കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന ഒരു ആഫ്രിക്കൻ നഗരം
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഡർബൻ നഗരത്തിൽകൂടി നടക്കുമ്പോൾ എത്ര വർണശബളമായ കാഴ്ചകളാണ് കണ്ണുകൾക്കു വിരുന്നൊരുക്കുന്നത്! അനേകരും, പ്രത്യേകിച്ച് യുവജനങ്ങൾ, പാശ്ചാത്യ രീതിയിൽ വസ്ത്രധാരണം ചെയ്തിരിക്കുന്നതായി നിങ്ങൾക്കു കാണാം. എന്നാൽ, പ്രായമുള്ള സുളു വനിതകൾ ലളിതമായ നീണ്ട ഉടുപ്പുകളും തലയിൽ വർണഭംഗിയാർന്ന സ്കാർഫുകളും ധരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. സാരിയോ സൽവാർ-കമ്മീസോ അണിഞ്ഞ ഭാരതീയ വനിതകളും ഇവിടെയുണ്ട്. ഇനി കടലോരത്തു ചെന്നാൽ, സങ്കീർണമായ ഡിസൈനുകളുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചില സുളു പുരുഷന്മാർ റിക്ഷകൾ വലിക്കുന്നതു കാണാം. തീർച്ചയായും, കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന ഒരു അപൂർവ ആഫ്രിക്കൻ നഗരമാണ് ഡർബൻ. എന്താണ് ഈ വശ്യമനോഹരമായ നഗരത്തിന്റെ ചരിത്രം?
ഏതാണ്ട് ഇരുന്നൂറ് വർഷമായി ഡർബൻ എന്ന ഈ ദക്ഷിണാഫ്രിക്കൻ നഗരത്തിൽ ജനവാസമുണ്ട്. യൂറോപ്പിൽ നിന്നുള്ള ഏതാണ്ട് 40 അധിനിവേശകർ 1824-ൽ ഇവിടെ വാസമുറപ്പിച്ചു. അക്കാലത്ത് ഷാക്ക എന്ന യോദ്ധാവായ രാജാവിന്റെ കീഴിലെ സുളു ജനങ്ങളുടെ പ്രബലമായ രാജ്യത്തിന്റെ കേന്ദ്രം ഡർബന്റെ വടക്കുഭാഗത്ത് ആയിരുന്നു. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം, ഡർബനും അതിന്റെ ചുറ്റുമുള്ള ഉൾനാടൻ പ്രദേശങ്ങളും ബ്രിട്ടൻ അതിന്റെ പ്രദേശത്തോടു കൂട്ടിച്ചേർത്തു. 19-ാം നൂറ്റാണ്ടിൽ ഈ പുതിയ അധിനിവേശകരും സുളു ജനങ്ങളും തമ്മിൽ നിരവധി യുദ്ധങ്ങൾ നടക്കുകയുണ്ടായി.
അതിനിടെ, കടലോര പ്രദേശങ്ങളിൽ കരിമ്പ് നന്നായി വിളയുന്നതായി ഇംഗ്ലണ്ടിൽനിന്നുള്ള കുടിയേറ്റക്കാർ കണ്ടെത്തി. അവിടെ കരിമ്പിൻതോട്ടങ്ങളിൽ പണിയെടുക്കുന്നതിന് ബ്രിട്ടീഷുകാർ അന്നത്തെ തങ്ങളുടെ മറ്റൊരു കോളനിയായ ഇന്ത്യയിൽനിന്നു തൊഴിലാളികളെ കൊണ്ടുവന്നു. 1860-നും 1911-നും ഇടയ്ക്ക് 1,50,000 ഇന്ത്യക്കാരെ അവിടേക്കു കൊണ്ടുവന്നു. അതിന്റെ ഫലമായി, ഇന്ന് ഡർബൻ നഗരപ്രദേശത്തെ ജനസംഖ്യ 30 ലക്ഷത്തിലധികമാണ്. പ്രധാനമായും ഭൂമിയുടെ മൂന്നു ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയുള്ളത്. തദ്ദേശവാസികളായ സുളു ജനങ്ങൾ, ഏഷ്യയിലെ ഇന്ത്യയിൽ നിന്നുള്ളവർ, അതുപോലെ ബ്രിട്ടനിൽനിന്നും പശ്ചിമ യൂറോപ്പിൽനിന്നും എത്തിയവർ.
ഈ നഗരത്തിനു രസകരമായ മറ്റു ചില പ്രത്യേകതകളുമുണ്ട്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, ഈ നഗരത്തിൽ ഒരു പ്രകൃതിജന്യ തുറമുഖമുണ്ട്. കൈവിരലിന്റെ ആകൃതിയിൽ നീണ്ടുനിൽക്കുന്ന ഒരു കരഭാഗം അതിനെ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നും സംരക്ഷിക്കുന്നു. ഈ കരഭാഗത്തെ ബ്ലഫ് എന്നാണു വിളിക്കുന്നത്. 90 മീറ്റർ ഉയരത്തിലുള്ള ഈ കരഭാഗം സസ്യസമൃദ്ധമാണ്. പ്രകൃതിയുടെ സംരക്ഷണത്തിൽ കിടക്കുന്ന ഈ തുറമുഖത്ത് ദിവസവും വൻ കപ്പലുകൾ എത്താറുണ്ട്. “ആഫ്രിക്കയിലെ ഏറ്റവും വലുതും തിരക്കേറിയതും ലോകത്തിൽ ഒമ്പതാം സ്ഥാനമുള്ളതുമായ തുറമുഖം” ഡർബനിലേതാണെന്ന് ഡിസ്കവറി ഗൈഡ് റ്റു സതേൺ ആഫ്രിക്ക എന്ന പുസ്തകം പറയുന്നു. അവധിക്കാലം ചെലവഴിക്കാൻ എത്തുന്നവർ ഡർബനിലെ മനോഹരമായ കടലോരങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അവിടത്തെ ഇളം ചൂടുള്ള വെള്ളത്തിൽ നീന്തിത്തുടിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. തിരമാലകളിലൂടെ തെന്നിനീങ്ങി കളിക്കാൻ (Surfing) പറ്റിയ സ്ഥലങ്ങൾ ഇവിടെയുണ്ട്. സ്രാവുകളിൽനിന്നു സംരക്ഷണം നൽകുന്ന നല്ല രീതിയിൽ സൂക്ഷിക്കുന്ന വലകൾ ഉള്ളതിനാൽ ആളുകൾക്കു നിർഭയം ഈ കടലിൽ കുളിക്കാനും കഴിയും.
ബൈബിൾ സ്നേഹികൾക്ക് ഈ നഗരത്തിൽ താത്പര്യം കാണിക്കുന്നതിനു കൂടുതലായ ഒരു കാരണമുണ്ട്. യഹോവയുടെ സാക്ഷികൾ 1910-ൽ—അക്കാലത്ത് അവർ ബൈബിൾ വിദ്യാർഥികൾ എന്ന് അറിയപ്പെട്ടിരുന്നു—ഇവിടെ തങ്ങളുടെ ബ്രാഞ്ച് ഓഫീസ് സ്ഥാപിച്ചു. പിന്നീട്, ആഫ്രിക്കയിൽ ബൈബിൾ വിദ്യാർഥികളുടെ ആദ്യത്തെ കൺവെൻഷൻ ഡർബനിൽ നടന്നു. 50-ഓളം ആളുകൾ അതിൽ സംബന്ധിച്ചു, ദക്ഷിണാഫ്രിക്കയുടെ വിദൂര ഭാഗങ്ങളിൽനിന്ന് എത്തിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആ ചരിത്രപ്രധാന കൺവെൻഷനിൽ പുതിയ 16 ആരാധകർ സ്നാപനമേറ്റു. സദസ്സിൽ ഉണ്ടായിരുന്നവരിൽ അനേകരും മരണപര്യന്തം വിശ്വസ്തരെന്നു തെളിയിച്ച അഭിഷിക്ത ക്രിസ്ത്യാനികൾ ആയിരുന്നു. ആഫ്രിക്കയിൽ ആദ്യമായി ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിച്ച വില്യം ഡബ്ലിയു. ജോൺസ്റ്റൺ അവരിൽ ഒരാളായിരുന്നു.
യഹോവയുടെ സാക്ഷികൾ 1914-നു ശേഷം ഡർബനിൽ മറ്റു നിരവധി കൺവെൻഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. 2000 ഡിസംബറിൽ ഈ നഗരത്തിൽ നടന്ന “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” എന്ന പേരിലുള്ള രണ്ടു ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ 14,848 പേർ സംബന്ധിക്കുകയും 278 പേർ സ്നാപനമേൽക്കുകയും ചെയ്തു. അവയിൽ സംബന്ധിച്ച നിരവധി ഇന്ത്യൻ കുടുംബങ്ങളിൽ ഒന്നിന്റെ കാര്യം പരിചിന്തിക്കുക. പത്തു വർഷങ്ങൾക്കു മുമ്പ് അലന് ബൈബിൾ സത്യം നൽകിയത് അദ്ദേഹത്തിന്റെ മകളായ സോമാഷിനിയാണ്. മദ്യാസക്തിയിൽനിന്നു വിമുക്തനായിക്കൊണ്ടിരുന്ന അലൻ ജീവിതത്തിന്റെ ഉദ്ദേശ്യം തേടുകയായിരുന്നു. അന്ന് മൂന്നു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന സോമാഷിനി അയലത്തെ ഒരു വീട്ടിൽനിന്ന് ഒരു പുസ്തകം കൊണ്ടുവന്ന് തന്റെ പിതാവിനു കൊടുത്തു. അതിന്റെ ശീർഷകം യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം? എന്നതായിരുന്നു. അത് അലനു വളരെ ഇഷ്ടമായി. താൻ വായിച്ച കാര്യങ്ങൾ അദ്ദേഹം ആസ്വദിക്കുകയും യഹോവയുടെ സാക്ഷികളോടു സഹവസിക്കാൻ തുടങ്ങുകയും ചെയ്തു. താൻ ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ, അലൻ തന്റെ വിവാഹം നിയമാനുസൃതമാക്കി. പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ ഭാര്യ റാണിയും ബൈബിൾ സത്യത്തിൽ താത്പര്യം പ്രകടമാക്കുകയും യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ആ ദമ്പതികൾ റാണിയുടെ പിതാവിന്റെ ഭവനത്തിലാണ് താമസിച്ചിരുന്നത്, അവർ ഒരു ക്രൈസ്തവലോക സഭയിലെ അംഗങ്ങൾ ആയിരുന്നു. ആ യുവദമ്പതികൾ പുതുതായി കണ്ടെത്തിയ വിശ്വാസത്തെ എതിർത്ത ആ മാതാപിതാക്കൾ അവർക്ക് ഈ അന്ത്യശാസനം നൽകി: “ഒന്നുകിൽ സാക്ഷികളുമായുള്ള ബന്ധം അവസാനിപ്പിക്കുക, അല്ലെങ്കിൽ ഈ വീട്ടിൽനിന്ന് ഇറങ്ങിക്കൊള്ളുക!”
മറ്റൊരു താമസസ്ഥലം കണ്ടെത്തുക ദുഷ്കരമായിരുന്നെങ്കിലും അലനും റാണിയും ആ വീട്ടിൽനിന്നു മാറാൻ തീരുമാനിച്ചു. അവർക്കു താമസിക്കുന്നതിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താൻ സാക്ഷികളായ അവരുടെ സുഹൃത്തുക്കൾ സഹായിച്ചു. 1992-ൽ അലനും റാണിയും യഹോവയുടെ സാക്ഷികളായി സ്നാപനമേറ്റു. അവർ തുടർന്നു പുരോഗതി കൈവരിച്ചു, അലൻ ഇന്ന് തന്റെ ക്രിസ്തീയ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.
ഡർബൻ നഗരപ്രദേശത്ത് ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ 50-ലധികം സഭകളുണ്ട്. മിക്കവയിലും അധികവും സുളു ജനങ്ങളാണുള്ളത്. എന്നാൽ ചില സഭകളിൽ, പ്രത്യേകിച്ചും നഗരമധ്യത്തിൽ ഉള്ളവയിൽ, സുളു ജനങ്ങളും ഇന്ത്യക്കാരും യൂറോപ്യൻ വംശജരും ഒക്കെയുള്ള സഭകളുണ്ട്. നിങ്ങൾ ഈ യോഗങ്ങളിൽ ഏതെങ്കിലുമൊന്നു സന്ദർശിക്കുകയാണെങ്കിൽ, അവിടെ കിഴക്കും പടിഞ്ഞാറും സംഗമിക്കുന്നതിലധികം നിങ്ങൾക്കു കാണാനാകും. നന്നായി വസ്ത്രം ധരിച്ച ഒരു ആഫ്രിക്കൻ സാക്ഷിയോ ഒരു ഇന്ത്യൻ സാക്ഷിയോ യൂറോപ്യൻ സാക്ഷിയോ ആയിരിക്കും ചിലപ്പോൾ ആധ്യക്ഷ്യം വഹിക്കുക. എന്നാൽ ഒരു കാര്യം തീർച്ചയാണ്: ഊഷ്മളവും നിലനിൽക്കുന്നതുമായ ഒരു സൗഹൃദബന്ധത്തിൽ ആളുകളെ ഏകീകരിക്കാനുള്ള ശക്തി ബൈബിളിനുണ്ട് എന്നതിന്റെ ജീവിക്കുന്ന തെളിവ് ആ സഭകളിലെ സദസ്സുകളിൽ കാണാം.(g01 9/22)
[26-ാം പേജിലെ ചിത്രം]
സഭായോഗങ്ങൾ എല്ലാ വർഗത്തിലും പെട്ടവരെ ഐക്യത്തിൽ കൂട്ടിവരുത്തുന്നു
[26-ാം പേജിലെ ചിത്രം]
അലൻ, റാണി, അവരുടെ കുട്ടികൾ
[26-ാം പേജിലെ ചിത്രം]
ഡർബനിലെ സിറ്റി ഹാൾ
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഫോട്ടോകൾ: Courtesy Gonsul Pillay