ഭാഗം 3
മനുഷ്യകുടുംബം പ്രളയത്തെ അതിജീവിക്കുന്നു
ദൈവം ദുഷ്ടലോകത്തെ നശിപ്പിക്കുന്നു; എന്നാൽ നോഹയെയും കുടുംബത്തെയും സംരക്ഷിക്കുന്നു
മനുഷ്യർ പെരുകിത്തുടങ്ങിയപ്പോൾ പാപവും ദുഷ്ടതയുംകൊണ്ട് ഭൂമി നിറഞ്ഞു. ഭക്തികെട്ട മനുഷ്യരെയെല്ലാം ദൈവം ഒരുനാൾ നശിപ്പിക്കുമെന്ന് ഹാനോക്ക് എന്ന പ്രവാചകൻ മുന്നറിയിപ്പുനൽകി. അന്ന് യഹോവയെ ആരാധിച്ചിരുന്നവനായി ഭൂമിയിലുണ്ടായിരുന്ന ഏക വ്യക്തി ഹാനോക്ക് ആയിരുന്നിരിക്കാം. ഹാനോക്കിന്റെ മുന്നറിയിപ്പിനെ ആരും വകവെച്ചില്ല; ദുഷ്ടത ദിനമ്പ്രതി വർധിച്ചതേയുള്ളൂ. ചില ദൈവദൂതന്മാരാകട്ടെ, യഹോവയുടെ ഹിതത്തിനു വിരുദ്ധമായി സ്വർഗത്തിലെ തങ്ങളുടെ വാസസ്ഥാനം വെടിഞ്ഞ് ഭൂമിയിൽ വന്ന് മനുഷ്യരൂപം പ്രാപിച്ചു. അവർ തങ്ങൾക്കു ബോധിച്ച സ്ത്രീകളെയെല്ലാം ഭാര്യമാരായി എടുത്തു. പ്രകൃതിവിരുദ്ധമായ ഈ നടപടിയുടെ ഫലമായി നെഫിലീമുകൾ എന്നു വിളിക്കപ്പെടുന്ന അതികായന്മാരായ സങ്കരസന്തതികൾ ജന്മംകൊണ്ടു. ഇവരുടെ വരവോടെ അക്രമവും രക്തച്ചൊരിച്ചിലും രൂക്ഷമായി. തന്റെ സൃഷ്ടികൾ നശിപ്പിക്കപ്പെടുന്നതു കണ്ട് ദൈവത്തിന് അതിയായ വേദന തോന്നി.
ഹാനോക്കിനുശേഷം ആ ദുഷ്ടലോകത്തിൽ വ്യത്യസ്തനായി നിലകൊണ്ട മറ്റൊരു പുരുഷനായിരുന്നു നോഹ. അവനും കുടുംബവും ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ശ്രമിച്ചു. അന്നത്തെ ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. എന്നാൽ നോഹയെയും ഭൂമിയിലെ ജീവിവർഗങ്ങളെയും സംരക്ഷിക്കാൻ ദൈവം ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ദീർഘചതുരാകൃതിയിലുള്ള ഒരു കൂറ്റൻ പെട്ടകം പണിയാൻ ദൈവം നോഹയോട് ആവശ്യപ്പെട്ടു. ഭൂമി മുഴുവനും പ്രളയജലത്തിനടിയിലാകുമ്പോൾ നോഹയ്ക്കും കുടുംബത്തിനും വിവിധയിനം ജീവികൾക്കും ആ പെട്ടകത്തിനുള്ളിൽ സുരക്ഷിതമായി കഴിയാമായിരുന്നു. ദൈവം പറഞ്ഞതുപോലെതന്നെ നോഹ പ്രവർത്തിച്ചു. തുടർന്നുള്ള ഏതാനും ദശകങ്ങളിൽ പെട്ടകനിർമാണത്തോടൊപ്പം നോഹ, വരാനിരിക്കുന്ന നാശത്തെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ അവനെ “നീതിപ്രസംഗി” എന്നാണ് ബൈബിളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. (2 പത്രോസ് 2:5) പക്ഷേ നോഹയുടെ മുന്നറിയിപ്പിന് ആരും ചെവികൊടുത്തില്ല. അവർ അവനെ അവഗണിച്ചു. ഒടുവിൽ, നോഹയ്ക്കും കുടുംബത്തിനും പക്ഷിമൃഗാദികൾക്കും പെട്ടകത്തിൽ കയറാനുള്ള സമയം വന്നെത്തി. അവർ പെട്ടകത്തിൽ കയറിയശേഷം ദൈവം അതിന്റെ വാതിലടച്ചു. മഴ പെയ്യാൻ തുടങ്ങി.
40 രാവും 40 പകലും മഴ തിമിർത്തുപെയ്തു. ഭൂമി മുഴുവൻ വെള്ളത്തിനടിയിലായി. ദുഷ്ടന്മാർ ഉന്മൂലനം ചെയ്യപ്പെട്ടു. മാസങ്ങൾക്കുശേഷം പ്രളയജലം താഴ്ന്നപ്പോൾ പെട്ടകം ഒരു പർവതത്തിൽ ചെന്നുറച്ചു. പെട്ടകത്തിൽ കയറിയവർക്ക് ഒരു വർഷംമുഴുവൻ അതിൽ കഴിയേണ്ടിവന്നു. അതിനുശേഷം അവർ പുറത്തിറങ്ങി. നന്ദിസൂചകമായി നോഹ യഹോവയ്ക്ക് ഒരു യാഗമർപ്പിച്ചു. അതിൽ സംപ്രീതനായ യഹോവ, ഇനിയൊരിക്കലും താൻ പ്രളയത്താൽ ജീവജാലങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കില്ലെന്ന് നോഹയ്ക്കും കുടുംബത്തിനും ഉറപ്പുകൊടുത്തു. ഈ വാഗ്ദാനത്തെ ഓർമിപ്പിക്കുന്ന ഒരു അടയാളമായി യഹോവ മേഘങ്ങളിൽ മഴവില്ല് സ്ഥാപിച്ചു.
പ്രളയത്തിനുശേഷം ദൈവം മനുഷ്യകുലത്തിന് ചില പുതിയ കൽപ്പനകൾ നൽകി. മൃഗങ്ങളുടെ മാംസം ഭക്ഷിക്കാൻ അവൻ മനുഷ്യരെ അനുവദിച്ചെങ്കിലും രക്തം ഭക്ഷിക്കുന്നത് അവൻ വിലക്കി. ഭൂമിയിൽ ചിതറിപ്പാർക്കാനും നോഹയുടെ പിൻമുറക്കാരോട് ദൈവം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിലർ അത് അനുസരിച്ചില്ല. നിമ്രോദ് എന്ന നേതാവിന്റെ കീഴിൽ സംഘടിച്ച് അവർ ബാബേൽ (ബാബിലോൺ) എന്ന നഗരത്തിൽ ഒരു വലിയ ഗോപുരം പണിയാൻതുടങ്ങി. ഭൂമിയിൽ ചിതറിപ്പോകാതിരിക്കേണ്ടതിനാണ് അവർ അങ്ങനെ ചെയ്തത്. അതുവഴി, അവർ ദൈവകൽപ്പനയെ ധിക്കരിക്കുകയായിരുന്നു. എന്നാൽ അവരുടെ ഭാഷ കലക്കിക്കൊണ്ട് ദൈവം ആ പദ്ധതി തകിടംമറിച്ചു. അതുവരെ ഭൂമിയിൽ ഒരേയൊരു ഭാഷയേ ഉണ്ടായിരുന്നുള്ളൂ. ദൈവം ഭാഷ കലക്കിയപ്പോൾ അവർ വ്യത്യസ്ത ഭാഷകൾ സംസാരിക്കാൻതുടങ്ങി. ഒടുവിൽ ആശയക്കൈമാറ്റം അസാധ്യമായപ്പോൾ അവർ പദ്ധതി ഉപേക്ഷിച്ച് ഭൂമിയുടെ പല ഭാഗങ്ങളിലേക്കു ചിതറിപ്പോയി.
—ഉല്പത്തി 6-11 അധ്യായങ്ങൾ, യൂദാ 14, 15 വാക്യങ്ങൾ എന്നിവയെ ആധാരമാക്കിയുള്ളത്.