വിശ്വസ്തത പാലിക്കാനുള്ള എന്റെ തീരുമാനം
അലെക്സി ഡേവിഡ്യുക്ക് പറഞ്ഞ പ്രകാരം
വർഷം, 1947. യൂക്രെയിനിലെ ലാസ്കിഫ് എന്ന ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ പോളണ്ടിന്റെ അതിർത്തിക്ക് അടുത്തുവെച്ചായിരുന്നു ആ സംഭവം. പോളണ്ടിൽനിന്ന് യൂക്രെയിനിലേക്ക് ബൈബിൾ സാഹിത്യങ്ങൾ ഒളിച്ചുകടത്തുന്ന ഒരാളായിരുന്നു എന്നെക്കാൾ പ്രായമുണ്ടായിരുന്ന എന്റെ ഒരു സുഹൃത്ത്, സ്റ്റെപാൻ. ഒരു രാത്രി അതിർത്തിരക്ഷാ സൈനികരിൽ ഒരാൾ അദ്ദേഹത്തെ പിന്തുടർന്ന് വെടിവെച്ചിട്ടു. സ്റ്റെപാന്റെ മരണം പന്ത്രണ്ട് വർഷത്തിനു ശേഷം എന്റെ ജീവിതത്തിൽ നാടകീയമായ ഒരു ഫലം ഉളവാക്കി. അത് ഞാൻ പിന്നെ പറയാം.
ലാസ്കിഫിലാണ് ഞാൻ ജനിച്ചത്, 1932-ൽ. ഞങ്ങളുടെ ഗ്രാമത്തിലെ പത്തു കുടുംബങ്ങൾ അന്ന് ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് ആ പേരിലാണ് അറിയപ്പെട്ടിരുന്നത്—ആയിരുന്നു. യഹോവയോടു വിശ്വസ്തത പാലിക്കുന്ന കാര്യത്തിൽ മരണംവരെ നല്ല മാതൃകകളായിരുന്ന എന്റെ മാതാപിതാക്കളും അവരിൽ പെട്ടിരുന്നു. 1970-കളുടെ മധ്യത്തിൽ അവർ അന്തരിച്ചു. അവരെപ്പോലെതന്നെ, ദൈവത്തോട് വിശ്വസ്തനായിരിക്കുക എന്നത് ജീവിതത്തിലുടനീളം എന്റെ മുഖ്യ താത്പര്യമായിരിക്കുന്നു.—സങ്കീർത്തനം 18:25, പി.ഒ.സി ബൈബിൾ.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച 1939-ൽ, പൂർവ പോളണ്ടിലെ ഞങ്ങൾ താമസിച്ചിരുന്ന പ്രദേശം സോവിയറ്റ് യൂണിയനിൽ ലയിച്ചു. 1941 ജൂണിൽ ആ സ്ഥലം ജർമനിയുടെ ആധിപത്യത്തിൽ ആകുന്നതുവരെ ഞങ്ങൾ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത്, ഒരു വിദ്യാർഥിയായിരുന്ന എനിക്ക് സ്കൂളിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. ദേശഭക്തി ഗാനങ്ങൾ ആലപിക്കാനും സൈനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവിടെ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. വാസ്തവത്തിൽ, എങ്ങനെ കൈബോംബ് എറിയാം എന്ന് പഠിപ്പിക്കുന്നത് ഈ പരിശീലനത്തിന്റെ ഒരു ഭാഗമായിരുന്നു. എങ്കിലും, ദേശഭക്തി ഗാനാലാപനത്തിലോ സൈനിക പരിശീലനത്തിലോ ഉൾപ്പെടാൻ ഞാൻ വിസമ്മതിച്ചു. ബൈബിളധിഷ്ഠിത ബോധ്യങ്ങളെ പ്രതി തീരെ ചെറുപ്പത്തിൽത്തന്നെ ഉറച്ച നിലപാട് എടുക്കാൻ പഠിച്ചത് പിന്നീടുള്ള വർഷങ്ങളിലും ദൈവത്തോട് വിശ്വസ്തനായി തുടരാൻ എന്നെ സഹായിച്ചു.
ഞങ്ങളുടെ സഭയുടെ പ്രദേശത്ത് ബൈബിൾ സത്യത്തിൽ താത്പര്യമുള്ള ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നതുകൊണ്ട്, അവരെ സഹായിക്കാനായി രണ്ടു പയനിയർമാരെ—യഹോവയുടെ സാക്ഷികളുടെ ഇടയിലെ മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണ് വിളിക്കുന്നത്—അവിടേക്കു നിയമിച്ചു. അവരിൽ ഒരാളായ ഇല്ല്യാ ഫെഡൊറൊവിജ് ആണ് എന്നെ ബൈബിൾ പഠിപ്പിക്കുകയും ശുശ്രൂഷയിൽ പരിശീലിപ്പിക്കുകയും ചെയ്തത്. ജർമൻ അധിനിവേശ കാലത്ത് അദ്ദേഹത്തെ നാടുകടത്തുകയും നാസി തടങ്കൽപ്പാളയത്തിൽ ആക്കുകയും ചെയ്തു. അവിടെവെച്ച് അദ്ദേഹം മരിച്ചു.
നിഷ്പക്ഷത പാലിക്കാനുള്ള പിതാവിന്റെ കഠിനയത്നം
1941-ൽ, യുദ്ധച്ചെലവിലേക്കായി പണം നൽകാമെന്ന ഒരു പ്രമാണത്തിൽ പിതാവിനെക്കൊണ്ട് ഒപ്പിടീക്കാൻ സോവിയറ്റ് അധികാരികൾ ശ്രമിച്ചു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപക്ഷത്തെയും താൻ പിന്താങ്ങില്ലെന്നും സത്യദൈവത്തിന്റെ ഒരു ദാസനെന്ന നിലയിൽ നിഷ്പക്ഷനായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവരോട് പറഞ്ഞു. ഒരു ശത്രുവെന്ന് മുദ്രകുത്തി അദ്ദേഹത്തെ നാലു വർഷത്തെ തടവിന് വിധിച്ചു. എന്നാൽ നാലു ദിവസമേ അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടി വന്നുള്ളൂ. കാരണം, അദ്ദേഹത്തെ ജയിലിലടച്ചതിനു ശേഷമുള്ള ഞായറാഴ്ച ജർമൻ പട്ടാളം ഞങ്ങൾ താമസിക്കുന്ന പ്രദേശം പിടിച്ചെടുത്തു.
ജർമൻകാർ അടുത്തെത്തിയിരിക്കുന്നു എന്നറിഞ്ഞ കാവൽക്കാർ ജയിലിന്റെ വാതിലുകൾ തുറന്നിട്ടിട്ട് ഓടിപ്പോയി. തടവുകാരായ മിക്കവരെയും പുറത്തുവെച്ച് സോവിയറ്റ് ഭടന്മാർ വെടിവെച്ചുകൊന്നു. പെട്ടെന്നുതന്നെ അവിടം വിടുന്നതിനു പകരം എന്റെ പിതാവ് സാവകാശം സുഹൃത്തുക്കളുടെ ഭവനത്തിൽ അഭയം തേടി. യുദ്ധത്തിൽ സോവിയറ്റുകാരെ പിന്തുണയ്ക്കാഞ്ഞതുകൊണ്ടാണ് ജയിലിലടയ്ക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന രേഖകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം അവിടെനിന്ന് അമ്മയ്ക്ക് കത്തയച്ചു. ആ രേഖകൾ ജർമൻ അധികൃതരെ കാണിച്ചപ്പോൾ അവർ പിതാവിനെ വെറുതെവിട്ടു.
സോവിയറ്റ് അനുഭാവികളുടെയെല്ലാം പേരുകൾ അറിയാൻ ജർമൻകാർ ആഗ്രഹിച്ചു. സോവിയറ്റുകാരെ തള്ളിപ്പറയാൻ അവർ പിതാവിന്റെ മേൽ സമ്മർദം ചെലുത്തിയെങ്കിലും, പിതാവ് അത് ചെയ്തില്ല. അദ്ദേഹം തന്റെ നിഷ്പക്ഷ നിലപാട് വിശദീകരിച്ചു. പിതാവ് ആരുടെയെങ്കിലും പേര് പറഞ്ഞിരുന്നെങ്കിൽ അവരെ വെടിവെച്ചുകൊല്ലുമായിരുന്നു. അതുകൊണ്ട്, പിതാവ് നിഷ്പക്ഷത പാലിച്ചത് മറ്റുള്ളവരുടെയും ജീവനെ രക്ഷിച്ചു, അതിനെപ്രതി അവർ അദ്ദേഹത്തോട് അങ്ങേയറ്റം നന്ദിയുള്ളവരായിരുന്നു
രഹസ്യത്തിൽ പ്രവർത്തിക്കുന്നു
1944 ആഗസ്റ്റിൽ സോവിയറ്റുകാർ യൂക്രെയിനിലേക്കു മടങ്ങുകയും 1945 മേയിൽ യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു. അതിനുശേഷം, ഇരുമ്പുമറ എന്നു വിളിക്കപ്പെടുന്ന രാഷ്ട്രീയവും സൈനികവും പ്രത്യയശാസ്ത്രപരവുമായ പ്രതിബന്ധങ്ങൾ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന ഞങ്ങളെ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്തിയിരുന്നു. അതിർത്തിക്കപ്പുറത്ത് പോളണ്ടിലെ യഹോവയുടെ സാക്ഷികളുമായി സമ്പർക്കം പുലർത്തുന്നതുപോലും അത്ര എളുപ്പമായിരുന്നില്ല. അമൂല്യമായ വീക്ഷാഗോപുരം മാസികകൾ കൊണ്ടുവരാനായി ധീരരായ സാക്ഷികൾ രഹസ്യത്തിൽ അതിർത്തി കുറുകെ കടക്കുമായിരുന്നു. അതിർത്തി, ലാസ്കിഫിലെ ഞങ്ങളുടെ വീട്ടിൽനിന്ന് എട്ടു കിലോമീറ്റർ മാത്രം ദൂരെ ആയിരുന്നതിനാൽ, അവർ അഭിമുഖീകരിച്ചിരുന്ന ആപത്തുകളെക്കുറിച്ചു ഞാൻ കേട്ടിരുന്നു.
ഉദാഹരണമായി, സിൽവെസ്റ്റെർ എന്നു പേരുള്ള ഒരു സാക്ഷി രണ്ടു തവണ അതിർത്തി കുറുകെ കടക്കുകയും യാതൊരു പ്രശ്നവുമില്ലാതെ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ മൂന്നാമത്തെ പ്രാവശ്യം അദ്ദേഹം അതിർത്തിയിലെ കാവൽക്കാരുടെയും അവരോടൊപ്പമുണ്ടായിരുന്ന നായ്ക്കളുടെയും ശ്രദ്ധയിൽപ്പെട്ടു. ‘നിൽക്കെടാ അവിടെ’ എന്ന് അവർ അലറിയെങ്കിലും അദ്ദേഹം തന്റെ ജീവനുംകൊണ്ട് ഓടി. നായ്ക്കളുടെ കടി ഏൽക്കാതിരിക്കാനുള്ള ഒരേയൊരു മാർഗം അടുത്തുള്ള ഒരു തടാകത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇടതൂർന്ന് വളരുന്ന നീളൻ പുല്ലുകൾക്കിടയിൽ മറഞ്ഞ് കഴുത്തറ്റം വെള്ളത്തിൽ രാത്രി മുഴുവനും അദ്ദേഹം കഴിച്ചുകൂട്ടി. തിരച്ചിൽ അവസാനിപ്പിച്ച് കാവൽക്കാർ മടങ്ങിയപ്പോൾ അദ്ദേഹം അവിടെനിന്ന് കയറി ക്ഷീണിച്ചവശനായി വീട്ടിലെത്തി.
നേരത്തേ സൂചിപ്പിച്ചതുപോലെ, സിൽവെസ്റ്റെറുടെ മരുമകൻ സ്റ്റെപാൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടു. എങ്കിലും, ഞങ്ങൾക്ക് യഹോവയുടെ ജനവുമായി സമ്പർക്കം പുലർത്താതിരിക്കാൻ കഴിയുമായിരുന്നില്ല. ധീരരായ സഹോദരന്മാരുടെ പ്രയത്നത്താൽ ഞങ്ങൾക്ക് ആത്മീയ ഭക്ഷണവും സഹായകമായ നിർദേശങ്ങളും ലഭിച്ചു.
പിറ്റേവർഷം, 1948-ൽ, ഒരു ദിവസം രാത്രി വീടിനടുത്തുള്ള ചെറിയ തടാകത്തിൽ ഞാൻ സ്നാപനമേറ്റു. സ്നാപനാർഥികൾ ഞങ്ങളുടെ വീട്ടിലാണ് കൂടിവന്നത്, പക്ഷേ രാത്രി ആയിരുന്നതിനാലും എല്ലാം വളരെ രഹസ്യത്തിൽ ചെയ്തിരുന്നതിനാലും അവർ ആരൊക്കെയാണെന്ന് എനിക്കു മനസ്സിലായില്ല. സ്നാപനാർഥികളായ ഞങ്ങൾ പരസ്പരം സംസാരിച്ചുമില്ല. കുളത്തിനരികെ വെച്ച് സ്നാപന പ്രസംഗം നടത്തിയത് ആരാണെന്നോ ചോദ്യങ്ങൾ ചോദിച്ചത് ആരാണെന്നോ സ്നാപനപ്പെടുത്തിയത് ആരാണെന്നോ എനിക്ക് അറിയില്ല. വർഷങ്ങൾക്കു ശേഷം, എന്റെ ഒരു അടുത്ത സുഹൃത്തുമായി ആ വിവരം പങ്കുവെക്കവെ, അന്നു രാത്രി സ്നാപനമേറ്റവരിൽ അദ്ദേഹവും ഉണ്ടായിരുന്നുവെന്ന് അറിയാൻ ഇടയായി.
സോവിയറ്റ് യൂണിയനിൽ പ്രസംഗവേല നിയമാനുസൃതമാക്കാനായി ഗവൺമെന്റിനോട് അഭ്യർഥിക്കാൻ യൂക്രെയിനിലെ സാക്ഷികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു അറിയിപ്പ് ബ്രുക്ലിനിൽനിന്ന് 1949-ൽ അവർക്കു ലഭിച്ചു. ആ നിർദേശത്തെ തുടർന്ന് സാക്ഷികൾ, യുഎസ്എസ്ആറിന്റെ സുപ്രീം സോവിയറ്റ് പ്രിസീഡിയത്തിന് ആഭ്യന്തര മന്ത്രി മുഖാന്തരം ഒരു അപേക്ഷ നൽകി. പിന്നീട്, മിക്കൊലാ പ്യാറ്റൊക്കാ, ഇല്ല്യാ ബാബിയ്ചുക്ക് എന്നിവരോടു ഞങ്ങളുടെ അപേക്ഷയോടുള്ള ഗവൺമെന്റിന്റെ നിലപാട് അറിയാനായി മോസ്കോയിലേക്കു പോകാൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം അവർ ആ വേനൽക്കാലത്തുതന്നെ അവിടേക്ക് തിരിച്ചു.
തങ്ങളെ സ്വീകരിച്ച ഉദ്യോഗസ്ഥനോട് അവർ തങ്ങളുടെ വേലയ്ക്കുള്ള തിരുവെഴുത്തുപരമായ കാരണങ്ങൾ വിശദീകരിച്ചു. തങ്ങളുടെ വേല നിർവഹിക്കപ്പെടുന്നത് “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായിട്ടാണെന്നും അവർ പറഞ്ഞു. (മത്തായി 24:14) ഇതെല്ലാം ശ്രദ്ധയോടെ കേട്ടെങ്കിലും ഗവൺമെന്റിൽനിന്ന് നിയമാംഗീകാരം ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും വിചാരിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആ സാക്ഷികൾ തിരിച്ചുപോരുകയും യൂക്രെയിനിലെ വേലയ്ക്ക് നിയമാംഗീകാരം നേടാനായി തലസ്ഥാനമായ കീവിലേക്ക് പോകുകയും ചെയ്തു. വീണ്ടും അധികാരികൾ അപേക്ഷ തള്ളി. രാഷ്ട്രത്തെ പിന്തുണക്കുന്നെങ്കിൽ മാത്രമേ യഹോവയുടെ സാക്ഷികളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് അധികാരികൾ അവരോട് പറഞ്ഞു. സാക്ഷികൾ സൈന്യത്തിൽ ചേരുകയും വോട്ട് ചെയ്യുകയും വേണമെന്ന് അവർ പറഞ്ഞു. വീണ്ടും, സാക്ഷികൾ തങ്ങളുടെ നിഷ്പക്ഷ നിലപാട് വിശദീകരിച്ചു, നായകനായ യേശുക്രിസ്തുവിനെപ്പോലെ ഞങ്ങളും ലോകത്തിന്റെ ഭാഗമായിരിക്കുകയില്ല എന്ന്.—യോഹന്നാൻ 17:14-16.
അതിനുശേഷം പെട്ടെന്നുതന്നെ പ്യാറ്റൊക്കാ, ബാബിയ്ചുക്ക് എന്നീ സഹോദരന്മാരെ അറസ്റ്റ് ചെയ്ത്, കുറ്റംചുമത്തി 25 വർഷത്തെ തടവിന് വിധിച്ചു. 1950-ൽ ഏതാണ്ട് ആ സമയത്തുതന്നെ എന്റെ പിതാവിനെ ഉൾപ്പെടെ അനേകം സാക്ഷികളെ അധികാരികൾ പിടിച്ചുകൊണ്ടുപോയി. അദ്ദേഹത്തെ 25 വർഷത്തെ തടവിനു വിധിച്ച് ഏതാണ്ട് 7,000 കിലോമീറ്റർ ദൂരെ, സോവിയറ്റ് യൂണിയന്റെ കിഴക്കേ അറ്റത്തുള്ള കബാറൊഫ്സ്കിലേക്ക് അയച്ചു.
സൈബീരിയയിലേക്ക് നാടുകടത്തുന്നു
പിന്നീട് 1951 ഏപ്രിലിൽ, ലാത്വിയ, എസ്തോണിയ, ലിത്വാനിയ, മൊൾഡോവ, ബിലേറസ്, യൂക്രെയിൻ എന്നീ പേരുകളിൽ ഇന്ന് അറിയപ്പെടുന്ന പശ്ചിമ റിപ്പബ്ലിക്കുകളിലുള്ള സാക്ഷികൾക്കെതിരെ സോവിയറ്റ് സ്റ്റേറ്റ് സംഘടിതമായ ആക്രമണം നടത്തി. ആ മാസം എന്നെയും എന്റെ അമ്മയെയും ഉൾപ്പെടെ 7,000-ത്തോളം പേരെ സൈബീരിയയിലേക്ക് നാടുകടത്തി. പട്ടാളക്കാർ രാത്രിയിൽ വീട്ടിൽവന്ന് ഞങ്ങളെ റയിൽവേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കന്നുകാലികളെ കൊണ്ടുപോകുന്ന ക്യാബിനുകളിലിട്ടു പൂട്ടിയാണ് ഞങ്ങളെ കൊണ്ടുപോയത്. ഓരോ ക്യാബിനിലും 50 പേരോളം ഉണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളെ ഇർകൂറ്റ്സ്ക് ഡിസ്ട്രിക്റ്റിലെ ബൈക്കാൽ തടാകത്തിന് സമീപമുള്ള ഷാലാറി എന്ന സ്ഥലത്ത് ഇറക്കി.
സായുധരായ ഭടന്മാരുടെ നടുവിൽ മഞ്ഞും തണുത്തുമരവിച്ച കാറ്റുമേറ്റ് നിൽക്കവെ, ഞങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതായിരുന്നു എന്റെ മനസ്സിൽ. ഈ സാഹചര്യത്തിൽ ഞാൻ എങ്ങനെ യഹോവയോട് വിശ്വസ്തനായി നിൽക്കുമായിരുന്നു? തണുപ്പ് അറിയാതിരിക്കാൻ ഞങ്ങൾ രാജ്യഗീതങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ ആ പ്രദേശത്തെ സർക്കാർ വക സ്ഥാപനങ്ങളുടെ മാനേജർമാർ അവിടെ എത്തിച്ചേർന്നു. ചിലർക്ക് കഠിനവേല ചെയ്യാനായി പുരുഷന്മാരെ ആവശ്യമുണ്ടായിരുന്നു, ചിലർക്ക് മൃഗങ്ങളെ നോക്കുന്നതിനും മറ്റുമായി സ്ത്രീകളെയായിരുന്നു ആവശ്യം. റ്റാഗ്നിങ്സ്കൈയാ ജലവൈദ്യുത പവർ സ്റ്റേഷന്റെ പണി നടക്കുന്നിടത്തേക്കാണ് എന്നെയും അമ്മയെയും കൊണ്ടുപോയത്.
ഞങ്ങൾ അവിടെ എത്തിയപ്പോൾ നാടുകടത്തപ്പെട്ടവർക്കു പാർക്കാനുള്ള, തടികൊണ്ടുണ്ടാക്കിയ ബാരക്കുകളുടെ നിരകൾ കാണാൻ കഴിഞ്ഞു. എന്നെ ഒരു ട്രാക്ടർ ഡൈവറും ഇലക്ട്രീഷ്യനുമായി നിയമിച്ചു, അമ്മയെ ഒരു ഫാമിലേക്കും അയച്ചു. ഞങ്ങളെ തടവുകാരായല്ല നാടുകടത്തപ്പെട്ടവർ എന്ന നിലയിലാണ് ഔദ്യോഗികമായി പട്ടികപ്പെടുത്തിയിരുന്നത്. അതുകൊണ്ട് പവർ സ്റ്റേഷന്റെ അതിരുകൾക്കുള്ളിൽ കുറച്ചു ദൂരത്തോളം പോകാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, ഏകദേശം 50 കിലോമീറ്റർ അപ്പുറത്തുള്ള അടുത്ത കോളനി സന്ദർശിക്കാനുള്ള അനുവാദമില്ലായിരുന്നു. അവിടെ എക്കാലവും നിന്നുകൊള്ളാം എന്നു പ്രഖ്യാപിക്കുന്ന ഒരു രേഖയിൽ ഒപ്പിടാൻ അധികാരികൾ ഞങ്ങളെ നിർബന്ധിച്ചു. എനിക്ക് അന്ന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവിടെ വളരെ നാൾ നിൽക്കേണ്ടിവരുമെന്ന് എനിക്കു തോന്നി. അക്കാരണത്താൽ ഞാൻ ഒപ്പിട്ടില്ല. എങ്കിലും ഞങ്ങൾ 15 വർഷം അവിടെ തങ്ങി.
സൈബീരിയയിൽ ആയിരുന്നപ്പോൾ പോളീഷ് അതിർത്തിയിലേക്കുള്ള ദൂരം 8 കിലോമീറ്റർ ആയിരുന്നില്ല, 6,000-ത്തിലധികം കിലോമീറ്ററായിരുന്നു! വിവിധ സഭകളിലായി സംഘടിച്ചു നിൽക്കാൻ സാക്ഷികളായ ഞങ്ങൾ പരമാവധി ശ്രമിച്ചു, നേതൃത്വമെടുക്കാൻ സഹോദരന്മാരെ നിയമിക്കുകയും ചെയ്തു. ആദ്യസമയത്ത്, യൂക്രെയിനിൽനിന്നു പോന്നപ്പോൾ ചില സാക്ഷികൾ കൂടെ കൊണ്ടുവന്ന ഏതാനും പ്രസിദ്ധീകരണങ്ങൾ അല്ലാതെ മറ്റ് ബൈബിൾ സാഹിത്യങ്ങൾ ഒന്നും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ അവ പകർത്തിയെഴുതുകയും പരസ്പരം കൈമാറുകയും ചെയ്തുപോന്നു.
പെട്ടെന്നുതന്നെ ഞങ്ങൾ യോഗങ്ങൾ നടത്താൻ തുടങ്ങി. ഞങ്ങളിൽ അനേകരും ബാരക്കുകളിൽ താമസിച്ചിരുന്നതിനാൽ മിക്ക സായാഹ്നങ്ങളിലും കണ്ടുമുട്ടുമായിരുന്നു. 50-ഓളം പേരുണ്ടായിരുന്ന ഞങ്ങളുടെ സഭയിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നടത്താനുള്ള നിയമനം എനിക്കായിരുന്നു. സഹോദരന്മാരുടെ എണ്ണം കുറവായിരുന്നതിനാൽ, സഹോദരിമാരും വിദ്യാർഥി പ്രസംഗങ്ങൾ നടത്തിയിരുന്നു. 1958-ൽ മാത്രമാണ് യഹോവയുടെ സാക്ഷികളുടെ മറ്റു സഭകളിൽ ഈ ക്രമീകരണം തുടങ്ങിയത്. യഹോവയെ സ്തുതിക്കാനും സഭയിലെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു മാർഗമായി സ്കൂളിനെ വീക്ഷിച്ചുകൊണ്ട് എല്ലാവരും തങ്ങളുടെ നിയമനങ്ങളെ വളരെ ഗൗരവമായി എടുത്തിരുന്നു.
ശുശ്രൂഷ അനുഗ്രഹിക്കപ്പെടുന്നു
സാക്ഷികൾ അല്ലാത്തവരും ബാരക്കുകളിൽ ഞങ്ങളോടൊപ്പം താമസിച്ചിരുന്നതിനാൽ, ഞങ്ങളുടെ വിശ്വാസം സംബന്ധിച്ച് മറ്റുള്ളവരോട് സംസാരിക്കാത്തതായി ഒരു ദിവസംപോലും ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. അങ്ങനെ ചെയ്യുന്നതിനെ കർശനമായി നിരോധിച്ചിരുന്നെങ്കിലും. സോവിയറ്റ് പ്രീമിയർ ആയിരുന്ന ജോസഫ് സ്റ്റാലിൻ 1953-ൽ മരണമടഞ്ഞതിനുശേഷം സ്ഥിതിഗതികൾ മെച്ചപ്പെട്ടു. ബൈബിളധിഷ്ഠിത വിശ്വാസങ്ങളെക്കുറിച്ച് ഞങ്ങൾക്ക് കുറച്ചുകൂടെ തുറന്ന് സംസാരിക്കാമെന്നായി. യൂക്രെയിനിൽ താമസിക്കുന്ന ചില സുഹൃത്തുക്കളുമായുള്ള കത്തിടപാടുകളിലൂടെ മറ്റു സാക്ഷികൾ ഞങ്ങളുടെ പ്രദേശത്ത് എവിടെയാണ് താമസിക്കുന്നതെന്നു മനസ്സിലാക്കുന്നതിനും അവരുമായി സമ്പർക്കം പുലർത്തുന്നതിനും സാധിച്ചു. സഭകളെ സർക്കിട്ടുകളായി സംഘടിപ്പിക്കാൻ ഇത് സഹായകമായി.
1954-ൽ, യൂക്രെയിനിൽനിന്ന് നാടുകടത്തപ്പെട്ട ഓൾഗയെ ഞാൻ വിവാഹം കഴിച്ചു. വർഷങ്ങളിലുടനീളം ദൈവസേവനത്തിൽ അവൾ എനിക്ക് വലിയൊരു സഹായമായിരുന്നു. 1947-ൽ യൂക്രെയിന്റെയും പോളണ്ടിന്റെയും അതിർത്തിയിൽവെച്ച് കൊല്ലപ്പെട്ട സ്റ്റെപാന്റെ സഹോദരിയായിരുന്നു ഓൾഗ. പിന്നീട് ഞങ്ങൾക്ക് ഒരു മകൾ ജനിച്ചു, വാലെന്റീന.
സൈബീരിയയിൽ ആയിരിക്കെ ക്രിസ്തീയ ശുശ്രൂഷയിൽ ധാരാളം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ എനിക്കും ഓൾഗയ്ക്കും കഴിഞ്ഞു. ഉദാഹരണത്തിന്, അവിടെവെച്ചാണ് ഒരു ബാപ്റ്റിസ്റ്റ് ഗ്രൂപ്പിന്റെ തലവനായിരുന്ന ജോർജിനെ ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞങ്ങൾ അദ്ദേഹത്തെ ക്രമമായി സന്ദർശിക്കുകയും ലഭ്യമായിരുന്ന വീക്ഷാഗോപുരം മാസികകളെല്ലാം ഉപയോഗിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. യഹോവയുടെ സാക്ഷികൾ ബൈബിളിൽനിന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് പെട്ടെന്നുതന്നെ അദ്ദേഹം വിലമതിക്കാനിടയായി. അദ്ദേഹത്തിന്റെ ബാപ്റ്റിസ്റ്റുകാരായ പല സുഹൃത്തുക്കളും ഞങ്ങളോടൊപ്പം പഠിക്കാൻ തുടങ്ങി. ജോർജും അദ്ദേഹത്തിന്റെ ധാരാളം സുഹൃത്തുക്കളും സ്നാപനമേറ്റ് ഞങ്ങളുടെ ആത്മീയ സഹോദരങ്ങളായി മാറിയപ്പോൾ ഞങ്ങൾക്ക് എത്ര സന്തോഷം തോന്നിയെന്നോ!
1956-ൽ എനിക്ക് ഒരു സഞ്ചാര മേൽവിചാരകനായി നിയമനം ലഭിച്ചു. ആഴ്ചതോറും ഞങ്ങളുടെ പ്രദേശത്തുള്ള ഓരോ സഭ എനിക്കു സന്ദർശിക്കണമായിരുന്നു. പകൽ മുഴുവനും ജോലിചെയ്തശേഷം സായാഹ്നത്തിൽ സഭ സന്ദർശിക്കാനായി പോകുക, അടുത്തദിവസം അതിരാവിലെ വീണ്ടും ജോലിക്കു പോകുക, ഇതായിരുന്നു പതിവ്. മോട്ടോർബൈക്കിൽ ആയിരുന്നു എന്റെ യാത്ര. സഞ്ചാരവേലയിൽ എന്നെ സഹായിക്കാൻ നിയമിക്കപ്പെട്ടിരുന്നത് മികൈലോ സെർഡിൻസ്കി ആയിരുന്നു, 1958-ൽ ഒരു റോഡപകടത്തിൽ അദ്ദേഹം മരിച്ചു. അദ്ദേഹം മരിച്ചത് ഒരു ബുധനാഴ്ച ആയിരുന്നെങ്കിലും, സാധ്യമാകുന്നത്ര സാക്ഷികൾക്ക് സംബന്ധിക്കാൻവേണ്ടി ഞങ്ങൾ ശവസംസ്കാരം ഞായറാഴ്ചവരെ നീട്ടിവെച്ചു.
ശ്മശാനത്തിലേക്ക് ഞങ്ങളുടെ വലിയ കൂട്ടം നടന്നുനീങ്ങവെ, സ്റ്റേറ്റ് സെക്യൂരിറ്റി അംഗങ്ങൾ ഞങ്ങളെ പിന്തുടർന്നു. ബൈബിളിൽ അധിഷ്ഠിതമായ പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് പ്രസംഗിച്ചാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ മികൈലോയെയും അദ്ദേഹത്തിന്റെ അത്ഭുതകരമായ ഭാവി പ്രത്യാശയെയും കുറിച്ച് പ്രസംഗിക്കാതിരിക്കാൻ എനിക്കാകുമായിരുന്നില്ല. ഞാൻ ബൈബിൾ ഉപയോഗിച്ചെങ്കിലും സ്റ്റേറ്റ് സെക്യൂരിറ്റി എന്നെ അറസ്റ്റ് ചെയ്തില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് ഒന്നും നേടാനില്ലെന്ന് അവർക്കു തോന്നിയിരിക്കണം. ചോദ്യം ചെയ്യപ്പെടാനായി അവരുടെ ഹെഡ്ക്വാർട്ടേഴ്സിൽ കൂടെക്കൂടെ “അതിഥി”യായി ചെന്നിട്ടുള്ള എന്നെ അവർക്ക് എന്തായാലും നല്ലവണ്ണം അറിയാമായിരുന്നു.
ഒറ്റിക്കൊടുക്കപ്പെടുന്നു
പ്രസംഗവേലയിൽ നേതൃത്വം വഹിച്ചുകൊണ്ടിരുന്ന 12 സഹോദരങ്ങളെ 1959-ൽ സ്റ്റേറ്റ് സെക്യൂരിറ്റി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി മറ്റു പലരെയും വിളിച്ചു, കൂട്ടത്തിൽ എന്നെയും. എന്നെ ചോദ്യം ചെയ്യാനുള്ള ഊഴമായപ്പോൾ, ഞങ്ങളുടെ വേലയെ സംബന്ധിച്ച രഹസ്യങ്ങൾ അധികാരികൾ വിവരിക്കുന്നതു കേട്ട് ഞാൻ അന്ധാളിച്ചുപോയി. അവർ എങ്ങനെയാണ് ഈ കാര്യങ്ങളൊക്കെ അറിഞ്ഞത്? ഞങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാവുന്ന, സ്റ്റേറ്റ് സെക്യൂരിറ്റിക്കുവേണ്ടി കുറച്ചു നാളായി പ്രവർത്തിക്കുന്ന ഒരു ഒറ്റുകാരനാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട 12 പേരും അടുത്തടുത്തുള്ള സെല്ലുകളിൽ ആയിരുന്നു, അധികാരികൾ വിവരങ്ങൾ ആവശ്യപ്പെടുന്ന പക്ഷം ഒരക്ഷരം പോലും കൂടുതലായി പറയില്ലെന്ന് അവരെല്ലാം സമ്മതിച്ചു. അങ്ങനെ, അവർക്കെതിരായി മൊഴിനൽകാൻ ആ ഒറ്റുകാരന് കോടതി മുമ്പാകെ ഹാജരാകേണ്ടിവരുമായിരുന്നു. എന്റെമേൽ കുറ്റം ചുമത്തിയിരുന്നില്ലെങ്കിലും, എന്തു സംഭവിക്കുമെന്നു കാണാനായി ഞാൻ കോടതിയിൽ പോയി. ജഡ്ജി ചോദ്യങ്ങൾ ചോദിച്ചു, 12 പേരിൽ ആരും ഉത്തരം പറഞ്ഞില്ല. അപ്പോൾ എനിക്ക് ദീർഘകാലമായി അറിയാവുന്ന കോൺസ്റ്റാന്റിൻ പോളീഷ്ചുക് എന്ന ഒരു സാക്ഷി ആ 12 പേർക്കെതിരായി മൊഴിനൽകി. വിചാരണ അവസാനിച്ചപ്പോൾ സാക്ഷികളിൽ ഏതാനും പേർക്ക് തടവു ശിക്ഷ ലഭിച്ചു. പിന്നീട് കോടതിവളപ്പിന് വെളിയിൽ തെരുവിൽവെച്ച് പോളീഷ്ചുകിനെ ഞാൻ അവിചാരിതമായി കണ്ടുമുട്ടി.
“താങ്കൾ എന്തിനാണ് ഞങ്ങളെ ഒറ്റിക്കൊടുത്തത്?” ഞാൻ ചോദിച്ചു.
“ഞാൻ മേലാൽ വിശ്വസിക്കുന്നില്ലാത്തതുകൊണ്ട്,” അദ്ദേഹം മറുപടി പറഞ്ഞു.
“താങ്കൾ എന്തിൽ വിശ്വസിക്കുന്നില്ലെന്നാണ് പറഞ്ഞുവരുന്നത്?” ഞാൻ ചോദിച്ചു.
“ഇനി എനിക്ക് ബൈബിളിൽ വിശ്വസിക്കാൻ പറ്റില്ല,” അദ്ദേഹം പറഞ്ഞു.
പോളീഷ്ചുകിന് എന്നെയും ഒറ്റിക്കൊടുക്കാമായിരുന്നു. എന്നാൽ അദ്ദേഹം തന്റെ മൊഴിയിൽ എന്റെ പേർ പരാമർശിച്ചില്ല. അതുകൊണ്ട്, അങ്ങനെ ചെയ്യാഞ്ഞതിന്റെ കാരണം എന്താണെന്ന് ഞാൻ ചോദിച്ചു.
“നിങ്ങൾ ജയിലിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം മറുപടി പറഞ്ഞു. “നിങ്ങളുടെ അളിയൻ സ്റ്റെപാന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും കുറ്റബോധം തോന്നുന്നു. അദ്ദേഹം കൊല്ലപ്പെട്ട രാത്രിയിൽ അദ്ദേഹത്തെ അതിർത്തിക്കപ്പുറത്തേക്ക് വിട്ടത് ഞാനായിരുന്നു. എനിക്ക് അതിൽ ശരിക്കും ഖേദമുണ്ട്.”
അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ആകെ കുഴപ്പിച്ചു. അദ്ദേഹത്തിന്റെ മനസ്സാക്ഷി എത്ര വികലമായിത്തീർന്നിരിക്കുന്നു! സ്റ്റെപാന്റെ മരണത്തെ പ്രതി അദ്ദേഹത്തിന് പശ്ചാത്താപം തോന്നി. എന്നിട്ടും, അദ്ദേഹം ഇപ്പോൾ യഹോവയുടെ ദാസന്മാരെ ഒറ്റിക്കൊടുത്തു. ഞാൻ പിന്നീട് ഒരിക്കലും പോളീഷ്ചുകിനെ കണ്ടിട്ടില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞ് അദ്ദേഹം മരണമടഞ്ഞു. വർഷങ്ങളായി ഞാൻ വിശ്വാസമർപ്പിച്ചിരുന്ന ഒരാൾ നമ്മുടെ സഹോദരങ്ങളെ ഒറ്റിക്കൊടുത്തത് എന്നെ വൈകാരികമായി ആഴത്തിൽ മുറിപ്പെടുത്തി. എങ്കിലും, ആ അനുഭവം ഒരു സുപ്രധാന പാഠം എന്നെ പഠിപ്പിച്ചു: പോളീഷ്ചുക് അവിശ്വസ്തനായിത്തീർന്നത് ബൈബിൾ വായിക്കുന്നതും അതിൽ വിശ്വസിക്കുന്നതും ഉപേക്ഷിച്ചതുകൊണ്ടാണ്.
തീർച്ചയായും ഈ പാഠം നാം മനസ്സിൽ പിടിക്കണം: യഹോവയോട് വിശ്വസ്തരായി തുടരണമെങ്കിൽ, നാം വിശുദ്ധ തിരുവെഴുത്തുകൾ നിരന്തരം പഠിക്കേണ്ടതുണ്ട്. ബൈബിൾ ഇങ്ങനെ പറയുന്നു: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” കൂടാതെ, ഉണർന്നിരിക്കേണ്ടതിന്റെ കാരണം സംബന്ധിച്ച് അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.”—സദൃശവാക്യങ്ങൾ 4:23; എബ്രായർ 3:12.
തിരികെ യൂക്രെയിനിലേക്ക്
1966-ൽ സൈബീരിയയിലെ ഞങ്ങളുടെ പ്രവാസം കഴിഞ്ഞപ്പോൾ, ഞാനും ഓൾഗയും യൂക്രെയിനിലേക്ക് തിരിച്ചുപോയി. ലവിഫിൽനിന്ന് ഏതാണ്ട് 80 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന സോക്കാൽ എന്ന പട്ടണത്തിലേക്കാണ് ഞങ്ങൾ പോയത്. സോക്കാലിലും അടുത്തുള്ള പട്ടണങ്ങളായ ചെർവോനോഗ്രാഡിലും സോസ്നിഫ്കായിലും കൂടെ ആകെ 34 സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങൾക്ക് ധാരാളം വേല ചെയ്യാനുണ്ടായിരുന്നു. ഈ പ്രദേശത്ത് ഇപ്പോൾ 11 സഭകളുണ്ട്!
1993-ൽ ഓൾഗ വിശ്വസ്തയായി മരിച്ചു. മൂന്നു വർഷത്തിനുശേഷം ഞാൻ ലിഡിയയെ വിവാഹം കഴിച്ചു. അന്നുമുതൽ അവൾ എനിക്ക് വലിയ സഹായമായിരുന്നിട്ടുണ്ട്. കൂടാതെ എന്റെ പുത്രി, വാലെന്റീനയും അവളുടെ കുടുംബവും യഹോവയുടെ തീക്ഷ്ണതയുള്ള ദാസരാണ്. അവരും എനിക്ക് പ്രോത്സാഹനത്തിന്റെ ഉറവായിരുന്നിട്ടുണ്ട്. എന്നിരുന്നാലും എനിക്ക് ഏറ്റവുമധികം സന്തോഷം പകരുന്ന സംഗതി, വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ദൈവമായ യഹോവയോട് ഞാൻ വിശ്വസ്തത പാലിച്ചിരിക്കുന്നു എന്നതാണ്.—2 ശമൂവേൽ 22:26, NW
ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത് അതായത്, 2000 ഫെബ്രുവരി 18-ന് അലെക്സി ഡേവിഡ്യുക്ക് മരിച്ചു. മരണംവരെ അദ്ദേഹം യഹോവയോട് വിശ്വസ്തനായിരുന്നു
[22-ാം പേജിലെ ചിത്രം]
പൂർവ സൈബീരിയയിലെ ബാരക്കുകളിൽ കൂടിവന്നിരുന്ന ഞങ്ങളുടെ സഭ, 1952
[25-ാം പേജിലെ ചിത്രം]
ഞങ്ങളുടെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ, 1953-ൽ
[25-ാം പേജിലെ ചിത്രം]
മികൈലോ സെർഡിൻസ്കിയുടെ ശവസംസ്കാരം, 1958-ൽ
[26-ാം പേജിലെ ചിത്രം]
ഭാര്യ ലിഡിയയുമൊത്ത്