വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 38 പേ. 215-പേ. 219 ഖ. 2
  • താത്‌പര്യം ജനിപ്പിക്കുന്ന മുഖവുര

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • താത്‌പര്യം ജനിപ്പിക്കുന്ന മുഖവുര
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ഫലപ്രദമായ മുഖവുരകൾ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • 1 യോഹന്നാൻ—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • 2 യോഹന്നാൻ—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • 3 യോഹന്നാൻ—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 38 പേ. 215-പേ. 219 ഖ. 2

പാഠം 38

താത്‌പര്യം ജനിപ്പിക്കുന്ന മുഖവുര

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

പ്രാരംഭ വാചകങ്ങളിൽ, സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതും നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ നേരിട്ട്‌ ഉപകരിക്കുന്നതുമായ ഒരു പ്രസക്ത കാര്യം പറയുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

നിങ്ങൾ പറയുന്നതിനു ചിലയാളുകൾ ശ്രദ്ധ കൊടുക്കുമോ എന്നും എത്രമാത്രം ശ്രദ്ധ കൊടുക്കുമെന്നും നിങ്ങളുടെ മുഖവുര നിർണയിച്ചേക്കാം.

മുഖവുര ഏതൊരു പ്രസംഗത്തിന്റെയും ഒരു മർമപ്രധാന ഭാഗമാണ്‌. സദസ്സിന്റെ താത്‌പര്യം ശരിക്കും ഉണർത്തുന്ന പക്ഷം, നിങ്ങൾ തുടർന്നു പറയുന്ന കാര്യങ്ങൾക്ക്‌ ഏകാഗ്രമായ ശ്രദ്ധ കൊടുക്കാൻ അവർ കൂടുതൽ ചായ്‌വുള്ളവരായിരിക്കും. വയൽശുശ്രൂഷയിൽ നിങ്ങൾ ഉപയോഗിക്കുന്ന മുഖവുര താത്‌പര്യം ഉണർത്തുന്നതല്ലെങ്കിൽ നിങ്ങൾക്ക്‌ അവതരണം തുടരാൻ കഴിഞ്ഞെന്നു വരില്ല. രാജ്യഹാളിൽ പ്രസംഗം നടത്തുമ്പോൾ നിങ്ങൾക്കു സദസ്സിന്റെ താത്‌പര്യം പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ, അവർ രാജ്യഹാളിൽനിന്ന്‌ ഇറങ്ങിപ്പോകുകയില്ലെങ്കിലും അവരുടെ മനസ്സ്‌ മറ്റു പല കാര്യങ്ങളിലും മുഴുകിയേക്കാം.

മുഖവുര തയ്യാറാകുമ്പോൾ പിൻവരുന്ന ലക്ഷ്യങ്ങൾ മനസ്സിൽ പിടിക്കുക: (1) സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റൽ, (2) വിഷയം വ്യക്തമായി തിരിച്ചറിയിക്കൽ, (3) വിഷയം സദസ്സിനു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നു വ്യക്തമാക്കൽ. ചില സന്ദർഭങ്ങളിൽ ഈ മൂന്നു ലക്ഷ്യങ്ങളും ഏതാണ്ട്‌ ഒരേ സമയത്തു കൈവരിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, മറ്റു ചിലപ്പോൾ അവയ്‌ക്കു വെവ്വേറെ ആയിരിക്കും ശ്രദ്ധ നൽകപ്പെടുക. ശ്രദ്ധ നൽകപ്പെടുന്നത്‌ മേൽപ്പറഞ്ഞ ക്രമത്തിൽത്തന്നെ ആയിരിക്കണമെന്നുമില്ല.

സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന വിധം. ആളുകൾ ഒരു പ്രസംഗം കേൾക്കാൻ കൂടിവന്നിരിക്കുന്നു എന്നതിനാൽ അവർ വിഷയത്തിന്‌ അവിഭാജ്യ ശ്രദ്ധ നൽകാൻ ഒരുങ്ങിയിരിക്കുന്നു എന്ന്‌ അർഥമില്ല. എന്തുകൊണ്ട്‌? ശ്രദ്ധ ആവശ്യപ്പെടുന്ന ഒട്ടേറെ സംഗതികൾകൊണ്ട്‌ നിറഞ്ഞതാണ്‌ അവരുടെ ജീവിതം. വീട്ടിലെ ഒരു പ്രശ്‌നമോ മറ്റെന്തെങ്കിലും ഉത്‌കണ്‌ഠയോ അവരെ ആകുലപ്പെടുത്തുന്നുണ്ടാകാം. പ്രസംഗകൻ എന്ന നിലയിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളി സദസ്സിന്റെ ശ്രദ്ധ പിടിച്ചെടുക്കുകയും അതു പിടിച്ചുനിറുത്തുകയും ചെയ്യുക എന്നതാണ്‌. നിങ്ങൾക്ക്‌ ഇത്‌ ഒന്നിലേറെ വിധങ്ങളിൽ ചെയ്യാൻ കഴിയും.

നൽകപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രശസ്‌തമായ ഒരു പ്രഭാഷണമാണ്‌ ഗിരിപ്രഭാഷണം. അതിന്റെ തുടക്കം എങ്ങനെയായിരുന്നു? ലൂക്കൊസിന്റെ വിവരണം അനുസരിച്ച്‌, യേശു ഇങ്ങനെ പറഞ്ഞു: ‘ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; മനുഷ്യർ നിങ്ങളെ ദ്വേഷിക്കുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.’ (ലൂക്കൊ. 6:20-22) അത്‌ എന്തുകൊണ്ടാണു താത്‌പര്യം ഉണർത്തിയത്‌? തന്റെ ശ്രോതാക്കൾ ഗുരുതരമായ ചില പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതായി താൻ മനസ്സിലാക്കുന്നുവെന്ന്‌ ഏതാനും വാക്കുകളിൽ യേശു സൂചിപ്പിച്ചു. തുടർന്ന്‌ ആ പ്രശ്‌നങ്ങളെ കുറിച്ചു സവിസ്‌തരം ചർച്ച ചെയ്യുന്നതിനു പകരം, അവ അഭിമുഖീകരിക്കുന്നവർക്കും സന്തുഷ്ടരായിരിക്കാൻ കഴിയും എന്ന്‌ അവൻ ചൂണ്ടിക്കാട്ടി. കൂടുതൽ കേൾക്കാൻ തന്റെ ശ്രോതാക്കളിൽ ആഗ്രഹം ജനിപ്പിക്കുന്ന ഒരു വിധത്തിലാണ്‌ അവൻ അതു ചെയ്‌തത്‌.

താത്‌പര്യം ഉണർത്തുന്നതിന്‌ ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കാൻ കഴിയും. എന്നാൽ അവ ശരിയായ തരത്തിലുള്ളവ ആയിരിക്കണമെന്നു മാത്രം. തങ്ങൾ മുമ്പു കേട്ടിട്ടുള്ള കാര്യങ്ങളെ കുറിച്ചു മാത്രമാണു നിങ്ങൾ സംസാരിക്കാൻ പോകുന്നതെന്ന്‌ നിങ്ങളുടെ ചോദ്യങ്ങൾ സൂചിപ്പിക്കുന്നെങ്കിൽ സദസ്സിന്റെ താത്‌പര്യം പെട്ടെന്നു കെട്ടടങ്ങിയേക്കാം. സദസ്യരെ അസ്വസ്ഥരാക്കുകയോ അവരെ മോശമായി ചിത്രീകരിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കരുത്‌. പകരം ശ്രോതാക്കളുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നതരം ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുക. മനസ്സിൽ ഉത്തരം പറയുന്നതിനു ശ്രോതാക്കൾക്കു സമയം ലഭിക്കത്തക്കവണ്ണം ഓരോ ചോദ്യത്തിനു ശേഷവും അൽപ്പ സമയം നിറുത്തുക. അവർ നിങ്ങളുമായി ഒരു മാനസിക സംഭാഷണത്തിൽ ഏർപ്പെടുകയാണെന്ന്‌ അവർക്കു തോന്നുമ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങളിൽ അവർ ശ്രദ്ധിച്ചിരിക്കും.

യഥാർഥ ജീവിതാനുഭവം ഉപയോഗിക്കുന്നത്‌ ശ്രദ്ധ പിടിച്ചുപറ്റാനുള്ള മറ്റൊരു നല്ല മാർഗമാണ്‌. എന്നാൽ അനുഭവം നിങ്ങളുടെ സദസ്സിലുള്ള ആരെയെങ്കിലും അസ്വസ്ഥനാക്കുന്നെങ്കിൽ അതു പറയുന്നതുകൊണ്ട്‌ നിങ്ങളുടെ ഉദ്ദേശ്യം സാധിക്കില്ല. നിങ്ങൾ പറഞ്ഞ അനുഭവം ശ്രോതാക്കൾ ഓർത്തിരുന്നേക്കാമെങ്കിലും അതിൽ ഉൾക്കൊണ്ടിരിക്കുന്ന പാഠം മറന്നുപോകുന്നെങ്കിൽ നിങ്ങൾക്കു ലക്ഷ്യം കൈവരിക്കാനായെന്നു പറയാനാവില്ല. മുഖവുരയിൽ ഒരു അനുഭവം ഉപയോഗിക്കുമ്പോൾ അത്‌ പ്രസംഗത്തിന്റെ ഉടലിലെ ഒരു കാതലായ വശത്തിന്‌ അടിസ്ഥാനമായി ഉതകണം. വിവരണം ജീവസ്സുറ്റത്‌ ആക്കിത്തീർക്കാൻ ചില വിശദാംശങ്ങൾ ആവശ്യമായിരുന്നേക്കാമെങ്കിലും, അനുഭവങ്ങൾ അനാവശ്യമായി വലിച്ചുനീട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ചില പ്രസംഗകർ അടുത്തകാലത്ത്‌ വാർത്തയിൽ വന്ന ഒരു സംഗതിയോ പ്രാദേശിക പത്രത്തിൽനിന്നുള്ള ഒരു ഉദ്ധരണിയോ ഒരു ആധികാരിക ഉറവിടത്തിൽ നിന്നുള്ള പ്രസ്‌താവനയോ അവതരിപ്പിച്ചുകൊണ്ടായിരിക്കും പ്രസംഗം ആരംഭിക്കുക. ഇവയും ഫലപ്രദമായിരിക്കാൻ കഴിയും. എന്നാൽ അവ വിഷയത്തിനു നന്നായി ഇണങ്ങുന്നതും സദസ്സിന്‌ അനുയോജ്യവും ആയിരിക്കണം.

നിങ്ങളുടെ പ്രസംഗം ഒരു സിമ്പോസിയത്തിന്റെയോ സേവനയോഗത്തിന്റെയോ ഭാഗമാണെങ്കിൽ, ഹ്രസ്വവും കുറിക്കുകൊള്ളുന്നതുമായ മുഖവുര ഉപയോഗിക്കുന്നതാണ്‌ സാധാരണഗതിയിൽ ഏറ്റവും നല്ലത്‌. നിങ്ങൾ ഒരു പരസ്യപ്രസംഗമാണ്‌ നടത്തുന്നതെങ്കിൽ മുഖവുരയ്‌ക്ക്‌ അനുവദിച്ചിരിക്കുന്ന സമയത്തോട്‌ അടുത്തു പറ്റിനിൽക്കുക. സദസ്സിന്‌ ഏറ്റവും മൂല്യവത്തായിരിക്കുന്ന വിവരങ്ങൾ പ്രസംഗത്തിന്റെ ഉടലിലാണ്‌ ഉള്ളത്‌.

സംശയാലുക്കളോ ശത്രുതാ മനോഭാവം ഉള്ളവരോപോലും ആയ ഒരു കൂട്ടം ആളുകളോട്‌ ചില സന്ദർഭങ്ങളിൽ നിങ്ങൾക്കു സംസാരിക്കേണ്ടി വന്നേക്കാം. നിങ്ങൾക്ക്‌ എങ്ങനെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞേക്കും? ‘ആത്മാവും ജ്ഞാനവും നിറഞ്ഞവൻ’ എന്നു വർണിക്കപ്പെട്ടിരിക്കുന്ന സ്‌തെഫാനൊസ്‌ എന്ന ഒരു ആദിമ ക്രിസ്‌ത്യാനിയെ യഹൂദ ന്യായാധിപസംഘത്തിനു മുമ്പാകെ ബലാത്‌കാരേണ ഹാജരാക്കുകയുണ്ടായി. അവിടെവെച്ച്‌ അവൻ ക്രിസ്‌ത്യാനിത്വത്തിനു വേണ്ടി വാചാലമായി പ്രതിവാദം നടത്തി. അവൻ എങ്ങനെയാണ്‌ ആരംഭിച്ചത്‌? ആദരവോടുകൂടിയ ഒരു വിധത്തിൽ, ഇരുകൂട്ടരും അംഗീകരിക്കുന്ന ഒരു കാര്യം, അതായത്‌ ‘സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി’ എന്നു പറഞ്ഞുകൊണ്ട്‌. (പ്രവൃ. 6:3; 7:2) അഥേനയിലെ അരയോപഗയിൽവെച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വളരെ വ്യത്യസ്‌തമായ ഒരു സദസ്സിനു ചേരുന്ന തരത്തിലുള്ള ഒരു മുഖവുര ഉപയോഗിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാററിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.” (പ്രവൃ. 17:22) ഫലകരമായ മുഖവുരകൾ ഉപയോഗിച്ചതിന്റെ ഫലമായി രണ്ടു പേരുടെയും സദസ്യർ കൂടുതൽ കേൾക്കാൻ മനസ്സൊരുക്കം കാണിച്ചു.

സമാനമായി, വയൽസേവനത്തിൽ ആയിരിക്കുമ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കും ആളുകളുടെ ശ്രദ്ധ ലഭിക്കേണ്ടത്‌ ആവശ്യമാണ്‌. നിങ്ങളുടെ സന്ദർശനം മുൻകൂട്ടി ക്രമീകരിച്ച ഒന്നല്ലെങ്കിൽ വീട്ടുകാരൻ മറ്റു കാര്യങ്ങളിൽ വ്യാപൃതനായിരിക്കാം. ലോകത്തിന്റെ ചില ഭാഗങ്ങളിൽ, ക്ഷണിക്കപ്പെടാതെ എത്തുന്ന സന്ദർശകർ പെട്ടെന്നുതന്നെ തങ്ങൾ വന്ന കാര്യത്തിലേക്കു കടക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. മറ്റു ചിലയിടങ്ങളിൽ, സന്ദർശന ഉദ്ദേശ്യം പറയുന്നതിനു മുമ്പ്‌, നാട്ടുനടപ്പ്‌ അനുസരിച്ച്‌ ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്‌.​—ലൂക്കൊ. 10:⁠5.

സംഗതി എന്തായാലും, ആത്മാർഥമായ സൗഹൃദഭാവം ഒരു സംഭാഷണത്തിന്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചേക്കാം. വീട്ടുകാരന്റെ മനസ്സിലുള്ള സംഗതിയോടു നേരിട്ടു ബന്ധമുള്ള ഒരു കാര്യം പറഞ്ഞുകൊണ്ട്‌ സംസാരം തുടങ്ങുന്നതു പലപ്പോഴും പ്രയോജനകരമാണ്‌. പറയേണ്ടത്‌ എന്താണെന്നു നിങ്ങൾക്ക്‌ എങ്ങനെ നിർണയിക്കാൻ കഴിയും? അതിനു വഴിയുണ്ട്‌. നിങ്ങൾ ആ വ്യക്തിയെ സമീപിക്കുമ്പോൾ അദ്ദേഹം എന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണോ? ഒരുപക്ഷേ അദ്ദേഹം കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുകയോ മുറ്റത്ത്‌ എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുകയോ വാഹനം നന്നാക്കുകയോ പാചകം ചെയ്യുകയോ തുണി കഴുകുകയോ കുട്ടികളുടെ കാര്യം നോക്കുകയോ മറ്റോ ആകാം. അദ്ദേഹം പത്രത്തിലോ തെരുവിൽ നടക്കുന്ന എന്തെങ്കിലും പ്രവർത്തനത്തിലോ മറ്റോ ശ്രദ്ധിച്ചിരിക്കുകയാണോ? അദ്ദേഹത്തിന്റെ ചുറ്റുപാടുകൾ, അദ്ദേഹത്തിനു മത്സ്യബന്ധനത്തിലോ സ്‌പോർട്‌സിലോ സംഗീതത്തിലോ യാത്രയിലോ കമ്പ്യൂട്ടറുകളിലോ മറ്റ്‌ എന്തിലെങ്കിലുമോ പ്രത്യേക താത്‌പര്യമുള്ളതായി സൂചിപ്പിക്കുന്നുവോ? ആളുകൾ പലപ്പോഴും അടുത്തയിടെ റേഡിയോയിൽ കേട്ടതോ ടെലിവിഷനിൽ കണ്ടതോ ആയ കാര്യങ്ങളിൽ താത്‌പര്യമുള്ളവരാണ്‌. അത്തരത്തിലുള്ള എന്തിനെയെങ്കിലും കുറിച്ച്‌ ഒരു ചോദ്യം ചോദിക്കുന്നതോ ഹ്രസ്വമായ അഭിപ്രായം പറയുന്നതോ അവരുമായുള്ള ഒരു സൗഹൃദ സംഭാഷണത്തിനു വഴി തുറന്നേക്കാം.

യേശു സുഖാറിനു സമീപമുള്ള ഒരു കിണറ്റിനരികെവെച്ച്‌ ഒരു ശമര്യസ്‌ത്രീയോടു സംസാരിച്ച സന്ദർഭം, സാക്ഷ്യം നൽകുക എന്ന ഉദ്ദേശ്യത്തോടെ സംഭാഷണം ആരംഭിക്കേണ്ടത്‌ എങ്ങനെയാണ്‌ എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്‌.​—യോഹ. 4:5-26.

നിങ്ങൾ മുഖവുര ശ്രദ്ധാപൂർവം തയ്യാറാകേണ്ടതുണ്ട്‌, പ്രത്യേകിച്ചും നിങ്ങളുടെ സഭയുടെ പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചു തീർക്കുന്നതാണെങ്കിൽ. അല്ലാത്തപക്ഷം നിങ്ങൾക്കു സാക്ഷ്യം നൽകാൻ കഴിഞ്ഞെന്നു വരില്ല.

നിങ്ങളുടെ വിഷയം തിരിച്ചറിയിക്കുക. ക്രിസ്‌തീയ സഭയിൽ, ഒരു അധ്യക്ഷൻ അല്ലെങ്കിൽ നിങ്ങൾക്കു തൊട്ടുമുമ്പു പരിപാടി നടത്തുന്ന വ്യക്തി സാധാരണഗതിയിൽ നിങ്ങളുടെ പ്രസംഗത്തിന്റെ ശീർഷകം എന്താണെന്നു പറയുകയും സ്റ്റേജിലേക്കു നിങ്ങളെ ക്ഷണിക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങൾ ആമുഖ പ്രസ്‌താവനകളിൽ നിങ്ങളുടെ വിഷയത്തെ കുറിച്ചു സദസ്സിനെ ഓർമിപ്പിക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്‌തേക്കാം. പ്രതിപാദ്യവിഷയം അതേപടി പറഞ്ഞുകൊണ്ട്‌ നിങ്ങൾക്ക്‌ ഇതു ചെയ്യാൻ കഴിയും, എന്നാൽ അങ്ങനെ ആയിരിക്കണമെന്നുമില്ല. എങ്ങനെയായാലും, പ്രസംഗം പുരോഗമിക്കവേ പ്രതിപാദ്യവിഷയം ക്രമേണ ചുരുളഴിയണം. മുഖവുര അവതരിപ്പിക്കുമ്പോൾ, ഏതെങ്കിലും ഒരു വിധത്തിൽ നിങ്ങൾ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്‌.

തന്റെ ശിഷ്യന്മാരെ പ്രസംഗിക്കാനായി അയച്ചപ്പോൾ അവർ അറിയിക്കേണ്ട സന്ദേശം യേശു വ്യക്തമായി തിരിച്ചറിയിച്ചു. “നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ” എന്ന്‌ അവൻ അവരോടു പറഞ്ഞു. (മത്താ. 10:7) നമ്മുടെ നാളിനെ കുറിച്ച്‌ യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം . . . പ്രസംഗിക്കപ്പെടും.” (മത്താ. 24:14) ‘വചനം പ്രസംഗിക്കാൻ’ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. അതിന്റെ അർഥം സാക്ഷീകരിക്കുമ്പോൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു പറ്റിനിൽക്കണം എന്നാണ്‌. (2 തിമൊ. 4:2) എന്നിരുന്നാലും, ബൈബിൾ തുറക്കുന്നതിനോ രാജ്യത്തിലേക്കു ശ്രദ്ധ തിരിക്കുന്നതിനോ മുമ്പ്‌ ആനുകാലിക പ്രസക്തിയുള്ള ഒരു കാര്യം പറയേണ്ടതു പലപ്പോഴും ആവശ്യമാണ്‌. കുറ്റകൃത്യം, തൊഴിലില്ലായ്‌മ, അനീതി, യുദ്ധം, യുവജനങ്ങളെ സഹായിക്കാവുന്ന വിധം, രോഗം, മരണം ഇവയിൽ ഏതിനെയെങ്കിലും കുറിച്ചു നിങ്ങൾക്കു പറയാവുന്നതാണ്‌. എന്നാൽ നിഷേധാത്മക കാര്യങ്ങളെ കുറിച്ചു ദീർഘനേരം സംസാരിക്കരുത്‌; നിങ്ങളുടെ സന്ദേശം ക്രിയാത്മകമായ ഒന്നാണ്‌. ദൈവവചനത്തിലേക്കും രാജ്യപ്രത്യാശയിലേക്കും സംഭാഷണം തിരിച്ചുവിടാൻ ശ്രമിക്കുക.

വിഷയം സദസ്സിനു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നു വ്യക്തമാക്കുക. നിങ്ങൾ സഭയിലാണു സംസാരിക്കാൻ പോകുന്നതെങ്കിൽ, സദസ്യർ നിങ്ങൾ ചർച്ച ചെയ്യുന്ന വിഷയത്തിൽ പൊതുവേ തത്‌പരരായിരിക്കും എന്നു നിങ്ങൾക്കു ന്യായമായും ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌. എന്നാൽ ഒരു വ്യക്തി തന്നെ വളരെയേറെ സ്‌പർശിക്കുന്ന ഒരു കാര്യം മനസ്സിലാക്കുമ്പോൾ ശ്രദ്ധിക്കുന്നതുപോലെ അവർ ശ്രദ്ധിക്കുമോ? കേൾക്കുന്ന കാര്യം തങ്ങളുടെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്നു മനസ്സിലാക്കുന്നതുകൊണ്ടും അതു സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം നിങ്ങൾ അവരിൽ ഉണർത്തുന്നതുകൊണ്ടും അവർ ശ്രദ്ധ നൽകുമോ? നിങ്ങൾ ശ്രോതാക്കളെ കുറിച്ച്‌, അതായത്‌ അവരുടെ സാഹചര്യങ്ങൾ, ആകുലതകൾ, മനോഭാവങ്ങൾ എന്നിവയെ കുറിച്ചൊക്കെ പ്രസംഗം തയ്യാറാകുന്ന അവസരത്തിൽ ശ്രദ്ധാപൂർവം പരിചിന്തിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ. അങ്ങനെ ചെയ്‌തിരിക്കുന്നെങ്കിൽ, അതു സൂചിപ്പിക്കുന്ന എന്തെങ്കിലും നിങ്ങളുടെ മുഖവുരയിൽ ഉൾപ്പെടുത്തുക.

നിങ്ങൾ സ്റ്റേജിൽനിന്നു സംസാരിക്കുകയാണെങ്കിലും ഒരു വ്യക്തിയോടു സാക്ഷീകരിക്കുകയാണെങ്കിലും ഒരു വിഷയത്തിൽ താത്‌പര്യം ഉണർത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന്‌ സദസ്യരെ ഉൾപ്പെടുത്തുന്നതാണ്‌. അവരുടെ പ്രശ്‌നങ്ങൾ, ആവശ്യങ്ങൾ അല്ലെങ്കിൽ അവരുടെ മനസ്സിലുള്ള ചോദ്യങ്ങൾ നിങ്ങൾ ചർച്ച ചെയ്യുന്ന വിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിച്ചുകൊടുക്കുക. നിങ്ങൾ വിഷയത്തിന്റെ പൊതുവായ വശങ്ങൾക്ക്‌ അപ്പുറത്തേക്കു കടന്ന്‌ അതിന്റെ പ്രത്യേക വശങ്ങൾ ചർച്ച ചെയ്യാൻ പോകുകയാണെന്നു വ്യക്തമാക്കുന്നെങ്കിൽ അവർ അതീവ ശ്രദ്ധയോടെ കേൾക്കുന്നതായിരിക്കും. അപ്രകാരം ചെയ്യുന്നതിനു നിങ്ങൾ നന്നായി തയ്യാറാകേണ്ടതുണ്ട്‌.

അത്‌ എങ്ങനെ അവതരിപ്പിക്കണം? മുഖവുരയിൽ നിങ്ങൾ എന്തു പറയുന്നു എന്നത്‌ പരമ പ്രധാനമാണ്‌. എന്നാൽ നിങ്ങൾ അത്‌ എങ്ങനെ പറയുന്നു എന്നതിനും താത്‌പര്യം ഉണർത്തുന്നതിൽ വലിയൊരു പങ്കുണ്ട്‌. അതുകൊണ്ട്‌ നിങ്ങൾ പറയാൻ പോകുന്നത്‌ എന്താണെന്നു മാത്രമല്ല, നിങ്ങൾ എങ്ങനെയാണ്‌ അതു പറയാൻ പോകുന്നത്‌ എന്നും കൂടെ തയ്യാറാകേണ്ടതുണ്ട്‌.

നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ ശരിയായ പദങ്ങൾ ഉപയോഗിക്കുന്നതു പ്രധാനമാണ്‌. അതുകൊണ്ട്‌ ആദ്യത്തെ രണ്ടോ മൂന്നോ വാചകങ്ങൾ അതീവ ശ്രദ്ധയോടെ തയ്യാറാകുന്നതു പ്രയോജനകരമായി നിങ്ങൾ കണ്ടെത്തിയേക്കാം. ഹ്രസ്വവും ലളിതവുമായ വാചകങ്ങളാണു സാധാരണഗതിയിൽ ഏറ്റവും നല്ലത്‌. സഭയിൽ പ്രസംഗമുള്ളപ്പോൾ, ആ വാചകങ്ങൾ നിങ്ങളുടെ നോട്ടിൽ എഴുതിവെക്കാനോ മനഃപാഠമാക്കാനോ നിങ്ങൾ ആഗ്രഹിച്ചേക്കാം. അങ്ങനെയാകുമ്പോൾ നിങ്ങളുടെ പ്രാരംഭ വാക്കുകൾക്ക്‌ അവ അർഹിക്കുന്ന എല്ലാ പ്രഭാവവും ഉണ്ടായിരിക്കും. ഫലകരമായ ഒരു മുഖവുര തിരക്കുകൂട്ടാതെ അവതരിപ്പിക്കുന്നത്‌ പ്രസംഗത്തിന്റെ ശേഷിച്ച ഭാഗം നടത്താൻ ആവശ്യമായ സമചിത്തത കൈവരിക്കാൻ നിങ്ങളെ സഹായിക്കും.

അത്‌ എപ്പോൾ തയ്യാറാകണം? ഇതിനെ കുറിച്ച്‌ പലർക്കും പല അഭിപ്രായങ്ങളാണ്‌ ഉള്ളത്‌. പ്രസംഗം തയ്യാറാകുമ്പോൾ ആദ്യം തയ്യാറാകേണ്ടത്‌ മുഖവുരയാണെന്ന്‌ അനുഭവസമ്പന്നരായ ചില പ്രസംഗകർ കരുതുന്നു. പരസ്യമായ പ്രസംഗിക്കലിനെ കുറിച്ചു പഠിച്ചിട്ടുള്ള മറ്റു ചിലരുടെ അഭിപ്രായം, പ്രസംഗത്തിന്റെ ഉടൽ തയ്യാറാക്കി കഴിഞ്ഞു വേണം മുഖവുര തയ്യാറാകാൻ എന്നാണ്‌.

അനുയോജ്യമായ ഒരു മുഖവുരയുടെ വിശദാംശങ്ങൾ തയ്യാറാക്കാൻ കഴിയുന്നതിനു മുമ്പ്‌, നിങ്ങളുടെ വിഷയം എന്തെന്നും നിങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന മുഖ്യ പോയിന്റുകൾ ഏവയെന്നും തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. എന്നാൽ അച്ചടിച്ച ഒരു ബാഹ്യരേഖയിൽനിന്നാണ്‌ നിങ്ങൾ പ്രസംഗം തയ്യാറാകുന്നതെങ്കിലോ? ബാഹ്യരേഖ വായിച്ചു കഴിയുമ്പോൾ മുഖവുരയെ കുറിച്ച്‌ ഒരു രൂപം കിട്ടുന്നെങ്കിൽ അത്‌ എഴുതി വെക്കുന്നതുകൊണ്ട്‌ യാതൊരു കുഴപ്പവുമില്ല. കൂടാതെ നിങ്ങളുടെ മുഖവുര ഫലകരമായിരിക്കുന്നതിന്‌, നിങ്ങൾ സദസ്സിനെ കണക്കിലെടുക്കേണ്ടതുണ്ട്‌, ഒപ്പം ബാഹ്യരേഖയിലെ വിവരങ്ങളും.

അത്‌ ചെയ്യാവുന്ന വിധം

  • നിങ്ങളുടെ ശ്രോതാക്കളെ കുറിച്ച്‌, അതായത്‌ അവരുടെ സാഹചര്യങ്ങൾ, ആകുലതകൾ, മനോഭാവങ്ങൾ എന്നിവയെ കുറിച്ചും അവർക്ക്‌ നിങ്ങളുടെ വിഷയത്തെപ്പറ്റി ഇപ്പോൾത്തന്നെ എന്തറിയാം എന്നതിനെ കുറിച്ചും പരിചിന്തിക്കുക.

  • നിങ്ങളുടെ വിഷയത്തിൽ, ശ്രോതാക്കൾ പ്രത്യേക താത്‌പര്യം കാട്ടിയേക്കാവുന്ന, അവർക്കു മൂല്യവത്തായ എന്തുണ്ട്‌ എന്നു നിർണയിക്കുക.

അഭ്യാസങ്ങൾ: (1) വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നതിനു മുമ്പ്‌, നിങ്ങളുടെ സന്ദേശത്തിനും പ്രദേശത്തെ ഒരു സമീപകാല സംഭവത്തിനും ഇണങ്ങുന്ന ഒരു മുഖവുര തയ്യാറാകുക. (2) വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും അഞ്ചോ ആറോ ലേഖനങ്ങളിലെ പ്രാരംഭ ഖണ്ഡിക അവലോകനം ചെയ്യുക. ഓരോ മുഖവുരയെയും ഫലകരമാക്കിത്തീർക്കുന്നത്‌ എന്താണെന്നു നിങ്ങളോടുതന്നെ ചോദിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക