വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
മൂപ്പൻമാരുടെ നിയമനത്തിൽ ആധുനികനാളിലെ ഭരണസംഘത്തോടൊത്ത് പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് എപ്രകാരമാണ്?
എഫേസൂസിലെ ക്രിസ്തീയ മുപ്പൻമാരോട് അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “നിങ്ങൾക്കുതന്നെയും അവൻ സ്വന്ത പുത്രന്റെ രക്തത്താൽ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ സഭയെ മേയിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകൻമാരായി നിയമിച്ച മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധ നൽകുവിൻ.”—പ്രവൃത്തികൾ 20:28.
അപ്രകാരമുള്ള നിയമനങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തിച്ചതെങ്ങനെയെന്നു പൗലോസ് വിശദമായി വിവരിച്ചില്ല. എങ്കിലും, പരിച്ഛേദന സംബന്ധിച്ച ഒരു ചോദ്യം ഒന്നാം നൂററാണ്ടിലെ ഭരണസംഘം പരിചിന്തിച്ചപ്പോൾ സംഭവിച്ചതിൽ നിന്നും നമുക്കു ഉൾക്കാഴ്ച നേടാൻ കഴിയും. തങ്ങളുടെ തീരുമാനത്തെ സംക്ഷേപിച്ചുകൊണ്ട് അവർ എഴുതി: “ഈ ആവശ്യ സംഗതികൾ ഒഴിച്ച്, കൂടുതലായ മററു യാതൊരു ഭാരവും നിങ്ങളോട് കൂട്ടാതിരിക്കുന്നതിനോട് പരിശുദ്ധാത്മാവും ഞങ്ങൾതന്നെയും അനുകൂലിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 15:28) ആ സമയം ഉചിതമായ തീരുമാനത്തിലെത്തുവാൻ, വ്യക്തിത്വമില്ലാത്ത കർമ്മോദ്യുക്തശക്തിയായ ദൈവത്തിന്റെ പരിശുദ്ധാത്മാവ്, പ്രവർത്തിച്ചതെപ്രകാരമാണ്?
ആദ്യമേ, പൗലോസും ബർന്നബാസും ചോദ്യം അവതരിപ്പിച്ചെന്ന് പ്രവൃത്തികൾ 15-ാം അദ്ധ്യായം കാണിക്കുന്നു. പിന്നെ ഒരു ചർച്ച നടന്നു. അപ്പോസ്തലനായ പത്രോസ്, പരിച്ഛേദന ഏൽക്കാഞ്ഞ കൊർന്നല്യോസിന്റേയും ഭവനത്തിന്റെയും സ്നാനത്തിലേക്കു നയിച്ചതെന്തെന്നു വിവരിച്ചു. പത്രോസ് വിശദീകരിച്ചു, ‘അവൻ നമ്മോടു ചെയ്തതുപോലെതന്നെ, അവർക്കും പരിശുദ്ധാത്മാവിനെ നൽകിയതിനാൽ ദൈവം സാക്ഷ്യം വഹിച്ചു.’ (പ്രവൃത്തികൾ 15:7, 8; 10:9-48) അനന്തരം പൗലോസും ബർന്നബാസും ‘ദൈവം തങ്ങളെക്കൊണ്ടു ജനതകളുടെയിടയിൽ ചെയ്യിച്ച അനേക അടയാളങ്ങളെയും അത്ഭുതങ്ങളെയും വിവരിച്ചു.’ (പ്രവൃത്തികൾ 15:12) അപ്രകാരം, പത്രോസിന്റെയും കൊർന്നല്യോസിന്റേയും പൗലോസിന്റെയും ബർന്നബാസിന്റെയും മേലുള്ള അതിന്റെ പ്രവർത്തനത്താൽ ജാതികൾ പരിച്ഛേദന ഏൽക്കപ്പെടേണ്ട ആവശ്യമില്ലെന്നു പരിശുദ്ധാത്മാവ് സൂചിപ്പിച്ചു.
എങ്കിലും ഭരണസംഘം എടുത്ത തീരുമാനത്തിൽ എത്തുവാൻ പരിശുദ്ധാത്മാവിന്റെ മററു പ്രവർത്തനങ്ങളും ഉൾപ്പെട്ടിരുന്നു. അവരുടെ പര്യാലോചനകളിൻമേൽ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി അവർ അപേക്ഷിച്ചിരുന്നുവെന്നു നമുക്ക് അനുമാനിക്കാം. അപ്രകാരമുള്ള സഹായമായിരിക്കണം ആമോസ് 9:11, 12-ലെ പ്രവചനം ഓർമ്മയിലേക്കു വരുന്നതിനും അതിന്റെ പ്രയുക്തത കാണുന്നതിനും ശിഷ്യനായ യാക്കോബിനെ പ്രേരിപ്പിച്ചത്. ആ പ്രവചനം, നിശ്ചയമായും പരിശുദ്ധാത്മനിശ്വസ്തതയിലാണ് എഴുതപ്പെട്ടത്. (പ്രവൃത്തികൾ 15:13-20) കൂടാതെ, ഭരണസംഘം രൂപീകൃതമായിരുന്ന “യരൂശലേമിലെ അപ്പോസ്തലൻമാരും മൂപ്പൻമാരും” പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ക്രിസ്ത്യാനികളായിരുന്നു. അവർ അതിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനാലെന്നപോലെ, തങ്ങളുടെ ജീവിതങ്ങളിൽ അതിന്റെ പ്രവർത്തനം വെളിപ്പെടുത്തി.—പ്രവൃത്തികൾ 15:2; റോമർ 8:14-17; 1 കൊരിന്ത്യർ 7:40; ഗലാത്യർ 5:22, 23.
അതിനാൽ പരിച്ഛേദനാ ചോദ്യത്തിൻമേൽ സ്വർഗ്ഗത്തിൽ നിന്നു കേൾക്കത്തക്ക ഒരു സൂചകം ഇല്ലാതെതന്നെ, ഭരണസംഘത്തിലുണ്ടായിരുന്നവർക്ക് തങ്ങളുടെ തീരുമാനത്തിലെത്തുവാൻ “പരിശുദ്ധാത്മാവ്” നയിച്ചു എന്നു ശരിയായി പറയുവാൻകഴിയും.
മൂപ്പൻമാരായോ, മേൽവിചാരകൻമാരായോ ക്രിസ്തീയ പുരുഷൻമാരെ ഇന്നു സഭകളിൽ നിയമിക്കുന്നതും ഇതേ പ്രകാരമാണ്. സഹോദരൻമാരെ മേൽവിചാരകൻമാരായി നിയമിക്കുന്നതിനുവേണ്ടി ശുപാർശചെയ്യുന്നതു പരിചിന്തിക്കുന്നതിന് കാലികമായി മൂപ്പൻമാരുടെ ഒരുകൂട്ടം (സൊസൈററിയുടെ ഒരു സഞ്ചാരമേൽവിചാരകൻ ഉൾപ്പെട്ടിരിക്കാം) കൂടിവരുന്നു. ആ കൂട്ടത്തിലുള്ളവരെത്തന്നെ മൂപ്പൻമാരായി നിയമിക്കപ്പെട്ടവരും അവർ തങ്ങളുടെ ജീവിതങ്ങളിൽ പരിശുദ്ധാത്മാവുണ്ടെന്നു വെളിപ്പെടുത്തുന്നവരും ആണ്. ആത്മാവിന്റെ നടത്തിപ്പിനായി പ്രാർത്ഥനയോടെ അവർ ചർച്ച ആരംഭിക്കുന്നു. പിന്നെ, മീററിംഗുസമയത്ത് അവർ പരിഗണിക്കുന്ന ഓരോ സഹോദരനും ബൈബിളിൽ മൂപ്പൻമാർക്കായി വെച്ചിരിക്കുന്ന യോഗ്യതകളിലെത്തുന്നുണ്ടോയെന്നു വിശകലനം ചെയ്യുന്നു. ആ യോഗ്യതകൾ പരിശുദ്ധാത്മ നിയന്ത്രണത്തിൽ രേഖപ്പെടുത്തിയവയാണ്. (1 തിമൊഥെയോസ് 3:2-7; തീത്തോസ് 1:5-9) തന്റെ ജീവിതരീതിയിൽ ആ സഹോദരൻ “ആത്മാവും ജ്ഞാനവും നിറഞ്ഞവൻ” എന്നു തെളിയിക്കുന്നുണ്ടോയെന്ന് അവർ പരിഗണിക്കുന്നു. (പ്രവൃത്തികൾ 6:3) അയാൾ ആ മാതൃകയിലുള്ളവനും ന്യായമായ ഒരളവിൽ യോഗ്യതകളിൽ എത്തിചേരുന്നവനും ആണെന്നു അവർ യോജിക്കുന്നുവെങ്കിൽ അവരുടെ ശുപാർശ പരിശുദ്ധാത്മനിയോഗിതരായ ഭരണസംഘത്തിനോ അതിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കോ അയക്കപ്പെടുന്നു. ആ സഹോദരൻ നിയമിതനായോ എന്നുള്ളത് പിന്നീട് സഭയെ അറിയിച്ചേക്കാം.
ഗ്രഹിക്കാവുന്നതുപോലെ, നിയമിതമൂപ്പൻ പിന്നെയും, അപൂർണ്ണനും പരിമിതികൾ ഉണ്ടായിരുന്നേക്കാവുന്നവനുമാണ്. അപ്പോസ്തലൻമാർ, യേശു അവരെ തിരഞ്ഞെടുക്കുന്നതിനു മുമ്പും ഭരണസംഘത്തിൽ അവർ സേവിക്കുമ്പോഴും അപൂർണ്ണരായിരുന്നു. (ലൂക്കോസ് 9:46, 54; 22:54-62; ഗലാത്യർ 2:11-14) എന്നുവരികിലും അവർക്കു നിശ്ചയമായും, ദൈവാത്മാവുണ്ടായിരിക്കയും അതിന്റെ നേതൃത്വത്തിൽ നിയമിക്കപ്പെടുകയും ചെയ്തിരുന്നു. തത്തുല്യമായി, സഹോദരൻമാർക്കും, സഹോദരിമാർക്കും, ‘സഭയെ മേയിക്കുവാൻ, മേൽവിചാരകൻമാരെ പരിശുദ്ധാത്മാവ് നിയമിച്ചിരിക്കുന്നു’ എന്നു ഉറപ്പുള്ളവരായിരിക്കാം. (പ്രവൃത്തികൾ 20:28) അപ്രകാരമുള്ള പുരുഷൻമാരെ സംബന്ധിച്ചാണ് ബുദ്ധിയുപദേശം നൽകപ്പെട്ടിരിക്കുന്നത്: “നിങ്ങളോടു ദൈവവചനം സംസാരിച്ചിരിക്കുന്നവരും, നിങ്ങളിൽ നേതൃത്വം എടുക്കുന്നവരുമായവരെ ഓർത്തുകൊൾക, അവരുടെ നടത്ത എപ്രകാരമായിത്തീരുമെന്നു നിരൂപിച്ചുകൊണ്ടിരിക്കെ അവരുടെ വിശ്വാസം അനുകരിക്ക.”—എബ്രായർ 13:7.(w85 8/1)