അയർലൻഡുകാരനായ ചെന്നായ്പിടിയനെ പരിചയപ്പെടുക
അയർലൻഡിലെ ഉണരുക! ലേഖകൻ
“ശ്വാന ലോകത്തിലെ സൗമ്യനായ ഭീമൻ.”
ഐറിഷ് വുൾഫ്ഹൗണ്ടിനു (അയർലൻഡുകാരനായ ചെന്നായ്പിടിയൻ) നൽകിയിരിക്കുന്ന ഒരു വിശേഷണമാണിത്. നിങ്ങൾ എപ്പോഴെങ്കിലും അതിനെ നേരിൽ കണ്ടിട്ടുണ്ടോ? അയർലൻഡിൽ ഇപ്പോൾ ചെന്നായ്ക്കൾ ഇല്ലെന്നുള്ളതു ശരി തന്നെ. എന്നാൽ അവ ഉള്ള ഒരു കാലം ഉണ്ടായിരുന്നു. കൂടാതെ, കാട്ടുപന്നികളും എൽക്ക് എന്ന കൂറ്റൻ മാനുകളും അവിടെ ഉണ്ടായിരുന്നു. ഏതാണ്ട് ഇരുന്നൂറു വർഷം മുമ്പ് അയർലൻഡിലെ അവസാനത്തെ ചെന്നായ് കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. അതിനുമുമ്പ് ചെന്നായ്ക്കളെയും മറ്റു വലിയ മൃഗങ്ങളെയും വേട്ടയാടുന്നതിൽ വുൾഫ്ഹൗണ്ടുകൾ വളരെ പ്രസിദ്ധിയാർജിച്ചിരുന്നു. കുറേക്കൂടെ അടുത്ത കാലത്ത്, അതായത് 1892-ലെ “ശിശിരകാലത്ത്” ഐക്യനാടുകളിലെ റോക്കി പർവതനിരയിലേക്ക് അയച്ച ഒരു വുൾഫ്ഹൗണ്ട്, “ഒറ്റയ്ക്കു നാൽപ്പതു ചെന്നായ്ക്കളുടെ കഥ കഴിച്ച”തായി ചില വിവരണങ്ങൾ പറയുന്നു. എന്നാൽ പേടിക്കേണ്ട. വുൾഫ്ഹൗണ്ടുകൾ മനുഷ്യരെ വേട്ടയാടുകയോ കൊല്ലുകയോ ചെയ്യില്ല!
ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, സാധ്യതയനുസരിച്ച് പൊ.യു.മു. 500 ആയപ്പോഴേക്കും അയർലൻഡിൽ വുൾഫ്ഹൗണ്ടുകളുടെ സ്ഥാനം ഉറപ്പാക്കപ്പെട്ടിരുന്നു. പിന്നീടുള്ള കാലങ്ങളിൽ അയർലൻഡുകാർ വുൾഫ്ഹൗണ്ടുകളെ നായാട്ടിനു മാത്രമല്ല ഉപയോഗിച്ചിരുന്നത്. അയർലൻഡിലെ രാജാക്കന്മാരും യോദ്ധാക്കളും യുദ്ധഭൂമിയിലേക്ക് ഈ നായ്ക്കളെയും കൊണ്ടുപോയിരുന്നതായി ചരിത്രവും ഐതിഹ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
നായ്ക്കളിലെ വളരെ വിശേഷപ്പെട്ട ഒരു ഇനം എന്ന വുൾഫ്ഹൗണ്ടിന്റെ ഖ്യാതി ലോകമെമ്പാടും പരന്നു. ദ്വന്ദ്വയുദ്ധ കളരിയിലെ പ്രദർശനങ്ങൾക്കായി റോമിലേക്കു പോലും അവയെ കൊണ്ടുപോയി. പുരാതന റോമാ സാമ്രാജ്യത്തിലെ ഒരു പ്രധാന മജിസ്ട്രേറ്റ് ആയിരുന്ന ക്വിന്റസ് ഔരേലിയസ് സിമ്മാക്കസിനെ കുറിച്ചുള്ള ചരിത്ര വിവരണങ്ങളിൽ പൊ.യു. 393-ൽ അദ്ദേഹം തന്റെ സഹോദരന് അയച്ച ഒരു കത്തിനെ കുറിച്ചു പറയുന്നു. അതിൽ, റോമിലേക്ക് അയച്ചു കൊടുത്ത ഏഴ് ഐറിഷ് വുൾഫ്ഹൗണ്ടുകൾക്കായി നന്ദി പ്രകടിപ്പിച്ചിരുന്നു. ഈ നായ്ക്കൾ റോമാക്കാരെ ശരിക്കും ആവേശഭരിതരാക്കിയെന്നു തോന്നുന്നു. “മുഴു റോമും അത്ഭുതത്തോടെയാണ് അവയെ നോക്കിക്കണ്ടത്,” സിമ്മാക്കസ് എഴുതി, “തീർച്ചയായും അവയെ കൊണ്ടുവന്നത് ഇരുമ്പു കൂടുകളിൽ ആയിരിക്കും എന്നാണ് അവർ കരുതിയത്.”
ഒരുപക്ഷേ ഈ നായ്ക്കളുടെ അപാര വലിപ്പമായിരിക്കാം അവയെ ഇരുമ്പ് കൂടുകളിലേ കൊണ്ടുവരാൻ കഴിയൂ എന്ന ആശയം ആളുകളുടെ മനസ്സിൽ ഉദിക്കാൻ ഇടയാക്കിയത്. ആൺനായ്ക്കൾക്ക് തോൾവരെ ഏകദേശം 86 സെന്റിമീറ്റർ ഉയരം ഉണ്ട്, ചിലതിന് അതിലേറെയും കണ്ടേക്കാം. രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ വുൾഫ്ഹൗണ്ടിന് തോൾവരെ 100 സെന്റിമീറ്ററിലേറെ പൊക്കം ഉണ്ടായിരുന്നു. പെൺനായ്ക്കൾക്ക് സാധാരണഗതിയിൽ, ആൺനായ്ക്കളെക്കാൾ 2 മുതൽ 5 വരെ സെന്റിമീറ്റർ ഉയരം കുറവായിരിക്കും. നല്ല പൊക്കമുള്ളതിനാൽ യജമാനന്റെ കയ്യിൽ നിന്നു കിട്ടുന്നതു കൂടാതെ വേറെയും ആഹാരം കണ്ടെത്താൻ അവയ്ക്കു ബുദ്ധിമുട്ടില്ല. ഒരിക്കൽ സ്കോട്ടിഷ് നോവൽ എഴുത്തുകാരനായ സർ വാൾട്ടർ സ്കോട്ട് അത്താഴസമയത്ത് ഒരു സുഹൃത്തിനോട് തന്റെ വുൾഫ്ഹൗണ്ടിന്റെ മേൽ ഒരു കണ്ണു വേണമെന്നു പറയുകയുണ്ടായി. അല്ലെങ്കിൽ “മൂക്കിന്റെ അറ്റം മുതൽ വാൽ വരെ ഏകദേശം രണ്ടു മീറ്റർ നീളം” ഉണ്ടായിരുന്ന അത് “മേശയിലോ കസേരയിലോ ഒന്നും തൊടാതെ തന്നെ അദ്ദേഹത്തിന്റെ പാത്രം കാലിയാക്കു”മായിരുന്നത്രേ.
പിറന്നു വീഴുമ്പോൾ ഈ നായ്ക്കൾക്ക് അത്ര വലിപ്പമൊന്നും ഇല്ല, ഏതാണ്ട് 700 ഗ്രാം തൂക്കമേ കാണൂ. എന്നാൽ പെട്ടെന്നാണ് അവ വളരുന്നത്. വുൾഫ്ഹൗണ്ടുകളെ വളരെയധികം പ്രിയപ്പെടുന്ന, അത്തരം നായ്ക്കളെ വളർത്തുന്ന ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ “അവ ഇത്തിരിയേ കാണൂ.” എന്നാൽ “കൊഴുത്തുരുണ്ട് പന്തുകൾ പോലെയിരിക്കുന്ന ഈ സുന്ദരക്കുട്ടപ്പന്മാർ പൊടുന്നനെ മെലിഞ്ഞ, കോലുപോലെ നീണ്ട കാലുകളുള്ള സൗമ്യപ്രകൃതരായി” മാറുന്നു.
അവ അധികമൊന്നും കുരയ്ക്കാറില്ല. ഒച്ചപ്പാട് ഉണ്ടാക്കാത്ത ഗൗരവ പ്രകൃതമാണ് അവയുടേത്. എന്നാൽ അവ കുരച്ചാൽ, അതു പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. ഒരു വുൾഫ്ഹൗണ്ടിന്റെ കുര കേട്ട ഒരാൾ, “[താൻ] കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മുഴക്കമുള്ളതും ശോകാർദ്രവുമായ കുര” ആയിരുന്നു അത് എന്ന് അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു.
“ക്രൂര ഭാവവും, തുളച്ചുകയറുന്ന നോട്ടവും, ജടപിടിച്ച പുരികങ്ങളും, ഇരുണ്ട ചാരനിറത്തിലുള്ള പരുക്കൻ രോമക്കുപ്പായവുമുള്ള”—ഒറ്റ നോട്ടത്തിൽ തന്നെ പേടിയാകുന്ന തരത്തിലുള്ള ഒരു നായ് ആയിട്ടാണ് ഐറിഷ് വുൾഫ്ഹൗണ്ടിനെ വർണിച്ചിരിക്കുന്നത്. എന്നാൽ ഒരു ചെറിയ “കുട്ടിക്കു പോലും ഒപ്പം കളിക്കാൻ കഴിയുന്നത്ര സൗമ്യസ്വഭാവികളാണ്” അവ എന്നും പറയപ്പെട്ടിരിക്കുന്നു. ഇത്തരം നായ്ക്കളെ വളർത്തുന്ന, അഭിജ്ഞനായ ഒരു വ്യക്തി പറഞ്ഞത് യഥാർഥത്തിൽ അവ “ഒരുപാട് സ്നേഹമുള്ള” നായ്ക്കളാണെന്നാണ്. ചാരനിറത്തിലുള്ള വുൾഫ്ഹൗണ്ടുകൾ മാത്രമല്ല ഉള്ളത്. വെള്ളയും, ചെമപ്പും, കറുപ്പും, ഗോതമ്പു നിറവും ഉള്ള വുൾഫ്ഹൗണ്ടുകളുമുണ്ട്.
അയർലൻഡുകാരനായ പ്രശസ്ത എഴുത്തുകാരൻ ഓലിവർ ഗോൾഡ്സ്മിത്ത് അവയുടെമേൽ പ്രശംസ കോരിച്ചൊരിഞ്ഞു: “സൗന്ദര്യവും പ്രൗഢിയും ഒത്തിണങ്ങിയ ഗംഭീരനായ ഐറിഷ് വുൾഫ്ഹൗണ്ട് . . . ശ്വാനലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം അലങ്കരിക്കുന്നു.” ഒരു “യഥാർഥ ഐറിഷ് ഭാവം” നൽകുന്ന പുരികങ്ങളും കൺപീലികളും ‘മീശ’യും ഉൾപ്പെടെയുള്ള അവയുടെ പരുക്കൻ സൗന്ദര്യമാണ് അദ്ദേഹത്തെ ആകർഷിച്ചത്.
അങ്ങനെയെങ്കിൽ ഈ വർഗത്തെ വംശനാശത്തിന്റെ വക്കോളം കൊണ്ടെത്തിച്ചത് എന്താണ്? ഒരു സംഗതി അവയുടെ ജനപ്രീതി ആയിരുന്നു. ആരാധകർ അവയെ, ചക്രവർത്തിമാരെ പോലുള്ള പ്രധാന വ്യക്തികൾക്ക് സമ്മാനിക്കാൻതക്ക മൂല്യമുള്ളവയായി വീക്ഷിച്ചു. അതുകൊണ്ട് അവയെ “തിരഞ്ഞു പിടിച്ച് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അയയ്ക്കാൻ തുടങ്ങി.” ഇതിന്റെ ഫലമായി അവ അങ്ങിങ്ങായി ചിതറിക്കപ്പെട്ടു. കൂടാതെ, ചെന്നായ് വേട്ടയ്ക്ക് അവയെ ആവശ്യം ഇല്ലാതായപ്പോൾ ഒരു വർഗം എന്ന നിലയിൽ അയർലൻഡിൽ അവ അവഗണിക്കപ്പെട്ടു.
അവയുടെ പരിതാപകരമായ അവസ്ഥയെ കുറിച്ച് 1839-ൽ ഒരു വുൾഫ്ഹൗണ്ട് പ്രേമി ഇങ്ങനെ എഴുതി: “നായ്ക്കളിലെ ഈ കുലീന വർഗം വളരെ വേഗം നശിച്ചുകൊണ്ടിരിക്കുകയാണ് എന്നതു സങ്കടകരമായ ഒരു സംഗതി തന്നെയാണ്. അസാധാരണ ശ്രമങ്ങളൊന്നും ഉണ്ടാകാത്തപക്ഷം കുറച്ചു വർഷങ്ങൾക്കുള്ളിൽ തീർച്ചയായും അവയ്ക്കു വംശനാശം സംഭവിക്കും.” ആ സമയത്ത് അവയുടെ എണ്ണം തീരെ കുറവായിരുന്നു. അതുകൊണ്ട്, തങ്ങൾ വളർത്തുന്ന വുൾഫ്ഹൗണ്ട് “വർഗത്തിലെ അവസാനത്തേത്” ആണ് എന്ന് ആളുകൾ പലപ്പോഴും അവകാശപ്പെട്ടിരുന്നു. എന്നാൽ അവ അതിജീവിച്ചു.
അവയെ രക്ഷിച്ചത് ജോർജ് എ. ഗ്രഹാമിനെ പോലുള്ളവരുടെ ‘അസാധാരണ ശ്രമങ്ങൾ’ തന്നെയായിരുന്നു. 1862-ൽ അവയുടെ ദുരവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. കണ്ടെത്താവുന്നത്ര വുൾഫ്ഹൗണ്ടുകളെ അദ്ദേഹം ഒരുമിച്ചുകൂട്ടി. ശ്രദ്ധാപൂർവം പ്രജനനം നടത്തിക്കൊണ്ട് അദ്ദേഹം അവയെ ഇന്നത്തെ അവസ്ഥയിൽ എത്തിക്കുന്നതിനുള്ള അടിത്തറ പാകി. 1893-ൽ ഒരു ചരിത്രകാരൻ ഇങ്ങനെ പറഞ്ഞു: അദ്ദേഹമില്ലായിരുന്നെങ്കിൽ “ശ്രേഷ്ഠമായ ഒരു ശ്വാനവർഗത്തിലെ വിലപ്പെട്ട ആ അവസാന കണ്ണികൾ ഇതിനോടകം തന്നെ ഇല്ലാതായേനെ.”
ഐറിഷ് വുൾഫ്ഹൗണ്ടുകളെ പ്രജനനം നടത്തുകയും അവയെ വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഫില്ലിസ് ഗാർഡ്നർ എന്ന ആദരണീയ വനിത എഴുതി: “ഈ ലോകത്തിൽ ഒന്നും സുനിശ്ചിതമല്ല. എന്നാൽ, അപ്രതീക്ഷിതമായ കൊടുംവിപത്തുകളുടെ കാര്യം ഒഴിച്ചു നിറുത്തിയാൽ ഈ കുലീന വർഗം വംശനാശത്തിന്റെ വക്കിൽ നിന്നു കരകയറ്റപ്പെട്ടിരിക്കുന്നു എന്നുതന്നെ പറയാം. അവയുടെ ജനപ്രീതി ഒന്നിനൊന്ന് വർധിച്ചു വരികയുമാണ്.”
[23-ാം പേജിലെ ചിത്രം]
ഏകദേശം നാലാഴ്ച പ്രായമുള്ള വുൾഫ്ഹൗണ്ട് കുഞ്ഞുങ്ങൾ
[23-ാം പേജിലെ ചിത്രം]
വടക്കൻ അയർലൻഡിലെ ന്യൂടൗണാർഡ്സിലെ നല്ല ഇണക്കമുള്ള ഒരു വുൾഫ്ഹൗണ്ട്