അധ്യായം പതിനേഴ്
പ്രാർഥന എന്ന പദവി
“ആകാശവും ഭൂമിയും സൃഷ്ടിച്ച” ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 115:15
1, 2. പ്രാർഥന ഒരു അമൂല്യസമ്മാനമാണെന്നു നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ട്? ബൈബിൾ പ്രാർഥനയെക്കുറിച്ച് പഠിപ്പിക്കുന്നതു നമ്മൾ അറിയേണ്ടത് എന്തുകൊണ്ട്?
പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമി വളരെ ചെറുതാണ്. യഹോവ ഭൂമിയെ നോക്കുമ്പോൾ, എല്ലാ ജനതയിലെയും എല്ലാവരുംകൂടെ ചേർന്നാലും അളവുതൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രമേയുള്ളൂ. (സങ്കീർത്തനം 115:15; യശയ്യ 40:15) പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ വളരെ ചെറുതാണെങ്കിലും സങ്കീർത്തനം 145:18, 19 പറയുന്നു: “തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, അതെ, ആത്മാർഥതയോടെ തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും, യഹോവ സമീപസ്ഥൻ. തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുന്നു; സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ട് അവരെ വിടുവിക്കുന്നു.” എത്ര മഹത്തായ പദവിയാണു നമുക്കുള്ളത്! യഹോവയെന്ന നമ്മുടെ സർവശക്തനായ സ്രഷ്ടാവ്, നമ്മളുമായി അടുത്ത ബന്ധം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പ്രാർഥനകൾ കേൾക്കാനും ദൈവം ആഗ്രഹിക്കുന്നു. അതെ, പ്രാർഥന യഹോവ നമുക്ക് ഓരോരുത്തർക്കും തന്നിരിക്കുന്ന പദവിയാണ്, അമൂല്യസമ്മാനമാണ്.
2 എന്നാൽ യഹോവ അംഗീകരിക്കുന്ന വിധത്തിൽ പ്രാർഥിച്ചാൽ മാത്രമേ യഹോവ അതു കേൾക്കുകയുള്ളൂ. അത് എങ്ങനെ ചെയ്യാം? പ്രാർഥനയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്നു നമുക്കു നോക്കാം.
യഹോവയോടു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
3. നിങ്ങൾ യഹോവയോടു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
3 നിങ്ങൾ യഹോവയോടു പ്രാർഥിക്കാൻ അഥവാ സംസാരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അത് എങ്ങനെ അറിയാം? ദയവായി ഫിലിപ്പിയർ 4:6, 7 വായിക്കുക. സ്നേഹത്തോടെയുള്ള ആ വാക്കുകളെക്കുറിച്ച് ഒന്നു ചിന്തിച്ചേ. പ്രപഞ്ചത്തിന്റെ ഭരണാധിപനു നിങ്ങളെക്കുറിച്ച് അതിയായ താത്പര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ വികാരങ്ങളും പ്രശ്നങ്ങളും യഹോവയോടു പറയാൻ യഹോവ ആഗ്രഹിക്കുന്നു.
4. കൂടെക്കൂടെയുള്ള പ്രാർഥന യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം ശക്തമാക്കുന്നത് എങ്ങനെ?
4 യഹോവയുമായി ഒരു നല്ല സൗഹൃദം ഉണ്ടായിരിക്കാൻ പ്രാർഥന നമ്മളെ സഹായിക്കുന്നു. കൂട്ടുകാർ കൂടെക്കൂടെ അവരുടെ ചിന്തകളും പ്രശ്നങ്ങളും വികാരങ്ങളും അന്യോന്യം പങ്കുവെക്കുമ്പോൾ അവരുടെ അടുപ്പം ശക്തമാകുന്നു. യഹോവയോടുള്ള പ്രാർഥനയുടെ കാര്യത്തിലും ഇതു സത്യമാണ്. ബൈബിളിൽക്കൂടി യഹോവ തന്റെ ചിന്തകൾ, വികാരങ്ങൾ, ഭാവിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം നിങ്ങളോടു പറയുന്നു. തിരിച്ച് നിങ്ങൾക്കും ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ യഹോവയോടു പറയാൻ കഴിയും. ഇങ്ങനെ എപ്പോഴും ചെയ്യുമ്പോൾ യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും.—യാക്കോബ് 4:8.
ദൈവം പ്രാർഥന കേൾക്കാൻ നമ്മൾ എന്തു ചെയ്യണം?
5. യഹോവ എല്ലാ പ്രാർഥനയും കേൾക്കുന്നില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
5 എല്ലാ പ്രാർഥനയും യഹോവ കേൾക്കുന്നുണ്ടോ? ഇല്ല. യശയ്യ പ്രവാചകന്റെ കാലത്ത് ഇസ്രായേല്യരോട് യഹോവ പറഞ്ഞു: “നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കില്ല; നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.” (യശയ്യ 1:15) അതുകൊണ്ടു ശ്രദ്ധിച്ചില്ലെങ്കിൽ യഹോവയുമായുള്ള ബന്ധം തകർക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്തേക്കാം. അത് യഹോവ നമ്മുടെ പ്രാർഥന കേൾക്കാതിരിക്കാൻ ഇടയാക്കിയേക്കാം.
6. വിശ്വാസം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? വിശ്വാസമുണ്ടെന്നു നിങ്ങൾ എങ്ങനെ തെളിയിക്കുന്നു?
6 യഹോവ നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ നമുക്ക് യഹോവയിൽ വിശ്വാസമുണ്ടായിരിക്കണം. (മർക്കോസ് 11:24) പൗലോസ് അപ്പോസ്തലൻ പറഞ്ഞു: “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നെന്നും വിശ്വസിക്കേണ്ടതാണ്.” (എബ്രായർ 11:6) എന്നാൽ വിശ്വാസമുണ്ടെന്നു വെറുതേ പറഞ്ഞതുകൊണ്ടായില്ല. എല്ലാ ദിവസവും യഹോവയെ അനുസരിച്ചുകൊണ്ട് വിശ്വാസമുണ്ടെന്നു നമ്മൾ വ്യക്തമായി തെളിയിക്കണം.—യാക്കോബ് 2:26 വായിക്കുക.
7. (എ) യഹോവയോടു പ്രാർഥിക്കുമ്പോൾ നമുക്കു താഴ്മയും ആദരവും ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) നമ്മൾ ആത്മാർഥതയോടെയാണു പ്രാർഥിക്കുന്നതെന്ന് എങ്ങനെ തെളിയിക്കാം?
7 യഹോവയോടു പ്രാർഥിക്കുമ്പോൾ നമുക്കു താഴ്മയും ആദരവും ഉണ്ടായിരിക്കണം. അത് എന്തുകൊണ്ടാണ്? നമ്മൾ ഒരു രാജാവിനോടോ പ്രസിഡന്റിനോടോ സംസാരിക്കുമ്പോൾ ആദരവോടെയായിരിക്കും സംസാരിക്കുന്നത്. യഹോവ സർവശക്തനായ ദൈവമാണ്. അതുകൊണ്ട് ദൈവത്തോടു സംസാരിക്കുമ്പോൾ മറ്റാരോടുമുള്ളതിനെക്കാൾ ആദരവും താഴ്മയും വേണ്ടേ? (ഉൽപത്തി 17:1; സങ്കീർത്തനം 138:6) അതുപോലെ നമ്മുടെ പ്രാർഥനകൾ ആത്മാർഥവും ഹൃദയത്തിൽനിന്നുള്ളതും ആയിരിക്കണം. അല്ലാതെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടുന്നതായിരിക്കരുത്.—മത്തായി 6:7, 8.
8. ഒരു കാര്യത്തിനുവേണ്ടി പ്രാർഥിക്കുമ്പോൾ നമ്മൾ എന്തുകൂടി ചെയ്യേണ്ടതുണ്ട്?
8 കൂടാതെ, ഒരു കാര്യത്തിനുവേണ്ടി പ്രാർഥിക്കുമ്പോൾ ആ കാര്യത്തിനായി നമ്മളെക്കൊണ്ട് ആകുന്നതെല്ലാം നമ്മൾ ചെയ്യണം. ഉദാഹരണത്തിന് അനുദിനാവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾത്തന്നെ അധ്വാനിക്കാനും നമ്മൾ തയ്യാറാകണം. കഴിവുണ്ടായിട്ടും ജോലി ചെയ്യാതെ എല്ലാം യഹോവ തരട്ടെ എന്നു പ്രതീക്ഷിച്ച് മടിപിടിച്ചിരിക്കരുത്. ചെയ്യാൻ പറ്റുന്ന ഏതു ജോലിയും ഏറ്റെടുക്കുക. (മത്തായി 6:11; 2 തെസ്സലോനിക്യർ 3:10) ഇനി, യഹോവയ്ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യുന്നതു നിറുത്താനുള്ള സഹായത്തിനായി പ്രാർഥിക്കുന്നെങ്കിൽ ആ തെറ്റിലേക്കു നയിക്കുന്ന എല്ലാ സാഹചര്യങ്ങളും നമ്മൾ ഒഴിവാക്കുകയും വേണം. (കൊലോസ്യർ 3:5) പ്രാർഥനയെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചില ചോദ്യങ്ങൾ നമുക്കു നോക്കാം.
പ്രാർഥനയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ
9. ആരോടാണു നമ്മൾ പ്രാർഥിക്കേണ്ടത്? യോഹന്നാൻ 14:6 പ്രാർഥനയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
9 ആരോടാണു നമ്മൾ പ്രാർഥിക്കേണ്ടത്? ‘സ്വർഗസ്ഥനായ പിതാവിനോടു’ പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9) “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല” എന്നും യേശു പറഞ്ഞു. (യോഹന്നാൻ 14:6) അതുകൊണ്ട് നമ്മൾ യേശുവിലൂടെ യഹോവയോടു മാത്രമേ പ്രാർഥിക്കാവൂ. യേശുവിലൂടെ പ്രാർഥിക്കുക എന്നു പറഞ്ഞാൽ എന്താണ്? യഹോവ നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ യഹോവ യേശുവിന് കൊടുത്തിരിക്കുന്ന പ്രത്യേക പദവി അഥവാ സ്ഥാനം നമ്മൾ ആദരിക്കണം. നമ്മൾ പഠിച്ചതുപോലെ യേശു ഭൂമിയിലേക്കു വന്നതു നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനാണ്. (യോഹന്നാൻ 3:16; റോമർ 5:12) അതുപോലെ യേശുവിനെ മഹാപുരോഹിതനായും ന്യായാധിപനായും യഹോവ നിയമിച്ചിരിക്കുന്നു.—യോഹന്നാൻ 5:22; എബ്രായർ 6:20.
എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു പ്രാർഥിക്കാം
10. പ്രാർഥിക്കുമ്പോൾ ഒരു പ്രത്യേക ശരീരനില ആവശ്യമാണോ? വിശദീകരിക്കുക.
10 പ്രാർഥിക്കുമ്പോൾ ഒരു പ്രത്യേക ശരീരനില വേണോ? വേണ്ടാ. പ്രാർഥിക്കുമ്പോൾ മുട്ടുകുത്താനോ ഇരിക്കാനോ നിൽക്കാനോ യഹോവ ആവശ്യപ്പെടുന്നില്ല. യഹോവയോടു സംസാരിക്കുമ്പോൾ, ആദരവോടെയുള്ള ഏതു ശരീരനിലയും സ്വീകാര്യമാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. (1 ദിനവൃത്താന്തം 17:16; നെഹമ്യ 8:6; ദാനിയേൽ 6:10; മർക്കോസ് 11:25) പ്രാർഥിക്കുമ്പോഴത്തെ നമ്മുടെ ശരീരനിലയല്ല, ശുദ്ധമായ ആന്തരമാണ് യഹോവയ്ക്ക് ഏറ്റവും പ്രധാനം. പകലോ രാത്രിയോ എപ്പോൾ വേണമെങ്കിലും എവിടെയാണെങ്കിലും നമുക്കു പ്രാർഥിക്കാം. മൗനമായോ ഉച്ചത്തിലോ പ്രാർഥിക്കാം. മറ്റാരും കേൾക്കുന്നില്ലെങ്കിലും നമ്മൾ പറയുന്നത് യഹോവ കേൾക്കുമെന്നു നമുക്ക് ഉറച്ചുവിശ്വസിക്കാം.—നെഹമ്യ 2:1-6.
11. പ്രാർഥനയിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ ഏവ?
11 എന്തെല്ലാം കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാം? യഹോവ അംഗീകരിക്കുന്ന ഏതു കാര്യത്തിനുവേണ്ടിയും നമുക്കു പ്രാർഥിക്കാം. “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 5:14) നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാമോ? പ്രാർഥിക്കാം. ഒരു ഉറ്റ സുഹൃത്തിനോടു സംസാരിക്കുന്നതുപോലെയായിരിക്കണം യഹോവയോടു പ്രാർഥിക്കാൻ. നമ്മുടെ മനസ്സിലും ഹൃദയത്തിലും ഉള്ള എന്തും യഹോവയോടു പറയാം. (സങ്കീർത്തനം 62:8) ശരിയായ കാര്യങ്ങൾ ചെയ്യാൻ നമ്മളെ സഹായിക്കുന്നതിനു ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവ് ലഭിക്കാൻവേണ്ടിയും നമുക്കു പ്രാർഥിക്കാം. (ലൂക്കോസ് 11:13) നല്ല തീരുമാനങ്ങൾ എടുക്കാനുള്ള ജ്ഞാനത്തിനുവേണ്ടിയും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ നേരിടാനുള്ള ശക്തിക്കുവേണ്ടിയും നമുക്ക് അപേക്ഷിക്കാം. (യാക്കോബ് 1:5) നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും യാചിക്കണം. (എഫെസ്യർ 1:3, 7) നമ്മുടെ കുടുംബാംഗങ്ങൾ, സഭയിലെ സഹോദരീസഹോദരന്മാർ എന്നിവർ ഉൾപ്പെടെ മറ്റുള്ളവർക്കുവേണ്ടിയും നമ്മൾ പ്രാർഥിക്കണം.—പ്രവൃത്തികൾ 12:5; കൊലോസ്യർ 4:12.
12. നമ്മുടെ പ്രാർഥനയിലെ പ്രധാനവിഷയങ്ങൾ എന്തായിരിക്കണം?
12 നമ്മുടെ പ്രാർഥനയിലെ പ്രധാനവിഷയങ്ങൾ എന്തായിരിക്കണം? യഹോവയും യഹോവയുടെ ഇഷ്ടവും. നമുക്കുവേണ്ടി യഹോവ ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും നമ്മൾ ഹൃദയത്തിൽനിന്ന് നന്ദി പറയണം. (1 ദിനവൃത്താന്തം 29:10-13) ഭൂമിയിലായിരുന്നപ്പോൾ യേശു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. (മത്തായി 6:9-13 വായിക്കുക.) ആദ്യംതന്നെ, ദൈവത്തിന്റെ പേര് പരിശുദ്ധമായിരിക്കാൻ, അതായത് വിശുദ്ധമായി കണക്കാക്കപ്പെടാൻ, പ്രാർഥിക്കണമെന്നു യേശു പറഞ്ഞു. അടുത്തതായി, ദൈവരാജ്യം വരുന്നതിനും യഹോവയുടെ ഇഷ്ടം മുഴുഭൂമിയിലും നടപ്പാകുന്നതിനും വേണ്ടി പ്രാർഥിക്കണമെന്നും യേശു പഠിപ്പിച്ചു. വളരെ പ്രധാനപ്പെട്ട ഈ വിഷയങ്ങൾ പ്രാർഥിച്ചതിനു ശേഷമാണ് നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞത്. യഹോവയ്ക്കും യഹോവയുടെ ഇഷ്ടത്തിനും പ്രാർഥനയിൽ ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നു നമ്മൾ കാണിക്കുകയായിരിക്കും.
13. നമ്മുടെ പ്രാർഥനകൾ എത്ര ദൈർഘ്യമുള്ളതായിരിക്കണം?
13 നമ്മുടെ പ്രാർഥനകൾ എത്ര ദൈർഘ്യമുള്ളതായിരിക്കണം? ബൈബിൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നമ്മുടെ പ്രാർഥനകൾ വലുതോ ചെറുതോ ആകാം. ഉദാഹരണത്തിന് ആഹാരത്തിനു മുമ്പ് നമ്മൾ ചെറിയ ഒരു പ്രാർഥന നടത്തിയേക്കാം. എന്നാൽ യഹോവയോടു നന്ദി പറയുമ്പോഴോ നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോഴോ ദൈർഘ്യം കൂടിയ പ്രാർഥനകൾ നമ്മൾ നടത്തിയേക്കാം. (1 ശമുവേൽ 1:12, 15) യേശുവിന്റെ നാളിലെ ചിലരെപ്പോലെ മറ്റുള്ളവരെ കാണിക്കാൻവേണ്ടി നമ്മൾ വലിയ പ്രാർഥനകൾ നടത്തരുത്. (ലൂക്കോസ് 20:46, 47) അങ്ങനെയുള്ള പ്രാർഥനകൾ യഹോവയ്ക്ക് ഇഷ്ടമില്ല. ഹൃദയത്തിൽനിന്നുള്ള നമ്മുടെ പ്രാർഥനകളാണ് യഹോവ വിലമതിക്കുന്നത്.
14. എത്ര കൂടെക്കൂടെ നമ്മൾ പ്രാർഥിക്കണം? യഹോവയെക്കുറിച്ച് ഇത് എന്തു പഠിപ്പിക്കുന്നു?
14 എത്ര കൂടെക്കൂടെ നമ്മൾ പ്രാർഥിക്കണം? പതിവായി യഹോവയോടു സംസാരിക്കാൻ യഹോവ നമ്മളെ ക്ഷണിക്കുന്നു. ‘എപ്പോഴും പ്രാർഥിക്കാനും’ ‘മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കാനും’ ‘ഇടവിടാതെ പ്രാർഥിക്കാനും’ ബൈബിൾ പറയുന്നു. (മത്തായി 26:41; റോമർ 12:12; 1 തെസ്സലോനിക്യർ 5:17) നമ്മുടെ പ്രാർഥനകൾ കേൾക്കാൻ യഹോവ എപ്പോഴും തയ്യാറാണ്. യഹോവയുടെ സ്നേഹത്തിനും ഉദാരതയ്ക്കും ദിവസവും നമുക്ക് യഹോവയോടു നന്ദി പറയാം. മാർഗനിർദേശത്തിനും ശക്തിക്കും ആശ്വാസത്തിനും വേണ്ടി നമുക്കു ദൈവത്തോട് അപേക്ഷിക്കാം. യഹോവയോടു പ്രാർഥിക്കാനുള്ള പദവി ശരിക്കും വിലമതിക്കുന്നെങ്കിൽ അതിനുള്ള ഒരവസരവും നമ്മൾ പാഴാക്കില്ല.
15. പ്രാർഥനയുടെ അവസാനം നമ്മൾ “ആമേൻ” പറയേണ്ടത് എന്തുകൊണ്ട്?
15 പ്രാർഥനയുടെ അവസാനം നമ്മൾ “ആമേൻ” പറയേണ്ടത് എന്തുകൊണ്ട്? “ആമേൻ” എന്ന വാക്കിന്റെ അർഥം “തീർച്ചയായും,” “അങ്ങനെതന്നെയായിരിക്കട്ടെ” എന്നൊക്കെയാണ്. പ്രാർഥനയിൽ പറഞ്ഞ കാര്യങ്ങൾ വെറുതേ പറഞ്ഞതല്ല, ആത്മാർഥമായി പറഞ്ഞതാണ് എന്നു കാണിക്കാനുള്ള ഒരു വിധമാണ് ഇത്. (സങ്കീർത്തനം 41:13) പരസ്യപ്രാർഥനയ്ക്കു ശേഷം ആ പറഞ്ഞ കാര്യങ്ങളോടു നമ്മൾ യോജിക്കുന്നെന്നു കാണിക്കാൻ മൗനമായോ ഉച്ചത്തിലോ “ആമേൻ” പറയുന്നതു നല്ലതാണെന്നു ബൈബിൾ പഠിപ്പിക്കുന്നു.—1 ദിനവൃത്താന്തം 16:36; 1 കൊരിന്ത്യർ 14:16.
ദൈവം പ്രാർഥനയ്ക്ക് ഉത്തരം തരുന്ന വിധം
16. യഹോവ നമ്മുടെ പ്രാർഥനകൾക്ക് ശരിക്കും ഉത്തരം തരുന്നുണ്ടോ? വിശദീകരിക്കുക.
16 യഹോവ നമ്മുടെ പ്രാർഥനകൾക്ക് ശരിക്കും ഉത്തരം തരുന്നുണ്ടോ? ഉണ്ട്. ‘പ്രാർഥന കേൾക്കുന്നവൻ’ എന്നാണു ബൈബിൾ ദൈവത്തെ വിളിക്കുന്നത്. (സങ്കീർത്തനം 65:2) ലക്ഷക്കണക്കിന് ആളുകളുടെ ആത്മാർഥമായ പ്രാർഥനകൾ യഹോവ കേൾക്കുകയും പല വിധങ്ങളിൽ ഉത്തരം കൊടുക്കുകയും ചെയ്യുന്നു.
17. നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുന്നതിന് യഹോവ ദൂതന്മാരെയും ഭൂമിയിലെ ദാസന്മാരെയും ഉപയോഗിക്കുന്നത് എങ്ങനെ?
17 നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുന്നതിന് യഹോവ ചിലപ്പോൾ തന്റെ ദൂതന്മാരെയും ഭൂമിയിലെ ദാസന്മാരെയും ഉപയോഗിക്കുന്നു. (എബ്രായർ 1:13, 14) ബൈബിൾ മനസ്സിലാക്കാനുള്ള സഹായത്തിനുവേണ്ടി പ്രാർഥിച്ചപ്പോൾ പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളിൽ ഒരാൾ സന്ദർശിച്ചതിന്റെ പല അനുഭവങ്ങളുമുണ്ട്. ഭൂമിയിലെങ്ങും “സന്തോഷവാർത്ത” അറിയിക്കുന്നതിൽ ദൈവദൂതന്മാർക്കു പങ്കുണ്ടെന്നു ബൈബിൾ കാണിക്കുന്നു. (വെളിപാട് 14:6 വായിക്കുക.) നമുക്കുള്ള ഒരു പ്രശ്നത്തെപ്പറ്റിയോ ആവശ്യത്തെപ്പറ്റിയോ പ്രാർഥിച്ചപ്പോൾ ഒരു ക്രിസ്തീയ സഹോദരനിൽനിന്നോ സഹോദരിയിൽനിന്നോ സഹായം കിട്ടിയതിന്റെ അനുഭവങ്ങളും നമ്മളിൽ പലർക്കുമുണ്ട്.—സുഭാഷിതങ്ങൾ 12:25; യാക്കോബ് 2:16.
നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരാൻ യഹോവയ്ക്കു മറ്റു ക്രിസ്ത്യാനികളെ ഉപയോഗിക്കാനാകും
18. പരിശുദ്ധാത്മാവിലൂടെയും ബൈബിളിലൂടെയും യഹോവ പ്രാർഥനയ്ക്ക് ഉത്തരം തരുന്നത് എങ്ങനെ?
18 നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുന്നതിനു പരിശുദ്ധാത്മാവിനെയും യഹോവ ഉപയോഗിക്കുന്നു. ഒരു പ്രശ്നത്തെ നേരിടാനുള്ള സഹായത്തിനുവേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ നമ്മളെ വഴിനയിക്കുന്നതിനും നമുക്കു ശക്തി പകരുന്നതിനും യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചേക്കാം. (2 കൊരിന്ത്യർ 4:7) ബൈബിളിലൂടെയും യഹോവ പ്രാർഥനയ്ക്ക് ഉത്തരം തരുകയും ശരിയായ തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. ബൈബിൾ വായിക്കുമ്പോൾ നമുക്കു പ്രയോജനം ചെയ്യുന്ന വാക്യങ്ങൾ നമ്മൾ കണ്ടേക്കാം. സഭായോഗങ്ങളിൽ, നമുക്കു ഗുണം ചെയ്യുന്ന ഒരു ആശയം ഉത്തരത്തിലൂടെ പറയാൻ യഹോവയ്ക്ക് ഒരു വ്യക്തിയെ പ്രചോദിപ്പിക്കാനാകും. അല്ലെങ്കിൽ ബൈബിളിൽനിന്ന് ഏതെങ്കിലും ഒരു ആശയം നമ്മളുമായി പങ്കുവെക്കാൻ സഭയിലെ ഒരു മൂപ്പനെ യഹോവ ഉപയോഗിച്ചേക്കാം.—ഗലാത്യർ 6:1.
19. യഹോവ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരാത്തതായി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
19 ‘യഹോവ എന്താണ് ഇതുവരെ എന്റെ പ്രാർഥനയ്ക്ക് ഉത്തരം തരാത്തത്’ എന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ ഒന്നോർക്കുക, നമ്മുടെ പ്രാർഥനയ്ക്ക് എപ്പോൾ, എങ്ങനെ ഉത്തരം തരണമെന്നും നമുക്ക് എന്താണ് ആവശ്യമെന്നും യഹോവയ്ക്ക് അറിയാം. ചിലപ്പോൾ ഒരു കാര്യത്തിനുവേണ്ടി നമ്മൾ തുടർച്ചയായി പ്രാർഥിക്കേണ്ടതുണ്ടായിരിക്കാം. അതിലൂടെ നമ്മുടെ പ്രാർഥന ആത്മാർഥമാണെന്നും നമുക്കു യഹോവയിൽ വിശ്വാസമുണ്ടെന്നും തെളിയിക്കുകയായിരിക്കും നമ്മൾ. (ലൂക്കോസ് 11:5-10) ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത വിധത്തിലായിരിക്കാം യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നത്. ഉദാഹരണത്തിന് ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ നമ്മൾ പ്രാർഥിക്കുന്നെന്നിരിക്കട്ടെ. ആ പ്രശ്നം അപ്പാടെ നീക്കം ചെയ്യുന്നതിനു പകരം അതു സഹിച്ചുനിൽക്കാനുള്ള ശക്തിയായിരിക്കാം യഹോവ തരുന്നത്.—ഫിലിപ്പിയർ 4:13 വായിക്കുക.
20. കൂടെക്കൂടെ യഹോവയോടു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
20 യഹോവയോടു പ്രാർഥിക്കുക എന്നത് എത്ര മഹത്തായ പദവിയാണ്! നമ്മുടെ പ്രാർഥന യഹോവ കേൾക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. (സങ്കീർത്തനം 145:18) എത്ര കൂടെക്കൂടെ നമ്മൾ യഹോവയോട് ആത്മാർഥമായി പ്രാർഥിക്കുന്നുവോ അത്ര ശക്തമായിരിക്കും യഹോവയുമായുള്ള നമ്മുടെ സുഹൃദ്ബന്ധം.