അധ്യായം 20
പുനരുത്ഥാനം—ആർക്ക്, എവിടെ?
1, 2. പുരാതനകാലത്തെ ദൈവദാസൻമാർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നുവെന്നു നാം എങ്ങനെ അറിയുന്നു?
1 ദൈവദാസൻമാർ എക്കാലത്തും പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു. യേശു മനുഷ്യനായി ജനിച്ചതിന് 2,000 വർഷം മുമ്പു ജീവിച്ചിരുന്ന അബ്രാഹാമിനെ സംബന്ധിച്ചു ബൈബിൾ പറയുന്നു: “മരിച്ചവരിൽ നിന്നുപോലും അവനെ [അവന്റെ പുത്രനായ യിസ്ഹാക്കിനെ] ഉയിർപ്പിക്കാൻ ദൈവം പ്രാപ്തനാണെന്ന് അവൻ കരുതി.” (എബ്രായർ 11:17-19) പിന്നീടു ദൈവദാസനായ ഇയ്യോബ്: “ഒരു ദൃഢഗാത്രനായ മനുഷ്യൻ മരിക്കുന്നുവെങ്കിൽ അവനു വീണ്ടും ജീവിക്കാൻ കഴിയുമോ?” എന്നു ചോദിച്ചു. തന്റെ സ്വന്തം ചോദ്യത്തിന് ഉത്തരമായി ഇയ്യോബ് ദൈവത്തോട്: “നീ വിളിക്കും, ഞാൻ തന്നെ നിനക്ക് ഉത്തരം നൽകും” എന്നു പറഞ്ഞു. അങ്ങനെ അവൻ പുനരുത്ഥാനത്തിൽ വിശ്വസിച്ചുവെന്ന് അവൻ പ്രകടമാക്കി.—ഇയ്യോബ് 14:14, 15.
2 യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ അവൻ ഇങ്ങനെ വിശദീകരിച്ചു: “മുൾപ്പടർപ്പിനെക്കുറിച്ചുളള വിവരണത്തിൽ യഹോവയെ ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’ എന്നു വിളിക്കുമ്പോൾ മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നുവെന്നു മോശപോലും വെളിപ്പെടുത്തി. അവൻ മരിച്ചവരുടെയല്ല, പിന്നെയോ ജീവനുളളവരുടെ ഒരു ദൈവമാകുന്നു, എന്തുകൊണ്ടെന്നാൽ അവരെല്ലാം അവനു ജീവിച്ചിരിക്കുന്നു.” (ലൂക്കോസ് 20:37, 38) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ “പുനരുത്ഥാനം” എന്ന പദം 40-ൽപരം പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തീർച്ചയായും, മരിച്ചവരുടെ പുനരുത്ഥാനം ഒരു മുഖ്യ ബൈബിളുപദേശമാണ്.—എബ്രായർ 6:1, 2.
3. മാർത്ത പുനരുത്ഥാനത്തിൽ എന്തു വിശ്വാസം പ്രകടമാക്കി?
3 യേശുവിന്റെ സ്നേഹിതയായിരുന്ന മാർത്തയുടെ സഹോദരൻ ലാസർ മരിച്ചപ്പോൾ അവൾ പുനരുത്ഥാനത്തിലുളള വിശ്വാസം പ്രകടമാക്കി. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത അവനെ സ്വീകരിക്കാൻ ഓടിച്ചെന്നു. “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്ന് അവൾ പറഞ്ഞു. അവളുടെ സങ്കടം കണ്ട് “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും” എന്നു പറഞ്ഞ് യേശു ആശ്വസിപ്പിച്ചു. “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം” എന്നു മാർത്ത ഉത്തരം പറഞ്ഞു.—യോഹന്നാൻ 11:17-24.
4-6. മാർത്തയ്ക്കു പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ എന്തു കാരണങ്ങൾ ഉണ്ടായിരുന്നു?
4 പുനരുത്ഥാനത്തിലുളള വിശ്വാസത്തിനു മാർത്തയ്ക്കു ശക്തമായ കാരണങ്ങളുണ്ടായിരുന്നു. ദൃഷ്ടാന്തമായി, അനേകം വർഷങ്ങൾക്കുമുമ്പു ദൈവത്തിന്റെ ശക്തിയാൽ ദൈവത്തിന്റെ പ്രവാചകൻമാരായിരുന്ന ഏലിയാവും ഏലീശായും ഓരോ കുട്ടിയെ ഉയിർപ്പിച്ചിരുന്നുവെന്ന് അവൾ അറിഞ്ഞിരുന്നു. (1 രാജാക്കൻമാർ 17:17-24; 2 രാജാക്കൻമാർ 4:32-37) ഒരു മരിച്ച മനുഷ്യൻ ഒരു കുഴിയിലിടപ്പെട്ട സമയത്ത് മരിച്ച ഏലീശായുടെ അസ്ഥികളെ തൊട്ടപ്പോൾ അയാൾ ജീവനിലേക്കു വന്നതായി അവൾക്കറിയാമായിരുന്നു. (2 രാജാക്കൻമാർ 13:20, 21) എന്നാൽ പുനരുത്ഥാനത്തിലുളള അവളുടെ വിശ്വാസത്തെ ഏററവും ബലിഷ്ഠമാക്കിയത് യേശു തന്നെ പഠിപ്പിക്കുകയും ചെയ്യുകയും ചെയ്തതായിരുന്നു.
5 മരിച്ചവരെ പുനരുത്ഥാനപ്പെടുത്തുന്നതിൽ തനിക്കുളള പങ്കിനെക്കുറിച്ചു രണ്ടിൽ കുറഞ്ഞ വർഷം മുമ്പു യേശു സംസാരിച്ചപ്പോൾ മാർത്ത യരുശലേമിൽ ഉണ്ടായിരുന്നിരിക്കണം. അവൻ ഇങ്ങനെ പറഞ്ഞു: “എന്തെന്നാൽ പിതാവു മരിച്ചവരെ ഉയിർപ്പിച്ചു ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ആഗ്രഹിക്കുന്നവരെ ജീവിപ്പിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന നാഴികവരുന്നു.”—യോഹന്നാൻ 5:21, 28, 29.
6 യേശു ആ വാക്കുകൾ പറഞ്ഞ സമയംവരെ അവൻ ആരെയെങ്കിലും പുനരുത്ഥാനപ്പെടുത്തിയതായുളള ബൈബിൾ രേഖയില്ല. എന്നാൽ അധികം താമസിയാതെ അവൻ നയീൻ നഗരത്തിലെ ഒരു വിധവയുടെ പുത്രനായ യുവാവിനെ ജീവനിലേക്കുയിർപ്പിച്ചു. ഇതിനെക്കുറിച്ചുളള വാർത്ത തെക്ക് യഹൂദയിൽ പരന്നു. അതുകൊണ്ട് മാർത്ത അതിനെക്കുറിച്ചു തീർച്ചയായും കേട്ടിരിക്കണം. (ലൂക്കോസ് 7:11-17) പിന്നീടു ഗലീലക്കടലിനടുത്തു യായിറോസിന്റെ ഭവനത്തിൽ സംഭവിച്ചതും മാർത്ത കേട്ടിരിക്കണം. അയാളുടെ 12 വയസ്സുകാരി പുത്രി കലശലായ രോഗം ബാധിച്ചു മരിച്ചു. എന്നാൽ യേശു യായിറോസിന്റെ ഭവനത്തിലെത്തിയപ്പോൾ അവൻ മരിച്ച കുട്ടിയെ സമീപിച്ച് “ബാലികേ, എഴുന്നേൽക്കൂ!” എന്നു പറഞ്ഞു. അവൾ എഴുന്നേററു!—ലൂക്കോസ് 8:40-56.
7. തനിക്കു മരിച്ചവരെ ഉയിർപ്പിക്കാൻ കഴിയുമെന്നു യേശു മാർത്തയ്ക്ക് എന്തു തെളിവു കൊടുത്തു?
7 എന്നാലും ഈ സമയത്തു യേശു തന്റെ സഹോദരനെ പുനരുത്ഥാനപ്പെടുത്താൻ മാർത്ത പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണ് “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം” എന്ന് അവൾ പറഞ്ഞത്. എന്നിരുന്നാലും, മരിച്ചവരെ ഉയിർപ്പിക്കുന്നതിൽ തനിക്കുളള പങ്കു മാർത്തയെ ബോധ്യപ്പെടുത്താൻ യേശു പറഞ്ഞു: “ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വാസം പ്രകടമാക്കുന്നവൻ മരിക്കുന്നുവെങ്കിലും, ജീവനിലേക്കുവരും; ജീവിച്ചിരുന്ന് എന്നിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും മരിക്കുകയേ ഇല്ല.” പിന്നീടു പെട്ടെന്നുതന്നെ ലാസറിനെ വെച്ചിരുന്ന കല്ലറയ്ക്കലേക്കു യേശുവിനെ കൊണ്ടുപോയി. “ലാസറേ, പുറത്തുവരൂ!” എന്ന് അവൻ വിളിച്ചു പറഞ്ഞു. നാലു ദിവസമായി മരിച്ചിരുന്ന ലാസർ പുറത്തുവന്നു!—യോഹന്നാൻ 11:24-26, 38-44.
8. യേശു ഉയിർപ്പിക്കപ്പെട്ടുവെന്നതിന് എന്തു തെളിവുണ്ട്?
8 ഏതാനും ദിവസം കഴിഞ്ഞ് യേശുതന്നെ കൊല്ലപ്പെട്ട് ഒരു കല്ലറയിൽ വെക്കപ്പെട്ടു. എന്നാൽ അവൻ അവിടെ മൂന്നു ദിവസങ്ങളുടെ ഭാഗങ്ങളിൽ മാത്രമേ ഇരുന്നുളളു. എന്തുകൊണ്ടെന്നു വിശദീകരിച്ചുകൊണ്ട് അപ്പോസ്തലനായ പത്രോസ് പറയുന്നു: “ഈ യേശുവിനെ ദൈവം പുനരുത്ഥാനപ്പെടുത്തി, ആ വസ്തുതയ്ക്കു ഞങ്ങളെല്ലാം സാക്ഷികളാകുന്നു.” ദൈവപുത്രൻ കല്ലറയിൽനിന്നു പുറത്തുവരാതെ തടയാൻ മതനേതാക്കൻമാർക്കു കഴിഞ്ഞില്ല. (പ്രവൃത്തികൾ 2:32; മത്തായി 27:62-66; 28:1-7) ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടുവെന്നതിനു സംശയമുണ്ടായിരിക്കാവുന്നതല്ല. എന്തെന്നാൽ അവൻ പിന്നീടു തന്റെ ശിഷ്യൻമാരിൽ അനേകർക്കു ജീവനോടെ പ്രത്യക്ഷപ്പെട്ടു, ഒരിക്കൽ 500 പേർക്ക്. (1 കൊരിന്ത്യർ 15:3-8) യേശുവിന്റെ ശിഷ്യൻമാർക്കു പുനരുത്ഥാനത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നതിനാൽ അവർ ദൈവത്തെ സേവിക്കുന്നതിനു മരണത്തെപ്പോലും അഭിമുഖീകരിക്കാൻ സന്നദ്ധരായിരുന്നു.
9. ഏത് ഒൻപതുപേർ ഉയിർപ്പിക്കപ്പെട്ടുവെന്നു ബൈബിൾ പറയുന്നു?
9 മരിച്ചവർ ഉയിർപ്പിക്കപ്പെടാൻ കഴിയുമെന്ന് അപ്പോസ്തലൻമാരായ പൗലോസിലൂടെയും പത്രോസിലൂടെയും പിന്നീടു കൂടുതൽ തെളിവു നൽകപ്പെട്ടു. ആദ്യമായി, പത്രോസ് യോപ്പാനഗരത്തിലെ തബീഥയെ ഉയിർപ്പിച്ചു, അവൾക്കു ഡോർക്കാസ് എന്നും പേരുണ്ടായിരുന്നു. (പ്രവൃത്തികൾ 9:36-42) പിന്നീടു പൗലോസ് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ മൂന്നാം നിലയിലെ ഒരു ജനാലയിൽനിന്നു വീണുമരിച്ച യുവാവായ യൂത്തിക്കോസിനെ പൗലോസ് ജീവനിലേക്കു തിരികെ വരുത്തി. (പ്രവൃത്തികൾ 20:7-12) തീർച്ചയായും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഒൻപതു പുനരുത്ഥാനങ്ങൾ മരിച്ചവരെ തിരികെ ജീവനിലേക്കു വരുത്തുവാൻ കഴിയുമെന്നുളളതിന്റെ സുനിശ്ചിതമായ തെളിവാണ്!
ആർ പുനരുത്ഥാനം പ്രാപിക്കും?
10, 11. (എ) ദൈവം പുനരുത്ഥാനത്തിന് ഏർപ്പാടു ചെയ്തതെന്തുകൊണ്ട്? (ബി) പ്രവൃത്തികൾ 24:15 അനുസരിച്ച് ഏതു രണ്ടു ജനവർഗങ്ങൾ ഉയിർപ്പിക്കപ്പെടും?
10 മനുഷ്യരെ പുനരുത്ഥാനം ചെയ്യിക്കണമെന്നുളളത് ആദിയിലെ ദൈവോദ്ദേശ്യമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ ആദാമും ഹവ്വായും വിശ്വസ്തരായി നിലനിന്നിരുന്നെങ്കിൽ ആരും മരിക്കേണ്ടതില്ലായിരുന്നു. എന്നാൽ പിന്നീട് ആദാമിന്റെ പാപം എല്ലാവരുടെമേലും അപൂർണതയും മരണവും വരുത്തിക്കൂട്ടി. (റോമർ 5:12) അതുകൊണ്ട് ആദാമിന്റെ മക്കളിൽ ഏതൊരാൾക്കും നിത്യജീവൻ ആസ്വദിക്കുക സാധ്യമാക്കുന്നതിനു യഹോവയായ ദൈവം പുനരുത്ഥാനത്തിന് ഏർപ്പാടുചെയ്തു. എന്നാൽ ഒരു വ്യക്തി പുനരുത്ഥാനപ്പെടുമോ ഇല്ലയോ എന്നു നിർണയിക്കുന്നത് എന്താണ്?
11 ബൈബിൾ വിശദീകരിക്കുന്നു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകാൻ പോവുകയാണ്.” (പ്രവൃത്തികൾ 24:15) ഇതു ചിലരെ അതിശയിപ്പിച്ചേക്കാം. ‘“നീതികെട്ടവരെ” എന്തിനു തിരികെ ജീവനിലേക്കു വരുത്തുന്നു?’ എന്ന് അവർ സംശയിച്ചേക്കാം. യേശു ദണ്ഡനസ്തംഭത്തിൽ കിടന്നപ്പോൾ സംഭവിച്ചത് ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നമ്മെ സഹായിക്കും.
12, 13. (എ)യേശു ഒരു കുററവാളിയോട് എന്തു വാഗ്ദത്തം ചെയ്തു? (ബി) യേശു പറഞ്ഞ “പറുദീസാ” എവിടെയാണ്?
12 യേശുക്രിസ്തുവിന്റെ അടുത്തുകിടക്കുന്ന ഇവർ കുററപ്പുളളികളാണ്. അവരിൽ ഒരാൾ “നീ ക്രിസ്തു ആണ്, അല്ലേ? നിന്നേത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അവനെ പരിഹസിച്ചുകഴിഞ്ഞതേയുണ്ടായിരുന്നുളളു. എന്നുവരികിലും മറേറ കുററപ്പുളളി യേശുവിനെ വിശ്വസിക്കുന്നു. അയാൾ യേശുവിലേക്കു തിരിഞ്ഞ്: “നീ നിന്റെ രാജ്യത്തിലേക്കു പ്രവേശിക്കുമ്പോൾ എന്നെ ഓർക്കേണമേ” എന്നു പറയുന്നു. അതിങ്കൽ യേശു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു വാഗ്ദത്തം ചെയ്യുന്നു.—ലൂക്കോസ് 23:39-43.
13 എന്നാൽ “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു പറയുമ്പോൾ യേശു എന്താണർഥമാക്കുന്നത്? പറുദീസാ എവിടെയാണ്? ശരി, ദൈവം ആദിയിൽ ഉണ്ടാക്കിയ പറുദീസാ എവിടെയായിരുന്നു? അതു ഭൂമിയിലായിരുന്നു, അല്ലേ? ദൈവം ആദ്യമനുഷ്യജോടിയെ ഏദൻതോട്ടം എന്നു വിളിക്കപ്പെട്ടിരുന്ന മനോഹരമായ പറുദീസയിൽ ആക്കിവെച്ചിരുന്നു. അതുകൊണ്ട് ഈ മുൻകുററവാളി “പറുദീസ”യിലായിരിക്കുമെന്നു നാം വായിക്കുമ്പോൾ, അധിവാസയോഗ്യമായ ഒരു മനോഹരസ്ഥലമാക്കപ്പെടുന്ന ഈ ഭൂമിയെക്കുറിച്ചാണു നാം നമ്മുടെ മനസ്സിൽ ചിത്രീകരിക്കേണ്ടത്, എന്തുകൊണ്ടെന്നാൽ “പറുദീസാ” എന്ന പദത്തിന്റെ അർഥം “തോട്ടം” അഥവാ “ഉദ്യാനം” എന്നാണ്.—ഉല്പത്തി 2:8, 9.
14. യേശു ഏതു വിധത്തിൽ മുൻ കുററവാളിയോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും?
14 തീർച്ചയായും യേശുക്രിസ്തു മുൻ കുററവാളിയോടുകൂടെ ഇവിടെ ഭൂമിയിൽ ഉണ്ടായിരിക്കയില്ല. ഇല്ല, യേശു ഭൗമിക പറുദീസയുടെമേൽ രാജാവായി ഭരിച്ചുകൊണ്ടു സ്വർഗത്തിലായിരിക്കും. അതുകൊണ്ട് അവൻ ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുമെന്നും അവന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളിൽ ശ്രദ്ധിക്കുമെന്നുമുളള അർഥത്തിലാണ് അവൻ അവനോടുകൂടെ ഉണ്ടായിരിക്കുന്നത്. എന്നാൽ ഒരു കുററവാളിയായിരുന്ന മനുഷ്യനെ പറുദീസയിൽ ജീവിക്കാൻ യേശു അനുവദിക്കുന്നതെന്തുകൊണ്ട്?
15. “നീതികെട്ടവർ” ഉയിർപ്പിക്കപ്പെടുന്നതെന്തിന്?
15 ഈ മനുഷ്യൻ ദുഷ്ടകാര്യങ്ങൾ ചെയ്തിരുന്നുവെന്നതു സത്യംതന്നെ, അവൻ “നീതികെട്ടവൻ” ആയിരുന്നു. കൂടാതെ, അവൻ ദൈവേഷ്ടം സംബന്ധിച്ച് അജ്ഞനുമായിരുന്നു. എന്നാൽ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അവൻ അറിഞ്ഞിരുന്നെങ്കിൽ അവൻ ഒരു കുററപ്പുളളി ആയിരിക്കുമായിരുന്നോ? അതു കണ്ടുപിടിക്കുന്നതിനു യേശു ഈ നീതികെട്ട മനുഷ്യനെയും അതുപോലെ അജ്ഞതയിൽ മരിച്ച സഹസ്രലക്ഷക്കണക്കിനു മററുളളവരെയും ഉയിർത്തെഴുന്നേൽപ്പിക്കും. ഉദാഹരണമായി, കഴിഞ്ഞ നൂററാണ്ടുകളിൽ വായിക്കാനറിയാൻ പാടില്ലാതെയും ഒരു ബൈബിൾ ഒരിക്കലും കണ്ടിട്ടില്ലാതെയും അനേകർ മരിച്ചിട്ടുണ്ട്. എന്നാൽ അവർ ഷീയോളിൽനിന്ന് അഥവാ ഹേഡീസിൽനിന്ന് ഉയിർപ്പിക്കപ്പെടും. അനന്തരം, പറുദീസാഭൂമിയിൽ അവർക്കു ദൈവേഷ്ടം പഠിപ്പിച്ചുകൊടുക്കും; അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ടു യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കുകതന്നെ ചെയ്യുന്നുവെന്നു തെളിയിക്കാൻ അവർക്ക് അവസരം ലഭിക്കും.
16. (എ) മരിച്ചവരിൽ ആർ ഉയിർപ്പിക്കപ്പെടുകയില്ല? (ബി) നാം കാര്യങ്ങളെ വിധിക്കാൻ ശ്രമിക്കരുതാത്തതെന്തുകൊണ്ട്? (സി) നമ്മുടെ മുഖ്യതാൽപ്പര്യം എന്തിലായിരിക്കണം?
16 എല്ലാവർക്കും പുനരുത്ഥാനം ലഭിക്കും എന്ന് ഇതിനർഥമില്ല. യേശുവിനെ ഒററിക്കൊടുത്ത ഈസ്കരിയോത്താ യൂദായിക്കു പുനരുത്ഥാനം ലഭിക്കുകയില്ലെന്നു ബൈബിൾ പ്രകടമാക്കുന്നു. യൂദായുടെ മനഃപൂർവ ദുഷ്ടതനിമിത്തം അവൻ “നാശപുത്രൻ” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 17:12) അവൻ പുനരുത്ഥാനമില്ലാത്ത പ്രതീകാത്മക ഗീഹെന്നായിലേക്കാണു പോയത്. (മത്തായി 23:33) ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞശേഷം മനഃപൂർവം ദുഷ്ടത ചെയ്യുന്നവർ പരിശുദ്ധാത്മാവിനെതിരായിട്ടായിരിക്കാം പാപം ചെയ്യുന്നത്. തന്റെ പരിശുദ്ധാത്മാവിനെതിരായി പാപം ചെയ്യുന്നവരെ ദൈവം ഉയിർപ്പിക്കുകയില്ല. (മത്തായി 12:32; എബ്രായർ 6:4-6; 10:26, 27) എന്നിരുന്നാലും ന്യായാധിപൻ ദൈവമാകയാൽ കഴിഞ്ഞകാലത്തെയോ ആധുനികകാലങ്ങളിലെയോ ചില ദുഷ്ടരായ ആളുകൾ പുനരുത്ഥാനം പ്രാപിക്കുമോ ഇല്ലയോ എന്നു കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനു നമുക്കു കാരണമില്ല. ആർ ഹേഡീസിലാണെന്നും ആർ ഗീഹെന്നായിലാണെന്നും ദൈവത്തിനറിയാം. നമ്മുടെ ഭാഗത്തു ദൈവം തന്റെ പുതിയ വ്യവസ്ഥിതിയിലുണ്ടായിരിക്കാനാഗ്രഹിക്കുന്ന തരക്കാരായിരിക്കാൻ നമ്മാൽ കഴിയുന്നതെല്ലാം നാം ചെയ്യണം.—ലൂക്കോസ് 13:24, 29.
17. നിത്യജീവൻ ആസ്വദിക്കാൻ ആർ ഉയിർപ്പിക്കപ്പെടേണ്ട ആവശ്യമില്ല?
17 നിത്യജീവൻ പ്രാപിക്കുന്ന എല്ലാവരും പുനരുത്ഥാനം പ്രാപിക്കേണ്ട ആവശ്യമില്ലെന്നുളളതാണു വസ്തുത. ഈ വ്യവസ്ഥിതിയുടെ “അന്ത്യനാളുകളിൽ” ഇപ്പോൾ ജീവിക്കുന്ന അനേകം ദൈവദാസൻമാർ അർമഗെദ്ദോനെ അതിജീവിക്കും. അന്നു നീതിയുളള “പുതിയ ഭൂമി”യുടെ ഭാഗമെന്ന നിലയിൽ അവർ ഒരിക്കലും മരിക്കേണ്ട ആവശ്യമുണ്ടാകുകയില്ല. മാർത്തയോടു യേശു പറഞ്ഞത് അക്ഷരീയമായി അവരെ സംബന്ധിച്ചു സത്യമായിരിക്കാൻ കഴിയും: “ജീവിച്ചിരുന്ന് എന്നിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും മരിക്കുകയേ ഇല്ല.”—യോഹന്നാൻ 11:26; 2 തിമൊഥെയോസ് 3:1.
18. ഉയിർപ്പിക്കപ്പെടുന്ന “നീതിമാൻമാർ” ആരാണ്?
18 പുനരുത്ഥാനം പ്രാപിക്കേണ്ട “നീതിമാൻമാർ” ആരാണ്? യേശുക്രിസ്തു ഭൂമിയിൽ വന്നതിനുമുമ്പു ജീവിച്ച വിശ്വസ്ത ദൈവദാസൻമാർ അവരിൽ ഉൾപ്പെടും. എബ്രായർ 11-ാം അധ്യായത്തിൽ ഇവരിൽ അനേകരുടെ പേർ പറഞ്ഞിട്ടുണ്ട്. അവർ സ്വർഗത്തിൽ പോകാൻ പ്രത്യാശിച്ചിരുന്നില്ല, എന്നാൽ ഇവിടെ ഭൂമിയിൽത്തന്നെ വീണ്ടും ജീവിക്കാൻ അവർ പ്രത്യാശിച്ചിരുന്നു. കൂടാതെ, പുനരുത്ഥാനം പ്രാപിക്കേണ്ട “നീതിമാൻമാരിൽ” ഈ അടുത്തകാലത്തു മരിച്ചിട്ടുളള വിശ്വസ്ത ദൈവദാസൻമാരും ഉൾപ്പെടും. ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുളള അവരുടെ പ്രത്യാശയെ, അവരെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുകൊണ്ടു സാക്ഷാത്ക്കരിക്കുന്നതിൽ ദൈവം ശ്രദ്ധിക്കുന്നതായിരിക്കും.
എപ്പോൾ, എവിടെ, പുനരുത്ഥാനം നടക്കുന്നു?
19. (എ) ഏതർഥത്തിലാണു യേശു പുനരുത്ഥാനം പ്രാപിച്ചവരിൽ ആദ്യൻ ആയിരിക്കുന്നത്? (ബി) അടുത്തതായി ആർ ഉയിർപ്പിക്കപ്പെടുന്നു?
19 യേശുക്രിസ്തു “മരിച്ചവരിൽനിന്ന് ആദ്യം പുനരുത്ഥാനം പ്രാപിച്ചവൻ” എന്നു പറയപ്പെട്ടിരിക്കുന്നു. (പ്രവൃത്തികൾ 26:23) അതിന്റെ അർഥം, വീണ്ടും മരിക്കേണ്ട ആവശ്യമില്ലാതെ പുനരുത്ഥാനം പ്രാപിക്കുന്നവരിൽ ആദ്യവ്യക്തി അവനാണെന്നാണ്. കൂടാതെ ഒരു ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെട്ട ആദ്യത്തെ ആളും അവനായിരുന്നു. (1 പത്രോസ് 3:18) എന്നാൽ മററുളളവരും ഉണ്ടായിരിക്കുമെന്നു ബൈബിൾ നമ്മോടു പറയുന്നു: “ഓരോരുത്തനും സ്വന്തം നിരയിൽ: ക്രിസ്തു ആദ്യഫലം, പിന്നീടു ക്രിസ്തുവിനുളളവർ അവന്റെ സാന്നിധ്യകാലത്ത്.” (1 കൊരിന്ത്യർ 15:20-23) അതുകൊണ്ടു പുനരുത്ഥാനത്തിൽ ചിലർ മററു ചിലരെക്കാൾ മുമ്പ് ഉയിർപ്പിക്കപ്പെടും.
20. (എ) “ക്രിസ്തുവിനുളളവർ” ആരാണ്? (ബി) അവർക്ക് ഏതു പുനരുത്ഥാനം ഉണ്ട്?
20 “ക്രിസ്തുവിനുളളവർ” രാജ്യത്തിൽ അവനോടുകൂടെ ഭരിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന 1,44,000 വിശ്വസ്ത ശിഷ്യൻമാരാണ്. അവരുടെ സ്വർഗീയ പുനരുത്ഥാനത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “ഒന്നാം പുനരുത്ഥാനത്തിൽ പങ്കുളള ഏവനും സന്തുഷ്ടനും വിശുദ്ധനുമാകുന്നു; ഇവരുടെമേൽ രണ്ടാം മരണത്തിന് അധികാരമില്ല. എന്നാൽ അവർ. . .അവനോടുകൂടെ ആയിരംവർഷം രാജാക്കൻമാരായി ഭരിക്കുകയും ചെയ്യും.”—വെളിപ്പാട് 20:6; 14:1, 3.
21. (എ)“ഒന്നാം പുനരുത്ഥാനം” എപ്പോൾ തുടങ്ങുന്നു? (ബി) നിസ്സംശയമായി ഇപ്പോൾത്തന്നെ ആർ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു?
21 അതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം അടുത്തതായി ഉയിർപ്പിക്കപ്പെടേണ്ടത് 1,44,000 പേരാണ്. അവർക്കാണ് “ഒന്നാം പുനരുത്ഥാനത്തിൽ” അഥവാ “നേരത്തെയുളള പുനരുത്ഥാനത്തിൽ” പങ്കുളളത്. (ഫിലിപ്യർ 3:11) ഇത് എപ്പോഴാണു നടക്കുന്നത്? “അവന്റെ സാന്നിധ്യകാലത്ത്” എന്നു ബൈബിൾ പറയുന്നു. നാം മുൻ അധ്യായങ്ങളിൽ പഠിച്ചതുപോലെ, ക്രിസ്തുവിന്റെ സാന്നിധ്യം 1914 എന്ന വർഷത്തിൽ തുടങ്ങി. അതുകൊണ്ട് വിശ്വസ്ത ക്രിസ്ത്യാനികളുടെ സ്വർഗത്തിലേക്കുളള “ഒന്നാം പുനരുത്ഥാന”ത്തിന്റെ “നാൾ” ഇപ്പോൾത്തന്നെ വന്നിരിക്കുകയാണ്. അപ്പോസ്തലൻമാരും മററ് ആദിമ ക്രിസ്ത്യാനികളും ഇപ്പോൾത്തന്നെ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതിനു സംശയമില്ല.—2 തിമൊഥെയോസ് 4:8.
22. (എ) “ഒന്നാം പുനരുത്ഥാന”ത്തിൽ വേറെ ആർക്കു പങ്കുണ്ട്? (ബി) അവർ എപ്പോൾ ഉയിർപ്പിക്കപ്പെടുന്നു?
22 എന്നാൽ ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ ഭരിക്കാനുളള ഇതേ പ്രത്യാശയുളള ക്രിസ്ത്യാനികൾ ഇപ്പോൾ ക്രിസ്തുവിന്റെ അദൃശ്യസാന്നിധ്യകാലത്തു ജീവിച്ചിരിപ്പുണ്ട്. ഇവർ 1,44,000-ത്തിൽ ശേഷിച്ചിരിക്കുന്നവരാണ്, ഒരു ശേഷിപ്പുതന്നെ. അവർ എപ്പോഴാണു പുനരുത്ഥാനം പ്രാപിക്കുന്നത്? അവർ മരണത്തിൽ നിദ്ര ചെയ്യേണ്ട ആവശ്യമില്ല, എന്നാൽ അവർ മരിക്കുമ്പോൾ പെട്ടെന്നുതന്നെ ഉയിർക്കുന്നു. ബൈബിൾ വിശദീകരിക്കുന്നു: “നമ്മളെല്ലാം മരണത്തിൽ നിദ്രകൊളളുകയില്ല, എന്നാൽ നമ്മളെല്ലാം അന്ത്യകാഹള സമയത്ത്, കണ്ണിമയ്ക്കുന്നതിനിടയിൽ, നിമിഷത്തിനുളളിൽ മാററപ്പെടും. എന്തെന്നാൽ കാഹളം മുഴങ്ങും, മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടുകയും ചെയ്യും.”—1 കൊരിന്ത്യർ 15:51, 52; 1 തെസ്സലോനീക്യർ 4:15-17.
23. ആത്മീയജീവനിലേക്കുളള മാററത്തെ ബൈബിൾ വർണിക്കുന്നതെങ്ങനെ?
23 തീർച്ചയായും, സ്വർഗീയജീവനിലേക്കുളള ഈ “ഒന്നാം പുനരുത്ഥാനം” മാനുഷനേത്രങ്ങൾക്ക് അദൃശ്യമാണ്. അത് ആത്മീയജീവികളായുളള ജീവിതത്തിലേക്കുളള ഒരു പുനരുത്ഥാനമാണ്. ആത്മീയജീവിതത്തിലേക്കുളള ഈ മാററത്തെ ബൈബിൾ വർണിക്കുന്നു: “ജീർണതയിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർപ്പിക്കപ്പെടുന്നു. അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, മഹത്വത്തിൽ ഉയിർപ്പിക്കപ്പെടുന്നു. . . . ഒരു ഭൗതികശരീരം വിതയ്ക്കപ്പെടുന്നു, ഒരു ആത്മീയശരീരം ഉയിർപ്പിക്കപ്പെടുന്നു.”—1 കൊരിന്ത്യർ 15:42-44.
24. (എ) “ഒന്നാം പുനരുത്ഥാന”ത്തെ തുടർന്ന് ഏതു പുനരുത്ഥാനം നടക്കുന്നു? (ബി) അത് “ഏറെ നല്ല പുനരുത്ഥാനം” എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
24 ഏതായാലും, “ഒന്നാം പുനരുത്ഥാനം” എന്ന പദപ്രയോഗംതന്നെ മറെറാന്നു പിന്നാലെ നടക്കുമെന്നു പ്രകടമാക്കുന്നു. അതു നീതിമാൻമാർക്കും നീതികെട്ടവർക്കും പറുദീസാഭൂമിയിലെ ജീവിതത്തിലേക്കു ലഭിക്കുന്ന പുനരുത്ഥാനമാണ്. ഇത് അർമഗെദ്ദോനുശേഷമാണു സംഭവിക്കുന്നത്. അത് ഏലിയാവും ഏലീശായും ഉയിർപ്പിച്ച ബാലൻമാരുടെയും ഭൂമിയിൽ ഒരിക്കൽ ഉയിർപ്പിക്കപ്പെട്ട മററു ചിലരുടെയും പുനരുത്ഥാനത്തെക്കാൾ “ഏറെ നല്ല പുനരുത്ഥാനം” ആയിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അർമഗെദ്ദോനുശേഷം ഉയിർപ്പിക്കപ്പെടുന്നവർ ദൈവത്തെ സേവിക്കാൻ തീരുമാനിച്ചാൽ അവർ വീണ്ടും ഒരിക്കലും മരിക്കേണ്ടതില്ല.—എബ്രായർ 11:35.
ദൈവത്തിന്റെ ഒരു അത്ഭുതം
25. (എ) പുനരുത്ഥാനം പ്രാപിക്കുന്നതു മരിച്ച ശരീരം ആയിരിക്കാത്തതെന്തുകൊണ്ട്? (ബി) പുനരുത്ഥാനം പ്രാപിക്കുന്നതെന്ത്, പുനരുത്ഥാനം പ്രാപിക്കുന്നവർക്ക് എന്തു കൊടുക്കപ്പെടുന്നു?
25 ഒരാൾ മരിച്ചശേഷം എന്താണ് ഉയിർപ്പിക്കപ്പെടുന്നത്? മരിച്ച അതേ ശരീരമല്ല. സ്വർഗീയജീവനിലേക്കുളള പുനരുത്ഥാനത്തെ വർണിക്കുമ്പോൾ ബൈബിൾ ഇതു പ്രകടമാക്കുന്നുണ്ട്. (1 കൊരിന്ത്യർ 15:35-44) ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നവർക്കുപോലും അവർ മുമ്പു ജീവിച്ചിരുന്നപ്പോഴത്തെ, അതേ ശരീരം ലഭിക്കുന്നില്ല. ആ ശരീരം മിക്കവാറും ജീർണിച്ചു മണ്ണിലേക്കു തിരികെ ചേർന്നിരിക്കും. കാലക്രമത്തിൽ മൃതശരീരത്തിന്റെ മൂലകങ്ങൾ മററു ജീവികളുടെ ഭാഗമായിത്തീർന്നിരിക്കാം. അതുകൊണ്ട് അതേ ശരീരത്തെയല്ല, പിന്നെയോ അതേ ആളിനെയാണു ദൈവം ഉയിർത്തെഴുന്നേൽപ്പിക്കുന്നത്. സ്വർഗത്തിലേക്കു പോകുന്നവർക്ക് അവൻ ഒരു പുതിയ ആത്മീയശരീരം കൊടുക്കുന്നു. ഭൂമിയിൽ ജീവിക്കാൻ ഉയിർപ്പിക്കപ്പെടുന്നവർക്ക് അവൻ ഒരു പുതിയ ഭൗതികശരീരം കൊടുക്കുന്നു. ഈ പുതിയ ഭൗതികശരീരം വ്യക്തി മരിക്കുന്നതിനു മുമ്പുണ്ടായിരുന്ന ശരീരത്തോടു സമാനമായിരിക്കുമെന്നതിനു സംശയമില്ല. തന്നിമിത്തം അയാളെ അറിയാവുന്നവർ അയാളെ തിരിച്ചറിയും.
26. (എ) പുനരുത്ഥാനം വളരെ അതിശയകരമായ ഒരു അത്ഭുതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) മരിച്ചവരെ ഓർമിക്കാനുളള ദൈവത്തിന്റെ വലിയ പ്രാപ്തി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിനു മനുഷ്യരുടെ ഏതു കണ്ടുപിടിത്തങ്ങൾക്കു കഴിയും?
26 പുനരുത്ഥാനം തീർച്ചയായും വിസ്മയകരമായ ഒരു അത്ഭുതമാണ്. മരിച്ച വ്യക്തി ഒരു ആയുഷ്ക്കാലംകൊണ്ടു ധാരാളം അനുഭവപരിചയവും അറിവും അനേകം സ്മരണകളും നേടിയിട്ടുണ്ടായിരിക്കാം. അയാൾ ജീവിച്ചിട്ടുളള ഏതൊരാളിൽനിന്നും തന്നെ വ്യത്യസ്തനാക്കുന്ന ഒരു വ്യക്തിത്വം വളർത്തിയെടുത്തു. എന്നിരുന്നാലും യഹോവയാം ദൈവം സകല വിശദാംശവും ഓർക്കുന്നു, അയാളെ ഉയിർപ്പിക്കുമ്പോൾ അവൻ ആ പൂർണവ്യക്തിയെ പുനഃസ്ഥിതീകരിക്കുകയാണു ചെയ്യുന്നത്. ഉയിർപ്പിക്കാനുളള മരിച്ചവരെ സംബന്ധിച്ചു ബൈബിൾ പറയുന്നതുപോലെ: “അവരെല്ലാം അവനു ജീവിച്ചിരിക്കുന്നു.” (ലൂക്കോസ് 20:38) മനുഷ്യർക്കു ശബ്ദങ്ങളും ആളുകളുടെ ചിത്രവും റക്കോർഡു ചെയ്തുവെക്കാൻ കഴിയും, ആളുകൾ മരിച്ചശേഷം ദീർഘനാൾ കഴിഞ്ഞ് അവ പുനരുൽപ്പാദിപ്പിക്കാൻ കഴിയും. എന്നാൽ യഹോവയാം ദൈവത്തിനു തന്റെ സ്മരണയിൽ ജീവിക്കുന്ന എല്ലാവരെയും തിരികെ ജീവനിലേക്കു വരുത്താൻ കഴിയും, യഥാർഥത്തിൽ വരുത്തുകയും ചെയ്യും!
27. പുനരുത്ഥാനം സംബന്ധിച്ച ഏതു ചോദ്യങ്ങൾക്കു പിന്നീടു നമുക്ക് ഉത്തരം ലഭിക്കും?
27 മരിച്ചവർ ഉയിർപ്പിക്കപ്പെട്ടശേഷമുളള പറുദീസയിലെ ജീവിതത്തെക്കുറിച്ചു ബൈബിൾ വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്. ദൃഷ്ടാന്തത്തിന്, ചിലർ “ഒരു ജീവന്റെ പുനരുത്ഥാന”ത്തിലേക്കും മററുചിലർ “ഒരു ന്യായവിധിയുടെ പുനരുത്ഥാന”ത്തിലേക്കും പുറത്തുവരുന്നതിനെക്കുറിച്ചു യേശു പറഞ്ഞു. (യോഹന്നാൻ 5:29) അവൻ എന്താണർഥമാക്കിയത്? ഉയിർപ്പിക്കപ്പെടുന്ന “നീതിമാൻമാർക്ക്” സാഹചര്യം “നീതികെട്ടവരു”ടേതിലും വ്യത്യസ്തമായിരിക്കുമോ? ന്യായവിധിദിവസത്തെക്കുറിച്ചുളള ഒരു പരിചിന്തനം നമുക്കുവേണ്ടി അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
[167-ാം പേജിലെ ചിത്രങ്ങൾ]
“പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം”
ഏലിയാവ് ഒരു വിധവയുടെ പുത്രനെ ഉയിർത്തെഴുന്നേല്പിച്ചു
ഏലീശാ ഒരു കുട്ടിയെ ഉയിർപ്പിച്ചു
ഏലീശായുടെ അസ്ഥികളെ തൊട്ട ഒരു മനുഷ്യൻ ജീവനിലേക്കു വന്നു
[168-ാം പേജിലെ ചിത്രങ്ങൾ]
യേശു ഉയിർപ്പിച്ച ആളുകൾ:
നയീനിലെ വിധവയുടെ പുത്രൻ
ലാസർ
യായിറോസിന്റെ പുത്രി
[169-ാം പേജിലെ ചിത്രങ്ങൾ]
ഉയിർപ്പിക്കപ്പെട്ട മററുളളവർ:
ഡോർക്കാസ്
യേശുതന്നെ
യൂത്തിക്കോസ്
[170-ാം പേജിലെ ചിത്രം]
യേശു ദുഷ്പ്രവൃത്തിക്കാരനു വാഗ്ദാനം ചെയ്ത പറുദീസാ എവിടെയാണ്?