കുട്ടികൾ ഭീകരതയുടെ ഇരകൾ
സന്ധ്യമയങ്ങുമ്പോൾ വടക്കൻ ഉഗാണ്ടയുടെ തെരുവീഥികളിലൂടെ നഗ്നപാദരായി നടന്നുനീങ്ങുന്ന ആയിരക്കണക്കിനു കുട്ടികൾ, ഇതൊരു സ്ഥിരം കാഴ്ചയാണ്. കുഗ്രാമങ്ങളിൽനിന്നും ഇരുട്ടുവീഴുംമുമ്പേ അവർ ഗൂലൂ, കിറ്റ്ഗൂം, ലീറാ തുടങ്ങിയ പട്ടണങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ പിന്നെ അവർ കെട്ടിടങ്ങളിലേക്കും ബസ് സ്റ്റാന്റുകളിലേക്കും പാർക്കുകളിലേക്കും മൈതാനങ്ങളിലേക്കും പിരിഞ്ഞുപോകുകയായി. പുലർച്ചെ അവർ തിരിച്ച് വീട്ടിലേക്കു മടങ്ങുന്നു. ഇത് അവരുടെ പതിവാണ്. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത്?
ദൂരങ്ങൾ താണ്ടി നഗരത്തിൽ ജോലിക്കെത്തുന്നവരാണ് ഇവർ എന്നാണ് പലരും കരുതുന്നത്. പക്ഷേ അങ്ങനെയല്ല. ഇരുട്ടുവീണുകഴിഞ്ഞാൽ വീട്ടിലായിരിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് അവരിങ്ങനെ വീടുവിടുന്നത്.
ഒളിപ്പോരാളികൾ ഈ ഗ്രാമങ്ങളെ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ തുടങ്ങിയിട്ട് രണ്ടു ദശാബ്ദത്തോളമായി. ഇങ്ങനെ തട്ടിയെടുക്കുന്ന കുട്ടികളെയുംകൊണ്ട് അവർ കൊടുങ്കാട്ടിൽ മറയുന്നു. ഓരോ വർഷവും നൂറുകണക്കിന് ആൺകുട്ടികളും പെൺകുട്ടികളുമാണ് ഇങ്ങനെ അപഹരിക്കപ്പെടുന്നത്. മിക്കപ്പോഴും ഇരുളിന്റെ മറവിൽ ഇരപിടിയന്മാരുടെ കൈകളിലകപ്പെടുന്ന ഈ കുട്ടികൾ അവരുടെ പോരാളികളും ചുമട്ടുകാരും ആയിത്തീരുന്നു. പെൺകുട്ടികളാകട്ടെ ലൈംഗിക ചൂഷണത്തിനും ഇരകളാകുന്നു. കെണിയിലായ ഈ കുട്ടികൾ സഹകരിക്കാതിരുന്നാൽ അവരുടെ മൂക്കും ചുണ്ടും മുറിച്ചുമാറ്റപ്പെട്ടേക്കാം. അവിടെനിന്നു രക്ഷപ്പെടാൻ ശ്രമിച്ചിട്ട് പിടിക്കപ്പെട്ടാലുള്ള ശിക്ഷയോ, അതിഹീനമായ മരണവും.
ഭീകരപ്രവർത്തനത്തിന്റെ ഇരകളായ വേറെയും കുട്ടികളുണ്ട്. സിയെറാ ലിയോണിലുള്ള അംഗഹീനരായ കൗരമാരപ്രായക്കാരുടെ കൈകളും പാദങ്ങളും പിച്ചവെക്കുന്ന പ്രായത്തിൽത്തന്നെ വെട്ടിമാറ്റിയതാണ്. മനോഹരമായ ചിത്രശലഭങ്ങളുടെ ആകൃതിയിലുള്ള കുഴിബോംബുകളുമായി കളിക്കവേ, ആ “കളിപ്പാട്ടങ്ങൾ” പൊട്ടിത്തെറിച്ച് കുട്ടികളുടെ വിരലുകളും കണ്ണും നഷ്ടമാകുന്ന സംഭവങ്ങൾ അഫ്ഗാനിസ്ഥാനിൽ പതിവാണ്.
ഭീകരരുടെ ഇരകളാകുന്ന ചില കുട്ടികളുടെ അനുഭവം മറ്റൊന്നാണ്. ഉദാഹരണത്തിന്, അമേരിക്കയിലെ ഓക്ലഹോമയിൽ 1995-ൽ നടന്ന ഒരു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 168 പേരിൽ 19-ഉം കുട്ടികളായിരുന്നു, അവരിൽ ചിലരാകട്ടെ കൈക്കുഞ്ഞുങ്ങളും. കാറ്റത്ത് മെഴുകുതിരിനാളം അണഞ്ഞുപോകുന്നതുപോലെയല്ലേ ആ കുരുന്നുകളുടെ ജീവൻ സ്ഫോടനത്തിൽ പൊലിഞ്ഞുപോയത്? കുട്ടികളായിരിക്കാനും ചിരിച്ചുകളിച്ചുനടക്കാനും മാതാപിതാക്കളുടെ ലാളനയേൽക്കാനുമുള്ള ആ കുഞ്ഞുങ്ങളുടെ അവകാശമാണ് ഭീകരപ്രവർത്തനം തകർത്തെറിഞ്ഞത്.
ഇതെല്ലാം ഈയിടെ നടന്ന സംഭവങ്ങളാണെങ്കിലും ഭീകരപ്രവർത്തനം മനുഷ്യന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. എങ്ങനെയെന്നു തുടർന്നു വായിക്കുക.
[3-ാം പേജിലെ ചതുരം]
ഒരു കുട്ടി മരിച്ചുപോയാൽ . . .
“ഇന്നു രാവിലെ ഞാൻ എന്റെ പതിനൊന്നു വയസ്സുകാരൻ മകനെ വിളിച്ചുണർത്തിയപ്പോൾ അവൻ ചോദിച്ചു: ‘ഭീകരരുടെ ഇന്നത്തെ ആക്രമണം കഴിഞ്ഞോ?’” തങ്ങളുടെ രാജ്യത്ത് നടമാടുന്ന അക്രമപ്രവർത്തനത്തെക്കുറിച്ച് ഡേവിഡ് ഗ്രോസ്സ്മാൻ എന്നൊരു ഗ്രന്ഥകാരൻ എഴുതിയതാണിത്. അദ്ദേഹം ഇങ്ങനെ തുടർന്നു: “എന്റെ മകനു ഭയമാണ്.”
അടുത്ത നാളുകളിലായി ഭീകരാക്രമണങ്ങളിൽ വളരെയധികം കുട്ടികൾ കൊല്ലപ്പെടുന്നതിനാൽ, ഒരു കുട്ടി അങ്ങനെ മരിച്ചാൽ എന്തു ചെയ്യണമെന്നു ചില മാതാപിതാക്കൾ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഗ്രോസ്സ്മാൻ എഴുതുന്നു: “വിവാഹിതരാകാൻ പോകുന്ന രണ്ടു പേർ തങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് എന്നോടു പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല. മൂന്നു കുട്ടികൾ വേണമെന്നായിരുന്നു അവരുടെ തീരുമാനം. രണ്ടല്ല, മൂന്നു കുട്ടികൾ! ഒരാൾ മരിച്ചുപോയാലും ബാക്കി രണ്ടുപേർ ഉണ്ടാകുമല്ലോ എന്ന പ്രതീക്ഷയിൽ.”
എന്നാൽ രണ്ടു കുട്ടികൾ അല്ലെങ്കിൽ മൂന്നുപേരും മരിച്ചുപോയാൽ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് അവർ ഒന്നും പറഞ്ഞില്ല.a
[അടിക്കുറിപ്പുകൾ]
a ഈ ഉദ്ധരണികൾ ഡേവിഡ് ഗ്രോസ്സ്മാൻ എഴുതിയ മരണം ഒരു നിഴൽപോലെ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്നാണ്.
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Sven Torfinn/ Panos Pictures