അധ്യായം നാല്
യേശുക്രിസ്തു ആരാണ്?
യേശു ഏതു പ്രത്യേക സ്ഥാനം അലങ്കരിക്കുന്നു?
അവൻ എവിടെനിന്നു വന്നു?
അവൻ ഏതുതരം വ്യക്തിയായിരുന്നു?
1, 2. (എ) പ്രശസ്തരായ ആരെയെങ്കിലും കുറിച്ചു കേട്ടിട്ടുണ്ട് എന്നത് നിങ്ങൾക്ക് ആ വ്യക്തിയെ നന്നായിട്ട് അറിയാമെന്ന് അർഥമാക്കുന്നില്ലാത്തത് എന്തുകൊണ്ട്? (ബി) യേശുവിനെക്കുറിച്ച് ഏത് ആശയക്കുഴപ്പം നിലനിൽക്കുന്നു?
പ്രശസ്തരായ ധാരാളം ആളുകളുണ്ട്. ചിലർ സ്വന്തം സമൂഹത്തിലോ നഗരത്തിലോ രാജ്യത്തോ പേരുകേട്ടവരാണ്. മറ്റു ചിലരാകട്ടെ ലോകപ്രശസ്തരാണ്. എന്നാൽ, ഇവരിൽ ആരുടെയെങ്കിലും പേരറിയാം എന്നതുകൊണ്ട് നിങ്ങൾക്ക് ആ വ്യക്തിയെ നന്നായിട്ട് അറിയാം എന്നർഥമില്ല. അയാളുടെ പശ്ചാത്തലമോ ഗുണഗണങ്ങളോ നിങ്ങൾക്ക് അറിയാമെന്നു വരുന്നില്ല.
2 യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്നത് ഏകദേശം 2,000 വർഷം മുമ്പായിരുന്നെങ്കിലും, ലോകമെമ്പാടുമുള്ള ആളുകൾക്ക് അവനെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാം. എന്നിരുന്നാലും, യേശു വാസ്തവത്തിൽ ആരായിരുന്നു എന്നതു സംബന്ധിച്ചു പലരും ആശയക്കുഴപ്പത്തിലാണ്. അവൻ കേവലം ഒരു നല്ല മനുഷ്യനായിരുന്നെന്നു ചിലർ പറയുന്നു. എന്നാൽ മറ്റുചിലരുടെ അഭിപ്രായം, അവൻ ഒരു പ്രവാചകൻ എന്നതിൽക്കവിഞ്ഞ് ആരുമല്ലായിരുന്നു എന്നാണ്. ഇനി, യേശു ദൈവമാണെന്നു വിശ്വസിക്കുകയും അവനെ ആരാധിക്കണമെന്നു കരുതുകയും ചെയ്യുന്നവരുമുണ്ട്. നാം അവനെ ആരാധിക്കണമോ?
3. യേശുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾ അറിയേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 യേശുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾ മനസ്സിലാക്കേണ്ടതു പ്രധാനമാണ്. എന്തുകൊണ്ട്? ബൈബിൾ ഇങ്ങനെ പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള സത്യം അറിയുന്നതിലൂടെ പറുദീസാഭൂമിയിലെ നിത്യജീവൻ നേടാനാകും. (യോഹന്നാൻ 14:6) മാത്രമല്ല, എങ്ങനെ ജീവിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നീ കാര്യങ്ങൾ സംബന്ധിച്ച ഏറ്റവും നല്ല മാതൃക യേശുവാണ്. (യോഹന്നാൻ 13:34, 35) ഈ പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ ദൈവത്തെക്കുറിച്ചുള്ള സത്യം നാം ചർച്ചചെയ്തു. ഇനി, യേശുക്രിസ്തുവിനെക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്നു നമുക്കു നോക്കാം.
വാഗ്ദത്ത മിശിഹാ
4. “മിശിഹാ,” “ക്രിസ്തു” എന്നീ സ്ഥാനപ്പേരുകളുടെ അർഥമെന്ത്?
4 മിശിഹാ അഥവാ ക്രിസ്തു എന്ന നിലയിൽ ദൈവം അയയ്ക്കുമായിരുന്ന ഒരുവന്റെ വരവിനെക്കുറിച്ച് യേശുവിന്റെ ജനനത്തിനു വളരെക്കാലം മുമ്പുതന്നെ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. “മിശിഹാ,” (ഒരു എബ്രായ പദത്തിൽനിന്ന്) “ക്രിസ്തു” (ഒരു ഗ്രീക്ക് പദത്തിൽനിന്ന്) എന്നീ സ്ഥാനപ്പേരുകളുടെ അർഥം “അഭിഷിക്തൻ” എന്നാണ്. വാഗ്ദാനം ചെയ്യപ്പെട്ട അവൻ ഒരു പ്രത്യേക പദവിക്കായി ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുമായിരുന്നു, അതായത് നിയമിക്കപ്പെടുമായിരുന്നു. ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ മിശിഹാ വഹിക്കുന്ന പ്രധാനപ്പെട്ട പങ്കിനെക്കുറിച്ച് ഈ പുസ്തകത്തിന്റെ വേറൊരു അധ്യായത്തിൽ നാം കൂടുതലായി പഠിക്കും. യേശുവിലൂടെ ഇപ്പോൾപ്പോലും നമുക്കു ലഭ്യമാകുന്ന അനുഗ്രഹങ്ങളെക്കുറിച്ചും നാം പഠിക്കും. എന്നാൽ യേശു ജനിക്കുന്നതിനു മുമ്പ്, ‘ആരായിരിക്കും മിശിഹാ’ എന്ന് അനേകർ ചിന്തിച്ചിരുന്നു.
5. യേശുവിനെ സംബന്ധിച്ച അവന്റെ ശിഷ്യന്മാർക്ക് എന്തു ബോധ്യമുണ്ടായിരുന്നു?
5 പൊതുയുഗം (പൊ.യു.) ഒന്നാം നൂറ്റാണ്ടിൽ, മുൻകൂട്ടിപ്പറയപ്പെട്ട മിശിഹാ നസറെത്തിലെ യേശുവാണെന്ന് അവന്റെ ശിഷ്യന്മാർക്കു പൂർണ ബോധ്യമുണ്ടായിരുന്നു. (യോഹന്നാൻ 1:41) ശിമോൻ പത്രൊസ് എന്ന ശിഷ്യൻ യേശുവിനോട് ഇങ്ങനെ തുറന്നുപറഞ്ഞു: ‘നീ ക്രിസ്തു ആകുന്നു.’ (മത്തായി 16:16) എന്നാൽ യേശുതന്നെയാണു വാഗ്ദത്ത മിശിഹാ എന്ന് ആ ശിഷ്യന്മാർക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകുമായിരുന്നു, നമുക്ക് അത് എങ്ങനെ ഉറപ്പുവരുത്താം?
6. മിശിഹായെ തിരിച്ചറിയാൻ യഹോവ വിശ്വസ്തരെ സഹായിച്ചിരിക്കുന്നത് എപ്രകാരമെന്നു ദൃഷ്ടാന്തീകരിക്കുക.
6 യേശുവിനുമുമ്പ് ജീവിച്ചിരുന്ന ദൈവത്തിന്റെ പ്രവാചകന്മാർ മിശിഹായെ സംബന്ധിച്ച നിരവധി വിശദാംശങ്ങൾ മുൻകൂട്ടിപ്പറയുകയുണ്ടായി. മിശിഹായെ തിരിച്ചറിയാൻ അവ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. അതിനെ നമുക്ക് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ തിരക്കേറിയ ഒരു ബസ്സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ വിമാനത്താവളത്തിലോ ചെന്നു കൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെടുന്നെന്നു വിചാരിക്കുക. അയാളെക്കുറിച്ച് ആരെങ്കിലും കുറച്ചു വിശദാംശങ്ങൾ തന്നാൽ അതു നിങ്ങൾക്ക് ഉപകാരപ്പെടില്ലേ? സമാനമായി, മിശിഹാ എന്തു ചെയ്യും, അവൻ എന്തെല്ലാം നേരിടേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വേണ്ടത്ര വിശദാംശങ്ങൾ യഹോവ പ്രവാചകന്മാരിലൂടെ പ്രദാനം ചെയ്തു. മിശിഹായെ വ്യക്തമായി തിരിച്ചറിയാൻ അത്തരം നിരവധി പ്രവചനങ്ങളുടെ നിവൃത്തി വിശ്വസ്തരെ സഹായിക്കുമായിരുന്നു.
7. യേശുവിനോടുള്ള ബന്ധത്തിൽ നിറവേറിയ രണ്ടു പ്രവചനങ്ങൾ ഏവ?
7 രണ്ട് ഉദാഹരണങ്ങൾ നോക്കുക. ഒന്നാമതായി, വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നവൻ ജനിക്കുന്നത് യെഹൂദായിലെ ഒരു ചെറിയ പട്ടണമായ ബേത്ത്ലേഹെമിൽ ആയിരിക്കുമെന്ന് ഏകദേശം 700 വർഷം മുമ്പുതന്നെ മീഖാപ്രവാചകൻ മുൻകൂട്ടിപ്പറയുകയുണ്ടായി. (മീഖാ 5:2) യേശു എവിടെയാണു ജനിച്ചത്? ആ പട്ടണത്തിൽത്തന്നെ! (മത്തായി 2:1, 3-9) രണ്ടാമതായി, ദാനീയേൽ 9:25-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം, നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മിശിഹാ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന വർഷമെന്ന നിലയിൽ പൊ.യു. 29-ലേക്കു വിരൽചൂണ്ടി.a വാഗ്ദത്ത മിശിഹാ യേശുവാണെന്ന് ഇവയുടെയും മറ്റു പ്രവചനങ്ങളുടെയും നിവൃത്തി തെളിയിക്കുന്നു.
സ്നാപനസമയത്ത് യേശു, മിശിഹാ അഥവാ ക്രിസ്തു ആയിത്തീർന്നു
8, 9. യേശു മിശിഹായാണ് എന്നതിന്റെ ഏതു തെളിവ് അവന്റെ സ്നാപനസമയത്ത് വ്യക്തമായിത്തീർന്നു?
8 യേശു മിശിഹായാണ് എന്നതിന്റെ കൂടുതലായ തെളിവ് പൊ.യു. 29-ന്റെ അവസാനത്തോടെ വ്യക്തമായിത്തീർന്നു. യോർദ്ദാൻ നദിയിൽ സ്നാപനമേൽക്കാനായി യേശു യോഹന്നാൻ സ്നാപകന്റെ അടുത്തേക്കു പോയത് ആ വർഷമാണ്. മിശിഹായെ തിരിച്ചറിയാൻ കഴിയേണ്ടതിന് യഹോവ യോഹന്നാന് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. യേശുവിന്റെ സ്നാപന സമയത്ത് യോഹന്നാൻ ആ അടയാളം കണ്ടു. സംഭവിച്ചത് ഇതാണെന്നു ബൈബിൾ പറയുന്നു: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്തായി 3:16, 17) അവിടെ സംഭവിച്ചതു കാണുകയും കേൾക്കുകയും ചെയ്ത യോഹന്നാന്, യേശു ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലായിരുന്നു. (യോഹന്നാൻ 1:32-34) ദൈവത്തിന്റെ ആത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി യേശുവിന്റെമേൽ ചൊരിയപ്പെട്ട നിമിഷം അവൻ മിശിഹാ അഥവാ ക്രിസ്തു, അതായത് നിയമിത നായകനും രാജാവും, ആയിത്തീർന്നു.—യെശയ്യാവു 55:4.
9 ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയും യഹോവയുടെതന്നെ സാക്ഷ്യവും യേശു വാഗ്ദത്ത മിശിഹാ ആണെന്നു വ്യക്തമായി തെളിയിക്കുന്നു. എന്നാൽ യേശു എവിടെനിന്നു വന്നു? അവൻ ഏതുതരം വ്യക്തിയായിരുന്നു? സുപ്രധാനമായ ഈ രണ്ടു ചോദ്യങ്ങൾക്കും ബൈബിൾ ഉത്തരം നൽകുന്നുണ്ട്.
യേശു എവിടെനിന്നു വന്നു?
10. ഭൂമിയിലേക്കു വരുന്നതിനു മുമ്പുള്ള യേശുവിന്റെ ജീവിതത്തെക്കുറിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു?
10 ഭൂമിയിൽ വരുന്നതിനുമുമ്പ് യേശു സ്വർഗത്തിൽ ഉണ്ടായിരുന്നെന്നു ബൈബിൾ പഠിപ്പിക്കുന്നു. മിശിഹാ ബേത്ത്ലേഹെമിൽ ജനിക്കുമെന്നു പ്രവചിച്ചതോടൊപ്പം അവന്റെ ഉത്ഭവം ‘പണ്ടേയുള്ളത്’ ആണെന്നും മീഖാ പറഞ്ഞു. (മീഖാ 5:2) ഒരു മനുഷ്യനായി ജനിക്കുന്നതിനുമുമ്പ് താൻ സ്വർഗത്തിൽ ഉണ്ടായിരുന്നതായി പല സന്ദർഭങ്ങളിലും യേശുതന്നെ പറയുകയുണ്ടായി. (യോഹന്നാൻ 3:13; 6:38, 62; 17:4, 5) സ്വർഗത്തിൽ ഒരു ആത്മജീവി ആയിരുന്ന യേശുവിന് യഹോവയുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു.
11. യേശു ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രനാണെന്നു ബൈബിൾ പ്രകടമാക്കുന്നത് എങ്ങനെ?
11 യഹോവയുടെ ഏറ്റവും പ്രിയപ്പെട്ട പുത്രനാണ് യേശു. അതിനു നല്ല കാരണവുമുണ്ട്. ‘സർവ്വസൃഷ്ടിക്കും ആദ്യജാതൻ’ എന്ന് അവനെ വിളിക്കുന്നു.b കാരണം, ദൈവത്തിന്റെ ആദ്യസൃഷ്ടിയാണവൻ. (കൊലൊസ്സ്യർ 1:15) ദൈവത്തിന്റെ ഈ പുത്രനെ പ്രത്യേകതയുള്ളവനാക്കുന്ന മറ്റൊരു കാര്യംകൂടെയുണ്ട്. അവൻ “ഏകജാത”നാണ്. (യോഹന്നാൻ 3:16) ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടവൻ യേശു മാത്രമാണെന്നാണ് ഇതിന്റെ അർഥം. മറ്റെല്ലാം സൃഷ്ടിക്കുന്നതിൽ ദൈവം ഉപയോഗിച്ച ഏകവ്യക്തിയും യേശുവാണ്. (കൊലൊസ്സ്യർ 1:16) യേശുവിനെ “വചന”മെന്നും വിളിച്ചിരിക്കുന്നു. (യോഹന്നാൻ 1:14) തന്റെ പിതാവിന്റെ മറ്റു പുത്രന്മാർക്ക്, അതായത് ആത്മജീവികൾക്കും മനുഷ്യർക്കും സന്ദേശങ്ങളും നിർദേശങ്ങളും എത്തിച്ചുകൊടുത്തുകൊണ്ട് യേശു ദൈവത്തിനുവേണ്ടി സംസാരിച്ചുവെന്ന് ഇതു നമ്മോടു പറയുന്നു.
12. ആദ്യജാതപുത്രൻ ദൈവത്തോടു സമനല്ലെന്നു നമുക്ക് എങ്ങനെ അറിയാം?
12 ചിലർ വിശ്വസിക്കുന്നതുപോലെ ഈ ആദ്യജാതപുത്രൻ ദൈവത്തോടു സമനാണോ? ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. മുൻ ഖണ്ഡികയിൽ നാം കണ്ടതുപോലെ, പുത്രൻ സൃഷ്ടിക്കപ്പെട്ടവനാണ്. അപ്പോൾ വ്യക്തമായും അവന് ഒരു ആരംഭമുണ്ടായിരുന്നു. യഹോവയ്ക്കാകട്ടെ ആരംഭമോ അവസാനമോ ഇല്ല. (സങ്കീർത്തനം 90:2) തന്റെ പിതാവിനോടു സമനാകാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ഈ ഏകജാതപുത്രൻ ചിന്തിച്ചിട്ടുപോലുമില്ല. പിതാവ് പുത്രനെക്കാൾ വലിയവനാണെന്നു ബൈബിൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. (യോഹന്നാൻ 14:28; 1 കൊരിന്ത്യർ 11:3) യഹോവ മാത്രമാണ് “സർവ്വശക്തിയുള്ള ദൈവം.” (ഉല്പത്തി 17:1) അക്കാരണത്താൽ യഹോവയ്ക്കു തുല്യനായി മറ്റാരുമില്ല.c
13. “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ” എന്നു പുത്രനെ വിളിക്കുന്നതുകൊണ്ട് ബൈബിൾ എന്താണ് അർഥമാക്കുന്നത്?
13 യഹോവയും അവന്റെ ആദ്യജാതപുത്രനും കോടാനുകോടി വർഷങ്ങളായി അടുത്ത സഹവാസം ആസ്വദിച്ചിരുന്നു, ഭൂമിയെയും താരനിബിഡമായ ആകാശത്തെയും സൃഷ്ടിച്ചതിനു വളരെക്കാലം മുമ്പുമുതൽത്തന്നെ. അവരുടെ സ്നേഹബന്ധം എത്ര തീവ്രമായിരുന്നിരിക്കണം! (യോഹന്നാൻ 3:35; 14:31) ഈ പ്രിയപുത്രൻ തന്റെ പിതാവിനെപ്പോലെതന്നെ ആയിരുന്നു. അതുകൊണ്ടാണ്, ബൈബിൾ അവനെ “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ” എന്നു വിളിക്കുന്നത്. (കൊലൊസ്സ്യർ 1:15) അതേ, മനുഷ്യരുടെ കാര്യം തന്നെയെടുത്താൽ ഒരു പുത്രന് സ്വന്തം പിതാവിനോടു പല വിധങ്ങളിൽ അടുത്ത സാമ്യമുണ്ടായിരിക്കാം. അതുപോലെ, ഈ സ്വർഗീയ പുത്രനും സ്വന്തം പിതാവിന്റെ ഗുണങ്ങളും വ്യക്തിത്വവും പ്രതിഫലിപ്പിച്ചു.
14. യഹോവയുടെ ഏകജാതപുത്രൻ ഒരു മനുഷ്യനായി ജനിക്കാൻ ഇടയായത് എങ്ങനെ?
14 ഒരു മനുഷ്യനായി ജീവിക്കാൻ യഹോവയുടെ ഏകജാതപുത്രൻ സ്വർഗംവിട്ട് മനസ്സോടെ ഭൂമിയിലേക്കു വന്നു. എന്നാൽ, ‘ഒരു ആത്മജീവിക്ക് എങ്ങനെയാണ് ഒരു മനുഷ്യനായി ജനിക്കാനാകുക’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഇതു സാധ്യമാക്കാനായി യഹോവ ഒരു അത്ഭുതം പ്രവർത്തിച്ചു. തന്റെ ആദ്യജാതന്റെ ജീവനെ യഹോവ സ്വർഗത്തിൽനിന്നു മറിയ എന്നു പേരുള്ള ഒരു യഹൂദ കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റി. ഒരു മാനുഷ പിതാവ് ഇതിൽ ഉൾപ്പെട്ടിരുന്നില്ല. അങ്ങനെ, മറിയ പൂർണതയുള്ള ഒരു പുത്രനു ജന്മം നൽകി. അവനു യേശു എന്നു പേരിട്ടു.—ലൂക്കൊസ് 1:30-35.
യേശു ഏതുതരം വ്യക്തിയായിരുന്നു?
15. യേശുവിലൂടെ യഹോവയെ മെച്ചമായി മനസ്സിലാക്കാനാകുമെന്നു നമുക്കു പറയാനാകുന്നത് എന്തുകൊണ്ട്?
15 ഭൂമിയിലായിരിക്കെ യേശു പറഞ്ഞതും പ്രവർത്തിച്ചതും ആയ കാര്യങ്ങൾ അവനെ ഒരു വ്യക്തിയെന്നനിലയിൽ അടുത്തറിയാൻ നമ്മെ സഹായിക്കുന്നു. മാത്രമല്ല, യേശുവിലൂടെ നമുക്കു യഹോവയെക്കുറിച്ചും മെച്ചമായി മനസ്സിലാക്കാനാകുന്നു. എന്തുകൊണ്ടാണിത്? ഈ പുത്രൻ പിതാവിനെ പൂർണമായി പ്രതിഫലിപ്പിക്കുന്നു എന്നതു മനസ്സിൽപ്പിടിക്കുക. അതുകൊണ്ടാണ് തന്റെ ഒരു ശിഷ്യനോട് യേശു ഇപ്രകാരം പറഞ്ഞത്: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.” (യോഹന്നാൻ 14:9) മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ എന്നീ നാലു ബൈബിൾ പുസ്തകങ്ങൾ (സുവിശേഷങ്ങൾ എന്നറിയപ്പെടുന്നു) യേശുക്രിസ്തുവിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും വ്യക്തിത്വ ഗുണങ്ങളെയും കുറിച്ചു ധാരാളം കാര്യങ്ങൾ നമ്മോടു പറയുന്നു.
16. യേശുവിന്റെ മുഖ്യ സന്ദേശം എന്തായിരുന്നു, അവൻ പഠിപ്പിച്ച കാര്യങ്ങളുടെ ഉറവിടം ഏതായിരുന്നു?
16 “ഗുരു” അഥവാ അധ്യാപകൻ എന്ന നിലയിൽ യേശു പ്രശസ്തനായിരുന്നു. (യോഹന്നാൻ 1:38; 13:13) അവൻ എന്താണു പഠിപ്പിച്ചത്? മുഖ്യമായും, അവന്റെ സന്ദേശം “രാജ്യത്തിന്റെ സുവിശേഷം” ആയിരുന്നു. മുഴുഭൂമിയെയും ഭരിക്കാൻപോകുന്ന സ്വർഗീയ ഗവണ്മെന്റ് അഥവാ ദൈവരാജ്യം അനുസരണമുള്ള മനുഷ്യവർഗത്തിന്മേൽ അളവറ്റ അനുഗ്രഹങ്ങൾ ചൊരിയുമെന്ന സുവാർത്ത ആയിരുന്നു അത്. (മത്തായി 4:23) ആ സന്ദേശം ആരുടേതായിരുന്നു? യേശുതന്നെ ഇപ്രകാരം പറഞ്ഞു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” യേശുവിനെ അയച്ചത് യഹോവയായിരുന്നു. (യോഹന്നാൻ 7:16) രാജ്യത്തെ സംബന്ധിച്ച സുവാർത്ത മനുഷ്യർ കേൾക്കാൻ തന്റെ പിതാവ് ആഗ്രഹിക്കുന്നുവെന്നു യേശുവിന് അറിയാമായിരുന്നു. ദൈവരാജ്യം എന്താണെന്നും അത് എന്തു ചെയ്യുമെന്നും 8-ാം അധ്യായത്തിൽ നാം കൂടുതലായി പഠിക്കും.
17. യേശു എവിടെയെല്ലാമാണു പഠിപ്പിച്ചത്, മറ്റുള്ളവരെ പഠിപ്പിക്കാനായി അവൻ ധാരാളം സമയവും ശ്രമവും ചെലവിട്ടത് എന്തുകൊണ്ട്?
17 യേശു എവിടെയെല്ലാമാണു പഠിപ്പിച്ചത്? നാട്ടിൻപുറങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ, ചന്തസ്ഥലങ്ങൾ, വീടുകൾ എന്നിങ്ങനെ ആളുകളെ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം അവൻ പഠിപ്പിച്ചു. ആളുകൾ തന്റെ അടുത്തേക്കു വരട്ടെയെന്നു വിചാരിക്കാതെ അവൻ അവരുടെ അടുത്തേക്കുചെന്നു. (മർക്കൊസ് 6:56; ലൂക്കൊസ് 19:5, 6) പ്രസംഗിക്കാനും പഠിപ്പിക്കാനും ആയി യേശു ഇത്രയധികം ശ്രമം ചെലുത്തുകയും ധാരാളം സമയം ചെലവിടുകയും ചെയ്തത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അവൻ അങ്ങനെ ചെയ്യണമെന്നതു ദൈവഹിതമായിരുന്നു. യേശു എല്ലായ്പോഴും തന്റെ പിതാവിന്റെ ഹിതം ചെയ്തു. (യോഹന്നാൻ 8:28, 29) എന്നാൽ, അവൻ പ്രസംഗിച്ചതിനു മറ്റൊരു കാരണവും ഉണ്ടായിരുന്നു. തന്റെ അടുക്കൽ വന്ന ജനക്കൂട്ടത്തോടു യേശുവിന് അനുകമ്പ തോന്നി. (മത്തായി 9:35, 36) ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു ജനത്തെ പഠിപ്പിക്കേണ്ടിയിരുന്ന മതനേതാക്കൾ അവർക്കു യാതൊരു ശ്രദ്ധയും നൽകിയിരുന്നില്ല. രാജ്യസന്ദേശം ആളുകൾക്ക് എത്രയധികം ആവശ്യമാണെന്നു യേശു തിരിച്ചറിഞ്ഞിരുന്നു.
18. യേശുവിന്റെ ഏതു ഗുണങ്ങളാണു നിങ്ങൾക്ക് ഏറ്റവും ആകർഷകമായി തോന്നുന്നത്?
18 ആർദ്രവും ആഴവുമായ വികാരങ്ങളുള്ള മനുഷ്യനായിരുന്നു യേശു. അതിനാൽ, തങ്ങൾക്കു സമീപിക്കാവുന്ന, ദയാലുവായ ഒരാളായിട്ടാണ് മറ്റുള്ളവർ അവനെ വീക്ഷിച്ചത്. കുട്ടികൾക്കുപോലും അവന്റെയടുത്ത് സ്വാതന്ത്ര്യം തോന്നിയിരുന്നു. (മർക്കൊസ് 10:13-16) യേശുവിനു പക്ഷപാതമില്ലായിരുന്നു. അഴിമതിയും അനീതിയും അവനു വെറുപ്പായിരുന്നു. (മത്തായി 21:12, 13) സ്ത്രീകൾക്ക് ഒട്ടുംതന്നെ ആദരവ് നൽകാതിരുന്ന, അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് യേശു മാന്യതയോടെയാണ് അവരോട് ഇടപെട്ടത്. (യോഹന്നാൻ 4:9, 27) യേശുവിന് യഥാർഥ താഴ്മയുണ്ടായിരുന്നു. ഒരവസരത്തിൽ അവൻ അപ്പൊസ്തലന്മാരുടെ പാദങ്ങൾ കഴുകുകപോലും ചെയ്തു. സാധാരണഗതിയിൽ ഒരു ദാസനാണ് അങ്ങനെ ചെയ്യുമായിരുന്നത്.
ആളുകൾ ഉണ്ടായിരുന്നിടത്തെല്ലാം യേശു പ്രസംഗിച്ചു
19. മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നവനായിരുന്നു യേശു എന്ന് ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
19 മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നവനായിരുന്നു യേശു. ദൈവത്തിന്റെ ശക്തിയാൽ അവൻ അത്ഭുതകരമായി രോഗസൗഖ്യം വരുത്തിയപ്പോൾ ഇത് പ്രത്യേകിച്ചും പ്രകടമായി. (മത്തായി 14:14) ഉദാഹരണത്തിന്, ഒരു കുഷ്ഠരോഗി ഒരിക്കൽ യേശുവിനോട് ഇങ്ങനെ പറഞ്ഞു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും.” ആ മനുഷ്യന്റെ വേദനയും കഷ്ടപ്പാടും തന്റേതായിട്ടു കാണാൻ യേശുവിനു കഴിഞ്ഞു. അനുകമ്പ തോന്നിയ യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മനസ്സുണ്ടു, ശുദ്ധമാക.” അയാൾക്കു സൗഖ്യംവന്നു. (മർക്കൊസ് 1:40-42) ആ മനുഷ്യന് ഉണ്ടായ വികാരം നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ?
അവസാനത്തോളം വിശ്വസ്തൻ
20, 21. യേശു ദൈവത്തോടുള്ള വിശ്വസ്ത അനുസരണത്തിന്റെ ഉത്തമ മാതൃക ആയിരിക്കുന്നത് എങ്ങനെ?
20 ദൈവത്തോടു വിശ്വസ്ത അനുസരണം പ്രകടമാക്കുന്നതിൽ യേശു ഏറ്റവും നല്ല മാതൃകവെച്ചു. എല്ലാ സാഹചര്യങ്ങളിലും, എല്ലാത്തരം എതിർപ്പിനും കഷ്ടപ്പാടിനും മധ്യേയും തന്റെ സ്വർഗീയ പിതാവിനോടുള്ള വിശ്വസ്തത അവൻ മുറുകെപ്പിടിച്ചു. സാത്താന്റെ പ്രലോഭനങ്ങളെ യേശു ശക്തിയുക്തം വിജയപ്രദമായി ചെറുത്തുനിന്നു. (മത്തായി 4:1-11) ഒരു സമയത്ത് യേശുവിന്റെതന്നെ ചില ബന്ധുക്കൾ അവനിൽ വിശ്വസിച്ചില്ല, അവനു “ബുദ്ധിഭ്രമം” ഉണ്ടെന്നുപോലും അവർ ആരോപിച്ചു. (മർക്കൊസ് 3:21) എങ്കിലും, തന്നെ സ്വാധീനിക്കാൻ യേശു അവരെ അനുവദിച്ചില്ല; അവൻ ദൈവത്തിന്റെ വേല ചെയ്യുന്നതിൽ തുടർന്നു. അപമാനത്തിനും ദുഷ്പെരുമാറ്റത്തിനും വിധേയനായെങ്കിലും, യേശു ആത്മനിയന്ത്രണം പാലിച്ചു. എതിരാളികളെ ദ്രോഹിക്കാൻ അവൻ ഒരിക്കലും മുതിർന്നില്ല.—1 പത്രൊസ് 2:21-23.
21 യേശു മരണത്തോളം വിശ്വസ്തത പാലിച്ചു, ശത്രുക്കളാലുള്ള ക്രൂരവും വേദനാകരവുമായ മരണംവരെത്തന്നെ. (ഫിലിപ്പിയർ 2:8) ഒരു മനുഷ്യനെന്ന നിലയിലുള്ള തന്റെ അവസാന ദിവസം അവന് എന്തെല്ലാമാണു സഹിക്കേണ്ടിവന്നതെന്നു നോക്കുക. അവൻ അറസ്റ്റിലായി, കള്ളസാക്ഷികളുടെ കുറ്റാരോപണത്തിനു വിധേയനായി, അഴിമതിക്കാരായ ന്യായാധിപന്മാർ അവനെ കുറ്റവാളിയെന്നു വിധിച്ചു, ജനക്കൂട്ടത്തിന്റെ പരിഹാസപാത്രമായി, പടയാളികളുടെ ദണ്ഡനം സഹിച്ചു. സ്തംഭത്തിൽ തറയ്ക്കപ്പെട്ട അവൻ മരണസമയത്ത് ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു: “നിവൃത്തിയായി.” (യോഹന്നാൻ 19:30) എന്നിരുന്നാലും, യേശു മരിച്ചു മൂന്നാം ദിവസം സ്വർഗീയ പിതാവ് അവനെ ആത്മജീവനിലേക്ക് ഉയിർപ്പിച്ചു. (1 പത്രൊസ് 3:18) ഏതാനും ആഴ്ചകൾക്കുശേഷം അവൻ സ്വർഗത്തിലേക്കു തിരികെപ്പോയി. അവിടെ, രാജകീയ അധികാരം കയ്യേൽക്കാനായി അവൻ “ദൈവത്തിന്റെ വലത്തുഭാഗത്തു” കാത്തിരുന്നു.—എബ്രായർ 10:12, 13.
22. മരണത്തോളം വിശ്വസ്തത പാലിച്ചതിലൂടെ യേശു എന്തു സാധ്യമാക്കിത്തീർത്തു?
22 മരണത്തോളം വിശ്വസ്തനായി നിലകൊണ്ടതിലൂടെ യേശു എന്തു സാധ്യമാക്കി? യേശുവിന്റെ മരണം യഹോവയുടെ ആദിമ ഉദ്ദേശ്യപ്രകാരം ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ നേടാനുള്ള വഴി നമുക്കു തുറന്നുതന്നു. അവന്റെ മരണം അതു സാധ്യമാക്കുന്നത് എങ്ങനെയെന്ന് അടുത്ത അധ്യായത്തിൽ ചർച്ചചെയ്യും.
a യേശുവിൽ നിറവേറിയ ദാനീയേൽ പ്രവചനത്തെക്കുറിച്ചുള്ള വിശദീകരണത്തിന് 197-9 പേജുകളിലെ അനുബന്ധം കാണുക.
b സ്രഷ്ടാവായതിനാലാണ് യഹോവയെ ഒരു പിതാവെന്നു വിളിച്ചിരിക്കുന്നത്. (യെശയ്യാവു 64:8) യേശു ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടുന്നു. സമാനമായ കാരണങ്ങളാൽ, മറ്റ് ആത്മജീവികളെയും ദൈവത്തിന്റെ പുത്രന്മാരെന്നു വിളിച്ചിരിക്കുന്നു. മനുഷ്യനായിരുന്ന ആദാമിനെപ്പോലും അങ്ങനെ വിളിച്ചിട്ടുണ്ട്.—ഇയ്യോബ് 1:6; ലൂക്കൊസ് 3:38.
c ആദ്യജാതപുത്രൻ ദൈവത്തോടു സമനല്ലെന്നുള്ളതിന്റെ കൂടുതലായ തെളിവിന് 201-4 പേജുകളിലെ അനുബന്ധം കാണുക.