അനുബന്ധം
സത്യക്രിസ്ത്യാനികൾ ആരാധനയിൽ കുരിശ് ഉപയോഗിക്കുകയില്ലാത്തത് എന്തുകൊണ്ട്?
ദശലക്ഷക്കണക്കിന് ആളുകൾ കുരിശിനെ പൂജിക്കുകയും ആദരിക്കുകയും ചെയ്യുന്നു. “ക്രിസ്തുമതത്തിന്റെ പ്രധാന ചിഹ്നം” എന്നാണ് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക കുരിശിനെ വിശേഷിപ്പിക്കുന്നത്. എന്നുവരികിലും സത്യക്രിസ്ത്യാനികൾ ആരാധനയിൽ കുരിശ് ഉപയോഗിക്കുകയില്ല. എന്തുകൊണ്ട്?
യേശുക്രിസ്തു മരിച്ചത് ഒരു കുരിശിലല്ല എന്നതാണ് പ്രധാനപ്പെട്ട ഒരു കാരണം. “കുരിശ്” എന്നു പൊതുവേ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം സ്റ്റോറോസ് ആണ്. അതിന്റെ അടിസ്ഥാനപരമായ അർഥം “നേരെ നാട്ടിനിറുത്തിയ തൂണ്, അഥവാ സ്തംഭം” എന്നാണ്. ദ കംപാനിയൻ ബൈബിൾ ഇങ്ങനെ പറയുന്നു: “[സ്റ്റോറോസ്] ഒരിക്കലും ഏതെങ്കിലും രീതിയിൽ കുറുകെവെച്ച രണ്ടു തടിക്കഷണങ്ങളെ അർഥമാക്കുന്നില്ല. . . . [പുതിയനിയമ] ഗ്രീക്കിൽ രണ്ടു തടിക്കഷണങ്ങളെക്കുറിച്ചുള്ള യാതൊരുവിധ സൂചനയുമില്ല.”
യേശു ഏത് ഉപകരണത്തിൽ കിടന്നാണോ മരിച്ചത്, അതിനെ കുറിക്കാനായി നിരവധി വാക്യങ്ങളിൽ ബൈബിളെഴുത്തുകാർ മറ്റൊരു പദം ഉപയോഗിക്കുന്നുണ്ട്. സൈലോൺ എന്ന ഗ്രീക്കു പദമാണ് ഇത്. (പ്രവൃത്തികൾ 5:30; 10:39; 13:29; ഗലാത്യർ 3:13; 1 പത്രൊസ് 2:24) “മരത്തടി” എന്നോ “വടി, ദണ്ഡ്, മരം” എന്നോ ഒക്കെ മാത്രമേ അതിന് അർഥമുള്ളൂ.
വധശിക്ഷ നടപ്പാക്കാനായി കേവലം ഒരു സ്തംഭം ഉപയോഗിച്ചിരുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് ജർമൻ ഭാഷയിലുള്ള കുരിശും ക്രൂശിക്കലും എന്ന ഗ്രന്ഥത്തിൽ ഹെർമാൻ ഫുൽഡ ഇപ്രകാരം പറയുന്നു. “പരസ്യമായി വധശിക്ഷ നടപ്പാക്കാൻ തിരഞ്ഞെടുക്കുന്ന എല്ലാ സ്ഥലങ്ങളിലും വൃക്ഷങ്ങൾ കാണുമായിരുന്നില്ല. അതുകൊണ്ട് ഒരു തൂണ് നിലത്തു നാട്ടിയുറപ്പിക്കുമായിരുന്നു. കുറ്റവാളികളുടെ കൈകൾ രണ്ടും മേൽപ്പോട്ടും . . . കാൽപ്പാദങ്ങൾ കീഴ്പോട്ടുംവെച്ച് ഇതിൽ മുറുക്കിക്കെട്ടുകയോ ആണിയടിക്കുകയോ ചെയ്തിരുന്നു.”
എന്നാൽ, ഏറ്റവും ശക്തമായ തെളിവ് ദൈവവചനത്തിലാണ് ഉള്ളത്. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം പറയുന്നു: “‘മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ’ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.” (ഗലാത്യർ 3:13) ഇവിടെ പൗലൊസ് ആവർത്തനപുസ്തകം 21:22, 23-ൽനിന്നാണ് ഉദ്ധരിക്കുന്നത്. വ്യക്തമായും, അവിടെ പരാമർശിച്ചിരിക്കുന്നത് കുരിശിനെയല്ല മറിച്ച് ഒരു സ്തംഭത്തെയാണ്. ഒരു വ്യക്തിയെ ‘ശപിക്കപ്പെട്ടവൻ’ ആക്കിത്തീർത്തിരുന്ന തരം വധശിക്ഷയായിരുന്നു അത്. അതിനാൽ, ക്രിസ്ത്യാനികൾ തങ്ങളുടെ വീടുകളിൽ വധസ്തംഭത്തിൽ കിടക്കുന്ന ക്രിസ്തുവിന്റെ രൂപം വെക്കുന്നത് ഉചിതമായിരിക്കുകയില്ല.
യേശുവിന്റെ മരണശേഷമുള്ള 300 വർഷക്കാലത്ത് ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്നവർ തങ്ങളുടെ ആരാധനയിൽ കുരിശ് ഉപയോഗിച്ചതായുള്ള യാതൊരു തെളിവുമില്ല. എന്നാൽ നാലാം നൂറ്റാണ്ടിൽ, കോൺസ്റ്റന്റൈൻ എന്ന വിജാതീയ ചക്രവർത്തി വിശ്വാസത്യാഗംഭവിച്ച ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്യുകയും കുരിശിനെ അതിന്റെ ചിഹ്നമായി ഉന്നമിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും, കുരിശിന് യേശുക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വാസ്തവത്തിൽ, കുരിശിനു പുറജാതീയ ഉത്ഭവമാണ് ഉള്ളത്. ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ ഇപ്രകാരം സമ്മതിച്ചുപറയുന്നു: “ക്രിസ്തീയപൂർവവും ക്രിസ്തീയേതരവും ആയ സംസ്കാരങ്ങളിൽ കുരിശ് ഉപയോഗിച്ചിരുന്നു.” മറ്റു പല ആധികാരിക ഗ്രന്ഥങ്ങളും കുരിശിനെ പ്രകൃതി ആരാധനയോടും പുറജാതീയ ലൈംഗിക മതകർമങ്ങളോടും ബന്ധപ്പെടുത്തിയിരിക്കുന്നു.
അങ്ങനെയെങ്കിൽ ഈ പുറജാതീയ ചിഹ്നം എന്തുകൊണ്ടാണു സ്വീകരിക്കപ്പെട്ടത്? വിജാതീയർക്ക് ‘ക്രിസ്ത്യാനിത്വം’ സ്വീകരിക്കുക എളുപ്പമാക്കിത്തീർക്കുന്നതിന് ആയിരുന്നിരിക്കണം അത്. എന്നാൽ പുറജാതീയമായ ഏതൊരു ചിഹ്നത്തെയും പൂജിക്കുന്നതിനെ ബൈബിൾ വ്യക്തമായി കുറ്റംവിധിക്കുന്നു. (2 കൊരിന്ത്യർ 6:14-18) കൂടാതെ, സകലവിധ വിഗ്രഹാരാധനയും തിരുവെഴുത്തുകൾ വിലക്കുന്നു. (പുറപ്പാടു 20:4, 5; 1 കൊരിന്ത്യർ 10:14) അതുകൊണ്ട്, നല്ല കാരണത്തോടെതന്നെ സത്യക്രിസ്ത്യാനികൾ ആരാധനയിൽ കുരിശ് ഉപയോഗിക്കുന്നില്ല.a
a കുരിശിനെക്കുറിച്ചുള്ള കൂടുതൽ വിശദമായ ചർച്ചയ്ക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ 89-93 പേജുകൾ കാണുക.