ആഴക്കടലിലെ സ്വാദൂറും കായിക താരങ്ങൾ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ആകാശത്ത് പ്രാപ്പിടിയന്മാർക്കുള്ള അതേ സ്ഥാനമാണ് കടലിൽ മത്സ്യങ്ങൾക്കിടയിലെ ഈ സൂപ്പർതാരങ്ങൾക്ക് ഉള്ളത്. മിനുസമാർന്ന ശരീരങ്ങളുള്ള ഈ അഭ്യാസികൾ ആഴിയുടെ അഗാധതയിലൂടെ ചാട്ടുളിപോലെ പാഞ്ഞുപോകുന്നു. സദാ തീറ്റയും തേടി അലയുന്ന ഇവർക്ക് അടങ്ങിയിരിക്കുന്നതേ ഇഷ്ടമല്ല. ഇവരുടെ തൂണസ് തൈണസ് എന്ന ശാസ്ത്രനാമംതന്നെ “പാച്ചിൽ” എന്നർഥമുള്ള ഒരു വാക്കിൽനിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളതാണ്. പേരുകേട്ട ഒരു തറവാട്ടിലെ അംഗങ്ങളായ ഇവരുടെ ബന്ധുക്കളാണ് മാർലിനുകളും കുന്ത-മത്സ്യങ്ങളും വാൾ-മത്സ്യങ്ങളും. ജലജീവികളായ ഈ കായികാഭ്യാസികൾ ആരെന്ന് ഇനിയും മനസ്സിലായില്ലേ? എങ്കിൽ കേട്ടോളൂ, ഇവർ ചൂര കുടുംബത്തിൽ പെട്ടവരാണ്. 13 ഇനങ്ങളുള്ള ഒരു കുടുംബമാണ് ഇവരുടേത്.
ഈ കായിക കുടുംബത്തിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ ബ്ലൂഫിന്നുകൾ അഥവാ നീലച്ചിറകുള്ള ചൂരകൾ ആണ്. ഭൂമധ്യരേഖയുടെ തെക്കുഭാഗത്തായി കണ്ടുവരുന്ന തെക്കൻ ബ്ലൂഫിന്നുകൾ കുറഞ്ഞത് 200 സെന്റിമീറ്റർ നീളവും 200 കിലോഗ്രാം വരെ തൂക്കവും വെക്കും. എങ്കിലും ഈ കുടുംബത്തിലെ പൊണ്ണത്തടിയന്മാർ എന്നു വിശേഷിപ്പിക്കാവുന്നത് ഭീമാകാരന്മാരായ വടക്കൻ ബ്ലൂഫിന്നുകളെയാണ്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഉത്തരാർധഗോളത്തിലാണ് ഇവയുടെ വാസം. 270 സെന്റിമീറ്ററോ അതിലധികമോ നീളമുള്ള ഇവയ്ക്ക് (അമിത മത്സ്യബന്ധനത്തിന്റെ ഫലമായി ഇവയെ ഇപ്പോൾ അപൂർവമായേ കാണാറുള്ളൂ) 700 കിലോഗ്രാമിലധികം തൂക്കം ഉണ്ടായിരുന്നേക്കാം. ഇവയുടെ തൂക്കത്തിന്റെ 75 ശതമാനത്തിനും നിദാനം കരുത്തുറ്റ പേശികളാണ്. എന്നാൽ ശരീരത്തിന്റെ ഈ വലിപ്പം അതിവേഗം സഞ്ചരിക്കാനുള്ള ബ്ലൂഫിന്നുകളുടെ പ്രാപ്തിക്ക് ഒരു തടസ്സമല്ല. വാസ്തവത്തിൽ, ചൂര കുടുംബത്തിൽ ഏറ്റവും വേഗമുള്ളത് ഈ തടിമാടന്മാർക്കാണ്. ഹ്രസ്വദൂര സഞ്ചാരങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 വരെ കിലോമീറ്റർ വേഗം കൈവരിക്കാൻ ഇവയ്ക്കു സാധിക്കും.
സ്പ്രിന്റിനും മാരത്തോണിനും പറ്റിയ ശരീരഘടന
ബ്ലൂഫിന്നുകൾക്ക് ഇത്ര വേഗത്തിൽ നീന്താൻ കഴിയുന്നത് എങ്ങനെയാണ്? നാഷണൽ ജിയോഗ്രഫിക് മാസിക വിവരിക്കുന്നു: “ഇവയുടെ ശരീര തൂക്കത്തിന്റെ മുക്കാൽ ഭാഗത്തിനും നിദാനം പേശികളാണ്. വെള്ളത്തിൽ അതിവേഗം സഞ്ചരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ശരീരാകൃതിയാണ് ഇവയ്ക്കുള്ളത്. അതീവ ക്ഷമതയുള്ള ഹൃദയം, താപനിയന്ത്രണ സംവിധാനം, റാംജെറ്റ് എഞ്ചിന്റേതുപോലുള്ള വായുസഞ്ചാര സംവിധാനം എന്നിങ്ങനെ ചുറ്റുപാടുകൾക്ക് അനുയോജ്യമായ പല സവിശേഷതകളും ബ്ലൂഫിന്നുകൾക്കുണ്ട്. വെള്ളത്തിൽ അതിവേഗം സഞ്ചരിക്കാൻ അവയെ പ്രാപ്തമാക്കുന്നത് ഈ സവിശേഷതകളാണ്.” ബ്ലൂഫിന്നിന്റെ അതീവ ക്ഷമതയുള്ള ഹൃദയം മറ്റു മത്സ്യങ്ങളുടേതിനെക്കാൾ പല മടങ്ങു വലുതാണ്. ഇവയുടെ ഹൃദയത്തിന് ഏറെയും സസ്തനികളുടേതിനോടാണു സാമ്യം. കൂടാതെ, ശീതരക്തമുള്ള ഒരു സാധാരണ മത്സ്യത്തിൽനിന്നു വ്യത്യസ്തമായി ഉഷ്ണരക്തമാണ് അതിവിദഗ്ധമായി രൂപകൽപ്പന ചെയ്യപ്പെട്ട അതിന്റെ രക്തപര്യയന വ്യൂഹങ്ങളിലൂടെ പ്രവഹിക്കുന്നത്. രക്തത്തിന്റെ ഊഷ്മാവിൽ 8 ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടാകുമ്പോൾ ബ്ലൂഫിന്നിന്റെ പേശികളുടെ ബലം ഏതാണ്ട് മൂന്നു മടങ്ങ് വർധിക്കുന്നു. അതിനെ പ്രബലനായ ഇരപിടിയനാക്കി മാറ്റുന്നതും ഇതാണ്. മത്സ്യം, കൂന്തൽ, ക്രിൽ എന്നിവയാണ് അവയുടെ ആഹാരം.
സ്വാദിഷ്ടമായ എന്തെങ്കിലും ആഹാരം, ഉദാഹരണത്തിന് ഒരു അയല ബ്ലൂഫിന്നിന്റെ കണ്ണിൽപ്പെടുമ്പോൾ അരിവാൾ ആകൃതിയിലുള്ള വാൽ ശക്തമായി അടിച്ചുകൊണ്ട് അതു മുമ്പോട്ടു കുതിക്കും. വാലിന്റെ ഈ ശക്തമായ ചലനമാണ് ഇങ്ങനെ മുമ്പോട്ടു കുതിക്കാൻ അതിനെ സഹായിക്കുന്നത്. ജലത്തിലൂടെ സഞ്ചരിക്കുമ്പോഴുള്ള വലിവ് (drag) കുറയ്ക്കാൻ ഭുജച്ചിറകുകളും ശ്രോണീച്ചിറകുകളും അതിന്റെ ഉരുക്കുപോലത്തെ ശരീരത്തിലുള്ള നീണ്ട ദ്വാരങ്ങളിലേക്കു വലിയും. അയല എത്ര വേഗത്തിൽ നീന്തിയാലും ബ്ലൂഫിന്നിൽനിന്നു രക്ഷപ്പെടാൻ സാധ്യത ഒട്ടുംതന്നെയില്ല. കാരണം, രണ്ടു കണ്ണുകൾ കൊണ്ടും ഒരു വസ്തുവിനെ തന്നെ കാണാനുള്ള കഴിവും വളരെ ഉയർന്ന ശ്രവണശക്തിയും ജലത്തിലെ രാസഘടകങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന സംവേദിനികളും ഇവയ്ക്കുണ്ട്. ഇരയുടെ അടുത്തെത്തുമ്പോൾ നിർണായക, ശീഘ്രഗതിയിലുള്ള ഗതിനിയന്ത്രണത്തിനായി അതിന്റെ ഭുജച്ചിറകുകളും ശ്രോണീച്ചിറകുകളും വീണ്ടും പുറത്തുവരും. കണ്ണിമയ്ക്കുന്നതിനിടയിൽ അതിന്റെ ചെകിള മൂടികളും വായും തുറക്കുന്നു, അയല വയറ്റിലെത്തുന്നു.
ശക്തിയേറിയ ഹൃദയവും ഉഷ്ണരക്തവും അസാധാരണ വലിപ്പമുള്ള ചെകിളകളും ഉള്ളതുകൊണ്ട് മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ചൂര, ഏതാണ്ട് പതിന്മടങ്ങ് വേഗത്തിൽ അത്തരം സ്പ്രിന്റുകളുടെ ക്ഷീണത്തിൽനിന്ന് വിമുക്തമാകും. എങ്കിലും ‘ശ്വാസം വിടാനുള്ള സാവകാശമെടുക്കുമ്പോൾ’ പോലും അവ നീന്തൽ നിർത്താറില്ല. എന്തിനു പറയുന്നു, ഉറങ്ങുമ്പോൾ പോലും അവ നീന്തിക്കൊണ്ടിരിക്കുകയാകും. കാരണം അവയ്ക്കു വെള്ളത്തെക്കാൾ ഭാരമുണ്ട്. പൂർണമായി നിശ്ചലാവസ്ഥയിൽ ആകാൻ മറ്റു മത്സ്യങ്ങളെ സഹായിക്കുന്ന ചെകിളപ്പമ്പുകളും അവയ്ക്കില്ല. അതുകൊണ്ടുതന്നെ, സ്രാവുകളെ പോലെ വായ് അൽപ്പം തുറന്നു പിടിച്ചുകൊണ്ടാണ് ചൂര നീന്തുന്നത്. ചൂരയ്ക്ക് ഒരു സ്മാരകക്കുറിപ്പ് എഴുതിയാൽ അത് ഇങ്ങനെയിരിക്കും: “ഇടയ്ക്കിടെ സ്പ്രിന്റുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ആയുസ്സു മുഴുവനും ഒരു മാരത്തോൺ ഓട്ടമായിരുന്നു.”
ചൂര കുടുംബത്തിലെ ഏറ്റവും സുന്ദരൻ ഭീമാകാരനായ യെല്ലോഫിൻ അഥവാ മഞ്ഞച്ചിറകുള്ള ചൂരയാണ്. യെല്ലോഫിന്നിന് രണ്ടു മീറ്ററോളം നീളം വെച്ചേക്കാം. മഞ്ഞ വരയും മഞ്ഞ പക്ഷകങ്ങളും (finlets) അസാധാരണമായ നീളത്തിലുള്ള, പുറകോട്ടു മാടിയൊതുക്കിയതുപോലെ കാണപ്പെടുന്ന ചിറകുകളും അവയ്ക്കുണ്ട്. വിശേഷിച്ചും രാത്രിയിൽ, ഈ സുന്ദര മത്സ്യങ്ങൾ അലമാലകളെ കീറിമുറിച്ചുകൊണ്ടു പോകുമ്പോൾ അവയ്ക്ക് തീയമ്പുകളുടെ ശോഭയായിരിക്കും. ഹവായിക്കാർ ഇവയെ “തീ” എന്നർഥമുള്ള ആഹി എന്നാണു വിളിക്കുന്നതുതന്നെ.
നീന്തൽ താരങ്ങൾ പ്രതിസന്ധിയുടെ കയത്തിൽ
നല്ല ദശയുള്ള, ചുവന്ന, എണ്ണമയമുള്ള മാംസം അതിനെ തീന്മേശയിലും ഒരു സൂപ്പർ താരമാക്കുന്നു. സാഷിമി, സുഷി എന്നിവ പോലുള്ള കൊതിയൂറുന്ന ജാപ്പനീസ് വിഭവങ്ങൾ ബ്ലൂഫിന്നിനെ ജാപ്പനീസ് വിപണികളിൽ അത്യന്തം പ്രിയങ്കരവും വിലയേറിയതുമായ ആഹാരസാധനങ്ങളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നു. ഒരൽപ്പം ചൂരയ്ക്കായി വലിയ വിലകൊടുക്കാൻ സൂഷി-ബാറുകളിൽ വരുന്നവർ തയ്യാറാണ്. ഒരു ബ്ലൂഫിന്നിനെ ലേലം വിളിക്കുന്നതു കേട്ടാൽ ഒരു പുതിയ കാറിന്റെ ലേലം നടക്കുകയാണെന്നു തോന്നിപ്പോകും. 11,000 ഡോളറോ അതിലധികമോ ഒക്കെ വിലവരുന്നതു സാധാരണമാണ്. 324 കിലോഗ്രാം തൂക്കമുള്ള ഒരു ബ്ലൂഫിന്നിനെ വിറ്റത് 67,500 ഡോളറിനാണ്! “ഒരു പോർഷ് കാറിന്റെ വലിപ്പവും പോർഷ് കാറിന്റെ വേഗവും പോർഷ് കാറിന്റെ വിലയും” എന്നാണ് അതിനെപ്പറ്റി ഒരു പ്രകൃതിസംരക്ഷണവാദി പറഞ്ഞത്.
ചൂരയ്ക്കുള്ള വലിയ ഡിമാന്റ് നിമിത്തം അവയുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. “നാളെയെ കുറിച്ച് ഒട്ടും ചിന്തയില്ലാതെ കേവലം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ [അവയെ] അമിതമായി വേട്ടയാടുന്നു, ചൂഷണം ചെയ്യുന്നു, അവയുടെ മാംസം പാഴാക്കിക്കളയുന്നു” എന്ന് ലവണജല വിനോദ മത്സ്യബന്ധനം എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു. ആകാശീയ നിരീക്ഷണ സംവിധാനം ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക സജ്ജീകരണങ്ങളുള്ള ആധുനിക വ്യവസായ കപ്പലുകൾ വൻതോതിലാണ് ചൂരയെ പിടികൂടുന്നത്. ഉദാഹരണത്തിന്, പേഴ്സ് സീനർ എന്നു വിളിക്കപ്പെടുന്ന കപ്പൽ ചൂരപ്പറ്റത്തിനടുത്ത് എത്തുമ്പോൾ ഒരു കൊച്ചുബോട്ട് താഴേക്കിറക്കും. ഈ ബോട്ട് ഒരു പേഴ്സ് സീൻ വല അവയ്ക്കു ചുറ്റും ഇടുന്നു, അങ്ങനെ അവ രക്ഷപ്പെടാനാകാത്തവിധം അതിനകത്തു കുരുങ്ങിപ്പോകും. ലോങ്ലൈനർ എന്ന കപ്പലാകട്ടെ, 130 കിലോമീറ്റർ ദൂരത്തോളം നീണ്ടുകിടക്കുന്ന ഒരു ചൂണ്ടച്ചരടാണ് ഉപയോഗിക്കുന്നത്. ഈ പ്രധാന ചൂണ്ടച്ചരടിനോട് ഏതാണ്ട് 2,200 കൊച്ചു ചൂണ്ടച്ചരടുകൾ ഘടിപ്പിച്ചിട്ടുണ്ടാകും, ഓരോന്നിന്റെയും അറ്റത്തുള്ള കൊളുത്തിൽ ഇരയെ കോർത്തിട്ടുമുണ്ടായിരിക്കും. ചൂരയുടെ ഏറ്റവും വലിയ പേടിസ്വപ്നം! വലിയ ബ്ലൂഫിന്നുകൾക്ക് വളരെയധികം വിലയുള്ളതുകൊണ്ട് ബോട്ടുകളിലും സ്പോട്ടർ വിമാനങ്ങളിലുമായി ആളുകൾ “വെറും ഏതാനും എണ്ണത്തിനു വേണ്ടി ആഴ്ചകളോളം തിരച്ചിൽ നടത്തിയേക്കാം” എന്ന് ലോക വന്യജീവി സംരക്ഷണനിധി പറയുന്നു.
ചില രാജ്യങ്ങൾ തങ്ങളുടെ അധികാരപരിധിയിലുള്ള സമുദ്രഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുറങ്കടലിൽ ജീവിക്കുന്ന ചൂരയെ പോലുള്ള മത്സ്യങ്ങളെ പിടിക്കുന്നത് എങ്ങനെ നിയന്ത്രിക്കാനാണ്? (ജപ്പാനിനടുത്തു വെച്ച് ടാഗ് ബന്ധിച്ചു വിട്ട ഒരു വടക്കൻ ബ്ലൂഫിന്നിനെ ഏതാണ്ട് 11,000 കിലോമീറ്റർ അകലെ മെക്സിക്കോ തീരത്തിനരികെ വീണ്ടും ചിലർ പിടികൂടി!) ഇതുവരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ നിയന്ത്രിക്കാനാവില്ലെന്നാണ് ഉത്തരം. പരിസ്ഥിതിക്കു ദോഷം ചെയ്യാത്ത അളവിൽ മാത്രം ചൂര മത്സ്യത്തെ പിടികൂടുക എന്ന സ്ഥിതിവിശേഷം കൊണ്ടുവരാൻ ഐക്യരാഷ്ട്രങ്ങളുടെ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെങ്കിലും പ്രബലരായ തത്പര കക്ഷികൾ അതിനെതിരെ പ്രവർത്തിക്കുന്നുണ്ട്. വാസ്തവത്തിൽ, ചില രാജ്യങ്ങളിൽ ചൂര മത്സ്യത്തെ പിടികൂടുന്നതു തടയാനുള്ള ശ്രമത്തിനിടെ വലിയ സംഘട്ടനങ്ങൾപോലും നടന്നിട്ടുണ്ട്.
അങ്ങേയറ്റം ക്ഷയിച്ചുപോയ ചൂര മത്സ്യ കുടുംബത്തെ ചൂഷണം ചെയ്തുകൊണ്ട് കടലിലെ സമ്പത്തിനെയും ഭാവിയിലെ സ്വന്തം ഉപജീവന മാർഗത്തെയും മത്സ്യബന്ധനക്കാർ അപകടപ്പെടുത്തുന്നത് എന്തുകൊണ്ടാണ് എന്നു നിങ്ങൾ അതിശയിച്ചേക്കാം. നാഷണൽ ജിയോഗ്രഫിക് ഇങ്ങനെ പറയുന്നു: “[മത്സ്യത്തിന്റെ] എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതു സത്യംതന്നെ. എങ്കിലും പരമ്പരാഗത മീൻപിടിത്തക്കാരോ വ്യാവസായിക മീൻപിടിത്തക്കാരോ മാത്രം വിചാരിച്ചാൽ അവയെ സംരക്ഷിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. കാരണം, അവർ പിടിച്ചില്ലെങ്കിൽ അവരുടെ അത്രയും പോലും മനസ്സാക്ഷിയില്ലാത്ത വേറെ ആളുകൾ അതു ചെയ്യും. അതുകൊണ്ട്, എല്ലാവരും കഴിയുന്നത്ര എണ്ണത്തെ പിടികൂടാൻ ശ്രമിക്കുന്നു.”
ടാഗ് ബന്ധിക്കലും മത്സ്യക്കൃഷിയും ചൂരയെ രക്ഷിക്കുമോ?
തെക്കൻ ബ്ലൂഫിന്നിനെ കുറിച്ചു വളരെയധികം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഈ ഗവേഷണത്തിന്റെ ഭാഗമായി, ചൂരപ്പറ്റങ്ങളുടെ സ്വഭാവസവിശേഷതകളെയും ആരോഗ്യത്തെയും കുറിച്ചുള്ള മർമപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്തുന്ന ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് ടാഗുകൾ ഉപയുക്തമാക്കുന്നു. എത്രമാത്രം മത്സ്യത്തെ പിടികൂടാൻ കഴിയുമെന്നു നിർണയിക്കാൻ ഈ വിവരം അധികൃതരെ സഹായിക്കും.
അതേസമയം, ചില രാജ്യങ്ങളിൽ ചൂര വളർത്തൽ ഉൾപ്പെടെയുള്ള മത്സ്യക്കൃഷി പ്രചാരം ആർജിച്ചുവരികയാണ്. ഉത്പാദനശേഷി കണക്കിലെടുക്കുമ്പോൾ പെൺ ബ്ലൂഫിന്നുകൾ മത്സ്യ കർഷകന് വലിയ ഒരു സമ്പത്താണ്. മുട്ടയിടീൽകാലത്ത് പെൺ ബ്ലൂഫിന്നുകൾ 1.5 കോടി മുട്ടവരെ ഇടും! ഈ മത്സ്യക്കൃഷി വിജയിക്കുമെങ്കിൽ സമുദ്രങ്ങളിലെ ക്ഷയിച്ചു വരുന്ന ചൂര മത്സ്യ തറവാടിനെ അപകടത്തിൽ നിന്നു രക്ഷിക്കാൻ സാധിച്ചേക്കും. ചൂരയെ പോലെ ഇത്രയും ഉജ്ജ്വലരായ ജല കായികാഭ്യാസികൾ, വിശേഷിച്ച് സൂപ്പർതാരങ്ങളായ ബ്ലൂഫിന്നുകൾ—കണ്ണിനു മാത്രമല്ല അണ്ണാക്കിനും രസം പകരുന്ന മത്സ്യം—നാമാവശേഷമാകുന്നതു കാണുക എത്ര സങ്കടകരമാണ്.
[16, 17 പേജുകളിലെ ചിത്രം]
മഞ്ഞച്ചിറകുള്ള ചൂര
[കടപ്പാട്]
Innerspace Visions
[18-ാം പേജിലെ ചിത്രം]
നീലച്ചിറകുള്ള ചൂര
[കടപ്പാട്]
Innerspace Visions