വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 21 പേ. 150-പേ. 152 ഖ. 5
  • തിരുവെഴുത്തുകൾ ശരിയായ ഊന്നൽ കൊടുത്തു വായിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തിരുവെഴുത്തുകൾ ശരിയായ ഊന്നൽ കൊടുത്തു വായിക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • തിരുവെഴുത്തുകൾ വായിക്കുകയും ബാധകമാക്കുകയും ചെയ്യൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ‘പരസ്യ വായനയിൽ ദത്തശ്രദ്ധനായിരിക്കുക’
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • തിരുവെഴുത്തുകൾ ബാധകമാകുന്ന വിധം കൃത്യമായി വ്യക്തമാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 21 പേ. 150-പേ. 152 ഖ. 5

പാഠം 21

തിരുവെഴുത്തുകൾ ശരിയായ ഊന്നൽ കൊടുത്തു വായിക്കൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌

നിങ്ങളുടെ വാദഗതിയെ എടുത്തുകാട്ടുന്ന പദങ്ങൾക്കും പദപ്രയോഗങ്ങൾക്കും ഊന്നൽ കൊടുക്കുക. അനുയോജ്യമായ വികാരഭാവത്തോടെ വായിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ശരിയായ ഊന്നൽ കൊടുക്കുന്നത്‌, വായിക്കുന്ന തിരുവെഴുത്തുകളുടെ മുഴു പ്രഭാവവും എടുത്തുനിൽക്കാൻ ഇടയാക്കുന്നു.

സ്വകാര്യമായിട്ടോ സ്റ്റേജിൽനിന്നോ ആയാലും, ദൈവോദ്ദേശ്യങ്ങളെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നിങ്ങളുടെ ചർച്ച ദൈവവചനത്തിൽ കേന്ദ്രീകൃതമായിരിക്കണം. ഇതിന്‌ സാധാരണഗതിയിൽ ബൈബിളിൽനിന്നു വാക്യങ്ങൾ വായിക്കേണ്ടത്‌ ആവശ്യമായി വരുന്നു. ഈ വായന നന്നായി നിർവഹിക്കേണ്ടതുണ്ട്‌.

ശരിയായ ഊന്നലിൽ വികാരഭാവം ഉൾപ്പെടുന്നു. തിരുവെഴുത്തുകൾ വികാരഭാവത്തോടെ വേണം വായിക്കാൻ. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക. സങ്കീർത്തനം 37:11 ഉച്ചത്തിൽ വായിക്കുമ്പോൾ, അവിടെ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന സമാധാനപൂർണമായ അവസ്ഥ വരാൻ പോകുന്നതിലുള്ള സന്തോഷം നിങ്ങളുടെ ശബ്ദത്തിൽ ധ്വനിക്കണം. കഷ്ടപ്പാടും മരണവും നീങ്ങിപ്പോകുന്നതിനെ കുറിച്ചു പറഞ്ഞിരിക്കുന്ന വെളിപ്പാടു 21-ന്റെ 4, 5 വാക്യങ്ങളാണു നിങ്ങൾ വായിക്കുന്നതെങ്കിൽ, അവിടെ മുൻകൂട്ടി പറഞ്ഞിരിക്കുന്ന അത്ഭുതകരമായ വിടുതലിനോടുള്ള ഊഷ്‌മളമായ വിലമതിപ്പ്‌ നിങ്ങളുടെ ശബ്ദത്തിൽ നിഴലിക്കണം. പാപം കുന്നിക്കപ്പെട്ട “മഹതിയാം ബാബിലോൻ” വിട്ടുപോരാനുള്ള അഭ്യർഥന അടങ്ങുന്ന വെളിപ്പാടു 18:​2, 4, 5 വാക്യങ്ങൾ അടിയന്തിരത ധ്വനിക്കുന്ന വിധത്തിൽ വേണം വായിക്കാൻ. തീർച്ചയായും, നിങ്ങൾ പ്രകടിപ്പിക്കുന്ന വികാരഭാവം ഹൃദയത്തിൽനിന്നുള്ളത്‌ ആയിരിക്കണം. എന്നാൽ അത്‌ അമിതമായിപ്പോകാൻ പാടില്ല. എത്രമാത്രം വികാരഭാവം പ്രകടിപ്പിക്കുന്നത്‌ ഉചിതമായിരിക്കും എന്നു നിർണയിക്കുന്നത്‌ വാക്യവും അത്‌ ഉപയോഗിക്കുന്ന വിധവുമാണ്‌.

ശരിയായ പദങ്ങൾക്ക്‌ ഊന്നൽ നൽകുക. ഒരു വാക്യത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അതിന്റെ ഒരു ഭാഗത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണെങ്കിൽ വാക്യം വായിക്കുമ്പോൾ നിങ്ങൾ ആ ഭാഗം എടുത്തുകാണിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, മത്തായി 6:33 വായിക്കുമ്പോൾ, ‘മുമ്പെ അവന്റെ രാജ്യം അന്വേഷിപ്പിൻ’ എന്നതിന്റെ അർഥം വിശകലനം ചെയ്യാനാണു നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ “നീതിയും,” “ഇതൊക്കെയും” എന്നീ പദങ്ങൾക്കു നിങ്ങൾ മുഖ്യ ഊന്നൽ നൽകാൻ പാടില്ല.

സേവനയോഗത്തിലെ ഒരു പ്രസംഗത്തിൽ, നിങ്ങൾ മത്തായി 28:​19, 20എ വായിക്കാൻ തീരുമാനിച്ചേക്കാം. ഏതു വാക്കുകൾക്കാണ്‌ ഊന്നൽ നൽകേണ്ടത്‌? ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിൽ ശുഷ്‌കാന്തി കാട്ടാൻ സദസ്സിനെ പ്രോത്സാഹിപ്പിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, “ശിഷ്യരാക്കിക്കൊൾവിൻ” എന്ന പ്രയോഗത്തിന്‌ ഊന്നൽ നൽകുക. അതേസമയം, മറ്റു ദേശങ്ങളിൽനിന്നു കുടിയേറി പാർക്കുന്നവരുമായി ബൈബിൾ സത്യം പങ്കുവെക്കാനുള്ള ക്രിസ്‌ത്യാനികളുടെ ഉത്തരവാദിത്വത്തെ കുറിച്ചു ചർച്ച ചെയ്യാനോ ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിനു ചില പ്രസാധകരെ പ്രോത്സാഹിപ്പിക്കാനോ ആണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ, ഊന്നൽ നൽകേണ്ടത്‌ “സകലജാതികളെയും” എന്ന പ്രയോഗത്തിനായിരിക്കും.

പലപ്പോഴും, ഒരു ചോദ്യത്തിന്റെ ഉത്തരമായിട്ടോ മറ്റുള്ളവർ വിവാദാത്മകമായി കാണുന്ന ഒരു വാദമുഖത്തെ പിന്തുണയ്‌ക്കാനോ ഒരു തിരുവെഴുത്ത്‌ അവതരിപ്പിക്കാറുണ്ട്‌. വാക്യത്തിലെ എല്ലാ ആശയങ്ങൾക്കും ഒരേപോലെ ഊന്നൽ നൽകുന്ന പക്ഷം, നിങ്ങളുടെ സദസ്സിന്‌ ആ വാദമുഖവും ഉപയോഗിക്കുന്ന തിരുവെഴുത്തും തമ്മിലുള്ള ബന്ധം കാണാൻ കഴിയാതെ വന്നേക്കാം. ആശയം നിങ്ങൾക്കു വ്യക്തമായിരിക്കാം. എന്നാൽ സദസ്യർക്ക്‌ അങ്ങനെ ആയിരിക്കണമെന്നില്ല.

ഉദാഹരണത്തിന്‌, ദിവ്യനാമം ഉൾക്കൊള്ളുന്ന ഒരു ബൈബിളിൽനിന്ന്‌ സങ്കീർത്തനം 83:18 വായിക്കുമ്പോൾ, ഊന്നൽ മുഴുവനും നിങ്ങൾ “അത്യുന്നതൻ” എന്ന പദത്തിനു നൽകുന്ന പക്ഷം, ദൈവത്തിന്‌ ഒരു വ്യക്തിഗത നാമമുണ്ടെന്ന സ്‌പഷ്ടമായ വസ്‌തുത ഗ്രഹിക്കാൻ വീട്ടുകാരൻ പരാജയപ്പെട്ടേക്കാം. നിങ്ങൾ “യഹോവ” എന്ന പേരിന്‌ ഊന്നൽ നൽകേണ്ടതുണ്ട്‌. എന്നാൽ, യഹോവയുടെ പരമാധികാരത്തെ കുറിച്ചു ചർച്ച ചെയ്യുമ്പോഴാണ്‌ ആ തിരുവെഴുത്ത്‌ ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾ “അത്യുന്നതൻ” എന്ന പദത്തിനു വേണം മുഖ്യ ഊന്നൽ കൊടുക്കാൻ. സമാനമായി, വിശ്വാസത്തോടൊപ്പം പ്രവൃത്തി ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കാൻ യാക്കോബ്‌ 2:24 ഉപയോഗിക്കുമ്പോൾ “പ്രവൃത്തികളാൽ” എന്നതിനു പകരം “നീതീകരിക്കപ്പെടുന്നു” എന്നതിനു മുഖ്യ ഊന്നൽ നൽകിയാൽ നിങ്ങളുടെ കേൾവിക്കാരിൽ ചിലർക്ക്‌ ആശയം മനസ്സിലാകാതെ പോയേക്കാം.

സഹായകമായ മറ്റൊരു ഉദാഹരണം റോമർ 15:​7-13-ൽ കാണാൻ കഴിയും. വിജാതീയരും സ്വാഭാവിക യഹൂദന്മാരും അടങ്ങുന്ന ഒരു സഭയ്‌ക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണ്‌ അത്‌. ക്രിസ്‌തുവിന്റെ ശുശ്രൂഷ പരിച്ഛേദനയേറ്റ യഹൂദന്മാർക്കു മാത്രമല്ല, “ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരി”ക്കേണ്ടതിന്‌ ജാതികൾക്കും പ്രയോജനം ചെയ്യുന്നതായി അപ്പൊസ്‌തലൻ അവിടെ ന്യായവാദം ചെയ്യുന്നു. തുടർന്ന്‌ പൗലൊസ്‌ ജാതികൾക്കുള്ള ആ അവസരത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ നാലു തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നു. പൗലൊസിന്റെ മനസ്സിലുണ്ടായിരുന്ന ആശയത്തിന്‌ ഊന്നൽ നൽകി നിങ്ങൾക്ക്‌ ആ ഉദ്ധരണികൾ എങ്ങനെ വായിക്കാൻ കഴിയും? ഊന്നൽ കൊടുക്കേണ്ട പദങ്ങൾ നിങ്ങൾ അടയാളപ്പെടുത്തുന്നുണ്ടെങ്കിൽ, 10-ാം വാക്യത്തിലെ “ജാതികളുടെ,” 11-ാം വാക്യത്തിലെ “ജാതികളേ,” “സകലജാതികളുമായുള്ളോരേ,” “സകല വംശങ്ങളും” 12-ാം വാക്യത്തിലെ “ജാതികളെ,” “ജാതികൾ” എന്നിവ നിങ്ങൾ അടയാളപ്പെടുത്തിയേക്കാം. അപ്രകാരം ഊന്നൽ നൽകിക്കൊണ്ട്‌ റോമർ 15:​7-13 വായിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യവേ, പൗലൊസിന്റെ മുഴു വാദഗതിയും കൂടുതൽ വ്യക്തവും മനസ്സിലാക്കാൻ കൂടുതൽ എളുപ്പമുള്ളതും ആയിത്തീരും.

ഊന്നൽ നൽകാനുള്ള മാർഗങ്ങൾ. മുന്തിനിൽക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന, ആശയ ദ്യോതകങ്ങളായ പദങ്ങൾക്കു പല വിധങ്ങളിൽ ഊന്നൽ നൽകാൻ കഴിയും. അതിനു നിങ്ങൾ അവലംബിക്കുന്ന മാർഗം തിരുവെഴുത്തിനും പ്രസംഗത്തിന്റെ രംഗവിധാനത്തിനും അനുയോജ്യമായിരിക്കണം. ഏതാനും നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു.

ശബ്ദവ്യതിയാനത്താലുള്ള ഊന്നൽ. ആശയദ്യോതകങ്ങളായ പദങ്ങൾ വാചകത്തിന്റെ ശേഷിച്ച ഭാഗത്തെ അപേക്ഷിച്ചു മുന്തിനിൽക്കാൻ ഇടയാക്കുന്ന ഏതു ശബ്ദവ്യതിയാനവും ഇതിൽ പെടും. ശബ്ദവ്യാപ്‌തിയിൽ വ്യത്യാസം വരുത്തിക്കൊണ്ട്‌, അതായത്‌ ശബ്ദവ്യാപ്‌തി വർധിപ്പിച്ചുകൊണ്ടോ കുറച്ചുകൊണ്ടോ ഊന്നൽ നൽകാവുന്നതാണ്‌. പല ഭാഷകളിലും സ്ഥായിയിലുള്ള മാറ്റം ഊന്നലിന്‌ ഇടയാക്കുന്നു. എന്നിരുന്നാലും, ചില ഭാഷകളിൽ സ്ഥായിയിൽ വരുന്ന മാറ്റം പദങ്ങളുടെ അർഥംതന്നെ പാടേ മാറിപ്പോകാൻ ഇടയാക്കിയേക്കാം. മുഖ്യ പദപ്രയോഗങ്ങൾ വേഗം കുറച്ചു പറയുമ്പോൾ അവയ്‌ക്കു ഗൗരവം കൈവരുന്നു. ശബ്ദവ്യതിയാനത്താൽ പ്രത്യേക പദങ്ങൾക്ക്‌ ഊന്നൽ നൽകാൻ കഴിയാത്ത ഭാഷകളിൽ, ഉദ്ദിഷ്ട ഫലം ലഭിക്കുന്നതിന്‌ ആ ഭാഷയിൽ സാധാരണമായി അവലംബിച്ചുവരുന്ന രീതി സ്വീകരിക്കേണ്ടതായി വരും.

നിറുത്തൽ. ഒരു തിരുവെഴുത്തിന്റെ മുഖ്യ ഭാഗം വായിക്കുന്നതിനു മുമ്പോ പിമ്പോ അല്ലെങ്കിൽ രണ്ടു സമയത്തുമോ ഇതു ചെയ്യാവുന്നതാണ്‌. ഒരു മുഖ്യ ആശയം വായിക്കുന്നതിനു തൊട്ടു മുമ്പ്‌ നിറുത്തുന്നത്‌ പ്രതീക്ഷ ഉണർത്തുന്നു; വായിച്ച ശേഷം നിറുത്തുന്നത്‌ കേട്ട കാര്യം കൂടുതൽ ആഴത്തിൽ പതിയാൻ ഇടയാക്കുന്നു. എന്നിരുന്നാലും, വളരെയധികം പ്രാവശ്യം നിറുത്തുന്ന പക്ഷം യാതൊന്നും മുന്തി നിൽക്കില്ല.

ആവർത്തനം. ഇടയ്‌ക്കുവെച്ചു വായന നിറുത്തി പദമോ പദപ്രയോഗമോ വീണ്ടും വായിക്കുന്നതിനാൽ നിങ്ങൾക്ക്‌ ഒരു പ്രത്യേക പോയിന്റിന്‌ ഊന്നൽ നൽകാനാകും. കൂടാതെ, വാക്യം മുഴുവനും വായിച്ച ശേഷം മുഖ്യ പദപ്രയോഗം ആവർത്തിക്കുന്നതിലൂടെയും ഇതു ചെയ്യാവുന്നതാണ്‌. എന്നാൽ രണ്ടാമതു പറഞ്ഞതാണു പലപ്പോഴും കൂടുതൽ അഭികാമ്യം.

ആംഗ്യങ്ങൾ. ഒരു പദത്തിനോ പദപ്രയോഗത്തിനോ വികാരം പകരാൻ പലപ്പോഴും ശരീരചലനത്തിനും മുഖഭാവത്തിനും കഴിയും.

ശബ്ദത്തിന്റെ ഭാവം. ചില ഭാഷകളിൽ, പദങ്ങളുടെ അർഥത്തെ സ്വാധീനിക്കുകയും അവയെ വേർതിരിച്ചു നിറുത്തുകയും ചെയ്യുന്ന ഒരു ഭാവത്തിൽ പദങ്ങൾ ചിലപ്പോഴൊക്കെ വായിക്കാൻ കഴിയും. എന്നാൽ ഇവിടെയും വിവേചന ഉപയോഗിക്കണം, പ്രത്യേകിച്ചും ആക്ഷേപ ഭാവത്തിൽ വായിക്കുമ്പോൾ.

മറ്റുള്ളവർ വാക്യങ്ങൾ വായിക്കുമ്പോൾ. വീട്ടുകാരൻ ഒരു തിരുവെഴുത്തു വായിക്കുമ്പോൾ അദ്ദേഹം ആവശ്യമില്ലാത്ത പദങ്ങൾക്ക്‌ ഊന്നൽ നൽകിയേക്കാം. ഒരു പദത്തിനും ഊന്നൽ നൽകിയില്ലെന്നും വരാം. അപ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? ആ തിരുവെഴുത്ത്‌ എങ്ങനെ ബാധകമാകുന്നു എന്നു വ്യക്തമാക്കിക്കൊണ്ട്‌ അർഥം സ്‌പഷ്ടമാക്കുന്നതാണു സാധാരണഗതിയിൽ ഏറ്റവും നല്ലത്‌. തുടർന്ന്‌ ആ വാക്യത്തിലെ ആശയദ്യോതകങ്ങളായ പദങ്ങളിൽ നിങ്ങൾക്കു നേരിട്ടു സവിശേഷ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്‌.

ഊന്നൽ കൊടുക്കാൻ പഠിക്കാവുന്ന വിധം

  • നിങ്ങൾ ഏതു തിരുവെഴുത്തു വായിക്കാൻ ഉദ്ദേശിച്ചാലും അതേക്കുറിച്ചു സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ വാക്കുകളിൽ അന്തർലീനമായിരിക്കുന്ന വികാരം എന്താണ്‌? ഞാൻ അത്‌ എങ്ങനെയാണു ദ്യോതിപ്പിക്കേണ്ടത്‌?’

  • നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തിരുവെഴുത്തുകൾ അപഗ്രഥിക്കുക. ഓരോ തിരുവെഴുത്തിനെ കുറിച്ചും സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ തിരുവെഴുത്ത്‌ എന്ത്‌ ഉദ്ദേശ്യമാണു സാധിക്കാൻ പോകുന്നത്‌? ആ ഉദ്ദേശ്യം സാധിക്കുന്നതിന്‌ ഏതെല്ലാം വാക്കുകൾക്കാണ്‌ ഊന്നൽ കൊടുക്കേണ്ടത്‌?’

അഭ്യാസങ്ങൾ: (1) നിങ്ങൾ വയൽസേവനത്തിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഒരു തിരുവെഴുത്ത്‌ അപഗ്രഥിക്കുക. അനുയോജ്യമായ വികാരഭാവത്തോടെ അതു വായിച്ചു പരിശീലിക്കുക. ആ തിരുവെഴുത്ത്‌ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വിധം മനസ്സിൽ പിടിച്ചുകൊണ്ട്‌, ശരിയായ പദത്തിന്‌/പദങ്ങൾക്ക്‌ ഊന്നൽ നൽകി അത്‌ ഉച്ചത്തിൽ വായിക്കുക. (2) ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസിദ്ധീകരണത്തിൽനിന്ന്‌ തിരുവെഴുത്ത്‌ ഉദ്ധരണികളുള്ള ഒരു ഖണ്ഡിക തിരഞ്ഞെടുക്കുക. തിരുവെഴുത്തുകൾ ഉപയോഗിച്ചിരിക്കുന്ന വിധം അപഗ്രഥിക്കുക. ആശയദ്യോതകങ്ങളായ പദങ്ങൾ അടയാളപ്പെടുത്തുക. തിരുവെഴുത്തുകൾക്കു ശരിയായ ഊന്നൽ നൽകുന്ന വിധത്തിൽ മുഴു ഖണ്ഡികയും ഉറക്കെ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക