വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 30 പേ. 157-161
  • പേടി മാറ്റാൻ എന്താണ്‌ മാർഗം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേടി മാറ്റാൻ എന്താണ്‌ മാർഗം?
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • അവൻ ഗുരുവിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൻ ക്ഷമിക്കാൻ പഠിച്ചു
    2010 വീക്ഷാഗോപുരം
  • അവൻ പറ്റിനിന്നു, പരിശോധനകളുണ്ടായപ്പോഴും
    അവരുടെ വിശ്വാസം അനുകരിക്കുക
  • പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 30 പേ. 157-161

അധ്യായം 30

പേടി മാറ്റാൻ എന്താണ്‌ മാർഗം?

യഹോവയെ ആരാധിക്കുന്നത്‌ എളുപ്പമാണെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ?— അത്‌ എളുപ്പമാണെന്ന്‌ മഹാനായ അധ്യാപകൻ പറഞ്ഞില്ല. മരിക്കുന്നതിന്റെ തലേരാത്രി അവൻ അപ്പൊസ്‌തലന്മാരോട്‌ എന്താണ്‌ പറഞ്ഞതെന്നോ? ‘ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ഒന്നു മനസ്സിലാക്കിക്കൊള്ളുക: നിങ്ങളെ വെറുക്കുന്നതിനു മുമ്പേ അത്‌ എന്നെ വെറുത്തിരുന്നു.’—യോഹന്നാൻ 15:18.

താൻ ഒരിക്കലും യേശുവിനെ ഉപേക്ഷിക്കില്ലെന്ന്‌ പത്രോസ്‌ വീമ്പിളക്കി. പക്ഷേ അന്നു രാത്രി പത്രോസ്‌ മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറയുമെന്ന്‌ യേശു പറഞ്ഞു. അതുപോലെതന്നെ സംഭവിച്ചു; പത്രോസ്‌ യേശുവിനെ തള്ളിപ്പറഞ്ഞു! (മത്തായി 26:31-35, 69-75) എന്തുകൊണ്ടാണ്‌ പത്രോസ്‌ അങ്ങനെ ചെയ്‌തത്‌?— പേടികൊണ്ട്‌. മറ്റ്‌ അപ്പൊസ്‌തലന്മാർക്കും പേടി തോന്നി.

അപ്പൊസ്‌തലന്മാർക്കു പേടി തോന്നിയത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?— കാരണം, പ്രധാനപ്പെട്ട ഒരു കാര്യം അവർ ചെയ്‌തില്ല. അത്‌ എന്താണെന്ന്‌ നമ്മൾ മനസ്സിലാക്കണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ചെയ്‌താലും യഹോവയെ ആരാധിക്കാൻ അതു നമ്മെ സഹായിക്കും. ആദ്യംതന്നെ, യേശു മരിക്കുന്നതിന്റെ തലേരാത്രി എന്തു സംഭവിച്ചെന്ന്‌ നമുക്കു നോക്കാം.

യേശുവും അപ്പൊസ്‌തലന്മാരുംകൂടി പെസഹാ ആഘോഷിച്ചു. എല്ലാ വർഷവും ദൈവത്തിന്റെ ജനം അത്‌ ആഘോഷിച്ചിരുന്നു, ഈജിപ്‌റ്റിൽ അടിമകളായിരുന്ന തങ്ങളെ ദൈവം വിടുവിച്ചതിന്റെ ഓർമയ്‌ക്കായി. പെസഹാ ഭക്ഷണത്തിനുശേഷം യേശു വിശേഷപ്പെട്ട മറ്റൊരു ആചരണം ഏർപ്പെടുത്തി. അതിനെക്കുറിച്ച്‌ നമ്മൾ പിന്നീട്‌ പഠിക്കും. യേശുവിനെ ഓർക്കാൻ അത്‌ നമ്മളെ എങ്ങനെ സഹായിക്കുമെന്ന്‌ അപ്പോൾ മനസ്സിലാകും. തുടർന്ന്‌, അപ്പൊസ്‌തലന്മാരെ പ്രോത്സാഹിപ്പിക്കാനായി യേശു ചില കാര്യങ്ങൾ പറഞ്ഞു. അതു കഴിഞ്ഞ്‌ അവർ ഗെത്ത്‌ശെമനത്തോട്ടത്തിലേക്കു പോയി. അവർക്ക്‌ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണത്‌. പല പ്രാവശ്യം അവർ അവിടെ പോയിട്ടുണ്ട്‌.

ഗെത്ത്‌ശെമനത്തോട്ടത്തിൽ എത്തിയപ്പോൾ യേശു പ്രാർഥിക്കാനായി അൽപ്പം മാറിപ്പോയി. പത്രോസിനോടും യാക്കോബിനോടും യോഹന്നാനോടും പ്രാർഥിക്കാൻ പറഞ്ഞിട്ടാണ്‌ അവൻ പോയത്‌. പക്ഷേ അവർ ഉറങ്ങിപ്പോയി. മൂന്നു പ്രാവശ്യം യേശു അങ്ങനെ പ്രാർഥിക്കാൻ പോയി. ഓരോ തവണ മടങ്ങിവന്നപ്പോഴും പത്രോസും കൂട്ടരും ഉറങ്ങുന്നതാണ്‌ അവൻ കണ്ടത്‌. (മത്തായി 26:36-47) അവർ ഉറങ്ങാതെയിരുന്ന്‌ പ്രാർഥിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?— നമുക്കു നോക്കാം.

പത്രോസും യാക്കോബും യോഹന്നാനും ഗെത്ത്‌ശെമനത്തോട്ടത്തിൽ വെച്ച്‌ ഉറങ്ങുന്നത്‌ യേശു കാണുന്നു

പത്രോസും യാക്കോബും യോഹന്നാനും ഉണർന്നിരിക്കണമായിരുന്നു എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

അന്നു വൈകുന്നേരം യേശുവും മറ്റ്‌ അപ്പൊസ്‌തലന്മാരും പെസഹാ ആചരിച്ചപ്പോൾ യൂദാ ഈസ്‌കര്യോത്തായും അവിടെ ഉണ്ടായിരുന്നു. അപ്പോഴേക്കും യൂദാ ഒരു കള്ളനായിത്തീർന്നിരുന്നു. അതിനെപ്പറ്റി നമ്മൾ മുമ്പ്‌ പഠിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോൾ അവൻ ഒരു ഒറ്റുകാരനായിത്തീരുന്നു. യേശു സാധാരണ ഗെത്ത്‌ശെമനത്തോട്ടത്തിൽ അപ്പൊസ്‌തലന്മാരോടൊപ്പം വരാറുണ്ടെന്ന്‌ അവന്‌ അറിയാം. അതുകൊണ്ട്‌ യേശുവിനെ അറസ്റ്റുചെയ്യാൻ യൂദാ പട്ടാളക്കാരുമായി അവിടെ എത്തി. അവരെ കണ്ടപ്പോൾ യേശു അവരോട്‌, ‘നിങ്ങൾ ആരെയാണ്‌ അന്വേഷിക്കുന്നത്‌?’ എന്നു ചോദിച്ചു.

യേശുവിനെയാണ്‌ അന്വേഷിക്കുന്നതെന്ന്‌ പട്ടാളക്കാർ പറഞ്ഞു. അത്‌ കേട്ടിട്ട്‌ യേശുവിന്‌ ഒട്ടും പേടി തോന്നിയില്ല. അവൻ പറഞ്ഞു: “അതു ഞാൻതന്നെ.” യേശുവിന്റെ ധൈര്യം കണ്ട്‌ പട്ടാളക്കാർ സ്‌തംഭിച്ചുപോയി. അമ്പരന്ന്‌ പിന്നിലേക്കുമാറിയ അവർ നിലത്തുവീണു. അപ്പോൾ യേശു അവരോട്‌, “എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്‌ക്കൊള്ളട്ടെ” എന്നു പറഞ്ഞു.—യോഹന്നാൻ 18:1-9.

പട്ടാളക്കാർ യേശുവിനെ പിടിച്ച്‌ അവന്റെ കൈകൾ കൂട്ടിക്കെട്ടി. അതു കണ്ട്‌ പേടിച്ചരണ്ട അപ്പൊസ്‌തലന്മാർ ഓടി രക്ഷപ്പെട്ടു. പക്ഷേ യേശുവിന്‌ എന്തു സംഭവിക്കും എന്ന്‌ അറിയാനായി പത്രോസും യോഹന്നാനും ആരും അറിയാതെ അവരെ പിന്തുടർന്നു. പട്ടാളക്കാർ യേശുവിനെ മഹാപുരോഹിതനായ കയ്യഫാവിന്റെ വീട്ടിലേക്കാണ്‌ കൊണ്ടുപോയത്‌. മഹാപുരോഹിതന്‌ യോഹന്നാനെ പരിചയമുണ്ടായിരുന്നതുകൊണ്ട്‌ കാവൽക്കാർ അവനെയും പത്രോസിനെയും അകത്തേക്കു കടത്തിവിട്ടു.

യേശുവിനെ വിചാരണ ചെയ്യുന്നതിനുവേണ്ടി പുരോഹിതന്മാർ നേരത്തേതന്നെ അവിടെ എത്തിയിരുന്നു. യേശുവിനെ കൊല്ലാനായിരുന്നു അവരുടെ പരിപാടി. അതുകൊണ്ട്‌ അവനെതിരെ സാക്ഷിപറയാൻ അവർ ചിലരെ ചട്ടംകെട്ടി. ആളുകൾ യേശുവിനെ കൈചുരുട്ടി ഇടിക്കുകയും അടിക്കുകയും ഒക്കെ ചെയ്‌തു. ഇതൊക്കെ നടക്കുമ്പോൾ പത്രോസ്‌ അടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു.

പത്രോസിനെയും യോഹന്നാനെയും അകത്തേക്കു കടത്തിവിട്ട വാതിൽക്കാവൽക്കാരി പത്രോസിനെ തിരിച്ചറിഞ്ഞു. ‘യേശുവിന്റെകൂടെ നീയും ഉണ്ടായിരുന്നു!’ അവൾ പറഞ്ഞു. പക്ഷേ യേശുവിനെ അറിയുകപോലുമില്ല എന്നായിരുന്നു പത്രോസിന്റെ മറുപടി. അൽപ്പം കഴിഞ്ഞപ്പോൾ മറ്റൊരു പെൺകുട്ടി പത്രോസിനെ തിരിച്ചറിഞ്ഞു. അവൾ അവിടെ നിന്നവരോടായി, ‘ഇയാൾ യേശുവിനോടൊപ്പം ഉണ്ടായിരുന്നു’ എന്നു പറഞ്ഞു. അപ്പോഴും പത്രോസ്‌ യേശുവിനെ തള്ളിപ്പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ അടുത്തുവന്ന്‌, ‘നീയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു, തീർച്ച’ എന്നു പറഞ്ഞു. “ആ മനുഷ്യനെ ഞാൻ അറിയുകയില്ല,” പത്രോസ്‌ തീർത്തുപറഞ്ഞു. ഇതു മൂന്നാമത്തെ പ്രാവശ്യമാണ്‌ പത്രോസ്‌ യേശുവിനെ തള്ളിപ്പറയുന്നത്‌. അത്‌ പറഞ്ഞുകൊണ്ട്‌ പത്രോസ്‌ ആണയിട്ടു. ആ സമയത്ത്‌ യേശു തിരിഞ്ഞ്‌ പത്രോസിനെ ഒന്നു നോക്കി.—മത്തായി 26:57-75; ലൂക്കോസ്‌ 22:54-62; യോഹന്നാൻ 18:15-27.

മൂന്നാം തവണയും പത്രോസ്‌ തള്ളിപ്പറഞ്ഞപ്പോൾ യേശു പത്രോസിനുനേരെ നോക്കുന്നു

പത്രോസിന്‌ വല്ലാതെ പേടിതോന്നിയത്‌ എന്തുകൊണ്ട്‌?

പത്രോസ്‌ നുണ പറഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?— കാരണം, അവന്‌ പേടിയായിരുന്നു. പക്ഷേ എന്തുകൊണ്ടാണ്‌ അവന്‌ പേടി തോന്നിയത്‌? ധൈര്യം സംഭരിക്കാൻ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവൻ ചെയ്‌തില്ല. അത്‌ എന്താണെന്ന്‌ അറിയാമോ? ഒന്നോർത്തുനോക്കൂ, ധൈര്യം കിട്ടാൻ യേശു എന്താണ്‌ ചെയ്‌തത്‌?— തോട്ടത്തിൽവെച്ച്‌ യേശു പ്രാർഥിച്ചിരുന്നു. അതുകൊണ്ട്‌ ദൈവം യേശുവിന്‌ ധൈര്യം കൊടുത്തു. ഉറങ്ങാതിരുന്ന്‌ പ്രാർഥിക്കാൻ യേശു പത്രോസിനോട്‌ മൂന്നു പ്രാവശ്യം പറഞ്ഞിരുന്നു, ഓർക്കുന്നില്ലേ? പക്ഷേ അവൻ എന്തു ചെയ്‌തു?—

മൂന്നു പ്രാവശ്യവും പത്രോസ്‌ ഉറങ്ങി. അതെ, അവൻ ഉണർന്നിരുന്ന്‌ പ്രാർഥിച്ചില്ല. അതുകൊണ്ട്‌ പട്ടാളക്കാർ യേശുവിനെ അറസ്റ്റുചെയ്‌തപ്പോൾ അവൻ ഞെട്ടിപ്പോയി. തുടർന്ന്‌ വിചാരണസ്ഥലത്തുവെച്ച്‌ അവർ യേശുവിനെ ഉപദ്രവിക്കുകയും കൊല്ലാൻ തീരുമാനിക്കുകയും ചെയ്‌തപ്പോൾ പത്രോസ്‌ പേടിച്ചുപോയി. പക്ഷേ ഏതാനും മണിക്കൂർ മുമ്പ്‌ യേശു അപ്പൊസ്‌തലന്മാരോട്‌ എന്താണ്‌ പറഞ്ഞതെന്ന്‌ ഓർക്കുന്നുണ്ടോ?— ലോകം തന്നെ വെറുത്തതുപോലെ ശിഷ്യന്മാരെയും വെറുക്കുമെന്ന്‌ യേശു പറഞ്ഞിരുന്നു. അതുകൊണ്ട്‌ ശിഷ്യന്മാർ അത്‌ പ്രതീക്ഷിക്കേണ്ടതായിരുന്നു.

ക്രിസ്‌തുമസ്‌ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ക്ലാസിലെ കുട്ടികൾ ചോദിക്കുമ്പോൾ ഒരു കുട്ടി ധൈര്യത്തോടെ നിൽക്കുന്നു

പത്രോസിന്റേതുപോലുള്ള സാഹചര്യം നമുക്കും വരാവുന്നത്‌ എങ്ങനെ?

പത്രോസിനു സംഭവിച്ചതുപോലെ നമുക്കും സംഭവിക്കാം. അതെങ്ങനെയെന്ന്‌ നോക്കാം. നിങ്ങൾ സ്‌കൂളിലാണെന്ന്‌ കരുതുക. പിറന്നാളും ക്രിസ്‌തുമസ്സുമൊന്നും ആഘോഷിക്കാത്തവരെ കുറ്റം പറയുകയാണ്‌ ക്ലാസ്സിലെ കുട്ടികൾ. പെട്ടെന്ന്‌ ആരെങ്കിലും നിങ്ങൾക്കുനേരെ തിരിഞ്ഞ്‌, “നിങ്ങൾ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കാത്തവരാണെന്നു പറയുന്നത്‌ ശരിയാണോ” എന്നു ചോദിക്കുന്നു. അപ്പോൾ മറ്റൊരു കൂട്ടർ പറയുന്നു: “നിങ്ങൾ പിറന്നാളും ആഘോഷിക്കാറില്ല, അല്ലേ?” ഇപ്പോൾ, സത്യം പറയാൻ നിങ്ങൾക്കു പേടി തോന്നുമോ?— പത്രോസിനെപ്പോലെ നിങ്ങൾ നുണ പറയുമോ?—

യേശുവിനെ അറിയില്ല എന്നു പറഞ്ഞത്‌ ഓർത്തപ്പോൾ പിന്നീട്‌ പത്രോസിന്‌ വലിയ വിഷമമായി. താൻ എത്ര വലിയ തെറ്റാണ്‌ ചെയ്‌തതെന്ന്‌ മനസ്സിലാക്കിയപ്പോൾ അവൻ പുറത്തുപോയി ഹൃദയംപൊട്ടി കരഞ്ഞു. അതെ, അവൻ തെറ്റുതിരുത്തി. (ലൂക്കോസ്‌ 22:32) ഒന്നാലോചിച്ചുനോക്കൂ, പേടികൊണ്ട്‌, പത്രോസ്‌ പറഞ്ഞതുപോലെ എന്തെങ്കിലും പറയാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും?— പത്രോസ്‌ ഉണർന്നിരിക്കുകയോ പ്രാർഥിക്കുകയോ ചെയ്‌തില്ല എന്ന കാര്യം ഓർക്കുക. ഇപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നുന്നു, യേശുവിന്റെ ഒരു അനുയായിത്തീരാൻ നമ്മൾ എന്തു ചെയ്യണം?—

സഹായത്തിനുവേണ്ടി നമ്മൾ യഹോവയോട്‌ പ്രാർഥിക്കണം. യേശു പ്രാർഥിച്ചപ്പോൾ യഹോവ എന്തു ചെയ്‌തെന്ന്‌ അറിയാമോ?— യേശുവിനെ ധൈര്യപ്പെടുത്താനായി യഹോവ ഒരു ദൂതനെ അയച്ചു. (ലൂക്കോസ്‌ 22:43) ദൈവത്തിന്റെ ദൂതന്മാർ നമ്മളെയും സഹായിക്കുമോ?— “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 34:7) പക്ഷേ ദൈവത്തിന്റെ സഹായം കിട്ടുന്നതിന്‌ പ്രാർഥിച്ചാൽ മാത്രം പോരാ. പിന്നെ എന്തു ചെയ്യണം?— ഉണർന്ന്‌ ശ്രദ്ധയോടെയിരിക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. നമുക്ക്‌ അതെങ്ങനെ ചെയ്യാനാകും?—

മീറ്റിങ്ങുകളിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ബൈബിൾ വായിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കുകയും വേണം. പക്ഷേ അതു മാത്രം പോരാ. നമ്മൾ ദിവസവും യഹോവയോട്‌ പ്രാർഥിക്കണം; അവന്റെ ആരാധകരായി ജീവിക്കാൻ സഹായിക്കണമെന്ന്‌ അപേക്ഷിക്കുകയും വേണം. അങ്ങനെ ചെയ്‌താൽ, നമ്മുടെ പേടി മാറ്റാൻ ദൈവം സഹായിക്കും. അങ്ങനെയാകുമ്പോൾ, യേശുവിനെയും അവന്റെ പിതാവിനെയും കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ നമുക്കു സന്തോഷമേ തോന്നൂ.

ആളുകളെ പേടിച്ച്‌ തെറ്റു ചെയ്യാതിരിക്കാൻ ഈ തിരുവെഴുത്തുകൾ നമ്മളെ സഹായിക്കും: സദൃശവാക്യങ്ങൾ 29:25; യിരെമ്യാവു 26:12-15, 20-24; യോഹന്നാൻ 12:42, 43.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക