ദൈവദൃഷ്ടിയിൽ നിങ്ങൾ നീതിമാനോ?
ആചോദ്യത്തിൽ പലരും ഇന്ന് യാതൊരു കഴമ്പും കാണുന്നില്ലായിരിക്കാം. അവരുടെ വീക്ഷണത്തിൽ, തനിക്കു താൻ നീതിമാൻ എന്നു തോന്നുന്നതാണ് ഏറെ പ്രധാനം. ‘നീ നിനക്ക് ബോധിച്ചത് ചെയ്യുക’ എന്നാണ് ഈ നാളുകളിലെ പ്രചാരമുള്ള ഒരു ചൊല്ല്. ‘കുററബോധം തോന്നരുത്’ എന്നത് മറെറാന്നും.
‘ഞാൻ—ആദ്യം’ എന്ന ജീവിത തത്വശാസ്ത്രം കൊണ്ട് ഉള്ളുറഞ്ഞ ഏതാനും ചില യുവാക്കളുടെ കാഴ്ചപ്പാട് മാത്രമല്ലിത്. ഉദാഹരണത്തിന് ജനസംഖ്യയിലെ ഏതാണ്ട് 82 ശതമാനം സ്നാനം ഏററ കത്തോലിക്കരായിട്ടുള്ള ഫ്രാൻസിൽ നടത്തിയ ഒരു സർവ്വേ വെളിപ്പെടുത്തിയത് അതിൽ കേവലം 4 ശതമാനം മാത്രമേ പാപം എന്ന ആശയത്തെ അംഗികരിക്കുന്നുള്ളു എന്നാണ്. ഐക്യനാടുകളുടെ കാര്യമാണെങ്കിൽ നിരവധി വർഷങ്ങൾക്ക് മുമ്പ് “അമേരിക്കൻ മനോരോഗ ചികിത്സ”യുടെ പിതാവായി കരുതപ്പെടുന്ന ഡോ. കാൾ മെനിംഗർ, പാപത്തിന് ഭവിച്ചതെന്ത്? എന്ന വിഷയത്തെ ആധാരമാക്കി ഒരു മുഴു ഗ്രന്ഥം എഴുതാൻ പ്രേരിതനായി. അതിൽ അയാൾ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: “ഒരു രാഷ്ട്രം എന്ന നിലയിൽ പാപം ചെയ്യുന്നത് നാം ഔദ്യോഗികമായി ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പേ തന്നെ നിർത്തിയിരിക്കുന്നു.” ആ പുസ്തകത്തിന്റെ പുറംചട്ട ഇങ്ങനെ പ്രസ്താവിച്ചു: “നമ്മുടെ പദസഞ്ചയത്തിൽ നിന്ന് ‘പാപം’ എന്ന പദം മിക്കവാറും അപ്രത്യക്ഷമായിരിക്കുന്നു.”
പാപം യഥാർത്ഥത്തിൽ എന്താണ്. എന്ന് ഇന്നനേകർക്ക്, ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്നവർക്ക് പോലും വിശദീകരിക്കുക ദുഷ്ക്കരമായിരിക്കുമാറ് പാപം എന്ന സങ്കൽപ്പനം അത്ര അവ്യക്തമാണ്.
ആധുനിക നാളിലെ അബദ്ധധാരണകൾ
പാപം എന്ന ആശയത്തെ ഇപ്രകാരം വിലയിടിച്ചുവെങ്കിലും ലോക രംഗത്ത് അടുത്തകാലത്തുണ്ടായ നിരവധി സംഭവവികാസങ്ങൾ ആളുകളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ അനേക വികസിത രാജ്യങ്ങളിൽ നടക്കുന്ന അസംഖ്യം ഗർഭച്ഛിദ്രങ്ങളാണ് ഒന്ന്. ഇവയിൽ ചിലത് “ക്രിസ്ത്യാനികൾ” ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളാണെങ്കിലും അവർക്ക് വളരെ അയഞ്ഞ ഗർഭച്ഛിദ്രനിയമങ്ങളാണുള്ളത്. ഭ്രൂണഹത്യയുടെ ഈ പെരുപ്പം, പാപം എന്ന സങ്കൽപ്പനത്തെ തിരസ്ക്കരിക്കുന്ന ആളുകൾക്ക് വിശദികരിക്കുക ബുദ്ധിമുട്ടാക്കിത്തീർന്നിരിക്കുന്ന പ്രതികരണങ്ങൾ ഉളവാക്കിയിരിക്കുന്നു.
ഉദാഹരണത്തിന് ചില സ്ത്രീകളുടെ ജീവിത തത്വശാസ്ത്രം ഒരു ഗർഭച്ഛിദ്രത്തിന് അവരെ അനുവദിക്കുന്നുവെങ്കിലും അതിനു ശേഷം അവർക്കു കുററബോധം തോന്നി മാനസ്സിക അസുഖത്തിന്റെ ഘട്ടത്തോളം ചെന്നെത്തുന്നതെന്തുകൊണ്ട്?
എന്നാൽ കമ്മ്യൂണിസ്ററ് രാജ്യമായ യുഗോസ്ലാവിയായിൽ പോലും “ദ്രൂണഹത്യയ്ക്ക് വിധേയരായവരിൽ ഒരു ഉയർന്ന അനുപാതം താളംതെററിയ നിലയിലാണ് എന്നത്രെ പഠനങ്ങൾ തെളിയിക്കുന്നത്.” (ദ ന്യു എൻ സൈക്ലോപ്പിഡിയ ബ്രിട്ടാനിക്കാ) “സകല ആളുകളുടെയും ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു അടിസ്ഥാനതത്വത്തിന്റെ ലംഘനം നിമിത്തം ഉണ്ടാകുന്ന ഒരു പ്രതിഭാസം എന്ന നിലയിലാണ് ഈ അനുഭവത്തെ ഫ്രഞ്ച് ഔഷധ അക്കാദമിയുടെ അംഗമായ ഹെൻറി ബാരുക് വിശദീകരിക്കുന്നത്. ആരാൽ എഴുതപ്പെട്ടിരിക്കുന്നത്?
ലൈംഗികമായി പരക്കുന്ന രോഗങ്ങളുടെ ആഗോളവ്യാപനം ആണ് ആളുകളുടെ ചിന്തയെ ഉണർത്തുന്ന മറെറാരു ആനുകാലിക പ്രതിഭാസം. വിവേചനാരഹിതമായി ലൈംഗികത പഴഞ്ചൻ വിലക്കുകളിൽ നിന്ന് തങ്ങൾക്ക് വിമോചനം നൽകി എന്ന് കരുതിയിരുന്ന അനേകം ആളുകളിൽ ഉയർന്ന മരണനിരക്കുമായി വന്ന എയ്ഡ്സ് (അക്വയർഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം) സംശയത്തിന്റെയും കൊടും വേദനയുടെയും തരംഗം സൃഷ്ടിച്ചിരിക്കുന്നു. ലൈംഗിക “സ്വാതന്ത്ര്യ”ത്തിന് അനേകർ നൽകുന്ന ഉയർന്ന വില നിങ്ങൾ സത്യത്തിൽ ശിക്ഷിക്കപ്പെടുകയല്ലേ എന്ന് അവരിൽ ചിലരെങ്കിലും ശങ്കിക്കുന്നതിന് ഇടവരുത്തുകയാണ്. ആരാൽ ശിക്ഷിക്കപ്പെടുന്നു?
മനുഷ്യന് ധാർമ്മിക തത്വങ്ങളെ ധിക്കാരപൂർവ്വം പരിഹസിച്ച് തള്ളാൻ സാദ്ധ്യമല്ല എന്നോർമ്മിപ്പിക്കുന്ന ആധുനികകാല അനുഭവ പാഠങ്ങൾ ചില ചിന്തിക്കുന്ന ആളുകളെ പാപം സംബന്ധിച്ചും ദൈവത്തോട് കണക്ക് ബോധിപ്പിക്കാനുള്ള കടപ്പാട് സംബന്ധിച്ചുമുള്ള അവരുടെ ധാരണകൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.
സഭകളും പാപവും
“പാപബോധത്തിന്റെ സമ്പൂർണ്ണ നഷ്ടമാണ് ഈ നൂററാണ്ടിന്റെ പാപം.” പോപ് പയസ് XII-മൻ ആ ശക്തമായ പ്രസ്താവന ചെയ്തത് അങ്ങ് 1946-ൽ ആയിരുന്നു. കണ്ടിടത്തോളം ആ സ്ഥിതിവിശേഷം അന്നത്തേതിനേക്കാൾ വഷളായ്ക്കഴിഞ്ഞിരിക്കുന്നു. “അനുരജ്ഞനവും പ്രായശ്ചിത്തവും” എന്ന പേരിൽ പാപത്തെയും കുമ്പസാരത്തെയും കുറിച്ച് പോപ് ജോൺ പോൾ രണ്ടാമൻ അടുത്ത നാളിൽ എഴുതിയ ഉപന്യാസത്തിൽ തന്റെ മുൻഗാമിയുടെ ആ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുകയും ഇന്നത്തെ മതേതര സമൂഹത്തിൽ നിന്നുമുള്ള പാപം എന്ന സങ്കൽപ്പനത്തിന്റെ തിരോധാനത്തെക്കുറിച്ച് വിലപിക്കുകയും ചെയ്തു. ഇന്ന് അനേക കത്തോലിക്കാ പള്ളികളിലും നടത്തിപ്പോരുന്ന കൂട്ടായ കുമ്പസാരവും പാപമോചനകർമ്മവും മതിയാകുന്നില്ല എന്ന് കത്തോലിക്കാ പുരോഹിതൻമാരെയും കത്തോലിക്കരെ പൊതുവിലും പോപ് ഓർമ്മിപ്പിക്കുക കൂടി ചെയ്തു. പ്രായശ്ചിത്ത കൂദാശ കഴിക്കുന്നതിനുള്ള “സാധാരണവും സ്വാഭാവികവും ആയ ഏകമാർഗ്ഗം” വ്യക്തിപരമായ കുമ്പസാരം ആണ്. കത്തോലിക്കാ വിശ്വാസം, പാപിയെ ദൈവത്തോട് നിരപ്പാക്കുന്ന സൽപ്രവൃത്തികളുമായി പ്രായശ്ചിത്തത്തെ ബന്ധപ്പെടുത്തുന്നു.
മിക്ക പ്രൊട്ടസ്ററൻറ് സഭകളും ഒരു പുരോഹിതന്റെ മുമ്പാകെ നടത്തുന്ന സ്വകാര്യമായ ഏററുപറച്ചിലിന്റെ ആവശ്യത്തെ നിരാകരിക്കുന്നു. പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നതിന് ദൈവത്തോടുള്ള കുററസമ്മതം മാത്രംമതി എന്നാണ് അവരുടെ പക്ഷം. എന്നാൽ ചിലർ “കുർബ്ബാന”യിങ്കലെ കൂട്ടായ കുമ്പസാരത്തെയും പാപമോചനകർമ്മത്തെയും അനുകൂലിക്കുന്നുണ്ട്. ദൈവമുമ്പാകെയുള്ള നീതികരണത്തിന് വിശ്വാസം മാത്രമേ ആവശ്യം ഉള്ളൂ എന്ന് ഒട്ടുവളരെ പ്രൊട്ടസ്ററൻറുകാർ വിശ്വസിക്കുന്നു.
കുററസമ്മതം, പ്രായശ്ചിത്തം, നീതികരണം ദൈവമുമ്പാകെ നീതിയുള്ള നിലകൈവരിക്കുന്നതിനുള്ള മാർഗ്ഗം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ക്രിസ്തീയ സഭകൾ എന്നു വിളിക്കപ്പെട്ടവർക്കിടയിൽ തന്നെയുള്ള പൂർവ്വാപരവിരുദ്ധങ്ങളായ ഉപദേശങ്ങൾ പലരെയും പരിഭ്രാന്തരാക്കുന്നു. ദൈവമുമ്പാകെ നീതികരിക്കപ്പെടുന്നതിന് അവർ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം എന്ന ഒരു അവ്യക്തമായ ധാരണ അവർക്കുണ്ട്, പക്ഷെ അത് എങ്ങനെ നിവർത്തിക്കും എന്ന് അവർക്ക് അറിയില്ല.
ദൈവമുമ്പാകെ നാം നീതീകരിക്കപ്പെടേണ്ടതിന്റെ ആവശ്യം എന്ത് എന്ന് പിൻവരുന്ന ലേഖനം വിശദീകരിക്കുകയും “നീതീകരണം” സംബന്ധിച്ച കത്തോലിക്കരുടെയും പ്രോട്ടസ്ററൻറുകാരുടെയും വീക്ഷണഗതികളെ അത് പരിശോധിക്കുകയും ചെയ്യും. (w85 12/1)