പൊള്ളുന്ന വില—എന്തു ചെയ്യും?
സന്തോഷത്തോടെ കൊടുക്കുക
‘ഹോ, പൊള്ളുന്ന വിലയാ എല്ലാത്തിനും. ഈ സമയത്ത് ഞാൻ എങ്ങനെ മറ്റുള്ളവർക്കു കൊടുക്കാനാണ്’ എന്നു നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ മറ്റുള്ളവർക്കു കൊടുക്കുമ്പോൾ തീർച്ചയായും നമുക്കും ചില പ്രയോജനങ്ങളുണ്ടാകും. പണം സൂക്ഷിച്ച് ചെലവാക്കുന്ന ഒരാൾക്കുപോലും ഉദാരത കാണിക്കാനാകും എന്നതാണു സത്യം.
അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്നതു ചെറിയ കാര്യങ്ങൾ ആണെങ്കിൽപ്പോലും നമുക്കു സന്തോഷം തോന്നും, നമ്മുടെ ആത്മാഭിമാനവും വർധിക്കും. ചില ഡോക്ടർമാർ പറയുന്നത്, കൊടുക്കുന്നതു നമ്മുടെതന്നെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്നാണ്. ഉദാഹരണത്തിന്, അത് ഉത്കണ്ഠയും രക്തസമ്മർദവും ശാരീരികവേദനകളും കുറയ്ക്കും, നല്ല ഉറക്കവും കിട്ടും.
മറ്റുള്ളവർക്കു സാമ്പത്തികമായും മറ്റു വിധങ്ങളിലും സന്തോഷത്തോടെ കൊടുക്കുകയാണെങ്കിൽ, നമുക്കൊരു ആവശ്യം വരുമ്പോൾ അവരുടെ സഹായം സ്വീകരിക്കാൻ മടി തോന്നില്ല. ഇംഗ്ലണ്ടിൽ താമസിക്കുന്ന ഹോവാർഡ് പറയുന്നു: “മറ്റുള്ളവർക്ക് ഉദാരമായി കൊടുക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതുകൊണ്ട് സഹായം ആവശ്യമായിവരുമ്പോൾ അതു സ്വീകരിക്കാൻ എനിക്കും ഭാര്യക്കും ബുദ്ധിമുട്ട് തോന്നാറില്ല.” ഹൃദയത്തിൽനിന്ന് ആത്മാർഥമായി കൊടുക്കുന്നവർ എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്. എന്നാൽ ഒരു ആവശ്യം വന്നാൽ ഓടിയെത്തുന്ന സുഹൃത്തുക്കളെ അവർക്കു കിട്ടും.
നമുക്ക് എന്തു ചെയ്യാനാകും?
ഉള്ളതു മറ്റുള്ളവരുമായി പങ്കുവെക്കുക. നിങ്ങൾക്കു കുറച്ചേ ഉള്ളൂ എങ്കിലും അതു മറ്റുള്ളവരുമായി പങ്കുവെക്കാനാകും, ഒരു നേരത്തെ ലളിതമായ ഭക്ഷണം ആണെങ്കിൽപ്പോലും. യുഗാണ്ടയിൽ താമസിക്കുന്ന ഡങ്കനും കുടുംബവും പാവപ്പെട്ടവരാണ്. എങ്കിലും കൊടുക്കുന്നതിൽ അവർ സന്തോഷം കണ്ടെത്തുന്നു. ഡങ്കൻ പറയുന്നു: “ഞായറാഴ്ചകളിൽ ഞാനും ഭാര്യയും ആരെയെങ്കിലും വീട്ടിലേക്കു ഭക്ഷണത്തിനു വിളിക്കും. ഒരുപാടു വിഭവങ്ങളൊന്നും ഉണ്ടായിരിക്കില്ല. പക്ഷേ, മറ്റുള്ളവരോടൊപ്പം ആയിരിക്കാൻ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്.”
ഓർക്കുക, മറ്റുള്ളവർക്കു കൊടുക്കുമ്പോൾ സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങളും നന്നായി നടക്കുന്നുണ്ടെന്നു നിങ്ങൾ ഉറപ്പുവരുത്തണം.—ഇയ്യോബ് 17:5.
ചെയ്തുനോക്കാൻ: ലളിതമായ എന്തെങ്കിലും കഴിക്കാനോ അല്ലെങ്കിൽ ഒരു ചായ കുടിക്കാനോ ആയി മറ്റുള്ളവരെ ക്ഷണിക്കുക. ഉപയോഗിക്കാത്ത സാധനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതുകൊണ്ട് പ്രയോജനമുള്ള, അതിനെ വിലമതിക്കുന്ന, നിങ്ങളുടെ കൂട്ടുകാർക്കോ അയൽക്കാർക്കോ അതു കൊടുക്കുക.
മറ്റു വിധങ്ങളിലും കൊടുക്കുക. ചില നല്ല സമ്മാനങ്ങൾക്കു പണത്തിന്റെ ആവശ്യമില്ല. ഉദാഹരണത്തിന്, നമുക്കു നമ്മുടെ സമയം മറ്റുള്ളവർക്കുവേണ്ടി വിട്ടുകൊടുക്കാം. അതുപോലെ എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ അതു ചെയ്തുകൊടുക്കാം. ദയയോടെയുള്ള നമ്മുടെ വാക്കുകൾപോലും വിലപ്പെട്ട സമ്മാനമാണ്! അതുകൊണ്ട് അവരെ നമ്മൾ എത്രമാത്രം വിലമതിക്കുന്നുണ്ടെന്നും എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും നമുക്ക് അവരോടു പറയാം.
ചെയ്തുനോക്കാൻ: വീട്ടുജോലികൾ ചെയ്തുകൊടുത്തോ വീടിന്റെ കേടുപാടുകൾ തീർത്തുകൊടുത്തോ അല്ലെങ്കിൽ വീട്ടുസാധനങ്ങൾ വാങ്ങിക്കൊടുത്തോ മറ്റുള്ളവരെ സഹായിക്കുക. നമ്മുടെ ഒരു സുഹൃത്തിനു കാർഡോ മെസ്സേജോ അയയ്ക്കുക. നമുക്ക് അവരെക്കുറിച്ച് ചിന്തയുണ്ടെന്ന് അതിലൂടെ പറയുക.
കൊടുക്കുമ്പോൾ നമുക്കുള്ള അനുഗ്രഹങ്ങളുടെ വാതിൽ നമ്മൾ മലർക്കെ തുറന്നിടുകയാണ്.