അധ്യായം 1
“ദൈവത്തോടുള്ള സ്നേഹം”—അതിന്റെ അർഥം എന്ത്?
“ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം. ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.”—1 യോഹന്നാൻ 5:3.
1, 2. യഹോവയെ സ്നേഹിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?
നിങ്ങൾക്കു ദൈവത്തോടു സ്നേഹമുണ്ടോ? ദൈവമായ യഹോവയ്ക്കു ജീവിതം സമർപ്പിച്ചിട്ടുള്ള ഒരാളാണു നിങ്ങളെങ്കിൽ, ഉത്തരം ‘ഉറപ്പായിട്ടും ഉണ്ട്’ എന്നായിരിക്കും; അത് അങ്ങനെയായിരിക്കുകയും വേണം. നമുക്ക് യഹോവയോടു സ്നേഹം തോന്നുന്നതു തികച്ചും സ്വാഭാവികമാണ്—കാരണം, യഹോവ നമ്മളെ സ്നേഹിക്കുന്നു. “ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്” എന്നു പറഞ്ഞുകൊണ്ട് ബൈബിൾ അതിന് അടിവരയിടുന്നു.—1 യോഹന്നാൻ 4:19.
2 നമ്മളെ സ്നേഹിക്കാൻ യഹോവയാണു മുൻകൈയെടുത്തത്. മനോഹരമായ ഈ ഭൂമി ദൈവം നമുക്കു തന്നു. ശാരീരികവും ഭൗതികവും ആയ നമ്മുടെ ആവശ്യങ്ങളെല്ലാം ദൈവം നിറവേറ്റുന്നു. (മത്തായി 5:43-48) അതിലുപരി, ആത്മീയകാര്യങ്ങൾക്കായുള്ള നമ്മുടെ ദാഹം തൃപ്തിപ്പെടുത്തുന്നു. അതിനായി തന്റെ വചനമായ ബൈബിൾ നമുക്കു തന്നു. കൂടാതെ, തന്നോടു പ്രാർഥിക്കാനും നമ്മളെ ക്ഷണിക്കുന്നു. നമ്മുടെ പ്രാർഥനകൾ കേൾക്കുമെന്നും പരിശുദ്ധാത്മാവിനെ തന്ന് നമ്മളെ സഹായിക്കുമെന്നും ദൈവം ഉറപ്പു തരുന്നു. (സങ്കീർത്തനം 65:2; ലൂക്കോസ് 11:13) സർവോപരി, പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മളെ മോചിപ്പിക്കാൻ ദൈവം തനിക്ക് ഏറ്റവും പ്രിയമുള്ള മകനെ ഒരു രക്ഷകനായി അയച്ചു. എത്ര വലിയ സ്നേഹമാണ് യഹോവ നമ്മളോടു കാണിച്ചിരിക്കുന്നത്!—യോഹന്നാൻ 3:16; റോമർ 5:8 വായിക്കുക.
3. (എ) ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മൾ എന്തു ചെയ്യണം? (ബി) ഏതു സുപ്രധാനചോദ്യത്തിനു നമ്മൾ ഉത്തരം കണ്ടെത്തണം, അതിന്റെ ഉത്തരം എവിടെയുണ്ട്?
3 യഹോവയുടെ സ്നേഹത്തിൽനിന്ന് നമ്മൾ എന്നെന്നും പ്രയോജനം നേടണമെന്നാണ് യഹോവയുടെ ആഗ്രഹം. എന്നാൽ അതു നമ്മളെ ആശ്രയിച്ചാണിരിക്കുന്നത്. “നിത്യജീവന്റെ പ്രത്യാശയോടെ . . . എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” എന്നു ദൈവവചനം നമ്മളെ ഉപദേശിക്കുന്നു. (യൂദ 20, 21) ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മുടെ ഭാഗത്ത് ശ്രമം ആവശ്യമാണെന്നാണ്, ‘എന്നും നിലനിൽക്കുക’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. അതെ, ദൈവസ്നേഹത്തോടു നമ്മൾ പ്രതികരിക്കണം. അതു നമ്മുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുകയും വേണം. ആ സ്ഥിതിക്ക്, നമ്മൾ ഓരോരുത്തരും സുപ്രധാനമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണം: ‘ദൈവത്തോടു സ്നേഹമുണ്ടെന്ന് എനിക്ക് എങ്ങനെ തെളിയിക്കാം?’ അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്: “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം. ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.” (1 യോഹന്നാൻ 5:3) നമുക്കു ദൈവത്തോടുള്ള സ്നേഹത്തിന്റെ ആഴം ദൈവം അറിയണമെന്നു നമ്മൾ ആഗ്രഹിക്കുന്നതുകൊണ്ട്, ഈ വാക്കുകളുടെ അർഥം നമുക്ക് ഇപ്പോൾ പരിശോധിക്കാം.
“ദൈവത്തോടുള്ള സ്നേഹം”—അതിന്റെ അർഥം
4, 5. നിങ്ങളുടെ ഹൃദയത്തിൽ യഹോവയോടുള്ള സ്നേഹം വളരാൻ തുടങ്ങിയത് എങ്ങനെ?
4 “ദൈവത്തോടുള്ള സ്നേഹം!” ആ വാക്കുകൾ എഴുതിയപ്പോൾ എന്താണു യോഹന്നാന്റെ മനസ്സിലുണ്ടായിരുന്നത്? നമുക്ക് ഓരോരുത്തർക്കും ദൈവത്തോടുള്ള ആഴമായ വൈകാരികബന്ധമാണു യോഹന്നാൻ ഉദ്ദേശിച്ചത്. യഹോവയോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ നാമ്പെടുത്തത് എപ്പോഴാണെന്നു നിങ്ങൾക്ക് ഓർക്കാനാകുമോ?
യഹോവയോടുള്ള സ്നേഹത്തിലും അനുസരണത്തിലും അധിഷ്ഠിതമായ ഒരു ജീവിതത്തിന്റെ തുടക്കമാണു സമർപ്പണവും സ്നാനവും
5 യഹോവയെയും യഹോവയുടെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം മനസ്സിലാക്കാനും വിശ്വാസം പ്രകടമാക്കാനും തുടങ്ങിയ ആ നാളുകളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. ദൈവത്തിൽനിന്ന് അകന്ന ഒരു പാപിയായിട്ടാണു നിങ്ങൾ ജനിച്ചതെങ്കിലും, ആദാം നഷ്ടപ്പെടുത്തിയ പൂർണത നേടാനും നിത്യജീവൻ അവകാശമാക്കാനും ഉള്ള മാർഗം ക്രിസ്തുവിലൂടെ യഹോവ തുറന്നുതന്നെന്നു നിങ്ങൾ തിരിച്ചറിഞ്ഞു. (മത്തായി 20:28; റോമർ 5:12, 18) നിങ്ങൾക്കായി മരിക്കാൻ തന്റെ ഏറ്റവും പ്രിയപ്പെട്ട മകനെ ഭൂമിയിലേക്ക് അയച്ചത് യഹോവ ചെയ്ത വലിയ ഒരു ത്യാഗമായിരുന്നെന്നു നിങ്ങൾ മനസ്സിലാക്കി. അതെല്ലാം നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. നിങ്ങളോട് അത്രമേൽ സ്നേഹം കാണിച്ച ആ ദൈവത്തെ നിങ്ങൾ സ്നേഹിക്കാൻ തുടങ്ങി.—1 യോഹന്നാൻ 4:9, 10 വായിക്കുക.
6. ആത്മാർഥമായ സ്നേഹത്തിന്റെ തെളിവ് എന്താണ്, ദൈവത്തോടുള്ള സ്നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു?
6 അത്, യഹോവയോടുള്ള ആത്മാർഥസ്നേഹത്തിന്റെ തുടക്കം മാത്രമായിരുന്നു. സ്നേഹം കേവലമൊരു വികാരമല്ല; അതു വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. “ഞാൻ യഹോവയെ സ്നേഹിക്കുന്നു” എന്നു പറയുന്നതുകൊണ്ടു മാത്രം ഒരാൾക്കു ദൈവത്തോട് ആത്മാർഥമായ സ്നേഹമുണ്ടെന്നു വരുന്നില്ല. വിശ്വാസത്തിന്റെ കാര്യത്തിലെന്നപോലെ, യഥാർഥസ്നേഹത്തിനു തെളിവ് നൽകുന്നതു പ്രവൃത്തികളാണ്. (യാക്കോബ് 2:26) കൃത്യമായി പറഞ്ഞാൽ, ഒരാളെ സ്നേഹിക്കുന്നെങ്കിൽ ആ വ്യക്തിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യും. അതുകൊണ്ട്, സ്വർഗീയപിതാവായ യഹോവയോടുള്ള സ്നേഹം ഹൃദയത്തിൽ വേരുറച്ചപ്പോൾ യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാൻ നിങ്ങൾ പ്രേരിതരായി. സ്നാനമേറ്റ ഒരു സാക്ഷിയാണോ നിങ്ങൾ? ആണെങ്കിൽ, ദൈവത്തോടുള്ള സ്നേഹവും ഭക്തിയും ആണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെ നിങ്ങൾ, യഹോവയുടെ ഇഷ്ടം ചെയ്യാൻ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും അതിന്റെ തെളിവായി സ്നാനമേൽക്കുകയും ചെയ്തു. (റോമർ 14:7, 8 വായിക്കുക.) ഗൗരവമേറിയ ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഉൾപ്പെടുന്ന ഒരു കാര്യമാണു യോഹന്നാൻ അടുത്തതായി പറയുന്നത്.
‘നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നു’
7. ദൈവത്തിന്റെ ചില കല്പനകൾ ഏതെല്ലാം, അവ അനുസരിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
7 ‘ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു’ ദൈവത്തോടുള്ള സ്നേഹം എന്നു യോഹന്നാൻ വിശദീകരിക്കുന്നു. എന്തൊക്കെയാണ് ആ കല്പനകൾ? തന്റെ വചനമായ ബൈബിളിലൂടെ, നേരിട്ടുള്ള അനേകം കല്പനകൾ യഹോവ നൽകുന്നുണ്ട്. ഉദാഹരണത്തിനു മദ്യപാനം, ലൈംഗിക അധാർമികത, വിഗ്രഹാരാധന, മോഷണം, നുണപറച്ചിൽ തുടങ്ങിയ കാര്യങ്ങൾ യഹോവ കുറ്റം വിധിക്കുന്നു. (1 കൊരിന്ത്യർ 5:11; 6:18; 10:14; എഫെസ്യർ 4:28; കൊലോസ്യർ 3:9) ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക എന്നു പറഞ്ഞാൽ, ബൈബിളിലെ സുവ്യക്തമായ ധാർമികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുക എന്നാണ് അർഥം.
8, 9. നേരിട്ടുള്ള നിയമങ്ങളില്ലാത്ത സാഹചര്യങ്ങളിൽപ്പോലും യഹോവയ്ക്ക് ഇഷ്ടമുള്ളത് എന്താണെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം? ഒരു ഉദാഹരണം പറയുക.
8 യഹോവയെ സന്തോഷിപ്പിക്കാൻ പക്ഷേ, നേരിട്ടുള്ള കല്പനകൾ മാത്രം അനുസരിച്ചാൽ പോരാ. നമുക്കു കൂച്ചുവിലങ്ങിടുന്ന രീതിയിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും യഹോവ നിയമങ്ങൾ വെക്കുന്നില്ല. അതുകൊണ്ടുതന്നെ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു വ്യക്തമായി പ്രസ്താവിക്കുന്ന കല്പനകൾ ഒന്നുമില്ലാത്ത പല സാഹചര്യങ്ങളും ദിവസേന നമുക്ക് ഉണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, യഹോവയ്ക്ക് ഇഷ്ടമുള്ളത് എന്താണെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം? ദൈവം ചിന്തിക്കുന്ന രീതിയെപ്പറ്റി ബൈബിൾ വ്യക്തമായ സൂചനകൾ തരുന്നുണ്ട്. ബൈബിൾ പഠിക്കുമ്പോൾ, യഹോവ പ്രിയപ്പെടുന്നതും വെറുക്കുന്നതും ആയ കാര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാൻ നമുക്കു കഴിയുന്നു. (സങ്കീർത്തനം 97:10 വായിക്കുക; സുഭാഷിതങ്ങൾ 6:16-19) ദൈവം വിലയുള്ളതായി കരുതുന്ന മനോഭാവങ്ങളും പ്രവൃത്തികളും നമ്മൾ തിരിച്ചറിയാൻ ഇടയാകുന്നു. യഹോവയുടെ വ്യക്തിത്വത്തെയും വഴികളെയും കുറിച്ച് നമ്മൾ എത്രയധികം മനസ്സിലാക്കുന്നോ, അത്രയധികം ദൈവത്തിന്റെ ചിന്താരീതിക്കു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും നമുക്കു കഴിയും. അങ്ങനെ, നേരിട്ടുള്ള നിയമങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽപ്പോലും, “യഹോവയുടെ ഇഷ്ടം എന്താണെന്നു” മനസ്സിലാക്കാൻ നമുക്കാകും.—എഫെസ്യർ 5:17.
9 ഉദാഹരണത്തിന്, അക്രമവും ലൈംഗികതയും ചിത്രീകരിക്കുന്ന ടിവി പരിപാടികളോ ചലച്ചിത്രങ്ങളോ കാണരുതെന്നു പറയുന്ന കല്പനകളൊന്നും ബൈബിളിലില്ല. എന്നാൽ അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ നമുക്കൊരു നിയമത്തിന്റെ ആവശ്യമുണ്ടോ? യഹോവ അവയെ കാണുന്നത് എങ്ങനെയാണെന്നു നമുക്ക് അറിയാം. “അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു” എന്നു ദൈവവചനം വ്യക്തമായി പ്രസ്താവിക്കുന്നു. (സങ്കീർത്തനം 11:5) “അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും” എന്നും അതു പറയുന്നു. (എബ്രായർ 13:4) ദൈവപ്രചോദിതമായി എഴുതിയ ആ വാക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ യഹോവയുടെ ഇഷ്ടം എന്താണെന്നു നമുക്കു വ്യക്തമായിത്തീരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, ദൈവം വെറുക്കുന്ന തരം നടപടികൾ പച്ചയായി ചിത്രീകരിക്കുന്ന വിനോദപരിപാടികൾ നമ്മൾ ഒഴിവാക്കുന്നു. നിരുപദ്രവകരമായ വിനോദമെന്ന ലേബലിൽ ലോകം വിറ്റഴിക്കുന്ന അധാർമികകാര്യങ്ങൾ നമ്മൾ തള്ളിക്കളയുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കുമെന്നു നമുക്ക് അറിയാം.a
10, 11. നമ്മൾ യഹോവയെ അനുസരിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത് എന്തുകൊണ്ട്, നമ്മുടെ അനുസരണം എങ്ങനെയുള്ളതാണ്?
10 നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതിന്റെ പ്രധാനകാരണം എന്താണ്? ദൈവത്തിന്റെ മനസ്സ് അറിഞ്ഞ് ജീവിക്കാൻ ദിവസവും നമ്മൾ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? ദൈവേഷ്ടം അവഗണിച്ചാലുള്ള ശിക്ഷയോ ഭവിഷ്യത്തുകളോ ഒഴിവാക്കാൻവേണ്ടിയല്ല നമ്മൾ അങ്ങനെ ചെയ്യുന്നത്. (ഗലാത്യർ 6:7) പകരം, യഹോവയോടു സ്നേഹം കാണിക്കാനുള്ള വിലയേറിയ ഒരു അവസരമായിട്ടാണു നമ്മൾ അതിനെ കാണുന്നത്. അച്ഛന്റെ പ്രീതി പിടിച്ചുപറ്റാൻ കൊതിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ സ്ഥാനത്താണു നമ്മൾ. (സങ്കീർത്തനം 5:12) യഹോവ നമ്മുടെ പിതാവാണ്, നമ്മൾ യഹോവയെ സ്നേഹിക്കുന്നു. ‘യഹോവയുടെ അംഗീകാരമുള്ള’ രീതിയിൽ ജീവിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും മറ്റൊരു വിധത്തിലും നമുക്കു കിട്ടില്ല.—സുഭാഷിതങ്ങൾ 12:2.
11 അതുകൊണ്ട് മനസ്സില്ലാമനസ്സോടെയല്ല നമ്മൾ ദൈവത്തെ അനുസരിക്കുന്നത്; അനുസരണത്തിനു നമ്മൾ വ്യവസ്ഥകൾ വെക്കാറുമില്ല.b എളുപ്പമുള്ള കല്പനകൾ മാത്രം അനുസരിക്കുന്നതിനു പകരം, ദൈവത്തിന്റെ എല്ലാ കല്പനകളും പൂർണമനസ്സോടെ, “ഹൃദയപൂർവം” നമ്മൾ അനുസരിക്കുന്നു. (റോമർ 6:17) “അങ്ങയുടെ കല്പനകളെ ഞാൻ പ്രിയപ്പെടുന്നു; അതെ, അവയെ ഞാൻ സ്നേഹിക്കുന്നു” എന്ന് എഴുതിയ സങ്കീർത്തനക്കാരന്റെ മനോഭാവമാണു നമുക്കും. (സങ്കീർത്തനം 119:47) അതെ, യഹോവയെ അനുസരിക്കുന്നതു നമ്മൾ പ്രിയപ്പെടുന്ന കാര്യമാണ്. സമ്പൂർണവും നിരുപാധികവും ആയ അനുസരണം യഹോവ അർഹിക്കുന്നെന്ന്, യഹോവ അത് ആവശ്യപ്പെടുന്നെന്ന്, നമ്മൾ തിരിച്ചറിയുന്നു. (ആവർത്തനം 12:32) നോഹയെക്കുറിച്ച് യഹോവ തന്റെ വചനത്തിൽ പറഞ്ഞിരിക്കുന്നതുതന്നെ നമ്മളെക്കുറിച്ചും പറയാനാണു നമ്മൾ ആഗ്രഹിക്കുന്നത്. ദശകങ്ങളോളം ദൈവത്തെ അനുസരിച്ചുകൊണ്ട് തന്റെ സ്നേഹത്തിനു തെളിവ് നൽകിയ വിശ്വസ്തനായ ആ ഗോത്രപിതാവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു; അങ്ങനെതന്നെ ചെയ്തു.”—ഉൽപത്തി 6:22.
12. നമ്മുടെ അനുസരണം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് എപ്പോൾ?
12 പൂർണമനസ്സോടെ നമ്മൾ അനുസരിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്താണു തോന്നുന്നത്? അതുവഴി നമ്മൾ യഹോവയുടെ ‘ഹൃദയത്തെ സന്തോഷിപ്പിക്കുകയാണ്’ എന്നു ദൈവവചനം പറയുന്നു. (സുഭാഷിതങ്ങൾ 27:11) നമ്മുടെ അനുസരണം അഖിലാണ്ഡത്തിന്റെ പരമാധികാരിയെ സന്തോഷിപ്പിക്കുമെന്നതു സത്യമാണോ? തീർച്ചയായും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഇച്ഛാസ്വാതന്ത്ര്യത്തോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നാണ് അതിന് അർഥം. ദൈവത്തെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ നമുക്കു കഴിയും. (ആവർത്തനം 30:15, 16, 19, 20) അതുകൊണ്ട്, ഹൃദയംഗമമായ സ്നേഹത്താൽ പ്രേരിതമായി പൂർണമനസ്സോടെ നമ്മൾ അനുസരിക്കുമ്പോൾ അത് യഹോവയെ വളരെയധികം സന്തോഷിപ്പിക്കുന്നു! (സുഭാഷിതങ്ങൾ 11:20) കൂടാതെ, നമ്മുടെ ജീവിതം ധന്യമാകുകയും ചെയ്യും.
“ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല”
13, 14. “ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല” എന്നു പറയുന്നത് എന്തുകൊണ്ട്, ഇത് എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
13 യഹോവ നമ്മളോട് ആവശ്യപ്പെടുന്ന കാര്യങ്ങളെപ്പറ്റി യോഹന്നാൻ അപ്പോസ്തലൻ 1 യോഹന്നാൻ 5:3-ൽ ആശ്വാസകരമായ ഒരു സത്യം പറയുന്നുണ്ട്: “ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.” “ദൈവകല്പനകൾ നമുക്കത്ര കഠിനവുമല്ല” എന്നാണു മറ്റൊരു ഭാഷാന്തരം (പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) പറയുന്നത്. യഹോവയുടെ വ്യവസ്ഥകൾ അന്യായമോ ഭാരപ്പെടുത്തുന്നതോ പീഡാകരമോ അല്ല.c അപൂർണമനുഷ്യർക്ക് അനുസരിക്കാൻ കഴിയാത്തവയല്ല ദൈവനിയമങ്ങൾ.
14 ഒരു ദൃഷ്ടാന്തം നോക്കുക. വീടു മാറാൻ സഹായിക്കണമെന്ന് ഒരു ഉറ്റസുഹൃത്തു നിങ്ങളോട് ആവശ്യപ്പെടുന്നു. ധാരാളം പെട്ടികൾ കൊണ്ടുപോകാനുണ്ട്. ചിലതെല്ലാം ഭാരം കുറഞ്ഞതാണ്. എന്നാൽ മറ്റു ചിലതു ചുമക്കാൻ രണ്ടു പേരെങ്കിലും വേണ്ടിവരും. നിങ്ങൾക്കു ചുമക്കാൻ കഴിയുന്നതിലും ഭാരമുള്ള പെട്ടികൾ എടുക്കാൻ സുഹൃത്തു നിങ്ങളോട് ആവശ്യപ്പെടുമോ? ഇല്ല. അവ തനിയെ എടുക്കാൻ ശ്രമിച്ച് നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം പറ്റാൻ അദ്ദേഹം ആഗ്രഹിക്കില്ല. സമാനമായി, സ്നേഹവാനും കരുണാമയനും ആയ നമ്മുടെ ദൈവം, അനുസരിക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യാൻ നമ്മളോടു കല്പിക്കില്ല. (ആവർത്തനം 30:11-14) അതെ, അത്തരമൊരു ഭാരം ചുമക്കാൻ ഒരിക്കലും ദൈവം നമ്മളോട് ആവശ്യപ്പെടില്ല. നമ്മുടെ പരിമിതികൾ യഹോവയ്ക്ക് അറിയാം. “നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം; നാം പൊടിയെന്നു ദൈവം ഓർക്കുന്നു” എന്നു സങ്കീർത്തനം 103:14 പറയുന്നു.
15. യഹോവയുടെ കല്പനകൾ നമ്മുടെ നന്മയ്ക്കുവേണ്ടിയാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
15 യഹോവയുടെ കല്പനകൾ ഒരിക്കലും ഭാരപ്പെടുത്തുന്നവയല്ല. അവ നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. (യശയ്യ 48:17 വായിക്കുക.) അതുകൊണ്ടാണു പുരാതന ഇസ്രായേല്യരോടു മോശ ഇങ്ങനെ പറഞ്ഞത്: “എല്ലാ കാലത്തും നമുക്കു നന്മ വരാനും ഇന്നത്തെപ്പോലെ ജീവനോടിരിക്കാനും വേണ്ടി ഈ ചട്ടങ്ങളെല്ലാം പാലിക്കണമെന്നും നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടണമെന്നും യഹോവ നമ്മളോടു കല്പിച്ചു.” (ആവർത്തനം 6:24) നമ്മുടെ നിത്യക്ഷേമം മുൻനിറുത്തിയാണ് യഹോവ നമുക്കും നിയമങ്ങൾ തന്നിരിക്കുന്നത്. അതിൽ അതിശയിക്കാനില്ല. കാരണം, അളവറ്റ ജ്ഞാനമുള്ള ദൈവമാണ് യഹോവ. (റോമർ 11:33) നമുക്ക് ഏറ്റവും നല്ലത് എന്താണെന്നു ദൈവത്തിന് അറിയാം. അതു മാത്രമോ, സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമാണു നമ്മുടെ ദൈവം. (1 യോഹന്നാൻ 4:8) യഹോവയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനംതന്നെ സ്നേഹമാണ്. യഹോവയുടെ വാക്കിലും പ്രവൃത്തിയിലും സ്നേഹം നിറഞ്ഞുനിൽക്കുന്നു. തന്റെ ദാസന്മാർക്ക് യഹോവ നൽകുന്ന ഓരോ കല്പനയും ആ സ്നേഹത്തിൽനിന്ന് ഉരുത്തിരിയുന്നതാണ്.
16. അധഃപതിച്ച ലോകത്തിന്റെയും അപൂർണതയുള്ള ശരീരത്തിന്റെയും സ്വാധീനമുണ്ടെങ്കിൽപ്പോലും നമുക്ക് അനുസരണമുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
16 ദൈവത്തെ അനുസരിക്കുന്നത് എളുപ്പമാണെന്നല്ല പറഞ്ഞുവരുന്നത്. ‘ദുഷ്ടന്റെ നിയന്ത്രണത്തിലുള്ള’ അധഃപതിച്ച ഈ ലോകത്തിന്റെ സ്വാധീനങ്ങളെ നമ്മൾ ചെറുത്തുനിൽക്കേണ്ടതുണ്ട്. (1 യോഹന്നാൻ 5:19) ദിവ്യനിയമങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുന്ന, അപൂർണതയുള്ള നമ്മുടെ ശരീരത്തിന് എതിരെയും നമ്മൾ പോരാടേണ്ടിയിരിക്കുന്നു. (റോമർ 7:21-25) എന്നാൽ അതിനെയെല്ലാം ജയിച്ചടക്കാൻ ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനു കഴിയും. അനുസരണത്തിലൂടെ തന്നോടുള്ള സ്നേഹം തെളിയിക്കാൻ ആഗ്രഹിക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു. “തന്നെ ഭരണാധികാരിയായി അനുസരിക്കുന്നവർക്ക്” യഹോവ തന്റെ പരിശുദ്ധാത്മാവിനെ നൽകും. (പ്രവൃത്തികൾ 5:32) അനുസരണത്തിന്റെ പാത പിൻപറ്റാൻ സഹായകമായ മികച്ച ഗുണങ്ങൾ ആ ആത്മാവ് നമ്മളിൽ ഉളവാക്കുന്നു.—ഗലാത്യർ 5:22, 23.
17, 18. (എ) ഈ പുസ്തകത്തിൽ നമ്മൾ എന്തു പരിശോധിക്കും, നമ്മൾ എന്തു മനസ്സിൽപ്പിടിക്കണം? (ബി) അടുത്ത അധ്യായത്തിൽ എന്തു പഠിക്കും?
17 യഹോവയുടെ തത്ത്വങ്ങളും ധാർമികനിലവാരങ്ങളും അതുപോലെതന്നെ യഹോവയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന മറ്റ് അനേകം സൂചനകളും ഈ പുസ്തകത്തിൽ നമ്മൾ പരിശോധിക്കും. പക്ഷേ, അപ്പോഴെല്ലാം ചില സുപ്രധാനകാര്യങ്ങൾ മനസ്സിൽപ്പിടിക്കണം. ഒന്നാമതായി, തന്റെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കാൻ യഹോവ നമ്മളെ നിർബന്ധിക്കുന്നില്ല. ഹൃദയത്തിൽനിന്ന് വരുന്ന, മനസ്സോടെയുള്ള അനുസരണമാണ് യഹോവ പ്രതീക്ഷിക്കുന്നത്. രണ്ടാമതായി, യഹോവ പറയുന്നതുപോലെ ജീവിച്ചാൽ നമുക്ക് ഇപ്പോൾത്തന്നെ സമൃദ്ധമായ അനുഗ്രഹങ്ങൾ കിട്ടുമെന്നു മാത്രമല്ല, ഭാവിയിൽ നിത്യജീവനും ലഭിക്കും. മൂന്നാമതായി, ഹൃദയപൂർവമുള്ള അനുസരണമെന്നാൽ യഹോവയെ നമ്മൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു കാണിക്കാനുള്ള അനുപമമായ ഒരു മാർഗമാണ്.
18 തെറ്റും ശരിയും തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ സ്നേഹപൂർവം നമുക്കു നൽകിയിരിക്കുന്ന ഒരു സമ്മാനമാണു മനസ്സാക്ഷി. എന്നാൽ അതു നമുക്ക് ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായിരിക്കണമെങ്കിൽ, നമ്മൾ അതിനെ പരിശീലിപ്പിക്കേണ്ടതുണ്ട്. അടുത്ത അധ്യായം അതാണു ചർച്ച ചെയ്യുന്നത്.
a നല്ല വിനോദങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നു മനസ്സിലാക്കാൻ ഈ പുസ്തകത്തിന്റെ ആറാം അധ്യായം കാണുക.
b മനസ്സില്ലാമനസ്സോടെ ദൈവത്തെ അനുസരിക്കാൻ ദുഷ്ടദൂതന്മാർക്കുപോലും കഴിയും. ഭൂതബാധിതരായ മനുഷ്യരിൽനിന്ന് പുറത്ത് വരാൻ യേശു ആജ്ഞാപിച്ചപ്പോൾ യേശുവിന്റെ അധികാരത്തെ അംഗീകരിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെയാണെങ്കിലും അവ അനുസരിച്ചു.—മർക്കോസ് 1:27; 5:7-13.
c 1 യോഹന്നാൻ 5:3-ൽ ‘ഭാരം’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദം മത്തായി 23:4-ൽ “ഭാരമുള്ള ചുമടുകൾ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അത്, സാധാരണജനത്തിന്റെ മേൽ ശാസ്ത്രിമാരും പരീശന്മാരും കെട്ടിവെച്ച മാനുഷികപാരമ്പര്യങ്ങളെയും ചെറിയചെറിയ കാര്യങ്ങളിൽപ്പോലുമുള്ള നിയമങ്ങളെയും കുറിക്കുന്നു. അതേ ഗ്രീക്കുപദം, പ്രവൃത്തികൾ 20:29, 30-ൽ ‘പീഡകർ’ (അടിക്കുറിപ്പ്) എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘ഉപദേശങ്ങൾ വളച്ചൊടിച്ചുകൊണ്ട്’ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന കഠിനഹൃദയരായ വിശ്വാസത്യാഗികളെയാണ് അതു പരാമർശിക്കുന്നത്.