യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യരൂശലേമിലേക്കുള്ള യാത്രകൾ
വസന്തകാലം ആഗതമായിരിക്കുന്നു. ഇത് യോസേഫിന്റെ കുടുംബത്തിന് കൂട്ടുകാരോടും വീട്ടുകാരോടുമൊപ്പം പെസഹാ ആഘോഷിക്കുന്നതിനുവേണ്ടി യരൂശലേമിലേക്കുള്ള അവരുടെ വാർഷിക യാത്രയ്ക്കുള്ള സമയമാണ്. അവർ ഏതാണ്ട് 65 മൈൽ (105 കി.മീ.) വരുന്ന ഒരു യാത്ര തുടങ്ങുമ്പോൾ പതിവുപോലെയുള്ള ഉൻമേഷം തന്നെ. യേശുവിന് ഇപ്പോൾ 12 വയസ്സുണ്ട്. അവൻ പ്രത്യേക താല്പര്യത്തോടെയാണ് പെരുനാളിനായി നോക്കിയിരിക്കുന്നത്.
യേശുവിനും അവന്റെ കുടുംബത്തിനും പെസഹാ കേവലം ഒരു ദിവസത്തെ സംഗതിയല്ല. അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനുവേണ്ടി പിൻവരുന്ന ഏഴു ദിവസവും അവിടെ താമസിക്കാറുണ്ട്. അവർ അതിനെ പെസഹാ കാലത്തിന്റെ ഭാഗമായി കണക്കാക്കുന്നു. അതുകൊണ്ട് നസറേത്തിലെ അവരുടെ ഭവനത്തിൽനിന്നുള്ള മുഴുയാത്രയും യരൂശലേമിലെ താമസവും ഉൾപ്പെടെ, ഏകദേശം രണ്ടാഴ്ച വേണ്ടി വരുന്നു. എന്നാൽ ഈ വർഷം, യേശു ഉൾപ്പെടുന്ന ചില സംഗതികൾ നിമിത്തം അതിൽകൂടുതൽ സമയം വേണ്ടിവരുന്നു.
യരൂശലേമിൽനിന്നുള്ള മടക്കയാത്രയിൽ പ്രശ്നം വെളിച്ചത്തുവരുന്നു. ഒന്നിച്ച് യാത്ര ചെയ്യുന്ന കൂട്ടുകാരുടെയോ വീട്ടുകാരുടെയോ കൂട്ടത്തിൽ യേശു യേശു ഉണ്ടായിരിക്കുമെന്നാണ് യോസേഫും മറിയയും വിചാരിക്കുന്നത്. പക്ഷേ, രാത്രിക്ക് അവർ യാത്രയവസാനിപ്പിച്ചിട്ടുപോലും അവൻ പ്രത്യക്ഷപ്പെടുന്നില്ല. അവർ അവനെ തങ്ങളുടെ സഹയാത്രികരുടെയിടയിൽ അന്വേഷിച്ചു തുടങ്ങുന്നു. അവനെ ഒരിടത്തും കണ്ടെത്തുന്നില്ല. അതുകൊണ്ട് യോസേഫും മറിയയും അവനെ അന്വേഷിച്ചുകൊണ്ട് യരൂശലേമോളം മടങ്ങിപ്പോകുന്നു.
ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല. രണ്ടാം ദിവസവും അവർക്ക് അവനെ കണ്ടെത്താൻ കഴിയുന്നില്ല. അവസാനം മൂന്നാം ദിവസം അവർ ആലയത്തിലേക്ക് പോകുന്നു. അവിടെ ഒരു ഹോളിൽ യഹൂദ ഉപദേഹ്ടാക്കളുടെ മദ്ധ്യത്തിൽ ഇരുന്ന്, അവരോട് ചോദ്യങ്ങൾ ചോദിക്കുകയും അവരെ ശ്രദ്ധിക്കുകയും ചെയ്യുന്നതായി കണ്ടെത്തുന്നു.
‘മകനേ, നീ ഞങ്ങളോടിങ്ങനെ ചെയ്തതെന്ത്?’ മറിയ ചോദിക്കുന്നു. ‘നിന്റെ അപ്പനും ഞാനും നിന്നെ എല്ലായിടത്തും നോക്കി നോക്കി അങ്ങേയററം നിരാശപ്പെട്ടു!’
തന്നെ എവിടെ കണ്ടെത്താമെന്ന് അവർ അറിയാതിരുന്നതിനാൽ യേശു അത്ഭുതപ്പെട്ടു. ‘നിങ്ങൾ എന്നെ തിരയേണ്ടിയിരുന്നതെന്തുകൊണ്ട്?’ അവൻ ചോദിക്കുന്നു. ‘ഞാൻ ഇവിടെ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കണമെന്ന് നിങ്ങൾക്കറിയത്തില്ലായിരുന്നുവോ?‘
തന്റെ മാതാപിതാക്കൾക്ക് ഇതറിവില്ലാതിരുന്നതെന്തുകൊണ്ടെന്ന് യേശുവിന് മനസ്സിലാകുന്നില്ല. അതിങ്കൽ, യേശു തന്റെ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങിപ്പോയി അവർക്ക് കീഴ്പ്പെട്ടിരിക്കുന്നു. അവൻ ജ്ഞാനത്തിലും ശാരീരിക വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മതിർന്നു വരുന്നു. അതെ, അവൻ തന്റെ ശൈശവം മുതൽ, ആത്മീയ താല്പര്യങ്ങൾ അന്വേഷിക്കുന്നതിൽ മാത്രമല്ല തന്റെ മാതാപിതാക്കളോട് ബഹുമാനം കാണിക്കുന്നതിലും നല്ല ഒരു മാതൃക വെക്കുന്നു. ലൂക്കോസ് 2:40-52; 22:7.
◆ യേശു തന്റെ കുടുംബത്തോടൊപ്പം ഏത് വസന്തകാലയാത്രയാണ് പതിവായി ചെയ്തത്, അതിന് എത്ര ദിവസമെടുത്തിരുന്നു?
◆ യേശുവിന് 12 വയസ്സുണ്ടായിരുന്നപ്പോൾ ചെയ്ത യാത്രാവേളയിൽ എന്തു സംഭവിച്ചു?
◆ ഇന്നത്തെ യുവാക്കൾക്ക് യേശു ഏതു മാതൃക വെച്ചു? (w85 8/15)