അനുബന്ധം
എന്താണ് ഷീയോളും ഹേഡീസും?
ബൈബിളിന്റെ മൂലപാഠത്തിൽ ഷീയോൾ എന്ന എബ്രായ പദവും തത്തുല്യമായ ഹേഡീസ് എന്ന ഗ്രീക്ക് പദവും 70-ലധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഇവ രണ്ടും മരണവുമായി ബന്ധപ്പെട്ട വാക്കുകളാണ്. മലയാളം ബൈബിളുകൾ ഇവയെ “ശവക്കുഴി,” “പാതാളം,” “നരകം,” “മരണം” എന്നൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ എബ്രായ, ഗ്രീക്ക് പദങ്ങളുടെ കൃത്യമായ അർഥം നൽകുന്ന വാക്കുകളൊന്നുംതന്നെ മിക്ക ഭാഷകളിലും ഇല്ല. ഈ വാക്കുകൾ യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത്? വ്യത്യസ്ത ബൈബിൾ വാക്യങ്ങളിൽ ഇവ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നു നമുക്കു നോക്കാം.
സഭാപ്രസംഗി 9:10 ഇങ്ങനെ പ്രസ്താവിക്കുന്നു: “നീ ചെല്ലുന്ന പാതാളത്തിൽ [ഷീയോൾ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” നമ്മുടെ പ്രിയപ്പെട്ട ഒരാളെ അടക്കം ചെയ്തിരിക്കുന്ന പ്രത്യേകമായ, വേറിട്ട ഒരു സ്ഥലത്തെയാണ് ഷീയോൾ പരാമർശിക്കുന്നത് എന്നാണോ ഇതിനർഥം? അല്ല. ശവമടക്കാനുള്ള ഒരു പ്രത്യേക സ്ഥലത്തെ, അഥവാ ശവക്കുഴിയെ പരാമർശിക്കുമ്പോൾ ഷീയോളിനും ഹേഡീസിനും പകരം മറ്റ് എബ്രായ, ഗ്രീക്ക് വാക്കുകളാണു ബൈബിൾ ഉപയോഗിക്കുന്നത്. (ഉല്പത്തി 23:7-9; മത്തായി 28:1) കുടുംബക്കല്ലറയുടെയോ പൊതുശ്മശാനത്തിന്റെയോ കാര്യത്തിലെന്നപോലെ ഒന്നിലധികംപേരെ അടക്കം ചെയ്യുന്ന കുഴിയെ പരാമർശിക്കാനുമല്ല ബൈബിൾ ഷീയോൾ എന്ന പദം ഉപയോഗിക്കുന്നത്.—ഉല്പത്തി 49:30, 31.
അങ്ങനെയെങ്കിൽ, ഏതുതരം സ്ഥലത്തെയാണ് ഷീയോൾ പരാമർശിക്കുന്നത്? വലിയൊരു ശ്മശാനത്തെക്കാൾപ്പോലും വളരെയേറെ വിശാലമായ ഒന്നിനെയാണ് ഷീയോൾ അഥവാ ഹേഡീസ് പരാമർശിക്കുന്നതെന്നു ദൈവവചനം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, “പാതാളം [ഷീയോൾ] തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു”വെന്നു യെശയ്യാവു 5:14 പറയുന്നു. മരിച്ച അസംഖ്യം ആളുകളെ ഷീയോൾ ഒരർഥത്തിൽ വിഴുങ്ങിക്കഴിഞ്ഞെങ്കിലും, അതിന് ഒരിക്കലും വിശപ്പടങ്ങുന്നില്ല. (സദൃശവാക്യങ്ങൾ 30:15, 16) ഒരു പരിമിത എണ്ണം മരിച്ചവരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഏതെങ്കിലുമൊരു ശ്മശാനത്തിൽനിന്നു വ്യത്യസ്തമായി, ‘പാതാളത്തിന് [ഷീയോൾ] ഒരിക്കലും തൃപ്തി വരുന്നില്ല.’ (സദൃശവാക്യങ്ങൾ 27:20) അതെ, ഷീയോൾ ഒരിക്കലും നിറയുന്നില്ല. അതിനു പരിധിയുമില്ല. അതുകൊണ്ട് ഷീയോൾ അഥവാ ഹേഡീസ് എവിടെയെങ്കിലുമുള്ള അക്ഷരാർഥത്തിലുള്ള ഒരു സ്ഥലമല്ല. മറിച്ച്, മനുഷ്യവർഗത്തിലെ മിക്കവരും മരണത്തിൽ നിദ്രകൊള്ളുന്ന പ്രതീകാത്മക സ്ഥലം അഥവാ മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴി ആണ്.
ഷീയോൾ, ഹേഡീസ് എന്നിവയുടെ അർഥം സംബന്ധിച്ച് കൂടുതലായ ഉൾക്കാഴ്ച നേടാൻ പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കൽ നമ്മെ സഹായിക്കും. പുനരുത്ഥാനം ലഭിക്കുന്ന തരത്തിലുള്ള മരണവുമായാണ് ദൈവവചനം ഷീയോളിനെയും ഹേഡീസിനെയും ബന്ധപ്പെടുത്തുന്നത്.a (ഇയ്യോബ് 14:13; പ്രവൃത്തികൾ 2:31; വെളിപ്പാടു 20:13) ഷീയോളിൽ അഥവാ ഹേഡീസിൽ ഉള്ളവരിൽ, യഹോവയെ സേവിച്ചവർ മാത്രമല്ല അവനെ സേവിക്കാതിരുന്ന അനേകരും ഉണ്ടെന്ന് ദൈവവചനം വ്യക്തമാക്കുന്നു. (ഉല്പത്തി 37:35; സങ്കീർത്തനം 55:15) അതിനാൽ, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” ഉണ്ടാകുമെന്നു ബൈബിൾ പഠിപ്പിക്കുന്നു.—പ്രവൃത്തികൾ 24:15.
a പുനരുത്ഥാനം ലഭിക്കുകയില്ലാത്തവർ ഷീയോളിലോ ഹേഡീസിലോ അല്ല മൂലഭാഷയനുസരിച്ച് ഗീഹെന്നയിൽ ആണെന്നു ബൈബിൾ പറയുന്നു. (സത്യവേദപുസ്തകം ഇതിനെ “നരകം” എന്നു വിവർത്തനം ചെയ്തിരിക്കുന്നു.) (മത്തായി 5:30; 10:28; 23:33) ഷീയോളും ഹേഡീസും പോലെതന്നെ ഗീഹെന്നയും അക്ഷരാർഥത്തിലുള്ള ഒരു സ്ഥലമല്ല.