോഷിച്ചു. എന്നാൽ, എന്റെ സ്വാതന്ത്ര്യത്തിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഒരു ദിവസം, പൊലീസ് ഫോർ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡിഫെൻസ് ഓഫ് ദ സ്റ്റേറ്റിന്റെ (പിഐഡിഇ)—ഇപ്പോൾ നിലവിലില്ല—ഡയറക്ടർ ജനറൽ എന്നെ വിളിപ്പിച്ചു. എന്റെ മകൾ ഷുവാനയുടെ മുന്നിൽ എന്നെ പുകഴ്ത്തിയിട്ട് ഒപ്പിടാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു രേഖ എന്നെ ഏൽപ്പിച്ചു. വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നവൻ എന്ന നിലയിൽ പിഐഡിഇ-ക്കു വേണ്ടി ഞാൻ സേവനം അനുഷ്ഠിക്കണമെന്ന് അതിൽ ആവശ്യപ്പെട്ടിരുന്നു. തക്ക പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ സാവൊ നിക്കുലവുവിലേക്കു തിരികെ അയയ്ക്കുമെന്നും പിന്നീടൊരിക്കലും മോചിപ്പിക്കുകയില്ലെന്നും ഭീഷണിപ്പെടുത്തി.
1971 ജനുവരിയിൽ വെറും നാലു മാസത്തെ സ്വാതന്ത്ര്യത്തിനു ശേഷം ആ ഭീഷണികൾ യാഥാർഥ്യമായി. ലുവാണ്ടയിലുള്ള 37 ക്രിസ്തീയ മൂപ്പന്മാരെ അറസ്റ്റു ചെയ്ത് സാവൊ നിക്കുലവുവിലേക്ക് അയയ്ക്കുകയുണ്ടായി. 1973 ആഗസ്റ്റ് വരെ അവിടെ ഞങ്ങളെ തടവിൽ പാർപ്പിച്ചു.
മോചിപ്പിക്കപ്പെട്ടെങ്കിലും പീഡിപ്പിക്കപ്പെടുന്നു
1974-ൽ പോർച്ചുഗലിൽ മതസ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു. പിന്നീട്, ഈ സ്വാതന്ത്ര്യം പോർച്ചുഗലിന്റെ വിദേശ പ്രവിശ്യകളിലും ലഭ്യമായി. 1975 നവംബർ 11-ന് അംഗോള, പോർച്ചുഗലിൽ നിന്നു സ്വാതന്ത്ര്യം നേടി. അതേ വർഷം മാർച്ചിൽ ഞങ്ങൾക്കു സ്വാതന്ത്ര്യത്തോടെ ആദ്യമായി സർക്കിട്ട് സമ്മേളനങ്ങൾ നടത്താൻ സാധിച്ചത് എത്ര രോമാഞ്ചജനകമായ അനുഭവമായിരുന്നു! ലുവാണ്ടയിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ നടത്തപ്പെട്ട സന്തുഷ്ടിദായകമായ ഈ കൂടിവരവുകളിൽ പരസ്യപ്രസംഗം നടത്തുന്നതിനുള്ള പദവി എനിക്കു ലഭിച്ചു.
എന്നുവരികിലും, പുതിയ ഗവൺമെന്റ് ഞങ്ങളുടെ നിഷ്പക്ഷ നിലപാടിനെ എതിർത്തു. അംഗോളയിലെമ്പാടും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. വെള്ളക്കാരായ സാക്ഷികൾക്ക് രാജ്യത്തിൽ നിന്നു പലായനം ചെയ്യേണ്ടിവരത്തക്ക അളവോളം സ്ഥിതിഗതികൾ മോശമായി. യഹോവയുടെ സാക്ഷികളുടെ പോർച്ചുഗൽ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ, അംഗോളയിലെ പ്രസംഗവേലയ്ക്കു നേതൃത്വം വഹിക്കാൻ പ്രാദേശിക സഹോദരങ്ങളായ ഞങ്ങൾ മൂന്നുപേർ നിയോഗിക്കപ്പെട്ടു.
ഉടൻതന്നെ എന്റെ പേരു പത്രങ്ങളിൽ പ്രത്യക്ഷപ്പെടാനും റേഡിയോയിൽ പ്രക്ഷേപണം ചെയ്യപ്പെടാനും തുടങ്ങി. ഞാൻ ഏതോ അന്താരാഷ്ട്ര സാമ്രാജ്യശക്തിയുടെ പ്രതിനിധിയാണെന്നും അംഗോളയിലെ സാക്ഷികൾ ആയുധമെടുക്കാത്തതിനു കാരണക്കാരൻ ഞാനാണെന്നും ആരോപിക്കപ്പെട്ടു. തന്മൂലം, ലുവാണ്ട പ്രവിശ്യയിലെ ആദ്യത്തെ ഗവർണറുടെ മുമ്പാകെ എന്നെ വിളിപ്പിച്ചു. ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷ നിലപാടിനെ കുറിച്ച്—യേശുക്രിസ്തുവിന്റെ ആദിമ അനുഗാമികൾ കൈക്കൊണ്ട അതേ നിലപാടിനെ കുറിച്ച്—ആദരപൂർവം ഞാൻ അദ്ദേഹത്തോടു വിശദീകരിച്ചു. (യെശയ്യാവു 2:4; മത്തായി 26:52) കോളനി വാഴ്ചക്കാലത്തു ഞാൻ തടവിലും തൊഴിൽപ്പാളയങ്ങളിലുമായി 17-ലധികം വർഷം കഴിച്ചുകൂട്ടിയെന്ന് പറഞ്ഞപ്പോൾ എന്നെ അറസ്റ്റു ചെയ്യേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു.
അന്നൊക്കെ അംഗോളയിൽ യഹോവയുടെ ഒരു സാക്ഷിയായി സേവിക്കുന്നതിന് അപാര ധൈര്യം ആവശ്യമായിരുന്നു. എന്റെ വീടു നിരീക്ഷണത്തിൽ ആയിരുന്നതുകൊണ്ടു ഞങ്ങൾ അതു യോഗങ്ങൾക്ക് ഉപയോഗിക്കുന്നതു നിറുത്തി. എങ്കിലും, പൗലൊസ് അപ്പൊസ്തലൻ പറഞ്ഞപ്രകാരം, ‘ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെട്ടു എങ്കിലും തകർക്കപ്പെട്ടില്ല.’ (2 കൊരിന്ത്യർ 4:8, പി.ഒ.സി. ബൈബിൾ) ഒരിക്കലും ഞങ്ങൾ ശുശ്രൂഷയിൽ നിഷ്ക്രിയർ ആയില്ല. ഒരു സഞ്ചാര ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചുകൊണ്ടു ഞാൻ പ്രസംഗവേലയിൽ തുടരുകയും ബെൻഗ്വെല, വീലാ, ഹ്വാംബോ എന്നീ പ്രവിശ്യകളിലുള്ള സഭകളെ ശക്തീകരിക്കുകയും ചെയ്തുപോന്നു. ആ സമയത്തു ഞാൻ വേറൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്—ഫിലെമോൻ സഹോദരൻ എന്ന്.
1978 മാർച്ചിൽ ഞങ്ങളുടെ പ്രസംഗവേല വീണ്ടും നിരോധിക്കപ്പെട്ടു. വിപ്ലവ തീവ്രവാദികൾ എന്നെ കൊല്ലാൻ പദ്ധതിയിടുന്നതായി ആശ്രയയോഗ്യമായ ഉറവിടങ്ങളിൽ നിന്ന് എനിക്കു വിവരം ലഭിച്ചു. തന്മൂലം, ഞാൻ നൈജീരിയക്കാരനായ ഒരു സാക്ഷിയുടെ വീട്ടിൽ അഭയം പ്രാപിച്ചു. അദ്ദേഹം അംഗോളയിലെ നൈജീരിയൻ എംബസിയിൽ ജോലിക്കാരൻ ആയിരുന്നു. ഒരു മാസത്തിനു ശേഷം, സ്ഥിതിഗതികൾ മെച്ചപ്പെട്ടപ്പോൾ വീണ്ടും സർക്കിട്ട് മേൽവിചാരകൻ എന്ന നിലയിൽ ഞാൻ സഹോദരങ്ങളെ സേവിക്കാൻ തുടങ്ങി.
നിരോധനത്തിനും ആഭ്യന്തര യുദ്ധത്തിനും മധ്യേയും ആയിരക്കണക്കിന് അംഗോളക്കാർ ഞങ്ങളുടെ പ്രസംഗവേലയോട് അനുകൂലമായി പ്രതികരിച്ചു. സാക്ഷികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവു കണക്കിലെടുത്ത്, അംഗോളയിലെ പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കാൻ, പോർച്ചുഗൽ ബ്രാഞ്ചിന്റെ മാർഗനിർദേശത്തിൻ കീഴിൽ ഒരു രാജ്യ കമ്മിറ്റി നിയമിതമായി. ആ കാലയളവിൽ ഞാൻ പലവട്ടം പോർച്ചുഗലിൽ പോയിട്ടുണ്ട്. അവിടെവെച്ച് എനിക്ക് യോഗ്യരായ ശുശ്രൂഷകരിൽ നിന്നു വിലയേറിയ പരിശീലനം ലഭിച്ചു, ഒപ്പം വൈദ്യസഹായവും.
ഒടുവിൽ പ്രസംഗവേലയ്ക്കുള്ള സ്വാതന്ത്ര്യം!
തൊഴിൽപ്പാളയങ്ങളിൽ ആയിരുന്നപ്പോൾ, പ്രസംഗവേല തുടരുന്നപക്ഷം ഒരിക്കലും എനിക്കു തടവിൽ നിന്നു മോചനം ലഭിക്കുകയില്ലെന്നു രാഷ്ട്രീയ തടവുകാർ മിക്കപ്പോഴും എന്നെ പരിഹസിച്ചു പറയുമായിരുന്നു. എന്നാൽ, ഞാൻ ഇങ്ങനെ മറുപടി പറഞ്ഞിരുന്നു: “വാതിൽ തുറക്കാനുള്ള യഹോവയുടെ സമയം ഇതുവരെ വന്നെത്തിയിട്ടില്ല. എന്നാൽ, അവൻ വാതിൽ തുറക്കുന്നപക്ഷം ആർക്കും അത് അടയ്ക്കാനാകില്ല.” (1 കൊരിന്ത്യർ 16:9; വെളിപ്പാടു 3:8) 1991-ൽ സോവിയറ്റ് യൂണിയൻ നിലംപതിച്ചതോടെ പ്രസംഗ പ്രവർത്തനത്തിനുള്ള അവസര വാതിൽ മലർക്കെ തുറക്കപ്പെട്ടു. അന്നുമുതൽ ഞങ്ങൾ അംഗോളയിൽ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം അനുഭവിക്കാൻ തുടങ്ങി. 1992-ൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഒടുവിൽ, 1996-ൽ അംഗോളയിൽ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച് സ്ഥാപിതമായി, ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായി എനിക്കു നിയമനം ലഭിച്ചു.
ഞാൻ തടവിൽ കഴിച്ചുകൂട്ടിയ വർഷങ്ങളിലെല്ലാം, എന്റെ കുടുംബം എങ്ങനെയൊക്കെയോ പുലർത്തപ്പെട്ടു. ഞങ്ങൾക്ക് ആറു മക്കളുണ്ടായിരുന്നു. അഞ്ചു പേർ ഇപ്പോഴും ഉണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ഷുവാന, കാൻസർ പിടിപെട്ടു കഴിഞ്ഞ വർഷം മരണമടഞ്ഞു. ശേഷിച്ച അഞ്ചു മക്കളിൽ നാലുപേരും സ്നാപനമേറ്റ സാക്ഷികളാണ്. എന്നാൽ ഒരാൾ ഇതുവരെ സ്നാപനത്തിന്റെ പടി സ്വീകരിച്ചിട്ടില്ല.
1955-ൽ കുക്ക് സഹോദരൻ ഞങ്ങളെ സന്ദർശിച്ചപ്പോൾ ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്ന അംഗോളക്കാരായി മൊത്തം നാലു പേരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് 38,000-ത്തിലധികം രാജ്യഘോഷകർ ഈ രാജ്യത്തുണ്ട്. അവർ ഓരോ മാസവും 67,000-ത്തിലധികം ബൈബിൾ അധ്യയനങ്ങൾ നടത്തിവരുന്നു. മുമ്പു ഞങ്ങളെ പീഡിപ്പിച്ചിട്ടുള്ളവരിൽ പലരും ഇന്നു സുവാർത്ത പ്രസംഗിക്കുന്നവരിൽ ഉൾപ്പെടുന്നു. അത് എത്രയോ പ്രതിഫലദായകമാണ്, എന്നെ ജീവനോടെ പരിരക്ഷിച്ചതിനും യഹോവയുടെ വചനം ഘോഷിക്കാനുള്ള എന്റെ ഉത്കടമായ ആഗ്രഹം നിവർത്തിക്കാൻ എന്നെ അനുവദിച്ചതിനും ഞാൻ അവനോട് എത്ര നന്ദിയുള്ളവനാണെന്നോ!—യെശയ്യാവു 43:12; മത്തായി 24:14.
[20,21 പേജുകളിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്
അംഗോള
കിൻഷാസ
മാക്കെല ഡൂ സോംബോ
ലുവാണ്ട
സാവൊ നിക്കുലവു (ഇപ്പോഴത്തെ ബെന്റിയാബ)
ബായിയ ഡൂസ് ടിഗ്രെഷ്
മൂസാമെഡിഷ് (ഇപ്പോഴത്തെ നാമിബേ)
സെർപ പിൻടൂ (ഇപ്പോഴത്തെ മെനോങ്ഗ്വെ)
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[22, 23 പേജുകളിലെ ചിത്രങ്ങൾ]
താഴെ: 1955-ൽ ജോൺ കുക്കിനോടൊപ്പം. ഇടതു വശത്തു നിൽക്കുന്നതു സാല ഫിലെമോൻ
വലത്ത്: 42 വർഷത്തിനു ശേഷം വീണ്ടും ജോൺ കുക്കിനോടൊപ്പം
[23-ാം പേജിലെ ചിത്രം]
ഭാര്യ, മാരിയയോടൊപ്പം