പ്രൗഢമായ മഴവില്ല്
വർണരാജി കാണിക്കുന്ന അർധവൃത്താകൃതിയിലുള്ള ഒരു വില്ല് അല്ലെങ്കിൽ ചാപം എന്നും “ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല” എന്ന യഹോവയുടെ ഉടമ്പടി വാഗ്ദാനത്തിന്റെ ഒരു ദൃശ്യ അടയാളം എന്നും അത് നിർവചിക്കപ്പെടുന്നു. (ഉല്പത്തി 9:11-16) മഴവില്ലിനു പ്രത്യേക എബ്രായ പദമൊന്നുമില്ല. അതുകൊണ്ട് (അമ്പുകൾ എയ്യുന്നതിനുപയോഗിക്കുന്ന) “വില്ല്” എന്നതിനുള്ള സാധാരണ പദമാണു ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്.—യെഹെസ്കേൽ 1:28.
മഴവില്ലിന്റെ രൂപീകരണത്തെ വിശദീകരിക്കാൻ സങ്കീർണമായ സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും ഉപയോഗിച്ചുവരുന്നു. ചെറിയ ഒരു പ്രിസംപോലെ പ്രവർത്തിക്കുന്ന മഴത്തുള്ളിയിൽ വെളുത്ത പ്രകാശം കടക്കുമ്പോൾ അതിന് അപവർത്തനം (refraction) സംഭവിച്ചു പല വർണങ്ങളായി വേർതിരിയുന്നു. ഓരോ വർണവും മഴത്തുള്ളിയുടെ ഉൾപ്രതലത്തിൽ തട്ടി വ്യത്യസ്തമായ, പ്രത്യേക കോണിൽ പ്രതിഫലിക്കുന്നു. അങ്ങനെ ഒരു നിരീക്ഷകൻ വർണരാജിയിലെ ഏഴു നിറങ്ങളും (ചാപത്തിന്റെ ഉള്ളിൽനിന്നു പുറത്തേക്ക്: വൈലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്) ഉൾക്കൊണ്ട ഒരു മഴവില്ലു കാണുന്നു. എങ്കിലും ഇവ കൂടിക്കലർന്നിരിക്കുന്നതിനാൽ നാലോ അഞ്ചോ വർണങ്ങൾ മാത്രമേ വ്യക്തമായിരിക്കുന്നുള്ളൂ. ചിലപ്പോൾ വർണങ്ങൾ നേരെ വിപരീത ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നതും വലിപ്പമേറിയതും ലേശം വ്യത്യസ്തവുമായ ഒരു “ദ്വിതീയ” മഴവില്ല് രൂപീകൃതമാകുന്നു. ശാസ്ത്രജ്ഞൻമാർ ഇപ്പോഴും മഴവില്ലിനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്. കാൾ ബി. ബോയെർ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “മഴത്തുള്ളിക്കുള്ളിൽ പ്രകാശോർജവും പദാർഥവും തമ്മിലുണ്ടാകുന്ന വളരെയടുത്ത പരസ്പരപ്രവർത്തനം ഒരുവനെ ക്വാണ്ടം മെക്കാനിക്സിലേക്കും ആപേക്ഷികതാ സിദ്ധാന്തത്തിലേക്കും നേരിട്ടു നയിക്കുന്നു. . . . മഴവില്ലിന്റെ രൂപീകരണത്തെക്കുറിച്ചു വളരെയധികം അറിയാമെങ്കിലും അതിനെ നമുക്ക് ആ രീതിയിൽ കാണാൻ കഴിയുന്നതു സംബന്ധിച്ചു നമുക്കു മനസ്സിലായിട്ടില്ല.”—മഴവില്ല്, സങ്കൽപ്പത്തിൽനിന്നു ഗണിതശാസ്ത്രത്തിലേക്ക് (ഇംഗ്ലീഷ്), 1959, പേ. 320, 321.
ജലപ്രളയ അതിജീവകർ പെട്ടകത്തിൽനിന്നു പുറത്തുവന്നതിനുശേഷം ദൈവം നോഹയോടും അവന്റെ മക്കളോടും നടത്തിയ ഉടമ്പടിയുടെ വിവരണത്തിലാണു മഴവില്ലിനെക്കുറിച്ചുള്ള ബൈബിളിലെ ആദ്യ പരാമർശം നാം കാണുന്നത്. (ഉല്പത്തി 9:8-17; യെശയ്യാവു 54:9, 10) അതിന്റെ ഉജ്ജ്വലമായ ദൃശ്യംതന്നെ നോഹയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സമാധാനം വീണ്ടും ഉറപ്പാക്കുന്ന ഒരു അടയാളമായിരിക്കുമായിരുന്നു.
മനുഷ്യർ മഴവില്ലിനെ കണ്ട ആദ്യ അവസരം ഇതാണോ എന്നതു സംബന്ധിച്ച് അനേകം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. മഴവില്ലുകൾ മുമ്പും ദൃശ്യമായിട്ടുണ്ടെന്നും ദൈവം ഈ സമയത്തു മഴവില്ലു ‘നൽകി’യപ്പോൾ വാസ്തവത്തിൽ നേരത്തെ ഉണ്ടായിരുന്ന ഒരു പ്രതിഭാസത്തിന് ഒരു പ്രത്യേക അർഥമോ പ്രാധാന്യമോ നൽകുകയായിരുന്നുവെന്നും ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ വീക്ഷണമുള്ള പലരും ജലപ്രളയം പ്രാദേശികം മാത്രമായിരുന്നുവെന്നും അത് അന്തരീക്ഷത്തിനു ഗണ്യമായ മാറ്റമൊന്നും വരുത്തിയില്ലെന്നും വിശ്വസിക്കുന്നു.
എന്നിരുന്നാലും അതു മഴവില്ലിനെക്കുറിച്ചുള്ള ആദ്യ പരാമർശനമാണ്. മഴവില്ല് നേരത്തെ ദൃശ്യമായിട്ടുണ്ടായിരുന്നെങ്കിൽ തന്റെ ഉടമ്പടിയുടെ ഒരു പ്രമുഖ അടയാളമായി ദൈവം അതു നിർമിക്കുന്നതിൽ യഥാർഥമായ യാതൊരു പ്രാധാന്യവും ഉണ്ടായിരിക്കുമായിരുന്നില്ല. അതൊരു സാധാരണ സംഗതിയായിരിക്കുമായിരുന്നു, ഒരു മാറ്റത്തിന്റെയോ, പുതിയ ഒരു സംഗതിയുടെയോ ഒരു സുപ്രധാന അടയാളമായിരിക്കുമായിരുന്നില്ല.
ജലപ്രളയത്തിനു തൊട്ടുമുമ്പ് അന്തരീക്ഷം എത്രമാത്രം തെളിഞ്ഞതായിരുന്നുവെന്നു ബൈബിൾ വർണിക്കുന്നില്ല. നോഹയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുംമുമ്പ് ആരും മഴവില്ലു കണ്ടിട്ടില്ലാത്തവിധമായിരുന്നു അന്തരീക്ഷ അവസ്ഥകളെന്നു തോന്നുന്നു. ‘ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന’പ്പോഴുണ്ടായ മാറ്റത്തോടുകൂടിയാണ് അതു ദൃശ്യമായത്. (ഉല്പത്തി 7:11) ഇന്നുപോലും, ഒരു മഴവില്ല് ദൃശ്യമാണോ അല്ലയോ എന്നതിനെ അന്തരീക്ഷ അവസ്ഥകൾ സ്വാധീനിക്കുന്നു.
ഒരു കൊടുങ്കാറ്റിനെ തുടർന്നു പ്രത്യക്ഷമാകുന്ന മഴവില്ലിന്റെ പ്രൗഢിയും മനോഹാരിതയും പ്രശാന്തതയും ദൈവത്തെയും അവന്റെ സിംഹാസനത്തെയുംകുറിച്ചുള്ള ബൈബിൾ വിവരണങ്ങളിൽ വരച്ചുകാട്ടപ്പെട്ടിരിക്കുന്നു. യെഹെസ്കേലിനുള്ള ദൈവത്തിന്റെ ദർശനത്തിൽ “മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ” ഒന്ന് പ്രവാചകൻ കാണുകയുണ്ടായി. ഇത് “യഹോവയുടെ മഹത്വ”ത്തെ ഊന്നിപ്പറഞ്ഞു. (യെഹെസ്കേൽ 1:28) സമാനമായി, യോഹന്നാൻ യഹോവയുടെ ഉജ്ജ്വല സിംഹാസനം കണ്ടു. ‘അതിനുചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ല് ഉണ്ടായിരുന്നു.’ മഴവില്ലിന്റെ വിശ്രമദായകമായ മരതകപ്പച്ചനിറം സമനിലയെയും പ്രശാന്തതയെയുംകുറിച്ചു യോഹന്നാനു സൂചന നൽകുമായിരുന്നു. യഹോവ എല്ലാ സാഹചര്യങ്ങളുടെയും അധിപനും പ്രൗഢനായ ഭരണാധിപനും ആയതിനാൽ ഉചിതമായും അങ്ങനെയാണ്. (വെളിപ്പാടു 4:3) “തലയിൽ ആകാശവില്ലു”മായി നിൽക്കുന്ന ഒരു ദൂതനെയും യോഹന്നാൻ കണ്ടു. (വെളിപ്പാടു 10:1) അവൻ “സമാധാനത്തിന്റെ ദൈവ”ത്തിന്റെ ഒരു പ്രത്യേക പ്രതിനിധിയായിരുന്നെന്ന് അതു സൂചിപ്പിക്കുന്നു.—ഫിലിപ്പിയർ 4:9.