മധുരമായി പാടുന്ന യുഗ്മ ഗായകർ
കെനിയയിലെ ഉണരുക! ലേഖകൻ
ഗായകർ ഇരുവരും മുഖത്തോടു മുഖം നോക്കി. അവർ പാടാൻ തയ്യാറായിരിക്കുന്നു. മുഖ്യ ഗായകൻ പതിയെ ഒന്നു ശിരസ്സുനമിച്ചിട്ട് ഒരു തെളിഞ്ഞ, മൃദുവായ സ്വരം (note) ഉതിർത്തു. ആ സ്വരം അത്രയ്ക്കു തെളിവാർന്നതും ശ്രുതിമധുരവും ആയിരുന്നതിനാൽ പ്രഭാതത്തിന്റെ കുളിർമയിൽ അത് അങ്ങ് അകലങ്ങളോളം പ്രതിധ്വനിച്ചു. തൊട്ടടുത്തിരുന്ന ഗായിക അപ്പോൾ കുലീനതയോടെ ഒന്നു വണങ്ങി. എന്നിട്ട്, അങ്ങേയറ്റം സമയകൃത്യതയോടെ അതിനെക്കാൾ ഉയർന്ന സ്ഥായിയിൽ, അത്ര തന്നെ മാധുര്യമേറിയ ഒരു സ്വരം പുറപ്പെടുവിച്ചു. ആ യുഗ്മഗാനം മുറുകി വന്നപ്പോൾ, ഇരുശബ്ദങ്ങളും ലയിച്ച് ഒന്നായെന്നു തോന്നിത്തുടങ്ങി. ശ്വാസമടക്കിപ്പിടിച്ച്, അത്ഭുതത്തോടെ അതു കേട്ടിരിക്കുകയായിരുന്ന ഞാൻ, സ്ഫുടം ചെയ്തെടുത്ത ആ കഴിവിലും ശബ്ദമാധുര്യത്തിലും സ്വയം മറന്നു.
തിങ്ങിനിറഞ്ഞ ഏതെങ്കിലും ഒരു സിംഫണി ഹാളിൽ വെച്ചായിരുന്നില്ല നിപുണത തുളുമ്പി നിന്നിരുന്ന ആ ഗാനമേള. ഇവിടെ കെനിയയിൽ, എന്റെ വീടിനടുത്തുള്ള ഒരു മരച്ചില്ലയായിരുന്നു അതിനു വേദിയൊരുക്കിയത്. ഗായകരാകട്ടെ, രണ്ടു പക്ഷികളും. പാട്ട് അവസാനിച്ചപ്പോൾ, തൂവൽക്കുപ്പായം ധരിച്ച ആ രണ്ടു ഗായകരും നിവർന്നു നിന്നു. എന്നിട്ടു ചിറകുവിടർത്തി ദൂരേക്കു പറന്നകന്നു.
“ഒരേ തൂവൽപ്പക്ഷികൾ ഒന്നിച്ചു കൂടുമെന്ന്” പലപ്പോഴും പറയാറുണ്ട്. എന്നാൽ, ചില പക്ഷികൾക്ക് ഒന്നിച്ചു പാടാനും ഇഷ്ടമാണെന്നു തോന്നുന്നു, അതും അത്യന്തം സമയകൃത്യതയോടെ! ആ യുഗ്മഗാനത്തിലെ അസാധാരണമായ താളൈക്യം നിമിത്തം, പാട്ടുകാരെ നേരിട്ടു കണ്ടില്ലെങ്കിൽ രണ്ടു പക്ഷികളാണു ഗാനമാലപിക്കുന്നത് എന്നു ശ്രോതാവിനു മിക്കപ്പോഴും മനസ്സിലാക്കിയെടുക്കാനേ സാധിക്കില്ല! ഇങ്ങനെ കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ശാസ്ത്രജ്ഞർ വരെയുണ്ട്. അതുകൊണ്ടുതന്നെ, യുഗ്മഗാനം ആലപിക്കുന്നതു പക്ഷികളുടെ ഒരു പെരുമാറ്റ സവിശേഷതയാണ് എന്നു താരതമ്യേന അടുത്തകാലത്തു മാത്രമാണു മനസ്സിലാക്കിയത്.
മണിനാദ പക്ഷി
ഉഷ്ണമേഖലാ ബൂബൂ പക്ഷിയുടെ കാര്യമെടുക്കുക. കക്ഷി ഒരു സംഗീതവിദ്വാൻ തന്നെയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഈ വിദ്വാന്റെ അനുപമമായ ഗാനം മിക്കപ്പോഴും ശ്രുതിമധുരമായ മണിക്കിലുക്കത്തോടു സമാനമാണ്. അതുകൊണ്ടാണ് അതിനെ മണിനാദ പക്ഷി എന്നു സാധാരണ വിളിക്കുന്നത്. അതിന്റെ തൂവൽക്കുപ്പായം കാണാൻ നല്ല ചന്തമാണ്. മകുടത്തിനും കഴുത്തിന്റെ പിൻഭാഗത്തിനും ചിറകുകൾക്കും എണ്ണക്കറുപ്പു നിറമാണെങ്കിൽ മാറിടത്തിലുള്ള തൂവലുകൾക്ക് തൂവെള്ള നിറവും ചിറകിലെ പട്ടയ്ക്കു സാധാരണ വെള്ള നിറവുമാണ്. ഈ വർണഭേദം ആരുടെയും കണ്ണഞ്ചിക്കാൻ പോന്നതാണ്. ബൂബൂ പക്ഷികളെ എപ്പോഴും ജോഡികളായാണ് കാണാൻ കഴിയുക. പൂവനും പിടയ്ക്കും ഒരുപോലത്തെ വരകളും നിറവുമാണുള്ളത്.
ഇടതൂർന്ന വനത്തിലൂടെയോ കുറ്റിക്കാട്ടിലൂടെയോ നടന്നുപോകുന്ന ഒരാൾ ബൂബൂ പക്ഷികളെ നേരിട്ടു കാണുന്നതിനു വളരെ മുമ്പുതന്നെ അവയുടെ സാന്നിധ്യം തിരിച്ചറിയും. മിക്കപ്പോഴും, പൂവൻ പെട്ടെന്നു പെട്ടെന്നു മണിനാദം പോലുള്ള മൂന്നു സ്വരങ്ങൾ പുറപ്പെടുവിക്കും. ക്വീ എന്നു ശബ്ദിച്ചുകൊണ്ട് പിട അതിനോട് ഉടനടി പ്രതികരിക്കുന്നു. ചിലപ്പോൾ ഒരു പക്ഷി തുടർച്ചയായി സ്വരങ്ങൾ പുറപ്പെടുവിച്ചേക്കാം. ആ സ്വരധാരയ്ക്കു തെല്ലും ഭംഗം വരുന്നില്ല എന്നു തോന്നത്തക്കവിധം ഇടയ്ക്കിടെ ശ്രുതിമധുരമായ ഒരു സ്വരം മാത്രം പുറപ്പെടുവിച്ചു കൊണ്ട് പങ്കാളി ആ ഗാനാലാപനത്തിൽ പങ്കുചേർന്നേക്കാം.
ഇവയ്ക്ക് സ്വരങ്ങൾ ഇത്ര കൃത്യമായി സമന്വയിപ്പിക്കാൻ കഴിയുന്നതെങ്ങനെ എന്ന് മുഴുവനായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്കു സാധിച്ചിട്ടില്ല. എന്നാലും, ചില പക്ഷികളുടെയെങ്കിലും കാര്യത്തിൽ, “പാടിപ്പാടി പതം വരുക” എന്ന ചൊല്ല് സത്യമായി ഭവിക്കുന്നതായിരിക്കാം എന്നു ചിലർ വിചാരിക്കുന്നു. സ്വരങ്ങളുടെ കൃത്യമായ സമന്വയം കൈവരുന്നതു വരെ, പൂവനും പിടയും ദിവസവും ഒരുമിച്ചിരുന്നു പാടുന്നു.
രസകരമെന്നു പറയട്ടെ, പ്രദേശമനുസരിച്ച് മിക്കപ്പോഴും ബൂബൂ പക്ഷികളുടെ “ഉച്ചാരണ”ത്തിനു വ്യത്യാസം വരുന്നതായി കാണുന്നു. പ്രാദേശികമായ ശബ്ദങ്ങളോ മറ്റു പക്ഷികളുടെ പാട്ടുകളോ അനുകരിക്കുന്നതിനാലാകാം ഇത്. ഇതിനെ ശബ്ദാനുകരണം എന്നാണു പറയുക. അതുകൊണ്ടു തന്നെ, പൂർവാഫ്രിക്കയിലെ മഹാ ഭ്രംശതാഴ്വരയിൽ കാണപ്പെടുന്ന ബൂബൂ പക്ഷികളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാകാം ദക്ഷിണാഫ്രിക്കയിലെ കുറ്റിച്ചെടികൾ നിറഞ്ഞ വിശാല പ്രദേശങ്ങളിൽ കാണപ്പെടുന്നവയുടെ പാട്ട്.
ആജീവനാന്ത പങ്കാളികൾ
ജീവിതത്തിലെ പരീക്ഷണങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡേവിഡ് ആറ്റെൻബറോ ഈ നിരീക്ഷണം നടത്തുന്നു: “ഋതുക്കൾ മാറിമാറി വന്നാലും സാധാരണഗതിയിൽ ഈ യുഗ്മ ഗായക ജോഡികൾ കൂട്ടുപിരിയാറില്ല എന്നു കാണുന്നതു ഹൃദയസ്പർശിയാണ്.” ഇത്ര ആഴമേറിയ ബന്ധം ഉടലെടുക്കുന്നത് എങ്ങനെയാണ്? ആറ്റെൻബറോ തുടരുന്നു: “ഈ വിദ്യ വികസിപ്പിച്ചെടുത്ത ഇവർ തങ്ങൾക്കിടയിലെ ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഒരു വഴി എന്ന നിലയിലും അതു പരിശീലിക്കുന്നു. മരച്ചില്ലയിൽ അടുത്തടുത്തിരിക്കുമ്പോൾ പോലും സങ്കീർണമായ യുഗ്മഗാനങ്ങൾ അവർ പാടിനോക്കും. ഇനി ചിലപ്പോൾ പങ്കാളി കൂടെ ഇല്ലാതെ വരുകയാണെങ്കിൽ, മറ്റേ പക്ഷി ഗാനം മുഴുവൻ ആലപിക്കും, പങ്കാളി ആലപിക്കേണ്ട ഭാഗങ്ങൾ ഉൾപ്പെടെ.”
മരങ്ങൾ ഇടതൂർന്നു വളരുന്നിടത്ത്, പരസ്പരം കണ്ടുപിടിക്കുന്നതിനും ഈ പാട്ടുകൾ അവയ്ക്കു തുണയായേക്കാം. പിട എവിടെയാണ് എന്നു പൂവനു കണ്ടുപിടിക്കേണ്ടതുണ്ടെങ്കിൽ, അവൻ ശ്രുതിമധുരമായ കുറെ സ്വരങ്ങൾ ഉതിർക്കുന്നു. അതു കേൾക്കുന്ന പിട, അവൾ കുറെ അകലെയാണെങ്കിലും, ആ സ്വരധാരയിൽ പങ്കുചേരുന്നു. ഈ ഗാനപരിപാടി മുന്നമേ ആസൂത്രണം ചെയ്തതാണോ എന്നു തോന്നിപ്പിക്കുമാറ് അത്ര സമയകൃത്യതയോടെയാണ് അവ പാടുക.
പാട്ടു കേട്ടുകൊണ്ട് ജോലി ചെയ്യുന്നവർ
പാട്ടു കേട്ടുകൊണ്ട് ജോലി ചെയ്യുന്നതു നിങ്ങൾക്ക് ഇഷ്ടമാണോ? ആണെങ്കിൽ, നിങ്ങൾക്കു കൂട്ടിനു കുറെയേറെ പക്ഷികളുമുണ്ടെന്നു തോന്നുന്നു. പക്ഷികളുടെ സ്വകാര്യജീവിതം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ മൈക്കൽ ബ്രൈറ്റ് പറയുന്നത്, പക്ഷികളുടെ പാട്ടുകൾ, ശ്രോതാക്കളായ മറ്റു പക്ഷികളെ ശാരീരികമായി ഉത്തേജിപ്പിക്കുന്നു എന്നാണ്. പക്ഷിപ്പാട്ടു കേൾപ്പിച്ചപ്പോൾ, “പൂവന്മാരുടെയും പിടകളുടെയും ഹൃദയമിടിപ്പിന്റെ വേഗം കൂടി” എന്ന് അദ്ദേഹം പറയുകയുണ്ടായി. എന്തിനേറെ പറയുന്നു, പൂവന്മാരുടെ പാട്ടു കേട്ടുകൊണ്ടിരുന്നപ്പോൾ ചില പിടകൾ “കൂടുതൽ വേഗത്തിൽ കൂടുകൾ കെട്ടുകയും കൂടുതൽ മുട്ടയിടാൻ ചായ്വു കാണിക്കുകയും” ചെയ്തു.
ഉഷ്ണമേഖലാ ബൂബൂ പക്ഷികളെ പോലുള്ള യുഗ്മ ഗായകരെ കുറിച്ചു ശാസ്ത്രജ്ഞർ ഇനിയും കൗതുകകരമായ ഏറെ കാര്യങ്ങൾ കണ്ടുപിടിക്കുമെന്നതിനു സംശയമില്ല. ആരെയും പുളകംകൊള്ളിക്കാൻ പോന്ന അവയുടെ പാട്ടുകൾക്ക് എത്രയൊക്കെ പ്രവർത്തനപരമായ മൂല്യം ഉണ്ടെന്നു തെളിഞ്ഞാലും ശരി, അതിലുമെല്ലാം ഉന്നതമായ ഒരു ഉദ്ദേശ്യം അവ സാധിക്കുന്നു. പക്ഷികളുടെ സംഗീതം ഇഷ്ടപ്പെടുന്ന ആളുകളുടെ ഉള്ളിൽ അവ സന്തോഷത്തിന്റെ അലകൾ ഉയർത്തുന്നു! തീർച്ചയായും, അത്തരം മധുരമായ സംഗീതം ‘ആകാശത്തിലെ പക്ഷികളുടെ’ സ്രഷ്ടാവിനു സ്തുതി കരേറ്റാൻ നമ്മെ പ്രേരിപ്പിക്കുന്നു.—സങ്കീർത്തനങ്ങൾ 8:8.