ഭാഗം 22
അപ്പൊസ്തലന്മാർ നിർഭയം പ്രസംഗിക്കുന്നു
ഉപദ്രവങ്ങളുണ്ടായിട്ടും ക്രിസ്തീയ സഭ അതിശീഘ്രം വളർന്നുവലുതാകുന്നു
ക്രി സ്തുവർഷം 33. യേശു സ്വർഗാരോഹണംചെയ്ത് പത്തുദിവസം കഴിഞ്ഞിരുന്നു. അവന്റെ ശിഷ്യന്മാരിൽപ്പെട്ട 120-ഓളം പേർ യെരുശലേമിലെ ഒരു വീട്ടിൽ ഒന്നിച്ചുകൂടിയിരിക്കുകയായിരുന്നു. യഹൂദന്മാരുടെ പെരുന്നാളായ പെന്തെക്കൊസ്ത് ആയിരുന്നു അന്ന്. പെട്ടെന്ന്, കാറ്റിന്റെ ഇരമ്പൽപ്പോലെ ഒരു ശബ്ദമുണ്ടായി. അത് ആ വീടുമുഴുവൻ നിറഞ്ഞു. ശിഷ്യന്മാർ അത്ഭുതകരമായി അന്യഭാഷകളിൽ സംസാരിക്കാൻതുടങ്ങി. അവർക്ക് അത് എങ്ങനെയാണു സാധിച്ചത്? ദൈവം തന്റെ പരിശുദ്ധാത്മാവിനെ അവരുടെമേൽ പകർന്നിരുന്നു.
പെരുന്നാളിൽ പങ്കെടുക്കാൻ പല ദേശങ്ങളിൽനിന്നും നിരവധി ആളുകൾ യെരുശലേമിൽ എത്തിയിരുന്നു. ശബ്ദം കേട്ട് ജനം അവിടെ തടിച്ചുകൂടി; യേശുവിന്റെ ശിഷ്യന്മാർ, തങ്ങളുടെ ഓരോരുത്തരുടെയും ഭാഷ ഒഴുക്കോടെ സംസാരിക്കുന്നതു കേട്ടപ്പോൾ അവർ അമ്പരന്നു. സംഭവിച്ചത് എന്താണെന്ന് പത്രോസ് വിശദീകരിച്ചു: ദൈവം തന്റെ പരിശുദ്ധാത്മാവിനെ ‘പകരുമെന്നും’ അത് ലഭിക്കുന്നവർക്ക് അത്ഭുതവരങ്ങൾ ഉണ്ടായിരിക്കുമെന്നും യോവേൽ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യോവേൽ 2:28, 29) അവിടെ അപ്പോൾ സംഭവിച്ചത് ആ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു. ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഈ വിധത്തിൽ പകർന്നത് വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു: ഇനിമേൽ ഇസ്രായേലിനല്ല, പുതുതായി സ്ഥാപിതമായ ക്രിസ്തീയ സഭയ്ക്കാണ് ദൈവത്തിന്റെ അംഗീകാരം ഉള്ളത്. ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ അവനെ ആരാധിക്കാൻ ആഗ്രഹിക്കുന്നവർ ക്രിസ്തുവിന്റെ അനുഗാമികളായിത്തീരേണ്ടതുണ്ട്.
ക്രിസ്തീയ സഭയ്ക്കുനേരെയുള്ള ഉപദ്രവങ്ങൾ ഏറിക്കൊണ്ടിരുന്നു. വിരോധികൾ ശിഷ്യന്മാരെ തടവിലാക്കി. എന്നാൽ രാത്രിയായപ്പോൾ യഹോവയുടെ ദൂതൻ തടവറയുടെ വാതിൽ തുറന്ന് അവരെ മോചിപ്പിച്ചു; പ്രസംഗവേല തുടരാനും അവൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. പ്രഭാതമായപ്പോൾ അവർ വീണ്ടും തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ പ്രസംഗവേലയിൽ ഏർപ്പെട്ടു. അവർ ദേവാലയത്തിൽച്ചെന്ന് യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്ത അറിയിച്ചുതുടങ്ങി. കോപാകുലരായ അവരുടെ എതിരാളികൾ, പ്രസംഗവേല നിറുത്താൻ അവരോട് കർശനമായി ആവശ്യപ്പെട്ടു. എന്നാൽ, “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയത്രേ അധിപതിയായി അനുസരിക്കേണ്ടത്” എന്നായിരുന്നു ധീരരായ അപ്പൊസ്തലന്മാരുടെ മറുപടി.—പ്രവൃത്തികൾ 5:28, 29.
ഉപദ്രവം ഒന്നിനൊന്ന് വർധിച്ചുവന്നു. ചില യഹൂദന്മാർ സ്തെഫാനൊസ് എന്ന ക്രിസ്തുശിഷ്യനെ ദൈവദൂഷണക്കുറ്റം ചുമത്തി കല്ലെറിഞ്ഞുകൊന്നു. തർസൊസുകാരനായ ശൗൽ എന്ന ഒരു യുവാവ് ആ വധത്തിനു കൂട്ടുനിന്നു. പിന്നീട്, ക്രിസ്തുവിന്റെ മറ്റ് അനുഗാമികളെയും അറസ്റ്റുചെയ്യാനായി അവൻ ദമസ്കൊസിലേക്ക് യാത്രയായി. യാത്രാമധ്യേ ആകാശത്തുനിന്ന് ഒരു വെളിച്ചം അവനു ചുറ്റും മിന്നി; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു ചോദിക്കുന്ന ഒരു ശബ്ദവും അവൻ കേട്ടു. ശക്തമായ ആ വെളിച്ചം അവനെ അന്ധനാക്കി. “പ്രഭോ, നീ ആരാണ്?” എന്ന് ശൗൽ ചോദിച്ചതിന്, “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ” എന്ന് അവനു മറുപടി ലഭിച്ചു.—പ്രവൃത്തികൾ 9:3-5.
മൂന്നുദിവസത്തിനുശേഷം, ശൗലിനു കാഴ്ച തിരിച്ചുകിട്ടാനായി അനന്യാസ് എന്ന ഒരു ശിഷ്യനെ യേശു അവന്റെ അടുക്കലേക്ക് അയച്ചു. ശൗൽ സ്നാനമേറ്റ് ഒരു ക്രിസ്തുശിഷ്യനായിത്തീർന്നു. അവൻ യേശുവിനെക്കുറിച്ച് സധൈര്യം പ്രസംഗിക്കാൻ തുടങ്ങി. ഈ ശൗലാണ് പിന്നീട് അപ്പൊസ്തലനായ പൗലോസ് എന്ന് അറിയപ്പെടാനിടയായത്. ക്രിസ്തീയ സഭയിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ച ഒരു വ്യക്തിയായിരുന്നു അവൻ.
അതുവരെ, യേശുവിന്റെ ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം യഹൂദന്മാരോടും ശമര്യക്കാരോടും മാത്രമേ ഘോഷിച്ചിരുന്നുള്ളൂ. എന്നാലിപ്പോൾ ഒരു ദൈവദൂതൻ, വിജാതീയനായ കൊർന്നേല്യൊസിനു പ്രത്യക്ഷനായി പത്രോസ് അപ്പൊസ്തലനെ ആളയച്ചു വിളിപ്പിക്കാൻ ആവശ്യപ്പെടുന്നു. റോമൻ സൈന്യാധിപനായ കൊർന്നേല്യൊസ് വലിയ ദൈവഭക്തനായിരുന്നു. സഹവിശ്വാസികളായ ഏതാനും പേരുമൊത്ത് പത്രോസ് കൊർന്നേല്യൊസിന്റെ ഭവനത്തിൽച്ചെന്നു; അദ്ദേഹത്തോടും ബന്ധുമിത്രാദികളോടും പ്രസംഗിച്ചു. പത്രോസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പരിശുദ്ധാത്മാവ് വിജാതീയരായ ആ വിശ്വാസികളുടെമേൽ വന്നു. യേശുവിന്റെ നാമത്തിൽ അവരെ സ്നാനപ്പെടുത്താൻ പത്രോസ് നിർദേശം നൽകി. നിത്യജീവനിലേക്കുള്ള വഴി അങ്ങനെ എല്ലാ ജനതകൾക്കും തുറന്നുകിട്ടി. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ഭൂമിയുടെ നാനാദിക്കുകളിലേക്കു വ്യാപിപ്പിക്കാൻ ക്രിസ്തീയ സഭ സജ്ജമായി കഴിഞ്ഞിരുന്നു.
—പ്രവൃത്തികൾ 1:1–11:21 വാക്യങ്ങളെ ആധാരമാക്കിയുള്ളത്.