യേശുവിന്റെ ജീവിതവും ശുശ്രൂഷയും
വാഗ്ദത്ത സന്തതി
നസറേത്തിലേക്ക് മടങ്ങിപ്പോകുന്നതിനു പകരം യോസേഫും മറിയയും ബേത്ളെഹേമിൽ താമസിക്കുന്നു. യേശുവിന് എട്ടു ദിവസം പ്രായമുള്ളപ്പോൾ അവർ മോശെക്കു ലഭിച്ച ദൈവകല്പന പ്രകാരം അവനെ പരിച്ഛേദന കഴിപ്പിക്കുന്നു. എട്ടാം ദിവസം ഒരാൺകുട്ടിക്ക് ഒരു പേരിടുകയെന്നത് ഒരു ആചാരമായിരുന്നുവെന്നും തോന്നുന്നു. അതുകൊണ്ട് മുമ്പ് ഗബ്രീയേൽ ദൂതൻ നിർദ്ദശിച്ചപ്രകാരം അവർ അവരുടെ കുട്ടിക്ക് യേശു എന്ന് പേരിടുന്നു.
ഒരു മാസത്തിലധികം കടന്നു പോകുന്നു. യേശുവിന് ഇപ്പോൾ 40 ദിവസം പ്രായമുണ്ട്. അവന്റെ മാതാപിതാക്കൾ ഇപ്പോൾ അവനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? യരൂശലേം ദേവാലയത്തിലേക്ക്. അവിടേക്ക് അവർ താമസിക്കുന്നിടത്തുനിന്ന് ചുരുക്കം മൈലുകളേയുള്ളു. മോശെക്കു നൽകിയ ദൈവകല്പനപ്രകാരം ഒരാൺകുട്ടിക്ക് ജൻമം നൽകിയ ഒരു മാതാവ് 40 ദിവസം കഴിഞ്ഞ് ആലയത്തിൽ ഒരു ശുദ്ധീകരണയാഗം അർപ്പിക്കേണ്ടതാണ്.
അതാണ് മറിയ ചെയ്യുന്നത്. എന്നാൽ അവളുടെ യാഗമെന്ന നിലയിൽ അവൾ രണ്ട് ചെറുപക്ഷികളെ കൊണ്ടുവരുന്നു. ഇത് യോസേഫിന്റെയും മറിയയുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചിലത് വെളിപ്പെടുത്തുന്നു. പക്ഷികളെക്കാൾ വളരെയധികം വിലയുള്ള ഒരു ആട്ടിൻകുട്ടിയെ അർപ്പിക്കണമെന്ന് മോശൈകന്യായപ്രമാണം നിർദ്ദേശിക്കുന്നു. എന്നാൽ അമ്മയ്ക്കു ഇത് വഹിപ്പാൻ കഴിവില്ലെങ്കിൽ, രണ്ട് കുറുപ്രാവോ, മാടപ്രാവോ മതിയാകും.
ആലയത്തിൽ വച്ച് ഒരു പ്രായം ചെന്ന മനുഷ്യൻ യേശുവിനെ തന്റെ കരങ്ങളിലേന്തുന്നു. അദ്ദേഹത്തിന്റെ പേര് ശിമ്യോൻ എന്നാണ്. യഹോവയുടെ വാഗ്ദത്ത മശിഹായെ അല്ലെങ്കിൽ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് അവൻ മരിക്കുകയില്ലെന്ന് ദൈവം അവന് വെളിപ്പെടുത്തിയിരുന്നു. ഈ ദിവസം ശിമ്യോൻ ആലയിത്തിലേക്കു വരുമ്പോൾ പരിശുദ്ധാത്മാവ് അവനെ യോസേഫും മറിയയും കൊണ്ടുവന്ന ശിശുവിലേക്ക് നയിച്ചു.
ശിമ്യോൻ യേശുവിനെ എടുക്കുമ്പോൾ ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ ദൈവത്തിന് നന്ദി നൽകുന്നു: ‘നീ നിന്റെ വാഗ്ദത്തം പാലിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ നീ ഒരുക്കിയിരിക്കുന്ന രക്ഷാമാർഗ്ഗം ഞാൻ എന്റെ സ്വന്തം കണ്ണുകൾകൊണ്ട് കണ്ടിരിക്കുന്നു.’ യോസേഫും മറിയും ഇത് കേൾക്കുമ്പോൾ അതിശയിക്കുന്നു. പിന്നീട് ശിമ്യോൻ അവരെ അനുഗ്രഹിക്കുന്നു. അതിനുശേഷം മറിയയോട്, അവളുടെ പുത്രനെ “യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനുമായി വെച്ചിരിക്കുന്നു” എന്നും ആ ദുഃഖം ഒരു മൂർച്ചയേറിയ വാളുപോലെ അവളുടെ ദേഹിയെ കുത്തുമെന്നും പറയുന്നു.
എൺപത്തിനാല് വയസ് പ്രായമുള്ള ഹന്നാ എന്നൊരു പ്രവാചകി ഈ അവസരത്തിൽ അടുത്തുണ്ട്. വാസ്തവത്തിൽ അവൾ ഒരിക്കലും ദേവാലയത്തിൽനിന്ന് പോകുന്നേയില്ല. ആ നാഴികയിൽതന്നെ, അവൾ അടുത്തുവന്ന് ദൈവത്തിന് നന്ദി നൽകാനും കേൾക്കുന്ന ഏവരോടും യേശുവിനെക്കുറിച്ച് പറയാനും തുടങ്ങുന്നു.
ആലയത്തിലെ ഈ സംഭവവികാസങ്ങൾ യോസേഫിനെയും മറിയയേയും എത്ര സന്തുഷ്ടരാക്കിയിട്ടുണ്ട്! തീർച്ചയായും, അത് അവൻ ദൈവത്തിന്റെ വാഗ്ദത്ത സന്തതിയാണെന്ന് അവർക്ക് ഉറപ്പുവരുത്തുക മാത്രം ചെയ്യുന്നു. ലൂക്കോസ് 2:21-38; ലേവ്യാപുസ്തകം 12:1-8.
◆ ഒരു യിസ്രായേല്യ ആൺകുട്ടിക്ക് ആചാരപ്രകാരം അവന്റെ പേരു നൽകുന്നതെപ്പോഴായിരുന്നു?
◆ തന്റെ പുത്രന് 40 ദിവസം പ്രായമാകുമ്പോൾ ഒരു യിസ്രായേല്യ മാതാവിൽനിന്ന് എന്ത് ആവശ്യപ്പെട്ടിരുന്നു, ഈ വ്യവസ്ഥയുടെ പാലനം മറിയയുടെ സാമ്പത്തികസ്ഥിതി വെളിപ്പെടുത്തിയതെങ്ങനെ?
◆ ഈ അവസരത്തിൽ യേശു ആരാണെന്ന് ആര് തിരിച്ചറിഞ്ഞു, എങ്ങനെ? (w85 6/15)