യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യോഹന്നാൻ കുറയുന്നു, യേശു വളരുന്നു
പൊതുയുഗം 30, വസന്തകാലത്തിലെ പെസഹായെ തുടർന്ന് യേശുവും അവന്റെ ശിഷ്യൻമാരും യരൂശലേം വിടുന്നു. എന്നാൽ അവർ ഗലീലയിലെ തങ്ങളുടെ ഭവനങ്ങളിലേക്കല്ല മടങ്ങുന്നത് പിന്നെയോ യഹൂദാദേശത്തേക്കാണ്. അവർ അവിടെ സ്നാപനം നടത്തുന്നു. കഴിഞ്ഞ ഒരു വർഷമായി യോഹന്നാൻ സ്നാപകൻ ഇതേവേല ചെയ്തുകൊണ്ടിരിക്കയാണ്. അവനോടു കൂടെ ഇപ്പോഴും ശിഷ്യൻമാർ ഉണ്ടുതാനും.
വാസ്തവത്തിൽ യേശു വ്യക്തിപരമായി യാതൊരു സ്നാപനവും നടത്തുന്നില്ല മറിച്ച് അവന്റെ മാർഗ്ഗ നിർദ്ദേശത്തിൻ കീഴിൽ അവന്റെ ശിഷ്യൻമാർ നടത്തുന്നുണ്ട്. യോഹന്നാനാൽ നിർവ്വഹിക്കപ്പെട്ട സ്നാപനത്തിന്റെ അതേ അർത്ഥമാണ് അവരുടെ സ്നാപനത്തിനുമുള്ളത്—അത് ദൈവത്തിന്റെ ന്യായപ്രമാണത്തിനെതിരെ ചെയ്ത പാപങ്ങൾ സംബന്ധിച്ച ഒരു യഹൂദന്റെ അനുതാപത്തിന്റെ അടയാളമാണ്. എന്നാൽ അവന്റെ പുനരുത്ഥാനശേഷം, മറെറാരർത്ഥമുള്ള സ്നാപനം നടത്താൻ യേശു തന്റെ ശിഷ്യൻമാരോട് നിർദ്ദേശിക്കുന്നു. ക്രിസ്തീയ സ്നാനം യഹോവയാം ദൈവത്തെ സേവിക്കാനുള്ള ഒരുവന്റെ സമർപ്പണത്തിന്റെ അടയാളമാണ്.
യേശുവിന്റെ ശുശ്രൂഷയുടെ ഈ ആദ്യഘട്ടത്തിൽ യോഹന്നാനും യേശുവും ഒററയ്ക്കൊററയ്ക്കാണ് പ്രവർത്തിക്കുന്നത്. എങ്കിലും ഇരുവരും ഉപദേശിക്കുകയും അനുതപിക്കുന്നവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ യോഹന്നാന്റെ ശിഷ്യൻമാർ അസൂയപ്പെടുന്നു, അവർ യേശുവിനെക്കുറിച്ച് അവനോട് പരാതി പറയുന്നു: “റബ്ബീ, . . . ഇതാ, ഇവൻ സ്നാനം കഴിപ്പിക്കുന്നു, എല്ലാവരും അവന്റെയടുക്കലേക്ക് പോകുന്നു.”
അസൂയപ്പെടുന്നതിനു പകരം, യോഹന്നാൻ യേശുവിന്റെ അഭിവൃദ്ധിയിൽ സന്തോഷിക്കുന്നു. തന്റെ ശിഷ്യൻമാരും സന്തോഷിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു: “ഞാൻ ക്രിസ്തുവല്ല, പിന്നെയോ ഞാൻ അവനു മുമ്പായി അയ്ക്കപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പറഞ്ഞതിന് നിങ്ങൾ തന്നെ സാക്ഷ്യം വഹിക്കുന്നു.” അതിനുശേഷം അവൻ വളരെ നല്ല ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു: “മണവാട്ടിയുള്ളവനാണ് മണവാളൻ. എന്നിരുന്നാലും മണവാളന്റെ സ്നേഹിതൻ നിന്ന് അവനെ കേൾക്കുമ്പോൾ മണവാളന്റെ സ്വരം നിമിത്തം അവന് അതിയായ സന്തോഷമുണ്ട്. അതുകൊണ്ട് എന്റെ ഈ സന്തോഷം പൂർണ്ണമാക്കപ്പെട്ടിരിക്കുന്നു.”
ഏതാണ്ട് ആറ് മാസങ്ങൾക്കു മുമ്പ് അവൻ തന്റെ ശിഷ്യൻമാർക്ക് യേശുവിനെ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ മണവാളന്റെ സ്നേഹിതൻ എന്ന നിലയിൽ യോഹന്നാൻ സന്തോഷിച്ചു. അവരിൽ ചിലർ ആത്മാഭിഷേകം ചെയ്യപ്പെട്ട ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന ക്രിസ്തുവിന്റെ സ്വർഗ്ഗീയ മണവാട്ടിവർഗ്ഗത്തിന്റെ അംഗങ്ങളെന്നനിലയിൽ നിയുക്തരാക്കപ്പെടുകയും ചെയ്തു. അതുപോലെ തന്നോടുകൂടെയുള്ള ശിഷ്യൻമാരും യേശുവിനെ അനുഗമിക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു. കാരണം ക്രിസ്തുവിന്റെ വിജയപ്രദമായ ശുശ്രൂഷക്കുവേണ്ടി വഴിയൊരുക്കുകയെന്നതാണ് അവന്റെ ഉദ്ദേശ്യം. യോഹന്നാൻ പറയുന്നപ്രകാരം: “ആ ഒരുവൻ വർദ്ധിച്ചുകൊണ്ടേയിരിക്കണം, എന്നാൽ ഞാൻ കുറഞ്ഞുകൊണ്ടിരിക്കണം.
ഇത് കഴിഞ്ഞ് അധികം താമസിയാതെ, ഹേരോദാവ് രാജാവ് യോഹന്നാനെ അറസ്ററു ചെയ്തു. ഹേരോദാവ് തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യയായ ഹെരോദ്യയെ ഭാര്യയായി എടുത്തത് ഉചിതമല്ലെന്ന് യോഹന്നാൻ പരസ്യമായി വെളിപ്പെടുത്തിയതിനാൽ ഹേരോദ് അവനെ തടവിലാക്കി. യേശു യോഹന്നാന്റെ അറസ്ററിനെക്കുറിച്ച് കേൾക്കുമ്പോൾ, അവൻ യഹൂദയിൽനിന്ന് തന്റെ ശിഷ്യൻമാരോടൊത്ത് ഗലീലയിലേക്ക് പോകുന്നു. യോഹന്നാൻ 3:22-4:3; പ്രവൃത്തികൾ 19:4; മത്തായി 28:19; 2 കൊരിന്ത്യർ 11:2; മർക്കോസ് 1:14; 6:17-20.
◆ യേശുവിന്റെ പുനരുത്ഥാനത്തിനു മുമ്പ് അവന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ നടന്ന സ്നാപനങ്ങളുടെ അർത്ഥമെന്ത്?
◆ യോഹന്നാൻ തന്റെ ശിഷ്യൻമാരുടെ പരാതി ഉചിതമല്ലെന്ന് പ്രകടിപ്പിക്കുന്നതെങ്ങനെ?
◆ യോഹന്നാനെ തടവിലാക്കിയതെന്തുകൊണ്ട്? (w85 12/15)