പാഠം 12
ജീവനോടും രക്തത്തോടും ആദരവു പ്രകടിപ്പിക്കൽ
നാം ജീവനെ എങ്ങനെ വീക്ഷിക്കണം? (1) ഗർഭച്ഛിദ്രത്തെ? (1)
തങ്ങൾ സുരക്ഷിതത്വബോധമുളളവരാണെന്നു ക്രിസ്‌ത്യാനികൾ പ്രകടമാക്കുന്നത് എങ്ങനെ? (2)
മൃഗങ്ങളെ കൊല്ലുന്നതു തെററാണോ? (3)
ജീവനോട് ആദരവു പ്രകടമാക്കാത്ത ചില നടപടികളേവ? (4)
രക്തംസംബന്ധിച്ച ദൈവനിയമം എന്താണ്? (5)
ഇതിൽ രക്തപ്പകർച്ചകൾ ഉൾപ്പെടുന്നുവോ? (6)
1. യഹോവ ജീവന്റെ ഉറവാണ്. സകല ജീവികളും ജീവനുവേണ്ടി ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 36:9) ജീവൻ ദൈവത്തിനു പവിത്രമാണ്. മാതാവിന്റെ ഉളളിലെ ഒരു അജാതശിശുവിന്റെ ജീവൻ പോലും യഹോവക്കു വിലപ്പെട്ടതാണ്. വളർന്നുകൊണ്ടിരിക്കുന്ന അത്തരമൊരു ശിശുവിനെ കരുതിക്കൂട്ടി കൊല്ലുന്നതു ദൈവദൃഷ്ടിയിൽ തെററാണ്.—പുറപ്പാടു 21:22, 23; സങ്കീർത്തനം 127:3.
2. സത്യക്രിസ്‌ത്യാനികൾ സുരക്ഷിതത്വബോധമുളളവരാണ്. തങ്ങളുടെ കാറുകളും ഭവനങ്ങളും സുരക്ഷിതമാണെന്ന് അവർ ഉറപ്പുവരുത്തുന്നു. (ആവർത്തനപുസ്‌തകം 22:8) ദൈവത്തിന്റെ ദാസൻമാർ വെറും ഉല്ലാസത്തിനും ആവേശത്തിനും വേണ്ടി തങ്ങളുടെ ജീവൻകൊണ്ടു ഭാഗ്യപരീക്ഷണം നടത്തുന്നില്ല. അതുകൊണ്ട് അവർ മററുളളവരെ മനഃപൂർവം ഉപദ്രവിക്കുന്ന അക്രമാസക്തമായ സ്‌പോർട്‌സിൽ പങ്കെടുക്കുന്നില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിനോദം അവർ ഒഴിവാക്കുന്നു.—സങ്കീർത്തനം 11:5; യോഹന്നാൻ 13:35.
3. മൃഗജീവനും സ്രഷ്ടാവിനു പവിത്രമാണ്. ഒരു ക്രിസ്‌ത്യാനിക്ക് ആഹാരവും വസ്‌ത്രവും പ്രദാനംചെയ്യാൻ അല്ലെങ്കിൽ രോഗത്തിൽനിന്നും അപകടത്തിൽനിന്നും തന്നേത്തന്നെ രക്ഷിക്കാൻ മൃഗങ്ങളെ കൊല്ലാവുന്നതാണ്. (ഉല്‌പത്തി 3:21; 9:3; പുറപ്പാടു 21:28) എന്നാൽ വിനോദത്തിനോ ഉല്ലാസത്തിനോ വേണ്ടി മാത്രം മൃഗങ്ങളെ ദ്രോഹിക്കുന്നത് അല്ലെങ്കിൽ അവയെ കൊല്ലുന്നതു തെററാണ്.—സദൃശവാക്യങ്ങൾ 12:10.
4. പുകവലി, അടയ്‌ക്കാ ചവയ്‌ക്കൽ, ഉല്ലാസത്തിനുവേണ്ടി മയക്കുമരുന്ന് ഉപയോഗിക്കൽ എന്നിവ ക്രിസ്‌ത്യാനികൾക്കു പാടില്ല. ഈ ശീലങ്ങൾ (1) നമ്മെ അവയുടെ അടിമകളാക്കുന്നതിനാലും (2) നമ്മുടെ ശരീരങ്ങൾക്കു ഹാനി വരുത്തുന്നതിനാലും (3) അശുദ്ധമാകയാലും അവ തെററാണ്. (റോമർ 6:19; 12:1; 2 കൊരിന്ത്യർ 7:1) ഈ ശീലങ്ങൾ ഉപേക്ഷിക്കുന്നതു വളരെ പ്രയാസമായിരിക്കുവാൻ കഴിയും. എന്നാൽ യഹോവയെ പ്രസാദിപ്പിക്കുവാൻ നാം അങ്ങനെ ചെയ്യേണ്ടതാണ്.
5. ദൈവത്തിന്റെ ദൃഷ്ടിയിൽ രക്തവും പവിത്രമാണ്. ദേഹി അഥവാ ജീവൻ രക്തത്തിലാണെന്നു ദൈവം പറയുന്നു. അതുകൊണ്ടു രക്തം ഭക്ഷിക്കുന്നതു തെററാണ്. ശരിയായി രക്തം കളയാത്ത ഒരു മൃഗത്തിന്റെ മാംസം തിന്നുന്നതും തെററാണ്. ഒരു മൃഗം ശ്വാസംമുട്ടിയോ ഒരു കുരുക്കിൽ പെട്ടോ ചാകുന്നുവെങ്കിൽ അതിനെ തിന്നരുത്. ഒരു മൃഗത്തെ കുന്തംകൊണ്ടു കുത്തുകയോ വെടിവെച്ചിടുകയോ ചെയ്‌താൽ, അതിനെ തിന്നണമെങ്കിൽ പെട്ടെന്നുതന്നെ അതിന്റെ രക്തം ചോർത്തിക്കളയണം.—ഉല്‌പത്തി 9:3, 4; ലേവ്യപുസ്‌തകം 17:13, 14; പ്രവൃത്തികൾ 15:28, 29.
6. ഒരു രക്തപ്പകർച്ച സ്വീകരിക്കുന്നതു തെററാണോ? നാം രക്തം വർജിക്കാൻ യഹോവ ആവശ്യപ്പെടുന്നുവെന്ന് ഓർക്കുക. അതിന്റെ അർഥം നാം യാതൊരു വിധത്തിലും മററുളളവരുടെ രക്തമോ സംഭരിക്കപ്പെട്ട നമ്മുടെ സ്വന്തം രക്തം പോലുമോ നമ്മുടെ ശരീരങ്ങളിലേക്കു സ്വീകരിക്കരുതെന്നാണ്. (പ്രവൃത്തികൾ 21:25) അതുകൊണ്ടു സത്യക്രിസ്‌ത്യാനികൾ രക്തപ്പകർച്ച സ്വീകരിക്കുകയില്ല. അവർ രക്തരഹിത ഉത്‌പന്നങ്ങളുടെ പകർച്ചപോലെ മററു തരത്തിലുളള വൈദ്യചികിത്സ സ്വീകരിക്കും. അവർ ജീവിക്കാനാഗ്രഹിക്കുന്നു, എന്നാൽ ദൈവനിയമങ്ങൾ ലംഘിച്ചുകൊണ്ടു തങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയില്ല.—മത്തായി 16:25.
[25-ാം പേജിലെ ചിത്രം]
ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്, നാം രക്തപ്പകർച്ചകളും അശുദ്ധശീലങ്ങളും അനാവശ്യമായ ഭാഗ്യപരീക്ഷണങ്ങളും ഒഴിവാക്കണം