അധ്യായം 4
സഭയുടെ സംഘാടനവും ഭരണവിധവും
കൊരിന്തിലുള്ളവർക്കുള്ള ആദ്യലേഖനത്തിൽ പൗലോസ് അപ്പോസ്തലൻ ദൈവത്തെക്കുറിച്ച് ഒരു സുപ്രധാനസത്യം വെളിപ്പെടുത്തി. പൗലോസ് എഴുതി: “ദൈവം സമാധാനത്തിന്റെ ദൈവമാണ്, കുഴഞ്ഞുമറിഞ്ഞ അവസ്ഥയുടെ ദൈവമല്ല.” തുടർന്ന് സഭായോഗങ്ങളെപ്പറ്റി, “എല്ലാം മാന്യമായും ചിട്ടയോടെയും നടക്കട്ടെ” എന്നും പൗലോസ് പറഞ്ഞു.—1 കൊരി. 14:33, 40.
2 അതേ ലേഖനത്തിന്റെ തുടക്കത്തിൽ, കൊരിന്തിലെ സഭയിൽ നിലനിന്നിരുന്ന ഭിന്നതകളെപ്പറ്റി പറഞ്ഞ് അപ്പോസ്തലൻ അവരെ ഉപദേശിക്കുകയുണ്ടായി. “യോജിപ്പോടെ സംസാരിക്കണമെന്നും . . . ഒരേ മനസ്സോടെയും ഒരേ ചിന്തയോടെയും തികഞ്ഞ ഐക്യത്തിൽ കഴിയണമെന്നും” പൗലോസ് ആ സഹോദരങ്ങളെ ഉദ്ബോധിപ്പിച്ചു. (1 കൊരി. 1:10, 11) സഭയുടെ ഐക്യത്തെ ബാധിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും അപ്പോസ്തലൻ അവർക്ക് ഉപദേശങ്ങൾ കൊടുത്തു. ഒരു മനുഷ്യശരീരത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് ഐക്യത്തിന്റെയും സഹകരണത്തിന്റെയും ആവശ്യം പൗലോസ് അവർക്കു കാണിച്ചുകൊടുത്തു. സഭയിലെ എല്ലാവരോടും, അവർ ഏതു പദവിയിലുള്ളവരായിരുന്നാലും, അന്യോന്യം സ്നേഹപൂർവമായ കരുതൽ കാണിക്കാൻ അപ്പോസ്തലൻ ആവശ്യപ്പെട്ടു. (1 കൊരി. 12:12-26) സഭയിലുള്ളവരുടെ അത്തരം യോജിപ്പും സഹകരണവും സഭ നന്നായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നെന്നു സൂചിപ്പിക്കുമായിരുന്നു.
3 എങ്ങനെയാണു ക്രിസ്തീയസഭ സംഘടിപ്പിക്കേണ്ടിയിരുന്നത്? ആരാണ് അതിന്റെ സംഘാടകൻ? അതിന്റെ ഘടന എങ്ങനെയുള്ളതായിരിക്കും? നിയമിതസ്ഥാനങ്ങളിൽ ആരൊക്കെ സേവിക്കുമായിരുന്നു? ബൈബിളിനെ വഴികാട്ടിയാക്കുന്നതിലൂടെ ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം നമുക്കു കണ്ടെത്താം.—1 കൊരി. 4:6.
ദിവ്യാധിപത്യപരമായി സംഘടിതം
4 ക്രിസ്തീയസഭ എ.ഡി. 33-ലെ പെന്തിക്കോസ്തുദിനത്തിലാണു സ്ഥാപിതമായത്. ഒന്നാം നൂറ്റാണ്ടിലെ സഭയെപ്പറ്റി എന്തെല്ലാം കാര്യങ്ങളാണു മനസ്സിലാക്കാനുള്ളത്? അതിന്റെ സംഘാടനവും ഭരണവും ദിവ്യാധിപത്യപരമായിരുന്നു. അതായത് ദൈവമാണു (ഗ്രീക്കിൽ തിയോസ് ) ഭരണം (ക്രേറ്റോസ് ) നടത്തിയിരുന്നത്. 1 പത്രോസ് 5:10, 11-ന്റെ മൂലപാഠത്തിൽ ഈ രണ്ടു പദങ്ങളും കാണാം. ഏകദേശം 2,000 വർഷം മുമ്പ് യരുശലേമിൽ നടന്ന കാര്യങ്ങളെ സംബന്ധിച്ച ബൈബിൾവിവരണത്തിൽനിന്ന് അഭിഷിക്തക്രിസ്ത്യാനികളുടെ സഭ ദൈവം സ്ഥാപിച്ചതാണെന്നു വ്യക്തമാണ്. (പ്രവൃ. 2:1-47) അതു ദൈവത്തിന്റെ കെട്ടിടമാണ്, വീട്ടുകാരാണ്. (1 കൊരി. 3:9; എഫെ. 2:19) സംഘാടനത്തിന്റെയും പ്രവർത്തനത്തിന്റെയും കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ സഭ വെച്ച മാതൃക ഇന്നത്തെ ക്രിസ്തീയസഭയും പിന്തുടരുന്നു.
സംഘാടനത്തിന്റെയും പ്രവർത്തനത്തിന്റെയും കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ സഭ വെച്ച മാതൃക ഇന്നത്തെ ക്രിസ്തീയസഭയും പിന്തുടരുന്നു
5 ഒന്നാം നൂറ്റാണ്ടിലെ സഭയുടെ തുടക്കത്തിൽ ഏതാണ്ട് 120 ശിഷ്യന്മാരാണ് ഉണ്ടായിരുന്നത്. ആദ്യം പരിശുദ്ധാത്മാവിനെ പകർന്നത് അവരുടെ മേലാണ്; അങ്ങനെ അവർ ആത്മാവിനാൽ ജനനം നേടി. യോവേൽ 2:28, 29-ന്റെ നിവൃത്തിയായിരുന്നു അത്. (പ്രവൃ. 2:16-18) അന്നേ ദിവസം വേറെ ഏകദേശം 3,000 പേർ വെള്ളത്തിൽ സ്നാനമേൽക്കുകയും ആത്മാവിനാൽ ജനനം നേടിയ ആ കൂട്ടത്തോടു ചേരുകയും ചെയ്തു. അവർ ക്രിസ്തുവിനെക്കുറിച്ചുള്ള വചനം സ്വീകരിക്കുകയും “ഉത്സാഹത്തോടെ അപ്പോസ്തലന്മാരിൽനിന്ന് പഠിക്കുകയും” ചെയ്തുപോന്നു. തുടർന്ന്, “രക്ഷിക്കപ്പെടുന്നവരെ യഹോവ ദിവസംതോറും അവരോടൊപ്പം ചേർത്തുകൊണ്ടിരുന്നു.”—പ്രവൃ. 2:41, 42, 47.
6 യരുശലേമിലെ സഭ അതിവേഗം വളരുകയായിരുന്നു. യരുശലേമിനെ ശിഷ്യന്മാരുടെ പഠിപ്പിക്കലുകൾകൊണ്ട് നിറച്ചെന്ന് ജൂതന്മാരുടെ മഹാപുരോഹിതൻ പരാതി പറയുകപോലും ചെയ്തു! സഭയിലേക്കു വന്ന പുതിയ ശിഷ്യന്മാരിൽ ധാരാളം ജൂതപുരോഹിതന്മാരുമുണ്ടായിരുന്നു.—പ്രവൃ. 5:27, 28; 6:7.
7 ഈ വളർച്ചയെപ്പറ്റി യേശു ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) ഈ പ്രവചനം സത്യമായിത്തീർന്നോ? സ്തെഫാനൊസിന്റെ മരണത്തെത്തുടർന്ന് യരുശലേമിൽ ക്രൂരമായ പീഡനം പൊട്ടിപ്പുറപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന ശിഷ്യന്മാർ യഹൂദ്യയിലും ശമര്യയിലും ചിതറിപ്പോയി. പക്ഷേ, അവർ എവിടെപ്പോയോ അവിടെയെല്ലാം സന്തോഷവാർത്ത പ്രസംഗിക്കുകയും ശമര്യക്കാർ ഉൾപ്പെടെ അനേകമാളുകളെ ശിഷ്യരാക്കുകയും ചെയ്തു. (പ്രവൃ. 8:1-13) കുറെക്കാലം കഴിഞ്ഞ് ജൂതന്മാരല്ലാത്ത ജനതകളുടെയിടയിലും സന്തോഷവാർത്ത പ്രസംഗിക്കപ്പെട്ടു. പരിച്ഛേദനയേൽക്കാത്ത അവരിൽ ചിലരും സ്നാനമേറ്റു. (പ്രവൃ. 10:1-48) ഈ പ്രവർത്തനങ്ങളുടെയെല്ലാം ഫലമായി ശിഷ്യന്മാർ എണ്ണത്തിൽ വർധിക്കുകയും യരുശലേമിനു പുറത്തും സത്യസഭയുടെ പുതിയപുതിയ കൂട്ടങ്ങൾ രൂപംകൊള്ളുകയും ചെയ്തു.—പ്രവൃ. 11:19-21; 14:21-23.
8 പുതുതായി രൂപംകൊണ്ട ഓരോ സഭയും ദിവ്യാധിപത്യപരമായി അഥവാ ദൈവത്തിന്റേതായ രീതിയിലാണു സംഘടിപ്പിക്കുന്നതെന്നും ഭരിക്കുന്നതെന്നും എങ്ങനെയാണ് ഉറപ്പാക്കിയിരുന്നത്? പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ഈ സഭകളിലെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിനു മൂപ്പന്മാരെ കീഴിടയന്മാരായി നിയമിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ആദ്യമിഷനറിയാത്രയിൽ സന്ദർശിച്ച സഭകളിൽ പൗലോസും ബർന്നബാസും മൂപ്പന്മാരെ നിയമിച്ചു. (പ്രവൃ. 14:23) എഫെസൊസ് സഭയിലെ മൂപ്പന്മാരുമായി പൗലോസ് നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ബൈബിളെഴുത്തുകാരനായ ലൂക്കോസ് വിവരിക്കുന്നുണ്ട്. പൗലോസ് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക. സ്വന്തം പുത്രന്റെ രക്തംകൊണ്ട് ദൈവം വിലയ്ക്കു വാങ്ങിയ തന്റെ സഭയെ മേയ്ക്കാനായി പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകന്മാരായി നിയമിച്ചിരിക്കുകയാണല്ലോ.” (പ്രവൃ. 20:17, 28) തിരുവെഴുത്തുയോഗ്യതകളിൽ എത്തിച്ചേർന്നിരുന്നതിനാലാണ് അവരെ മൂപ്പന്മാരായി നിയമിച്ചത്. (1 തിമൊ. 3:1-7) ക്രേത്തയിലെ സഭകളിൽ മൂപ്പന്മാരെ നിയമിക്കാൻ തീത്തോസിനെ അധികാരപ്പെടുത്തുകയും ചെയ്തു.—തീത്തോ. 1:5.
9 കൂടുതൽക്കൂടുതൽ സഭകൾ സ്ഥാപിതമായിക്കൊണ്ടിരുന്നു. ഒന്നാം നൂറ്റാണ്ടിൽ പല ദേശങ്ങളിലേക്കും വളർന്നുവികസിച്ച അന്തർദേശീയ ക്രിസ്തീയസഭയുടെ മുഖ്യമേൽവിചാരകന്മാരായി യരുശലേമിലുള്ള അപ്പോസ്തലന്മാരും മൂപ്പന്മാരും സേവിച്ചു. അവർ സഭയുടെ ഭരണസംഘമായി വർത്തിച്ചെന്നു സാരം.
10 യേശുക്രിസ്തുവിന്റെ ശിരഃസ്ഥാനത്തോടു പറ്റിനിന്നുകൊണ്ട് ദൈവാത്മാവിന്റെ വഴിനടത്തിപ്പിൻകീഴിൽ പ്രവർത്തിക്കുമ്പോൾ ക്രിസ്തീയസഭയ്ക്ക് ഐക്യം നിലനിറുത്താൻ കഴിയുമെന്ന് എഫെസൊസ് സഭയ്ക്കു പൗലോസ് എഴുതി. തുടർന്ന്, താഴ്മ വളർത്തിയെടുക്കാനും സഭയിലെല്ലാവരോടും സമാധാനബന്ധം പുലർത്തിക്കൊണ്ട് “ആത്മാവിനാലുള്ള ഐക്യം” നിലനിറുത്താനും അപ്പോസ്തലൻ ആവശ്യപ്പെട്ടു. (എഫെ. 4:1-6) അപ്പോസ്തലൻ സങ്കീർത്തനം 68:18 ഉദ്ധരിക്കുകയും സഭയ്ക്കുവേണ്ടി ആത്മീയയോഗ്യതയുള്ള പുരുഷന്മാരെ നിയമിക്കാനുള്ള യഹോവയുടെ ക്രമീകരണത്തിന് അതു ബാധകമാക്കുകയും ചെയ്തു. അതനുസരിച്ച്, ആത്മീയയോഗ്യതയുള്ള ഈ പുരുഷന്മാർ അപ്പോസ്തലന്മാർ, പ്രവാചകന്മാർ, സുവിശേഷകന്മാർ, ഇടയന്മാർ, ഉപദേഷ്ടാക്കന്മാർ തുടങ്ങിയ സ്ഥാനങ്ങളിൽ ക്രിസ്തീയസഭയെ സേവിക്കുമായിരുന്നു. അത്തരം പുരുഷന്മാർ യഹോവയിൽനിന്നുള്ള സമ്മാനങ്ങളാണ്. അവർ യഹോവയ്ക്കു പ്രസാദകരമായ വിധത്തിൽ മുഴുസഭയെയും ആത്മീയനിറവുള്ളതായി പണിതുയർത്തുന്നു.—എഫെ. 4:7-16.
അപ്പോസ്തലന്മാർ വെച്ച മാതൃക സഭകൾ പിൻപറ്റുന്നു
11 ഇന്ന് യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളും ഇതേ മാതൃകയാണു പിന്തുടരുന്നത്. ഈ സഭകളെല്ലാം ചേർന്ന് ലോകവ്യാപകമായി ആത്മാവിനാൽ അഭിഷിക്തരായ സഹോദരങ്ങളെ കേന്ദ്രീകരിച്ച് ഐക്യത്തോടെ ഒറ്റ സഭയായി പ്രവർത്തിക്കുന്നു. (സെഖ. 8:23) യേശുക്രിസ്തുവാണ് ഇതു സാധ്യമാക്കുന്നത്. വാഗ്ദാനം ചെയ്തിരുന്നതുപോലെ, തന്റെ അഭിഷിക്തശിഷ്യന്മാരോടൊത്ത് “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും” യേശുവുണ്ട്. നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ഈ സഭയിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുന്നു. അവർ അത്യാഹ്ലാദത്തോടെ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത സ്വീകരിക്കുന്നു, വ്യവസ്ഥകളൊന്നുമില്ലാതെ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നു, സ്നാനമേറ്റ് യേശുവിന്റെ ശിഷ്യരാകുന്നു. (മത്താ. 28:19, 20; മർക്കോ. 1:14; പ്രവൃ. 2:41) “നല്ല ഇടയ”നായ യേശുക്രിസ്തുവിനെ മുഴു ആട്ടിൻകൂട്ടത്തിന്റെയും തലയായി അവർ മനസ്സോടെ അംഗീകരിക്കുന്നു. അഭിഷിക്തക്രിസ്ത്യാനികളും “വേറെ ആടുകളും” ചേരുന്നതാണ് ആ ആട്ടിൻകൂട്ടം. (യോഹ. 10:14, 16; എഫെ. 1:22, 23) ആ ‘ഒറ്റ ആട്ടിൻകൂട്ടം’ ക്രിസ്തു നിയമിച്ച “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്ന സംഘടനാസരണിക്കു കീഴ്പെടുന്നു. അവർ ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തെ ആത്മാർഥമായി അംഗീകരിച്ച് സഭയുടെ ഐക്യം നിലനിറുത്തുകയും ചെയ്യുന്നു. നമുക്കു തുടർന്നും നമ്മുടെ പൂർണമായ കൂറും പിന്തുണയും ഈ സരണിക്കു നൽകാം.—മത്താ. 24:45.
മതകോർപ്പറേഷനുകൾ വഹിക്കുന്ന പങ്ക്
12 തക്കസമയത്തെ ആത്മീയാഹാരം നൽകുന്നതിനും അന്ത്യം വരുന്നതിനു മുമ്പ് ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നതിനും ആയി സംഘടന ചില കോർപ്പറേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കോർപ്പറേഷനുകൾ നിയമാനുസൃതമായ സ്ഥാപനങ്ങളാണ്. അതാതു രാജ്യത്തെ നിയമപരമായ അംഗീകാരവും ഇവയ്ക്കുണ്ട്. പല രാജ്യങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ഈ കോർപ്പറേഷനുകൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നു. ഇവ ലോകവ്യാപകമായി സന്തോഷവാർത്ത പ്രസംഗിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു.
ബ്രാഞ്ചുകൾ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വിധം
13 ഒരു ബ്രാഞ്ചോഫീസ് സ്ഥാപിക്കുമ്പോൾ ആ ബ്രാഞ്ചിന്റെ അധികാരപരിധിയിലുള്ള രാജ്യത്തെയോ രാജ്യങ്ങളിലെയോ കാര്യങ്ങൾ നോക്കിനടത്തുന്നതിനായി മൂന്നോ അതിലധികമോ മൂപ്പന്മാരടങ്ങിയ ഒരു ബ്രാഞ്ച് കമ്മിറ്റിയെ നിയമിക്കുന്നു. ഈ കമ്മിറ്റിയിലെ ഒരാൾ ബ്രാഞ്ച് കമ്മിറ്റി ഏകോപകൻ ആയി സേവിക്കുന്നു.
14 ഓരോ ബ്രാഞ്ചിന്റെയും കീഴിൽ വരുന്ന സഭകളെ പല സർക്കിട്ടുകളായി സംഘടിപ്പിച്ചിരിക്കുന്നു. ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ പരിഗണിച്ചും ഭാഷയുടെ അടിസ്ഥാനത്തിലും സഭകളുടെ എണ്ണം നോക്കിയും ആണ് സർക്കിട്ടുകൾ തിരിക്കുന്നത്. അതുകൊണ്ട് സർക്കിട്ടുകൾ എല്ലാം ഒരേ വലിപ്പമുള്ളവയായിരിക്കണമെന്നില്ല. ഓരോ സർക്കിട്ടിലെയും സഭകളെ സേവിക്കാനായി ഒരു സർക്കിട്ട് മേൽവിചാരകനെ നിയമിക്കുന്നു. തന്റെ ചുമതലകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ബ്രാഞ്ചോഫീസ് അദ്ദേഹത്തിനു നിർദേശങ്ങൾ നൽകും.
15 എല്ലാവരുടെയും പ്രയോജനത്തിനായി നൽകിയിരിക്കുന്ന സംഘടനാപരമായ ക്രമീകരണങ്ങൾ സഭകൾ സ്വീകരിക്കുകയും പിൻപറ്റുകയും ചെയ്യുന്നു. ബ്രാഞ്ചുകളിലും സർക്കിട്ടുകളിലും സഭകളിലും മേൽനോട്ടം വഹിക്കാൻ നിയമിക്കുന്ന മൂപ്പന്മാരെ സഭകൾ അംഗീകരിക്കുന്നു. അവർ തക്കസമയത്തെ ആത്മീയാഹാരത്തിനായി വിശ്വസ്തനും വിവേകിയും ആയ അടിമയിലേക്കു നോക്കുന്നു. വിശ്വസ്തനായ അടിമ യേശുക്രിസ്തുവിന്റെ ശിരഃസ്ഥാനത്തോടു പറ്റിനിൽക്കുന്നു, ബൈബിൾതത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നു, പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനു കീഴ്പെടുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഐക്യത്തോടെ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ, “സഭകളുടെ വിശ്വാസം ശക്തമായി; അംഗസംഖ്യ ദിവസേന വർധിച്ചു.” അതുപോലെ പ്രവർത്തിക്കുകയാണെങ്കിൽ ഇന്നു നമുക്കും അതേ സത്ഫലങ്ങൾ ആസ്വദിക്കാൻ കഴിയും!—പ്രവൃ. 16:5.