എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കുക
“മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ, എന്നാൽ നീ പോയി എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കുക.”—ലൂക്കോസ് 9:60.
1. ലൂക്കോസ് 9:60-ലെ യേശുവിന്റെ പ്രസ്താവന ഏതു പ്രധാന ചോദ്യങ്ങൾ ഉന്നയിക്കുന്നു?
ദൈവരാജ്യം—അതായിരുന്നു യേശുവിന്റെ ജീവിതത്തിലെ അതിപ്രധാന താത്പര്യം! അവന്റെ യഥാർത്ഥ പാദാനുഗാമികളായ നമ്മെയെല്ലാം സംബന്ധിച്ച് ഇന്ന് അങ്ങനെതന്നെയാണ്. ക്രിസ്ത്യാനികളെന്ന നിലയിൽ നാം ബൈബിളനുസരിച്ചു ജീവിച്ചുകൊണ്ട് യേശുവിന്റെ കാൽചുവടുകളെ അടുത്തു പിന്തുടരാൻ കഠിനശ്രമം ചെയ്യുകയാണ്. (1 പത്രോസ് 2:21) എന്നാൽ നാം 1986 എന്ന വർഷത്തിലേക്കു കടന്നിരിക്കെ, നാം നമ്മുടെ ജീവിതത്തിലെ മുൻഗണനകളെ പരിശോധിക്കേണ്ടയാവശ്യമുണ്ടോ? ഉദാഹരണത്തിന്, “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ” എന്ന് യേശു ഒരാളോടു പറഞ്ഞതിനെ നിങ്ങൾ എങ്ങനെ വിശദീകരിക്കും? ഉചിതമായ കുടുംബതാത്പര്യങ്ങളെന്ന് തോന്നുന്നതിനു വിരുദ്ധമായി അപ്പോൾ യേശു രാജ്യ സന്ദേശം ഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുവെന്ന് നിങ്ങൾ എന്തുകൊണ്ട് വിചാരിക്കുന്നു? നിങ്ങൾ എന്തു പറയുന്നു?
2. യഹോവയുടെ പരമാധികാരം എപ്പോൾ തുടങ്ങി, അത് എത്ര നിലനിൽപ്പുള്ളതാണ്?
2 യേശു “ദൈവരാജ്യം” എന്ന പദപ്രയോഗം ഉപയോഗിക്കുന്നതിന് ദീർഘനാൾ മുമ്പ് സങ്കീർത്തനക്കാരനായ ദാവീദ് ദിവ്യനിശ്വസ്തതയിൽ ഇങ്ങനെ എഴുതി: “യഹോവതന്നെ തന്റെ സിംഹാസനത്തെ ആകാശങ്ങളിൽ ഉറപ്പായി സ്ഥാപിച്ചിരിക്കുന്നു; അവന്റെ സ്വന്തം രാജത്വം സകലത്തിൻമേലും ആധിപത്യം നടത്തിയിരിക്കുന്നു.” (സങ്കീർത്തനം 103:19) യഹോവയുടെ പരമാധികാരം അവൻ സൃഷ്ടിപ്പ് ആരംഭിച്ചപ്പോൾ തുടങ്ങി. അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനത്തെ ഒരിക്കലും ഇളക്കാൻ കഴികയില്ല. സാർവ്വത്രിക പരമാധികാരം സംബന്ധിച്ച അവന്റെ അവകാശം ഒരിക്കലും അവനിൽനിന്ന് പിടിച്ചു പറിക്കാൻ കഴികയില്ല. “ജനതകളുടെ ഇടയിൽ അവന്റെ മഹത്വം ഘോഷിക്കുക, . . . എന്തെന്നാൽ യഹോവ വലിയവനും വളരെയധികം സ്തുത്യനുമാകുന്നു!” എന്ന് ഒരു സങ്കീർത്തനക്കാരൻ ഉദ്ബോധിപ്പിക്കുന്നത് ഒട്ടും അതിശയമല്ല!—സങ്കീർത്തനം 96:3, 4; 109:21; ദാനിയേൽ 4:34, 35.
3. (എ) ഏതു സംഭവങ്ങൾ യഹോവയുടെ ഭരണാധിപത്യത്തിനെതിരായ ഒരു വെല്ലുവിളിയിലേക്കു നയിച്ചു? (ബി) ദൈവം സാർവ്വത്രികപരമാധികാരത്തിന്റെ വിവാദപ്രശ്നത്തിന് എങ്ങനെ തീരുമാനമുണ്ടാക്കാൻ ഉദ്ദേശിക്കുന്നു?
3 എന്നിരുന്നാലും, എല്ലാവരും യഹോവയെ സ്തുതിക്കുന്നതിൽ തുടർന്നിട്ടില്ല. ആദ്യത്തെ വിശ്വാസത്യാഗിയായ സാത്താൻ ഭൂമിയിലെ തന്റെ സൃഷ്ടികളുടെ മേൽ യഹോവ തന്റെ പരമാധികാരം വെളിപ്പെടുത്തുകയും പ്രയോഗിക്കുകയും ചെയ്ത വിധത്തെ വെല്ലുവിളിച്ചു. (ഉല്പത്തി 3:1-5; ഇയ്യോബ് 1:6-12; 2:1-5) തൽഫലമായി, ഭൂമിയിലും പിന്നീടു സ്വർഗ്ഗത്തിലും, ചില സൃഷ്ടികളെ സാത്താന്റെ മത്സരമനോഭാവം ബാധിച്ചു. സാത്താൻ മാനുഷ രാജ്യങ്ങളുടെ ഒരു പരമ്പര സ്ഥാപിക്കാനും മനുഷ്യരെ സ്വാധീനിച്ചു. ദൈവത്തിന്റെ ഭരണാധിപത്യത്തിന്റെ ഔചിത്യത്തെ വെല്ലുവിളിക്കാൻ സാത്താൻ ഇവയെ ഉപയോഗിച്ചിരിക്കുന്നു. (വെളിപ്പാട് 13:1-6) സാർവ്വത്രികപരമാധികാരത്തിന്റെ ഈ വിവാദപ്രശ്നം പരിഹരിക്കുന്നതിന് ദാനിയേൽ 2:44-ൽ മുൻകൂട്ടിപ്പറഞ്ഞപ്രകാരം യഹോവ അസാധാരണമായ ഒന്ന് ഉദ്ദേശിച്ചു: “ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും . . . അത് ഈ രാജ്യങ്ങളെയെല്ലാം തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും, അതുതന്നെ അനിശ്ചിതകാലത്തോളം നിൽക്കുകയും ചെയ്യും.”
യഹോവ യിസ്രായേലിൻമേൽ രാജാവായിത്തീരുന്നു
4. “യഹോവതന്നെ രാജാവായിരിക്കുന്നു” എന്ന് ഏതർത്ഥത്തിൽ ദാവീദിനു പറയാൻ കഴിഞ്ഞു, അത്തരമൊരു സംഭവം എന്താവശ്യമാക്കിത്തീർത്തു?
4 അതുകൊണ്ട്; യഹോവയുടെ പരമാധികാരം അവൻ സൃഷ്ടിപ്പു തുടങ്ങിയതു മുതലുള്ളതാണെങ്കിലും തന്റെ പരമാധികാരത്തിന്റെ ഔചിത്യം സംബന്ധിച്ച പ്രശ്നം എന്നേക്കുമായി പരിഹരിക്കുന്നതിന് തന്റെ ഭരണാധിപത്യത്തിന്റെ ഒരു പ്രത്യേക പ്രകടനം നടത്താൻ അവൻ ഉദ്ദേശിച്ചുവെന്ന് ഇപ്പോൾ വ്യക്തമാകുന്നു. ഈ പ്രകടനമായിരുന്നു സ്വർഗ്ഗീയമശിഹൈകരാജ്യം. യിസ്രായേൽ ജനതയുടെ മേൽ യഹോവ സ്ഥാപിച്ച ഭൗമികരാജ്യം “ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത” ഈ രാജ്യത്തിന്റെ ചെറിയതോതിലുള്ള ഒരു പ്രതിനിധാനമായി ഉതകി. അതുകൊണ്ട്, ദാവീദുരാജാവ് നിയമപെട്ടകം യരൂശലേം നഗരത്തിലേക്ക് കൊണ്ടുവന്നപ്പോൾ “ആകാശങ്ങൾ സന്തോഷിക്കട്ടെ, ഭൂമി ആനന്ദിക്കട്ടെ, ‘യഹോവതന്നെ രാജാവായിരിക്കുന്നു!’ എന്ന് ജനതകളുടെ ഇടയിൽ അവ പറയട്ടെ” എന്ന് ആഹ്ലാദപൂർവ്വം പാടാൻ അവനു കഴിഞ്ഞു. (1 ദിനവൃത്താന്തം 16:31) അതെ, ഒരു പ്രത്യേക അർത്ഥത്തിൽ യഹോവ സകല യിസ്രായേലിനും വേണ്ടി “രാജാവായി”ത്തീർന്നിരുന്നു. അത് വലിയ സന്തോഷത്തിനുള്ള ഒരു സമയമായിരുന്നു, ആ അത്ഭുതകരമായ സംഭവം എല്ലായിടത്തും ഘോഷിക്കാൻ ദാവീദ് ആഗ്രഹിച്ചു!
5, 6. (എ) ദാവീദു രാജാക്കൻമാരുടെ ഇടയിൽ ഏതു വിധത്തിൽ അനുപമനായിരുന്നു? (ബി) ദാവീദ് ആരെ മുൻനിഴലാക്കി, ഏതു വിധത്തിൽ?
5 ദാവീദ് രാജാവിന്റെ ഇടയപശ്ചാത്തലം അവൻ രാജാക്കൻമാരുടെ ഇടയിൽ ഒരു അനുപമനായ രാജാവായിരിക്കുന്നതിനുള്ള അടിത്തറ സ്ഥാപിച്ചു. അവൻ ഒരു ഇടയരാജാവായിരുന്നു. ദാവീദ് ഈ സ്ഥാനത്തിനു വേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ വർണ്ണിച്ചു പറയുന്നു: “[യഹോവ] തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുക്കുകയും അവനെ ആട്ടിൻ തൊഴുത്തുകളിൽനിന്ന് കൊണ്ടുവരികയും ചെയ്തു . . . തന്റെ ജനമായ യാക്കോബിൻമേലും തന്റെ അവകാശമായ യിസ്രായേലിൻമേലും ഒരു ഇടയനായിരിക്കേണ്ടതിനുതന്നെ. അവൻ തന്റെ ഹൃദയത്തിന്റെ നിർമ്മലത പ്രകാരം അവരെ മേയിക്കാൻ തുടങ്ങി, തന്റെ കൈമിടുക്കോടെ അവൻ അവരെ നയിക്കാൻ തുടങ്ങി.”—സങ്കീർത്തനം 78:70-72.
6 തന്റെ ജനത്തിൻമേലുള്ള ദാവീദിന്റെ ഇടയപരിപാലനവും തന്റെ ദൈവത്തോടുള്ള അവന്റെ ഹൃദയ നിർമ്മലതയും ഒരു നേതാവെന്ന നിലയിലുള്ള അവന്റെ വൈദഗ്ദ്ധ്യവും വരാനിരുന്ന മശിഹായെ ചിത്രീകരിക്കാൻ അവനെ നന്നായി യോഗ്യനാക്കി. മശിഹാ യഹോവയുടെ സാർവ്വത്രികരാജത്വത്തെ പ്രകാശിപ്പിക്കുന്നതിനും ഒരു സ്നേഹവാനായ ഇടയരാജാവായി വർത്തിക്കുന്നതിനും ഒരു പ്രത്യേകവിധത്തിൽ ഉപയോഗിക്കപ്പെടേണ്ടതായിരുന്നു. യഹോവയുടെ ഉദ്ദേശ്യങ്ങളിലെ ഈ അത്ഭുതകരമായ വികാസം പിന്നീട് പ്രവാചകനായ യെഹെസ്ക്കേലിനാൽ മുൻകൂട്ടിപ്പറയപ്പെട്ടു: “ഞാൻ [യിസ്രായേലിൻമേൽ] ഏക ഇടയനെ എഴുന്നേൽപ്പിക്കും; അവൻ, എന്റെ ദാസനായ ദാവീദ്തന്നെ, അവരെ പോഷിപ്പിക്കേണ്ടതാണ് . . . യഹോവയായ ഞാൻ തന്നെ അവരുടെ ദൈവമായിത്തീരും, എന്റെ ദാസനായ ദാവീദ് അവരുടെ ഇടയിൽ ഒരു പ്രമാണിയും. യഹോവയായ ഞാൻ തന്നെ പ്രസ്താവിച്ചിരിക്കുന്നു.”—യെഹെസ്ക്കേൽ 34:22-24.
മുൻകൂട്ടിപ്പറയപ്പെട്ട ഇടയരാജാവ് പ്രത്യക്ഷപ്പെടുന്നു
7, 8. (എ) മുൻകൂട്ടി പറയപ്പെട്ട ഇടയരാജാവ് എങ്ങനെ തിരിച്ചറിയിക്കപ്പെട്ടു, അവന്റെ പ്രത്യക്ഷത എന്തിനർഹമായിരുന്നു? (ബി) യേശു എന്ത് ഉദ്ദേശ്യത്തിനു വേണ്ടി യഹോവയാൽ “അംഗീകരിക്ക”പ്പെട്ടു?
7 യഹോവ മുൻകൂട്ടിപ്പറഞ്ഞത് തന്റെ സ്വന്തം പുത്രനായ യേശുവിനെ സംബന്ധിച്ചായിരുന്നു. അവനെ സംബന്ധിച്ച് ഗബ്രിയേൽ ദൂതൻ കന്യകമറിയാമിനോട് ഇങ്ങനെ പറഞ്ഞു: “നോക്കൂ! നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, നീ അവനെ യേശു എന്നു പേർ വിളിക്കണം. ഇവൻ വലിയവനാകുകയും അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടുകയും ചെയ്യും; യഹോവയായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും, അവൻ യാക്കോബ് ഗൃഹത്തിൻമേൽ എന്നേക്കും രാജാവായി ഭരിക്കും, അവന്റെ രാജ്യത്തിന് അവസാനമുണ്ടായിരിക്കയില്ല.” (ലൂക്കോസ് 1:31-33) ഇത് യഹോവയുടെ രാജത്വത്തിന്റെ എത്ര അത്ഭുതകരമായ ഒരു പ്രകടനമായിരിക്കാൻ പോകുകയായിരുന്നു! തീർച്ചയായും, ആസന്നമായിരുന്ന അത്തരമൊരു സംഭവം “യഹോവതന്നെ രാജാവായിരിക്കുന്നു!” എന്ന ഏററവും വലിയ ഒരു ലോകവ്യാപക ഘോഷണം ആവശ്യമാക്കിത്തീർക്കുമായിരുന്നു.
8 യേശുവിന്റെ അത്ഭുതകരമായ ജനനത്തെയും പുരുഷത്വത്തിലേക്കുള്ള വളർച്ചയെയും തുടർന്ന് അവൻ യോർദ്ദാൻ നദിയിലെ വെള്ളത്തിൽ സ്വയം സ്നാനത്തിന് അർപ്പിച്ചു. ആ സമയത്ത് യേശുവിന്റെ മേൽ തന്റെ ആത്മാവിനെ പകർന്നുകൊണ്ടും “നീ എന്റെ പ്രിയപ്പെട്ട പുത്രനാകുന്നു; ഞാൻ നിന്നെ അംഗീകരിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടും ദൈവം യേശുവിനെ തന്റെ പുത്രനായി സമ്മതിച്ചുപറഞ്ഞു. (ലൂക്കോസ് 3:22) യേശുവിനെ എന്തിനായിട്ട് “അംഗീകരിച്ചു”? ലൂക്കോസിന്റെ വിവരണം വിശദീകരിക്കുന്നു: “യേശുതന്നെ, അവന്റെ വേല തുടങ്ങിയപ്പോൾ ഏകദേശം മുപ്പതു വയസ്സുള്ളവൻ ആയിരുന്നു.” (ലൂക്കോസ് 3:23; സംശോ. ബൈ. അടിക്കുറിപ്പ്: “അല്ലെങ്കിൽ ‘[പഠിപ്പിക്കാൻ] തുടങ്ങിയപ്പോൾ‘”) പരിഷ്ക്കരിച്ച പ്രമാണഭാഷാന്തരവും പുതിയ സാർവ്വദേശീയ ഭാഷാന്തരവും “അവൻ തന്റെ ശുശ്രൂഷ തുടങ്ങിയപ്പോൾ” എന്നു പറയുന്നു. യേശുവിന്റെ “വേല” അഥവാ “ശുശ്രൂഷ” എന്തായിരുന്നു? അവൻ എന്തു പഠിപ്പിച്ചു? എഴുത്തുകാരനായ മത്തായി ഉത്തരം നൽകുന്നു: “[യേശു] അവരുടെ സിന്നഗോഗുകളിൽ പഠിപ്പിച്ചുകൊണ്ടും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടും ജനത്തിന്റെ ഇടയിലെ സകലതരം രോഗവും സകലതരം ദൗർബ്ബല്യവും സൗഖ്യമാക്കിക്കൊണ്ടും മുഴു ഗലീലയിലും അങ്ങോളമിങ്ങോളം ചുററിസഞ്ചരിച്ചു.”—മത്തായി 4:23.
9. യേശു ഏതു വിധങ്ങളിൽ തന്റെ പൂർവ്വപിതാവായ ദാവീദിനെപ്പോലെയായിരുന്നു?
9 യേശു തന്റെ ജീവിതത്തെ ‘ദൈവരാജ്യം എല്ലായിടത്തും ഘോഷിക്കുന്നതിനായി’ അർപ്പിച്ചു. തന്റെ പൂർവ്വപിതാവായ ദാവീദിനെപ്പോലെ അവൻ യഹോവയുടെ രാജ്യത്തോടുള്ള തന്റെ കൂറു സംബന്ധിച്ചു ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ തന്റെ ഹൃദയ നിർമ്മലത പ്രകടമാക്കി. (ലൂക്കോസ് 9:60; 4:3-13; യോഹന്നാൻ 16:33) യഹോവ എഴുന്നേൽപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന “ഏക ഇടയൻ” താനാണെന്ന് യേശു തെളിയിച്ചു. മതനേതാക്കൻമാരാൽ “ഇടയനില്ലാത്ത ആടുകളെപ്പോലെ തൊലിയുരിയപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്തിരുന്നവരെ” ആത്മീയമായി പോഷിപ്പിക്കുന്നതിന് അവൻ സന്തോഷമുള്ളവനായിരുന്നു. (മത്തായി 9:36) ജനങ്ങളെ മേയിക്കുന്ന തന്റെ വിദഗ്ദ്ധമായ വേലയെ സംബന്ധിച്ചും അത് വരുംവർഷങ്ങളിൽ ക്രമേണ വിപുലമാകുന്നതിനെക്കുറിച്ചും യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നല്ല ഇടയനാകുന്നു, ഞാൻ എന്റെ ആടുകളെ അറിയുന്നു, എന്റെ ആടുകൾ എന്നെ അറിയുന്നു . . . ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കുണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാണ്. അവ എന്റെ ശബ്ദം ശ്രദ്ധിക്കും, അവ ഏക ആട്ടിൻകൂട്ടവും ഏക ഇടയനും ആയിത്തീരും.”—യോഹന്നാൻ 10:14, 16.
10. തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തോടുള്ള യഹൂദൻമാരുടെ വ്യത്യസ്ത പ്രതികരണങ്ങളിൽ നിന്ന് നമുക്ക് എങ്ങനെ പാഠം പഠിക്കാം?
10 തന്റെ ചെമ്മരിയാടുതുല്യരായ അനുഗാമികളായിത്തീരാനുള്ള യേശുവിന്റെ ക്ഷണത്തോട് യഹൂദൻമാർ എങ്ങനെ പ്രതികരിച്ചു? അവരുടെ പ്രതികരണങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. ഈ പ്രതികരണങ്ങളിൽ ചിലത് നാം പരിശോധിക്കുമ്പോൾ ദൈവരാജ്യസന്ദേശത്തോട് സമ്പർക്കത്തിൽ വന്നതു മുതൽ നിങ്ങളുടെ പ്രതിവർത്തനം എന്തായിരുന്നുവെന്ന് പരിചിന്തിക്കുക.
“എന്റെ അനുഗാമിയായിരിക്കുക”—നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
11. “എന്റെ പിന്നാലെ വരിക” എന്ന യേശുവിന്റെ ക്ഷണത്തോടുള്ള ശിമയോന്റെയും അന്ത്രയോസിന്റെയും യാക്കോബിന്റെയും യോഹന്നാന്റെയും മത്തായിയുടെയും പ്രതികരണം വർണ്ണിക്കുക.
11 യേശു ഗലീലക്കടലിനു സമീപം നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രയോസും മീൻപിടിക്കുന്നതു കണ്ടു. “യേശു അവരോട്: ‘എന്റെ പിന്നാലെ വരിക, ഞാൻ നിങ്ങളെ മനുഷ്യരെ വീശിപ്പിടിക്കുന്നവരാക്കും’ എന്നു പറഞ്ഞു. ഉടൻതന്നെ അവർ തങ്ങളുടെ വലകൾ ഉപേക്ഷിച്ചിട്ട് അവനെ അനുഗമിച്ചു. അല്പദൂരംകൂടെ പോയശേഷം അവൻ സെബദിയുടെ മകനായ യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കണ്ടു . . . അവൻ അവരെ വിളിച്ചു. ക്രമത്തിൽ അവർ തങ്ങളുടെ പിതാവായ സെബദിയെ വള്ളത്തിൽ കൂലിക്കാരോടുകൂടെ വിടുകയും അവന്റെ പിന്നാലെ പോകുകയും ചെയ്തു.” (മർക്കാസ് 1:16-20) നികുതി പിരിവുകാരനായ ലേവിയും അഥവാ മത്തായിയും ഇതേ ക്രീയാത്മക പ്രതികരണം കാട്ടി. “‘എന്റെ അനുഗാമിയായിരിക്കുക’ എന്ന് [യേശു] അവനോടു പറഞ്ഞു. സകലവും പിൻപിൽവിട്ടിട്ട് അവൻ എഴുന്നേൽക്കുകയും അവനെ അനുഗമിക്കുകയും ചെയ്തു.”—ലുക്കോസ് 5:27, 28.
12. “നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും” എന്ന് യേശുവിനോടു പറഞ്ഞ മമനുഷ്യന്റെ പ്രശ്നം എന്തായിരുന്നു?
12 എന്നിരുന്നാലും, “എന്റെ അനുഗാമിയായിരിക്കുക” എന്ന യേശുവിന്റെ ക്ഷണത്തോട് എല്ലാവരും ക്രിയാത്മകമായി പ്രതികരിച്ചില്ല. ലൂക്കോസ് 9-ാം അദ്ധ്യായത്തിൽ വർണ്ണിച്ചിരിക്കുന്ന ആ മനുഷ്യനെക്കുറിച്ചു ചിന്തിക്കുക. ഗ്രാമം തോറും സഞ്ചരിച്ചപ്പോഴാണു യേശു അയാളെ കണ്ടത്. അയാൾ യേശുവിനോട്: “നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും” എന്നു പറഞ്ഞു. ഈ മനുഷ്യൻ ഒരു ശാസ്ത്രീ ആയിരുന്നുവെന്ന് മത്തായിയുടെ വിവരണം സൂചിപ്പിക്കുന്നു. ആളുകൾ ശാസ്ത്രിമാരിലേക്കു നോക്കുകയും “റബ്ബി” എന്നു വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യേശുവിന്റെ മറുപടി ശ്രദ്ധിക്കുക: “കുറുക്കൻമാർക്ക് കുഴികളും ആകാശത്തിലെ പക്ഷികൾക്ക് കൂടുമുണ്ട്, എന്നാൽ മനുഷ്യപുത്രന് തലവെക്കാൻ യാതൊരിടവുമില്ല.” (ലൂക്കോസ് 9:57, 58) തന്റെ അനുഗാമിയായാൽ പ്രയാസപ്പെട്ടു ജീവിക്കേണ്ടിവരുമെന്ന് യേശു ആ മനുഷ്യനോട് പറയുകയായിരുന്നു. ഇത്തരം ജീവിതം സ്വീകരിക്കാൻ മനസ്സില്ലാത്തവിധം അയാൾ അത്ര അഹങ്കാരിയായിരുന്നുവെന്നായിരുന്നു സൂചന. അടുത്ത രാത്രി എവിടെ ചെലവഴിക്കുമെന്ന് അറിവില്ലാത്തതിലുള്ള അനിശ്ചിതത്വം അയാൾക്ക് വഹിക്കാവുന്നതിലധികമായിരുന്നു.
13. ഒരു അനുഗാമിയായിത്തീരാൻ കഴിയുമായിരുന്ന മറെറാരാളോട് യേശു അങ്ങനെ മറുപടി പറഞ്ഞതെന്തുകൊണ്ട്?
13 യേശു അടുത്തുനിന്ന മറെറാരാളോട് “എന്റെ അനുഗാമിയായിരിക്കുക” എന്നു പറഞ്ഞു. എന്നാൽ മറുപടിയായി അയാൾ യേശുവിനോട്: “ആദ്യം പോയി എന്റെ അപ്പനെ കുഴിച്ചിടാൻ എന്നെ അനുവദിച്ചാലും” എന്നു പറഞ്ഞു. യേശുവിന്റെ മറുപടി ശ്രദ്ധിക്കുക: “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ, എന്നാൽ നീ പോയി എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കുക.” (ലൂക്കോസ് 9:59, 60) ഈ മമനുഷ്യന്റെ ഒഴികഴിവുകൾ അവന്റെ അപ്പൻ അപ്പോൾത്തന്നെ മരിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നില്ല. അയാൾ മരിച്ചിരുന്നുവെങ്കിൽ, പുത്രൻ യേശുവിനെ ശ്രദ്ധിച്ചുകൊണ്ട് വഴിയിൽ നിൽക്കാൻ തീരെ സാദ്ധ്യതയില്ലായിരുന്നു. ഇല്ല, ആ മനുഷ്യൻ പറഞ്ഞതിൽനിന്ന്, അയാളുടെ അപ്പന്റെ മരണത്തിന് കാത്തിരിക്കാൻ സമയം ചോദിക്കുകയായിരുന്നുവെന്നു തോന്നുന്നു. അയാൾ ഉടൻതന്നെ തന്റെ ജീവിതത്തിൽ ഒന്നാമതു ദൈവരാജ്യം വെക്കാൻ തയ്യാറല്ലായിരുന്നു.—മത്തായി 6:33.
14, 15. (എ) യേശുവിനോടുള്ള മൂന്നാമത്തെ മമനുഷ്യന്റെ അപേക്ഷയിൽ സൂചിപ്പിക്കപ്പെടുന്നതെന്ത്? (ബി) ഈ മനുഷ്യനോടുള്ള യേശുവിന്റെ മറുപടിയിൽനിന്ന് ഇന്നു നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
14 “കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം, എന്നാൽ എന്റെ വീട്ടിലുള്ളവരോട് യാത്രപറയാൻ എന്നെ ആദ്യം അനുവദിച്ചാലും” എന്ന് സ്വമേധയാ പറഞ്ഞ മൂന്നാമത്തെ ഒരു മനുഷ്യനെക്കുറിച്ച് രേഖ പറയുന്നു. ഈ മനുഷ്യൻ, പ്രത്യക്ഷത്തിൽ, യേശുവിന്റെ ഒരു അനുഗാമിയായിത്തീരുന്നതിന് വ്യവസ്ഥകൾ വെക്കുകയായിരുന്നു. ഫലത്തിൽ അയാൾ യേശുവിനോട്: ‘നോക്കൂ! . . . എങ്കിൽ ഞാൻ നിന്റെ അനുഗാമികളിലൊരാളാകാം’ എന്നു പറയുകയായിരുന്നു. യേശുവിന്റെ ഉത്തരം എന്തായിരുന്നു? “കലപ്പയ്ക്കു കൈവെച്ചിട്ട് പിൻപിലുള്ളവയിലേക്ക് നോക്കുന്ന യാതൊരു മനുഷ്യനും ദൈവരാജ്യത്തിന് നന്നായി യോജിച്ചവനായിരിക്കുന്നില്ല.” (ലൂക്കോസ് 9:61, 62) ഒരു ഉഴവുകാരൻ വയലിൽ നേരേ ഉഴുതുമറിക്കാനാഗ്രഹിക്കുമ്പോൾ അയാൾ നേരേ മുമ്പോട്ടുതന്നെ നോക്കിക്കൊണ്ടിരിക്കണം. അയാൾ പിമ്പോട്ടുനോക്കാൻ തല തിരിക്കുന്നുവെങ്കിൽ ആ ചാല് വളഞ്ഞുപോകാനിടയുണ്ട്. അയാൾ തട്ടിവീഴുകപോലും ചെയ്തേക്കാം! യേശുവിന്റെ പാദാനുഗാമികളെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. ഒരു നിമിഷത്തേക്കുപോലും അവർ ഈ പഴയ വ്യവസ്ഥിതിയിലേക്കു തിരിഞ്ഞുനോക്കുന്നത് കുഴപ്പം വരുത്തിവെക്കുകയാണ്. അത് അവരുടെ കാലുകൾ ഇടറുന്നതിനും ‘ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള വഴി’യിൽനിന്ന് വിട്ടുമാറി അലയുന്നതിനും ഇടയാക്കിയേക്കാം.—മത്തായി 7:14; ലൂക്കോസ് 17:31-35 കാണുക.
15 “എന്റെ അനുഗാമിയായിരിക്കുക” എന്ന യേശുവിന്റെ ക്ഷണം നിങ്ങൾ കേട്ടിരിക്കുന്നുവോ? നിങ്ങളുടെ പ്രതികരണം എന്തായിരുന്നു? നിങ്ങൾ ശിഷ്യരായിരുന്ന ശിമയോനെയും അന്ത്രയോസിനെയും യാക്കോബിനെയും യോഹന്നാനെയും മത്തായിയെയും പോലെ ക്രിയാത്മകമായ അതേ മനോഭാവം പ്രകടമാക്കിയിരിക്കുന്നുവോ? ആ മനുഷ്യരെപ്പോലെ, യജമാനന്റെ കാൽച്ചുവടുകൾ പിന്തുടരുന്നതിന് ആവശ്യമായ ഏതു ത്യാഗവും സഹിക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ ഉത്തരം ഉവ്വ് എന്നാണെങ്കിൽ നിങ്ങളും രാജ്യസുവാർത്ത എല്ലായിടത്തും ഘോഷിക്കുന്നതിൽ പങ്കെടുക്കുന്ന വിലതീരാത്ത പദവി ആസ്വദിക്കുന്നതായിരിക്കും.
16. സുവാർത്ത പ്രസംഗിക്കുന്നതിൽ തന്നോടുകൂടെ പങ്കെടുക്കാൻ യേശു തന്റെ ശിഷ്യൻമാരെ എങ്ങനെ ഒരുക്കി?
16 എന്നാൽ രാജ്യം ഘോഷിക്കാൻ യേശു തന്റെ ശിഷ്യരെ അയച്ചതിനു മുൻപ് അവൻ വ്യക്തിപരമായ സ്വന്തം മാതൃകയാൽ അങ്ങനെ ചെയ്യാൻ അവരെ വിദഗ്ദ്ധമായി പഠിപ്പിച്ചു. അതിനെ തുടർന്ന്, ഏതു പ്രദേശത്തും ചെമ്മരിയാടുതുല്യരെ എങ്ങനെ തെരയാമെന്നതു സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ യേശു അവർക്കു കൊടുത്തു. യേശുവിന്റെ നിർദ്ദേശങ്ങൾ ഈ 20-ാം നൂററാണ്ടിൽ ഇപ്പോഴും ബാധകമാണ്. മത്തായി 10-ാം അദ്ധ്യായത്തിലെ വിവരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇവയിൽ ചിലത് നമുക്ക് പരിശോധിക്കാം.
രാജ്യപ്രസംഗ നിർദ്ദേശങ്ങൾ
17. ഒന്നാം നൂററാണ്ടിൽ പ്രസംഗിക്കപ്പെട്ട രാജ്യസന്ദേശത്തിന്റെയും ഇന്നത്തേതിന്റെയും സാരം താരതമ്യപ്പെടുത്തുക.
17 ശിഷ്യൻമാരുടെ സന്ദേശത്തിന്റെ വിഷയം യേശു ഘോഷിച്ചുകൊണ്ടിരുന്നതുതന്നെയായിരിക്കണമായിരുന്നു: “നിങ്ങൾ പോകുമ്പോൾ ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് പ്രസംഗിക്കുക.” (മത്തായി 10:7) എന്നിരുന്നാലും, ആ രാജ്യം ഇപ്പോൾ സ്വർഗ്ഗത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. യഹോവയുടെ ഇടയരാജാവായ ക്രിസ്തുയേശു ഇപ്പോൾ ഭരിക്കുന്നു! അതുകൊണ്ട് “ആകാശങ്ങൾ സന്തോഷിക്കട്ടെ, ഭൂമി ആനന്ദിക്കട്ടെ, ‘യഹോവതന്നെ രാജാവായിരിക്കുന്നു!’ എന്ന് അവ ജനതകളുടെ ഇടയിൽ പറയട്ടെ” എന്ന ദാവീദിന്റെ വാക്കുകൾക്ക് ഇപ്പോൾ മഹത്തരമായ അർത്ഥം കൈവരുന്നു. (1 ദിനവൃത്താന്തം 16:31) ഇന്ന് യഹോവയുടെ സാർവ്വത്രികരാജ്യത്വത്തിന്റെ ഈ പ്രത്യേക പ്രകടനത്തെ പിന്താങ്ങാൻ നമുക്കു പദവിലഭിച്ചിരിക്കുന്നുവെന്നു മാത്രമല്ല, യഹോവയുടെ പരമാധികാരത്തിന്റെ വിവാദപ്രശ്നം സദാകാലത്തേക്കും തീരുമാനിക്കപ്പെടുന്ന സമയത്തു ജീവിക്കുന്നതിലുള്ള സന്തോഷവും നമുക്കുണ്ട്.
18. യേശു മത്തായി 10:8-10 വരെ തന്റെ അനുഗാമികളോട് എന്ത് ഊന്നിപ്പറഞ്ഞു, ഇന്ന് ഇത് ആർക്ക് വിശേഷാൽ വിലമതിക്കാൻ കഴിയും?
18 മത്തായി 10:8-10 പ്രസംഗവേലയിൽ പങ്കെടുക്കുന്നവരുടെ മനോഭാവത്തെ വർണ്ണിക്കുന്നു. അവരുടെ ജീവിതത്തിൽ ദൈവരാജ്യം ഒന്നാമതു വരണം, ഭൗതികാവശ്യങ്ങൾ രണ്ടാമത്തേതാണ്. എന്തുകൊണ്ട്? യേശു പറയുന്നു: “എന്തെന്നാൽ വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണ്.” നമ്മുടെ സ്വർഗ്ഗീയ പിതാവ് തന്നിൽ ആശ്രയിക്കുന്നവരെ എല്ലായ്പ്പോഴും പരിപാലിക്കും. യഹോവയുടെ സാക്ഷികളുടെ ശതസഹസ്രക്കണക്കിന് മുഴുസമയശുശ്രൂഷകൻമാർക്ക് ഇന്ന് ഈ വസ്തുതക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.—സംഖ്യാപുസ്തകം 18:30, 31; ആവർത്തനം 25:4.
19. ഇന്ന് അർഹിക്കുന്നവരെ എങ്ങനെ അന്വേഷിക്കുന്നു, ആരുടെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ?
19 അടുത്തതായി യേശു ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നിങ്ങൾ ഏതു നഗരത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ പ്രവേശിച്ചാലും അതിൽ അർഹിക്കുന്നതാരെന്ന് അന്വേഷിക്കുക, നിങ്ങൾ വിട്ടുപോകുന്നതുവരെ അവിടെ താമസിക്കുക.” (മത്തായി 10:11) എന്തിന് അർഹിക്കുന്നവർ? യഹോവയുടെ ഈ ദാസനെ സൽക്കരിക്കാനും ദൈവരാജ്യസന്ദേശം ശ്രദ്ധിക്കാനുമുള്ള പദവിക്ക് അർഹതയുള്ളവർ. തീർച്ചയായും, അക്കാലത്ത് ശിഷ്യൻമാർ ആ അർഹതയുള്ളയാളിന്റെ വീട്ടിൽ താമസിക്കുകയും അത്തരമൊരു താവളം ഉപയോഗിച്ചുകൊണ്ട് അർഹതയുള്ളമററുള്ളവരെ കണ്ടെത്താൻ പ്രദേശത്തിന്റെ ശേഷിച്ച ഭാഗത്ത് തെരച്ചിൽ നടത്തുകയും ചെയ്തിരിക്കാനിടയുണ്ട്. ഇക്കാലത്ത് യഹോവയുടെ സാക്ഷികൾ സമാനമായ ഒരു നടപടിക്രമം അനുസരിക്കുന്നു. അവർ വിവിധപ്രദേശങ്ങളിൽ അർഹിക്കുന്നവരെ അന്വേഷിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് മണിക്കൂർ ചെലവഴിക്കുകയും വളരെയധികം ശ്രമം ചെലുത്തുകയും ചെയ്യുന്നു. പിന്നീട്, അവരെ കണ്ടെത്തുമ്പോൾ, ആ വീട്ടുകാരെ വീണ്ടും സന്ദർശിച്ച് അവർക്ക് ദൈവവചനം വിശദീകരിച്ചുകൊടുക്കാൻ സാക്ഷികൾക്ക് വളരെ സന്തോഷമുണ്ട്. അങ്ങനെ, ഇന്ന്, യേശു തന്റെ പ്രീതിയുടെ വലതുഭാഗത്തേക്ക് വേറെ ചെമ്മരിയാടുതുല്യരെ വിദഗ്ദ്ധമായി മേയിച്ചുകൊണ്ടിരിക്കുകയാണ്.—മത്തായി 25:31-33.
20. അർഹതയുള്ള ഒരു വീടിന് രാജ്യപ്രസംഗകൻ അതിൻമേൽ ആശംസിക്കുന്ന സമാധാനം അനുഭവപ്പെടുന്നതെങ്ങനെ?
20 “നിങ്ങൾ വീട്ടിൽ പ്രവേശിക്കുമ്പോൾ, വീടിന് വന്ദനം പറയുക; വീടിന് അർഹതയുണ്ടെങ്കിൽ, നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിൻമേൽ വരട്ടെ.” (മത്തായി 10:12, 13) “ഈ വീടിന് സമാധാനമുണ്ടായിരിക്കട്ടെ” എന്നത് യേശുവിന്റെ നാളിലെ ഒരു പൊതു അഭിവാദനമായിരുന്നു. (ലൂക്കോസ് 10:5) ദൂതൻമാർ യേശുവിന്റെ ജനനസമയത്ത് “മീതെ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സൻമനസ്സുള്ള മനുഷ്യരുടെ ഇടയിൽ സമാധാനം” എന്നു പാടി. (ലൂക്കോസ് 2:14) ശിഷ്യൻമാരുടെ രാജ്യസന്ദേശം സ്വീകരിക്കുന്നതിനാൽ, അർഹതയുള്ള ഒരു വീടിന് മുൻകൂട്ടിപ്പറഞ്ഞ ഈ സമാധാനം അനുഭവപ്പെട്ടിരുന്നു. ഇന്നും രാജ്യസുവാർത്തക്ക് ഇതേ ഫലമുണ്ട്. അത് യേശുക്രിസ്തു മുഖേന ആളുകളെ ദൈവവുമായുള്ള സമാധാനബന്ധങ്ങളിലേക്കു വരുത്തുന്നു, അത് സഹവിശ്വാസികളുടെ ഇടയിൽ സമാധാനം കൈവരുത്തുന്നു.—2 കൊരിന്ത്യർ 5:20, 21; ഫിലിപ്യർ 4:7; എഫേസ്യർ 4:3.
21. 1986-ലെ വാർഷികവാക്യം എന്തുകൊണ്ട് വളരെ ഉചിതമായിരിക്കുന്നു?
21 ഭൂമിയിലെല്ലാമുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ 1986-ലെ കലണ്ടർ വർഷത്തിൽ ലൂക്കോസ് 9:60-ൽ നിന്നെടുത്ത വാർഷിക വാക്യം പ്രദർശിപ്പിക്കുന്നതായിരിക്കും: “പോയി എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കുക.” ഇത് ദൈവരാജ്യപ്രസംഗത്തിൽ ക്രമമായി പങ്കുപററാൻ ദൈവത്തിന്റെ യഥാർത്ഥ ശുശ്രൂഷകർക്കെല്ലാം എത്ര നല്ല ഓർമ്മിപ്പിക്കലാണ്, പ്രചോദനമാണ്! അതെ, ആ രാജ്യം 1914 മുതൽ ഇവിടെയുണ്ട്! അത് സാത്താന്റെ ലൗകികരാജ്യങ്ങളെയെല്ലാം തകർക്കുന്നതിന് ദൈവത്തിന്റെ മശിഹൈകരാജാവിന്റെ കൈകളിലെ ദൈവത്തിന്റെ ഉപകരണമാണ്. അപ്പോൾ, യഹോവയുടെ സാക്ഷികളിൽ ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവരാജ്യം പ്രഥമ പ്രാധാന്യമുള്ളതായിരിക്കുന്നത് ഒട്ടും അതിശയമല്ല. ഇത് ജീവനിലേക്കുള്ള നമ്മുടെ രക്ഷയെ അർത്ഥമാക്കുന്നുവെന്ന് നമുക്കറിയാം!—1 തിമൊഥെയോസ് 4:16. (w85 12/15)
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
▫യഹോവയുടെ രാജത്വം എത്ര നിലനിൽപ്പും സുരക്ഷിതത്വവുമുള്ളതാണ്?
▫ഏതു സാർവ്വത്രിക വിവാദപ്രശ്നം ഇപ്പോൾ തീരുമാനിക്കപ്പെടേണ്ടതുണ്ട്?
▫യേശുവിന്റെ സകല അനുഗാമികളും എന്തു ചെയ്യാൻ ഒരുങ്ങിയിരിക്കണം?
▫“യഹോവതന്നെ രാജാവായിരിക്കുന്നു” എന്ന പദപ്രയോഗം ഇന്ന് കൂടുതൽ അർത്ഥവത്തായിരിക്കുന്നതെന്തുകൊണ്ട്?
▫1986-ലെ വാർഷികവാക്യത്താൽ എന്ത് ഉദ്ദേശ്യം സാധിക്കും?
[12-ാം പേജിലെ ചിത്രം]
മത്തായി സകലവും പിൻപിൽ വിട്ടിട്ട് യേശുവിനെ അനുഗമിച്ച