നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമാണോ?
ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടന്ന് നിങ്ങൾ കരുതുന്നുവോ? പരിണാമപ്രക്രിയ സത്യമാണെങ്കിൽ സയന്റിഫിക് അമേരിക്കൻ എന്ന പത്രികയിൽ വന്ന പ്രസ്താവനയും ശരിയാണെന്നുവരും. ‘ജീവിതത്തിന് ആത്യന്തികമായ ഒരർഥം ഉണ്ടെന്ന ധാരണ മിഥ്യയാണെന്ന് പരിണാമപ്രക്രിയയെക്കുറിച്ചുള്ള നമ്മുടെ പുതിയ ഗ്രാഹ്യം സൂചിപ്പിക്കുന്നു’ എന്ന് അതു പറയുകയുണ്ടായി.
ആ വാക്കുകളുടെ അർഥമൊന്നു പരിചിന്തിക്കുക. ജീവിതത്തിന് ആത്യന്തികമായ ഒരർഥം ഉണ്ടെന്ന ധാരണ മിഥ്യയാണെങ്കിൽ, എന്തെങ്കിലും ചില നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ഒരുപക്ഷേ നിങ്ങളുടെ ജനിതക സവിശേഷതകൾ അടുത്ത തലമുറയ്ക്കു കൈമാറുകയും ചെയ്യുക എന്നതൊഴിച്ച് ജീവിതത്തിന് മറ്റൊരു ഉദ്ദേശ്യവും ഇല്ലെന്നു വരും. മരണത്തോടെ നിങ്ങൾ എന്നേക്കുമായി ഇല്ലാതാകും. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചു ചിന്തിക്കാനും ന്യായവാദം ചെയ്യാനും ധ്യാനിക്കാനും പ്രാപ്തിയുള്ള നിങ്ങളുടെ തലച്ചോർ പ്രകൃതിയിലെ ഒരു ആകസ്മികതയുടെ ഫലം മാത്രമാണെന്നും വരും.
ഇതുമാത്രമല്ല അതിന്റെ വിവക്ഷ. പരിണാമത്തിൽ വിശ്വസിക്കുന്ന അനേകരും ദൈവം സ്ഥിതിചെയ്യുന്നില്ലെന്നോ മനുഷ്യന്റെ കാര്യങ്ങളിൽ ഇടപെടില്ലെന്നോ അവകാശപ്പെടുന്നു. രണ്ടായാലും നമ്മുടെ ഭാവി, രാഷ്ട്രീയ നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും മതനേതാക്കന്മാരുടെയും കൈകളിലായിരിക്കും. അവരുടെ മുൻകാലപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ മനുഷ്യ സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിയും സംഘർഷവും ക്രമസമാധാന തകർച്ചയും തുടരുകതന്നെ ചെയ്യും. തീർച്ചയായും, പരിണാമം വാസ്തവമാണങ്കിൽ “നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ” എന്ന വിപത്കരമായ ആദർശത്തിനൊത്തു ജീവിക്കാൻ ധാരാളം കാരണങ്ങൾ ഉള്ളതുപോലെ തോന്നും.—1 കൊരിന്ത്യർ 15:32.
തെറ്റിദ്ധരിക്കരുത്. മേൽപ്പറഞ്ഞ ആശയങ്ങളോട് യഹോവയുടെ സാക്ഷികൾ ഒരുപ്രകാരത്തിലും യോജിക്കുന്നില്ല. മാത്രമല്ല ഈ ആശയങ്ങൾക്ക് അടിസ്ഥാനമായ പരിണാമ സിദ്ധാന്തവും അവർ അംഗീകരിക്കുന്നില്ല. നേരെമറിച്ച്, ബൈബിൾ സത്യമാണെന്നാണു സാക്ഷികൾ വിശ്വസിക്കുന്നത്. (യോഹന്നാൻ 17:17) അതുകൊണ്ട് നമ്മുടെ ഉത്ഭവത്തെക്കുറിച്ച് അത് പറയുന്നതും അവർ സ്വീകരിക്കുന്നു: “നിന്റെ [ദൈവത്തിന്റെ] പക്കൽ ജീവന്റെ ഉറവുണ്ടല്ലോ.” (സങ്കീർത്തനം 36:9) ഈ വാക്കുകൾക്ക് വളരെ വലിയ അർഥവ്യാപ്തിയുണ്ട്.
ജീവിതത്തിനു തീർച്ചയായും ഒരർഥമുണ്ട്. നമ്മുടെ സ്രഷ്ടാവിന് അവന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിക്കുന്ന ഓരോരുത്തരെയും സംബന്ധിച്ച് സ്നേഹപൂർവകമായ ഒരു ഉദ്ദേശ്യമുണ്ട്. (സഭാപ്രസംഗി 12:13) ആ ഉദ്ദേശ്യത്തിന്റെ ഭാഗമാണ് അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന ജീവിതം—അഴിമതിയും സംഘർഷവും ക്രമസമാധാന തകർച്ചയുമൊന്നും ഇല്ലാത്ത, എന്തിന് മരണം പോലുമില്ലാത്ത ഒന്ന്. (യെശയ്യാവു 2:4; 25:6-8) ദൈവത്തെക്കുറിച്ചു പഠിക്കുന്നതും അവന്റെ ഇഷ്ടം ചെയ്യുന്നതും മറ്റെന്തിനെക്കാൾ ഉപരിയായി ജീവിതത്തിന് അർഥം പകരും എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ.—യോഹന്നാൻ 17:3.
നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതിന് തീർച്ചയായും പ്രാധാന്യമുണ്ട്. കാരണം അതിന് നിങ്ങളുടെ ഇപ്പോഴത്തെ സന്തോഷത്തെ മാത്രമല്ല ഭാവി ജീവിതത്തെയും സ്വാധീനിക്കാനാകും. തീരുമാനം നിങ്ങളുടേതാണ്. ഈ ഭൗതിക ലോകത്തിൽ കൂടുതൽ പ്രകടമായി വരുന്ന രൂപകൽപ്പനയുടെ തെളിവിനെ വിശദീകരിക്കാൻ പരാജയപ്പെട്ട ഒരു സിദ്ധാന്തത്തെ നിങ്ങൾ ഇനിയും മുറുകെപ്പിടിക്കുമോ? അതോ, ഭൂമിയും അതിലുള്ള ജീവനും ബുദ്ധിവൈഭവമുള്ള ഒരു രൂപസംവിധായകന്റെ—‘സർവ്വവും സൃഷ്ടിച്ചവനായ’ യഹോവയാം ദൈവത്തിന്റെ—സൃഷ്ടിയാണന്നു ബൈബിൾ പറയുന്നത് നിങ്ങൾ അംഗീകരിക്കുമോ?—വെളിപ്പാടു 4:11.