‘എന്റെ മതം എനിക്ക് ധാരാളം മതി!’
യഹോവയുടെ സാക്ഷികളിൽപ്പെട്ട ആരെങ്കിലും നിങ്ങളുടെ ഭവനം സന്ദർശിച്ചപ്പോൾ നിങ്ങൾ ഈ വാക്കുകളിൽ എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ? ഒരു പക്ഷെ നിങ്ങളിങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുമോ: ‘എന്റെ മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശൻമാർക്കും അത് ധാരാളം മതിയായതായിരുന്നു. ആ സ്ഥിതിക്ക് മറെറാരു മതത്തെപ്പററി എന്തിനാലോചിക്കണം?’
നാം നമ്മുടെ മാതാപിതാക്കളുടെ ജ്ഞാനത്തിൽനിന്നും അനുഭവപരിചയത്തിൽ നിന്നും വലിയ അളവിൽ പ്രയോജനം നേടിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ. പക്ഷെ, ഒരു മതം ആചരിക്കുന്ന കാര്യത്തിൽ അത് അവശ്യം ഒരു വിവേകപൂർവ്വകമായ അടിസ്ഥാനം ആയിരിക്കണം എന്നുണ്ടോ? നിശ്ചയമായും നാം ചെയ്യുന്ന സകലത്തിലും നമ്മുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശൻമാരെയും നാം അനുകരിക്കാറില്ല. എന്തുകൊണ്ടില്ല? കാരണം അറിവിന്റെയും ഗ്രാഹ്യത്തിന്റെയും സംഗതിയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നത് തന്നെ.
ദൃഷ്ടാന്തമായി: നാൽപ്പതിലധികം വർഷങ്ങൾക്കു മുമ്പ് ആളുകൾ രോഗികളായിത്തീർന്നാൽ, അവർക്ക് ലഭിക്കുമായിരുന്ന ചികൽസ അപര്യാപ്തമായിരുന്നു എന്ന കാരണം നിമിത്തം അവർ മരിച്ചുപോയിരുന്നിട്ടുണ്ടായിരിക്കാം. എന്നാൽ 1943-നെത്തുടർന്ന് ആൻറിബയോട്ടിക് ഔഷധങ്ങൾ സുലഭമായിത്തീരുകയും അത് അനേകരുടെ ജീവനെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആൻറിബയോട്ടിക് ഔഷധങ്ങളെപ്പററി നമ്മുടെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു എന്ന കാരണവും ചൊല്ലി നാം അവ ഉപയോഗിക്കാൻ വിസമ്മതിക്കുമോ? ഇല്ല, ഒരു തുറന്ന മനസ്സോടെ നവീന പുരോഗതികളുടെ മേൻമകൾ നാം തൂക്കി നോക്കുകയില്ലേ? മതത്തിന്റെ കാര്യത്തിലും ഇതേ മനോഭാവമാണ് വിവേകപൂർവ്വകം.
പൂർവ്വികരുടെ മതം അവശ്യം ദൈവത്തെ പ്രസാദിപ്പിക്കുന്ന സത്യമതം ആയിരിക്കണമെന്ന് അർത്ഥമില്ല എന്ന് അപ്പോസ്തലനായ പൗലോസിന്റെ ദൃഷ്ടാന്തം കൂടുതലായി തെളിയിക്കുന്നു. ക്രിസ്ത്യാനിത്വത്തിലേക്കുള്ള പരിവർത്തനത്തിനു മുമ്പ്, പൗലോസ് അപ്പോസ്തലന് ക്രിസ്തീയ “മാർഗ്ഗ”ത്തോടുണ്ടായിരുന്ന മനോഭാവം അങ്ങേയററം അക്രമാസക്തമായിരുന്നു, എന്തെന്നാൽ അവൻ “ദൈവത്തിന്റെ സഭയെ പീഡിപ്പിക്കുകയും നിർമ്മൂലമാക്കുകയും ചെയ്തുകൊണ്ടിരുന്നു.” എന്നാൽ എന്തുകൊണ്ട്? അതിനു കാരണം, അവന്റെ ‘പിതാക്കൻമാരുടെ പാരമ്പര്യങ്ങളിൽ അവൻ തീക്ഷ്ണതയുള്ളവനായിരുന്നു’ എന്നതായിരുന്നു. തന്റെ മുൻമതത്തോടുള്ള ആത്മാർത്ഥമായ പററിനിൽപ്പ് യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള സത്യം മനസ്സിലാക്കുന്നതിൽനിന്നും അവനെ തടഞ്ഞു—അതു ദൈവത്തെ പ്രസാദിപ്പിക്കാൻ ഉതകുമായിരുന്നില്ല.—പ്രവൃത്തികൾ 9:1, 2; ഗലാത്യർ 1:13, 14.
നിങ്ങളുടെ മതം—തിരഞ്ഞെടുത്തതോ യാദൃച്ഛികമോ?
മിക്കവാറും കേസുകളിൽ ഒരാളുടെ മതം സത്യത്തിൽ, ഒരു യാദൃച്ഛിക സംഗതിയാണ്. എന്തർത്ഥത്തിൽ? നിങ്ങൾ ഒരു കത്തോലിക്കനായോ, പ്രൊട്ടസ്ററൻറുകാരനായോ, ഹിന്ദുവായോ, താവോ മതക്കാരനായോ, ബുദ്ധമതക്കാരനായോ ജനിച്ചിരിക്കും, കാരണം നിങ്ങളുടെ മാതാപിതാക്കളുടെ മതം അതായിരുന്നു. എന്നാൽ നിങ്ങൾ മറെറാരു രാജ്യത്തോ മറെറാരു കുടുംബത്തിലോ ജനിച്ചു എന്നു കരുതുക. ഒരു പക്ഷെ നിങ്ങൾ മറെറാരു മതത്തെ എരിവോടെ ഇന്നു പിൻതാങ്ങിയിരുന്നേനെ. അതുകൊണ്ട്, നിങ്ങൾ ജനിച്ചുവീണമതം സ്വതവെ സത്യമതമായിരിക്കും എന്ന് കരുതുന്നത് യുക്തിസഹമാണോ?
നിങ്ങൾ നിങ്ങളുടെ ഇപ്പോഴത്തെ മതത്തിലോ വേറൊന്നിലോ ജനിച്ചിരുന്നാലും നിങ്ങൾക്ക് അത് ധാരാളം മതി എന്നു അപ്പോഴും തോന്നുമായിരിക്കാം. പക്ഷെ ശരിയായ മതം വെറും വ്യക്തിപരമായ അഭിപ്രായത്തിന്റെയോ അഭിരുചിയുടെയോ കാര്യം മാത്രമാണോ? അതാണോ ആശ്രയയോഗ്യമായ മാർഗ്ഗരേഖ?
ഈ സംഗതിയെ ഒരുപക്ഷെ ഭക്ഷണത്തിന്റെ കാര്യത്തിലൂടെ ദൃഷ്ടാന്തീകരിക്കാം. ഒരു കുട്ടിയോട് അവന് ഒരു കേക്കിന്റെ കഷണം വേണോ അതോ ഒരു പാത്രം ചീര വേണോ എന്നു ചോദിക്കുക. അവൻ കേക്ക് തെരഞ്ഞെടുക്കാനാണ് ഏററവും സാദ്ധ്യത. എന്നാൽ ആ തെരഞ്ഞെടുപ്പ് ഏററവും പോഷകപ്രദമായിരിക്കുമോ? അതുപോലെതന്നെ, ഒരു മതം നിങ്ങളുടെ വ്യക്തിപരമായ അഭിരുചിക്ക് കാമ്യമായി തോന്നുന്നു എന്നത് ആത്മീയമായി നിങ്ങൾക്ക് അതാണുത്തമം എന്ന് അവശ്യം അർത്ഥമാക്കുന്നില്ല.—റോമർ 10:2, 3 താരതമ്യം ചെയ്യുക.
മതം എന്നത് കേവലം വ്യക്തിപരമായ അഭിപ്രായത്തിന്റെ സംഗതിയല്ല. അതിൽ ദൈവാരാധന ഉൾപ്പെടുന്നു, അതുകൊണ്ട് അത് അവനെ പ്രീതിപ്പെടുത്തേണ്ടതുണ്ട്. ആ സ്ഥിതിക്ക് മർമ്മപ്രധാനമായ ചോദ്യം, എന്റെ മതം എനിക്ക് മതിയായതാണോ? എന്നതല്ല, പിന്നെയോ, എന്റെ മതം വാസ്തവത്തിൽ ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ എന്നതാണ്. (w85 7/15)