ബൈബിളിന്റെ വീക്ഷണം
മന്ത്രവാദത്തിനു പിന്നിൽ എന്താണ്?
“മന്ത്രവാദിനികൾ.”ആ വാക്കു കേൾക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്ക് ഓടി എത്തുന്നത്? ദുർമന്ത്രങ്ങൾ ഉച്ചരിക്കുന്ന വികൃതരൂപിണികളായ കിഴവികളുടെ അല്ലെങ്കിൽ സാത്താന്റെ കൂട്ടാളികളായ ദുർവൃത്തരായ സ്ത്രീകളുടെ ചിത്രങ്ങളാണോ? പൊതുവെയുള്ള ഈ സങ്കൽപ്പങ്ങളിൽ നിന്നു വ്യത്യസ്തമായി, ഇന്ന് മന്ത്രവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന പല സ്ത്രീപുരുഷന്മാരെയും കണ്ടാൽ സാധാരണ മനുഷ്യരാണെന്നേ തോന്നൂ. അവരിൽ ചിലർ സമൂഹത്തിൽ ആദരിക്കപ്പെടുന്ന വക്കീലന്മാരോ അധ്യാപകരോ എഴുത്തുകാരോ നേഴ്സുമാരോ ഒക്കെയാണ്. ഗൂഢവിദ്യയുടെ അതിർവരമ്പുകളിൽ എത്തിനിൽക്കുന്നതായി കാണപ്പെടുന്ന മത പ്രസ്ഥാനങ്ങൾ ലോകവ്യാപകമായി വീണ്ടും തലപൊക്കിയിരിക്കുന്നു. ഇതിന് ഉദാഹരണങ്ങളാണ് പ്രകൃതി മതങ്ങളും നവീന പുറജാതീയതയും മറ്റും.a “റഷ്യയുടെ ഏതു കോണിൽ പോയാലും മന്ത്രവാദം ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു നിങ്ങൾ കണ്ടെത്തും,” എന്ന് ആ രാജ്യത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഐക്യനാടുകളിൽ 50,000 മുതൽ 3,00,000 വരെ മന്ത്രവാദികൾ അല്ലെങ്കിൽ “വൈക്കനുകൾ”b—ചിലർ അങ്ങനെയാണ് സ്വയം വിശേഷിപ്പിക്കുന്നത്—ഉള്ളതായി കണക്കാക്കപ്പെടുന്നു.
“മന്ത്രവാദി” എന്ന പദം മിക്കപ്പോഴും വളരെ വ്യാപകമായ ഒരു അർഥത്തിലാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്. പലരും അതിനെ പല രീതിയിലാണു വ്യാഖ്യാനിക്കുന്നത്. മന്ത്രവാദത്തിന്റെ ആധുനിക നാളിലെ വളർച്ചയ്ക്ക്, മുഖ്യമായും ദേവീ ആരാധനയും അതീന്ദ്രിയ ശക്തികളിലുള്ള ഉറച്ച വിശ്വാസവും ഉൾപ്പെടുന്ന, പ്രകൃതിയിൽ അധിഷ്ഠിതമായ ഒരുതരം മതവുമായി ബന്ധമുള്ളതായി കാണപ്പെടുന്നു. ചില മന്ത്രവാദികൾ ഒറ്റയ്ക്കു കഴിയുന്നവരാണ്—ഋതുഭേദങ്ങളും ചന്ദ്രന്റെ വിവിധ ഘട്ടങ്ങളും പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങളും നിരീക്ഷിച്ചു കൊണ്ട് അവർ ഒറ്റയ്ക്കു തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നു. മറ്റു ചിലർ മന്ത്രങ്ങൾ ഉച്ചരിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നത് ഒരു സംഘം എന്ന നിലയിലാണ്. സാധാരണഗതിയിൽ ഇത് 13 മന്ത്രവാദികളുടെ ഒരു കൂട്ടമായിരിക്കും.
പാശ്ചാത്യനാടുകളിൽ, മന്ത്രവാദത്തോടുള്ള ആളുകളുടെ ഇന്നത്തെ സമീപനം മധ്യയുഗങ്ങളിൽ മന്ത്രവാദികളെ കൂട്ടത്തോടെ ചുട്ടെരിക്കുന്നതിലേക്കു നയിച്ച മനോഭാവങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഇന്നും ചിലപ്പോഴൊക്കെ മന്ത്രവാദികൾക്കു നേരെ അനിയന്ത്രിതമായ അക്രമപ്രവർത്തനങ്ങൾ പൊട്ടിപ്പുറപ്പെടാറുണ്ട്. ഉദാഹരണത്തിന്, 1998 ഒക്ടോബർ ആദ്യം ഇന്തൊനീഷ്യയിൽ വാക്കത്തികളേന്തിയ സംഘങ്ങൾ മന്ത്രവാദികളെന്നു സംശയിക്കപ്പെട്ട 150-ലേറെ ആളുകളെ കൊലപ്പെടുത്തി. 1990-നും 1998-നും മധ്യേ ദക്ഷിണാഫ്രിക്കയിൽ, മന്ത്രവാദികൾക്കു നേരെ നടന്ന 2000-ത്തിലധികം അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുകയുണ്ടായി, അവയിൽ 577 കൊലപാതകങ്ങൾ ഉൾപ്പെട്ടിരുന്നു. രണ്ടു ധ്രുവങ്ങളിലുള്ള ഇത്തരം മനോഭാവങ്ങളുടെ—മന്ത്രവാദത്തിലുള്ള താത്പര്യത്തിന്റെയും മന്ത്രവാദികളോടുള്ള വിദ്വേഷത്തിന്റെയും—വെളിച്ചത്തിൽ ക്രിസ്ത്യാനികൾ ഈ സംഗതിയെ എങ്ങനെ വീക്ഷിക്കണം?
നിറവേറാത്ത ആവശ്യങ്ങൾ
ആധുനിക നാളിൽ മന്ത്രവാദത്തിൽ ഏർപ്പെടുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണ്? പ്രകൃതിയോടും ജീവനോടുമുള്ള ഭക്ത്യാദരവാണ് ഒരു ഘടകമെന്ന് അവർ അവകാശപ്പെടുന്നു. അതുകൊണ്ട്, തങ്ങളുടെ മതാനുഷ്ഠാനങ്ങളിൽ മൃഗബലികൾ ഉൾപ്പെടുന്നില്ലെന്നു വിശദീകരിക്കാൻ ചിലർ വ്യഗ്രത കാട്ടുന്നു. തുറന്നിടപെടാൻ കഴിയുന്ന, ഒരേ ആത്മീയ താത്പര്യങ്ങളുള്ള, ആശ്രയയോഗ്യരായ ആളുകൾക്കു വേണ്ടി നടത്തുന്ന തിരച്ചിലിന്റെ ഭാഗമായാണ് തങ്ങൾ മന്ത്രവാദത്തിൽ ഒരു കൈ നോക്കുന്നതെന്ന് മറ്റു ചിലർ പറയുന്നു. “പുറജാതീയ പ്രസ്ഥാനത്തിൽ എനിക്കു പരിചയമുള്ള സകലരും സൗഹൃദപ്രകൃതരും തുറന്ന മനസ്ഥിതിയുള്ളവരുമാണ് . . . അവർ വളരെ നല്ല ആളുകളാണ്,” എന്ന് ഒരു ആധുനിക മന്ത്രവാദിനി പറയുന്നു. കൂടാതെ, പലരും സാത്താനുമായി തങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ട് എന്നതിനെ നിഷേധിക്കുന്നു. തിന്മയുടെ മൂർത്തിമദ്ഭാവമായ ഒരു ദൈവം എന്ന സങ്കൽപ്പം തങ്ങളുടെ മതഘടനയിൽ ഇല്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു.
മന്ത്രവാദികൾ ആയിത്തീരുന്നതിലേക്ക് അവരിൽ പലരെയും നയിച്ച മുഖ്യ സംഗതി ആത്മീയ ശൂന്യതാബോധവും മുഖ്യധാരാ മതങ്ങളിലുള്ള അസംതൃപ്തിയുമാണ്. തന്റെ സംഘത്തെ കുറിച്ച് ഒരു വൈക്കൻ മുഖ്യ പുരോഹിതയായ ഫില്ലിസ് കുറോട്ട് പറയുന്നു: “ജനിച്ചുവളർന്ന മതങ്ങളുടെ പഠിപ്പിക്കലുകളിലും ആചാരങ്ങളിലും ഞങ്ങളെല്ലാവരും അതൃപ്തരായിരുന്നു.” കുറോട്ട് വിശദീകരിക്കുന്നത് അനുസരിച്ച് ആധുനിക മന്ത്രവാദികൾ, ‘ആത്മീയത വീണ്ടും എങ്ങനെ കൈവരിക്കാം?’ എന്നതു പോലെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ മന്ത്രവാദമാണോ ശരിയായ ആത്മീയതയിലേക്കുള്ള പാത?
ശരിയായ ആത്മീയത—ഏത് ഉറവിൽ നിന്ന്?
ഏക സത്യദൈവവും സാർവത്രിക പരമാധികാരിയും യഹോവയാണെന്നു ബൈബിൾ വ്യക്തമായി പറയുന്നു. (സങ്കീർത്തനം 73:28, NW; 1 പത്രൊസ് 1:15, 16, NW; വെളിപ്പാടു 4:11, NW) തന്നെ അന്വേഷിച്ചു ‘കണ്ടെത്താൻ’ അവൻ ഏവരെയും ക്ഷണിക്കുകയാണ്. (പ്രവൃത്തികൾ 17:27) അതുകൊണ്ട്, സത്യദൈവമായ യഹോവയെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ ഒരുവന് ശരിയായ ആത്മീയത കൈവരിക്കാൻ കഴിയൂ. അവന്റെ വചനമായ വിശുദ്ധ ബൈബിൾ പഠിച്ചുകൊണ്ട് ഇതു ചെയ്യാൻ കഴിയും. “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും,” എന്ന് ബൈബിൾ എഴുത്തുകാരനായ യാക്കോബ് ഉറപ്പു നൽകുന്നു.—യാക്കോബ് 4:8.
എന്നിരുന്നാലും, തെറ്റായ ആത്മീയതയുടെ ദ്രോഹകരമായ ഒരു ഉറവിനെതിരെ ദൈവവചനം മുന്നറിയിപ്പു നൽകുന്നു. (1 യോഹന്നാൻ 4:1) ഇന്നു വ്യാപകമായി കണ്ടുവരുന്ന വഴിതെറ്റിയ ആത്മീയതയുടെ പ്രമുഖ ഉറവ് യഹോവയാം ദൈവത്തിന്റെ മുഖ്യ ശത്രുവായ പിശാചായ സാത്താനും അവന്റെ ഭൂതങ്ങളുമാണെന്ന് അതു തിരിച്ചറിയിക്കുന്നു.c ബൈബിൾ പറയുന്നതനുസരിച്ച് സാത്താൻ അനേകരുടെയും ‘മനസ്സു കുരുടാക്കിയിരിക്കുന്നു.’ അവൻ യഥാർഥത്തിൽ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചു” കൊണ്ടാണിരിക്കുന്നത്. അവൻ തെറ്റിച്ചു കളഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിൽ മന്ത്രവാദം ചെയ്യുന്നവരും ഉൾപ്പെടുന്നു—സാത്താനെ ആരാധിക്കുന്നതായി അവർ അവകാശപ്പെട്ടാലും ഇല്ലെങ്കിലും. അങ്ങനെ പറയുന്നത് എന്തുകൊണ്ടാണ്?—2 കൊരിന്ത്യർ 4:4; വെളിപ്പാടു 12:9.
ആധുനിക മന്ത്രവാദവുമായി ബന്ധപ്പെട്ട അനേകം ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും സാത്താന്യ ആരാധനയുടെ നിഗൂഢ വശങ്ങളോടു വളരെ അടുത്ത സാമ്യമുണ്ട്. അതുകൊണ്ട് നിരുപദ്രവകരമായ ജിജ്ഞാസ എന്നു പറയപ്പെടുന്ന ഒന്നിനു പോലും എളുപ്പത്തിൽ ഒരുവനെ ഗൂഢവിദ്യയിലേക്കു നയിക്കാൻ കഴിയും. വാസ്തവത്തിൽ വളരെയധികം ആളുകൾ ഈ വിധത്തിൽ സാത്താന്റെ ദുഷ്ട സ്വാധീനത്തിന് അടിപ്പെട്ടിട്ടുണ്ട്.
അധികാരത്തിനോ പ്രതികാരത്തിനോ വേണ്ടിയുള്ള ദാഹമാണ് ചിലപ്പോഴൊക്കെ ആളുകളെ ആധുനിക മന്ത്രവാദത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതെന്ന വസ്തുത അവഗണിക്കാനാകില്ല. “മന്ത്രവാദികളെന്നു സ്വയം പ്രഖ്യാപിക്കുകയും തങ്ങളുടെ ശക്തികൾ ദുരുദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളുണ്ട്” എന്ന് ഒരു ആധുനിക മന്ത്രവാദിനിയായ ജെന്നിഫർ പറയുന്നു. എന്നാൽ, മന്ത്രവാദത്തിൽ ഏർപ്പെടുന്ന എല്ലാവരും, അവർ പ്രതികാരദാഹികൾ ആണെങ്കിലും അല്ലെങ്കിലും സാത്താന്റെയും ഭൂതങ്ങളുടെയും പൂർണ നിയന്ത്രണത്തിൻ കീഴിൽ ആയിപ്പോകും എന്ന അപകടം സ്ഥിതിചെയ്യുന്നു. മന്ത്രവാദികളിൽ ചിലർ ഇത്തരം ദുഷ്ടാത്മ ജീവികളുടെ അസ്തിത്വം നിഷേധിച്ചേക്കാം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ അവർ ആ ദുഷ്ടാത്മ ജീവികളുടെ വഞ്ചനയ്ക്കു കൂടുതൽ വശംവദരാകുകയാണു ചെയ്യുന്നത്.—1 കൊരിന്ത്യർ 10:20, 21 താരതമ്യം ചെയ്യുക.
ഭാവികഥനവിദ്യ, ക്ഷുദ്രം, ആഭിചാരം, മന്ത്രവാദം, മരിച്ചവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ എന്നിവയെ ബൈബിൾ കുറ്റം വിധിക്കുന്നു. അത് വ്യക്തമായി പറയുന്നു: “ഇത്തരക്കാർ കർത്താവിനു [“യഹോവയ്ക്ക്,” NW] നിന്ദ്യരാണ്.” (ആവർത്തനപുസ്തകം 18:10-12, പി.ഒ.സി. ബൈബിൾ) തീർച്ചയായും ക്രിസ്ത്യാനികൾ ‘എല്ലാവർക്കും നന്മചെയ്യാൻ’ ദൃഢനിശ്ചയം ചെയ്തിട്ടുള്ളവരാണ്. തങ്ങളുടെ ശുശ്രൂഷയിലൂടെ അവർ അനേകരെ ആത്മവിദ്യാചാരത്തിന്റെ എല്ലാ വശങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടാൻ സഹായിക്കുകയും ചെയ്യുന്നു. (ഗലാത്യർ 6:10; പ്രവൃത്തികൾ 16:14-18) എന്നാൽ അതൊക്കെ ചെയ്യുമ്പോൾത്തന്നെ, സത്യക്രിസ്ത്യാനികൾ മന്ത്രവാദത്തിന്റെ സകല രൂപങ്ങളും ഉൾപ്പെടെ വ്യാജാരാധനയുമായുള്ള ഏതു തരം ബന്ധവും ഒഴിവാക്കുന്നു.—2 കൊരിന്ത്യർ 6:15-17.
[അടിക്കുറിപ്പുകൾ]
a “പ്രകൃതി മതം” എന്ന പദം ഭൂമിയും എല്ലാ ജീവജാലങ്ങളും ദിവ്യമായതിന്റെ ഭാഗമാണെന്നും ഒരേ ജീവശക്തി പങ്കിടുന്നെന്നുമുള്ള വിശ്വാസത്തെയാണു സൂചിപ്പിക്കുന്നത്; “നവീന പുറജാതീയത” ക്രിസ്തീയപൂർവ ദൈവങ്ങളുടെ ആരാധനയെ സൂചിപ്പിക്കുന്നു.
b ദി അമേരിക്കൻ ഹെറിറ്റേജ് കോളെജ് ഡിക്ഷണറി പറയുന്നതനുസരിച്ച് വൈക്കനുകൾ “ക്രിസ്തീയപൂർവ പശ്ചിമ യൂറോപ്പിൽ വേരുകളുള്ള ഒരു പുറജാതീയ പ്രകൃതി മതം” ആയ വൈക്കയുടെ അനുസാരികളാണ്.
c ഉണരുക!യിലെ “ബൈബിളിന്റെ വീക്ഷണം” എന്ന പരമ്പര, “യഥാർത്ഥത്തിൽ ഒരു പിശാചുണ്ടോ?” (ജനുവരി 8, 1990, 12, 13 പേജുകൾ) “ഭൂതങ്ങൾ വാസ്തവത്തിൽ ഉള്ളവരോ?” (ഏപ്രിൽ 8, 1998, 18, 19 പേജുകൾ) എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിട്ടുണ്ട്.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Picture Book of Devils, Demons and Witchcraft/Ernst and Johanna Lehner/Dover