തകരുന്ന ജീവിതം, പൊലിയുന്ന ജീവൻ
“വലിയ കൂടങ്ങൾ (കൂറ്റൻ ചുറ്റികകൾ) പോലെയാണ് മയക്കുമരുന്നുകൾ,” ഡോ. എറിക് നെസ്ലർ അഭിപ്രായപ്പെടുന്നു. അതേ, ഈ രാസ കൂടങ്ങളുടെ ഒരൊറ്റ ഡോസു പോലും മാരകമായിരുന്നേക്കാം. “ഉദാഹരണത്തിന്, ക്രാക്ക് കൊക്കെയ്ൻ ഉപയോഗിച്ച ആദ്യ തവണ തന്നെ ആളുകൾ മരണമടഞ്ഞിട്ടുണ്ട്” എന്ന് മയക്കുമരുന്നുകൾ അമേരിക്കയിൽ എന്ന പുസ്തകം പറയുന്നു.
കൃത്രിമ മയക്കുമരുന്നുകളുടെ പുതിയ തരംഗം അത്രയും തന്നെ ഭീഷണിയുയർത്തുന്നു. “‘റേവ്’ പാർട്ടിയിൽ സംബന്ധിക്കുന്ന എട്ടും പൊട്ടും തിരിയാത്ത ചെറുപ്പക്കാർക്ക്, അവിടെ വാങ്ങാൻ കിട്ടുന്ന ഏതു രാസമിശ്രിതമാണ് തങ്ങളുടെ മസ്തിഷ്കത്തെ തകർക്കാൻ പോന്നത് എന്നറിയാൻ യാതൊരു വഴിയുമില്ല” എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഡ്രഗ് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. എന്നിരുന്നാലും, മിക്ക യുവജനങ്ങളിലും മയക്കുമരുന്നുകളോടുള്ള ആസക്തി വളർന്നുവരുന്നത് ക്രമാനുഗതമായിട്ടാണ്. പിൻവരുന്ന ഉദാഹരണങ്ങൾ അതാണു തെളിയിക്കുന്നത്.
“യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം”
കുടുംബത്തിലെ ഒമ്പതു മക്കളിൽ ഒരാളായിരുന്നു പേത്രൂ.a സ്പെയിനിലെ കോർഡോബ നഗരത്തിൽ വഴക്കും ബഹളവും നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നു അവൻ ജനിച്ചത്. മദ്യപാനിയായിരുന്ന പിതാവ് അവന്റെ ബാല്യം ദുരിതപൂർണമാക്കിത്തീർത്തു. പേത്രൂവിന് 14 വയസ്സുള്ളപ്പോഴായിരുന്നു ഒരു കസിൻ അവനു ഹഷീഷിന്റെ ലോകം പരിചയപ്പെടുത്തി കൊടുത്തത്. ഒരു മാസത്തിനുള്ളിൽ അവൻ അതിന് അടിമയായിത്തീർന്നു.
“മയക്കുമരുന്നുകൾ കഴിക്കുന്നത് എനിക്ക് ഒരു നേരമ്പോക്കായിരുന്നു,” പേത്രൂ പറയുന്നു. “യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടാനുള്ള മാർഗമായിരുന്നു അതെന്നു മാത്രമല്ല, സംഘത്തിൽ അംഗമായിരിക്കുന്നതിന് അത് ആവശ്യവുമായിരുന്നു. 15 വയസ്സായപ്പോഴേക്കും, ഞാൻ ഹഷീഷിന്റെ ഒപ്പം എൽഎസ്ഡി-യും ആംഫിറ്റാമിനുകളും കഴിക്കാൻ തുടങ്ങി. എനിക്ക് ഏറ്റവും പ്രിയം എൽഎസ്ഡി ആയിരുന്നു. അതു വാങ്ങാനുള്ള പണത്തിനു വേണ്ടി ഞാൻ ചെറിയ തോതിൽ മയക്കുമരുന്നു വ്യാപാരം തുടങ്ങി. കൂടുതലും ഹഷീഷിന്റെ ഇടപാടുകളായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ഒരു ദിവസം, എൽഎസ്ഡി കണക്കിലധികം കഴിച്ചതു നിമിത്തം, രാത്രി മുഴുവൻ എനിക്കുറങ്ങാനേ കഴിഞ്ഞില്ല. എനിക്കു ഭ്രാന്തുപിടിച്ചെന്നു തന്നെ ഞാൻ കരുതി. ആ അനുഭവം എന്നെ വല്ലാതെ ഭയപ്പെടുത്തി. മയക്കുമരുന്നുകൾ ഉപേക്ഷിക്കാത്ത പക്ഷം ഒന്നുകിൽ അഴിയെണ്ണേണ്ടി വരും അല്ലെങ്കിൽ മരിച്ചുപോകും എന്ന് എനിക്കു മനസ്സിലായി. പക്ഷേ, മയക്കുമരുന്നുകളോട് ഉണ്ടായിരുന്ന ഭ്രാന്തമായ ആവേശത്തെക്കാൾ വലുതായിരുന്നില്ല ഈ ഭയം. ഞാൻ കടുത്ത എൽഎസ്ഡി ആസക്തനായിത്തീർന്നു. ലഹരി പിടിക്കണമെങ്കിൽ കഴിക്കുന്ന മയക്കുമരുന്നുകളുടെ അളവു കൂട്ടിക്കൊണ്ടേയിരിക്കണം എന്ന സ്ഥിതിയിൽ ഞാനെത്തി. അനുഭവിക്കേണ്ടി വന്ന പരിണതഫലങ്ങൾ ഭയാനകമായിരുന്നെങ്കിലും മയക്കുമരുന്നുകൾ ഉപേക്ഷിക്കാൻ എനിക്കു കഴിയുന്നില്ലായിരുന്നു. ഈ കുരുക്കിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു.
“എൽഎസ്ഡി-ക്കു നല്ല വിലയുണ്ടായിരുന്നു. അതുകൊണ്ട്, ആഭരണക്കടകൾ കവർച്ച ചെയ്യാനും വിനോദസഞ്ചാരികളുടെ ഹാൻഡ്ബാഗുകളും വഴിപോക്കരുടെ വാച്ചുകളും പേഴ്സുകളുമൊക്കെ തട്ടിയെടുക്കാനും ഞാൻ പഠിച്ചു. 17 വയസ്സായപ്പോഴേക്കും, ഒരു മയക്കുമരുന്ന് ഇടപാടുകാരൻ എന്ന നിലയിൽ എന്റെ പ്രദേശത്ത് ഞാൻ പേരെടുത്തു കഴിഞ്ഞിരുന്നു. ചിലപ്പോഴൊക്കെ ആയുധങ്ങൾ ഉപയോഗിച്ചുള്ള കൊള്ളകളിലും ഞാൻ പങ്കെടുക്കുമായിരുന്നു. അക്രമാസക്തനായ കുറ്റവാളി ആയി ചുറ്റുപാടെങ്ങും അറിയപ്പെട്ടിരുന്നതിനാൽ എനിക്ക് ഒരു ഇരട്ടപ്പേരും കിട്ടി, എൽ ടോർസീഡോ. അതിന്റെ അർഥം ‘തല തിരിഞ്ഞവൻ’ എന്നാണ്.
“മയക്കുമരുന്നുകൾ മദ്യത്തോടൊപ്പം കഴിക്കുകയാണെങ്കിൽ അതു നിങ്ങളുടെ വ്യക്തിത്വത്തെത്തന്നെ മാറ്റിമറിക്കും, മിക്കപ്പോഴും അതു നിങ്ങളെ അക്രമാസക്തനാക്കി തീർക്കുന്നു. മയക്കുമരുന്നുകൾ വീണ്ടും വീണ്ടും കിട്ടാനുള്ള ആഗ്രഹം അങ്ങേയറ്റം തീവ്രമായതിനാൽ നിങ്ങൾ മനഃസാക്ഷിയുടെ ശബ്ദം കേട്ടില്ലെന്നു നടിക്കും. ഒരു റോളർകോസ്റ്റർ സവാരി പോലെയായിത്തീരും ജീവിതം. ഒരു ഉന്മാദ അവസ്ഥയിൽ നിന്നു മറ്റൊന്നിലേക്ക് ഉള്ള യാത്രയാണത്.”
‘മയക്കുമരുന്നുകളുടെ ലോകത്തു കുരുങ്ങിപ്പോകൽ’
പേത്രൂവിന്റെ ഭാര്യ, ആന്നായും സ്പെയിനിലാണ് വളർന്നു വന്നത്. വളരെ നല്ല ഒരു കുടുംബാന്തരീക്ഷമായിരുന്നു അവൾക്കുണ്ടായിരുന്നത്. 14 വയസ്സുണ്ടായിരുന്നപ്പോൾ, അടുത്തുള്ള ഒരു സ്കൂളിലെ ഹഷീഷ് വലിക്കുന്ന ഏതാനും ചില ആൺകുട്ടികളെ അവൾ കണ്ടുമുട്ടി. ആദ്യമൊക്കെ, അവരുടെ വിചിത്രമായ പെരുമാറ്റം കണ്ടപ്പോൾ അവൾക്ക് അവരോടു വെറുപ്പു തോന്നി. എന്നാൽ ആന്നായുടെ ഒരു കൂട്ടുകാരിയായിരുന്ന റോസായ്ക്ക് അതിലൊരു ആൺകുട്ടിയോട് ഇഷ്ടം തോന്നി. ഹഷീഷ് വലിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമുണ്ടാകില്ല എന്നു മാത്രമല്ല അവൾക്ക് അത് ഇഷ്ടമാകുകയും ചെയ്യുമെന്ന് അവൻ റോസായെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ, റോസാ സിഗരറ്റ് വലിച്ചു നോക്കിയിട്ട് അത് ആന്നായ്ക്കും നൽകി.
“അതു സുഖകരമായ ഒരു അനുഭവമായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ, ഞാൻ ദിവസവും ഹഷീഷ് വലിക്കാൻ തുടങ്ങി,” ആന്നാ പറയുന്നു. “ഒരു മാസമോ മറ്റോ കഴിഞ്ഞപ്പോഴേക്കും, ഹഷീഷ് വലിച്ചാൽ വലിയ ലഹരിയൊന്നും കിട്ടില്ല എന്ന സ്ഥിതിയിൽ ആയിത്തീർന്നു ഞാൻ. അങ്ങനെ, ഹഷീഷ് വലിക്കുന്നതോടൊപ്പം ഞാൻ ആംഫിറ്റാമിനുകളും ഉപയോഗിക്കാൻ തുടങ്ങി.
“താമസിയാതെ, മയക്കുമരുന്നുകളുടെ ലോകത്തു പൂർണമായും കുരുങ്ങിപ്പോയ അവസ്ഥയിലായി, ഞാനും കൂട്ടുകാരും. യാതൊരു കുഴപ്പവും കൂടാതെ ഏറ്റവും കൂടുതൽ മയക്കുമരുന്നുകൾ ഉപയോഗിക്കാൻ കഴിയുന്നത് ആർക്കാണ് എന്നതിനെ കുറിച്ചും ഏറ്റവുമധികം ലഹരികിട്ടിയത് ആർക്കാണ് എന്നതിനെ കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിക്കുമായിരുന്നു. പതിയെ പതിയെ, ഞാൻ ഈ ലോകത്തിൽ നിന്നു സ്വയം ഒറ്റപ്പെടുത്താൻ തുടങ്ങി. സ്കൂളിൽ പോക്കും വല്ലപ്പോഴുമൊരിക്കലായി. എനിക്കു ഹഷീഷും ആംഫിറ്റാമിനുകളും ഒന്നും പോരെന്ന സ്ഥിതിയായി. അങ്ങനെ, ഒരു മോർഫിൻ ഉത്പന്നം പല മരുന്നുകടകളിൽ നിന്നായി സംഘടിപ്പിച്ച് ഞാൻ ശരീരത്തിൽ കുത്തിവെക്കാൻ തുടങ്ങി. വേനൽക്കാലത്ത്, തുറസ്സായ സ്ഥലങ്ങളിൽ വെച്ചു നടത്തുന്ന റോക്ക് സംഗീതക്കച്ചേരികൾക്കും ഞങ്ങൾ പോകുമായിരുന്നു. അവിടെയാകുമ്പോൾ, എൽഎസ്ഡി പോലുള്ള മയക്കുമരുന്നുകൾ എപ്പോഴും സുലഭമായിരുന്നു.
“ഒരിക്കൽ ഹഷീഷ് വലിക്കുമ്പോൾ അമ്മ എന്നെ കയ്യോടെ പിടികൂടി. എന്നെ സംരക്ഷിക്കാൻ മാതാപിതാക്കൾ ആവുന്നത്ര ശ്രമിച്ചു നോക്കി. മയക്കുമരുന്നുകൾ ഉപയോഗിച്ചാലുള്ള അപകടങ്ങളെ കുറിച്ചു പറഞ്ഞുതരിക മാത്രമല്ല അവർ ചെയ്തത്. എന്നോട് അവർക്കുള്ള സ്നേഹത്തെയും കരുതലിനെയും കുറിച്ച് അവർ എനിക്ക് ഉറപ്പും തന്നു. പക്ഷേ, എന്റെ ജീവിതത്തിൽ അവർ അനാവശ്യമായി കൈകടത്തുന്നതു പോലെയാണ് എനിക്കു തോന്നിയത്. 16 വയസ്സായപ്പോൾ വീടുവിട്ടു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. സ്പെയിനിൽ ഉടനീളം കൈകൊണ്ടുണ്ടാക്കിയ നെക്ലേസുകൾ കൊണ്ടു നടന്നു വിൽക്കുകയും മയക്കുമരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂടെ ഞാനും കൂടി. രണ്ടു മാസങ്ങൾക്കു ശേഷം, മാലഗയിൽ വെച്ചു പൊലീസ് എന്നെ അറസ്റ്റുചെയ്തു.
“പൊലീസ് എന്നെ മാതാപിതാക്കളുടെ പക്കൽ ഏൽപ്പിച്ചപ്പോൾ, അവർ രണ്ടു കൈയും നീട്ടി എന്നെ സ്വീകരിച്ചു. ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോൾ എനിക്കു വല്ലാത്ത നാണക്കേടു തോന്നി. ജീവിതത്തിൽ ആദ്യമായി, എന്റെ പിതാവ് കരയുന്നതു ഞാൻ കണ്ടു. മാതാപിതാക്കളെ വിഷമിപ്പിച്ചതിൽ എനിക്കു സങ്കടമുണ്ടായിരുന്നു. പക്ഷേ, ആ പശ്ചാത്താപം മയക്കുമരുന്നുകളുടെ ലോകം ഉപേക്ഷിച്ചു പോകാൻ എന്നെ പ്രേരിപ്പിക്കാൻ മാത്രം ശക്തമല്ലായിരുന്നു. ദിവസവും മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ശീലം ഞാൻ തുടർന്നു. എന്നാൽ, ലഹരിയുടെ പിടിയിൽ അല്ലാതിരുന്ന ചില സമയങ്ങളിൽ ഞാൻ അതിന്റെ അപകടങ്ങളെ കുറിച്ചു ചിന്തിക്കുമായിരുന്നു, കുറച്ചു സമയത്തേക്കു മാത്രം.”
ഇഷ്ടികപ്പണിക്കാരൻ മയക്കുമരുന്നു വ്യാപാരിയാകുന്നു
ഹോസേയെ പരിചയപ്പെടുക. സൗഹൃദമനസ്കനായ ഒരു കുടുബസ്ഥനാണ് അദ്ദേഹം. മൊറോക്കോയിൽ നിന്നു സ്പെയിനിലേക്ക് കഞ്ചാവു കടത്തുന്ന ജോലിയിൽ അദ്ദേഹം അഞ്ചു വർഷം ഏർപ്പെട്ടു. അദ്ദേഹം എങ്ങനെയാണ് ഈ രംഗത്തു വന്നു പെട്ടത്? “ഇഷ്ടിക കെട്ടുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് എന്റെ കൂടെ പണിയുന്ന ആൾ മയക്കുമരുന്നു വ്യാപാരം തുടങ്ങി,” അദ്ദേഹം വിശദീകരിക്കുന്നു. “എനിക്കു പണം ആവശ്യമായിരുന്നതു കൊണ്ട്, ‘എന്തുകൊണ്ട് എനിക്കും ഇതു തന്നെ ചെയ്തുകൂടാ?’ എന്നു ഞാൻ ചിന്തിച്ചു.
“മൊറോക്കോയിൽ നിന്നു കഞ്ചാവു വാങ്ങാൻ ഒരു പ്രയാസവുമില്ലായിരുന്നു. എനിക്കു കൈകാര്യം ചെയ്യാൻ പറ്റുന്നത്രയും എനിക്കു വാങ്ങാൻ കഴിയുമായിരുന്നു. പൊലീസിനെ എളുപ്പത്തിൽ വെട്ടിച്ചു കടന്നുകളയാൻ പറ്റുന്ന തരത്തിലുള്ള ഒരു സ്പീഡ് ബോട്ട് എനിക്കുണ്ടായിരുന്നു. മയക്കുമരുന്നുകൾ സ്പെയിനിൽ എത്തിച്ചതിനു ശേഷം ഞാൻ അവ വലിയ അളവിൽ—ഏകദേശം 600 കിലോ വീതം—വിറ്റു. എനിക്ക് ആകെ മൂന്നോ നാലോ ഇടപാടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, എനിക്ക് എന്തുമാത്രം മയക്കുമരുന്നുകൾ കൊടുക്കാൻ പറ്റുമായിരുന്നോ അത്രയും എടുക്കാൻ അവർ തയ്യാറായിരുന്നു. പൊലീസിന്റെ നിരീക്ഷണവലയം ഭേദിച്ച് മയക്കുമരുന്നുകൾ എല്ലായ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. മയക്കുമരുന്നു വ്യാപാരികളായ ഞങ്ങൾക്ക് പൊലീസിനെക്കാൾ മെച്ചപ്പെട്ട ഉപകരണങ്ങളും മറ്റും ഉണ്ടായിരുന്നു.
“ഞാൻ എളുപ്പത്തിൽ വളരെയേറെ പണം സമ്പാദിച്ചു. സ്പെയിനിൽ നിന്ന് ഉത്തരാഫ്രിക്കയിലേക്ക് ഒരൊറ്റ തവണ പോയാൽ എന്റെ കയ്യിൽ വന്നിരുന്നത് 25,000-ത്തിനും 30,000-ത്തിനും ഇടയ്ക്കു ഡോളർ [10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയ്ക്കു രൂപ] ആയിരുന്നു. അധികം താമസിയാതെ, എന്റെ കീഴിൽ 30 ആളുകൾ പ്രവർത്തിക്കാൻ തുടങ്ങി. ഞാൻ ഒരിക്കലും പൊലീസിന്റെ പിടിയിൽ അകപ്പെട്ടില്ല. കാരണം, എന്റെ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാകുന്നുണ്ടെങ്കിൽ അക്കാര്യം എന്നെ അറിയിക്കുന്നതിനു വേണ്ടി പണം കൊടുത്ത് ഞാൻ ഒരാളെ ഏർപ്പാടാക്കിയിരുന്നു.
“ഈ മയക്കുമരുന്നുകളെല്ലാം മറ്റുള്ളവരെ എങ്ങനെയായിരിക്കും ബാധിക്കുക എന്നു ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ, കഞ്ചാവ് അത്രയ്ക്ക് വിനാശകാരിയായ മയക്കുമരുന്നല്ല എന്നും അത് ആരെയും കൊല്ലുകയില്ല എന്നും എന്നോടു തന്നെ പറഞ്ഞുകൊണ്ട് ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു. എനിക്കു ധാരാളം പണം കിട്ടുന്നുണ്ടായിരുന്നതു കൊണ്ടു ഞാൻ അതേ കുറിച്ച് അധികമൊന്നും ചിന്തിക്കാറില്ലായിരുന്നു. എന്നാൽ ഞാൻ, ഒരിക്കൽ പോലും മയക്കുമരുന്ന് ഉപയോഗിച്ചില്ല.”
നിങ്ങളുടെ പണവും ജീവനും!
ഈ ഉദാഹരണങ്ങൾ കാണിക്കുന്നതു പോലെ, മയക്കുമരുന്നുകൾ ആളുകളുടെ ജീവിതങ്ങളെ അമ്മാനമാടുന്നു. ഒരിക്കൽ അതിന്റെ കെണിയിൽ അകപ്പെട്ടാൽ പിന്നെ രക്ഷപ്പെടൽ പ്രയാസകരമാണെന്നു മാത്രമല്ല, വേദനാജനകവുമാണ്. മയക്കുമരുന്നുകൾ അമേരിക്കയിൽ എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നതു പോലെ, “പടിഞ്ഞാറൻ ഐക്യനാടുകളിൽ പണ്ടൊക്കെ കൊള്ളക്കാർ ആളുകളുടെ മുഖത്തേക്കു തോക്കു ചൂണ്ടിയിട്ട് ഇങ്ങനെ ചോദിക്കുമായിരുന്നു, ‘ജീവൻ വേണോ അതോ പണം വേണോ?’ എന്നാൽ മയക്കുമരുന്നുകൾ ഈ കൊള്ളക്കാരെക്കാൾ ഭയങ്കരന്മാരാണ്. അവ ഇവ രണ്ടും അപഹരിക്കുന്നു.”
മയക്കുമരുന്ന് എന്ന ഈ ഉഗ്ര സംഹാരമൂർത്തിയെ പ്രതിരോധിക്കാൻ പര്യാപ്തമായ എന്തെങ്കിലുമുണ്ടോ? പിൻവരുന്ന ലേഖനം ചില പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനങ്ങളിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[8-ാം പേജിലെ ആകർഷകവാക്യം]
“പടിഞ്ഞാറൻ ഐക്യനാടുകളിൽ പണ്ടൊക്കെ കൊള്ളക്കാർ ആളുകളുടെ മുഖത്തേക്കു തോക്കു ചൂണ്ടിയിട്ട് ഇങ്ങനെ ചോദിക്കുമായിരുന്നു, ‘ജീവൻ വേണോ അതോ പണം വേണോ?’ എന്നാൽ മയക്കുമരുന്നുകൾ ഈ കൊള്ളക്കാരെക്കാൾ ഭയങ്കരന്മാരാണ്. അവ ഇവ രണ്ടും അപഹരിക്കുന്നു”
[10-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളുടെ കുട്ടി മയക്കുമരുന്നുകൾ വേണ്ട എന്നു പറയുമോ?
ഏതുതരം കൗമാരപ്രായക്കാർക്കാണ് ഏറ്റവും അപകട സാധ്യത?
എ. തങ്ങൾക്കു മറ്റാരുടെയും തണൽ ആവശ്യമില്ലെന്നും തങ്ങൾ എന്തു സാഹസത്തിനും തയ്യാറാണെന്നും ലോകത്തിനു തെളിയിച്ചു കൊടുക്കാൻ താത്പര്യപ്പെടുന്നവർ.
ബി. പഠനത്തിലോ ആത്മീയ കാര്യങ്ങളിലോ യാതൊരു താത്പര്യവുമില്ലാത്തവർ.
സി. സമൂഹവുമായി പൊരുത്തപ്പെടാൻ കഴിയാത്തവർ.
ഡി. തെറ്റും ശരിയും സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തവർ.
ഇ. മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നില്ലെന്നു കരുതുന്നവർ, മയക്കുമരുന്നുകൾ പരീക്ഷിച്ചുനോക്കാൻ നിർബന്ധിക്കുന്ന കൂട്ടുകാർ ഉള്ളവർ. “കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയെ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിൽ നിന്നു തടയുന്ന ഏറ്റവും ഫലപ്രദമായ ഘടകം, അവന് തന്റെ മാതാപിതാക്കളുമായുള്ള ബന്ധത്തിന്റെ ആഴമാണ്” എന്ന കാര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാൻ കഴിയും?
എ. അവരുമായി ഒരു ഉറ്റ ബന്ധവും നല്ല ആശയവിനിമയവും ഉണ്ടായിരിക്കുന്നതിലൂടെ.
ബി. ശരിയും തെറ്റും സംബന്ധിച്ച് അവരുടെ മനസ്സിൽ ഒരു വ്യക്തമായ ധാരണ പതിപ്പിക്കുന്നതിലൂടെ.
സി. വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാൻ അവരെ സഹായിക്കുന്നതിലൂടെ.
ഡി. സ്നേഹമുള്ള ഒരു കുടുംബത്തിന്റെ, ഊഷ്മളതയുള്ള ഒരു സമൂഹത്തിന്റെ, ഭാഗമാണു തങ്ങൾ എന്ന് അവർക്ക് അനുഭവപ്പെടാൻ ഇടയാക്കുന്നതിലൂടെ.
ഇ. മയക്കുമരുന്നുകൾ ഉപയോഗിച്ചാലുള്ള അപകടങ്ങളെ കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കുന്നതിലൂടെ. തങ്ങൾ എന്തുകൊണ്ടാണ് മയക്കുമരുന്നുകൾ വേണ്ടെന്നു വെക്കേണ്ടത് എന്നു കുട്ടികൾ വ്യക്തമായി അറിഞ്ഞിരിക്കണം.
[കടപ്പാട]
ഉറവിടം: ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഡ്രഗ് റിപ്പോർട്ട്
[9-ാം പേജിലെ ചിത്രം]
ജിബ്രാൾട്ടറിൽ വെച്ച് പിടിച്ചെടുത്ത മയക്കുമരുന്നുകൾ
[കടപ്പാട]
Courtesy of Gibraltar Police
[10-ാം പേജിലെ ചിത്രം]
ഇതുപോലെ ഒരു സ്പീഡ്ബോട്ട് എനിക്ക് ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് എനിക്കു പൊലീസിനെ എളുപ്പത്തിൽ വെട്ടിച്ചു കടന്നുകളയാൻ കഴിയുമായിരുന്നു
[കടപ്പാട]
Courtesy of Gibraltar Police
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Godo-Foto