കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
ലൈംഗികത—മക്കൾ അറിയേണ്ടത്. . .
വെല്ലുവിളി
ഏതാനും ദശകങ്ങൾക്കു മുമ്പത്തെ കാര്യമെടുത്താൽ, ഒരു ആൺകുട്ടിയോടോ പെൺകുട്ടിയോടോ ലൈംഗികതയെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നതു മിക്കപ്പോഴും മാതാപിതാക്കളായിരുന്നു. കുട്ടിയുടെ പ്രായവും ആവശ്യങ്ങളും കണക്കിലെടുത്ത് അവർ പതിയെപ്പതിയെ കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
അതെല്ലാം പഴങ്കഥയായി. ലോലിതാ പ്രഭാവം (ഇംഗ്ലീഷ്) എന്നൊരു പുസ്തകം പറയുന്നു: “വളരെ ചെറിയ പ്രായംമുതൽതന്നെ ലൈംഗികച്ചുവയുള്ള വിവരങ്ങൾ കുട്ടികൾക്കു ലഭിക്കുന്നു. മാധ്യമങ്ങളിൽ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളിലും ലൈംഗികതയുടെ അതിപ്രസരമാണു കണ്ടുവരുന്നത്.” ഈ പുതിയ പ്രവണത കുട്ടികൾക്ക് ഉപകാരമോ അതോ ഉപദ്രവമോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
അത് എല്ലായിടത്തുമുണ്ട്. എന്നോടൊന്നു സംസാരിക്കൂ (ഇഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡെബ്ര റോഫ്മാൻ എഴുതുന്നു: “സംഭാഷണങ്ങൾ, പരസ്യങ്ങൾ, സിനിമകൾ, പുസ്തകങ്ങൾ, പാട്ടിന്റെ വരികൾ, ടിവി ഷോകൾ, മൊബൈൽ സന്ദേശങ്ങൾ, ഗെയിമുകൾ, പരസ്യബോർഡുകൾ, ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും സ്ക്രീനുകൾ എന്നിങ്ങനെ എല്ലായിടത്തും ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വാക്കുകളും ദ്വയാർഥപ്രയോഗങ്ങളും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് പലരും (കൗമാരക്കാരും കൊച്ചുകുട്ടികൾപോലും) അറിയാതെയെങ്കിലും ലൈംഗികതയാണു ജീവിതത്തിലെ ഏറ്റവും പ്രധാനസംഗതിയെന്നു ചിന്തിച്ചുപോകുന്നു.”
പരസ്യലോകത്തിന്റെ പങ്കു ചെറുതല്ല. പരസ്യക്കാരും കച്ചവടക്കാരും കുട്ടികൾക്കായി ലൈംഗികാകർഷണം തോന്നുന്നതരം വസ്ത്രങ്ങൾ ഇറക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളെ കണ്ടാൽ എങ്ങനെയുണ്ട് എന്നതിന് ചെറുപ്രായംമുതലേ കുട്ടികൾ അനാവശ്യശ്രദ്ധ കൊടുക്കുന്നു. ഒരു പുസ്തകം പറയുന്നു: “കുട്ടികളുടെ ബലഹീനതകൾ എന്താണെന്നു പരസ്യക്കാർക്ക് അറിയാം. അതുവെച്ച് അവർ അവരെ മുതലെടുക്കുന്നു. . . . ലൈംഗികച്ചുവയുള്ള ഈ ചിത്രങ്ങളുടെയും ഉത്പന്നങ്ങളുടെയും ലക്ഷ്യം കുട്ടികളെ ലൈംഗികതയിലേക്ക് ആകർഷിക്കുക എന്നതല്ല. . . . അവർക്കു സാധനങ്ങൾ വിറ്റുപോകണമെന്നേ ഉള്ളൂ.”
അറിവ് മാത്രം പോരാ. ഒരു കാറിന്റെ പ്രവർത്തനം അറിയുന്നതും ഉത്തരവാദിത്വമുള്ള ഒരു ഡ്രൈവറായിരിക്കുന്നതും തമ്മിൽ വ്യത്യാസമുള്ളതുപോലെ ലൈംഗികതയെക്കുറിച്ച് അറിവുണ്ടായിരിക്കുന്നതും ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ ആ അറിവ് ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
ചുരുക്കത്തിൽ: മുമ്പെന്നത്തെക്കാളും അധികം ഇന്ന് തങ്ങളുടെ ‘വിവേചനാപ്രാപ്തിയെ പരിശീലിപ്പിക്കാൻ’ നിങ്ങൾ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. അങ്ങനെ, “ശരിയും തെറ്റും തിരിച്ചറിയാൻ” അവർ പഠിക്കട്ടെ. —എബ്രായർ 5:14.
നിങ്ങൾക്കു ചെയ്യാനാകുന്നത്
മടിച്ചുനിൽക്കരുത്. കുറച്ച് ബുദ്ധിമുട്ടായിരിക്കാമെങ്കിലും നിങ്ങളുടെ കുട്ടികളോടു ലൈംഗികതയെക്കുറിച്ച് സംസാരിക്കുകയെന്നതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. അത് അംഗീകരിക്കുക.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 22:6.
കൊച്ചുകൊച്ചു സംഭാഷണങ്ങൾ നടത്തുക. ഒരു നീണ്ട പ്രസംഗം നടത്തുന്നതിനു പകരം, വീണുകിട്ടുന്ന ചില നിമിഷങ്ങൾ ഉപയോഗിച്ച് അവരുമായി സംസാരിക്കുക. അത് ഒരുപക്ഷേ നിങ്ങൾ രണ്ടു പേരും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴോ വീട്ടുജോലികൾ ചെയ്യുമ്പോഴോ ഒക്കെയാകാം. കുട്ടിയുടെ മനസ്സിലുള്ളത് അറിയാൻ വീക്ഷണചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന്, “അതുപോലുള്ള പരസ്യം കാണുന്നതു നിനക്ക് ഇഷ്ടമാണോ” എന്നു ചോദിക്കുന്നതിനു പകരം നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: “നിനക്ക് എന്തു തോന്നുന്നു? സാധനങ്ങൾ വിൽക്കാൻവേണ്ടി പരസ്യക്കാർ ഇങ്ങനെയുള്ള ചിത്രങ്ങൾ എന്തിനാണു കാണിക്കുന്നത്?” കുട്ടിയുടെ ഉത്തരം കേട്ടതിനു ശേഷം ഇങ്ങനെ ചോദിക്കുക: “നിനക്ക് അതു കണ്ടിട്ട് എന്തു തോന്നി?”—ബൈബിൾതത്ത്വം: ആവർത്തനം 6:6, 7.
പ്രായത്തിനനുസരിച്ച്. സ്കൂളിൽ പോയിത്തുടങ്ങിയിട്ടില്ലാത്ത കുട്ടികളെ ലൈംഗികാവയവങ്ങളുടെ ശരിയായ പേരുകൾ പഠിപ്പിക്കുക. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ കൈയിൽപ്പെടാതിരിക്കാൻ വേണ്ടതും പറഞ്ഞുകൊടുക്കണം. വളർന്നുവരുമ്പോൾ പുനരുത്പാദനത്തെക്കുറിച്ചുള്ള ചില അടിസ്ഥാനകാര്യങ്ങൾ അവരോടു വിശദീകരിക്കാം. താരുണ്യത്തിലെത്തുമ്പോഴേക്കും ലൈംഗികതയുടെ ശാരീരികവും ധാർമികവും ആയ വശങ്ങളെക്കുറിച്ച് അവർ നന്നായി അറിഞ്ഞിരിക്കണം.
മൂല്യങ്ങൾ പകർന്നുകൊടുക്കുക. വളരെ ചെറുപ്പംമുതലേ നിങ്ങളുടെ കുട്ടിയെ സത്യസന്ധത, നിർമലത, ആദരവ് എന്നിവയെക്കുറിച്ച് പഠിപ്പിച്ചുതുടങ്ങുക. അങ്ങനെയാകുമ്പോൾ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കുക എളുപ്പമായിരിക്കും. കൂടാതെ നിങ്ങളുടെ മൂല്യങ്ങൾ എന്താണെന്നും വ്യക്തമാക്കുക. ഉദാഹരണത്തിന്, വിവാഹത്തിനു മുമ്പുള്ള ലൈംഗികത തെറ്റാണെന്നു നിങ്ങൾ ചിന്തിക്കുന്നെങ്കിൽ അതു പറയുക. അത് എന്തുകൊണ്ടാണു തെറ്റായിരിക്കുന്നതെന്നും ദോഷം ചെയ്യുന്നതെന്നും വിശദീകരിക്കുക. “കൗമാരപ്രായക്കാർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ തങ്ങളുടെ മാതാപിതാക്കൾ എതിർക്കുന്നെന്നു മനസ്സിലാക്കുന്ന കൗമാരക്കാർ അങ്ങനെ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്” എന്ന് ഒരു പുസ്തകം പറയുന്നു.
മാതൃക വെക്കുക. കുട്ടികളെ പഠിപ്പിക്കുന്ന മൂല്യങ്ങൾക്കനുസരിച്ച് നിങ്ങൾ ജീവിച്ചുകാണിക്കുക. ഉദാഹരണത്തിന്, നിങ്ങൾ അശ്ലീലതമാശകൾ കേട്ട് ചിരിക്കാറുണ്ടോ? ലൈംഗികാകർഷണം തോന്നുന്ന വിധത്തിലാണോ നിങ്ങളുടെ വസ്ത്രധാരണം? നിങ്ങൾ ശൃംഗരിക്കാറുണ്ടോ? അങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ കുട്ടികളെ പഠിപ്പിക്കാൻനോക്കുന്ന ധാർമികമൂല്യങ്ങളുടെ വില നിങ്ങൾതന്നെ ഇടിച്ചുകളയുകയാണ്.—ബൈബിൾതത്ത്വം: റോമർ 2:21.
തെറ്റായ ധാരണ കൊടുക്കാതിരിക്കുക. ലൈംഗികത ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. അതിനെ ഉചിതമായ വിധത്തിൽ ഉപയോഗിച്ചാൽ—വിവാഹബന്ധത്തിനുള്ളിൽ—അതിനു വലിയ സന്തോഷത്തിന്റെ ഉറവായിരിക്കാനാകും. (സദൃശവാക്യങ്ങൾ 5:18, 19) പ്രായമാകുമ്പോൾ, വിവാഹത്തിനു മുമ്പുള്ള ലൈംഗികതയുടെ വേദനകളോ ആകുലതകളോ കൂടാതെ തനിക്കും ആ സമ്മാനം ആസ്വദിക്കാനാകുമെന്നു കുട്ടി അറിയണം.—1 തിമൊഥെയൊസ് 1:18, 19. ◼ (g16-E No. 5)