രക്തത്തിന്റെ യഥാർഥ മൂല്യം
“എല്ലാ മനുഷ്യർക്കും പൊതുവായി ഒരു ജീവ സ്രോതസ്സാണുള്ളത്: രക്തം. വർണ-വർഗ-മത ഭേദമെന്യേ എല്ലാവരിലുമുള്ള ജീവശക്തിയാണത്.” —ഐക്യരാഷ്‌ട്ര പൊതുസഭയുടെ പ്രസിഡന്റ്.
ഇവിടെ ഉദ്ധരിച്ചിരിക്കുന്ന വാക്കുകളിൽ ഒരളവുവരെ സത്യമുണ്ട് എന്നതിനു സംശയമില്ല. എല്ലാ മനുഷ്യരുടെയും ജീവന് അത്യന്താപേക്ഷിതമാണ് രക്തം. അമൂല്യമായ ഒരു ദ്രാവകമാണ് അത്. എന്നിരുന്നാലും, ചികിത്സയോടു ബന്ധപ്പെട്ട് ആളുകൾ അതു പങ്കുവെക്കുന്നത് സുരക്ഷിതവും ജ്ഞാനപൂർവകവും ആണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?
സുരക്ഷാ നിലവാരങ്ങൾ ലോകമെമ്പാടും വലിയ അളവിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും രക്തം ഉപയോഗിച്ചുള്ള ചികിത്സകൾ അനേകരും കരുതുന്നതിനെക്കാൾ അപകട സാധ്യതയുള്ളതാണെന്നും നാം കണ്ടുകഴിഞ്ഞു. കൂടാതെ, രക്തം ഉപയോഗിക്കുന്ന കാര്യത്തിൽ ഡോക്ടർമാർ വളരെ വ്യത്യസ്‌തരാണ്. അവരുടെ വിദ്യാഭ്യാസം, വൈദഗ്‌ധ്യങ്ങൾ, കാഴ്‌ചപ്പാടുകൾ എന്നിവയാണ് ഈ വ്യത്യാസത്തിനു കാരണം. എന്നിരുന്നാലും, രക്തനിവേശനത്തിന്റെ കാര്യത്തിൽ അനേകം ഡോക്ടർമാരും കൂടുതൽ ജാഗ്രത പുലർത്തിവരുന്നു. നല്ലൊരു ശതമാനം ഡോക്ടർമാരും രക്തത്തിന്റെ ഉപയോഗം ഉൾപ്പെട്ടിട്ടില്ലാത്ത ചികിത്സകളിൽ താത്‌പര്യം കാണിക്കുന്നു, അത്തരം ഡോക്ടർമാരുടെ എണ്ണം കൂടിവരുകയുമാണ്.
അതുകൊണ്ട്, ഈ ലേഖനപരമ്പരയിലെ ആദ്യത്തെ ലേഖനത്തിന്റെ ആരംഭത്തിൽ ഉന്നയിച്ച ഒരു ചോദ്യത്തിലേക്ക് നമുക്കു തിരിച്ചുവരാം. രക്തം ഇത്ര അമൂല്യമായിരിക്കുന്നത് എന്തുകൊണ്ട് എന്നതായിരുന്നു അത്. രക്തത്തിന്റെ ചികിത്സാപരമായ ഉപയോഗം സംബന്ധിച്ച് സംശയങ്ങൾ വർധിച്ചുവരുന്ന സ്ഥിതിക്ക്, രക്തം മറ്റെന്തെങ്കിലും ഉദ്ദേശ്യം നിറവേറ്റുന്നുണ്ടോ?
രക്തം സംബന്ധിച്ച നമ്മുടെ സ്രഷ്ടാവിന്റെ വീക്ഷണം
മുഴു മാനവരാശിയുടെയും ഒരു പൂർവപിതാവായ നോഹയുടെ നാളിൽ ദൈവം ശ്രദ്ധേയമായ ഒരു നിയമം കൊണ്ടുവന്നു. മൃഗങ്ങളുടെയും മറ്റും മാംസം ഭക്ഷിക്കാനുള്ള അനുവാദം മനുഷ്യർക്കു കൊടുത്തെങ്കിലും രക്തം ഭക്ഷിക്കുന്നതിൽനിന്ന് അവൻ അവരെ വിലക്കി. (ഉല്‌പത്തി 9:4) ഒരു ജീവിയുടെ രക്തം അതിന്റെ പ്രാണനാണെന്നു പറഞ്ഞുകൊണ്ട് അവൻ അതിന്റെ കാരണം വിശദമാക്കുകയും ചെയ്‌തു. പിന്നീട് ദൈവം ഇങ്ങനെ പ്രസ്‌താവിച്ചു: “ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്.” സ്രഷ്ടാവിന്റെ ദൃഷ്ടിയിൽ രക്തം പവിത്രമാണ്. എല്ലാ ജീവികളിലുമുള്ള ജീവനെന്ന അമൂല്യ ദാനത്തെയാണ് അതു പ്രതിനിധാനം ചെയ്യുന്നത്. ഈ തത്ത്വം ദൈവം ആവർത്തിച്ചു പ്രസ്‌താവിക്കുകയുണ്ടായി.—ലേവ്യപുസ്‌തകം 3:17; 17:10, 11, 14; ആവർത്തനപുസ്‌തകം 12:16, 23.
ഏകദേശം 2,000 വർഷംമുമ്പ് ക്രിസ്‌ത്യാനിത്വം സ്ഥാപിക്കപ്പെട്ട് അധികം താമസിയാതെ ക്രിസ്‌തുവിന്റെ അനുയായികൾക്ക് “രക്തം . . . വർജ്ജി”ക്കാനുള്ള ദിവ്യകൽപ്പന ലഭിച്ചു. ആ വിലക്കിന്റെ അടിസ്ഥാനം ആരോഗ്യപരമായ കാരണങ്ങൾ അല്ലായിരുന്നു, മറിച്ച് രക്തത്തിന്റെ പവിത്രതയായിരുന്നു. (പ്രവൃത്തികൾ 15:19, 20, 28, 29) രക്തം ഭക്ഷിക്കുന്നതിനെ മാത്രമാണ് ദൈവം ഇവിടെ വിലക്കിയിരിക്കുന്നത് എന്നു ചിലർ വാദിക്കുന്നു. എന്നാൽ ‘വർജിക്കുക’ എന്ന പദത്തിന്റെ അർഥം വളരെ വ്യക്തമാണ്. മദ്യം വർജിക്കണം എന്ന് ഒരു ഡോക്ടർ പറഞ്ഞാൽ, അത് ഞരമ്പിലൂടെ കുത്തിവെക്കുന്നതിനു കുഴപ്പമൊന്നുമില്ല എന്നു നാം ഒരിക്കലും ചിന്തിക്കുകയില്ല.
രക്തം ഇത്ര പവിത്രമായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നും ബൈബിൾ വിശദീകരിക്കുന്നു. യേശുക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തമാണ് ക്രിസ്‌തീയ പ്രത്യാശയുടെ അടിസ്ഥാനം. മനുഷ്യവർഗത്തിനായി അവൻ ബലികഴിച്ച അവന്റെ മനുഷ്യജീവനെ പ്രതിനിധാനം ചെയ്യുന്ന ആ രക്തമാണ് പാപമോചനത്തിന്റെയും നിത്യജീവന്റെ പ്രത്യാശയുടെയും ആധാരം. ഒരു ക്രിസ്‌ത്യാനി രക്തം വർജിക്കുമ്പോൾ, യേശുക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിനു മാത്രമേ തന്നെ വീണ്ടെടുക്കാനും തന്റെ ജീവൻ രക്ഷിക്കാനും കഴിയുകയുള്ളു എന്ന വിശ്വാസം പ്രകടമാക്കുകയാണ് ഫലത്തിൽ അദ്ദേഹം ചെയ്യുന്നത്.—എഫെസ്യർ 1:7.
ബൈബിളിലെ ഈ കൽപ്പനകൾ അടുത്തു പിൻപറ്റുന്നതിനു പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. രക്തം അതേപടിയോ അരുണ രക്തകോശങ്ങൾ, പ്ലാസ്‌മ, ശ്വേത രക്തകോശങ്ങൾ, പ്ലേറ്റ്‌ലെറ്റുകൾ എന്നിങ്ങനെ അതിന്റെ നാലു പ്രാഥമിക ഘടകങ്ങളോ അവർ ഒരു കാരണവശാലും സ്വീകരിക്കുന്നില്ല. ഈ പ്രാഥമിക ഘടകങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന ഘടകാംശങ്ങളെ കുറിച്ച്—അത്തരം ഘടകാംശങ്ങൾ അടങ്ങിയിട്ടുള്ള ഉത്‌പന്നങ്ങളെ കുറിച്ചും—ബൈബിൾ ഒന്നും പറയുന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഓരോ സാക്ഷിയും വ്യക്തിപരമായി തീരുമാനമെടുക്കുന്നു. ബൈബിളധിഷ്‌ഠിതമായ ഈ നിലപാടിന്റെ അർഥം, സാക്ഷികൾ വൈദ്യചികിത്സ നിരസിക്കുന്നുവെന്നോ അവർ തങ്ങളുടെ ആരോഗ്യത്തെയും ജീവനെയും നിസ്സാരമായി വീക്ഷിക്കുന്നുവെന്നോ ആണോ? ഒരിക്കലുമല്ല!—“യഹോവയുടെ സാക്ഷികളും ആരോഗ്യവും” എന്ന ചതുരം കാണുക.
ബൈബിളിന്റെ നിലവാരത്തോടു പറ്റിനിൽക്കുന്നത് യഹോവയുടെ സാക്ഷികൾക്ക് ചികിത്സാസംബന്ധമായ പ്രയോജനങ്ങൾ കൈവരുത്തിയിരിക്കുന്നുവെന്ന് കുറെക്കാലമായി അനേകം ഡോക്ടർമാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, അടുത്തകാലത്ത് ഒരു നാഡീശസ്‌ത്രക്രിയാവിദഗ്‌ധൻ രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സാരീതികൾ തിരഞ്ഞെടുക്കുന്നതിനെ അനുകൂലിച്ചുകൊണ്ടു സംസാരിക്കുകയുണ്ടായി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഏറ്റവും സുരക്ഷിതമായ മാർഗമാണത് എന്നതിനു യാതൊരു സംശയവുമില്ല; യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ മാത്രമല്ല, എല്ലാവരുടെ കാര്യത്തിലും.”
ആരോഗ്യസംബന്ധമായ ഗൗരവമേറിയ തീരുമാനങ്ങൾ വലിയ പിരിമുറുക്കം സൃഷ്ടിച്ചേക്കാം. പലപ്പോഴും, അത്തരം തീരുമാനങ്ങൾ എടുക്കാനും ബുദ്ധിമുട്ടാണ്. രക്തം നിവേശിപ്പിച്ചുകൊണ്ടുള്ള പതിവു ചികിത്സാരീതിയെക്കുറിച്ച് ശ്വസനരോഗവിദഗ്‌ധനും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഡേവ് വില്ല്യംസ് പറയുന്നതു ശ്രദ്ധിക്കുക: “നാം ആളുകളുടെ ആഗ്രഹങ്ങൾ മാനിക്കുന്നതു പ്രധാനമാണ്, . . . നമ്മുടെ ശരീരത്തിൽ എന്തു നിവേശിപ്പിക്കുന്നു എന്നതു സംബന്ധിച്ചു നാം വളരെ ശ്രദ്ധയുള്ളവരായിരിക്കണം.” ആ വാക്കുകൾ സത്യമായി കാണപ്പെടുന്നു—മുമ്പെന്നത്തെക്കാൾ അധികമായി.
[11-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
എന്താണ് എച്ച്‌ബിഒസി?
ഓരോ അരുണ രക്തകോശത്തിലും ഏകദേശം 30 കോടി ഹീമോഗ്ലോബിൻ തന്മാത്രകളുണ്ട്. പൂർണ വളർച്ചയെത്തിയ ഒരു അരുണ രക്തകോശത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഹീമോഗ്ലോബിനാണ്. ഓരോ തന്മാത്രയിലും ഗ്ലോബിൻ എന്ന പ്രോട്ടീനും ഹിം—ഇതിൽ ഇരുമ്പിന്റെ ഒരു ആറ്റമുണ്ട്—എന്ന വർണകവുമാണുള്ളത്. ശ്വാസകോശങ്ങളിലൂടെ ഒരു അരുണ രക്തകോശം കടന്നുപോകുമ്പോൾ ഓക്‌സിജൻ തന്മാത്രകൾ ഈ കോശത്തിലേക്കു പ്രവേശിക്കുകയും ഹീമോഗ്ലോബിൻ തന്മാത്രകളുമായി സംയോജിക്കുകയും ചെയ്യുന്നു. സെക്കന്റുകൾക്കു ശേഷം ഈ ഓക്‌സിജൻ ശരീരകലകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും അങ്ങനെ അവയിലെ കോശങ്ങളുടെ ജീവൻ നിലനിറുത്തപ്പെടുകയും ചെയ്യുന്നു.
ചില നിർമാതാക്കൾ ഇപ്പോൾ മനുഷ്യരുടെയോ കന്നുകാലികളുടെയോ അരുണ രക്തകോശങ്ങളിൽനിന്ന് ഹീമോഗ്ലോബിൻ വേർതിരിച്ചെടുത്തു പ്രോസസ്സ് ചെയ്യുന്നുണ്ട്. ഈ ഹീമോഗ്ലോബിൻ, മാലിന്യങ്ങൾ നീക്കം ചെയ്യാനായി അരിക്കുകയും രാസഭേദഗതി വരുത്തി ശുദ്ധീകരിക്കുകയും ചെയ്‌തശേഷം ഒരു ലായനിയിൽ കലർത്തി പായ്‌ക്കുചെയ്യുന്നു. അന്തിമോത്‌പന്നം—മിക്ക രാജ്യങ്ങളിലും ഇതിന്റെ ഉപയോഗത്തിനുള്ള അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല—ഹീമോഗ്ലോബിൻ-ബേസ്‌ഡ് ഓക്‌സിജൻ കാരിയർ അഥവാ എച്ച്‌ബിഒസി (ഹീമോഗ്ലോബിൻ അടിസ്ഥാന ഘടകമായുള്ള ഓക്‌സിജൻ വാഹകം) എന്നു വിളിക്കപ്പെടുന്നു. രക്തത്തിന്റെ കടുംചുവപ്പുനിറത്തിനു കാരണം ഹിം ആയതിനാൽ ഒരു യൂണിറ്റ് എച്ച്‌ബിഒസി, ഇതെടുക്കുന്ന പ്രാഥമിക ഘടകമായ അരുണ രക്തകോശങ്ങളുടെ ഒരു യൂണിറ്റ് പോലെതന്നെയിരിക്കും.
ശീതീകരിച്ചു സൂക്ഷിക്കുകയും ഏതാനും ആഴ്‌ചകൾക്കുശേഷം കളയുകയും ചെയ്യേണ്ടിവരുന്ന അരുണ രക്തകോശങ്ങളിൽനിന്നു വ്യത്യസ്‌തമായി, എച്ച്‌ബിഒസി സാധാരണ ഊഷ്‌മാവിൽ സൂക്ഷിക്കാനും മാസങ്ങൾക്കുശേഷം പോലും ഉപയോഗിക്കാനും സാധിക്കും. തനതായ ആന്റിജനുകളോടുകൂടിയ കോശസ്‌തരം ഇല്ലാത്തതിനാൽ രക്തഗ്രൂപ്പുകൾ ചേരാതെവരുന്നതു മൂലമുള്ള ഗുരുതരമായ റിയാക്‌ഷൻ ഒരു ഭീഷണിയാകുന്നില്ല. എന്നുവരികിലും മറ്റു ഘടകാംശങ്ങളോടുള്ള താരതമ്യത്തിൽ, രക്തത്തെക്കുറിച്ചുള്ള ദിവ്യനിയമം അനുസരിക്കാൻ മനസ്സാക്ഷിപൂർവം ശ്രമിക്കുന്ന ക്രിസ്‌ത്യാനികൾക്ക് എച്ച്‌ബിഒസി കൂടുതലായ വെല്ലുവിളികൾ ഉയർത്തുന്നു. എന്തുകൊണ്ട്? എച്ച്‌ബിഒസി രക്തത്തിൽനിന്ന് തയ്യാറാക്കുന്നിടത്തോളം, ഉയർന്നു വന്നേക്കാവുന്ന രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്നാമതായി, രക്തത്തിന്റെ ഒരു പ്രാഥമിക ഘടകമായ അരുണ രക്തകോശങ്ങളുടെ മുഖ്യധർമമാണ് എച്ച്‌ബിഒസി നിർവഹിക്കുന്നത്. രണ്ടാമതായി, ആ പ്രാഥമിക ഘടകത്തിന്റെ ഗണ്യമായ ഭാഗം വരുന്ന ഹീമോഗ്ലോബിൻ ഉപയോഗിച്ചാണ് എച്ച്‌ബിഒസി തയ്യാറാക്കുന്നത്. അതുകൊണ്ട് ഇതിന്റെയും സമാനമായ ഉത്‌പന്നങ്ങളുടെയും കാര്യത്തിൽ ക്രിസ്‌ത്യാനികൾ വളരെ ഗൗരവമേറിയ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുന്നു. രക്തത്തിന്റെ പവിത്രത സംബന്ധിച്ച ബൈബിൾ തത്ത്വങ്ങളെക്കുറിച്ച് അവർ ശ്രദ്ധാപൂർവം പ്രാർഥനയോടെ പരിചിന്തിക്കണം. യഹോവയുമായി ഒരു നല്ല ബന്ധം നിലനിറുത്തുന്നതിനുള്ള ആത്മാർഥമായ ആഗ്രഹത്തോടെ ഓരോ വ്യക്തിയും തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിയാൽ നയിക്കപ്പെടേണ്ടതുണ്ട്.—ഗലാത്യർ 6:5.
[ചിത്രം]
ഹീമോഗ്ലോബിൻ തന്മാത്ര
[12-ാം പേജിലെ ചതുരം/ചിത്രം]
അഭികാമ്യമായ ഒരു തിരഞ്ഞെടുപ്പ്
“ഒരു പകര മാർഗമെന്ന നിലയിൽ ‘രക്തരഹിത’ ശസ്‌ത്രക്രിയ വാഗ്‌ദാനം ചെയ്യുന്ന ആശുപത്രികളുടെ എണ്ണം കൂടിവരുന്നു” എന്ന് ദ വാൾ സ്‌ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്‌തു. “തുടക്കത്തിൽ യഹോവയുടെ സാക്ഷികൾക്കായി . . . വികസിപ്പിച്ചെടുത്ത ഈ രീതി ഇന്ന് മുഖ്യധാരയിലേക്കു വന്നിരിക്കുന്നു. പല ആശുപത്രികളും രക്തരഹിത-ശസ്‌ത്രക്രിയാ പരിപാടികൾ പൊതുജനങ്ങൾക്ക് ശുപാർശ ചെയ്‌തുവരികയാണ്” എന്ന് ജേർണൽ തുടരുന്നു. രക്തത്തിന്റെ ഉപയോഗം കുറയ്‌ക്കുന്ന രീതികൾ നടപ്പിലാക്കുമ്പോൾ പ്രത്യേകിച്ച് രോഗികൾക്ക് അതിന്റെ എണ്ണമറ്റ പ്രയോജനങ്ങൾ ലഭിക്കുന്നതായി ഗോളമെമ്പാടുമുള്ള ആശുപത്രികൾ കണ്ടെത്തിവരുന്നു. ഇന്ന് ആയിരക്കണക്കിനു ഡോക്ടർമാർ രക്തനിവേശനം കൂടാതെ രോഗികളെ ചികിത്സിക്കുന്നു.
[12-ാം പേജിലെ ചതുരം/ചിത്രം]
യഹോവയുടെ സാക്ഷികളും ആരോഗ്യവും
രക്തം അതേപടിയോ രക്തത്തിന്റെ പ്രാഥമിക ഘടകങ്ങളോ ഉൾപ്പെടുന്ന ചികിത്സകൾ നിരസിക്കുന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികൾ—അവരിൽ ചിലർ ഡോക്ടർമാരും നഴ്‌സുമാരും ആണ്—ലോകവ്യാപകമായി അറിയപ്പെടുന്നവരാണ്. ഈ ചികിത്സാരീതിക്ക് എതിരെയുള്ള അവരുടെ ഏകീകൃത നിലപാട്, ഒരു വ്യക്തിയുടെ വിശ്വാസം രോഗശാന്തി കൈവരുത്തുമെന്ന ധാരണയിൽനിന്നോ ഏതെങ്കിലും മനുഷ്യ നിർമിത ഉപദേശത്തിൽനിന്നോ ഉരുത്തിരിയുന്നതാണോ? ഒരിക്കലുമല്ല.
ജീവനെ ദൈവത്തിൽനിന്നുള്ള ഒരു വിലപ്പെട്ട സമ്മാനമായി വീക്ഷിച്ചുകൊണ്ട് “ദൈവശ്വാസീയ”മെന്ന് അവർ വിശ്വസിക്കുന്ന ബൈബിൾപ്രകാരം ജീവിക്കാൻ സാക്ഷികൾ പരമാവധി ശ്രമിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17; വെളിപ്പാടു 4:11) അമിത ഭക്ഷണം, പുകവലി, പുകയില ചവയ്‌ക്കൽ, മദ്യത്തിന്റെ ദുരുപയോഗം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങി ആരോഗ്യത്തിനു ഹാനികരമോ ജീവൻ അപകടത്തിലാക്കുന്നതോ ആയ നടപടികളും ശീലങ്ങളും ഒഴിവാക്കാൻ ആ ഗ്രന്ഥം ദൈവത്തിന്റെ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 23:20, പി.ഒ.സി. ബൈബിൾ; 2 കൊരിന്ത്യർ 7:1.
ശാരീരിക ശുചിത്വം പാലിക്കുന്നതും ആരോഗ്യത്തിനുവേണ്ടി അൽപ്പം വ്യായാമം ചെയ്യുന്നതും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും ബൈബിൾ തത്ത്വങ്ങളോടുള്ള അനുസരണമാണ്. (മത്തായി 7:12; 1 തിമൊഥെയൊസ് 4:8) യഹോവയുടെ സാക്ഷികൾക്കു രോഗം വരുമ്പോൾ വൈദ്യചികിത്സ തേടിക്കൊണ്ടും ലഭ്യമായിരിക്കുന്ന ചികിത്സാരീതികളിൽ ബഹുഭൂരിപക്ഷവും സ്വീകരിച്ചുകൊണ്ടും അവർ ന്യായബോധം പ്രകടമാക്കുന്നു. (ഫിലിപ്പിയർ 4:5, NW) രക്തരഹിത വൈദ്യചികിത്സയ്‌ക്കായി ഒരു ഉറച്ച നിലപാടു സ്വീകരിച്ചുകൊണ്ട് “രക്തം . . . വർജ്ജി”ക്കാനുള്ള ബൈബിൾ കൽപ്പന അവർ അനുസരിക്കുന്നു എന്നതു ശരിതന്നെ. (പ്രവൃത്തികൾ 15:28) ഇത് മിക്കപ്പോഴും ഗുണമേന്മയേറിയ ചികിത്സ ലഭിക്കുന്നതിന് ഇടയാക്കുന്നു.