അധ്യായം നാല്
സകല പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ഒരുവൻ
1. യേശുവിന്റെ മനുഷ്യപൂർവ അസ്തിത്വം സംബന്ധിച്ച വസ്തുതകൾ യഹോവയുമായുള്ള അവന്റെ ബന്ധത്തെ കുറിച്ച് എന്തു വ്യക്തമാക്കുന്നു?
“പിതാവു പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു.” (യോഹന്നാൻ 5:20) തന്റെ പിതാവായ യഹോവയുമായി എത്ര ഊഷ്മളമായ ബന്ധമാണു പുത്രൻ ആസ്വദിച്ചിരുന്നത്! അവൻ മനുഷ്യനായി ജനിക്കുന്നതിന് എണ്ണമറ്റ യുഗങ്ങൾക്കു മുമ്പ്, അവൻ സൃഷ്ടിക്കപ്പെട്ട സമയത്തു തുടങ്ങിയതാണ് ആ ബന്ധത്തിന്റെ അടുപ്പം. ദൈവത്തിന്റെ ഏകജാത പുത്രൻ ആയിരുന്നു അവൻ, യഹോവയാൽ നേരിട്ടു സൃഷ്ടിക്കപ്പെട്ട ഏക വ്യക്തി. സ്വർഗത്തിലും ഭൂമിയിലുമുള്ള മറ്റെല്ലാം ആ പ്രിയപ്പെട്ട ആദ്യജാത പുത്രൻ മുഖാന്തരമാണു സൃഷ്ടിക്കപ്പെട്ടത്. (കൊലൊസ്സ്യർ 1:15, 16) അവൻ ദൈവത്തിന്റെ വചനമായി അഥവാ വക്താവായി, ദൈവം തന്റെ ഹിതം മറ്റുള്ളവരെ അറിയിക്കാൻ ഉപയോഗിച്ച വ്യക്തിയായി, സേവിച്ചു. ദൈവം വിശേഷാൽ പ്രിയപ്പെട്ടിരുന്ന ഈ പുത്രൻ മനുഷ്യനായ യേശുക്രിസ്തു ആയിത്തീർന്നു.—സദൃശവാക്യങ്ങൾ 8:22-30; യോഹന്നാൻ 1:14, 18; 12:49, 50.
2. ബൈബിൾ പ്രവചനങ്ങൾ ഏതളവോളം യേശുവിനെ കുറിച്ചു പരാമർശിച്ചിരിക്കുന്നു?
2 ദൈവത്തിന്റെ ആദ്യജാത പുത്രൻ ഒരു മനുഷ്യസ്ത്രീയുടെ ഗർഭാശയത്തിൽ അത്ഭുതകരമായി ഉരുവാകുന്നതിനു മുമ്പുതന്നെ അവനെ കുറിച്ചുള്ള അനേകം നിശ്വസ്ത പ്രവചനങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അപ്പൊസ്തലനായ പത്രൊസ് കൊർന്നേല്യൊസിനോട് ഇങ്ങനെ പറഞ്ഞു: “സകലപ്രവാചകന്മാരും [അവനെ കുറിച്ചു] സാക്ഷ്യം പറയുന്നു.” (പ്രവൃത്തികൾ 10:43) “യേശുവിനുള്ള സാക്ഷ്യമാണ് പ്രവചനത്തിന്റെ ആത്മാവ്” എന്ന് ഒരു ദൂതൻ അപ്പൊസ്തലനായ യോഹന്നാനോടു പറഞ്ഞു, യേശുവിന്റെ പങ്കിനു ബൈബിളിൽ അത്രയധികം ഊന്നലാണു നൽകിയിരിക്കുന്നത്. (വെളിപ്പാടു 19:10, പി.ഒ.സി. ബൈബിൾ) അവൻ മിശിഹാ ആണെന്ന് ആ പ്രവചനങ്ങൾ വ്യക്തമായി തിരിച്ചറിയിച്ചു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ അവൻ വഹിക്കുന്ന വിവിധ പങ്കുകളിലേക്ക് അവ ശ്രദ്ധ ആകർഷിച്ചു. ഇതെല്ലാം ഇന്നു നമുക്കു വളരെ താത്പര്യമുള്ളതായിരിക്കണം.
പ്രവചനങ്ങൾ വെളിപ്പെടുത്തിയത്
3. (എ) ഉല്പത്തി 3:15-ലെ പ്രവചനത്തിൽ സർപ്പവും “സ്ത്രീ”യും ‘സർപ്പത്തിന്റെ സന്തതി’യും ആരെയൊക്കെ പ്രതിനിധാനം ചെയ്യുന്നു? (ബി) ‘സർപ്പത്തിന്റെ തല ചതയ്ക്കൽ’ യഹോവയുടെ ദാസർക്കു വലിയ താത്പര്യമുള്ള ഒരു സംഭവം ആയിരിക്കുന്നത് എന്തുകൊണ്ട്?
3 ആ പ്രവചനങ്ങളിൽ ആദ്യത്തേതു നൽകപ്പെട്ടത് ഏദെനിലെ മത്സരത്തിനു ശേഷമാണ്. യഹോവ സർപ്പത്തോടു പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) യഥാർഥത്തിൽ പാമ്പു പ്രതിനിധാനം ചെയ്ത സാത്താനോട് ആയിരുന്നു ദൈവം ആ പ്രവചനം ഉച്ചരിച്ചത്. “സ്ത്രീ” യഹോവയുടെ വിശ്വസ്ത, ഭാര്യാസമാന സ്വർഗീയ സംഘടന ആണ്. ‘സർപ്പത്തിന്റെ സന്തതിയിൽ’ സാത്താന്റെ മനോഭാവം പ്രകടമാക്കുന്ന സകല ദൂതന്മാരും മനുഷ്യരും ഉൾപ്പെടുന്നു. യഹോവയെയും അവന്റെ ജനത്തെയും എതിർക്കുന്നവരാണ് അവർ. ‘സർപ്പത്തിന്റെ തല ചതയ്ക്കൽ,’ യഹോവയെ ദുഷിക്കയും മനുഷ്യവർഗത്തിനു വലിയ ദുഃഖം വരുത്തിവെക്കുകയും ചെയ്ത മത്സരിയായ സാത്താന്റെ അന്തിമനാശത്തെ അർഥമാക്കുന്നു. എന്നാൽ സാത്താന്റെ തല ചതയ്ക്കുന്ന “സന്തതി”യുടെ മുഖ്യഭാഗം ആരാണ്? നൂറ്റാണ്ടുകളോളം അത് ഒരു “പാവനരഹസ്യ”മായി തുടർന്നു.—റോമർ 16:20, 25, 26, NW.
4. യേശുവാണ് വാഗ്ദത്ത സന്തതി എന്നു തിരിച്ചറിയാൻ അവന്റെ വംശാവലി സഹായിച്ചത് എങ്ങനെ?
4 ഏതാണ്ട് 2,000 വർഷത്തെ മനുഷ്യചരിത്രത്തിനു ശേഷം യഹോവ കൂടുതലായ വിശദാംശങ്ങൾ നൽകി. സന്തതി അബ്രാഹാമിന്റെ വംശാവലിയിൽ വരുമെന്ന് അവൻ സൂചിപ്പിച്ചു. (ഉല്പത്തി 22:15-18) എന്നിരുന്നാലും, സന്തതിയിലേക്കു നയിക്കുന്ന വംശാവലിയിലെ ഓരോ കണ്ണിയും ആരെന്നു നിർണയിക്കപ്പെടുന്നത് കേവലം പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമായിരുന്നില്ല. പിന്നെയോ, ദൈവം തെരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമായിരുന്നു. ഹാഗാറിൽ തനിക്കു ജനിച്ച പുത്രനായ യിശ്മായേലിനോട് അബ്രാഹാമിനു വലിയ സ്നേഹം ഉണ്ടായിരുന്നെങ്കിലും യഹോവ ഇങ്ങനെ പറഞ്ഞു: ‘എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നത് സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആയിരിക്കും.’ (ഉല്പത്തി 17:18-21) പിന്നീട് ആ ഉടമ്പടി ഉറപ്പാക്കിയത് യിസ്ഹാക്കിന്റെ ആദ്യജാത പുത്രനായ ഏശാവിനോട് ആയിരുന്നില്ല, പിന്നെയോ യാക്കോബിനോട് ആയിരുന്നു, അവനിൽനിന്നാണ് 12 ഇസ്രായേൽ ഗോത്രങ്ങൾ ഉത്ഭവിച്ചത്. (ഉല്പത്തി 28:10-14) കാലക്രമത്തിൽ, സന്തതി യഹൂദാ ഗോത്രത്തിൽ ദാവീദിന്റെ വംശത്തിൽ ജനിക്കുമെന്നു സൂചിപ്പിക്കപ്പെട്ടു.—ഉല്പത്തി 49:10; 1 ദിനവൃത്താന്തം 17:3, 4, 11-14.
5. യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ ആരംഭത്തിൽത്തന്നെ അവനാണു മിശിഹാ എന്ന് എന്തു വ്യക്തമാക്കി?
5 സന്തതിയെ തിരിച്ചറിയിക്കുന്ന മറ്റേതു സൂചനകൾ നൽകപ്പെട്ടു? വാഗ്ദത്ത സന്തതി മനുഷ്യനായി ജനിക്കുന്നത് ബേത്ത്ലേഹെമിൽ ആയിരിക്കുമെന്ന് അവന്റെ ജനനത്തിന് 700-ൽപ്പരം വർഷം മുമ്പുതന്നെ ബൈബിൾ പറഞ്ഞു. സന്തതി “യുഗങ്ങൾക്കുമുമ്പേ,” അതായത് സ്വർഗത്തിൽ സൃഷ്ടിക്കപ്പെട്ട സമയം മുതൽ, സ്ഥിതി ചെയ്തിരുന്നെന്നും അതു വെളിപ്പെടുത്തി. (മീഖാ 5:2, പി.ഒ.സി. ബൈ.) മിശിഹാ എന്ന നിലയിൽ അവൻ ഭൂമിയിൽ പ്രത്യക്ഷപ്പെടുമായിരുന്ന കൃത്യസമയം പോലും ദാനീയേൽ പ്രവാചകനിലൂടെ മുൻകൂട്ടി പറയപ്പെട്ടു. (ദാനീയേൽ 9:24-26) യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട് യഥാർഥത്തിൽ യഹോവയുടെ മിശിഹാ ആയിത്തീർന്നപ്പോൾ സ്വർഗത്തിൽനിന്ന് ദൈവത്തിന്റെ സ്വന്തം ശബ്ദം അവനെ തന്റെ പുത്രനായി തിരിച്ചറിയിച്ചു. (മത്തായി 3:16, 17) സന്തതി വെളിപ്പെടുത്തപ്പെട്ടു! അങ്ങനെ, “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു” എന്നു ഫിലിപ്പോസിനു ബോധ്യത്തോടെ പറയാൻ കഴിഞ്ഞു.—യോഹന്നാൻ 1:45.
6. (എ) ലൂക്കൊസ് 24:27 പറയുന്ന പ്രകാരം യേശുവിന്റെ അനുഗാമികൾ എന്തു മനസ്സിലാക്കി? (ബി) ‘സ്ത്രീയുടെ സന്തതി’യുടെ മുഖ്യഭാഗം ആരാണ്, അവൻ സർപ്പത്തിന്റെ തല ചതയ്ക്കുന്നത് എന്തിനെ അർഥമാക്കുന്നു?
6 പിന്നീട്, അവനെ കുറിച്ചുള്ള നിരവധി പ്രാവചനിക പരാമർശങ്ങൾ നിശ്വസ്ത തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നതായി യേശുവിന്റെ അനുഗാമികൾ മനസ്സിലാക്കി. (ലൂക്കൊസ് 24:27) യേശു ആണ് ‘സ്ത്രീയുടെ സന്തതി’യുടെ മുഖ്യഭാഗമെന്നും സാത്താനെ ഇല്ലായ്മ ചെയ്തുകൊണ്ട് സർപ്പത്തിന്റെ തല തകർക്കുന്നവൻ അവൻതന്നെയാണെന്നും കൂടുതൽ വ്യക്തമായി. മനുഷ്യവർഗത്തോടുള്ള ദൈവത്തിന്റെ സകല വാഗ്ദത്തങ്ങളും, അതേ, നാം ആത്മാർഥമായി വാഞ്ഛിക്കുന്ന സകല കാര്യങ്ങളും യേശു മുഖാന്തരം നിവർത്തിക്കപ്പെടും.—2 കൊരിന്ത്യർ 1:20.
7. പ്രവചനങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നവൻ ആരാണ് എന്നു തിരിച്ചറിയുന്നതിനു പുറമേ, മറ്റെന്തുകൂടി മനസ്സിലാക്കുന്നതു പ്രയോജനകരമാണ്?
7 ഈ അറിവു നമ്മെ എങ്ങനെ ബാധിക്കണം? വരാനിരുന്ന വീണ്ടെടുപ്പുകാരനും മിശിഹായും ആയവനെ കുറിച്ചുള്ള ഈ പ്രവചനങ്ങളിൽ ചിലതു വായിച്ചിരുന്ന ഒരു എത്യോപ്യൻ ഷണ്ഡനെക്കുറിച്ചു ബൈബിൾ പറയുന്നു. അവയുടെ പൊരുൾ തിരിച്ചറിയാനാകാതെ അദ്ദേഹം സുവിശേഷകനായ ഫിലിപ്പൊസിനോട് “പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു?” എന്നു ചോദിച്ചു. തനിക്ക് ഉത്തരം കിട്ടിയപ്പോൾ ഷണ്ഡൻ അതുകൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. ഫിലിപ്പൊസ് നൽകിയ വിശദീകരണം ശ്രദ്ധാപൂർവം കേട്ടശേഷം, നിവൃത്തിയായ ഈ പ്രവചനത്തോടുള്ള വിലമതിപ്പിന്റെ പ്രകടനം എന്ന നിലയിൽ തന്റെ ഭാഗത്തുനിന്നു പ്രവർത്തനം ആവശ്യമാണെന്ന് ആ മനുഷ്യൻ തിരിച്ചറിഞ്ഞു. താൻ സ്നാപനം ഏൽക്കേണ്ടതാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. (പ്രവൃത്തികൾ 8:32-38; യെശയ്യാവു 53:3-9) നാമും അതുപോലെ പ്രതികരിക്കുന്നുവോ?
8. (എ) അബ്രാഹാം യിസ്ഹാക്കിനെ ബലി അർപ്പിക്കാൻ ഒരുമ്പെട്ടത് എന്തിനെ മുൻനിഴലാക്കി? (ബി) അബ്രാഹാമിന്റെ സന്തതി മുഖാന്തരം സകല ജനതകളും തങ്ങളെത്തന്നെ അനുഗ്രഹിക്കുമെന്നു യഹോവ അവനോടു പറഞ്ഞത് എന്തുകൊണ്ട്, അത് ഇന്നു നമുക്കു ബാധകമാകുന്നത് എങ്ങനെ?
8 തനിക്കു സാറായിൽ ഉണ്ടായ ഏക പുത്രനായ ഇസ്ഹാക്കിനെ അബ്രാഹാം ബലിയർപ്പിക്കാൻ ഒരുമ്പെട്ടതിനെ കുറിച്ചുള്ള ഹൃദയസ്പൃക്കായ വിവരണവും പരിചിന്തിക്കുക. (ഉല്പത്തി 22:1-8) അത് യഹോവ ചെയ്യാനിരുന്നതിനെ—തന്റെ ഏകജാത പുത്രനെ ബലിയായി അർപ്പിക്കാനിരുന്നതിനെ—മുൻനിഴലാക്കി: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) തന്റെ ഉദ്ദേശ്യം നിറവേറ്റാൻ യഹോവ ഏകജാത പുത്രനെ നൽകിയതുപോലെതന്നെ അവൻ മറ്റു ‘സകലവും നമുക്കു നൽകു’മെന്ന് അത് ഉറപ്പുതരുന്നു. (റോമർ 8:32) എന്നാൽ നാം എന്തു ചെയ്യേണ്ടതുണ്ട്? ഉല്പത്തി 22:18-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ‘[അബ്രാഹാം] ദൈവത്തിന്റെ വാക്കു അനുസരിച്ചതുകൊണ്ടു’ സകല ജനതകളും സന്തതി മുഖാന്തരം തങ്ങളെത്തന്നെ അനുഗ്രഹിക്കുമെന്നു യഹോവ അവനോടു പറഞ്ഞു. നാമും യഹോവയെയും അവന്റെ പുത്രനെയും കേട്ടനുസരിക്കേണ്ടതുണ്ട്. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.”—യോഹന്നാൻ 3:36.
9. യേശുവിന്റെ ബലിയാൽ സാധ്യമായ നിത്യജീവന്റെ പ്രത്യാശയെ വിലമതിക്കുന്നെങ്കിൽ നാം എന്തു ചെയ്യും?
9 യേശുവിന്റെ ബലിയാൽ സാധ്യമായ നിത്യജീവന്റെ പ്രത്യാശയോടു നമുക്കു വിലമതിപ്പുണ്ടെങ്കിൽ, യേശു മുഖാന്തരം യഹോവ നമ്മോടു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നാം ആഗ്രഹിക്കും. ആ കാര്യങ്ങൾ ദൈവത്തോടും അയൽക്കാരോടുമുള്ള നമ്മുടെ സ്നേഹത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. (മത്തായി 22:37-39) യഹോവയോടുള്ള നമ്മുടെ സ്നേഹം, ‘[യേശു നമ്മോടു] കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ’ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുമെന്ന് യേശു പ്രകടമാക്കി. (മത്തായി 28:19, 20) യഹോവയുടെ കൂട്ടുദാസന്മാരുമൊത്തു ക്രമമായി ‘കൂടിവന്നുകൊണ്ട്’ ആ സ്നേഹം അവരുമായി പങ്കുവെക്കാൻ നാം ആഗ്രഹിക്കുന്നു. (എബ്രായർ 10:25, NW; ഗലാത്യർ 6:10) ദൈവത്തെയും അവന്റെ പുത്രനെയും കേട്ടനുസരിക്കുന്നതിൽ അവർ നമ്മിൽനിന്നു പൂർണത ആവശ്യപ്പെടുന്നു എന്നു നാം വിചാരിക്കരുത്. നമ്മുടെ മഹാപുരോഹിതൻ എന്ന നിലയിൽ യേശുവിനു “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ” കഴിയുമെന്ന് എബ്രായർ 4:15 പറയുന്നു. ആ അറിവ് എത്ര ആശ്വാസപ്രദമാണ്, വിശേഷിച്ചും നമ്മുടെ ബലഹീനതകളെ തരണം ചെയ്യാനുള്ള സഹായത്തിനായി ക്രിസ്തു മുഖാന്തരം നാം പ്രാർഥനയിൽ ദൈവത്തെ സമീപിക്കുമ്പോൾ!—മത്തായി 6:12.
ക്രിസ്തുവിൽ വിശ്വാസം പ്രകടമാക്കുക
10. യേശുക്രിസ്തുവിനെ കൂടാതെ നമുക്കു രക്ഷ ഇല്ലാത്തത് എന്തുകൊണ്ട്?
10 ബൈബിൾ പ്രവചനം യേശുവിൽ നിവൃത്തിയേറിയതായി യെരൂശലേമിലെ യഹൂദ ഹൈക്കോടതിക്കു വിശദീകരിച്ചു കൊടുത്തശേഷം പത്രൊസ് അപ്പൊസ്തലൻ തന്റെ വാക്കുകൾ ഉപസംഹരിച്ചുകൊണ്ട് ശക്തമായി ഇപ്രകാരം പ്രസ്താവിച്ചു: “മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃത്തികൾ 4:12) ആദാമിന്റെ സന്തതികളെല്ലാം പാപികളായതിനാൽ, അവരുടെ മരണത്തിന് ആർക്കെങ്കിലും വേണ്ടി ഒരു മറുവിലയായി ഉപയോഗിക്കാവുന്ന മൂല്യമില്ല. എന്നാൽ യേശു പൂർണനായിരുന്നു. അവന്റെ മരണത്തിനു യാഗമൂല്യമുണ്ടായിരുന്നു. (സങ്കീർത്തനം 49:6-9; എബ്രായർ 2:9) ആദാം നഷ്ടപ്പെടുത്തിയ പൂർണജീവനു തത്തുല്യമായ ഒരു മറുവില യേശു ദൈവത്തിന് അർപ്പിച്ചു. (1 തിമൊഥെയൊസ് 2:5, 6) ഇത് ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവനുള്ള വഴി നമുക്കു തുറന്നുതന്നു.
11. യേശുവിന്റെ ബലിക്ക് നമുക്കു വലിയ പ്രയോജനം ചെയ്യാൻ കഴിയുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
11 കൂടാതെ മറുവില, ഇപ്പോൾപ്പോലും നമുക്കു മറ്റു പ്രയോജനങ്ങൾ അനുഭവിക്കുക സാധ്യമാക്കിത്തീർത്തിരിക്കുന്നു. ദൃഷ്ടാന്തത്തിന്, നാം പാപികൾ ആണെങ്കിലും യേശുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിലുള്ള പാപമോചനം മൂലം ഒരു ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കാൻ നമുക്കു സാധിക്കുന്നു. മോശൈക ന്യായപ്രമാണ പ്രകാരമുള്ള മൃഗയാഗങ്ങൾ ഇസ്രായേല്യർക്കു നേടിക്കൊടുത്തതിനെക്കാൾ ഏറെ വലിയ ഒരു അനുഗ്രഹമാണ് ഇത്. (പ്രവൃത്തികൾ 13:38, 39; എബ്രായർ 9:13, 14; 10:22) എന്നാൽ അതോടൊപ്പം, അത്തരം പാപമോചനം ക്രിസ്തുവിന്റെ ബലി നമുക്ക് എത്രയധികം ആവശ്യമാണെന്നു നാം സമ്മതിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏററുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.”—1 യോഹന്നാൻ 1:8, 9.
12. ദൈവമുമ്പാകെ ഒരു നല്ല മനസ്സാക്ഷി നേടുന്നതിൽ ജലസ്നാപനം ഒരു പ്രധാനഘടകം ആയിരിക്കുന്നത് എന്തുകൊണ്ട്?
12 പാപികൾക്ക് ക്രിസ്തുവിലും അവന്റെ ബലിയിലും എങ്ങനെ വിശ്വാസം പ്രകടമാക്കാൻ കഴിയും? ഒന്നാം നൂറ്റാണ്ടിൽ ആളുകൾ വിശ്വാസികളായിത്തീർന്നപ്പോൾ അവർ അതു പരസ്യമായി പ്രകടമാക്കി. എങ്ങനെ? അവർ സ്നാപനമേറ്റു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തന്റെ ശിഷ്യന്മാരെല്ലാം സ്നാപനമേൽക്കണമെന്ന് യേശു കൽപ്പിച്ചിരിക്കുന്നു. (മത്തായി 28:19, 20; പ്രവൃത്തികൾ 8:12; 18:8) യേശു മുഖാന്തരം യഹോവ ചെയ്തിരിക്കുന്ന സ്നേഹനിർഭരമായ കരുതലിനാൽ പ്രചോദിതനാകുന്ന ഒരു വ്യക്തി പിന്നെ മടിച്ചുനിൽക്കുകയില്ല. അയാൾ തന്റെ ജീവിതത്തിൽ ആവശ്യമായ ഏതു മാറ്റങ്ങളും വരുത്തും, പ്രാർഥനയിൽ തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കും, തന്റെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്യും. ഈ വിധത്തിൽ വിശ്വാസം പ്രകടമാക്കുന്നതിനാലാണ് അയാൾ ‘ഒരു നല്ല മനസ്സാക്ഷിക്കായി ദൈവത്തോട് അപേക്ഷിക്കുന്നത്.’—1 പത്രൊസ് 3:21.
13. നാം ഒരു പാപം ചെയ്തുപോയതായി മനസ്സിലാക്കുന്നെങ്കിൽ, അതു സംബന്ധിച്ച് നാം എന്തു ചെയ്യേണ്ടതുണ്ട്, എന്തുകൊണ്ട്?
13 തീർച്ചയായും, സ്നാപനത്തിനുശേഷവും പാപപൂർണമായ ചായ്വുകൾ നമ്മിൽ ഉണ്ടായിരിക്കും. അപ്പോൾ നാം എന്തു ചെയ്യണം? അപ്പൊസ്തലനായ യോഹന്നാൻ പറഞ്ഞു: “നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ [“സഹായി,” NW] നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം [“പ്രായശ്ചിത്ത യാഗം,” NW] ആകുന്നു.” (1 യോഹന്നാൻ 2:1, 2) നാം എന്തു തെറ്റു ചെയ്താലും ക്ഷമയ്ക്കായി ദൈവത്തോടു പ്രാർഥിച്ചാൽ എല്ലാം ശരിയാകും എന്നാണോ അതിനർഥം? അവശ്യം അങ്ങനെ ആയിരിക്കുന്നില്ല. ക്ഷമയ്ക്കുള്ള അടിസ്ഥാനം യഥാർഥ അനുതാപമാണ്. കൂടുതൽ അനുഭവപരിചയമുള്ള ക്രിസ്തീയ സഭയിലെ പ്രായമേറിയവരിൽനിന്നുള്ള സഹായവും ആവശ്യമായിരിക്കാം. നാം ചെയ്തുപോയ തെറ്റിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അതിനെപ്രതി ഹൃദയംഗമമായി അനുതപിക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ നാം ആത്മാർഥമായി ശ്രമിക്കും. (പ്രവൃത്തികൾ 3:19; യാക്കോബ് 5:13-16) നാം അതു ചെയ്യുന്നെങ്കിൽ, യേശുവിന്റെ സഹായം ലഭിക്കുമെന്നും യഹോവയുടെ പ്രീതിയിലേക്കു നാം പുനഃസ്ഥിതീകരിക്കപ്പെടുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
14. (എ) യേശുവിന്റെ ബലി നമുക്കു പ്രയോജനം ചെയ്തിരിക്കുന്ന ഒരു പ്രധാന വിധം വിശദീകരിക്കുക. (ബി) നമുക്ക് യഥാർഥത്തിൽ വിശ്വാസമുണ്ടെങ്കിൽ നാം എന്തു ചെയ്യും?
14 യേശുവിന്റെ ബലി, ഉല്പത്തി 3:15-ലെ സന്തതിയുടെ ഉപഭാഗമായ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനു സ്വർഗത്തിൽ നിത്യജീവൻ ലഭിക്കാനുള്ള വഴി തുറന്നിരിക്കുന്നു. (ലൂക്കൊസ് 12:32; ഗലാത്യർ 3:26-29) മനുഷ്യവർഗത്തിൽ ശേഷിച്ച ശതകോടിക്കണക്കിന് ആളുകൾക്ക് ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ ലഭിക്കാനുള്ള വഴിയും അതു തുറന്നിരിക്കുന്നു. (സങ്കീർത്തനം 37:29; വെളിപ്പാടു 20:11, 12; 21:3-5എ) നിത്യജീവൻ ‘നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം ദൈവം നൽകുന്ന ദാനം’ ആകുന്നു. (റോമർ 6:23, NW; എഫെസ്യർ 2:8-10) ആ ദാനത്തിൽ നമുക്കു വിശ്വാസവും അതു സാധ്യമാക്കിയ രീതിയോടു വിലമതിപ്പും ഉണ്ടെങ്കിൽ നാം അതു പ്രകടമാക്കും. തന്റെ ഹിതം നിവർത്തിക്കുന്നതിൽ യഹോവ എത്ര അത്ഭുതകരമായി യേശുവിനെ ഉപയോഗിച്ചിരിക്കുന്നെന്നും നമ്മളെല്ലാം യേശുവിന്റെ കാൽച്ചുവടുകളെ അടുത്തു പിൻപറ്റുന്നത് എത്ര മർമപ്രധാനമാണെന്നും തിരിച്ചറിയുമ്പോൾ നാം ക്രിസ്തീയ ശുശ്രൂഷയെ നമ്മുടെ ജീവിതത്തിലെ അതിപ്രധാന പ്രവർത്തനങ്ങളിലൊന്നാക്കി മാറ്റും. ദൈവത്തിൽനിന്നുള്ള ഈ മഹനീയ ദാനത്തെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നതിലുള്ള നമ്മുടെ ബോധ്യം നമ്മുടെ വിശ്വാസത്തിനു തെളിവു നൽകും.—പ്രവൃത്തികൾ 20:24.
15. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന് ഏകീകരണ ഫലം ഉള്ളത് എങ്ങനെ?
15 അത്തരം വിശ്വാസത്തിന് എത്ര നല്ല ഏകീകരണ ഫലമാണുള്ളത്! അതു മുഖാന്തരം നാം യഹോവയോടും അവന്റെ പുത്രനോടും ക്രിസ്തീയ സഭയിലുള്ളവരോടും അടുത്തുവന്നിരിക്കുന്നു. (1 യോഹന്നാൻ 3:23, 24) ‘യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടി’ വരത്തക്കവണ്ണം യഹോവ ദയാപൂർവം തന്റെ പുത്രനു ‘സകല നാമത്തിനും മേലായ നാമം നൽകി’യതിൽ നാം സന്തോഷിക്കാൻ ഈ ഏകീകരണ ഫലം ഇടയാക്കുന്നു.—ഫിലിപ്പിയർ 2:9-11.
പുനരവലോകന ചർച്ച
• മിശിഹാ പ്രത്യക്ഷപ്പെട്ടപ്പോൾ, അവൻ ആരാണെന്നുള്ളത് ദൈവവചനം യഥാർഥമായി വിശ്വസിച്ചവർക്കു വ്യക്തമായിരുന്നത് എന്തുകൊണ്ട്?
• യേശുവിന്റെ ബലിയോടുള്ള വിലമതിപ്പു പ്രകടമാക്കാൻ നാം ചെയ്യേണ്ട ചില കാര്യങ്ങളേവ?
• യേശുവിന്റെ ബലി ഇപ്പോൾത്തന്നെ ഏതു വിധങ്ങളിൽ നമുക്കു പ്രയോജനം ചെയ്തിരിക്കുന്നു? നാം പാപമോചനത്തിനായി യഹോവയോടു പ്രാർഥിക്കുമ്പോൾ ഇതു നമ്മെ എങ്ങനെ സഹായിക്കുന്നു?
[36-ാം പേജിലെ ചിത്രം]
ദൈവകൽപ്പനകൾ പ്രമാണിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കണമെന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞു