‘ഏറ്റവും ആഴത്തിലുള്ള പരിവർത്തനങ്ങൾ’
“മാനവ ചരിത്രത്തിലെ ഏറ്റവും അഗാധവും ദൂരവ്യാപകവുമായ പരിവർത്തനങ്ങൾക്ക് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചിരിക്കുന്നു.”—ഇരുപതാം നൂറ്റാണ്ടിന്റെ കാലഭൂപടം, (ഇംഗ്ലീഷ്).
ഇരുപതാം നൂറ്റാണ്ടിനെ കുറിച്ചു വിശകലനം ചെയ്യുമ്പോൾ പലരും സംശയലേശമന്യേ ടൈം മാസികയുടെ മാനേജിങ് എഡിറ്ററായ വോൾട്ടർ ഐസക്സൺ പറഞ്ഞതിനോടു യോജിക്കും. അദ്ദേഹം പറഞ്ഞു: “പിന്നിട്ട നൂറ്റാണ്ടുകളോടുള്ള താരതമ്യത്തിൽ ഈ നൂറ്റാണ്ട് അതിവിസ്മയകരം ആയിരുന്നിട്ടുണ്ട്: ആവേശകരം ആയിരുന്നിട്ടുണ്ട്, ചിലപ്പോഴൊക്കെ ഭീതിദം ആയിരുന്നിട്ടുണ്ട്, എല്ലായ്പോഴും അത്യന്തം രസകരമായിരുന്നിട്ടുണ്ട്.”
അതുപോലെ, “മനുഷ്യതിന്മകൾ അവയുടെ പരകോടിയിൽ എത്തിച്ചേർന്ന, . . . അതിരുകടന്ന സ്ഥിതിവിശേഷങ്ങളുടെ നൂറ്റാണ്ട്” എന്ന് ഈ നൂറ്റാണ്ടിനെ വിളിച്ചിരിക്കുന്നതായി നോർവേയുടെ മുൻ പ്രധാനമന്ത്രിയായ ഗ്രൂ ഹാർലം ബ്രുയെന്റ്ലാന്റ് പറയുന്നു. ഇതു “വൻ പുരോഗതിയുടെയും [ചിലയിടങ്ങളിൽ] അഭൂതപൂർവമായ സാമ്പത്തിക വളർച്ച”യുടെയും ഒരു നൂറ്റാണ്ട് ആയിരുന്നു എന്ന് അവർ അഭിപ്രായപ്പെടുന്നു. അതേസമയം, “ദാരിദ്ര്യത്തോടും അനാരോഗ്യകരമായ ചുറ്റുപാടുകളോടും ബന്ധപ്പെട്ട വ്യാപകമായ രോഗവർധനയും അതുപോലെതന്നെ ജനപ്പെരുപ്പവും” ഹേതുവായി ദരിദ്ര നഗരമേഖലകളുടെ ഭാവി ശോഭയറ്റതാണ്.
രാഷ്ട്രീയ കോളിളക്കങ്ങൾ
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ലോകത്തിന്റെ അധികഭാഗത്തെയും നിയന്ത്രിച്ചിരുന്നത് ചൈനയിലെ മാഞ്ചു രാജവംശവും ഓട്ടോമാൻ സാമ്രാജ്യവും നിരവധി യൂറോപ്യൻ സാമ്രാജ്യങ്ങളുമാണ്. ലോകത്തിന്റെ നാലിലൊരു ഭാഗം അധീനതയിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം ഒറ്റയ്ക്ക് ഭൂമിയിലെ ജനങ്ങളിൽ നാലിലൊന്നിന്റെയും മേൽ ഭരണം നടത്തിയിരുന്നു. എന്നാൽ, ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനു ദീർഘകാലം മുമ്പേ ഈ സാമ്രാജ്യങ്ങളെല്ലാം ചരിത്ര പുസ്തകങ്ങളിൽ മാത്രമായി ഒതുങ്ങി. “1945-ൽ സാമ്രാജ്യത്വ യുഗം തിരോഭവിച്ചു” എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ കാലഭൂപടം പറയുന്നു.
17-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനും ഇടയ്ക്ക് യൂറോപ്പിലെമ്പാടും ആഞ്ഞടിച്ച ദേശീയവാദത്തിന്റെ അലകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാൻ കോളനിവാഴ്ചയുടെ തിരോധാനം വഴിതെളിച്ചു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ മിക്ക രാഷ്ട്രങ്ങളിലും ദേശീയത്വവികാരം കെട്ടടങ്ങി. . . . എന്നാൽ ഏഷ്യയിലും ആഫ്രിക്കയിലും ദേശീയത്വവാദം ആളിപ്പടർന്നു. അതിന്റെ മുഖ്യ കാരണം കോളനിവാഴ്ചയോടുള്ള എതിർപ്പായിരുന്നു.” ഒടുവിൽ, “മൂന്നാം ലോകം ചരിത്രരംഗത്ത് ആവിർഭവിക്കുകയും അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് യൂറോപ്യൻ കോളനിവാഴ്ചയുടെ വ്യാപനത്തിനു തുടക്കമിട്ട ഒരു യുഗം അവസാനിക്കുകയും ചെയ്തു” എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ കാലഭൂപടം പറയുന്നു.
സാമ്രാജ്യങ്ങൾ തകർന്നുവീണപ്പോൾ സ്വതന്ത്ര രാഷ്ട്രങ്ങൾ രൂപംകൊണ്ടു. ഇത്തരത്തിലുള്ള നിരവധി രാഷ്ട്രങ്ങളിൽ ജനാധിപത്യ ഭരണസമ്പ്രദായമാണ് നിലവിൽ വന്നത്. ഈ ജനാധിപത്യ ഭരണകൂടങ്ങൾക്ക് മിക്കപ്പോഴും രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്പിലും ഏഷ്യയിലും ഉണ്ടായിരുന്ന ശക്തമായ ഏകാധിപത്യ ഗവൺമെന്റുകളിൽനിന്നു കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. ഈ ഏകാധിപത്യ ഗവൺമെന്റുകൾ വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും സാമ്പത്തിക വ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും സായുധ സേനകളുടെയും മേൽ ശക്തമായ നിയന്ത്രണം പുലർത്തുകയും ചെയ്തിരുന്നു. വളരെ പണം ചെലവാക്കുകയും നിരവധി മനുഷ്യജീവൻ കുരുതി കൊടുക്കുകയും ചെയ്തിട്ടും ലോകമേൽക്കോയ്മ നേടാനുള്ള അവയുടെ ശ്രമങ്ങൾ വിജയിച്ചില്ല.
യുദ്ധത്തിന്റെ ഒരു നൂറ്റാണ്ട്
തീർച്ചയായും, 20-ാം നൂറ്റാണ്ടിനെ മറ്റു നൂറ്റാണ്ടുകളിൽനിന്നു വിശേഷാൽ മാറ്റിനിർത്തുന്ന ഒരു ഘടകമാണു യുദ്ധം. ഒന്നാം ലോകമഹായുദ്ധത്തെ കുറിച്ച് ജർമൻ ചരിത്രകാരനായ ഗിദോ നോപ്പ് ഇപ്രകാരം എഴുതുന്നു: “1914 ആഗസ്റ്റ് 1: യൂറോപ്യന്മാർക്കു ദീർഘമായ ഒരു സമാധാന കാലഘട്ടം സമ്മാനിച്ച 19-ാം നൂറ്റാണ്ട് അന്ന് അവസാനിച്ചെന്ന് ആരും കരുതിയില്ല; 20-ാം നൂറ്റാണ്ട് വാസ്തവത്തിൽ ആരംഭിച്ചത് അന്നാണെന്നത് ആരും ശ്രദ്ധിച്ചുമില്ല—മൂന്നു പതിറ്റാണ്ടുകളോളം നീണ്ടുനിന്ന യുദ്ധത്തിന്റെ ആ കാലഘട്ടം മനുഷ്യർക്കു മനുഷ്യരോട് എത്രമാത്രം മൃഗീയമായി പെരുമാറാൻ കഴിയും എന്നതിന്റെ തെളിവായിരുന്നു.”
“ആ യുദ്ധം ഐക്യനാടുകളുടെ മേൽ ഉളവാക്കിയ ഫലം വലുതും ഞെട്ടിക്കുന്നതും ആയിരുന്നു, അത് ഇന്നും [1998-ൽ] അനുഭവവേദ്യമാണ്” എന്ന് ചരിത്ര പ്രൊഫസറായ ഹ്യൂ ബ്രോഗൻ നമ്മെ ഓർമിപ്പിക്കുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു ചരിത്ര പ്രൊഫസറായ ആക്കിര ഇരിയെ ഇങ്ങനെ എഴുതി: “പൂർവേഷ്യയുടെയും ഐക്യനാടുകളുടെയും ചരിത്രത്തിൽ ഒന്നാം ലോകയുദ്ധം ഒട്ടനവധി വിധങ്ങളിൽ ഒരു വഴിത്തിരിവായിരുന്നു.”
“ഇരുപതാം നൂറ്റാണ്ടിന്റെ ദേശീയവും രാഷ്ട്രീയവുമായ ചരിത്രത്തിലെ വലിയ നാഴികക്കല്ലുകൾ” ആണ് ഒന്നും രണ്ടും ലോകയുദ്ധങ്ങൾ എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേ ഉള്ളൂ. “ഒന്നാം ലോകമഹായുദ്ധം നാലു വലിയ സാമ്രാജ്യത്വ രാജവംശങ്ങളുടെ പതനത്തിലേക്കു നയിച്ചു . . , റഷ്യയിലെ ബോൾഷേവിക് വിപ്ലവത്തിനു കാരണമായി . . , രണ്ടാം ലോകമഹായുദ്ധത്തിനുള്ള അടിസ്ഥാനവുമിട്ടു” എന്ന് ആ ഗ്രന്ഥം പറയുന്നു. ഈ ലോകയുദ്ധങ്ങളിൽ നടന്ന “കൂട്ടക്കുരുതിയും അരുംകൊലയും വിനാശവും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ളത് ആയിരുന്നു” എന്നും അത് അഭിപ്രായപ്പെടുന്നു. സമാനമായി, ഗിദോ നോപ്പ് ഇപ്രകാരം പറയുന്നു: “ക്രൂരതയും മനുഷ്യ പൈശാചികതയും അതിഹീനമായ രൂപം കൈക്കൊണ്ടു. മനുഷ്യരെ വ്യക്തികളായിട്ടല്ല, മറിച്ച് വസ്തുക്കളായി വീക്ഷിക്കുന്ന ഒരു കാലഘട്ടത്തിന്റെ വിത്തുകൾ . . . യുദ്ധക്കിടങ്ങുകളിൽ വിതയ്ക്കപ്പെട്ടു.”
അതുപോലുള്ള വിപത്കരമായ യുദ്ധങ്ങൾ ഇനിയും ഉണ്ടാകുന്നത് തടയാനായി 1919-ൽ സർവരാജ്യസഖ്യം രൂപംകൊണ്ടു. ലോകസമാധാനം നിലനിർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ അതു പരാജയപ്പെട്ടപ്പോൾ തത്സ്ഥാനത്ത്, 1946-ൽ ഐക്യരാഷ്ട്രങ്ങൾ നിലവിൽവന്നു. അത് ഒരു മൂന്നാം ലോകമഹായുദ്ധം തടയുന്നതിൽ വിജയിച്ചിരിക്കുന്നെങ്കിലും, ഒരു ആണവ വിനാശം വരുത്തിവെക്കുമെന്ന ഭീഷണി പതിറ്റാണ്ടുകളോളം ഉയർത്തിയ ശീതയുദ്ധം തടയുന്നതിൽ പരാജയപ്പെട്ടു. ബാൾക്കൻസിലേതു പോലെ, ലോകമെമ്പാടും നടന്നിട്ടുള്ള ചെറിയ യുദ്ധങ്ങൾ തടയുന്നതിലും അതു പരാജയപ്പെട്ടിരിക്കുന്നു.
ലോകത്തിൽ രാജ്യങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്നു, അതുപോലെതന്നെ അവയ്ക്കിടയിൽ സമാധാനം കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയും. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ഒരു ഭൂപടവും ആധുനിക കാലത്തുള്ള ഒരു ഭൂപടവും ഒത്തുനോക്കിയാൽ, ഇന്ന് ആഫ്രിക്കയിലുള്ള 51 രാഷ്ട്രങ്ങളും ഏഷ്യയിലുള്ള 44 രാഷ്ട്രങ്ങളും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്വതന്ത്ര രാഷ്ട്രങ്ങളായി സ്ഥിതിചെയ്തിരുന്നില്ല എന്നു കാണാനാകും. ഐക്യരാഷ്ട്രങ്ങളുടെ ഇപ്പോഴത്തെ 185 അംഗരാഷ്ട്രങ്ങളിൽ 116 എണ്ണവും, ആ സംഘടന 1945-ൽ സ്ഥാപിതമായപ്പോൾ സ്വതന്ത്ര രാഷ്ട്രങ്ങളായി ഉണ്ടായിരുന്നില്ല!
“അതിഗംഭീര ദൃശ്യങ്ങളിൽ ഒന്ന്”
19-ാം നൂറ്റാണ്ട് അവസാനിക്കാറായപ്പോൾ, ലോകത്തിൽ ഏറ്റവുമധികം ഭൂപ്രദേശം അധീനതയിൽ ഉണ്ടായിരുന്നത് റഷ്യൻ സാമ്രാജ്യത്തിനായിരുന്നു. എന്നിരുന്നാലും, അതിനു ശീഘ്രഗതിയിൽ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. “അനിവാര്യമായിരുന്ന സംഗതി നവോത്ഥാനമല്ല, വിപ്ലവമാണ്” എന്ന് അനവധി ആളുകൾ വിചാരിച്ചിരുന്നതായി ഗ്രന്ഥകാരനായ ജെഫ്രി പോന്റൻ പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “എന്നാൽ യഥാർഥ വിപ്ലവത്തിനു തുടക്കമിടാൻ ഒരു മഹായുദ്ധവും—ഒന്നാം ലോക മഹായുദ്ധം—തുടർന്നുണ്ടായ അലങ്കോലപ്പെട്ട സ്ഥിതിവിശേഷവും ആവശ്യമായി വന്നു.”
അക്കാലത്ത് ബോൾഷേവിക്കുകൾ റഷ്യയിൽ അധികാരത്തിൽ വന്നത് ഒരു പുതിയ സാമ്രാജ്യഘടനയ്ക്ക്, സോവിയറ്റ് യൂണിയനാൽ പിന്താങ്ങപ്പെട്ട ലോക കമ്മ്യൂണിസത്തിന്, അടിത്തറ പാകി. ഒരു ആഗോള യുദ്ധം നടക്കുമ്പോഴാണ് സോവിയറ്റ് സാമ്രാജ്യം പിറന്നതെങ്കിലും, അതു വെടിയുണ്ടകളേറ്റല്ല ചരമമടഞ്ഞത്. 1970-കളുടെ അവസാനം ആയപ്പോഴേക്കും സോവിയറ്റ് യൂണിയൻ “എന്ന വിശാലമായ ബഹുദേശീയ സാമ്രാജ്യം മേലാൽ രക്ഷയില്ലാത്ത വിധം നാശത്തിലേക്കു കൂപ്പുകുത്താൻ തുടങ്ങിക്കഴിഞ്ഞിരുന്നു” എന്ന് മൈക്കിൾ ഡോബ്സിന്റെ ഡൗൺ വിത്ത് ബിഗ് ബ്രദർ എന്ന പുസ്തകം അവകാശപ്പെടുന്നു.
എങ്കിലും, അതിന്റെ പതനം ക്ഷിപ്രമായിരുന്നു. നോർമൻ ഡേവീസിന്റെ യൂറോപ്പ്—ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “യൂറോപ്പിന്റെ ചരിത്രത്തിലെ വൻ തകർച്ചകളെയെല്ലാം കടത്തിവെട്ടാൻ പോന്ന വേഗത്തിലായിരുന്നു അതിന്റെ തകർച്ച . . . അതു സംഭവിച്ചതാകട്ടെ സ്വാഭാവിക കാരണങ്ങളാലും.” തീർച്ചയായും, “സോവിയറ്റ് യൂണിയന്റെ ഉയർച്ചയും വികാസവും തകർച്ചയും ഇരുപതാം നൂറ്റാണ്ടിലെ അതിഗംഭീര ദൃശ്യങ്ങളിൽ ഒന്ന്” ആയിരുന്നു എന്ന് പോന്റൻ പറയുന്നു.
നിശ്ചയമായും, ദൂരവ്യാപക ഫലങ്ങൾ ഉളവാക്കിയ ഇരുപതാം നൂറ്റാണ്ടിലെ വൻ പരിവർത്തനങ്ങളുടെ പരമ്പരകളിൽ ഒന്നു മാത്രമായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം. ചരിത്രത്തിൽ രാഷ്ട്രീയ പരിവർത്തനങ്ങൾ ഒട്ടും പുത്തരിയല്ല. സഹസ്രാബ്ദങ്ങളായി അവ സംഭവിച്ചുകൊണ്ടിരിക്കുന്നു.
എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിൽ ഭരണരംഗത്ത് ഉണ്ടായ ഒരു പരിവർത്തനം വിശേഷാൽ സുപ്രധാനം ആണ്. ഈ പരിവർത്തനം എന്താണെന്നും അതു നിങ്ങളെ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നു എന്നും പിന്നീടു ചർച്ച ചെയ്യുന്നതായിരിക്കും.
അതിനു മുമ്പ് ആദ്യം, ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രരംഗത്ത് ഉണ്ടായ ചില നേട്ടങ്ങളെ കുറിച്ചു പരിശോധിക്കാം. അവയെ കുറിച്ച് പ്രൊഫസർ മൈക്കിൾ ഹോവാർഡ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മാനവരാശിയുടെ ചരിത്രത്തിലെ ഒരു പുതിയ, സന്തോഷഭരിതമായ യുഗത്തിന്റെ തുടക്കമായി ഇരുപതാം നൂറ്റാണ്ടിനെ കാണുന്നതിന് പശ്ചിമ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ആളുകൾക്കു സകല കാരണവും ഉണ്ടെന്നു തോന്നുന്നു.” ആ നേട്ടങ്ങൾ മെച്ചപ്പെട്ട ജീവിതത്തിലേക്കു നയിക്കുമോ?
[2-7 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1901
64 വർഷത്തെ ഭരണത്തിനു ശേഷം വിക്ടോറിയാ രാജ്ഞി നിര്യാതയാകുന്നു
ലോകജനസംഖ്യ 160 കോടിയിൽ എത്തുന്നു
1914
ഫെർഡിനാന്റ് രാജകുമാരൻ വധിക്കപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു
അവസാനത്തെ സാർ ചക്രവർത്തിയായ നിക്കൊളാസ് രണ്ടാമൻ തന്റെ കുടുംബത്തോടൊത്ത്
1917
ലെനിൻ റഷ്യയെ വിപ്ലവത്തിലേക്കു നയിക്കുന്നു
1919
സർവരാജ്യസഖ്യം പിറക്കുന്നു
1929
യു.എസ്. സ്റ്റോക്ക് വിപണിയുടെ തകർച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുന്നു
ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സമരം തുടരുന്നു
1939
അഡോൾഫ് ഹിറ്റ്ലർ പോളണ്ടിനെ ആക്രമിക്കുന്നു, അങ്ങനെ രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നു
വിൻസ്റ്റൺ ചർച്ചിൽ 1940-ൽ ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രി ആയിത്തീരുന്നു
നാസികൾ നടത്തിയ കൂട്ടക്കൊല
1941
ജപ്പാൻ പേൾ ഹാർബറിൽ ബോംബിടുന്നു
1945
ഐക്യനാടുകൾ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിടുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു
1946
ഐക്യരാഷ്ട്ര പൊതുസഭ അതിന്റെ ആദ്യ യോഗം നടത്തുന്നു
1949
മാവോസെതുങ് ചൈനീസ് ജനകീയ റിപ്പബ്ലിക്ക് രൂപംകൊണ്ടതായി പ്രഖ്യാപിക്കുന്നു
1960
പതിനേഴു പുതിയ ആഫ്രിക്കൻ രാഷ്ട്രങ്ങൾ രൂപംകൊള്ളുന്നു
1975
വിയറ്റ്നാം യുദ്ധം അവസാനിക്കുന്നു
1989
കമ്മ്യൂണിസത്തിനു സ്വാധീനം നഷ്ടപ്പെടുന്നതോടെ ബെർലിൻ മതിൽ നശിപ്പിക്കപ്പെടുന്നു
1991
സോവിയറ്റ് യൂണിയൻ ശിഥിലമാകുന്നു